രേഖാമൂലം
സ്വാമി വിവേകാനന്ദന്റെ സഹോദരൻ; ബ്രിട്ടൻ ഭയപ്പെട്ട കമ്യൂണിസ്റ്റ്


ശ്രീകുമാർ ശേഖർ
Published on Apr 13, 2026, 12:42 PM | 3 min read
ബ്രിട്ടീഷ് സോഷ്യലിസ്റ്റും ലേബർ പാർടി എംപിയുമായിരുന്ന ജോർജ് ലാൻസ്‌ബറിക്ക് 1924 സെപ്‌തംബർ ഒമ്പതിന് ജർമനിയിൽ നിന്നെഴുതിയ കത്തിൽ ഒരാൾ സ്വയം പരിചയപ്പെടുത്തുകയാണ്:
‘പേര് ഭുപേന്ദ്രനാഥ് ദത്ത. പ്രാഥമികമായി ഞാനൊരു പ്രകൃതിശാസ്‌ത്രജ്ഞനാണ്. ഇന്ത്യയിൽ നരവംശശാസ്‌ത്ര ഗവേഷണത്തിൽ സമയം ചെലവിടാനാണ് ആഗ്രഹിക്കുന്നത്. സാമൂഹ്യ സാമ്പത്തിക പ്രശ്‌നങ്ങളിൽ എനിക്ക് മാർക്‌സിസ്റ്റ് ലോകവീക്ഷണമാണുള്ളത്.’
ജർമനിയിൽനിന്ന് ബ്രിട്ടനിലേക്കും അവിടെനിന്ന് ഇന്ത്യയിലേക്കും പാസ്‌പോർട്ട് ലഭിക്കാൻ സഹായം തേടിയാണ് ലാൻസ്‌ബറിക്ക് ദത്ത കത്തയക്കുന്നത്. പക്ഷേ വേഗത്തിൽ ആളെ മനസ്സിലാക്കാൻ സഹായിക്കുന്ന കാര്യം ദത്ത കത്തിൽ പറഞ്ഞില്ല‐ ലോകപ്രശസ്‌തനായ സ്വാമി വിവേകാനന്ദന്റെ ഇളയ സഹോദരനാണെന്ന കാര്യം.
ഭുപേന്ദ്രനാഥ് ദത്തയ്‌ക്ക് യാത്രാനുമതി നൽകാൻ ബ്രിട്ടൻ ആവശ്യപ്പെട്ടത് ഒന്നര പതിറ്റാണ്ടിലേറെ യൂറോപ്പിൽ അദ്ദേഹം നടത്തിയ രാഷ്‌ട്രീയ പ്രവർത്തനത്തിന്റെ രഹസ്യവിവരങ്ങൾ ആയിരുന്നു. അതേപ്പറ്റി ലാൻസ്‌ബറിക്കുള്ള കത്തിൽ ദത്ത പറയുന്നുണ്ട്: ‘അവർ ആഗ്രഹിക്കുന്ന ‘കുറ്റസമ്മതം’ നൽകിയാലേ പാസ്‌പോർട്ട് നൽകൂ എന്ന നിലപാട് അംഗീകരിക്കാനാകില്ല’.
ഭുപേന്ദ്രനാഥ് ദത്ത വാർധക്യകാലത്ത് കൊൽക്കത്തയിൽ
എന്തായിരുന്നു ആ രാഷ്‌ട്രീയ പ്രവർത്തനം?
സ്വാമി വിവേകാനന്ദന്റെ ആറ് സഹോദരങ്ങളിൽ ഇളയ ആളായിരുന്നു 1880 സെപ്‌തംബർ നാലിനു ജനിച്ച ഭുപേന്ദ്രനാഥ് ദത്ത. വിവേകാനന്ദനേക്കാൾ 17 വയസ്സിനിളപ്പം. ബംഗാളിൽ സായുധപോരാട്ടത്തിലൂടെ ബ്രിട്ടീഷുകാരെ തുരത്താൻ ചെറുപ്പത്തിൽ തന്നെ ദത്തയും ചേർന്നു. അനുശീലൻ സമിതിയിലായിരുന്നു പ്രവർത്തനം. അവരുടെ പ്രസിദ്ധീകരണമായ ‘ജുഗാന്തറി’ന്റെ ചുമതല. 1907 ജൂലൈ അഞ്ചിന് എഴുത്തിൽ രാജ്യദ്രോഹം ആരോപിച്ച് ദത്തയെ അറസ്റ്റുചെയ്‌തു. ഒരു വർഷത്തെ കഠിനതടവിനു ശിക്ഷിച്ചു. ശിക്ഷ കോളിളക്കം സൃഷ്‌ടിച്ചു. ദത്തയുടെ ‘വീരമാതാവിനെ’ കണ്ട് ആദരം അർപ്പിക്കാൻ ഏറെപ്പേർ എത്തി. മഹാനായ വിവേകാനന്ദന്റെ അമ്മ എന്ന നിലയിൽ പോലും ഇത്രയും സ്‌നേഹാദരങ്ങൾ കിട്ടിയില്ലെന്ന് അമ്മ പറഞ്ഞതായി ദത്ത തമാശയായി എഴുതുന്നുണ്ട്.
1908ൽ ജയിലിൽനിന്ന് പുറത്തുവന്ന ‘അത്യന്തം അപകടകാരി’യായ ദത്തയെ നാടുകടത്താൻ ബംഗാൾ സർക്കാരിനു ബ്രിട്ടീഷ് സർക്കാർ നിർദേശം നൽകി. 1908 ഡിസംബറിൽ ബംഗാൾ സർക്കാർ നൽകിയ മറുപടിയിൽ ‘ബസന്തകുമാർ ബ്രഹ്മചാരി’ എന്ന പേരിൽ ദത്ത രാമകൃഷ്‌ണ ആശ്രമമായ ബേലൂർ മഠത്തിലുണ്ടെന്നാണ് പറഞ്ഞത്.
ലേബർ പാർടി എം പി ജോർജ് ലാൻസ്‌ബറിക്ക്
ഭുപേന്ദ്രനാഥ് ദത്ത അയച്ച കത്തിൽനിന്ന്
എന്നാൽ 1909 ജനുവരി ഒന്നിന് ന്യൂയോർക്കിലെ ബ്രിട്ടീഷ് രഹസ്യാന്വേഷണ ഉദ്യോഗസ്ഥൻ കൈമാറിയ റിപ്പോർട്ടിൽ ഒരു വിലപ്പെട്ട വിവരമുണ്ടായിരുന്നു. അഞ്ചോ ആറോ മാസമായി ദത്ത ന്യൂയോർക്കിലുണ്ടെന്നായിരുന്നു അത്. ബേലൂർ മഠത്തിലുണ്ടെന്ന് ബംഗാൾ സർക്കാർ റിപ്പോർട്ട് അയക്കുമ്പോഴേക്ക് അദ്ദേഹം രഹസ്യമായി ഇന്ത്യ വിട്ടിട്ട് മാസങ്ങളായിരുന്നു. ദത്ത മഠത്തിലുണ്ടെന്ന് വിവരം നൽകിയ ചാരനെ ഇനി ആശ്രയിക്കരുതെന്ന മുന്നറിയിപ്പോടെ ആ ഫയൽ അടച്ചു.
ന്യൂയോർക്കിലേക്ക് ദത്തയ്‌ക്ക് രഹസ്യയാത്ര ശരിപ്പെടുത്തിയത് സ്വാമി വിവേകാനന്ദന്റെ അയർലൻഡിൽ ജനിച്ച ശിഷ്യയായ സിസ്റ്റർ നിവേദിതയായിരുന്നു. അവിടെ ഇന്ത്യൻ സ്വാതന്ത്ര്യപ്രക്ഷോഭങ്ങളുടെ കേന്ദ്രമായ ഇന്ത്യാഹൗസിൽ ദത്ത താമസം തുടങ്ങി. പഠനത്തിനായി ബ്രൗൺ സർവകലാശാലയിൽ ചേർന്നു.
ഒന്നാം ലോകയുദ്ധ കാലം. ബർലിനിൽ ബ്രിട്ടനെതിരെ ജർമൻ സർക്കാരുമായി ചേർന്ന് ഇന്ത്യൻ വിപ്ലവകാരികൾ നീങ്ങുന്നു. ദത്തും ബർലിനിലെത്തി. കമ്മിറ്റിയുടെ സെക്രട്ടറിയായി.
1917-ലെ റഷ്യൻ വിപ്ലവം ബെർലിനിലെ നേതാക്കളെ ഏറെ സ്വാധീനിച്ചു. മാർക്‌സിസ്റ്റ് ആശയധാരയിലേക്ക് ആകർഷിക്കപ്പെട്ട അവർ ബോൾഷെവിക് പാർടിയുമായും കമ്യൂണിസ്റ്റ് ഇന്റർനാഷണലുമായും ബന്ധം സ്ഥാപിച്ചു. ഈ കാലം ‘അപ്രകാശിത രാഷ്‌ട്രീയ ചരിത്രം’ (ബംഗാളി) എന്ന പുസ്‌തകത്തിൽ ദത്ത രേഖപ്പെടുത്തിയിട്ടുണ്ട്.
ബെർലിൻ കമ്മിറ്റിയിൽനിന്ന് വിരേന്ദ്രനാഥ് ചട്ടോപാധ്യായ (ചട്ടോ)യും ദത്തും അടക്കമുള്ളവർ മോസ്‌കോയിലെത്തി ലെനിനുമായി കൂടിക്കാഴ്‌ച നടത്തി. ഇന്ത്യൻ വിമോചനത്തെപ്പറ്റി ദത്ത എഴുതിയ തീസിസിന് ലെനിൻ മറുപടിക്കത്ത് എഴുതി. ലെനിന്റെ സമാഹൃത കൃതികളിൽ (Vol. 31, pp. 144‐51) ഈ കത്തുണ്ട്. ഇന്ത്യൻ സംഘത്തിൽ അഭിപ്രായ ഐക്യം ഉണ്ടായിരുന്നില്ല. ചിലർ ഇന്ത്യൻ നാഷണൽ കോൺഗ്രസിനുള്ളിൽ പ്രവർത്തിക്കണമെന്നും മറ്റുചിലർ സ്വതന്ത്ര കമ്യൂണിസ്റ്റ് പാർടി വേണമെന്നും ആവശ്യപ്പെട്ടു. ‘അവസാനം, മോസ്‌കോയിലുണ്ടായിരുന്ന അനുഭവങ്ങൾ ഞങ്ങളെ പഠിപ്പിച്ചത് ഇന്ത്യയിലെ വിപ്ലവപ്രസ്ഥാനം ഇന്ത്യയുടെ സാഹചര്യങ്ങൾക്കനുസരിച്ച് തന്നെ രൂപപ്പെടുത്തേണ്ടതാണെന്നതാണ്’‐ദത്ത എഴുതുന്നു.
ദത്ത ബർലിൻ
കാലത്ത്
ബ്രിട്ടനിൽ ഇറങ്ങാതെ ഇന്ത്യയിലേക്ക് പോകാൻ 1924ൽ ദത്തയ്‌ക്ക് വിസ കിട്ടി. 16 വർഷത്തിനുശേഷം ഇന്ത്യയിൽ തിരിച്ചെത്തിയ ദത്ത കർഷകരുടെയും തൊഴിലാളികളുടെയും സംഘാടകനായി. കമ്യൂണിസ്റ്റ് പാർടി അംഗമായില്ലെങ്കിലും മാർക്‌സിസ്റ്റ് പഠനഗ്രൂപ്പുകൾ ഉണ്ടാക്കി ആശയപ്രചാരണം തുടർന്നു. ദേശീയപ്രസ്ഥാനത്തിലും പ്രവർത്തിച്ചു. എഐസിസി അംഗമായി. മീറത്ത് ഗൂഢാലോചന കേസിൽ കമ്യൂണിസ്റ്റ് പ്രതികൾക്കായി സജീവമായി ഇടപെട്ടു. കിസാൻ സഭയുടെ അധ്യക്ഷനും ഓൾ ഇന്ത്യ ട്രേഡ് യൂണിയൻ കോൺഗ്രസിന്റെ ഉപാധ്യക്ഷനുമായി.
ജോർജ്
ലാൻസ്‌ബറി
സ്വാതന്ത്ര്യത്തിനുശേഷം എഴുത്തിലും പഠനത്തിലും മുഴുകി. മാർക്‌സിസ്റ്റ് കാഴ്‌ചപ്പാടിൽ ഇന്ത്യൻ സമൂഹം, ചരിത്രം, സംസ്‌കാരം എന്നിവയെ കുറിച്ച് എഴുതി. ഫ്രെഡറിക് എംഗൽസിന്റെ ‘സോഷ്യലിസം: യുട്ടോപ്യൻ ആൻഡ് സയന്റിഫിക്’ എന്ന കൃതി ബംഗാളിയിലാക്കി.
‘സ്വാമി വിവേകാനന്ദ: പാട്രിയറ്റ്- പ്രോഫറ്റ്’ എന്ന കൃതി ഏറെ ശ്രദ്ധേയമായി.
സഹോദരൻ മഹേന്ദ്രനാഥിനൊപ്പം ബംഗാളിലെ കുടുംബവീട്ടിൽ ലളിതജീവിതം നയിച്ച അദ്ദേഹം 1961-ൽ 81‐ാം വയസ്സിൽ അന്തരിച്ചു .








0 comments