ad
Deshabhimani

രേഖാമൂലം

‘അവർ വരുന്നു; പാർടി ക്ലാസിന്‌, തടയണം’

ആലപ്പുഴയിൽ നടത്താനിരുന്ന പാർടി ക്ലാസ് നിരോധിച്ച് കൊല്ലം ജില്ലാ മജിസ്‌ട്രേറ്റ് ഇറക്കിയ ഉത്തരവ്
avatar
ശ്രീകുമാർ ശേഖർ

Published on Apr 25, 2026, 02:30 PM | 2 min read


‘‘മലബാറിലെ ഉറച്ച കമ്യൂണിസ്റ്റുകാരായ ഇ എം ശങ്കരൻ നമ്പൂതിരിപ്പാട്, കെ ദാമോദരൻ, കൂടാതെ രാജൻ എന്ന ഒരാളും 20-‐12‐-1945-ന് ആലപ്പുഴയിൽ എത്തിച്ചേരുമെന്നും, അന്നുമുതൽ ഏഴ് ദിവസത്തേക്ക് അവിടെ ഒരു കമ്യൂണിസ്റ്റ് ക്ലാസ് നടത്തുമെന്നും ഉറപ്പായി അറിയുന്നു’’‐ ശത്രുരാജ്യത്തുനിന്ന്‌ ഏതോ നുഴഞ്ഞുകയറ്റക്കാർ രാജ്യത്തേക്ക് കടക്കാനിടയുണ്ടെന്നറിയിക്കുന്ന ജാഗ്രതയോടെയുള്ള ഈ രഹസ്യസന്ദേശം 1945 ഡിസംബർ 12ന് ആലപ്പുഴ പൊലീസ് ഇൻസ്‌പെക്ടർ, ഐജിക്ക്‌ അയച്ച റിപ്പോർട്ടിൽ നിന്നാണ്‌.

1945 പുന്നപ്ര വയലാർ വിപ്ലവത്തിന്റെ തലേവർഷമാണ്‌. തിരുവിതാംകൂറിൽ എങ്ങും ചുവപ്പ് പടരുന്നു. കമ്യൂണിസ്റ്റ് പാർടിയെ നേരിടാൻ സർ സി പി രാമസ്വാമി അയ്യർ ചെയ്യാവുന്നതൊക്കെ ചെയ്‌തിരുന്നു. രഹസ്യ പൊലീസ് പാർടിക്ക് പിന്നാലെയായിരുന്നു. എല്ലാ പൊതുയോഗങ്ങളിലും പൊലീസെത്തി. പ്രസംഗങ്ങൾ അക്ഷരം വിടാതെ പകർത്തി പൊലീസിലെ ഷോർട്ട് ഹാൻഡ് എഴുത്തുകാർ മുകളിലേക്ക് അയച്ചു. നാൽപ്പതുകളിലെ കമ്യൂണിസ്റ്റ് നേതാക്കളുടെ പ്രസംഗങ്ങളുടെ വലിയൊരു ശേഖരം തിരുവിതാംകൂർ സർക്കാർ രേഖകളായി നാഷണൽ ആർക്കൈവ്‌സിൽ കാണാം.

ആലപ്പുഴയിൽ നടത്താനിരുന്ന പാർടി ക്ലാസ് നിരോധിച്ച് കൊല്ലം ജില്ലാ മജിസ്‌ട്രേറ്റ് ഇറക്കിയ ഉത്തരവ്ആലപ്പുഴയിൽ നടത്താനിരുന്ന പാർടി ക്ലാസ് നിരോധിച്ച് കൊല്ലം ജില്ലാ മജിസ്‌ട്രേറ്റ് ഇറക്കിയ ഉത്തരവ്

പരസ്യയോഗങ്ങളേക്കാൾ സി പിയെ പരിഭ്രമിപ്പിച്ചത് രഹസ്യമായി നടന്ന പാർടി പരിപാടികളാണ്‌. അവിടെയും നുഴഞ്ഞുകയറാൻ പൊലീസ് ശ്രമിച്ചെങ്കിലും മിക്കപ്പോഴും നടന്നില്ല. 1940ൽ കമ്യൂണിസ്റ്റ് പാർടി രൂപീകരണം പരസ്യമാക്കപ്പെട്ടതോടെ തിരുവിതാംകൂറിലും പാർടി ഘടകങ്ങൾ രൂപപ്പെട്ടിരുന്നു. പിന്നീട് പലയിടത്തും സെല്ലുകൾ ഉണ്ടായി. 1945 ആകുമ്പോഴേക്ക് പാർടിക്ക് മെച്ചപ്പെട്ട സംഘടനാ സംവിധാനം നിലവിൽ വന്നിരുന്നു.

സി പിയുടെ കമ്യൂണിസ്റ്റ് പേടി പൂർണമായി പ്രതിഫലിക്കുന്ന രേഖകൾ പലതും കാണാം. അതിലൊന്നാണ് ഒരു കമ്യൂണിസ്റ്റ് പഠന ക്ലാസ് നടക്കാൻ പോകുന്നു എന്ന രഹസ്യസന്ദേശമുള്ള ഈ കത്ത്‌. ക്ലാസ് നയിക്കാൻ വരുന്ന ‘രാജൻ’ സി ഉണ്ണിരാജയാണ്‌. ക്ലാസിൽ പങ്കെടുക്കുന്ന മറ്റ് കമ്യൂണിസ്റ്റ് നേതാക്കളുടെ പട്ടികയും ഇൻസ്‌പെക്ടർ നിരത്തുന്നു. കെ സി ജോർജ്, പി ടി പുന്നൂസ്, സി എസ് ഗോപാല പിള്ള, ജോസഫ് കൈനാടൻ, എം സി മാത്യു, കെ എസ് കരയാലർ, എം എൻ ഗോവിന്ദൻ നായർ, കെ ടി ജേക്കബ്, ചെറിയാൻ കട്ടക്കയം, എ കെ തമ്പി, കെ വി പത്രോസ്, ആർ സുഗതൻ, ടി വി തോമസ്, പി ജി പത്മനാഭൻ, ടി കെ വർഗീസ് വൈദ്യൻ, സി ജി സദാശിവൻ, സി ഒ മാത്യു... അതിങ്ങനെ നീളുന്നു.

പൊലീസ് പകർത്തി അയക്കുന്ന കമ്യൂണിസ്റ്റ് നേതാക്കളുടെ പ്രസംഗഭാഗങ്ങളിൽ ഒന്ന്‌. പി കൃഷ്‌ണപിള്ളയുടെ ഭാര്യ തങ്കമ്മ കൃഷ്‌ണപിള്ള 1942 ആഗസ്റ്റ് ഒന്നിന് ആലപ്പുഴയിൽ ചെയ്‌ത പ്രസംഗംപൊലീസ് പകർത്തി അയക്കുന്ന കമ്യൂണിസ്റ്റ് നേതാക്കളുടെ പ്രസംഗഭാഗങ്ങളിൽ ഒന്ന്‌. പി കൃഷ്‌ണപിള്ളയുടെ ഭാര്യ തങ്കമ്മ കൃഷ്‌ണപിള്ള 1942 ആഗസ്റ്റ് ഒന്നിന് ആലപ്പുഴയിൽ ചെയ്‌ത പ്രസംഗം

പഠന ക്ലാസിൽ പൊലീസുകാരെ പ്രവേശിപ്പിക്കില്ലെന്ന് സംഘാടകർ അറിയിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിലുണ്ട്‌. 1943ലെ രണ്ട് ഉത്തരവുകളനുസരിച്ച് പൊലീസിന്‌ പ്രവേശനമില്ലാത്ത യോഗങ്ങൾ പാടില്ലെന്നും ഇൻസ്‌പെക്ടർ വ്യക്തമാക്കുന്നു. ‘‘അവർ പോലീസ് റിപ്പോർട്ടർമാർക്ക് ക്ലാസിൽ പ്രവേശനം അനുവദിക്കില്ലെന്നാണ് അറിയുന്നത്. അതിനാൽ, പോലീസ് റിപ്പോർട്ടർമാർ ബലം പ്രയോഗിച്ച് ക്ലാസിൽ പ്രവേശിക്കേണ്ട സാഹചര്യം ഉണ്ടാകാം. ഇത് അസുഖകരമായ പ്രതിഷേധങ്ങൾക്കും സംഭവങ്ങൾക്കും വഴിവെക്കാൻ സാധ്യതയുണ്ട്, കാരണം ഏകദേശം നാൽപ്പതിനായിരം വരുന്ന ആലപ്പുഴയിലെ മുഴുവൻ തൊഴിലാളി ജനസംഖ്യയും കമ്യൂണിസ്റ്റുകളാണ്’’‐ ഇൻസ്‌പെക്ടർ ആപത്ത് ചൂണ്ടിക്കാട്ടുന്നു. കത്ത് ആദ്യം പോയത് ഐജിക്കാണ്‌. കമ്യൂണിസ്റ്റുകാർ പരിധി ലംഘിക്കുകയാണെന്നും തിരുവിതാംകൂർ ഭരണത്തിന് അവമതിപ്പുണ്ടാക്കാൻ പറ്റുന്ന എല്ലാ അവസരത്തിലും അവർ ചാടിവീഴുകയാണെന്നും ഐജി ബി പാർത്ഥസാരഥി അയ്യങ്കാർ ഫയലിൽ കുറിച്ചു.

ഇ എം എസ്‌ ഇ എം എസ്‌

കമ്യൂണിസ്റ്റുകാരെ കൂടുതൽ ശക്തമായി നേരിടേണ്ട സമയം വന്നിരിക്കുന്നുവെന്നും കമ്യൂണിസ്റ്റ് യോഗങ്ങളും ‘അപലപനീയമായ’ പ്രവർത്തനങ്ങളും നിരോധിക്കാൻ നടപടി ഉണ്ടാകണമെന്നും ഐജി സർക്കാരിലേക്ക് എഴുതി.


പിന്നെ നടപടികൾ വേഗത്തിലായി. ദിവാന്റെ അനുമതിയോടെ പാർടി ക്ലാസ് നിരോധിച്ച് 1945 ഡിസംബർ 18ന് കൊല്ലം ജില്ലാ മജിസ്‌ട്രേറ്റ് ഉത്തരവായി.

കെ ദാമോദരൻകെ ദാമോദരൻ

ഈ നടപടികളൊന്നും കമ്യൂണിസ്റ്റ് കുതിപ്പിനെ തടയാൻ പര്യാപ്തമായില്ലെന്ന് കാലം തെളിയിച്ചു. ഇ എം എസും കെ ദാമോദരനും അടക്കമുള്ള മലബാറിൽനിന്നുള്ള നേതാക്കൾ പലവട്ടം രഹസ്യമായി എത്തി യോഗങ്ങൾ നടത്തിയത് സർക്കാർ രേഖകളിൽതന്നെ കാണാം. ഇ എം എസിന് മാത്രമായി സി പി ഇടയ്‌ക്ക്‌ പ്രവേശനവിലക്കും ഏർപ്പെടുത്തി. എന്നാൽ പുന്നപ്ര‐വയലാർ പ്രക്ഷോഭത്തിനു തൊട്ടുമുമ്പ് 1946 ഒക്ടോബർ രണ്ടാം വാരത്തിലും ഇ എം എസ് ആലപ്പുഴയിലെത്തിയിരുന്നു. യോഗം ചേരുകയും ചെയ്‌തു.

സി ഉണ്ണിരാജസി ഉണ്ണിരാജ

‘ഒരു കെട്ടുവള്ളത്തിൽ കയറി അത് വേമ്പനാട്ട് കായലിന്റെ നടുക്കിട്ടുകൊണ്ടാണ്’ ഈ യോഗം നടത്തിയതെന്ന് കെ സി ജോർജ് ‘പുന്നപ്ര വയലാർ’ എന്ന കൃതിയിൽ എഴുതുന്നുണ്ട്.


തിരുവിതാംകൂറിലെ ‘കമ്യൂണിസ്റ്റ് ആപത്ത്’ ചെറുക്കാൻ സി പി രാമസ്വാമി അയ്യർ അവസാനഘട്ടത്തിലും നടത്തിയ പാഴ്‌ശ്രമങ്ങളുടെ ചിത്രം 1945ലെ ഈ രേഖകളും വരച്ചിടുന്നു .



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home