രേഖാമൂലം
ആനി മസ്‌ക്രീന്റെ വീട്ടിലെ മോഷണവും പൊലീസിന്റെ മാനനഷ്‌ടവും

തിരുവിതാംകൂർ ചീഫ് സെക്രട്ടറി എം കെ നീലകണ്ഠ അയ്യർ ദിവാൻ സി പി രാമസ്വാമി അയ്യർക്ക് ബോംബെയിലെ താജ് ഹോട്ടലിലേക്ക് 1938 നവംബർ 11ന് അയച്ച ടെലഗ്രാമിൽ നാലു വാക്കുകളേ ഉണ്ടായിരുന്നുള്ളൂ: "Mascarene arrested Chengannur Yesterday' (മസ്‌ക്രീനെ ചെങ്ങന്നൂരിൽ ഇന്നലെ അറസ്റ്റ് ചെയ്‌തു) എന്നുമാത്രം. സർ സി പി ഈ സന്ദേശം പ്രതീക്ഷിച്ചിരിക്കുകയായിരുന്നു. എട്ടു മാസം മുമ്പ് 1938 ഫെബ്രുവരി 23ന് രൂപീകരിച്ച തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസിന്റെ ആദ്യ വർക്കിങ് കമ്മിറ്റിയിലെ ഏക വനിതാ അംഗമായിരുന്ന ആനി മസ്‌ക്രീനെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ടിട്ടാണ് സി പി ബോംബെയ്‌ക്ക് പോയത്.
ആനി മസ്‌ക്രീൻ
വിചിത്രമായിരുന്നു അറസ്റ്റിന് ഇടയാക്കിയ കേസ്. സ്റ്റേറ്റ് കോൺഗ്രസിനെ നേരിടാൻ ഭയപ്പെടുത്തലായിരുന്നു സി പിയുടെ ആദ്യ മാർഗം. അതിന് പൊലീസുകാരെയും അവരുടെ നിയന്ത്രണത്തിലുള്ള സാമൂഹ്യവിരുദ്ധരെയും ഉപയോഗിച്ചു. ആനി മസ്‌ക്രീൻ ആദ്യമേ നോട്ടപ്പുള്ളിയായി. തീപാറുന്നതായിരുന്നു അവരുടെ വാക്കുകൾ. ചില പ്രസംഗങ്ങൾ നാഷണൽ ആർക്കൈവ്‌സിലുണ്ട്.
1938ൽ ചെങ്ങന്നൂരിൽനിന്ന് പാതിരായ്‌ക്ക് അറസ്റ്റ് ചെയ്‌തതിന്റെ കാരണം അറിയാൻ ആ വർഷം മെയ് രണ്ടിന് ആനി മസ്‌ക്രീൻ നൽകിയ പത്രപ്രസ്‌താവനയും പിന്നീട് മഹാരാജാവിനു നൽകിയ പരാതിയും വായിക്കണം. രണ്ടിലും പറയുന്ന കാര്യങ്ങൾ ചുരുക്കിയാൽ ഇങ്ങനെ:
സ്റ്റേറ്റ് കോൺഗ്രസ് വർക്കിങ് കമ്മിറ്റി അംഗമായതിനു പിന്നാലെ സർക്കാർ സേവനത്തിലുണ്ടായിരുന്ന സഹോദരനെയും സഹോദരിയെയും ദൂരേയ്‌ക്ക് സ്ഥലം മാറ്റി. പ്രായമായ അമ്മയോടൊപ്പം തിരുവനന്തപുരത്ത് ആനി ഒറ്റയ്‌ക്കായി. ഒരു രാജ്യദ്രോഹക്കേസിൽ പ്രതിഭാഗ അഭിഭാഷകയായി ഹാജരായതിന് പിന്നാലെ വീട്ടിലേക്ക് കല്ലേറുണ്ടായി. ഉടൻ ദിവാനും പൊലീസ് കമീഷണർക്കും എഴുതി. എന്നാൽ അന്വേഷണം നടന്നില്ല.
ആനി മസ്‌ക്രീന്റെ അറസ്റ്റിനെപ്പറ്റി സി പിക്ക് അയച്ച ടെലഗ്രാമിനുള്ള കുറിപ്പ്
ഏപ്രിൽ 29ന് വീട്ടിൽ കള്ളൻ കയറി. പണവും ആഭരണങ്ങളും രേഖകളും മോഷണംപോയി. മുഷിഞ്ഞ വസ്‌ത്രങ്ങൾ പോലും കൊണ്ടുപോയി. ടോർച്ചുമായി ഒരാൾ വീട്ടിൽനിന്ന് ഓടിപ്പോകുന്നത് കണ്ടിരുന്നു. പുലർച്ചെ മൂന്നരയ്‌ക്ക് ഇൻസ്‌പെക്ടർ ലത്തീഫിന്റെ വീട്ടിലെത്തി വിവരം അറിയിച്ചു. തുടർന്ന് പൊലീസ് സ്റ്റേഷനിലെത്തിയെങ്കിലും അവർപ്രസ്‌താവന രേഖപ്പെടുത്താൻപോലും വൈകി. ‘ഭയപ്പെടുത്താനാണ് ഇതെല്ലാം എങ്കിൽ അത് പരാജയപ്പെടും. ഈ സാഹചര്യത്തിൽ തിരുവിതാംകൂറിലെ സ്‌ത്രീകൾ മുന്നോട്ടു വരികയും കോൺഗ്രസിനെ പിന്തുണയ്‌ക്കുകയും ചെയ്യണം’ എന്ന അഭ്യർഥനയോടെയാണ് പ്രസ്‌താവന അവസാനിക്കുന്നത്.
ഒരു ദിവസം നടന്നുപോകുമ്പോൾ സൈക്കിളിൽ വന്ന ഒരു പൊലീസുകാരൻ തന്നെ ഇടിച്ചിടാൻ ശ്രമിച്ചതായി അവർക്കു തോന്നി. മറ്റൊരു ദിവസം 14 വയസുള്ള അനന്തരവനെ രണ്ടു പൊലീസുകാർ തടഞ്ഞുനിർത്തി ചോദ്യം ചെയ്യുകയും പോക്കറ്റിൽനിന്ന് പണം മോഷ്ടിക്കുകയും ചെയ്‌തു. വീട്ടിൽനിന്ന് മോഷ്ടിച്ച സാധനങ്ങൾ വിൽപ്പന നടത്തിയതായി സംശയിക്കുന്ന ഒരാളെപ്പറ്റിയുള്ള സൂചനകളും അവർക്ക് ലഭിച്ചു. ഇയാൾ ഇൻസ്‌പെക്ടർ ലത്തീഫിന്റെ സുഹൃത്താണെന്നും അറിഞ്ഞു. പരാതികൾ ഒന്നും ശരിയല്ലെന്നായിരുന്നു പൊലീസിന്റെ മറുപടി.
വീട്ടിലെ മോഷണം സംബന്ധിച്ച് ആനി മസ്‌ക്രീൻ രാജാവിന് നൽകിയ പരാതിയുടെ അവസാന ഭാഗം
മോഷണക്കേസിൽ ആരെയും പിടിച്ചില്ലെങ്കിലും പൊലീസിനെ അപകീർത്തിപ്പെടുത്തുകയും ഇൻസ്‌പെക്ടർ ലത്തീഫിനെതിരെ ആരോപണം ഉന്നയിക്കുകയും ചെയ്‌ത് മാനനഷ്ടം ഉണ്ടാക്കിയതിന് ആനി മസ്‌ക്രീനെ പ്രോസിക്യൂട്ട് ചെയ്യാൻ പൊലീസ് കമീഷണർ നടപടി തുടങ്ങി. ഇതിനിടയിലും അവർ ചെയ്‌ത പ്രസംഗങ്ങൾ ദിവാനെ കൂടുതൽ ചൊടിപ്പിച്ചു. നവംബറിൽ അറസ്റ്റിന് ഉത്തരവായി. പര്യടനത്തിലായിരുന്ന ആനിയെ ചെങ്ങന്നൂരിലെത്തി അറസ്റ്റ് ചെയ്‌തു. ഒരു സ്‌ത്രീയെ രാത്രിയിൽ അറസ്റ്റ് ചെയ്യരുതെന്ന മറ്റ് നേതാക്കളുടെ അഭ്യർഥന മാനിച്ചില്ല. പിന്നീടും പലവട്ടം അവർ അറസ്റ്റിലായി. ക്വിറ്റ് ഇന്ത്യ സമരത്തിൽ പങ്കെടുത്ത് 1942ൽ രണ്ടു വർഷം ജയിലിലായി. 1946ൽ പുന്നപ്ര വയലാറിൽ ഏഴായിരം പേർ കൊല്ലപ്പെട്ടു എന്ന് പ്രസ്‌താവന നടത്തിയതിനും കേസുണ്ടായി. ആകെ ആറുവർഷത്തെ ജയിൽവാസം.
സി പി രാമസ്വാമി അയ്യർ
അറസ്റ്റും ഭീഷണികളും അവരെ തളർത്തിയില്ല. പട്ടം താണുപിള്ളയ്‌ക്കൊപ്പം 1946ൽ ബോംബെയിൽ പങ്കെടുത്ത പരിപാടിയിൽ സിപിക്കെതിരെ ആനി ഉപയോഗിച്ച വാക്കുകൾ ഗാന്ധിജിക്ക് ഇഷ്ടമായില്ല. അദ്ദേഹം 1946 ഫെബ്രുവരി 21ന് അയച്ച കത്തിൽ അവരെ രൂക്ഷമായി വിമർശിച്ചു.
ആനി മസ്‌ക്രീനെ പ്രോസിക്യൂട്ട് ചെയ്യാനുള്ള ഉത്തരവ്
ഇതിനിടെ പല പദവികളും തേടിയെത്തി. 1948ൽ സ്റ്റേറ്റ് ലജിസ്ലേറ്റീവ് അസംബ്ലിയിലേക്ക് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. അടുത്തവർഷം ഭരണഘടനാ നിർമാണ സഭയിലെത്തി. ഇന്ത്യൻ ഭരണഘടനയുടെ കരട് രേഖയിൽ ഒപ്പുവച്ച ഏക തെക്കേ ഇന്ത്യൻ വനിത കൂടിയായിരുന്നു ആനി മസ്‌ക്രീൻ. പറവൂർ ടി കെ നാരായണപിള്ള മന്ത്രിസഭയിൽ ആരോഗ്യ ‐ ഊർജ വകുപ്പുകളുടെ മന്ത്രിയായി. തിരുവിതാംകൂറിലെ ആദ്യ വനിതാമന്ത്രി. പക്ഷേ വൈകാതെ ഒഴിഞ്ഞു. പിന്നീട് കോൺഗ്രസുമായി സൗഹാർദത്തിലായിരുന്നില്ല. 1952ൽ ആദ്യ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിൽ നിന്ന് സ്വതന്ത്രയായി വിജയിച്ചു. കമ്യൂണിസ്റ്റ് പാർടി പിന്തുണച്ചിരുന്നു. 1957ലും സ്വതന്ത്രയായി മത്സരിച്ചെങ്കിലും വിജയിച്ചില്ല.
തിരുവിതാംകൂറിന്റെ സമരചരിത്രത്തിൽ ഏറ്റവും സുപ്രധാന പങ്കുവഹിച്ച സമരനേതാവായി അടയാളപ്പെടുത്തേണ്ട അവരുടെ ജീവിതം 1963 ജൂലൈ 17ന് തിരുവനന്തപുരത്ത് അവസാനിച്ചു.








0 comments