ad
Deshabhimani

അഭിമുഖം

ഞാൻ ലീലാവതി‐ 2

ഫോട്ടോ: വി കെ അഭിജിത്‌
avatar
എം ലീലാവതി/എൻ ഇ സുധീർ

Published on Sep 29, 2025, 10:59 AM | 11 min read



എൻ ഇ സുധീർ: അങ്ങനെ വരുമ്പോൾ എന്താണ് സാഹിത്യം?

എം ലീലാവതി: സാഹിത്യം, മനുഷ്യന് മനുഷ്യനാകാനുള്ള പല യജ്ഞങ്ങളിലൊന്നാണ്. കവിത പ്രത്യേകിച്ചും. മനുഷ്യന്റെ മനുഷ്യത്വത്തെ അനാവരണം ചെയ്യാൻ, അല്ലെങ്കിൽ മനുഷ്യത്വത്തിലേക്കുള്ള മനുഷ്യന്റെ പോരായ്മകളെ ഇല്ലായ്മ ചെയ്യാൻ ഉള്ള ശ്രമം. ഏതു കാലഘട്ടത്തിലെ കഥയെടുത്താലും ശരി, ഒരു നല്ല മനുഷ്യനാര്‌ എന്ന ചിന്ത ഏതൊരു കവിക്കുമുണ്ട്‌. കാളിദാസന്റെ സ്വന്തം കാലഘട്ടത്തിലെ വിഷയങ്ങളല്ല കവി കവിതയിൽ എടുത്തത്, മഹാഭാരതത്തിൽനിന്നാണ്. പക്ഷേ, ദുഷ്യന്തനെ നല്ല മനുഷ്യനാക്കാൻ വേണ്ട മാറ്റം വരുത്തിയത് എന്തുകൊണ്ടാണ്? ദുഷ്യന്തൻ കാട്ടിൽ കിടക്കുന്ന പെൺകുട്ടിയെ വഞ്ചിച്ചു എന്നു പറയുകയാണെങ്കിൽ അത് ഏതു മഹാരാജാവാണെങ്കിലും ശരി മൂല്യബോധത്തിനാകെയുള്ള തകർച്ചയാണ്. ധർമനിഷ്ഠയുള്ള ഒരാൾക്കത് ചേരില്ല. അക്കാലത്ത് ധീരന്മാരായിട്ടുള്ള നാല്‌ വകുപ്പുകളിൽ (ധീരോദാത്തൻ, ധീരശാന്തൻ, ധീരോദ്ധതൻ, ധീരലളിതൻ എന്നിങ്ങനെ), ധീരോദാത്തനായ ഒരു നായകനാക്കി ദുഷ്യന്തനെ അവതരിപ്പിക്കുമ്പോൾ ഒരു പെൺകുട്ടിയെ വഞ്ചിച്ചു എന്ന ഇമേജ് ചേരില്ല. അതിനൊരു മാറ്റം വരുത്തണം. അങ്ങനെ ദുഷ്യന്തൻ വഞ്ചിച്ചതല്ല, അത് അങ്ങനെ വന്നുഭവിച്ചു. എന്തുകൊണ്ടാണെന്നുവച്ചാൽ, അദ്ദേഹം അറിയാതെ ഒരു ശാപം അദ്ദേഹത്തിൽ വന്നുവീണു. അതാണ് ‘വെള്ളയടിച്ചു' എന്ന് മുണ്ടശ്ശേരി പറയുന്നത്. ‘വെള്ളയടിച്ചു' എന്നൊരു പദം പ്രയോഗിക്കുമ്പോൾ അതിന് വേറൊരു ഇംപ്ലിക്കേഷൻ വരും. എന്നാലും, സത്യാവസ്ഥ അതാണ്. മാറ്റംവരുത്തി, നന്മയിലേക്കുള്ള മാറ്റം. ദുഷ്യന്തനെ ഒരു നല്ല മനുഷ്യനാക്കണം. ദുഷ്യന്തൻ ധീരനായൊരു ചക്രവർത്തി മാത്രമാണോ അതോ, ധീരനും നല്ലവനുമായ ഒരു മനുഷ്യൻകൂടിയാണോ? ധീരനും നല്ലവനുമായ ഒരു മനുഷ്യനാണ് ദുഷ്യന്തൻ എന്ന് വരുത്തിത്തീർക്കാൻ കാളിദാസൻ ബോധപൂർവമായിട്ടുള്ള ശ്രമം നടത്തിയതാണ് ദുർവാസാവിന്റെ ശാപം. ഏതു കാലഘട്ടത്തിലെ കവിയായാലും ശരി‐ മനുഷ്യത്വത്തിന്റെ ഉത്കർഷത്തെ കേന്ദ്രമാക്കി എഴുതണം എന്ന അവബോധം പ്രസക്തമാണ്്.

എം ലീലാവതി തറവാടിന്റെ മുറ്റത്ത്‌  ഫോട്ടോ: കെ ആർ വിനയൻ എം ലീലാവതി തറവാടിന്റെ മുറ്റത്ത്‌ ഫോട്ടോ: കെ ആർ വിനയൻ

? സാഹിത്യത്തിൽ നമുക്ക് അറിഞ്ഞുകൂടാത്ത കാലത്തിലുള്ള സാഹിത്യത്തെക്കുറിച്ചുകൂടിയാണ് നമ്മൾ പരാമർശിക്കുന്നത്. കാളിദാസൻ എവിടെയോ നിൽക്കുന്നു. രാമായണം ഉണ്ട്‌, മഹാഭാരതം ഉണ്ട്‌, ഇതിഹാസങ്ങളൊക്കെയുണ്ട്‌. അപ്പോൾ സാഹിത്യത്തിന് ഒരു സാർവലൗകികസ്വഭാവം ഉെണ്ടങ്കിലും നമുക്ക്‌ ഭാരതീയമായൊരു കാഴ്ചപ്പാടുണ്ട്‌. ആ ഭാരതീയ കാഴ്ചപ്പാട് നിരൂപണത്തിലുണ്ട്‌, സർഗാത്മകതയെക്കുറിച്ചുണ്ട്‌. അതിനെക്കുറിച്ച് ചെറിയ രീതിയിലൊന്നു പറയാമോ. എന്താണ് ഭാരതീയ സാഹിത്യ സങ്കൽപ്പം.

= മൂല്യസങ്കൽപ്പമെന്നു പറഞ്ഞാൽ, മാനുഷികമൂല്യം ലോകത്തെല്ലായിടത്തും ഒരുപോലെയാണ്. ധർമസങ്കൽപ്പത്തെ സംബന്ധിച്ച് എല്ലാ മനുഷ്യർക്കും സാർവലൗകികമായി ഒരു അവബോധമുണ്ട്‌. പക്ഷേ, ഭാരതീയർക്ക് ഉള്ള ഒരു പ്രത്യേകത, ഈ വൈദികകാലം മുതൽക്കുള്ളത് സാഹിത്യം തന്നെയാണല്ലോ, വൈദികകാലമുണ്ട്‌, ഉപനിഷദ്കാലമുണ്ട്‌, ബുദ്ധമതകാലമുണ്ട്‌, ഇതിഹാസകാലമുണ്ട്‌, ആ ഓരോ കാലഘട്ടത്തിലും ഗ്രന്ഥകർത്താക്കൾ അല്ലെങ്കിൽ ഋഷിമാർ ജീവിതം അവതരിപ്പിക്കുന്ന രീതിയിൽ അവർ എപ്പോഴും ധർമമെന്ത്, സത്യമെന്ത്, എന്നൊക്കെ അന്വേഷിച്ചിട്ടുണ്ട്‌.

സത്യം ശിവം സുന്ദരം എന്നുള്ള സങ്കൽപ്പമുണ്ടല്ലോ, മൂന്നിനെയും കൂട്ടിച്ചേർത്തിട്ടുള്ള സങ്കൽപ്പം. അത് ഭാരതീയം മാത്രമാണ്. സത്യം ശിവം സുന്ദരം എന്നത് ഒരു മുദ്രാവാക്യംപോലെയുള്ള സങ്കൽപ്പം. പാശ്ചാത്യരാജ്യങ്ങളിലെല്ലാം ഇതിനെപ്പറ്റിയുള്ള ചിന്തയുെണ്ടങ്കിലും ഇങ്ങനെ ഇതിനെ കോ ഓർഡിനേറ്റ് ചെയ്തിട്ടുള്ള സമീപനമില്ല. ‘കേവലത' എന്നൊന്നില്ലെങ്കിൽ ഇങ്ങനെ ഒരു സങ്കൽപ്പം ഉണ്ടാവില്ല. സത്യത്തിലൊരു കേവലതയുണ്ട്‌, സൗന്ദര്യത്തിലൊരു കേവലതയുണ്ട്‌, ശിവം മംഗളം അതിനൊരു കേവലതയുണ്ട്‌. അപ്പോ എന്താണ് കേവലമംഗളം, എന്താണ് കേവലസത്യം, എന്താണ് കേവലസൗന്ദര്യം? ഇങ്ങനെയുള്ളൊരു സങ്കൽപ്പം ഇന്ത്യയിൽ അനാദികാലമെന്നുതന്നെ പറയാം, അന്നുമുതൽക്കേ ഈ ചിന്ത വളർന്നിട്ടുണ്ട്‌. ഒരു വേദമന്ത്രം. ‘ആനോ ഭദ്രാഃ ക്രതവോ യന്ദു വിശ്വതഃ’ എന്ന മന്ത്രത്തിൽ ഈ വിശ്വത്തിന്റെ എല്ലാ മൂലകളിൽനിന്നും ക്രതുക്കൾ (ചിന്തകളെന്നും യജ്ഞങ്ങളെന്നും അതിനർഥമുണ്ട്‌) ഇങ്ങോട്ട് വരട്ടെ എന്നാണ്. ഇതൊരു വിശാലവീക്ഷണമാണ്. നമ്മുടേത് മാത്രം ശരി എന്നുള്ള ഒരു സമീപനം ഇല്ല. ലോകത്തുള്ള എല്ലാ ചിന്തകളും ഇങ്ങോട്ടു വരട്ടെ. അത് ആശംസിക്കുക മാത്രമല്ലല്ലോ. ഇന്ത്യയിലേക്ക് മറ്റു രാജ്യങ്ങളിൽനിന്നും റോമൻ സംസ്കാരം, സെമിറ്റിക് സംസ്കാരം ഒക്കെ കടന്നുവന്നിട്ടുണ്ട്‌. ഇങ്ങനെ കടന്നുവന്നു എന്നുമാത്രമല്ല ഇവയെയെല്ലാം ഉൾക്കൊള്ളുന്നുമുണ്ട്‌. അപ്പോൾ ആ Plurality‐ ആ ബഹുസ്വരത‐ നമ്മുടെ സംസ്കാരത്തിന്റെ ഒരു ഊർജമാണ്. ഏറ്റവും പ്രധാനപ്പെട്ട ഊർജം. ഇന്ന് തകർത്തുകൊണ്ടിരിക്കുന്നത് ആ ഊർജത്തിനെയാണ്. ഈ ബഹുസ്വരത എന്നുള്ളത് അടുത്തകാലത്ത് ഉണ്ടായിട്ടുള്ള ഒരു ആശയമല്ല. എന്തുകൊണ്ട്‌ ഇന്ത്യയെ ആക്രമിക്കാൻ വന്നവരെക്കൂടി ഉൾക്കൊള്ളാൻ നമുക്കു കഴിഞ്ഞു? അത് വൈദികകാലത്തുണ്ടായ ഈ വിശാലവീക്ഷണം കൊണ്ടാണ്. ഭാരതീയ സംസ്കാരത്തിന് അങ്ങനെയൊരു അടിത്തറയുണ്ട്‌. അതുകൊണ്ട്‌ ആക്രമിച്ച ശത്രുക്കളുടെയും മതത്തിനെ വിദ്വേഷിച്ചിട്ടില്ല. ഇസ്ലാം മതത്തിന്റെ തത്വം ഉൾക്കൊണ്ടും ക്രിസ്തുമതത്തിന്റെ തത്വം ഉൾക്കൊണ്ടുമാണ് ക്രിസ്ത്യാനികളും മുസ്ലിങ്ങളും ഇവിടെ ജീവിച്ചുപോന്നത്. അതേ സമയം ഇന്ത്യയിലുള്ള പല നാട്ടുരാജാക്കന്മാരുമായി ഇവരൊക്കെ യുദ്ധം ചെയ്തവരാണ്.

ഫോട്ടോ: വി കെ അഭിജിത്‌ഫോട്ടോ: വി കെ അഭിജിത്‌

? അത് അധികാരത്തിന്റെ പ്രശ്നം...

= അതേ, അധികാരത്തിന്റെ പ്രശ്നം. പക്ഷേ, അവരുടെ മതത്തിന്റെ അന്തഃസാരത്തെ നമ്മൾ ബഹുമാനിച്ചു. ഇന്ത്യയിൽ ഇത് ഒരു സവിശേഷമായ സമീപനരീതിയാണ്. വ്യക്തികൾ, അല്ലെങ്കിൽ സമൂഹങ്ങൾ, അല്ലെങ്കിൽ അധികാരസ്ഥാനം കൈയാളുന്ന ആളുകൾ അവരോടൊക്കെ നമുക്ക് വിദ്വേഷം ഉണ്ടായാലും അവർ ഏതുതരത്തിലുള്ള സംസ്കാരത്തെ പ്രതിനിധാനം ചെയ്യുന്നുവോ അതിലെ നല്ല അംശങ്ങൾ ഉൾക്കൊള്ളാൻ ഇന്ത്യക്കാർക്ക് ഒരു വിശാലമനസ്സുണ്ട്‌. ബ്രാഹ്മണിസത്തിന്റെ കാലത്ത്, ബ്രാഹ്മണർക്കുപോലും അതിനുള്ള മനഃസ്ഥിതി ഉണ്ടായിരുന്നു. ‘ശൂദ്രം അക്ഷരസംയുക്തം ദുരതഃ പരിവർജയേത്’ (അക്ഷരജ്ഞാനമുള്ള ശൂദ്രനെ അകറ്റിനിർത്തുക/ പൊറുപ്പിക്കരുത്.) എന്ന പ്രമാണമൊക്കെയുെണ്ടങ്കിലും ‘ജന്മനാ ജായതേ ശൂദ്രഃ കർമണാ ജായതേ ദ്വിജഃ’ (ജനിക്കുമ്പോൾ എല്ലാവരും ശൂദ്രർ തന്നെ. കർമം കൊണ്ടാണ് ബ്രാഹ്മണനാകുന്നത്.) എന്നുണ്ട്‌. ഇടക്കാലത്തുണ്ടായിട്ടുള്ള ചില സങ്കുചിതബുദ്ധികളുടെ ചിന്തകളാണ് ആദ്യത്തേത്. അത് പൊതുവേയുള്ളതല്ല. പൊതുവേ എല്ലാവരേയും അംഗീകരിക്കുന്ന ഒരു സമീപനരീതിയാണ്. അല്ലെങ്കിൽ ഇങ്ങനെ ഉണ്ടാവില്ല. അത് ശാസ്ത്രത്തിലായാലും ശരി, സെമിറ്റിക്കിലായാലും. ഗ്രീസിൽനിന്നുമൊക്കെ വന്ന ശാസ്ത്രീയ സത്യങ്ങളെ ഉൾക്കൊള്ളുന്നതുപോലെ മൂല്യപരമായ സത്യങ്ങളേയും ഉൾക്കൊള്ളാൻ ഭാരതത്തിന് കഴിഞ്ഞു. ‘ലോകാഃ സമസ്താഃ സുഖിനോ ഭവന്തു’ എന്ന് വെറുതെ പറഞ്ഞതല്ല. അത് ഭാരതീയരുടെ സംസ്കാരത്തിന്റെ അന്തഃസാരമാണ്. വസുധൈവകുടുംബകം എന്ന വിശാല വീക്ഷണം ഭാരതീയസംസ്കാരത്തിൽ വേരൂന്നിയിട്ടുണ്ട്‌.


? ഇന്ന് അതൊക്കെ വളരെ ചുരുങ്ങി. നമ്മുടെ ഇടയിൽ ഈ ബഹുസ്വരതയ്ക്ക് തടസ്സമുണ്ടാക്കുകയും നമ്മെ വേർതിരിക്കുകയും ചെയ്യുന്നൊരവസ്ഥയിലേക്കു വന്നിട്ടുണ്ട്‌. നമ്മുടെ ഇതിഹാസങ്ങളെയും പുരാണങ്ങളെയുമൊക്കെ ഒരു സാഹിത്യമായിട്ടോ, സാംസ്കാരിക തലത്തിലോ അറിവിന്റെ രൂപത്തിലോ നോക്കിക്കാണാതെ, ഭക്തിയും മതവുമൊക്കെ കൂട്ടിച്ചേർത്ത് പഴയ വിശാല മനസ്ഥിതിയോടെ മനസ്സിലാക്കാൻ മടിക്കുന്നു. എല്ലാറ്റിനെയും മതപരമായി ചുരുക്കിക്കാണുന്നില്ലേ.

= അങ്ങനൊരു സ്ഥിതിവിശേഷം വന്നുചേർന്നു. പക്ഷേ, അതിന്റെ ഒരു പ്രത്യേകത എന്താന്നുവെച്ചാൽ നേരത്തെ പറഞ്ഞ ഈ വിശാലചിന്തയൊക്കെ ഉണ്ടെങ്കിൽത്തന്നെയും വർണവിവേചനം ഇന്ത്യയിലുണ്ടായിരുന്നു. ബ്രാഹ്മണ‐ക്ഷത്രിയ‐വൈശ്യ‐ശൂദ്രൻ എന്ന നാൽവർണങ്ങളിൽ അടിയ്‌ക്കടി ഓരോന്നും താഴെത്താഴെ ആണെന്നുള്ള ബ്രാഹ്മണരുടെ സങ്കൽപ്പമുണ്ടല്ലോ, അതിനോടുള്ള മൗലികമായ ഒരു കലാപമാണ് ഭക്തിസാഹിത്യം. ഈശ്വരനിൽ നിങ്ങൾക്കുള്ളപോലെ ഞങ്ങൾക്കും അവകാശമുണ്ട്‌ എന്ന് താഴേക്കിടയിലുള്ളവരുടെ പ്രഖ്യാപനമാണ് ഭക്തിസാഹിത്യം. ഭക്തിസാഹിത്യത്തിന് ഉത്തരേന്ത്യയിലും ദക്ഷിണേന്ത്യയിലുമൊക്കെ പ്രാധാന്യം വരാനും ഒന്നുകിൽ വൈഷ്ണവമതം അല്ലെങ്കിൽ ശൈവമതം എന്ന നിലയിൽ ചില ആരാധ്യദേവന്മാരിൽ ശ്രദ്ധ കേന്ദ്രീകരിക്കപ്പെടാനും ഇടയായിത്തീർന്നത് ഈ വർണവിവേചനത്തിന്റെ ഒരു പരോക്ഷഫലമാണ്. അത് പറയാതെ നിവൃത്തിയില്ല. വിശാലമനസ്സൊക്കെ ഭാരതീയർക്കുെണ്ടങ്കിലും ഈ വർണവിവേചനത്തിന്റെ കാര്യത്തിൽ സങ്കുചിതമായ സമീപനരീതി ഉയർന്ന വർണത്തിൽപ്പെട്ടവർ പുലർത്തി. അതാണ് ഇന്ത്യൻ സംസ്കാരത്തെ അധഃപതിപ്പിച്ചതും. അതിനെ എതിർക്കണം. ഭക്തിസാഹിത്യത്തിലുള്ള ഭൂരിപക്ഷം കവികളും അബ്രാഹ്മണരാണ്. കേരളത്തിലാണെങ്കിൽ തുഞ്ചത്തെഴുത്തച്ഛനാണ് പ്രധാനപ്പെട്ട ഒരാൾ. അങ്ങനെ കർണാടകത്തിലും തെലുങ്കുരാജ്യത്തിലും അബ്രാഹ്മണരാണ്. ഈശ്വരനിലുള്ള ഞങ്ങളുടെ അവകാശം നിങ്ങളുടേതിന് തുല്യമാണ് എന്നു സ്ഥാപിക്കാനുള്ള പ്രവണതകൂടി ഈ ഭക്തിസാഹിത്യത്തിന്റെ പിന്നിലുണ്ട്‌. അങ്ങനെയാണ് ഭക്തി, ഈശ്വരഭക്തി, ആരാധന, അമ്പലത്തിലുള്ള ആരാധന എന്നിവ മാത്രമായി ചുരുങ്ങിപ്പോകുന്നത്. ക്ഷേത്രമില്ലെങ്കിലും ഭക്തി നിലനിൽക്കും. അതിന്റെ ദൗർബല്യം എന്താന്നുവെച്ചാൽ, എല്ലാർക്കും നിർഗുണബ്രഹ്മത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സാധിക്കില്ല. മനുഷ്യന് പല പല പരിമിതികളുണ്ടല്ലോ; ആരാധിക്കാൻ എന്തെങ്കിലും ഒരു വിഗ്രഹം വേണം. ആ വിഗ്രഹങ്ങൾക്കനുസരിച്ച് വേറെ വേറെ സംഘങ്ങളുണ്ടാവുകയാണ്. വിഷ്ണു എന്ന വിഗ്രഹത്തെ ആരാധിക്കുന്നവർ. ശിവൻ എന്ന വിഗ്രഹത്തെ ആരാധിക്കുന്നവർ. വിഷ്ണു, ശിവൻ, ബ്രഹ്മാവ് ഒക്കെ ഒന്നുതന്നെയാണ് എന്ന പ്രമാണമുെണ്ടങ്കിൽത്തന്നെയും ആരാധിക്കുന്ന ആ പ്രക്രിയയിൽ മാറ്റമുണ്ട്‌. ശൈവരും വൈഷ്ണവരും തമ്മിൽ വലിയ സംഘട്ടനങ്ങൾ ഉണ്ടായി. നമ്മുടെ നാട്ടിലുണ്ടായിട്ടില്ലെങ്കിലും തമിഴ്നാട്ടിലൊക്കെ സംഘട്ടനങ്ങളുണ്ടായി. മതത്തിന്റെ പേരിൽ അങ്ങനെ സംഘട്ടനങ്ങളുണ്ടാവാൻ കാരണം, ഈ സങ്കുചിതമായ സമീപനമാണ്. എന്നുവച്ചാൽ, സാമാന്യമനുഷ്യരുടെ പരിമിതി. ഈ പരിമിതികളാണ് സംഘട്ടനങ്ങൾക്ക് കാരണം.

ലീലാവതി ടീച്ചറും ഭർത്താവ്‌ സി പി മേനോനും ടീച്ചറുടെ സഹോദരന്റെ മകൾ ബീനയുംലീലാവതി ടീച്ചറും ഭർത്താവ്‌ സി പി മേനോനും ടീച്ചറുടെ സഹോദരന്റെ മകൾ ബീനയും

? അതിൽനിന്ന് പക്ഷേ, നമ്മൾ മുന്നോട്ടുപോയില്ല. നമ്മളിപ്പോൾ വീണ്ടും ചുരുങ്ങിപ്പോവുകയാണ്. ഈ പറഞ്ഞതുപോലെ പുരാണങ്ങളെയും മിത്തുകളെയുമൊക്കെ അതായിട്ട് വായിക്കാതെ, അതൊക്കെ പഴയകാല യാഥാർഥ്യങ്ങളായിരുന്നു എന്നുള്ള രീതിയിൽ ചുരുക്കിക്കാണുന്നു.

= അതിന് ഈ അടുത്തുണ്ടായിട്ടുള്ള ഏറ്റവും വലിയ ഉദാഹരണം ശബരിമല പ്രശ്നമാണ്. നിത്യബ്രഹ്മചാരിയാണ് എന്നാണ് പറയുന്നത്. വെറും ലോജിക് വെച്ചിട്ട്, ബ്രഹ്മചാരികളിൽ മനുഷ്യരുമുണ്ട്‌, സ്വാമി വിവേകാനന്ദൻ നിത്യബ്രഹ്മചാരിയാണ്. ശ്രീരാമകൃഷ്ണ പരമഹംസൻ വിവാഹം ചെയ്തെങ്കിലും നിത്യബ്രഹ്മചാരിയാണ്. ശ്രീനാരായണഗുരു നിത്യബ്രഹ്മചാരിയാണ്. ഇവരെല്ലാം നിത്യബ്രഹ്മചാരികളാണ്, എന്നാൽ ഇവർക്കാർക്കെങ്കിലും സ്ത്രീവിദ്വേഷം ഉേണ്ടാ...! അപ്പോൾ മനുഷ്യരായിട്ടുള്ള ബ്രഹ്മചാരികൾക്ക് സ്ത്രീകളോട് പ്രത്യേകിച്ച് വിരോധമൊന്നും ഇല്ലാതിരിക്കേ, പേടിയൊന്നുമില്ലാതിരിക്കേ, ദേവന് സ്ത്രീകളെ കാണാൻ പാടില്ല എന്ന സങ്കൽപ്പം ഉണ്ടാവുന്നതിന് എന്തർഥം!


? ദേവനെ മനുഷ്യനേക്കാൾ താഴെ ആക്കുകയാണ്.

= അതെ, അപ്പോൾ നമ്മൾ ആരാധിക്കുന്ന ദേവൻ നമ്മളിൽപ്പെട്ട മനുഷ്യരെക്കാൾ താഴെയാണ്. വിവേകാനന്ദനെക്കാളും ശ്രീരാമകൃഷ്ണ പരമഹംസനെക്കാളും ശ്രീനാരായണ ഗുരുവിനെക്കാളും ഒരുപടി താഴെയാണ് ശബരിമല അയ്യപ്പൻ എന്ന് പറയേണ്ടിവരില്ലേ? ഇത് വെറും യുക്തിയാണ്. പക്ഷേ എന്താ ഇന്നത്തെ ആളുകൾക്ക് ആ യുക്തി മനസ്സിലാകാത്തത്? ഇതിന്റെ പേരിൽ എന്തിനാണീ വഴക്ക്?

? യുക്തി എന്നു പറയുമ്പോൾ, സമൂഹത്തിൽ വന്നിട്ടുള്ള വലിയൊരു പ്രശ്നം ഭക്തി കൂടുകയും യുക്തി ഇല്ലാതാവുകയും ചെയ്തു. ഒരു പുതിയ പ്രശ്നമാണത്. അങ്ങനെ കാണുന്നുേണ്ടാ.

= അത് വലിയൊരു ഇഷ്യൂ ആണ്. ഒരു നിലയ്ക്ക് ഞാനൊരു യുക്തിവാദിയാണ്. കുറച്ച് ശാസ്ത്രമൊക്കെ പഠിച്ചിട്ടുള്ളതുകൊണ്ടും ഒരു ശാസ്ത്രജ്ഞനെ വിവാഹം ചെയ്തതുകൊണ്ടുമൊക്കെ കുറച്ചു ശാസ്ത്രീയത എന്റെ ഉള്ളിലുണ്ട്‌. യുക്തിവാദത്തിനോട് അങ്ങേയറ്റത്തെ ആനുകൂല്യമാണ്. ഒരുതരത്തിലും യുക്തിവാദികളെ ഒരിക്കലും ഞാൻ നിഷേധിക്കില്ല. പക്ഷേ, അതേസമയംതന്നെ എനിക്ക് എന്റെ ഉള്ളിന്റെയുള്ളിലെ സത്യത്തോട് വിശ്വസ്തയാവാതിരിക്കാൻ പറ്റുമോ! അതും പറ്റില്ല. ഞാൻ കുട്ടിക്കാലം മുതൽക്കേ ഭക്തിയുടെ അന്തരീക്ഷത്തിൽ വളർന്നൊരാൾ എന്ന നിലയ്ക്ക് ഗുരുവായൂരപ്പൻ ഒരു ബിംബമല്ല എന്നെ സംബന്ധിച്ചിടത്തോളം. ഒരു ബിംബത്തിലെ ശക്തി എന്ന നിലയ്ക്കല്ല. ഒരു സത്ത, ഒരു ശക്തി. എനിക്കത് ഒരു ധൈര്യമോ വിശ്വാസമോ ആപത്കാലത്ത് ആശ്വാസമോ ഒക്കെ തരുന്ന ശക്തിയാണ്. അപ്പോൾ ആ ശക്തിയിൽ വിശ്വസിക്കാൻ എനിക്കു സ്വാതന്ത്ര്യം ഉണ്ടാവണം.

ലീലാവതി ടീച്ചർ കേരള സാഹിത്യ അക്കാദമിയിൽ കടത്തനാട്ട്‌ മാധവിയമ്മയുടെ ചിത്രം അനാച്ഛാദനം ചെയ്യുന്നുലീലാവതി ടീച്ചർ കേരള സാഹിത്യ അക്കാദമിയിൽ കടത്തനാട്ട്‌ മാധവിയമ്മയുടെ ചിത്രം അനാച്ഛാദനം ചെയ്യുന്നു

? അത് വ്യക്തിപരമാണ്...

= അതേ. അത് വ്യക്തിപരമായിട്ടുള്ളതാണ്. പക്ഷേ, ഞാൻ ഇങ്ങനെ ഗുരുവായൂരപ്പനെ ആരാധിക്കുന്നു എന്നുള്ളതുകൊണ്ട്‌, സമസ്ത മനുഷ്യരും ഗുരുവായൂരപ്പനെ ആരാധിച്ചുകൊള്ളണമെന്ന നിർബന്ധമൊന്നും എനിക്കില്ല. ഓരോരുത്തരുടെയും ഇഷ്ടം അനുസരിച്ചാണ് അതെല്ലാം. പക്ഷേ, എന്റെ ഇഷ്ടത്തെ വേറൊരാൾ ചോദ്യം ചെയ്യാനും ഞാൻ സമ്മതിക്കില്ല. ഈ യുക്തി, ഭക്തി എന്ന ഇണങ്ങിപ്പോകാത്ത രണ്ടെണ്ണത്തിനെ കൂട്ടിയോജിപ്പിക്കാൻ ഞാൻ നടത്തിയിട്ടുള്ള ശ്രമത്തിൽ അത് രണ്ടുംകൂടി ചേർന്നുപോകും എന്നതാണ് എന്റെ അനുഭവം.

? ഇന്ത്യയിൽ അങ്ങനെയൊരു സമന്വയത്തിലൂടെയാണ് ഭക്തിയും യുക്തിയുമൊക്കെ പോയിട്ടുള്ളത്. ഭക്തിയും യുക്തിയുമൊക്കെ കാര്യങ്ങളെ കാണുന്നതിൽ ഭക്തിയെ വളരെ വ്യക്തിപരമായ രീതിയിൽ കാണുകയും യുക്തിയെ സമൂഹത്തിന്റെ മുന്നോട്ടുപോക്കിന് ഉപയോഗിക്കുകയും ചെയ്തു. ഇന്നിപ്പോൾ അത് തകിടം മറിഞ്ഞിരിക്കുന്നു. അതിന്റെ പ്രശ്നങ്ങളാണ് നമ്മളിന്ന് കാണുന്നത്. അയോധ്യയായാലും ശരി ശബരിമലയായാലും ശരി എല്ലാ പ്രശ്നത്തിലും അങ്ങനെയൊരു കാര്യമുണ്ട്‌. മനുഷ്യർ സാംസ്കാരികമായി മുന്നേറുന്നതിന് പകരം ഭക്തിയുടെ അല്ലങ്കിൽ മതത്തിന്റെ ഭാഗം ഉപയോഗിച്ച് വഴിതെറ്റിക്കുകയാണ്.

= ഒരുതരത്തിലും അതിനെ ന്യായീകരിക്കാൻ കഴിയില്ല. മതത്തിന്റെ പേരിലോ ഭക്തിയുടെ പേരിലോ മനുഷ്യർ സംഘർഷം ഉണ്ടാക്കുന്നതിനെ ഒരുതരത്തിലും ന്യായീകരിക്കാനാവില്ല. ഒരു കവിക്ക് അത് ചെയ്യാൻ പറ്റുമോ എന്നതിന് ഞാനൊരു ഉദാഹരണം പറയാം. ജ്ഞാനപീഠം കിട്ടിയ അക്കിത്തം ‘രക്തപ്രസാദം' എന്നൊരു കവിത എഴുതീട്ടുണ്ട്‌. അതിലെ വിഷയം, ഒരു ഹിന്ദുക്ഷേത്രാങ്കണത്തിൽവച്ച് ഒരു സാമുദായികസംഘട്ടനം ഉണ്ടായി. ഒരുപാട് ആളുകൾ മരിച്ചു, ചോരപ്പുഴ ഒഴുകി. ആളുകൾക്ക്, എത്ര മുസ്ലീങ്ങൾ മരിച്ചു, എത്ര ഹിന്ദുക്കൾ മരിച്ചു, എത്ര ക്രിസ്ത്യാനികൾ മരിച്ചു എന്നാണ് അറിയേണ്ടത്. ചോര നോക്കിയാൽ അത് അറിയില്ലല്ലോ. അപ്പോൾ തീർച്ചയാക്കി, ദേവനോടുതന്നെ ചോദിക്കാം. ദേവൻ കണക്കെടുത്തിട്ട് പറഞ്ഞത് ഞാൻ ഹിന്ദുവിന്റെയോ മുസ്ലീമിന്റെയോ ക്രിസ്ത്യാനിയുടെയോ രക്തം കണ്ടില്ല. ഞാൻ കണ്ടത് ചോര മാത്രമാണ്, അപ്പോൾ രക്തഗ്രൂപ്പിൽ മാത്രമാണ് മനുഷ്യർ തമ്മിലുള്ള വ്യത്യാസം. നിയതി നിർദിഷ്ടമായ ജാതി. അത് രക്തജാതി മാത്രമാണ്. ഒരു മുസ്ലീമിന് ആത്യന്തികഘട്ടത്തിൽ സ്വന്തം ഗ്രൂപ്പിലുള്ള ഹിന്ദുരക്തം കൊടുത്താൽ രക്ഷപ്പെടും. മറിച്ചും. നേരേമറിച്ച് സ്വന്തം സഹോദരനാണെങ്കിൽപ്പോലും വേറെ ഗ്രൂപ്പിലുള്ള രക്തം കൊടുത്താൽ പറ്റില്ല. അപ്പോൾ, ഈ കവിത എഴുതിയ ആൾക്ക് ഒരു സങ്കുചിതമായ മതബോധമുെണ്ടന്നു പറയാൻ പറ്റുമോ!

കേരള സാഹിത്യ അക്കാദമിയുടെ ഒരു ചടങ്ങിൽ സംസാരിക്കുന്നുകേരള സാഹിത്യ അക്കാദമിയുടെ ഒരു ചടങ്ങിൽ സംസാരിക്കുന്നു

? ഇല്ലെന്നേ വിശ്വസിക്കാൻ പറ്റൂ...

= (ചിരിക്കുന്നു.) അദ്ദേഹം പക്ഷേ, ദൈവത്തിൽ വിശ്വസിക്കുന്ന ആളാണ്. ഭക്തിയിൽ വിശ്വസിക്കുന്ന ആളാണ്. അത് അദ്ദേഹത്തിന്റെ ഒരു വിശ്വാസമാണ്. പക്ഷേ, അതനുസരിച്ച് അദ്ദേഹം മറ്റേതെങ്കിലുമൊരു മതത്തെ നിഷേധിക്കുകയോ എതിർക്കുകയോ ചെയ്തിട്ടില്ല. സങ്കുചിതമതബോധം അദ്ദേഹത്തിൽ സങ്കൽപ്പിക്കുന്നതിന് അദ്ദേഹത്തിന്റെ കവിത സാക്ഷ്യമാവില്ല.

? വ്യക്തിപരമായിട്ട് നമുക്ക് അറിഞ്ഞൂടാ.

= വ്യക്തിപരമായിട്ടുള്ള വസ്തുത ഞാൻ അന്വേഷിക്കുന്നില്ല. അദ്ദേഹത്തിന്റെ കവിത ഒരുതരത്തിലും ഈ സങ്കുചിതത്വത്തിന് പ്രാതിനിധ്യം വഹിക്കുന്നില്ല.


? ഈ മതാന്തരീക്ഷം വളരെ സങ്കുചിതമായ രീതിയിൽ കാര്യങ്ങളെ കാണുമ്പോൾ, ടീച്ചറൊരു കാര്യം പറഞ്ഞാൽപ്പോലും അതിനെ സങ്കുചിതമായിട്ടാണ് നാളെ പൊതുസമൂഹം കാണുക. അതേയൊരവസ്ഥയിലേക്ക് വന്നിട്ടുണ്ട്‌. ഇതൊരു പുതിയ കാര്യമല്ലേ. ടീച്ചർ എത്ര കാലമായി കേരളത്തെ കാണുന്നു, ഇന്ത്യയെ കാണുന്നു. അപ്പോൾ ഇതൊരു മാറ്റമല്ലേ. പണ്ടുണ്ടായിരുന്നോ.

= കുറച്ചുകാലം മുമ്പ് ഈ ജാതിചിന്തയും മതചിന്തയും ഇത്രത്തോളം ഉണ്ടായിരുന്നില്ല. എന്റെ അമ്മയുടെയും അമ്മാമന്റെയുമൊക്കെ കാലഘട്ടത്തിൽ ഞങ്ങളുടെ വീടുകളിലെ അന്തരീക്ഷത്തിലൊക്കെ, അവിടുത്തെ എല്ലാ കാര്യങ്ങളിലും ക്രിസ്ത്യാനികൾക്കും മുസ്ലീങ്ങൾക്കുമെല്ലാം പങ്കുണ്ടായിരുന്നു. ഞങ്ങളുടെ വീട്ടിലെ കാര്യസ്ഥൻ ഒരു ക്രിസ്ത്യാനിയായിരുന്നു. അവിടെ സ്ഥിരമായി പച്ചക്കറികളും മറ്റും കൊണ്ടുവന്നിരുന്ന, ഞങ്ങളുടെ കുടുംബാംഗത്തെപ്പോലെയുള്ളൊരാൾ മുസ്ലീമായിരുന്നു. ഒരു വ്യത്യാസവും കാണിച്ചിട്ടില്ല. പിന്നെ ആചാരം അനുസരിച്ച് അവർക്ക് ചോറ് വിളമ്പിക്കൊടുക്കുന്നത് ഉമ്മറത്തായിരിക്കും. അത് വേറെ കാര്യം. അവർക്കും ഇല്ല വിരോധം, നമ്മൾക്കും ഇല്ല. അത്തരത്തിലല്ലാതെ വിദ്വേഷത്തിന്റെ ചിഹ്നമേ ആയിരുന്നില്ല. സാമുദായികസൗഹൃദം നിലനിന്നിരുന്നു അന്ന്. ഇമ്മാതിരിയുള്ള സംഘട്ടനത്തെക്കുറിച്ചുള്ള വാർത്തകളൊന്നും ഇത്ര ഉണ്ടായിരുന്നില്ല. നമ്മളൊക്കെ പുരോഗമിച്ചു എന്നുപറയുന്ന ഈ കാലഘട്ടത്തിൽ ഈവക സങ്കുചിതബോധങ്ങൾ വികസിച്ച് വികസിച്ച് വരുകയാണ്.

? എഴുത്തച്ഛൻ ഭാഷയുടെ പിതാവാണ്. എഴുത്തച്ഛൻ എല്ലാ രീതിയിലും അംഗീകരിക്കപ്പെടുന്നയാളാണ്. പക്ഷേ, എഴുത്തച്ഛന്റെയും രചനകൾ നോക്കുമ്പോൾ, മഹാഭാരതമായാലും രാമായണമായാലും, രാമായണം ഒരാചാരം എന്ന രീതിയിൽ എല്ലാ കർക്കിടകത്തിലും ആരെല്ലാമോ വായിച്ചുകൂട്ടുന്നു. മഹാഭാരതം വായിക്കപ്പെടുന്നേയില്ല. എഴുത്തച്ഛൻരാമായണം ഒരു സാഹിത്യകൃതി എന്ന രീതിയിൽ വായിക്കുന്നുേണ്ടാ എന്ന് എനിക്കു സംശയമാണ്. അങ്ങനെ ഒരു അപചയം സംഭവിച്ചിട്ടില്ലേ.

= ആളുകൾക്ക്, വളരെ ഉപരിപ്ലവമായ, ആഴത്തിൽ വേരൂന്നാത്ത സാഹിത്യമാണ് കേമമായ സാഹിത്യം എന്നൊരു സങ്കൽപ്പവിശേഷം നിലനിൽക്കുന്നുണ്ട്‌. ഈപറഞ്ഞ ഇതിഹാസങ്ങൾ, പുരാണങ്ങൾ, ഇതിലൊക്കെ ആഴത്തിലേക്ക് വേരൂന്നിയിട്ടുള്ള മൂല്യം വേണോ അതോ ഉപരിപ്ലവമായ മൂല്യമാണോ വേണ്ടത്? ഉദാത്തതയിൽനിന്ന് ഉത്താനതയിലേക്കുള്ള മാറ്റമാണ് സംഭവിച്ചിട്ടുള്ളത്.


? കുഞ്ചൻ നമ്പ്യാരെ എടുത്തു പരിശോധിച്ചാൽ, നമ്മുടെ കാലഘട്ടത്തിലെ എഴുത്തുകാർ കാണിക്കുന്നതിനെക്കാൾ സ്വാതന്ത്ര്യവും അതിനെക്കാൾ കൂടുതൽ അധികാരത്തെ ചോദ്യംചെയ്യാനുള്ള ശക്തിയുമെല്ലാം കാണിച്ചിട്ടുണ്ട്‌. പക്ഷേ, നമ്പ്യാരിന്ന് വായിക്കപ്പെടുന്നില്ല, ആ രീതിയിൽ.

= മലയാളസാഹിത്യത്തിലെ ചരിത്രം പരിശോധിച്ചാൽ, ചാക്യാന്മാർ സാമൂഹ്യവിമർശനത്തിൽ ഏർപ്പെട്ടിട്ടുെണ്ടങ്കിലും അത് ധർമ‐അർഥ‐കാമ‐മോക്ഷത്തിനുപകരം അശനം‐വിനോദം‐വഞ്ചന‐രാജ്യസേവ ഈ മട്ടിൽ മൂല്യത്തകർച്ച എന്നത് അവർ പരോക്ഷമായി വിമർശിച്ചാലും ആളുകളെ ചിരിപ്പിച്ചു ചിരിപ്പിച്ച് അതിനോട് വിരോധം തോന്നാത്ത മട്ടിലാണ് ആയിത്തീരുന്നത്. പുരുഷാർഥക്കൂത്ത് നടത്തുമ്പോൾ, വഞ്ചന എന്നത് വേശ്യയെ വഞ്ചിക്കലാണ്. അശനം എന്നു പറയുന്നത് സദ്യ. വിനോദം വേശ്യാസംസർഗമാണ്, പിന്നെ രാജ്യസേവ. ഇതൊക്കെ ജീവിതത്തിലെ അധഃപതനത്തിന്റെ ലക്ഷണങ്ങളാണ് എന്നാണ് അവർ സ്ഥാപിക്കാൻ ഉദ്ദേശിക്കുന്നത്. പക്ഷേ, ചിരിപ്പിച്ചുചിരിപ്പിച്ച് ഇതൊക്കെ അംഗീകാരമാണ് എന്നൊരു തോന്നലുണ്ടാക്കുകയാണ്. ആ മാതിരിയൊന്നല്ല നമ്പ്യാരുടേത്. ചിരിപ്പിക്കുമെങ്കിലും അതിൽത്തന്നെ മുഴുകണം എന്ന സമീപനരീതി നമ്പ്യാർ മാറ്റിയിട്ടുണ്ട്‌. അങ്ങനെ, ശക്തമായൊരു മാറ്റം, ഈ ചാക്യാന്മാരുടെ പുരുഷാർഥപ്രപഞ്ചനത്തിൽനിന്ന് വ്യത്യസ്തമായിട്ടുള്ളൊരു മാറ്റം, നമ്പ്യാരുടെ വിമർശനത്തിലുണ്ട്‌. പൂന്താനമായാലും ശരി. ജ്ഞാനപ്പാനയിൽ, ഈ പുരുഷാർഥക്കൂത്തിനെയാണ് വിമർശിച്ചിരിക്കുന്നത്. ‘ബ്രാഹ്മണ്യംകൊണ്ട്‌ കുന്തിച്ചു കുന്തിച്ച് ബ്രഹ്മാവും നമുക്കൊവ്വ...'എന്ന് പറയുമ്പോൾ സ്വന്തം സമുദായത്തെ തന്നെയാണ് വിമർശിക്കുന്നത്. പൂന്താനം പക്ഷേ, ഹാസ്യത്തിലല്ല ചെയ്തത് എന്നേയുള്ളൂ. നമ്പ്യാർ ഹാസ്യത്തിലൂടെ ഈ വിമർശനം സാധ്യമാക്കി. ചാക്യാന്മാർ ഹാസ്യത്തിലൂടെ വിമർശനം സാധിക്കുന്നതിനു പകരം അതിൽ അഭിരമിക്കാനുള്ള പരോക്ഷപ്രേരണയുണ്ടാക്കി.


? ഇത്തരം വിമർശനം ഇന്നത്തെ സാഹിത്യത്തിൽ കുറഞ്ഞുവരികയല്ലേ. ഒരുപക്ഷേ സമൂഹത്തിൽ ഇടപെടുന്നതിൽ തകഴിയായാലും പൊൻകുന്നം വർക്കിയായാലും കേശവദേവായാലും അവർക്കൊക്കെ ഒരു സാമൂഹ്യവീക്ഷണമുണ്ടായിരുന്നു. ഒരു രാഷ്‌ട്രീയം ഉണ്ടായിരുന്നു എഴുത്തിൽ. അത് പുതിയ കാലത്തിലേക്ക് വരുമ്പോൾ, തീരെ കുറഞ്ഞില്ലേ, ഇല്ലാതായില്ലേ. കവിതയിലും ആ മാറ്റമില്ലേ... അക്കിത്തം, വൈലോപ്പിള്ളി, ബാലചന്ദ്രൻ ചുള്ളിക്കാട്, കടമ്മനിട്ട. പക്ഷേ ഇന്നത്തെ കവികളുടെ ഒരു അവസ്ഥയെന്താണ്.

= പൊതുവേ ഇന്നത്തെ കവികൾ ‘ബകധ്യാനന്യായം’ എന്നു പറയുന്നപോലെയാണ്‌. ബകധ്യാനം എന്നാൽ കൊറ്റി കണ്ണടച്ച് ഇരിക്കുന്നത് ധ്യാനമാണ് എന്ന് വിചാരിക്കുന്നപോലെയാണത്, കൊറ്റി ഇരപിടിക്കാൻ എന്താണ് വഴി എന്നാണ് നോക്കുന്നത്. അതുപോലൊരു ബകധ്യാനന്യായം ആണത്. ഇതൊന്നും ഞങ്ങൾ കണ്ടില്ല എന്ന മട്ടിലുള്ള സമീപനരീതിയാണ്. സമൂഹത്തിൽ നിലവിലുള്ള പ്രശ്നങ്ങളൊന്നും കണ്ടതായി ഭാവിക്കാത്ത തരത്തിൽ വേറെ എന്തൊക്കെയോ നമുക്ക് മനസ്സിലാകാത്ത വിധത്തിലുള്ള കാര്യങ്ങളെപ്പറ്റി പറയുന്നു. അത് ഗദ്യത്തിലായാലും പദ്യത്തിലായാലും. അങ്ങനെ ഒരു മാറ്റം വന്നുകഴിഞ്ഞിട്ടുണ്ട്‌ സാഹിത്യത്തിൽ. നിത്യജീവിതത്തിലെ മനുഷ്യന്റെ ചുട്ടുപഴുത്ത പ്രശ്നങ്ങളിൽനിന്ന് അവർ മാറി നിൽക്കുകയാണ്. ഇത് ഞങ്ങൾക്കുള്ളതല്ല എന്ന മട്ടിൽ. ബകധ്യാനന്യായം എന്ന് പറയാൻ ഉള്ള കാരണം ഇതാണ്. ഇത് ഞങ്ങളെ സംബന്ധിക്കുന്നതല്ല എന്ന് പറഞ്ഞ് മാറിനിൽക്കുന്ന സമീപനരീതി. Exceptions ഇല്ല എന്ന് പറയാൻ പറ്റില്ല. എന്നാലും.


? Exceptions ഉെണ്ടങ്കിലും എത്രത്തോളം സർഗാത്മകമായി അത് മുന്നേറിയിട്ടുണ്ട്‌ എന്ന ചോദ്യമുണ്ട്‌...

= സന്തോഷ് ഏച്ചിക്കാനത്തിന്റെ ‘ബിരിയാണി' എന്ന കഥ നമ്മുടെ നിലവിലുള്ള ജീവിതത്തിലെ കത്തുന്ന പ്രശ്നങ്ങളെ സംബന്ധിച്ചുള്ളതാണ്. ദാരിദ്ര്യം എന്ന പ്രശ്നത്തെ അഭിസംബോധന ചെയ്യുന്നു. ഇഷ്ടംപോലെ വിശിഷ്ടഭോജ്യങ്ങൾ ഉണ്ടാക്കി അത് കുഴികുത്തി മൂടുന്നു; അങ്ങേയിടത്ത് മനുഷ്യൻ വിശപ്പുകൊണ്ട്‌ മരിക്കുന്നു. ഈ ഒരു വൈരുധ്യം, അത് ആ കഥയിലുണ്ട്‌. അങ്ങനെ ചിലർ ഈ സമകാലിക ജീവിതത്തിലെ വൈരുധ്യങ്ങളെ വളരെ ശക്തിയോടെ അവതരിപ്പിക്കുന്നുണ്ട്‌. അത് പക്ഷേ ചെറിയൊരു ന്യൂനപക്ഷമാണിപ്പോൾ. ഭൂരിപക്ഷമങ്ങനെയല്ല. അവർ ഈ ബകധ്യാനത്തിന്റെ രീതിയിലാണ്.

? സാഹിത്യത്തിൽ ടീച്ചർ കൂടുതലായും കവിതയിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ളത്. ഗദ്യത്തെക്കുറിച്ച് എഴുതിയിട്ടില്ല എന്നല്ല, കവിതയിൽ താൽപ്പര്യം വരാൻ എന്തെങ്കിലും കാരണമുേണ്ടാ.

= കുട്ടിക്കാലത്ത് അധികവും കവിതകളാണ് വായിച്ചത്. അമ്മ നോട്ടുബുക്കിൽ പകർത്തി എഴുതിവച്ച കവിതകൾ. അമ്മയാണ് എന്റെ സാഹിത്യഗുരു. അങ്ങനെ കവിതയിലൂടെയാണ് സാഹിത്യത്തിലേക്ക് വരുന്നത്. അർഥമൊന്നും മനസ്സിലാവാത്ത കാലത്തുപോലും, നന്നേ കുട്ടിയായിരിക്കുമ്പോഴാണ് ‘ലീല’യും ‘നളിനി’യും ‘ശിഷ്യനും മകനു’മെല്ലാം കാണാപ്പാഠം പഠിക്കുന്നത്. കവിതയോടുള്ള അബോധാത്മകമായ പ്രേമമായി അത് മാറി.

ഫോട്ടോ: വി കെ അഭിജിത്‌ ഫോട്ടോ: വി കെ അഭിജിത്‌

? നോവലുകളെക്കുറിച്ച് പറയുമ്പോൾ, ‘ഖസാക്കിന്റെ ഇതിഹാസ’ത്തിലെ കഥാപാത്രസൃഷ്ടിയെക്കുറിച്ച് ടീച്ചറൊരു എതിരഭിപ്രായം പറഞ്ഞിട്ടുണ്ട്‌.

= അത് എല്ലാ കഥാപാത്രങ്ങളെയുമല്ല… രവിയെക്കുറിച്ചാണത്. ബാക്കി എല്ലാ കഥാപാത്രങ്ങളും ഒന്നാന്തരമാണ് എന്ന അഭിപ്രായമാണ് എനിക്ക്. പക്ഷേ, രവിയെ സൃഷ്ടിച്ച രീതിയിൽ അത്രയധികം അസ്വാഭാവികതയുണ്ട്‌. രവി, ആസ്ട്രോഫിസിക്സിൽ അറിവുള്ള ആളാണ്, ഇന്റർമീഡിയറ്റിന് പഠിക്കുമ്പോൾ അദ്ദേഹത്തിന് സ്കോളർഷിപ്പ് വെസ്റ്റേനേഴ്സ് ഓഫർ ചെയ്തു എന്നെല്ലാം പുസ്തകത്തിൽ പറയുന്നുണ്ട്‌. ഇന്റർമീഡിയറ്റിന് പഠിക്കുന്ന ആ കാലത്ത് ഒരു ഒബ്സെഷനും ഇല്ല. പിന്നെ പരീക്ഷ എഴുതുന്നതിനുമുമ്പേ തലേദിവസം പെട്ടെന്നൊരു ഒബ്സെഷൻ ഉണ്ടാവാണ്. അയാൾ ഓടിപ്പോകുന്നു. പിന്നെ രവി വരുന്നത് ഒരു അവധൂതനായിട്ടാണ്. അവധൂതൻ എന്നു പറഞ്ഞാൽ, ഒരു സന്ന്യാസിനീഗൃഹത്തിൽനിന്ന് വസ്ത്രം മാറിയുടുത്ത് വന്നവനായിട്ടാണ് ചിത്രണംചെയ്യുന്നത്. ഒരു സന്ന്യാസിനീഗൃഹത്തിൽ പോയി അനാശാസ്യം നടത്തി, വസ്ത്രം മാറിയുടുത്ത് വരുന്ന ഒറ്റ രാത്രികൊണ്ട്‌ മാറുന്ന ഒരു കഥാപാത്രം. ആ കഥാപാത്രത്തിന് അത്തരമൊരു മാറ്റമുണ്ടായിട്ടുെണ്ടങ്കിൽ അതിന്റെ പലപല സ്റ്റേജസ് പറഞ്ഞാലേ നമ്മൾക്കത് വിശ്വാസ്യമാവുള്ളൂ. അല്ലാതെ ഒറ്റ വാക്യത്തിൽ ഗ്രന്ഥകർത്താവ് അത് ഒതുക്കിയാൽ നമുക്കത് വിശ്വസിക്കാനാവില്ല.


? അവിടെ ഒ വി വിജയൻ എന്ന നോവലിസ്റ്റ് പരാജയപ്പെട്ടു എന്നാണോ.

= അതേ, അത് ഞാൻ എഴുതിവച്ചിട്ടുണ്ട്‌.

? അത് ആ നോവലിന്റെ മൊത്തത്തിലുള്ള ഘടനയിൽ ഒരു പ്രശ്നമായി നിൽക്കുന്നുണ്ട്‌ അല്ലേ.

= ഖസാക്കിന്റെ ഇതിഹാസം നല്ലൊരു നോവലാണ്. മഹത്തായ കൃതി. പക്ഷേ, രവിയെന്ന കഥാപാത്രത്തിന്റെ ചിത്രീകരണം ഒട്ടും ശരിയായില്ല. രവിയുടെയൊക്കെ അന്നത്തെ ജീവിതരീതിയും അപകടകരമാണ്. ഈയൊരൊറ്റ കാര്യം മാത്രമല്ല. ഒരു കഥാപാത്രം അദ്ദേഹത്തിന്റെ മടിയിലിരുന്നിട്ട് വയസ്സറിയിക്കുന്ന ഭാഗമൊക്കെയുണ്ട്‌.

? അതൊക്കെ നോവലിലെ ഒരു സാധ്യതയായി കണ്ടാൽ പോരേ...

= സ്ത്രീകളുമായിട്ടുള്ള അദ്ദേഹത്തിന്റെ ബന്ധപ്പെടൽ, അതൊരു അവധൂതന്റെ സ്വഭാവമൊന്നുമല്ല. ഒരു അവധൂതൻ എന്ന് വിശേഷിപ്പിച്ചാൽ പോരാ, ആ കഥാപാത്രത്തിന് അവധൂതന്റെ സ്വഭാവം ഉണ്ടായിരിക്കണം. അത് ഗ്രന്ഥകർത്താവ് പ്രതിജ്ഞചെയ്തതുകൊണ്ട്‌ ആയില്ല. അതാണ് ആ ചിത്രീകരണം ശരിയായില്ല എന്ന് ഞാൻ പറയുന്നത്. പക്ഷേ, അത് പറയുമ്പോൾ ‘ഖസാക്കിന്റെ ഇതിഹാസ’ത്തിനെ പൊതുവേ എതിർക്കുകയാണ് എന്ന ധാരണ വരരുത്. എനിക്ക് ആ നോവൽ വളരെ ഇഷ്ടമാണ്. ഈ ഒരു കഥാപാത്രം മാത്രം അപകടത്തിലാണ്. അപ്പുക്കിളിയെപ്പോലുള്ള കഥാപാത്രങ്ങളെ സൃഷ്ടിച്ച കൈ സാക്ഷാൽ സ്രഷ്ടാവിന്റെ തന്നെ...


? ടീച്ചർക്ക് മലയാളസാഹിത്യത്തിൽ ഏറ്റവും ഇഷ്ടം തോന്നിയ ഒരു നോവൽ ഏതാണ്.

= അങ്ങനെ ഏറ്റവും ഇഷ്ടം തോന്നിയത് എന്ന് പറയാൻ ഒരുപാട് നോവലുകൾ ഉണ്ടല്ലോ. പക്ഷേ, ഞാൻ എം ടിയുടെ ‘അസുരവിത്തി’നെപ്പറ്റി ഒരു പുസ്തകം എഴുതിയിട്ടുണ്ട്‌. മറ്റെല്ലാ നോവലുകളെയും അപേക്ഷിച്ച് അതിനുള്ള പ്രത്യേകത: എല്ലാതരത്തിലുമുള്ള പ്രശ്നങ്ങളും അതിൽ വരുന്നുണ്ട്‌, സമഗ്രതയുണ്ട്‌. ആ കാലഘട്ടത്തിലെ കേരളത്തിലെ നായർ സമുദായത്തിന്റെ അധഃപതനത്തിന്റെ ഘടകങ്ങൾ, മനുഷ്യത്വം എന്നതിനെ സംബന്ധിച്ച മൂല്യങ്ങൾ, മതസൗഹൃദം, സംഘട്ടനം എന്നിവയെല്ലാം അതിൽ പരാമൃഷ്ടമാകുന്നുണ്ട്‌. അതും വളരെ ഹൃദ്യമായി, സ്വാഭാവികമായി. എല്ലാ കഥാപാത്രങ്ങൾക്കും വിശ്വാസ്യതയുണ്ട്‌. ദുഷ്ടകഥാപാത്രങ്ങളായാലും ശരി നല്ല കഥാപാത്രങ്ങളായാലും ശരി. അവർ അങ്ങനെ ആയി എന്നു പറഞ്ഞാൽ നമുക്ക് പൂർണമായും വിശ്വസിക്കാൻ പറ്റുന്ന രീതി. ഇതിനെ ഞാൻ സത്യദീപ്തി എന്നൊരു പദം കൊണ്ടാണ് വിശേഷിപ്പിക്കാറ്. എല്ലാ കഥാപാത്രങ്ങൾക്കും ഈ സത്യദീപ്തി ഉണ്ട്‌.


? പുതിയ എഴുത്തുകൾ വായിക്കാറുേണ്ടാ.

= എല്ലാ പുതിയ നോവലുകളുമൊന്നും വായിക്കാൻ സാധിച്ചിട്ടില്ല. പക്ഷേ, പലതും വായിച്ചിട്ടുണ്ട്‌. ‘ഗോഡ് ഓഫ് സ്മാൾ തിങ്‌സ്’ പ്രസിദ്ധപ്പെടുത്തിയ ഉടനേതന്നെ യാദൃച്ഛികമായി വായിക്കാൻ ഇടയായി. അതൊരു റിമാർക്കബിൾ നോവലാണ് എന്ന തോന്നലുണ്ടായി. മറ്റുള്ളവരൊക്കെ അതിനെ എതിർക്കാൻ തുടങ്ങുന്നതിനുമുമ്പേ, ഞാനതിന് അനുകൂലമായി അഭിപ്രായം എഴുതിക്കഴിഞ്ഞു. പുസ്തകം വന്ന് അധികം താമസിയാതെ അതിനെക്കുറിച്ചുള്ള പഠനം ഞാനെഴുതി. ആ പഠനത്തിൽ, ഈ എതിർപ്പുകളൊക്കെ കേട്ടിട്ടും എനിക്കൊരു മാറ്റവുമില്ല. പ്രത്യേകിച്ച് ഇൻസെസ്റ്റ് നല്ലതല്ല എന്ന അഭിപ്രായംതന്നെയാണ് എനിക്കുള്ളത്. പക്ഷേ, ആ നോവൽ വായിക്കുമ്പോൾ അതെത്ര സ്വാഭാവികമായി വന്നുചേർന്നു എന്നു കാണാം.

? അവിടെയാണ് നോവലിസ്റ്റിന്റെ വിരുത്.

= നമുക്ക് ഇഷ്ടമല്ലാത്തൊരു കാര്യം അത് അങ്ങനെ സംഭവിക്കരുത് എന്നൊരു തോന്നൽ ഉണ്ടാവാം. സംഭവിച്ചത് സ്വാഭാവികം എന്നു തോന്നിക്കുന്നതാണ് കൃതിയുടെ മേന്മ . (തുടരും)



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home