രേഖാമൂലം
‘നിർമല’ എഴുതിയ ചരിത്രം


ശ്രീകുമാർ ശേഖർ
Published on Apr 04, 2026, 11:27 AM | 3 min read
സിനിമയുടെ പേരിനുപകരം ഒരു ചോദ്യചിഹ്നവുമായി 80 വർഷം മുമ്പ് വന്ന ആ പരസ്യം മലയാള സിനിമാചരിത്രത്തിലെ അതിപ്രധാനമായ ഒരു ഏടിന്റെ ചുരുക്കെഴുത്തായിരുന്നു. മലയാളികൾ നിർമിച്ച് മലയാളി സംവിധാനം ചെയ്‌ത ആദ്യ ശബ്ദചിത്രത്തിന്റെ പിറവിക്കുള്ള മുന്നൊരുക്കമായിരുന്നു ആ പരസ്യം. ‘കേരളത്തിലെ ചലച്ചിത്ര നിർമാണ സംരംഭത്തിന്റെ അരുണോദയം’ എന്നായിരുന്നു പരസ്യവാചകം. കോട്ടയത്തു നിന്നിറങ്ങിയിരുന്ന ‘പ്രസന്നകേരള’ത്തിന്റെ 1946 ജൂലൈ 28 ലക്കത്തിൽ വന്ന പരസ്യത്തിൽ ചരിത്രസ്രഷ്ടാക്കളുടെ പേരുകളും ഓഹരികൾ ഇനിയും ബാക്കിയുണ്ടെന്ന അറിയിപ്പും ഉണ്ടായിരുന്നു.
ജോസഫ് ചെറിയാനും ബേബി ചെറിയാനും ‘നിർമല’യിൽ
മലയാളത്തിലെ നാലാമത്തെ ശബ്ദചിത്രമായിരുന്നു ‘നിർമല.’ പ്ലേബാക്കായി ഗാനചിത്രീകരണം നടത്തിയ ആദ്യ സിനിമ എന്നതായിരുന്നു ചിത്രത്തിന്റെ മറ്റൊരു ചരിത്രപ്രാധാന്യം. അന്നുവരെ നടി-നടന്മാർ പാടി അഭിനയിക്കുകയായിരുന്നു. അഭിനയിക്കുമ്പോൾ തന്നെ പാട്ടുകൾ റെക്കോഡ് ചെയ്യുകയും വേണ്ടിയിരുന്നു. വാദ്യക്കാർ ക്യാമറയിൽ പെടാതെ ഒളിഞ്ഞുനിന്ന് ലൈവായി പിന്നണിവാദ്യം ഒരുക്കി. ഇതിനെല്ലാം മാറ്റം വന്നു. മലയാള ചലച്ചിത്ര പിന്നണിഗാനശാഖയുടെ തുടക്കം ‘നിർമല’യിലെ ഗാനങ്ങളുടെ റെക്കോഡിങ്ങോടെയാണ് ആരംഭിച്ചത്.
ജോസഫ് ചെറിയാനും ബേബി ചെറിയാനും. 1999ലെ ചിത്രം ഫോട്ടോ: ഇ പത്മകുമാർ
‘കേരള ടോക്കീസ് ലിമിറ്റഡ്’ എന്ന പേരിൽ സിനിമാകമ്പനി രജിസ്റ്റർ ചെയ്‌ത് വിഖ്യാത നാടകകാരനും ചിത്രകാരനുമായിരുന്ന ആർടിസ്റ്റ് പി ജെ ചെറിയാനാണ് ‘നിർമല’ നിർമിച്ചത്. സുഹൃത്തായ മഹാകവി വള്ളത്തോൾ നാരായണ മേനോന്റെ പ്രേരണയും പിന്തുണയും ഉണ്ടായിരുന്നു. ഷെവലിയർ സി പി ലോനപ്പൻ, ഇസ്മായേൽ ഹാജി ഈസ സേട്ട് (‘ചെമ്മീൻ’ നിർമിച്ച കൺമണി ബാബുവിന്റെ മുത്തച്ഛൻ), പത്മനാഭ ഷേണായ്, ഡോ. ഉസ്മാൻ ഖാൻ, സി എ ഔസേഫ്, പി വി കുര്യൻ, ഡോ. അബ്രഹാം മാമ്പള്ളി തുടങ്ങി ഒട്ടേറെ പ്രമുഖർ ഓഹരിയെടുത്തിരുന്നു. ആകെ ചെലവ് രണ്ടുലക്ഷത്തിലേറെയായി.
പി ജെ ചെറിയാന്റെ മകൻ ജോസഫ് ചെറിയാനായിരുന്നു നായകൻ. നായികയ്‌ക്കായി നടത്തിയ തെരച്ചിൽ വിജയിക്കാതെ വന്നപ്പോൾ മരുമകൾ ബേബി ചെറിയാനെ നായികയാക്കി. അങ്ങനെ ദമ്പതികൾ നായകനും നായികയുമായി. ഗാനങ്ങൾ എല്ലാം എഴുതിയത് മഹാകവി ജി ശങ്കരക്കുറുപ്പാണ്. ആറെണ്ണം ഗോവിന്ദറാവു പാടി. അദ്ദേഹം മലയാളത്തിലെ ആദ്യ പിന്നണി ഗായകനായി. രണ്ട് ഗാനങ്ങൾ സരോജിനിയും ഒരു ഗാനം പി ലീലയും പാടി. ‘നിർമല’യിൽ ബാലതാരമായി അഭിനയിച്ച വിമല ബി വർമയും പാടിയിട്ടുണ്ട്. ഇവരെല്ലാം മലയാളത്തിലെ ആദ്യ പിന്നണി ഗായികമാരുമായി. റാവുവും സരോജിനിയും വിമലയും പിന്നീട് സിനിമാഗാനങ്ങൾ പാടിയിട്ടില്ല. പക്ഷേ പി ലീലയുടെ സംഗീതജീവിതത്തിന്റെ തുടക്കമായി ‘നിർമല’ മാറി.
മലയാള സിനിമ നിർമിക്കാൻ കമ്പനി രൂപീകരിക്കാനായി ‘പ്രസന്നകേരള’ത്തിന്റെ 1946 ജൂലൈ 28 ലക്കത്തിൽ വന്ന പരസ്യം
ബാംഗ്ലൂരിലെ എം എസ് ജേക്കബിന്റെ ‘നീലസാരി’യായിരുന്നു സിനിമയുടെ കഥ. പാലക്കാട്ടുകാരനായ പി വി കൃഷ്‌ണയ്യരായിരുന്നു സംവിധായകൻ. പുത്തേഴത്ത് രാമൻ മേനോൻ സംഭാഷണം എഴുതി. തൃശൂർ സ്വദേശി ഇ ഐ വാര്യർ സംഗീതം നൽകി. പി എസ് ദിവാകറും സഹകരിച്ചു.
ചെറിയാന്റെ നാടകസംഘത്തിലെ സഹപ്രവർത്തകർ പലരും ചിത്രത്തിൽ അഭിനയിച്ചു. ‘ബാലൻ’, ‘ജ്ഞാനാംബിക’, ‘പ്രഹ്ലാദ’ എന്നീ ചിത്രങ്ങൾക്കുശേഷം ഏഴ് വർഷം മലയാളത്തിൽ സിനിമയില്ലായിരുന്നു. ഈ മരവിപ്പിന് വിരാമമിട്ടാണ് 1948 ഫെബ്രുവരി 15ന് ‘നിർമല’ റിലീസായത്.
ചെയ്യാത്ത മോഷണത്തിന്റെ പേരിൽ ജയിലിൽ അടയ്‌ക്കപ്പെടുന്ന നായികയാണ് നിർമല. അവരുടെ നിരപരാധിത്വം അറിയാമായിരുന്ന നായകനായ ഹെഡ് കോൺസ്റ്റബിൾ രഘുവിന് ഇൻസ്‌പെക്ടറായി പ്രൊമോഷൻ കിട്ടുന്നു. രഘു നിർമലയുടെ നിരപരാധിത്വം തെളിയിക്കുന്നു. നായികാനായകന്മാർ വിവാഹിതരാകുന്നു. ഇതായിരുന്നു കഥ. സേലത്തെ മോഡേൺ തിയറ്റേഴ്സിലായിരുന്നു ചിത്രീകരണം. ചില രംഗങ്ങൾ അതിരപ്പള്ളിയിലും എറണാകുളത്തും ചിത്രീകരിച്ചു.
ചിത്രം പ്രദർശനവിജയം നേടിയെങ്കിലും ചെറിയാന് വൻ കടം വന്നു. നാല് മാസത്തിൽ തീർക്കാനിരുന്ന സിനിമ പൂർത്തിയാകാൻ രണ്ടുവർഷത്തിലേറെ എടുത്തു. 1947 ആദ്യം തന്നെ തിയറ്ററിലെത്തും എന്ന പരസ്യം വന്നിരുന്നെങ്കിലും 1948 ഫെബ്രുവരിയിൽ മാത്രമാണ് ചിത്രം ഇറങ്ങിയത്. പിന്നീട് ആറു വർഷത്തിനുശേഷം ചെറിയാൻ നിർമിച്ച ‘കനവെ’ന്ന തമിഴ് ചിത്രം വൻപരാജയമായി. നാടകവേദിയിലേക്ക് മടങ്ങിയ പി ജെ ചെറിയാൻ പിന്നീട് സിനിമാരംഗത്തേക്ക് തിരിഞ്ഞിട്ടില്ല.
1947 ൽ റിലീസ് പ്രഖ്യാപിച്ച് 1946 ൽ മലയാളരാജ്യം തിരുനാൾ സ്‌പെഷ്യലിൽ വന്ന പരസ്യം (കടപ്പാട്: ഗ്രന്ഥപ്പുര, https://gpura.org/)
ചിത്രത്തിന്റെ ഒരു റീലുപോലും ബാക്കിയില്ല. കുടുംബത്തിന് കടം കയറാനിടയാക്കിയത് സിനിമാനിർമാണമായിരുന്നതിനാൽ ഫിലിം സൂക്ഷിക്കാൻ ആരും താൽപ്പര്യം കാട്ടിയില്ലെന്ന് 1999ൽ ദേശാഭിമാനിക്ക് അഭിമുഖത്തിനായി കണ്ടപ്പോൾ ജോസഫ് ചെറിയാൻ പറഞ്ഞു. ‘വീട്ടിലുണ്ടായിരുന്ന ഫിലിമിന്റെ റോൾ നീട്ടിയെടുത്ത് മാങ്കൊമ്പിൽ എറിഞ്ഞുപിടിപ്പിച്ച് താഴെനിന്ന് തീകൊളുത്തി കുട്ടികൾ കളിക്കുമായിരുന്നു. അന്നത്തെ ഫിലിം പെട്ടെന്ന് തീപിടിക്കുന്നതായിരുന്നതിനാൽ കാണാൻ നല്ല രസമായിരുന്നു’ ‐ നായിക ബേബി ചെറിയാനും അന്ന് ഓർത്തെടുത്തു. മദ്രാസിൽ സൂക്ഷിച്ചിരുന്ന ഒറിജിനൽ പ്രിന്റും സംരക്ഷിക്കാനായില്ല.
പി ജെ ചെറിയാൻ പിന്നീട് മലയാള സിനിമ നിർമിച്ചില്ല. ‘നിർമല’യ്‌ക്ക് പാട്ടെഴുതിയ ജി ശങ്കരക്കുറുപ്പ് പിന്നീട് ഒരിക്കലും ഗാനരചന നടത്തിയില്ല. പുത്തേഴത്ത് രാമൻ മേനോൻ ഒരു സിനിമയ്‌ക്കും സംഭാഷണം എഴുതിയതുമില്ല. പക്ഷേ മലയാള സിനിമാ ചരിത്രത്തിൽ ഒട്ടേറെ പ്രത്യേകതകളുള്ള സിനിമയും നിർമാണ സംരംഭവുമായി ‘നിർമല’ തുടരുന്നു.








0 comments