രേഖാമൂലം
മലപ്പട്ടം ചുവന്നത് ഈ തെരഞ്ഞെടുപ്പിലോ?


ശ്രീകുമാർ ശേഖർ
Published on Dec 13, 2025, 11:00 AM | 2 min read
‘‘വടക്കേ മലബാറിലെ ഉശിരൻ കർഷകപ്രസ്ഥാനത്തെയും അതിന്റെ നേതാക്കളായ കമ്യൂണിസ്റ്റുകാരെയും തച്ചുതകർക്കാൻ ലക്ഷ്യമിട്ടുള്ള ഏറ്റവും കടുത്ത പീഡനങ്ങൾ നടന്ന കാലമായിരുന്നു 1940 മുതൽ 1942 വരെയുള്ള വർഷങ്ങൾ. നേതാക്കളെ സുരക്ഷിതരായി നിലനിർത്താനും സംഘടനയെ ജീവനോടെ കാക്കാനും കർഷകർ ഒളിവിലും തെളിവിലും തിരിച്ചടിച്ചു. ഈ പോരാട്ടത്തിൽ നിരവധി ഗ്രാമങ്ങൾ പൂർണമായും ‘കിസാൻസഭാ ഗ്രാമങ്ങ’ളും, ‘ചുവന്ന ഗ്രാമങ്ങളു’മായി മാറി. അവിടെ ഓരോ കർഷകനും കിസാൻസഭാ അംഗമായി. ഓരോ കുടുംബവും ഒളിവിലായിരുന്ന കമ്യൂണിസ്റ്റ് പ്രവർത്തകർക്ക് അഭയം നൽകുകയും അവരെ സഹായിക്കുകയും ചെയ്‌തു. അത്തരത്തിലൊരു ഗ്രാമത്തിലാണ് ഇന്ന് ഞാൻ പോയത്‐ മലപ്പട്ടം ഗ്രാമത്തിൽ’’‐ ലോകപ്രശസ്‌ത ഫോട്ടോഗ്രാഫറായ സുനിൽ ജാന ഈ വാചകങ്ങൾ എഴുതുന്നത് 81 വർഷം മുമ്പാണ്‐ 1944ൽ.
സുനിൽ ജാന ഫോട്ടോ: റാം റഹ്‌മാൻ
മലപ്പട്ടം ഗ്രാമപഞ്ചായത്തിൽ ചില വാർഡുകളിൽ സിപിഐ എം സ്ഥാനാർഥികൾ എതിരില്ലാതെ ജയിച്ചു എന്ന വാർത്ത കാണുമ്പോൾ ‘അവിടെ ഭീഷണിയല്ലേ? എതിരാളികൾ ഭയന്നിട്ടല്ലേ?’ എന്ന് ചോദ്യങ്ങൾ ഉയർത്തുന്നവർ ഇതുകൂടി വായിക്കണം. കമ്യൂണിസ്റ്റ് പാർടി ഓഫ് ഇന്ത്യയുടെ മുഖപത്രമായിരുന്ന പീപ്പിൾസ് വാറിന്റെ 1944 സെപ്തംബർ മൂന്നിന്റെ ലക്കത്തിൽ നിന്നാണ് സുനിൽ ജാനയുടെ കുറിപ്പ്. പാർടി മുഖപത്രമായ പീപ്പിൾസ് ഏജ് രണ്ടാംലോകയുദ്ധകാലത്തെ പാർടി നിലപാട് മുൻനിർത്തി പീപ്പിൾസ് വാറായാണ് ഇറങ്ങിയിരുന്നത്. അക്കാലത്ത് മിക്ക ലക്കങ്ങളിലും ഒരു പേജിൽ നിറയുക സുനിൽ ജാനയുടെ എഴുത്തും ചിത്രങ്ങളുമാകും. യുദ്ധത്തെ തുടർന്ന് കൊടിയ ക്ഷാമത്തിലേക്ക് വഴുതിയ ഒട്ടേറെ ഇന്ത്യൻഗ്രാമങ്ങളിൽ സഞ്ചരിച്ച് സചിത്രക്കുറിപ്പുകൾ എഴുതിയിരുന്ന അദ്ദേഹം കേരളത്തിലും എത്തി. മലപ്പട്ടവും കയ്യൂരും ചേർത്തലയും സന്ദർശിച്ചു. എല്ലാം കുറിപ്പുകളാക്കി.
ആൾനിറഞ്ഞ ബോട്ടിൽ കണ്ണൂരിൽനിന്ന് മലപ്പട്ടത്തേക്കുള്ള യാത്രമുതലുള്ള വിശദാംശങ്ങൾ അദ്ദേഹം എഴുതുന്നു. താമസം ഒരു കർഷകകുടുംബത്തിൽ. കുടുംബാംഗമായ അധ്യാപകൻ കൂടെ യാത്രചെയ്‌തു. ബാലസംഘം പ്രവർത്തകരായ കുട്ടികളെയാണ് ആദ്യം കാണുന്നത്. അവർ മുഷ്ടിചുരുട്ടി അഭിവാദ്യം ചെയ്‌തു. കുശലങ്ങൾക്ക് തെളിമയോടെ ഉത്തരം നൽകി. 1930 മുതൽ മുതിർന്നവരുടെ സമരങ്ങളിൽ തുണയായിനിന്ന കുട്ടികളുടെ കഥ ഒപ്പമുള്ള അധ്യാപകൻ ജാനയ്‌ക്ക് പറഞ്ഞുകൊടുക്കുന്നു. ക്ഷാമം നേരിടാൻ തരിശുഭൂമിയിൽ കൃഷിക്കിറങ്ങുന്ന കർഷകരെപ്പറ്റിയും ജാന എഴുതുന്നു. പിന്നീട് എത്തിപ്പെട്ടത് ഒരു സമ്പൂർണ ‘ചുവന്ന കുടുംബ’ത്തിൽ. എല്ലാവരും ഏതെങ്കിലും ജനകീയ സംഘടനകളിൽ പ്രവർത്തിക്കുന്നു. പറ്റാത്തവരായുള്ളത് കുടുംബത്തിലെ മൂന്നു പിഞ്ചുകുഞ്ഞുങ്ങൾ മാത്രമെന്ന് ജാന.

‘‘പട്ടിണിയും ദുരിതങ്ങളും അവരുടെ മനോവീര്യം ഒട്ടും കെടുത്തിയിട്ടില്ല. മറിച്ച് ഒത്തുചേരാനും പോരാടാനുമായി അത് അവരെ കൂടുതൽ പ്രേരിപ്പിക്കുകയാണ് ചെയ്യുന്നത്. മലപ്പട്ടം പോലെ ജനങ്ങളുടെ ശക്തികേന്ദ്രങ്ങളായ നിരവധി ‘ചുവന്ന ഗ്രാമങ്ങൾ’ വടക്കേ മലബാറിൽ വേറെയും ഉണ്ടെന്നുള്ള അറിവാണ് എനിക്ക് ഏറെ ആവേശകരമായി തോന്നിയത്.’’‐ എന്നാണ് സുനിൽ ജാന കുറിപ്പ് അവസാനിപ്പിക്കുന്നത്. ഒരു ചുവപ്പൻ കുടുംബത്തിലെ മൂന്നു തലമുറകൾ, തരിശിൽ കൃഷിയിറക്കുന്ന കർഷകർ, ധാന്യം ഇടിക്കുന്നവർ, കുട്ടികളുടെ കോൽക്കളി, ദേശഭക്തിഗാനങ്ങൾ പാടി നീങ്ങുന്ന ബാലസംഘം പ്രവർത്തകരുടെ സംഘം തുടങ്ങിയ ചിത്രങ്ങൾ കുറിപ്പിനൊപ്പം നൽകിയിട്ടുണ്ട്.
1918 ഏപ്രിൽ 17ന് അസമിലെ ഡീബ്രുഗഢിൽ ജനിച്ച സുനിൽ ജാന വിദ്യാർഥിയായിരിക്കുമ്പോൾ തന്നെ കമ്യൂണിസ്റ്റ് പാർടിയുമായി ബന്ധപ്പെട്ടു. ബംഗാൾ ക്ഷാമകാലത്ത് കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറി പി സി ജോഷിക്കൊപ്പം സഞ്ചരിച്ച ജാന പകർത്തിയ ചിത്രങ്ങൾ ആ ഭീകരദുരിതത്തിന്റെ ചിത്രം ലോകത്തെത്തിച്ചു. തെലുങ്കാന സമരത്തിന്റേതടക്കമുള്ള ജാനയുടെ ചിത്രങ്ങൾ ചരിത്രമായി. സ്വതന്ത്ര ഇന്ത്യയിലെ നവചലനങ്ങളും ജാനയുടെ ക്യാമറയിലൂടെ ലോകം കണ്ടു. 1972ൽ പത്മശ്രീയും 2012ൽ പത്മഭൂഷണും നൽകി രാഷ്‌ട്രം അദ്ദേഹത്തെ ആദരിച്ചു. കൊച്ചിയിൽ 2019 മാർച്ചിൽ ജാനയുടെ ചിത്രങ്ങളുടെ പ്രദർശനം നടന്നിരുന്നു.
സുനിൽ ജാന പി സി ജോഷിക്കൊപ്പം
തൊണ്ണൂറ്റിനാലാം വയസ്സിൽ 2012 ജൂൺ 21ന് അമേരിക്കയിലെ കാലിഫോർണിയയിലായിരുന്നു അന്ത്യം. 2003 മുതൽ അവിടെയായിരുന്നു താമസം. സുനിൽ ജാന കണ്ട മലപ്പട്ടം പിന്നെയും പൊരുതി. അവിടെ സ്വന്തം രക്തത്തെ തിരിച്ചറിയുന്നവരുടെ എണ്ണം കൂടിവന്നു. അവർ പോരാളികളായി; നേതാക്കളായി. ജനങ്ങൾ അവർക്കൊപ്പം നിന്നു. നാട് ചുവന്നു. തെരഞ്ഞെടുപ്പുകളിൽ അവർക്ക് എതിരാളികൾ ഇല്ലാതായി. അവർ ജയിക്കുന്നു. ചെങ്കൊടി ഉയർത്തുന്നു. അങ്ങനെ ചരിത്രം പോരാട്ടങ്ങളിലൂടെ ആ നാടിനെ നിർമിച്ചെടുത്തുകൊണ്ടേയിരിക്കുന്നു. എട്ടുപതിറ്റാണ്ടു മുമ്പും അത് അങ്ങനെത്തന്നെ ആയിരുന്നു എന്ന് ഓർമപ്പെടുത്തുകയാണ് സുനിൽ ജാനയുടെ ഈ കുറിപ്പ് .








0 comments