കവർസ്റ്റോറി
പണിക്കർ മാഷിന്റെ സർവകലാശാല

പി പവിത്രൻ
Published on Mar 28, 2026, 12:23 PM | 13 min read
1980‐കളുടെ അവസാനം കോഴിക്കോട്ട് നടന്ന ഒരു സെമിനാറിലാണ് അതുവരെ വായിച്ചും കേട്ടും മാത്രം അറിഞ്ഞിരുന്ന കെ എൻ പണിക്കർ മാഷെ ആദ്യം കാണുന്നത്. ടൗൺഹാളിലെ കേൾവിക്കാരിലൊരാളായിരുന്നു ഞാൻ. അന്ന് ഇ എം എസും പണിക്കരുമാണ് മുഖ്യ പ്രഭാഷകരായിരുന്നത്. നമ്മുടേതുപോലുള്ള ഒരു സമൂഹത്തിൽ കേവലം മതവിരുദ്ധമായ സമീപനം കൊണ്ടുമാത്രം സമൂഹത്തെ മുന്നോട്ടുനയിക്കാൻ സാധ്യമല്ലെന്നും മതവുമായി പുരോഗമനവാദികൾ സംവാദത്തിലേർപ്പെടണമെന്നുമാണ് ഇ എം എസ് വാദിച്ചത്. വിമോചന ദൈവശാസ്ത്രം പോലുള്ള വിഷയങ്ങൾ അന്തർദേശീയമായിത്തന്നെ ചർച്ചയായ സന്ദർഭത്തിലാണ് ഇ എം എസിന്റെ ഈ സമീപനം ഉയർന്നുവന്നത്. എന്നാൽ പണിക്കരാകട്ടെ അത്തരം നീക്കങ്ങൾപോലും മതേതരത്വ സമീപനത്തിന്റെ മൂർച്ച കുറയ്ക്കുമെന്ന നിലപാടാണെടുത്തത്.
കെ എൻ പണിക്കർ ഫോട്ടോ: എ ജെ ജോജി
പിന്നീട് ആലുവയിൽവച്ച് 2000 ഫെബ്രുവരിയിൽ, കേരള ഗസറ്റിയറിന്റെ ആഭിമുഖ്യത്തിൽ പി ജെ ചെറിയാന്റെ നേതൃത്വത്തിൽ ആലുവ വൈഎംസിഎ ക്യാമ്പ് സൈറ്റിൽ സംഘടിപ്പിച്ച പഞ്ചായത്ത് വിജ്ഞാനീയം സംസ്ഥാനതല ശിൽപ്പശാലയുടെ ഭാഗമായ സെമിനാറിൽ, പണിക്കർ മാഷിനൊപ്പം വേദി പങ്കിടാനുള്ള അവസരം കിട്ടി. പ്രാദേശിക ചരിത്രരചനയെ മുൻനിർത്തിയുള്ള സെമിനാറായിരുന്നു അത്. അന്ന് കാലടിയിൽ അധ്യാപകനായി ഞാൻ ചേർന്നതേ ഉണ്ടായിരുന്നുള്ളൂ. ദേശീയ ചരിത്രരചനയിൽ പ്രാദേശിക ചരിത്രം എങ്ങനെ പ്രയോജനപ്പെടുത്താമെന്ന നിലയിലാണ് മാഷ് അന്നവിടെ സംസാരിച്ചത്. ഞാൻ പ്രാദേശിക ചരിത്രത്തെ അതിനകത്തു തന്നെയുള്ള ജൈവബന്ധങ്ങളിലൂടെ തന്നെ മനസ്സിലാക്കണമെന്നാണ് സൂചിപ്പിച്ചത്. ഞാൻ വിഷയം അവതരിപ്പിച്ചു കഴിഞ്ഞപ്പോൾ അടുത്തിരുന്ന അദ്ദേഹം അവതരണം നന്നായി എന്നു പറഞ്ഞു പരിചയപ്പെട്ടു.
ഈ നിലയിലൊക്കെ മാത്രം തുടർന്നുപോകുമായിരുന്ന അദ്ദേഹവുമായുള്ള ബന്ധം ജീവിതത്തിന്റെ ഭാഗമായിത്തീർന്നത് കാലടി സംസ്കൃത സർവകലാശാലയിൽ അദ്ദേഹം വൈസ് ചാൻസലറായി വന്നതോടുകൂടിയാണ്. 2000 ഡിസംബറിലായിരുന്നു അത്. 1993‐ൽ സ്ഥാപിതമായ സർവകലാശാല അതിന്റെ ആദ്യഘട്ടം അക്കാദമിക വിരുദ്ധതയുടെയും അഴിമതിയുടെയും പേരിലാണ് കൂടുതൽ അറിയപ്പെട്ടത്. തുടർന്ന് ഡോ. എൻ പി ഉണ്ണി വൈസ് ചാൻസലറും ഡോ. എൻ വി പി ഉണിത്തിരി പ്രൊ വൈസ് ചാൻസലറും ഡോ. കെ ജി പൗലോസ് രജിസ്ട്രാറുമായി ചുമതലയേറ്റെടുത്തതോടെയാണ് ഒരു ആധുനിക സർവകലാശാലയിലേക്കുള്ള അതിന്റെ യാത്ര ആരംഭിക്കുന്നത്. ബ്യൂറോക്രാറ്റിക് ആയ ഘടനയിൽ കുരുങ്ങാതെ അക്കാദമിക സമൂഹത്തിന് മേൽക്കൈയുള്ള ഒരു സ്ഥാപനമായി സർവകലാശാല മാറുന്നത് ആ ഘട്ടത്തിലാണ്. അവരുണ്ടാക്കിയ അടിത്തറയാണ് കെ എൻ പണിക്കർക്ക് ആധുനികമായ അക്കാദമിക സങ്കൽപ്പങ്ങൾക്കനുസരിച്ച് ഒരു സർവകലാശാലയായി അതിനെ മാറ്റാനുള്ള സാധ്യത തുറന്നുവച്ചത്.
1998‐ൽ രൂപീകരിക്കപ്പെട്ട അസോസിയേഷൻ ഓഫ് സാൻസ്ക്രിറ്റ് യൂണിവേഴ്സിറ്റി ടീച്ചേഴ്സ് (ASSUT) എന്ന ഇടതുപക്ഷ അധ്യാപക സംഘടന മറ്റൊരു സർവകലാശാലയിലുമില്ലാത്ത മട്ടിൽ അതിനെ രൂപപ്പെടുത്തുന്നതിൽ വലിയ പങ്ക് വഹിക്കുന്നുണ്ടായിരുന്നു. സീനിയറായ അധ്യാപകരായിരുന്ന ഡോ. പി ചിദംബരൻ, ഡോ. എസ് രാജശേഖരൻ, ഡോ. എസ് ശിവദാസൻ എന്നിവരായിരുന്നു ആദ്യവർഷം അതിന്റെ മുഖ്യഭാരവാഹികൾ. പണിക്കർ മാഷ് വി സിയായി ചുമതലയെടുക്കുമ്പോൾ സംഘടനയുടെ അക്കാദമിക സമിതി കൺവീനറായിരുന്നു തുടക്കക്കാരനായ ഞാൻ. ചെയർമാനായിരുന്നത് പ്രൊഫ. പി സി മുരളീമാധവനും. സർവകലാശാലയിലെ അക്കാദമിക മേഖലയിലെ പ്രശ്നങ്ങൾ കണ്ടെത്താനും പരിഹരിക്കാനുമുള്ള ശ്രമങ്ങളാണ് അക്കാദമിക സമിതി നടത്തിയത്. അതിന്റെ അടിസ്ഥാനത്തിൽ ഗവേഷണമേഖല, ഫൈൻ ആർട്സ് വിഭാഗത്തിലെ പ്രശ്നങ്ങൾ, ലൈബ്രറി സംവിധാനം എന്നിവയെക്കുറിച്ച് പഠിച്ച് മൂന്ന് റിപ്പോർട്ടുകൾ അക്കാദമിക സമിതി തയ്യാറാക്കിയിരുന്നു. തുടക്കകാലത്തെ വ്യവസ്ഥയില്ലായ്‌മ ഗവേഷണ മേഖലയിൽ അപ്പോഴും തുടരുന്നുണ്ടായിരുന്നു. ഗവേഷകരെ തന്നെ സർവകലാശാലയിൽ കണ്ടുകിട്ടാനില്ലാത്ത സാഹചര്യം. സെക്ഷനുകളും പഠന വകുപ്പുകളും കയറിയിറങ്ങി ഗവേഷകരെ സംബന്ധിച്ച വിവരങ്ങൾ ശേഖരിച്ചു. അതിന്റെ അടിസ്ഥാനത്തിൽ വിശദമായ ചില ശുപാർശകളും തയ്യാറാക്കി. 300‐ഓളം പുറങ്ങളുണ്ടായിരുന്നു ഗവേഷണമേഖലയെ സംബന്ധിച്ച റിപ്പോർട്ടിന്. അന്ന് സർവകലാശാലയിൽ ഇന്നത്തെ പ്ലസ് ടുവിന് തുല്യമായ ഫൗണ്ടേഷൻ കോഴ്സ് എന്ന സംവിധാനമുണ്ടായിരുന്നു. ആർട്സ്, ഫൈൻ ആർട്സ് വിഭാഗങ്ങൾ ഈ നിലയിൽ പരിമിതപ്പെട്ടിരുന്നു. അതിൽമാത്രം പഠിപ്പിക്കാനുദ്ദേശിച്ച് ബിരുദ യോഗ്യതയുള്ള അധ്യാപകരെയും നിയമിച്ചിരുന്നു. ചുമർചിത്രകല പോലെ പാരമ്പര്യസങ്കേതങ്ങളിൽ പരിശീലിച്ചവരും ആധുനികമായ സ്ഥാപനങ്ങളിൽ പഠിച്ചവരും തമ്മിൽ സമീപനത്തിലുള്ള ചില പൊരുത്തക്കേടുകളും നിലനിന്നിരുന്നു. ഇതെങ്ങനെ സർവകലാശാലയാക്കാം എന്നതായിരുന്നു മുമ്പിലെ പ്രശ്നം. ലൈബ്രറിയും ആധുനിക രീതിശാസ്ത്രം പിന്തുടരുന്ന മട്ടിൽ ചിട്ടപ്പെട്ടിരുന്നില്ല.
വൈസ് ചാൻസലറായി പണിക്കർ മാഷ് ചുമതലയേറ്റ് ഒരാഴ്ചയ്‌ക്കകം ഈ മൂന്ന് റിപ്പോർട്ടുകളുമായി ഞാൻ അദ്ദേഹത്തെ കാണാൻ ചെന്നു. ഇരുന്നിടത്തു നിന്നുതന്നെ മൂന്ന് റിപ്പോർട്ടുകളും ഒന്നോടിച്ചു നോക്കിയിട്ട് വളരെ പ്രയോജനമുള്ളതാണല്ലോ ഇവയെല്ലാം എന്ന് അദ്ദേഹം അഭിനന്ദിച്ചു. അദ്ദേഹത്തിന്റെ അംഗീകാരം അതുവരെ നടത്തിയ പ്രവർത്തനത്തിനുള്ളതായിരുന്നതിനാൽ സന്തോഷം തരുന്നതായിരുന്നു.
അദ്ദേഹം ചുമതലയേറ്റതിനു ശേഷം തൊട്ടടുത്ത മാസം നടന്ന അധ്യാപക സംഘടനയുടെ സംസ്ഥാന വാർഷിക സമ്മേളനത്തിൽ ഞാൻ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. ഡോ. എം എസ് മുരളീധരൻ പിള്ളയും ഡോ. എ പസിലിത്തിലുമായിരുന്നു മറ്റു മുഖ്യഭാരവാഹികൾ. സുനിൽ പി ഇളയിടമായിരുന്നു അക്കാദമിക സമിതിയുടെ കൺവീനർ. ഡോ. എൻ വിജയമോഹനൻ പിള്ള വെൽഫെയർ കമ്മിറ്റിയുടെ കൺവീനറുമായി. ജനറൽ സെക്രട്ടറിയായിരുന്ന ആ ഒരു വർഷക്കാലമാണ് പണിക്കർ മാഷുമായി ഞാൻ വളരെയേറെ അടുത്തുപെരുമാറുന്നത്. വളരെ ജൂനിയറായ എന്നെ ഒരു സ്നേഹിതനെപ്പോലെ അദ്ദേഹം കണ്ടു. എന്നോടുമാത്രമല്ല, അവിടത്തെ അധ്യാപകരോട് മുഴുവൻ സമഭാവനയോടെയാണ് അദ്ദേഹം പെരുമാറിയത്. വിശേഷിച്ചും ജൂനിയറായ അധ്യാപകർക്ക് അദ്ദേഹം വളരെയേറെ പ്രോത്സാഹനം കൊടുത്തു. കേവലം ചരിത്രകാരനായി മാത്രം മനസ്സിലാക്കിയിരുന്ന കെ എൻ പണിക്കർ അക്കാദമികമായ ഭരണനിർവഹണത്തിലും അത്രതന്നെ ഔന്നത്യമുള്ള വ്യക്തിയാണെന്ന് സർവകലാശാലാസമൂഹം മനസ്സിലാക്കിത്തുടങ്ങി. ഇന്ത്യയിലെ ഏറ്റവും പ്രമുഖമെന്നു പറയാവുന്ന ജവാഹർലാൽ നെഹ്റു സർവകലാശാലയിലെ അനുഭവങ്ങൾക്കനുസരിച്ച് അദ്ദേഹം സംസ്കൃത സർവകലാശാലയെയും ചിട്ടപ്പെടുത്താനുള്ള ശ്രമങ്ങൾ തുടങ്ങി. അതുവരെ കേരളത്തിലെ സർവകലാശാലകളിൽ പരിശീലിച്ചുവന്ന അധ്യാപകർക്കും ജീവനക്കാർക്കും അത് പുതിയ അനുഭവമായിരുന്നു. സംസ്കൃത വിദ്യാപീഠങ്ങളിലുൾപ്പെടെ പാരമ്പര്യരീതിയിൽ മാത്രം പരിശീലിച്ചവർക്ക് ചില കാര്യങ്ങളോട് പൊരുത്തപ്പെടാൻ വിഷമമുണ്ടായിരുന്നു. സംസ്കൃത സർവകലാശാലയെ എങ്ങനെ ഒരു ആധുനിക സർവകലാശാലയാക്കാം എന്ന അജൻഡയുമായി നിലകൊള്ളുന്ന അധ്യാപക സംഘടന പണിക്കരുടെ നേതൃത്വത്തെ സർവകലാശാലാ ചരിത്രത്തിലെ തന്നെ നിർണായകമായ വഴിത്തിരിവായി കണ്ട് പിന്തുണച്ചു.
ഗുജറാത്ത് വംശഹത്യാക്കാലത്തെ കാഴ്‌ച
സർവകലാശാലയിലേക്കുള്ള വിദ്യാർഥികളുടെ പ്രവേശനം പൊതുപരീക്ഷയിലൂടെയാക്കിയതായിരുന്നു ആദ്യത്തെ തീരുമാനം. പ്രവേശന പരീക്ഷ സംസ്കൃതം പോലുള്ള വിഷയങ്ങളെ ദോഷകരമായി ബാധിക്കുമോ എന്ന ആത്മാർഥമായ ആശങ്ക അവിടത്തെ വലിയൊരു വിഭാഗം അധ്യാപകർക്കുണ്ടായിരുന്നു. അതുവരെ വാർഷിക പരീക്ഷകളുടെ മാത്രം അടിസ്ഥാനത്തിൽ നടന്നിരുന്ന കോഴ്സ് സംവിധാനത്തെ ക്രെഡിറ്റ് ആൻഡ് സെമസ്റ്റർ എന്ന നിലയിലേക്ക് പുനഃസംവിധാനം ചെയ്തു. കേരളത്തിലെ സർവകലാശാലകളിൽ ആദ്യമായി ഈ സംവിധാനം വന്നത് സംസ്കൃത സർവകലാശാലയിലായിരുന്നു. അധ്യാപകർക്ക് വ്യക്തിഗത കോഴ്സുകൾ സ്വയം സംവിധാനം ചെയ്യാനും പഠിപ്പിക്കാനുമുള്ള അനുമതി ലഭിച്ചത് വലിയ തുറവിയായിരുന്നു. പിഎച്ച്ഡി തല ഗവേഷണത്തിന് ഒരു കൊല്ലത്തെ കോഴ്സ് വർക്ക് നിർബന്ധമാക്കി. റിസർച്ച് കമ്മിറ്റിയും ഡോക്ടറൽ കമ്മിറ്റിയും ഗവേഷണത്തിന്റെ ഭാഗമാക്കി. അതിന് അന്തർവൈജ്ഞാനികമായ തലം ഘടനാപരമായി ഉണ്ടാക്കിയെടുത്തു. ഈ മാറ്റങ്ങളൊന്നും അദ്ദേഹം മേലെനിന്ന് ഏകപക്ഷീയമായി അടിച്ചേൽപ്പിച്ചില്ല. അധ്യാപകരെ മുഴുവൻ ബോധ്യപ്പെടുത്തിക്കൊണ്ട് സാവകാശമാണ് ഈ പ്രക്രിയയിലേക്ക് സർവകലാശാല നീങ്ങിയത്. പഴയ ശീലങ്ങളുടെ ഭാരമില്ലാത്ത പുതിയ അധ്യാപകർക്ക് അത് മനസ്സിലാക്കുന്നതിൽ വലിയ പ്രശ്നമുണ്ടായില്ല. അധ്യാപക സംഘടനയിൽ വലിയ സംവാദങ്ങളും തർക്കങ്ങളും നടന്നു. എല്ലാവരുടെയും വാദങ്ങൾ കേട്ട് അവരുമായെല്ലാം സംവദിച്ച് സമയമെടുത്ത് അധ്യാപക സംഘടന തന്നെ പുതിയ മാറ്റങ്ങളിലേക്ക് അധ്യാപക സമൂഹത്തെ നയിച്ചു. സംഘടനയെത്തന്നെ നെടുകെ പിളർക്കാൻ കഴിയുമായിരുന്ന ഒരു സാഹചര്യത്തെ ജനാധിപത്യപരമായ സംവാദങ്ങളിലൂടെ സംഘടന മറികടന്നു. ഏതെങ്കിലും അധ്യാപകർക്ക് ഏതെങ്കിലും വിഷയത്തിൽ ആശങ്കയോ സംശയമോ ഉണ്ടെങ്കിൽ അത് വൈസ് ചാൻസലറോട് നേരിട്ട് പറയാനും പരിഹരിക്കാനും സാധ്യമായി. സർവകലാശാല എന്നത് വിജ്ഞാനവിതരണ കേന്ദ്രങ്ങളെന്നതിനപ്പുറം വിജ്ഞാനോൽപ്പാദന കേന്ദ്രങ്ങളാണ് എന്ന് സ്ഥാപിക്കപ്പെട്ടു. സംസ്കൃതം പോലുള്ള പാരമ്പര്യ വിഷയങ്ങളെ സംബന്ധിച്ച് ഈ വിച്ഛേദം നിർണായകമായിരുന്നു.
എല്ലാ രാഷ്ട്രീയ കക്ഷികളിൽപ്പെട്ട അധ്യാപകരോടും വിദ്യാർഥികളോടും തുല്യനിലയിലാണ് മാഷ് പെരുമാറിയത്. വിജ്ഞാനമേഖലയിലെ രാഷ്ട്രീയത്തെയാണ്, വ്യക്തിപരമായ കക്ഷിരാഷ്ട്രീയ പക്ഷപാതമല്ല സർവകലാശാലാ സംവിധാനത്തിലെ രാഷ്ട്രീയബോധത്തിന്റെ അടിസ്ഥാനമാകേണ്ടത് എന്ന വീക്ഷണം അദ്ദേഹത്തിനുണ്ടായിരുന്നു. കക്ഷിരാഷ്ട്രീയപരമായ ഒരു തരത്തിലുമുള്ള ബാഹ്യസമ്മർദങ്ങൾക്ക് അദ്ദേഹം വഴങ്ങിയതുമില്ല. സർവകലാശാലയിലെ അക്കാദമിക സമൂഹത്തിന് ഏറ്റവുമധികം ആത്മാഭിമാനവും അന്തസ്സും അനുഭവപ്പെട്ടത് അദ്ദേഹം വൈസ് ചാൻസലറായ കാലത്താണ്.
അധ്യാപനത്തെത്തന്നെയാണ് അദ്ദേഹം സർവകലാശാലാ സംവിധാനത്തിന്റെ നട്ടെല്ലായി കണ്ടത്. അധ്യാപകരുടെ സ്ഥാനക്കയറ്റത്തിനും മറ്റും അവരെഴുതിയ പ്രബന്ധങ്ങളുടെ എണ്ണം കണക്കുകൂട്ടുന്ന സമീപനത്തോട് അദ്ദേഹത്തിന് യോജിപ്പുണ്ടായിരുന്നില്ല. ഇന്ത്യയിലെ പ്രശസ്തനായ ഒരു പ്രൊഫസറെ ചൂണ്ടിക്കാണിച്ച് ജീവിതത്തിലൊരിക്കലും ഒരു പ്രബന്ധം പോലും രചിച്ചിട്ടില്ലെങ്കിലും അദ്ദേഹം എങ്ങനെ വലിയ അധ്യാപകനായി എന്ന ഉദാഹരണം വ്യക്തിസംഭാഷണങ്ങളിലും പൊതുചർച്ചകളിലും പണിക്കർ മാഷ് ഉദാഹരിക്കാറുണ്ടായിരുന്നു. ഇതേ സമീപനം തന്നെ കാലടിയിൽ പിന്നീട് പ്രഭാഷണത്തിന് വന്ന പ്രഭാത് പട്നായിക്കും സൂചിപ്പിച്ചിരുന്നു. ആഗോളവൽക്കരത്തിന്റെ കാലത്ത് ചരക്കുവൽക്കരണമായി അധ്യാപനം മാറാതിരിക്കാനുള്ള മുൻകരുതലാകാം ഈ സമീപനത്തിലുണ്ടായിരുന്നത്. അവബോധപരമായ വിനിമയത്തിൽ നേരിട്ടുള്ള അധ്യാപനം വലിയ പങ്ക് വഹിക്കുന്നുണ്ട്. പുതിയ പരിഷ്കരണങ്ങൾ ഇതാണ് ഇല്ലാതാക്കാൻ ശ്രമിക്കുന്നതും.
റൊമില ഥാപ്പർ, കപില വാത്സ്യായനൻ തുടങ്ങി ഇന്ത്യയിലെ പല മേഖലയിലുമുള്ള ഉന്നതരായ അധ്യാപകരും പണ്ഡിതരും ഒരു പരിവേഷവുമില്ലാതെ അക്കാദമിക കാര്യങ്ങളുടെ ഭാഗമായി കാലടി ക്യാമ്പസിലേക്ക് കയറിവന്നത് പണിക്കർ മാഷിന്റെ കാലത്താണ്.
പാഠ്യപദ്ധതിയെ ആധുനികീകരിക്കുന്നതിനെക്കാൾ പ്രധാനമാണ് ക്യാമ്പസ് അന്തരീക്ഷത്തെ ഒരു ആധുനിക സർവകലാശാലയ്ക്ക് അനുരൂപമായി മാറ്റൽ. പാരമ്പര്യ ഗുരുകുലങ്ങളിലും ഗുരുപൂജയിലും മറ്റും ശീലിച്ചുവന്ന അധ്യാപകരുണ്ടായിരുന്നു. അവരുടെ വ്യക്തിപരമായ പ്രശ്നം എന്നതിനപ്പുറം അത്തരം പാരമ്പര്യവിഷയങ്ങൾ പഠിപ്പിക്കുന്ന സ്ഥാപനങ്ങളുടെ ചരിത്രപരമായ പരിമിതിയായിരുന്നു അത്; പഴമയാണ് ശരി എന്ന ധാരണയിൽ നീങ്ങുന്ന സ്ഥാപനങ്ങൾ. വിദ്യാർഥികളുടെ ചോദ്യം ചെയ്യാനുള്ള അവകാശത്തെ മാത്രമല്ല, ജൂനിയറായ അധ്യാപകരുടെ വ്യക്തിത്വത്തെ തന്നെ മാനിക്കാൻ കഴിയാത്ത മട്ടിലുള്ള കീഴ്‌വഴക്കങ്ങളുമായിരുന്നു അവ. ഉണിത്തിരി മാഷിന്റെയും ഡോ. പൗലോസ് മാഷിന്റെയും കാലത്ത് ഇത്തരം ഫ്യൂഡൽ അവശിഷ്ടങ്ങളെ ഇല്ലാതാക്കാനുള്ള ഇടപെടലുകളുടെ തുടക്കമുണ്ടായിരുന്നു. അത് ആധുനികവും ജനാധിപത്യപരവുമായ രീതിയിൽ നിർവഹണഘട്ടത്തിലെത്തുന്നത് പണിക്കരുടെ കാലത്താണ്. ക്യാമ്പസിൽ വിദ്യാർഥികൾക്ക് ഇരുന്നു സംസാരിക്കാവുന്ന മട്ടിൽ ലേഡീസ് ഹോസ്റ്റലിനടുത്ത് തടാകത്തിനു ചുറ്റുമായി സിമന്റ് ബെഞ്ചുകൾ അദ്ദേഹത്തിന്റെ മുൻകയ്യിൽ സ്ഥാപിച്ചു.
കാലടി സർവകലാശാല ക്യാന്പസ്
ലിംഗഭേദമില്ലാതെ കുട്ടികൾക്ക് ചെന്നിരിക്കാവുന്ന ഇടമായിരുന്നു അത്. ലൈബ്രറിയുൾപ്പെടെയുള്ള അക്കാദമിക ഇടങ്ങൾ കുട്ടികൾ സംസാരിച്ചിരിക്കാനുള്ള സ്ഥലമാക്കി മാറ്റുന്നതിനുള്ള പരിഹാരം കൂടിയായിരുന്നു അത്. പാരമ്പര്യ അച്ചടക്കബോധങ്ങളെ ലംഘിക്കുന്ന ഈ തുറസ്സ് അക്കാദമികമായ തുറസ്സിന് അനിവാര്യമായ സമാന്തരമായിരുന്നു.
ആൺകുട്ടികളും പെൺകുട്ടികളുമടങ്ങിയ സർവകലാശാലയിലെ വിദ്യാർഥിസമൂഹത്ത സംബോധന ചെയ്ത് ഒരിക്കൽ അദ്ദേഹം പ്രസംഗിച്ചു. “നിങ്ങൾ കൈകോർത്ത് ഈ ക്യാമ്പസിലൂടെ നടക്കുമ്പോഴാണ് ഇത് ഒരു ആധുനിക സർവകലാശാലയാകുന്നത്.”
ഒരുസന്ദർഭത്തിൽ വൈസ് ചാൻസലറുടെ കസേരയിലിരുന്ന് പണിക്കർ മാഷ് എന്നോടു പറഞ്ഞു. “ഒരു തമാശ പറയാം. ഇന്നലെ എന്നെ ഒരു സീനിയർ അധ്യാപകൻ വിളിച്ചു. അയാൾ ഫോണിലൂടെ അടക്കിപ്പിടിച്ചുകൊണ്ട് എന്നോടു പറഞ്ഞു. ‘ഇന്ന് ക്യാമ്പസിലെ ഒരധ്യാപകനും വിദ്യാർഥിനിയും കൂടി സിനിമയ്ക്കു പോയി. ഇതാണ് ഇവിടെ നടക്കുന്നത്. നടപടി വേണം.’ അതുകേട്ട് എനിക്കു ദേഷ്യം വന്നു. ഞാൻ ചോദിച്ചു. ഹു ദ ഹെൽ ആർ യു?” വിളിച്ചത് ആരാണെന്ന് ഞാൻ ചോദിച്ചില്ല. അദ്ദേഹം പറഞ്ഞുമില്ല. ഞങ്ങൾ ഒരു പുഞ്ചിരി പങ്കിടുക മാത്രം ചെയ്തു.
സംഘടനാ ചുമതലയുള്ള ആദ്യവർഷം അദ്ദേഹവുമായി മിക്കവാറും എല്ലാ ആഴ്ചയും സംസാരിച്ചു. പലപ്പോഴും രാത്രി ഫോണിലും സംസാരിച്ചു. ചില ഘട്ടങ്ങളിൽ അദ്ദേഹം പറഞ്ഞു. “ഇറ്റ് ഈസ് ഡിസ്ഗസ്റ്റിങ്. ഇവിടം വിട്ടുപോയാലോ എന്ന് ഞാൻ ഗൗരവമായി ആലോചിക്കുന്നു.” അദ്ദേഹത്തിന്റെ നീരസം ആരോടെങ്കിലും പങ്കിടാനാണ് അങ്ങനെ പറയുന്നതെന്ന് എനിക്കറിയാമായിരുന്നു. അദ്ദേഹം വന്നതിനുശേഷം സർവകലാശാലയിലുണ്ടായ മാറ്റങ്ങൾ സൂചിപ്പിച്ചും തുടർന്നുമിരിക്കേണ്ട അനിവാര്യത വ്യക്തമാക്കിയും ഞാൻ മറുപടിയും പറഞ്ഞുപോന്നു.
സുഗമമായിരുന്നില്ല അദ്ദേഹത്തിന് കാലടിയിലെ ഉദ്യോഗകാലം. ബിജെപി കേന്ദ്രം ഭരിക്കുന്ന കാലം. അദ്ദേഹം ചുമതലയേൽക്കുന്നതിന് മുമ്പുതന്നെ കേന്ദ്രത്തിൽ വാജ്പേയ് മന്ത്രിസഭ 1999‐ൽ അധികാരമേറ്റിരുന്നു. അദ്ദേഹം ചുമതലയേറ്റ് ഒരു വർഷത്തിനുള്ളിൽതന്നെ എ കെ ആന്റണിയുടെ നേതൃത്വത്തിലുള്ള ഐക്യജനാധിപത്യമുന്നണി മന്ത്രിസഭ കേരളത്തിലും വന്നു. ഈ രണ്ടു സർക്കാറുകളും രണ്ടു തരത്തിലാണെങ്കിലും അദ്ദേഹത്തിന്റെ കാലത്ത് വിഷമങ്ങൾ സൃഷ്ടിച്ചു. ഡൽഹിക്കാലം മുതൽ മതേതര നിലപാടിന്റെ പേരിൽ പണിക്കരോടുള്ള സംഘപരിവാർ വിരോധം കാലടിയിലേക്കുകൂടി പടരുകയായിരുന്നു. കേരളത്തിലെ ഭരണമാറ്റം മുൻനിർത്തി സിൻഡിക്കറ്റിലെ ചില അംഗങ്ങളെ കൂറുമാറ്റിയും സിൻഡിക്കറ്റ് കൂടാനനുവദിക്കാതെ നിശ്ചലമാക്കിയും സർവകലാശാലാ സംവിധാനത്തെതന്നെ അട്ടിമറിക്കാനാണ് അന്നത്തെ കേരള സർക്കാർ ശ്രമിച്ചത്. കേന്ദ്രത്തിൽ മുരളീമനോഹർ ജോഷിയും കേരളത്തിൽ നാലകത്ത് സൂപ്പിയും വിദ്യാഭ്യാസമന്ത്രിമാരായ കാലം. സർക്കാർ സിൻഡിക്കറ്റ് നിശ്ചലമാക്കിയപ്പോൾ സർവകലാശാലാ ആക്ട് പ്രകാരം വൈസ് ചാൻസലർക്കുള്ള അധികാരങ്ങൾ ഉപയോഗിച്ച് അദ്ദേഹം കാര്യങ്ങൾ നടത്തി. അക്കാദമിക് കൗൺസിലിൽ കാര്യങ്ങൾ ചർച്ച ചെയ്യുകയും തീരുമാനമെടുക്കുകയും റിപ്പോർട്ട് ചെയ്യുകയും ചെയ്തു. അദ്ദേഹത്തിന്റെ കാലത്ത് അക്കാദമിക് കൗൺസിലിൽ ഞാനും അംഗമായിരുന്നു. പിന്നീട് മലയാള ഐക്യവേദിയുടെ ജനറൽ സെക്രട്ടറിയും ഇപ്പോൾ കണ്ണൂർ ജില്ലയിലെ ഡെപ്യൂട്ടി കലക്ടറുമായ കെ കെ സുബൈറും വിദ്യാർഥി പ്രതിനിധി എന്ന നിലയിൽ അക്കാദമിക് കൗൺസിലിൽ ഉണ്ടായിരുന്നു. കൗൺസിൽ ഒന്നടങ്കം അദ്ദേഹത്തോടൊപ്പം നിലകൊണ്ടു. ഈ ഘട്ടത്തിലെല്ലാം അധ്യാപക സംഘടന വി സിയോടൊപ്പം നിന്നു പിന്തുണച്ചു. എബി കോശി, കെ എം ഷീബ, ടി വി മധു, സുനിൽ പി ഇളയിടം, മീന ടി പിള്ള, ഷാജി ജേക്കബ് തുടങ്ങി വ്യക്തിബന്ധമുള്ള അധ്യാപകർ നൽകിയ പിന്തുണ സംഘടനാംഗങ്ങൾ എന്ന നിലയിൽ മാത്രമായിരുന്നില്ല. 2003 ആഗസ്തിൽ മാധ്യമം വാരികയിൽ ‘കാലടിയിലെ കർസേവ’ എന്ന പേരിൽ ഞാനും ഷാജി ജേക്കബും ചേർന്ന് സംഘപരിവാർ അദ്ദേഹത്തെ വേട്ടയാടുന്നതിനെതിരെ മുഖലേഖനം പ്രസിദ്ധീകരിച്ചു. സംസ്കൃതത്തെ നവീകരിക്കുന്നതാണ് സംഘപരിവാറിനെ പ്രകോപിപ്പിക്കുന്നത് എന്ന് വിശദീകരിച്ച് സുനിലും എഴുതി. എനിക്കു ശേഷം സംഘടനയുടെ ജനറൽ സെക്രട്ടറിയായി വന്ന സുനിൽ തുടർന്നിങ്ങോളം സംഘടനയെ സംഘപരിവാർ അജൻഡക്കെതിരെ നിലനിർത്തുന്നതിൽ വലിയ പങ്കുവഹിച്ചു. അവിടെ തുടങ്ങിയ പ്രതിരോധമാണ് സുനിൽ പിന്നീട് ക്യാമ്പസിനു പുറത്തേക്കും വ്യാപിപ്പിച്ചത്.
കെ എൻ പണിക്കർ സാംസ്‌കാരിക പ്രവർത്തകരോട് സംവദിക്കുന്നു
വർഗീയത അഴിച്ചുവിട്ട് അതിന്റെ മറവിൽ ആഗോളവൽക്കരണ നയങ്ങൾ എല്ലാ മേഖലയിലും ഇന്ത്യയിൽ നടപ്പിലാക്കുകയായിരുന്നല്ലോ. ഗുജറാത്ത് കലാപഘട്ടത്തിൽ പണിക്കർ മാഷ് അവിടം സന്ദർശിക്കുന്നത് കാലടിയിലെ വൈസ് ചാൻസലറായി ഇരുന്നുകൊണ്ടാണ്. അതിൽ നടന്ന അക്രമങ്ങൾ അദ്ദേഹം വികാരവിക്ഷോഭത്തോടെയാണ് പറഞ്ഞുകൊണ്ടിരുന്നത്.
അക്കാലത്ത് ആഗോളവൽക്കരണത്തിനെതിരെ സംസ്ഥാനതലത്തിൽ ഒരു കൂട്ടായ്മ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി അദ്ദേഹത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച യോഗത്തിൽ ക്യാമ്പസിൽനിന്ന് അദ്ദേഹം എന്നെയും ക്ഷണിച്ചിരുന്നു. വലിയ തുടർപ്രവർത്തനങ്ങൾ നടന്നില്ലെങ്കിലും അത് ബോധവൽക്കരണതലത്തിൽ ചില ചുവടുകൾ വച്ചിരുന്നു.
അദ്ദേഹത്തോടുള്ള സ്നേഹബന്ധവും രാഷ്ട്രീയമായ ഐക്യവും പക്ഷെ സംഘടനാപരമായ അവകാശങ്ങളിൽ ഒത്തുതീർപ്പുണ്ടാക്കുന്നതിലേക്ക് നയിച്ചിരുന്നില്ല. അധ്യാപകരുടെ അവകാശത്തെക്കുറിച്ച് ബോധ്യമുള്ള അദ്ദേഹത്തെ ഉദ്യോഗസ്ഥതലത്തിൽ തെറ്റിദ്ധരിപ്പിക്കാൻ നടന്ന ശ്രമങ്ങളെ അദ്ദേഹം എല്ലായ്‌പ്പോഴും അതിജീവിച്ചിരുന്നു. അക്കാദമിക സമൂഹത്തെക്കാൾ കേരളത്തിലെ പല സർവകലാശാലകളിലും അക്കാദമികേതര താൽപ്പര്യക്കാർക്ക് മുൻകയ്യുണ്ടാകുന്ന സാഹചര്യമുണ്ട്. ഇത് കാലടിയിൽ വേരുപിടിക്കാതിരിക്കാനുള്ള ജാഗ്രത അദ്ദേഹത്തിനുണ്ടായിരുന്നു. അതേസമയം വ്യക്തികളെന്ന നിലയിൽ അധ്യാപകരെയും ജീവനക്കാരെയും തുല്യനിലയിൽ കാണാനും അദ്ദേഹത്തിന് കഴിഞ്ഞു. എന്നാൽ ഒരു സന്ദർഭത്തിൽ സംഘടനാപ്രവർത്തകനെന്ന നിലയിൽ അദ്ദേഹവുമായി ഇടയേണ്ടിവന്നു.
അക്കാലത്ത് അധ്യാപകർക്ക് രണ്ടുമാസത്തെ വാർഷിക അവധി ഉണ്ടായിരുന്നില്ല. ഈ കാര്യത്തെ മുൻനിർത്തി നിവേദനങ്ങൾ അദ്ദേഹത്തിന് കൊടുത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് അദ്ദേഹവും പ്രിൻസിപ്പൽ ഡീനും ഞങ്ങളും തമ്മിൽ നടന്ന ചർച്ചകളിൽ ഉദ്യോഗസ്ഥതലത്തിൽനിന്നു കിട്ടിയ ഒരു കുറിപ്പാണ് അദ്ദേഹം മറുപടിയായി വായിച്ചത്. ഓണം, ക്രിസ്മസ് തുടങ്ങിയ അവധികൾ ചൂണ്ടിക്കാണിച്ചുകൊണ്ട് ഇപ്പോൾ തന്നെ അധ്യാപകർക്ക് വേണ്ടത്ര ഒഴിവുണ്ട് എന്നതായിരുന്നു വാദം. ‘ഇത് ഒരു കമ്പനിയല്ല, അക്കാദമിക സ്ഥാപനമാണ്. കമ്പനി മുതലാളിയെപ്പോലെ മാഷെപ്പോലൊരാൾ സംസാരിക്കരുത്’ എന്ന് സംഘടനാ ജനറൽ സെക്രട്ടറിയെന്ന നിലയിൽ ഞാൻ പറഞ്ഞു. അതോടെ അദ്ദേഹം കുറിപ്പ് മേശക്കുള്ളിലേക്ക് തിരിച്ചുവെച്ചു. തുടർന്നുള്ള ചർച്ചയിൽ അദ്ദേഹം ഞങ്ങളുടെ വാദം അംഗീകരിച്ചു. പണിക്കർ മാഷെപ്പോലുള്ള ഒരാളോട് ഞാൻ അങ്ങനെ സംസാരിച്ചത് സർവകലാശാലയിൽ വലിയ ചർച്ചയായി മാറിയിരുന്നു. പിൽക്കാലത്ത് അധികാരസ്ഥാനത്ത് ആരു വന്നാലും സംഘടനാതാൽപ്പര്യങ്ങളിൽ ഒത്തുതീർപ്പുണ്ടാകാതിരിക്കാൻ അന്നത്തെ ഈ സമീപനം സഹായിക്കുകയാണ് ചെയ്തത്. അധ്യാപകരുടെയും ജീവനക്കാരുടെയും അടിസ്ഥാനപരമായ ആവശ്യങ്ങൾ പലതും നേടിയെടുത്തത് അദ്ദേഹത്തിന്റെ കാലത്താണ്. ഒരു ഘട്ടത്തിൽ സർവകലാശാലയ്ക്കകത്തെ വിഷയങ്ങളുന്നയിച്ച് സമരത്തിനുള്ള നോട്ടീസ് ഞാൻ അദ്ദേഹത്തിന് നൽകി. അന്ന് വൈകുന്നേരം തന്നെ ചർച്ചയ്ക്ക് വിളിച്ച് അദ്ദേഹം പ്രശ്നം പരിഹരിച്ചു.
എ കെ ആന്റണി മുഖ്യമന്ത്രിയായ കാലത്ത് ഒരു മാസം നീണ്ട അധ്യാപകരുടെയും ജീവനക്കാരുടെയും സമരം നടന്നല്ലോ. അന്ന് പണിക്കർ മാഷ്‌ക്ക് സമരനോട്ടീസ് കൊടുത്തുകൊണ്ട് സമരത്തിലേക്ക് മാഷെയും ക്ഷണിക്കുന്നു എന്ന് ഞാൻ പറഞ്ഞു. നോട്ടീസ് വാങ്ങിവെച്ച് അദ്ദേഹം ചിരിക്കുക മാത്രം ചെയ്തു. കാലടിയിലെ സമരം പൂർണമായിരുന്നു. സമരമെല്ലാം കഴിഞ്ഞ് അദ്ദേഹത്തെ കണ്ടപ്പോൾ ‘നിങ്ങളുന്നയിച്ചത് കേവലം ട്രേഡ് യൂണിയൻ പ്രശ്നം മാത്രമാണ്. അക്കാദമിക സമൂഹത്തെ നേരിട്ട് ബാധിക്കുന്ന കാര്യമായിരുന്നില്ല’ എന്ന് അദ്ദേഹം പറഞ്ഞു. സമരരീതിയോടും ചില വിയോജിപ്പ് പറഞ്ഞു. ഞാൻ ഏറെനേരം ഇരുന്ന് ഞങ്ങളുന്നയിച്ച കാര്യങ്ങൾ ഓരോന്നായി വിശദീകരിച്ചു. അതോടെ അദ്ദേഹത്തിന് കാര്യം ബോധ്യപ്പെട്ടു. സർവകലാശാലയിലെ ചില ‘ശുദ്ധ അക്കാദമിക്കുക’ൾ അദ്ദേഹത്തെ തെറ്റിദ്ധരിപ്പിച്ചതാണെന്ന് പിന്നീട് മനസ്സിലായി.
അദ്ദേഹം ഉന്നതവിദ്യാഭ്യാസ കൗൺസിലിന്റെ വൈസ് ചെയർമാനായ കാലത്ത് 2008‐ൽ ബിരുദ പുനഃസംഘടനയുടെ ഭാഗമായി വന്ന നിർദേശങ്ങളിൽ മലയാളമുൾപ്പെടെ രണ്ടാംഭാഷാസാഹിത്യ പഠനത്തിന്റെ സമയം നാലിലൊന്നായി കുറയുന്ന സാഹചര്യമുണ്ടായപ്പോഴും അദ്ദേഹത്തിന്റെ നിലപാടുകളെ വിമർശിക്കേണ്ട സാഹചര്യം വന്നു. സാഹിത്യപഠനം സൗന്ദര്യാത്മക വിദ്യാഭ്യാസമായതുകൊണ്ട് അതിന്റെ സമയം കുറച്ചുകൊണ്ട് നടത്തുന്ന പരിഷ്കരണത്തിൽ ഉപകരണാത്മക യുക്തിയാണ് എന്നെപ്പോലുള്ളവർ കണ്ടത്. സുകുമാർ അഴീക്കോട് ഉൾപ്പെടെ അനേകം പേർ ഒപ്പിട്ട ഒരു ഭീമഹരജി മലയാളവേദിയുടെ മുൻകയ്യിൽ അദ്ദേഹത്തിന് സമർപ്പിച്ചു. ലേഖനരൂപത്തിൽ അത് പൊതുമണ്ഡലത്തിൽ ചർച്ചയായി ഉന്നയിച്ചു. വിമർശനങ്ങളെ എന്നും ഗൗരവബുദ്ധിയോടെ സമീപിച്ചിരുന്ന അദ്ദേഹം ഇക്കാര്യത്തിൽ സർവകലാശാലകൾക്കുള്ള അധികാരത്തിൽ കൈ കടത്തിയില്ല. അതുകൊണ്ടുതന്നെ മലയാള സാഹിത്യപഠനമുൾപ്പെടെയുള്ള ഭാഷാപഠനത്തിന്റെ ഉള്ളടക്കവും സമയവും നിലനിർത്താൻ സാധ്യമായി. ആദ്യകാലത്ത് മലയാളത്തിൽ ചെറുകഥകളെഴുതിയ അദ്ദേഹത്തിന് സാഹിത്യപഠനത്തിന്റെ പ്രാധാന്യം ആരും പഠിപ്പിച്ചുകൊടുക്കേണ്ടിയിരുന്നില്ല. എന്നാൽ അദ്ദേഹത്തിന്റെ ഘട്ടം കഴിഞ്ഞ് 2020‐ലെ കേന്ദ്ര വിദ്യാഭ്യാസ നിയമത്തിന്റെ ചുവടുപിടിച്ച് കേരളത്തിൽ നടന്ന പരിഷ്കരണത്തിൽ മലയാളഭാഷാ സാഹിത്യപഠനത്തിന് വീണ്ടും തിരിച്ചടിയുണ്ടായി. പണിക്കർ മാഷിനുണ്ടായിരുന്ന സാഹിതീയവും സൗന്ദര്യാത്മകവുമായ സംവേദനക്ഷമത പിൽക്കാലത്തുള്ളവർക്കുണ്ടായില്ലെന്നത് ഖേദകരമായ വസ്തുതയായി അവശേഷിക്കുന്നു.
കാലടി സർവകലാശാല ക്യാന്പസിലെ തടാകവും
ചുറ്റുമുള്ള സിമന്റ് ബെഞ്ചുകളും
കലാവിദ്യാഭ്യാസത്തോടുള്ള അദ്ദേഹത്തിന്റെ താൽപ്പര്യം കൊണ്ടു കൂടിയാണ് സംസ്കൃത സർവകലാശാലയിൽ തിയറ്ററും ചിത്രകലയുമുൾപ്പെടെയുള്ള വിഷയങ്ങൾക്ക് എംഎ തലത്തിൽ കോഴ്സുകളുണ്ടായത്. മലയാള നാടകരംഗത്തും സിനിമാരംഗത്തുമുള്ള പല പ്രതിഭകളും രമേശ് വർമയും ഗോപൻ ചിദംബരവും പോലുള്ള അധ്യാപകർ നേതൃത്വം കൊടുത്ത ആ പഠനവകുപ്പിൽനിന്ന് പിന്നീട് പുറത്തിറങ്ങിയത് പണിക്കർമാഷിന്റെ ദീർഘദൃഷ്ടിയുടെ കൂടി ഉദാഹരണമാണ്. ഉഷാ നങ്ങ്യാരും മാർഗി മധുവും പോലുള്ള കലാകാരന്മാർ കൂടി ഉൾച്ചേരുന്ന സർവകലാശാലയിലെ തിയറ്റർ വിഭാഗം പാരമ്പര്യത്തിന്റെയും ആധുനികതയുടെയും സമന്വയത്തിന്റെ നല്ല ഉദാഹരണവുമാണ്.
സംഘടനയോട് ആലോചിക്കാതെ തന്നെ ഒരു കാര്യത്തിൽ എനിക്ക് ഇടപെടേണ്ടി വന്നിരുന്നു. അത് ഫിലോസഫി വിഭാഗത്തിലെ പ്രൊഫസറെ നിയമിക്കുന്ന ഘട്ടത്തിലാണ്. ഡോ. നിസാർ അഹമ്മദിനെയാണ് വൈസ് ചാൻസലറുടെ നേതൃത്വത്തിലുള്ള ബോർഡ് തെരഞ്ഞെടുത്തത് എന്നുള്ള വിവരം ലഭിച്ചു. ഞാൻ വൈസ് ചാൻസലറുടെ ഓഫീസിലേക്ക് ചെന്ന് പണിക്കർ മാഷോട് ഒരു കാര്യം പറഞ്ഞു. ഈ നിയമന ഉത്തരവ് സെക്ഷനിലേക്ക് കൊടുക്കരുത്. അത് ചോർന്നുപോകും. നിയമനത്തിന് കോടതിയുടെ സ്റ്റേ വരും. അതിനാൽ നേരിട്ട് പ്രത്യേക ദൂതൻ വഴി നിസാർ അഹമ്മദിന് നിയമന ഉത്തരവ് എത്തിക്കണം. അദ്ദേഹം ഒന്നാലോചിച്ചു. ശരി എന്നു പറഞ്ഞു. പറഞ്ഞ പ്രകാരം തന്നെ പ്രത്യേക ദൂതൻ വഴി നിസാർ അഹമ്മദിന് പ്രൊഫസറായി ചേരാനുള്ള ഉത്തരവ് കൊടുത്തയച്ചു. തുടർന്ന് വൈകാതെ നിസാർ അഹമ്മദ് ചുമതലയുമേറ്റു. ചുമതലയേറ്റ ശേഷം മാത്രമാണ് സെക്ഷനുകളിൽ വിവരം അറിയുന്നത്.
1997‐ലാണ് കാലടിയിൽ സംസ്കാരപഠന കേന്ദ്രം ആരംഭിക്കുന്നത്. അന്ന് അവിടെ താൽക്കാലിക അധ്യാപകനായിരുന്നു ഞാൻ. പഠനകേന്ദ്രത്തിന്റെ ചുമതല പ്രൊഫ. സ്കറിയ സക്കറിയക്കായിരുന്നു. അദ്ദേഹത്തോടൊപ്പം ഞാനും ആ കേന്ദ്രത്തിന്റെ ഭാഗമായി ചുമതലയിലുണ്ടായിരുന്നു. തിരൂർ കേന്ദ്രത്തിലേക്ക് നിയമനം ഉദ്ദേശിച്ച് ചെന്ന എന്നോട് ഉണിത്തിരി മാഷ് ഇവിടെ സംസ്കാരപഠന കേന്ദ്രം വരുന്നുണ്ട്. അതിൽ പവിത്രൻ വേണം എന്നു നിർബന്ധിച്ചു പറഞ്ഞതുകൊണ്ടാണ് തിരൂരിനു പകരം ഞാൻ കാലടിയിൽ തന്നെ ജോലിയിൽ പ്രവേശിച്ചത്. അന്ന് ആരംഭിച്ച സംസ്കാരപഠനകേന്ദ്രം സർവകലാശാലയെ കേരളത്തിലെ അക്കാദമിക സമൂഹത്തിൽ സ്ഥാപിക്കാൻ കഴിയുന്ന മട്ടിലുള്ള മികച്ച പരിപാടികൾ സംഘടിപ്പിച്ചുകൊണ്ടിരുന്നു. പണിക്കർ മാഷ് വന്ന് കുറച്ചു കഴിഞ്ഞപ്പോൾ അദ്ദേഹം പഠനകേന്ദ്രത്തിന്റെ ചുമതല സ്കറിയാ മാഷിന് പകരം എനിക്കു തന്നുകൊണ്ടുള്ള ഒരുത്തരവ് ഇറക്കി. എന്തുകൊണ്ടാണ് അങ്ങനെ ചെയ്തതെന്ന് മനസ്സിലായില്ല. ഒരു പക്ഷെ സംസ്കാരപഠനത്തിന് മാർക്സിസ്റ്റേതരവും തികച്ചും ഉത്തരാധുനികവുമായ ഒരു തലംകൂടി ഉള്ളതുകൊണ്ട് മാർക്സിസ്റ്റ് നിലപാടില്ലാത്ത സ്കറിയാമാഷിനെക്കാൾ നല്ലത് ഞാനാണെന്ന് അദ്ദേഹം കരുതിയതാകാം. എന്തായാലും ഞാൻ സുനിൽ പി ഇളയിടത്തെയും ഷാജി ജേക്കബിനെയും കൂട്ടി പണിക്കർ മാഷെ കാണാൻ ചെന്നു. സ്കറിയ മാഷിന്റെ നേതൃത്വത്തിൽ ഇത്രയും കാലം അതെങ്ങനെ നല്ല നിലയിൽ നടത്തിക്കൊണ്ടുപോയി എന്നു വിശദീകരിച്ചു. സ്കറിയ മാഷ് തന്നെ ചുമതലയിൽ തുടരട്ടെ, ഞങ്ങളെല്ലാം അദ്ദേഹത്തോടൊപ്പമുണ്ടാകും എന്നു പറഞ്ഞു.
പറഞ്ഞതെല്ലാം അദ്ദേഹം ശ്രദ്ധിച്ചുകേട്ടു. തുടർന്ന് സ്കറിയാ മാഷിനു തന്നെ ചുമതല നൽകിക്കൊണ്ടും ഞങ്ങളുൾപ്പെടുന്ന യുവ അധ്യാപകരെ അതിലെ അംഗങ്ങളാക്കിയും ഉത്തരവിറങ്ങി. സംസ്കാരപഠന കേന്ദ്രം പിന്നീട് വലിയ പരിപാടികളൊന്നും നടത്തിയില്ല. സ്കറിയാ മാഷിന്റെ യാത്രയയപ്പു സമയത്ത് മലയാളവിഭാഗത്തിലെ അധ്യാപകരുടെ ഒത്തൊരുമയുടെയും പരസ്പര ബഹുമാനത്തിന്റെയും ഉദാഹരണമായി ഈ സംഭവം പണിക്കർ മാഷ് തന്നെ എടുത്തുപറഞ്ഞു.
സംസ്കാരപഠനത്തിന്റെ കാഴ്ചപ്പാടുകൂടി ഉൾക്കൊള്ളുന്ന മട്ടിൽ ബുധസംഗമം എന്ന പേരിൽ സർവകലാശാലയിൽ എല്ലാ ബുധനാഴ്ചകളിലും വൈകിട്ട് കൂടുന്ന ഒരു അനൗപചാരികമായ ചർച്ചായോഗമുണ്ടായിരുന്നു; ഉണിത്തിരി മാഷും പൗലോസ് മാഷും ഉള്ള കാലംമുതൽ തുടർന്നുപോന്നത്. അത് പിൽക്കാലത്തും തുടർന്നു. അതിൽ പണിക്കർ മാഷും വന്നിരിക്കാൻ തുടങ്ങി. പല സെമിനാറുകളിലും സാധാരണ സദസ്യനായി വൈസ് ചാൻസലർ വന്നിരിക്കാറുണ്ടായിരുന്നു. ചിലപ്പോൾ അധ്യാപനം മിസ്സ് ചെയ്യുന്നതായി അദ്ദേഹം പറയാറുമുണ്ട്.
ഉത്തരാധുനികമായ ചില പാരായണരീതികൾ അദ്ദേഹം സ്വീകരിച്ചിരുന്നെങ്കിലും ചരിത്രരചനാരീതിയിൽ ആ നിലയിൽ വന്ന മാറ്റങ്ങളോട് അദ്ദേഹത്തിന് ഒരു പരിധിക്കപ്പുറം യോജിപ്പുണ്ടായിരുന്നില്ല. വസ്തുനിഷ്ഠതയെയും രേഖകളെയും പ്രമാണമാക്കുന്ന, സമഗ്രതയ്ക്ക് ഊന്നലുള്ള പഴയ ചരിത്രരചനാരീതിയെ സംഭാഷണങ്ങളിൽ അദ്ദേഹം ഉയർത്തിപ്പിടിച്ചു. മാർക്സിയൻ ചരിത്രരചനാരീതിക്കു പകരം സ്വത്വവാദപരമായ സമീപനങ്ങൾ വരുന്നതിനെയും വിമർശനാത്മകമായാണ് അദ്ദേഹം നോക്കിക്കണ്ടത്. അതേസമയം രാഷ്‌ട്രീയ ചരിത്രത്തിൽനിന്ന് സാമൂഹ്യചരിത്രത്തിലേക്കുള്ള രചനാരീതിയിലെ മാറ്റത്തിന്റെ പ്രതിനിധിയായിരുന്നു പണിക്കർമാഷ്. അന്റോണിയോ ഗ്രാംഷിയിലേക്ക് വികസിക്കുന്ന മാർക്സിയൻ സംസ്കാരപഠനരീതിയോടായിരുന്നു അദ്ദേഹത്തിന് ആഭിമുഖ്യം. മലബാർ കലാപപഠനം മുതലിങ്ങോളം ആ സമീപനം കാണാം.
കെ എൻ പണിക്കർ കാലടി സർവകലാശാല
വൈസ് ചാൻസലറായിരുന്നപ്പോൾ
ഒരിക്കൽ വടകരവച്ച് ‘പ്രദേശം, രാഷ്ട്രം, ലോകം’ എന്ന പേരിൽ ഒരു സെമിനാർ ഉദ്ഘാടനം ചെയ്യാൻ ഞാൻ അദ്ദേഹത്തെ ക്ഷണിച്ചു. സെമിനാറിന്റെ സങ്കൽപ്പനത്തെക്കുറിച്ച് ഒരു കുറിപ്പ് നൽകാൻ അദ്ദേഹം പറഞ്ഞു. ഞാൻ വിശദമായ ഒരു കുറിപ്പുതന്നെ അദ്ദേഹത്തിന് കൊടുത്തു. ആ സെമിനാറിൽ അദ്ദേഹം നടത്തിയ പ്രസംഗം പ്രാദേശിക ചരിത്രരചനയെ സംബന്ധിച്ച ആധികാരികമായ രേഖകളിലൊന്നായി മാറി. ആ പ്രഭാഷണം തന്നെ നേരെ ടെക്സ്റ്റാക്കി പകർത്തിയെഴുതിയപ്പോൾ കാര്യമായ മാറ്റമൊന്നും വരുത്തേണ്ടിയും വന്നില്ല. പ്രദേശം, രാഷ്ട്രം, ലോകം‐ കടത്തനാടിന്റെ സാഹിത്യചരിത്രം എന്ന പേരിലുള്ള പുസ്തകത്തിലെ ആമുഖലേഖനമായി അത് മാറി. പിന്നീട് അദ്ദേഹം അത് ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്ത് പോണ്ടിച്ചേരിയിലെ ഒരു സെമിനാറിൽ അവതരിപ്പിച്ചതായി എന്നോടു പറഞ്ഞു.
ആ ലേഖനം അവസാനിക്കുന്നത് ഇങ്ങനെയാണ്: “നാമെപ്പോഴും ജനകീയ സംസ്കാരമെന്താണ് എന്നതിനെക്കുറിച്ച് ചർച്ച ചെയ്യാറുണ്ട്. ലെനിൻ ഒരു ചെറിയ ലേഖനമെഴുതിയിട്ടുണ്ട്. ‘പ്രോലിറ്റേറിയൻ കൾച്ചർ’ എന്നാണതിന്റെ തലവാചകം. തൊഴിലാളിചരിത്രം എങ്ങനെ സൃഷ്ടിക്കാമെന്നതിനെക്കുറിച്ചുള്ള ചിന്തയാണ് ആ ചെറിയ ലേഖനത്തിലുള്ളത്. തൊഴിലാളിചരിത്രം എന്നതിനെ ജനകീയ ചരിത്രം എന്ന നിലയിൽ കണ്ട് ചർച്ച ചെയ്യുകയാണ് അദ്ദേഹം. അതിൽ പറയുന്ന വളരെ പ്രധാനപ്പെട്ട ഒരു കാര്യമുണ്ട്. ഇത് പിന്നീട് അന്റോണിയോ ഗ്രാംഷി വിപുലമായി പറഞ്ഞ ഒരു കാര്യവുമാണ്. ലെനിൻ ആ ലേഖനത്തിൽ പറഞ്ഞത്, ജനകീയചരിത്ര ‐ ജനകീയസംസ്കാര രൂപീകരണത്തിൽ, തൊഴിലാളിവർഗ രൂപീകരണത്തിൽ അതിനു മുമ്പ് ബൂർഷ്വാസമുദായത്തിൽ ഉണ്ടായിരുന്ന ഗുണാത്മകമായ, പുരോഗമനാത്മകമായ എല്ലാ സാംസ്കാരിക ധാരകളെയും ഉൾക്കൊള്ളേണ്ടിയിരിക്കുന്നു എന്നാണ്. ഒരുപക്ഷെ ഒരു കാലഘട്ടത്തിൽ ചൂഷകവർഗവും വരേണ്യവർഗവുംകൂടി സൃഷ്ടിച്ചെടുത്തതാണ് എങ്കിൽക്കൂടി അത് ഒരു സമൂഹത്തിന്റെ പൈതൃകമാണ്. അതിന്റെ സ്വഭാവം സ്വാഭാവികമായും പത്തോ പന്ത്രണ്ടോ നൂറ്റാണ്ടുകൾ കൊണ്ട് മാറിയിരിക്കുകയും ചെയ്യും. എങ്കിലും അതിനെ തിരസ്കരിച്ചുകൂടാ. അതിനെ നമ്മുടെ സാംസ്കാരികാവബോധത്തിന്റെ ഭാഗമായി, പൈതൃകത്തിന്റെ ഭാഗമായി ഗണിക്കേണ്ടതുണ്ട്. അതുകൊണ്ട് ഒരു ജനകീയസംസ്കാരം സൃഷ്ടിക്കുമ്പോൾ സ്വാഭാവികമായും ഈ സാമൂഹ്യ സാംസ്കാരിക പൈതൃകത്തെക്കൂടി നാം ഉൾക്കൊള്ളേണ്ടിയിരിക്കുന്നു.”
പണിക്കർ മാഷിന്റെ കാലത്ത് സിൻഡിക്കേറ്റ് അംഗമായ പിരപ്പൻകോട് മുരളി ഗ്രന്ഥാലോകത്തിന്റെ പത്രാധിപർ കൂടിയായിരുന്നു. ഒരു ദിവസം എന്നെക്കണ്ടപ്പോൾ അദ്ദേഹം പറഞ്ഞു. ‘ഗ്രന്ഥാലോകത്തിനു വേണ്ടി പണിക്കർ മാഷുടെ അഭിമുഖം വേണം; വ്യക്തിയെന്ന നിലയിൽ അദ്ദേഹത്തെ പരിചയപ്പെടുത്തുന്ന തരത്തിലുള്ളത്. അത് നിങ്ങൾ ചെയ്യണമെന്നാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്.’ ഞാൻ ഏറ്റു. ഒരുദിവസം ഉച്ചയ്ക്കുശേഷം ആലുവയിൽ പണിക്കർ മാഷിന്റെ വീട്ടിൽ ടേപ്പ് റെക്കാർഡറുമായി ഞാൻ എത്തി. ബർമുഡയും ടീഷർട്ടുമിട്ട് അദ്ദേഹം എന്നെ കാത്തിരിക്കുന്നുണ്ടായിരുന്നു. മൂന്ന് മണിക്കൂറിലേറെ സംസാരിച്ചു. വ്യക്തികാര്യങ്ങൾ മാത്രമല്ല, അദ്ദേഹത്തിന്റെ കാഴ്ചപ്പാടിൽ വന്ന ക്രമികമായ മാറ്റം, ഇന്ത്യൻ ചരിത്രവിജ്ഞാനീയത്തിലെ പരിണാമങ്ങൾ, സർവകലാശാലാ ജീവിതം തുടങ്ങി അനേകം കാര്യങ്ങൾ അതിലുണ്ടായിരുന്നു. ‘ചരിത്രകാരൻ സ്വയം സൃഷ്ടിക്കുന്നു’ എന്ന പേരിൽ അത് അച്ചടിച്ചു വന്നപ്പോൾ പലരും എന്നെ വിളിച്ചു. പണിക്കർ മാഷെയും പലരും അത് വായിച്ച് വിളിച്ചിരുന്നു. “വാസ്തവത്തിൽ അതിനെപ്പറ്റി പറയാത്ത ആളുകളില്ല” എന്ന് അദ്ദേഹം പിന്നീട് എന്നോടു പറഞ്ഞു. അഭിമുഖത്തിൽ അവസാനമായി ഞാൻ ചോദിച്ചത് ഇതായിരുന്നു. ‘‘ലോകത്തിൽ എവിടെയിരുന്നാലാണ് മാഷ്ക്ക് ഏറ്റവും സർഗാത്മകമായി തോന്നുന്നത്?’’ അദ്ദേഹത്തിന്റെ മറുപടി ഇതായിരുന്നു. “Anywhere in the world. ലോകത്തിൽ എവിടെയിരുന്നാലും എനിക്കതനുഭവപ്പെടുന്നു.” അദ്ദേഹം ശരിക്കും കോസ്മോ പോളിറ്റൻ എന്നു വിളിക്കാവുന്ന ഒരാളായിരുന്നു.
വ്യക്തി എന്ന നിലയിൽ അദ്ദേഹം ഏറ്റവും വിലമതിച്ചത് ജവഹർലാൽ നെഹ്റുവിനെയായിരുന്നു. നെഹ്റുവിനെ ആദ്യമായി കണ്ട അനുഭവം അദ്ദേഹം ഇങ്ങനെ വിവരിച്ചു. “ദേശീയതയെയും പുരോഗമന വീക്ഷണത്തെയും നെഹ്റു പ്രതിനിധീകരിച്ചു എന്ന ഒരു കാഴ്ചപ്പാട് എനിക്കുണ്ടായിരുന്നു. നെഹ്റുവിനോട് ചെറുപ്പത്തിലേ വലിയ ആരാധനയായിരുന്നു. നെഹ്റുവിനെ ആദ്യം കണ്ട അനുഭവം വളരെ പ്രധാനമായിരുന്നു. അത്തരമൊരനുഭവം അതിനു മുമ്പോ പിമ്പോ ഉണ്ടായിട്ടില്ല. ഞാൻ വിക്റ്റോറിയാ കോളേജിൽ പഠിക്കുന്ന സമയത്ത് മലമ്പുഴ ഡാം ഉദ്ഘാടനം ചെയ്യാൻ നെഹ്റു വന്നു. അവിടെ വിദ്യാർഥികൾ മാലയും മറ്റുമായി സ്വീകരിക്കാൻ നിന്നിരുന്നു. പൊലീസുകാർ അത് സമ്മതിച്ചില്ല. നെഹ്റുവിന്റെ കാർ ഞങ്ങളെ കടന്നുപോയി. ഞങ്ങൾക്ക് നിരാശയായി. പക്ഷെ അടുത്ത സ്റ്റോപ്പിൽ കാർ നിർത്തി. അവിടെ ഞങ്ങൾ അദ്ദേഹത്തെ മാല കൊടുത്ത് സ്വീകരിച്ചു. അത് ത്രില്ലിങ് ആയ അനുഭവമായിരുന്നു.”
സർവകലാശാലകളെ രാഷ്ട്ര നിർമാണത്തിന്റെ അടിസ്ഥാനശിലയായി കണ്ടിരുന്നയാളായിരുന്നല്ലോ നെഹ്റു. നെഹ്റുവിയൻ മതേതര മൂല്യങ്ങൾ എക്കാലത്തേക്കാളും വെല്ലുവിളിക്കപ്പെടുന്ന കാലത്തെ ഇന്ത്യയിലാണ് നാം ഇപ്പോൾ ജീവിക്കുന്നത്. മതേതരത്വത്തിന്റെ തന്നെ അടിസ്ഥാനത്തെ തകർക്കണമെങ്കിൽ സർവകലാശാലകളെ തകർക്കണമെന്ന് ഇന്ന് ഹിന്ദുത്വത്തിനറിയാം. പണിക്കരെ പോലൊരാൾ സംസ്കൃത സർവകലാശാലയുടെ ചുമതലയിൽ വന്നതിനെ അതുകൊണ്ടുതന്നെയാണ് അവർ ഭയത്തോടെ കണ്ടത്, അദ്ദേഹത്തിനെതിരെ ആക്രമണം അഴിച്ചുവിട്ടത്. യുജിസി സംസ്കൃത സർവകലാശാലയ്ക്ക് 12‐ബി അംഗീകാരം അന്ന് നൽകാൻ വൈകുന്നതിന്റെ കാരണങ്ങളിലൊന്ന് പണിക്കർ അവിടെ വൈസ് ചാൻസലറായി ഇരിക്കുന്നതാണ് എന്നുവരെ പി പരമേശ്വരൻ മാതൃഭൂമി ദിനപത്രത്തിൽ എഴുതിവിട്ടിരുന്നു. അക്കാലത്താണ് അവിടത്തെ അധ്യാപകരായ ഞങ്ങൾക്ക് അദ്ദേഹത്തെ പിന്തുണച്ച് പൊതുമാധ്യമങ്ങളിൽ എഴുതേണ്ടി വന്നത്.
ഇപ്പോൾ അന്നത്തെ സമരം സർവകലാശാലയിൽ പുതിയ ദിശയിലേക്ക് പരിണമിച്ചുകൊണ്ടിരിക്കുകയാണ്. “കാലടി സംസ്കൃത സർവകലാശാല മാത്രമാണ് സംഘപരിവാറിന്റെ ബാലികേറാമല. പിടിച്ചെടുത്താൽ ആസ്ഥാനം കാലടിയാണെന്നതുൾപ്പെടെയുള്ള നിരവധി കാരണങ്ങൾകൊണ്ട് തങ്ങളുടെ ശക്തികേന്ദ്രമാക്കാൻ സംഘപരിവാറിന് ഏറ്റവും വേഗം കഴിയുന്ന കേരളത്തിലെ അക്കാദമിക കേന്ദ്രവുമാണ് ഈ സ്ഥാപനം. സർവകലാശാലാ വൈസ് ചാൻസലർ ഡോ. കെ എൻ പണിക്കരാണ് ഇതിനുള്ള മുഖ്യതടസ്സമായി ഇപ്പോൾ അവർ കാണുന്നത്.” ഞങ്ങൾ ‘കാലടിയിലെ കർസേവ’ എന്ന ലേഖനത്തിൽ ഇതെഴുതിയിട്ട് രണ്ടു വ്യാഴവട്ടമായി. ഇപ്പോൾ ആ ശ്രമത്തിൽ അവർ ഭാഗികമായി വിജയം നേടിയിരിക്കുന്നു. ഇതിനെ തടഞ്ഞുനിർത്താൻ സർവകലാശാലയ്ക്കകത്തെ അക്കാദമിക സമൂഹത്തിന് കെ എൻ പണിക്കരുടെ ഓർമപോലെ ഉജ്വലമായി മറ്റൊന്നില്ല .









0 comments