അഭിമുഖം
ഞാൻ ലീലാവതി‐ 3

എം ലീലാവതി/എൻ ഇ സുധീർ
Published on Oct 04, 2025, 11:34 AM | 10 min read
എൻ ഇ സുധീർ: സ്ത്രീകളുടെ ഉന്നമനത്തെക്കുറിച്ച് ടീച്ചർ പലപ്പോഴും പറയാറില്ലേ. ഇന്നത്തെ അവസ്ഥയിൽ സ്ത്രീകളുടെ ഉന്നമനം വേണ്ടത്ര നടന്നിട്ടുേണ്ടാ കേരളത്തിൽ, ഇന്ത്യയിൽ? അതിന്റെ പോക്ക് എങ്ങനെയാണ്? ഇന്നിപ്പോൾ ഏറ്റവുമധികം ചർച്ച ചെയ്യപ്പെടുന്ന പല വിഷയങ്ങളുമുണ്ട്. സ്ത്രീകൾക്കെതിരെയുള്ള പ്രശ്നങ്ങൾ, ബലാത്സംഗങ്ങൾ, ഇന്ത്യയിലൊരുപാട് റിപ്പോർട്ട് ചെയ്യപ്പെടുന്ന കാലത്താണ് നമ്മൾ, എങ്ങനെയാണതിനെ കാണുന്നത്?
എം ലീലാവതി: ഏതെങ്കിലുമൊരു രാഷ്‌ട്രീയ പാർടി, 50 ശതമാനം പോട്ടെ, 33 ശതമാനമെങ്കിലും സ്ഥാനാർഥിത്വം സ്ത്രീകൾക്ക് കൊടുത്തിട്ടുേണ്ടാ? അപ്പോൾ, സ്ത്രീശാക്തീകരണം എന്നു പറയുന്നതിൽ എന്താ അർഥം? രാഷ്‌ട്രീയക്കാരെല്ലാം പറയുന്നുണ്ട്. പക്ഷേ, ചെയ്യുമ്പോൾ അതില്ല.
? അത്രമാത്രം സ്ത്രീകൾ പൊതുമണ്ഡലത്തിൽ വ്യവഹരിക്കാത്തതുകൊണ്ടല്ലേ.
= സ്ത്രീകൾ മുന്നോട്ടുവരാൻ തയ്യാറില്ലാത്തത് പുരുഷന്മാരുടെ സഹായത്തോടെയല്ലാതെ മുന്നോട്ടുവരാൻ സ്ത്രീകൾക്ക് കഴിയുന്നില്ല എന്നുള്ളതുകൊണ്ടാണ്. മുന്നോട്ടുവന്നാൽ അതിനൊരു പിന്തുണ സ്വാഭാവികമായി സമൂഹത്തിൽനിന്നുണ്ടാവണം. ചുരുങ്ങിയത് സ്ത്രീകളുടെയെങ്കിലും പിന്തുണ ഉണ്ടാകണം. പക്ഷേ, അത്ഭുതകരമെന്നേ പറയേണ്ടൂ, സ്ത്രീകൾ സ്ത്രീകൾക്കുവേണ്ടിയല്ല നിൽക്കുന്നത്. ഏതെങ്കിലുമൊരു പാർടിയിലെ സ്ത്രീ മറ്റൊരു പാർടിയിലെ സ്ത്രീയ്‌ക്ക് വോട്ടുചെയ്യുമോ? സ്വന്തം ഭർത്താവ് പറയുന്നതല്ലാതെ അവളൊരു സ്ത്രീയായതുകൊണ്ട് ഞാൻ വോട്ട് ചെയ്യും എന്നു പറയത്തക്ക ഒരു സ്ത്രീപക്ഷപാതം ഏതെങ്കിലുമൊരു സ്ത്രീക്കുേണ്ടാ? ഇല്ല. പിന്നെ എന്തിനാ പുരുഷന്മാരെപ്പറ്റി മാത്രം പറയുന്നത്.
ലീലാവതി ടീച്ചർ തറവാട്ടുവീട്ടിൽ
ഫോട്ടോ: കെ ആർ വിനയൻ
? ടീച്ചർ ഫെമിനിസത്തെക്കുറിച്ച് ഒരു ഗ്രന്ഥം രചിച്ചിട്ടുണ്ടല്ലോ. ടീച്ചറുടെ കാഴ്ചപ്പാടിലെ ഫെമിനിസത്തെപ്പറ്റി ഒന്നു വിശദീകരിക്കാമോ.
= ഫെമിനിസത്തിന്റെ മലയാളത്തിലെ പ്രമുഖവക്താക്കൾ എന്നെ ഫെമിനിസത്തിനെതിർ നിൽക്കുന്നവളായി കാണുന്നു. പക്ഷേ ഞാനൊരു ഫെമിനിസ്റ്റാണെന്ന് ഞാൻ പൂർണ വിശ്വാസത്തോടെ അവകാശപ്പെടുന്നു. ഫെമിനിസത്തിനു ഞാൻ കൽപ്പിക്കുന്ന അർഥമനുസരിച്ചാണത്. കുടുംബം, സമൂഹം, രാഷ്‌ട്രം, മതം തുടങ്ങിയ ഏതു വൃത്തത്തിലും പുരുഷനൊപ്പമുള്ള അംഗീകാരം സ്ത്രീയ്ക്ക് ഉണ്ടാവണം എന്ന നിർവചനമാണ് ഞാൻ ഫെമിനിസത്തിനു നൽകുന്നത്. പുരുഷന്റെ സ്ത്രീവിദ്വേഷത്തിന് ആ നിർവചനത്തിൽ സ്ഥാനമില്ലാത്തതുപോലെ സ്ത്രീയുടെ പുരുഷവിദ്വേഷത്തിനും അതിൽ സ്ഥാനമില്ല.
പുരുഷൻ സ്ത്രീയെ അവഗണിക്കുന്നതിന്റെ വേദനയും സ്ത്രീയെ ആദരിക്കുന്നതിന്റെ സന്തുഷ്ടിയും തുല്യമായ തീവ്രതയോടെ അനുഭവിച്ചിട്ടുള്ള സ്ത്രീയാണ് ഞാൻ. ആദ്യത്തേത് എന്റെ അമ്മയിലൂടെ‐ രണ്ടാമത്തേത് എന്നിലൂടെ. സ്നേഹം ഉള്ളിടത്ത് തുല്യപ്രാധാന്യം മാത്രമല്ല, അന്യോന്യ വിശേഷതയും ഉണ്ടാവും. നിയതിനിർദിഷ്ടമായ കർത്തവ്യങ്ങൾ സ്ത്രീയ്‌ക്കും പുരുഷനും ഒരുപോലെയല്ല എന്ന യാഥാർഥ്യം നമുക്കു മാറ്റിമറിക്കാൻ സാധ്യമല്ല. ഗർഭധാരണം സ്ത്രീക്കു മാത്രം നിർദിഷ്ടമായിരിക്കുന്നു. തന്നിമിത്തം ഗർഭത്തിൽ നിന്നു പുറത്തുവരുന്ന സന്തതിയെ പ്രസവത്തോടൊപ്പം സംഭവിക്കുന്ന മുലപ്പാൽ കൊടുത്തു വളർത്തുന്ന കാലത്ത് നിരന്തരം പരിചരണം നൽകിപ്പോറ്റേണ്ടത് സ്ത്രീയുടെ ചുമതലയാണ്. (പ്രമാണി എന്ന നോവലിൽ ‐ ചെറുകാട് എഴുതിയത് കുഞ്ഞിനെ തന്റേതാക്കുകയും തള്ളയെ തള്ളിക്കളയുകയും ചെയ്യുന്ന തന്തയോട് തള്ള ചോദിക്കുന്ന ഒരു ചോദ്യമുണ്ട്: ‘ങ്ങക്ക് മൊലേണ്ടാ'. പാൽ ചുരത്തുന്ന മുലയുള്ള അമ്മ, അത് കുഞ്ഞിന് ആവശ്യമുള്ളിടത്തോളം കാലം കുടിക്കാൻ കൊടുക്കാൻ ചുമതലയുള്ളവളാണ്. കുഞ്ഞിനെ സ്നേഹത്തോടെ പരിചരിക്കുന്നത് അതിന്റെ മസ്തിഷ്കത്തിന്റെ ശരിയായ വളർച്ചയ്ക്ക് സഹായകവുമാണ്. തിര്യക്കുകൾക്ക് ഈ പാരതന്ത്ര്യം ഇത്ര ദീർഘമല്ല.
മനുഷ്യക്കുഞ്ഞിനു മാത്രമാണ് നീണ്ട ശൈശവത്തിന്റെ പാരതന്ത്ര്യമുള്ളത്. അതിനാൽ അമ്മയാവാൻ വിധിക്കപ്പെട്ട സ്ത്രീ കുഞ്ഞിനെ പോറ്റുന്നതിലും വിശേഷമായ ശ്രദ്ധയർപ്പിക്കാൻ കടപ്പെട്ടിരിക്കുന്നു. ഈ ചുമതലയെടുക്കാൻ തയ്യാറില്ലാത്തവർ അമ്മയാവാൻ തുനിയരുത്. തീരുമാനമെടുക്കാൻ സ്വാതന്ത്ര്യമുള്ള സ്ത്രീ വിഭാഗത്തെക്കുറിച്ചുള്ള സങ്കൽപ്പമാണ് ഇതുവരെ പറഞ്ഞത്. ആ സ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്ന സ്ത്രീവിഭാഗത്തെക്കുറിച്ച് എല്ലാവർക്കുമുള്ള അതേ ഫെമിനിസ്റ്റ് സങ്കൽപ്പം തന്നെയാണെനിക്കുമുള്ളത്. ആ വിഭാഗത്തിൽപ്പെട്ടവർ സ്വതന്ത്രരാകണമെങ്കിൽ, സ്വന്തം കാലിൽ നിൽക്കത്തക്കവണ്ണം അവർക്ക് ആർഥിക സ്വയംപര്യാപ്തത ഉണ്ടായേ തീരൂ. അങ്ങനെ ഫെമിനിസവും ആർഥിക സ്വയം പര്യാപ്തതയും വേർപിരിക്കാനാവാത്ത ഇരട്ടയാണ്. സ്വയം പര്യാപ്തത ഉണ്ടാവണമെങ്കിൽ വരുമാനമുള്ള പ്രവർത്തനരംഗങ്ങളുണ്ടാവണം. അങ്ങനെ ആർഥിക സമത്വം എന്ന ലക്ഷ്യത്തോടു കൂടിയ സമൂഹത്തിന്റെ സൃഷ്ടിയാണ് സ്ത്രീവിമോചനത്തിനുള്ള ഒരേയൊരു മാർഗം എന്ന തത്വത്തിൽ മറ്റെല്ലാ ഫെമിനിസ്റ്റുകളെയും പോലെ ഞാനും ഉറച്ചുനിൽക്കുന്നു. എന്റെ ഈ ഉറപ്പിൽ പുരുഷനോടുള്ള വിദ്വേഷത്തിനു സ്ഥാനമില്ല. പക്ഷേ സ്ത്രീ വിഭാഗത്തെ ഒപ്പത്തിനൊപ്പം നിൽക്കാനനുവദിക്കില്ലെന്ന ശാഠ്യം പുലർത്തുന്ന പുരുഷവർഗത്തോടുള്ള വിദ്വേഷത്തിന് സ്ഥാനമുണ്ട്. മുപ്പത് ശതമാനമല്ല അമ്പതുശതമാനം ആണ് ജനപ്രതിനിധി സഭകളിൽ സ്ത്രീകൾ അർഹിക്കുന്ന അനുപാതം.
എല്ലാ കർമരംഗങ്ങളിലും അമ്പതുശതമാനം സ്ത്രീകൾക്കും സ്ഥാനം വേണമെന്നല്ല. അധികാരം കയ്യാളുന്ന ജനപ്രതിനിധി സഭകളിൽ തുല്യത വേണമെന്നതാണ് ഫെമിനിസത്തെക്കുറിച്ചുള്ള എന്റെ സങ്കൽപ്പം. വികസിത രാജ്യങ്ങളെന്നും, സ്ത്രീ വിഭാഗത്തിന് അംഗീകാരം നൽകുന്നുെണ്ടന്നും നടിക്കുന്ന രാഷ്‌ട്രങ്ങൾ പോലും ഭരണത്തിന്റെ തലപ്പത്തെത്താൻ സ്ത്രീയ്‌ക്ക് അർഹതയുെണ്ടന്ന് ഇതുവരെ തെളിയിച്ചിട്ടില്ല, യൂറോപ്പിലെ ചുരുക്കം ചിലതിലൊഴികെ.
ലീലാവതി ടീച്ചറും അമ്മ മുണ്ടനാട് നങ്ങയ്യമാണ്ടലും
? എഴുതിയ പുസ്തകങ്ങളിൽ ഏറ്റവും പ്രിയപ്പെട്ടത് ഏതാണ്.
= അനവധി പുസ്തകങ്ങൾ എഴുതിയിട്ടുണ്ടല്ലോ. ‘ഏറ്റവും പ്രിയപ്പെട്ട' എന്നു വിശേഷിപ്പിക്കാവുന്ന ഒന്നില്ല. മൂന്ന് പുസ്തകങ്ങൾ ഉള്ളടക്കത്തിന്റെ പേരിൽ ഞാൻ ഇഷ്ടപ്പെടുന്നവയാണ്‐ ‘അമൃതമശ്നതേ', ‘ഭാരതസ്ത്രീ ‐ പ്രാചീന സാഹിത്യത്തിൽ’, ‘ആദിപ്രരൂപങ്ങൾ സാഹിത്യത്തിൽ.’
1) സാഹിത്യമെന്ന അമൃതം ആശിക്കുക എന്ന അർഥത്തോടു കൂടിയ ശീർഷകമുള്ള ആ പുസ്തകത്തിൽ മലയാളസാഹിത്യത്തിലെ അമൃതം മാത്രമല്ല പ്രതിപാദ്യം. പാശ്ചാത്യമായ ‘ഗോദോയെ കാത്ത്', സംസ്കൃതത്തിലെ ‘കേരളോദയം’ (ഡോ. കെ എൻ എഴുത്തച്ഛൻ) എന്നീ കൃതികളുടെയും പഠനങ്ങൾ അതിലുണ്ട്. പാശ്ചാത്യ നാടകത്തിലെ ആശയം വിശദീകരിക്കുന്നതിൽ പാശ്ചാത്യ നിരൂപകരെ ആശ്രയിച്ചിട്ടില്ല. എന്റേതു മാത്രമായ ഒരു വ്യാഖ്യാനമാണുള്ളത്. ആ വ്യാഖ്യാനം ശ്രദ്ധിക്കപ്പെട്ടാൽ നന്നെന്ന് ഞാൻ ആശിക്കുന്നു. ‘കേരളോദയം’ മഹത്തായ ഒരു കൃതിയാണ്. കേരളത്തിലെ സംസ്കൃത പണ്ഡിതന്മാർ അതിനെ വേണ്ടുംപോലെ ഗൗനിച്ചിട്ടില്ലെന്ന തോന്നൽ കൂടിയാണ്, ആ കൃതിയെപ്പറ്റി എഴുതാൻ പ്രേരണയായത്. രണ്ടും ശ്രദ്ധിക്കപ്പെട്ടില്ല. ശാകുന്തളത്തിലെ ‘സ്ത്രീണാമശിക്ഷിതപടുത്വ’മെന്നു തുടങ്ങുന്ന ശ്ലോകത്തിന്റെ നവവ്യാഖ്യാനമുള്ളതും ആ പുസ്തകത്തിലാണ്. ആ വ്യാഖ്യാനം കേരളത്തിന് മാത്രമല്ല മറ്റു ദേശങ്ങളിലും അറിയപ്പെടേണ്ടതാണെന്നും കരുതുന്നു.
2) ഭാരതസ്ത്രീ എപ്രകാരം പ്രാചീന സാഹിത്യത്തിൽ ചിത്രീകരിക്കപ്പെടുന്നുവെന്ന അന്വേഷണം മുമ്പുണ്ടായിട്ടില്ലാത്ത ഒന്നാണ്. വൈദിക സാഹിത്യം മുതൽ തുടങ്ങുന്ന ഗവേഷണം ‐ ഏറെ പ്രയത്നം ആ രചനയുടെ പിന്നിലുണ്ട്. ലളിതഭാഷയിലാണ് പ്രതിപാദ്യം എന്നു ഞാൻ കരുതുന്നു. പുസ്തകം പൊതുവിപണിയിൽ കിട്ടാത്തതുകൊണ്ടാവാം, ആയിരം പേജുകളുെണ്ടങ്കിലും നന്നെക്കുറച്ചു വിലയുള്ള ആ പുസ്തകം അർഹിക്കുന്ന പ്രചാരം നേടാതെ പോയത്.
3) സാഹിത്യത്തിൽ ആദിപ്രരൂപങ്ങൾക്കുള്ള സ്ഥാനത്തെപ്പറ്റിയുള്ള സൈദ്ധാന്തിക ഗ്രന്ഥം ആണത്. മലയാളത്തിലോ മറ്റു ഭാഷകളിലോ അതുപോലെ വേറൊന്ന് ഇല്ല എന്നാണെന്റെ ധാരണ. മനഃശാസ്ത്രജ്ഞനായ യുങ്ങിന്റെ ആദിപ്രരൂപദർശനം സാഹിത്യത്തിൽ അവ്യാഖ്യേയമെന്നു തോന്നിപ്പിക്കുന്ന പലതിനേയും വ്യാഖ്യാനിക്കുവാൻ സഹായിക്കുന്നു. കേവല ഭൗതികപ്രശ്നം അവതരിപ്പിക്കുന്ന ‘പണിമുടക്ക'വും ദൈവികമെന്നു വിശേഷിപ്പിക്കാവുന്ന ‘കാവിലെ പാട്ടും' ഒരേ വ്യക്തിയുടെ (ഇടശ്ശേരി) സർഗാത്മക ചേതനയിൽ നിന്നും ഉറവി എടുക്കുന്നതെങ്ങനെ എന്നതിന്റെ വ്യാഖ്യാനം നൽകാൻ ആദിപ്രരൂപ ദർശനമേ സഹായിക്കൂ. അത്തരത്തിലുള്ള പഠനങ്ങൾക്ക് സഹായമാകാവുന്ന സൈദ്ധാന്തിക ഗ്രന്ഥം എന്ന നിലയ്ക്ക് അതിനോട് എനിക്ക് വിശേഷ മമതയുണ്ട്.
ഫോട്ടോ: വി കെ അഭിജിത്
? ഇവയിൽ ‘ആദിപ്രരൂപങ്ങൾ സാഹിത്യത്തിൽ’, ‘ഭാരതസ്ത്രീ ’ എന്നിവയ്‌ക്ക് അർഹിക്കുന്ന ശ്രദ്ധ കിട്ടിയില്ല എന്നൊരു തോന്നൽ എനിക്കുണ്ട്. വളരെ ഗഹനമായ ഗവേഷണങ്ങൾ വേണ്ടിവന്ന രചനകളാണല്ലോ അവ. ഇതേപ്പറ്റി വിശദമായി പറയാമോ.
= രണ്ടു ഗ്രന്ഥങ്ങളും ഏകാഗ്രമായ പ്രയത്നത്തിന്റെ ഫലങ്ങളാണ്. നിരൂപണാത്മകമോ വൈജ്ഞാനികമോ ആയ രചനകൾക്കു പിന്നിൽ എപ്പോഴും പ്രയത്നത്തിന്റെ ചരിത്രമുണ്ടാവും. പ്രയത്നം എന്നാൽ പഠനവും പാരായണവും വിചിന്തനവും. എങ്കിലും അതിന് പൊതുവെ മൂല്യം കൽപ്പിക്കപ്പെടുന്നില്ല. സർഗാത്മക രചനകളിൽ യത്നത്തിന് സ്ഥാനമില്ലെന്നല്ല പറയുന്നത്. പല സർഗാത്മക രചനകളും വിപുല പാരായണ ഫലങ്ങൾ കൂടിയാണ്. എങ്കിലും അവ്യാഖ്യേയമായ ഒരു അന്തശ്ചോദനയുടെ ഉൽപ്പന്നങ്ങളായ സർഗാത്മക കൃതികളുടെ രൂപസംവിധാനത്തിൽ പ്രയത്നത്തിന് രണ്ടാം സ്ഥാനമേയുള്ളൂ. ഒന്നാം സ്ഥാനമുള്ള നിരൂപണ ‐ വിചിന്തന മേഖലകളിൽപ്പെട്ട രചനകൾക്ക് പൊതുവേ രണ്ടാം പൗരത്വം മാത്രം നൽകപ്പെടുന്നു. ബർട്രാന്റ് റസ്സലിനെപ്പോലുള്ള ചില പ്രതിഭാശാലികൾക്കു മാത്രമേ സാഹിത്യ രംഗത്ത്, സർഗാത്മക രചനകളിലേർപ്പട്ടവർക്കൊപ്പം അംഗീകാരം ലഭിച്ചിട്ടുള്ളൂ. അതായത്, ഈ അഭിരുചി വിശേഷത്തിന്റെ പ്രസക്തി നമ്മുടെ ഭാഷയിൽ മാത്രമല്ല ഉള്ളത്. അതിനെപ്പറ്റി വ്യാകുലത പുലർത്തുന്നതിനർഥമില്ല. പ്രയത്നത്തിൽ ചാരിതാർഥ്യം ഉള്ളവർക്ക് ‘ഉദ്യമം വീണ്ടുമുദ്യമം യാവജ്ജീവം' എന്ന ഉത്സാഹം കെട്ടുപോകാറുമില്ല.
എങ്കിലും താങ്കൾ ചൂണ്ടിക്കാട്ടിയ രണ്ടു പുസ്തകങ്ങളും കൂടുതൽ പാരായണം ചെയ്യപ്പെട്ടിരുന്നെങ്കിൽ സന്തോഷമുണ്ടാകുമായിരുന്നു. ‘വായിക്കാനാളില്ല' എന്നു തോന്നലുളവാക്കുന്ന പുസ്തകങ്ങൾ രചിച്ചവർക്ക് പ്രായേണ ഉണ്ടാവാറുള്ള ഇച്ഛാഭംഗം എനിക്കുമുണ്ട്.
കേന്ദ്രസാഹിത്യ അക്കാദമി എനിക്ക് അവാർഡ് തന്നത് ‘കവിതാധ്വനി’ എന്ന പുസ്തകത്തിനാണ്. അക്കാദമി, പുരസ്കാരം നൽകപ്പെട്ട കൃതികൾ ഇതരഭാഷകളിലേക്ക് വിവർത്തനം ചെയ്യിക്കാറുണ്ട്. ‘കവിതാധ്വനി’ ബൃഹത്തായ ഒരു പുസ്തകമാണ്. അതിലെ ലേഖനങ്ങളിലൊന്നൊഴികെ എല്ലാം തന്നെ മലയാളത്തിലെ കൃതികളുടെ നിരൂപണമാണ്. അവ ഇതര ഭാഷകളിലെത്തിയിട്ട് ഒരു പ്രയോജനവുമില്ല. അതിനാൽ ആ പുസ്തകത്തിനു പകരം ആദിപ്രരൂപങ്ങളെപ്പറ്റിയുള്ള പുസ്തകം വിവർത്തനത്തിനെടുത്താൽ കൊള്ളാമെന്ന എന്റെ നിർദേശം അക്കാദമി സ്വീകരിക്കുകയും ഇംഗ്ലീഷിലേക്കും ഹിന്ദിയിലേക്കും വിവർത്തനം ചെയ്യാൻ പ്രഗത്ഭരെ ഏൽപ്പിക്കുകയും ചെയ്തു. എങ്കിലും വിവർത്തനങ്ങൾ ഉണ്ടായില്ല. ഈയിടെ മഹാരാജാസ് കോളേജിൽ ഹിന്ദി പ്രൊഫസറും പ്രിൻസിപ്പലുമായിരുന്ന ഡോ. ഗീത അത് ഹിന്ദിയിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്. ആറു മാസമേ അവർക്ക് അതിനായി വ്യയം ചെയ്യേണ്ടിവന്നുള്ളൂ. ഇംഗ്ലീഷിലേക്ക് അത് വിവർത്തനം ചെയ്യാൻ ഈയിടെ ഞാൻ തന്നെ ഇറങ്ങിപ്പുറപ്പെട്ടു. അങ്ങനെയൊരു സാഹസം ചെയ്തുവച്ചിട്ടുണ്ട്.
ചെറുകാട്
‘ഭാരതസ്ത്രീ' എന്ന പുസ്തകത്തിന്റെ ശീർഷകത്തിൽ പ്രാചീന ഭാരതീയ സാഹിത്യത്തിൽ എന്നും കൂടി ഉപശീർഷകമായി ഉണ്ടായിരുന്നു. സാഹിത്യത്തിലെ ചിത്രീകരണമല്ലാതെ ചരിത്രത്തിലെ ജീവിച്ചിരുന്ന സ്ത്രീകളെപ്പറ്റി ആ പുസ്തകത്തിൽ പ്രതിപാദിച്ചിട്ടില്ല. വേദങ്ങൾ, ഉപനിഷത്തുകൾ, ശ്രുതി‐സ്മൃതികൾ, ഇതിഹാസങ്ങൾ, കാവ്യങ്ങൾ, നാടകങ്ങൾ എന്നിവയാണ് ആധാരമാക്കിയിട്ടുള്ളത്. ബിർളാ ഫൗേണ്ടഷൻ താരതമ്യാത്മക സാഹിത്യപഠനത്തിന് നൽകുന്ന ഫെല്ലോഷിപ്പിന്റെ ആഭിമുഖ്യത്തിലാണ് ആ ഉദ്യമം ഏറ്റെടുത്തെന്നതിനാൽ, സംസ്കൃത സാഹിത്യത്തിലെ ആ സ്ത്രീകഥാപാത്രങ്ങൾ മലയാളത്തിലെ വിവിധ സാഹിത്യ ശാഖകളിലെ പ്രകാരം ചിത്രീകരിക്കപ്പെട്ടിരിക്കുന്നു എന്ന തുലനാത്മക പഠനം ഉൾപ്പെടുത്തി. രണ്ടും ചേർന്നപ്പോൾ കൃതി വളരെ വിപുലമായി. അത്ര വിപുലമായ ഒരു വൈജ്ഞാനിക ഗ്രന്ഥത്തോട് സ്വാഭാവികമായി പ്രസാധകർക്ക് താൽപ്പര്യമുണ്ടാവില്ലല്ലോ. അതിലെ ‘ഇതിഹാസങ്ങളിലെ കഥാപാത്രങ്ങൾ' ഗുരുവായൂർ ക്ഷേത്രത്തിന്റെ ‘ഭക്തപ്രിയ'യെന്ന മാസികയിൽ പ്രസിദ്ധപ്പെടുത്തിയിരുന്നു. പുസ്തകം പ്രസിദ്ധപ്പെടുത്താൻ ദേവസ്വം സന്നദ്ധമായി. വളരെ ചുരുങ്ങിയ വിലയ്ക്ക് (300 രൂപ) ആയിരം പേജുള്ള പുസ്തകം അവർ വിൽക്കുന്നു. ക്ഷേത്രത്തിൽ വരുന്നവർ ദേവനെ ദർശിക്കാനാണ്, പുസ്തകശാല സന്ദർശിക്കാനല്ല വരുന്നത്. അതിനാൽ വില കുറവായിട്ടും വിൽപ്പനയും കുറവുതന്നെ. ആ പുസ്തകം അർഹിക്കും പോലെ ശ്രദ്ധിക്കപ്പെടില്ല എന്ന തോന്നൽ എനിക്കുമുണ്ട്.
? ടീച്ചർ ഒരു കവി കൂടിയാണെന്ന് അധികം പേർക്ക് അറിയാനിടയില്ല. കവിതയെഴുത്തിനെക്കുറിച്ച് എന്താണ് പറയാനുള്ളത്.
= ‘കവിത' എന്നല്ല പദ്യകൃതികൾ എന്നാണ് എല്ലാം കൂടിയുള്ള പുസ്തകത്തിന് ഞാൻ ശീർഷകം കൊടുത്തത്. അവയിൽ ചിലതിലെ വിഷയം ‘എരിയുന്ന കുഞ്ഞുങ്ങൾ കരിയുന്ന സ്ത്രീകൾ' എന്നൊരു ലേഖനസമാഹാരത്തിൽ പ്രതിപാദ്യമായി മുമ്പ് വന്നിട്ടുണ്ട്. കുട്ടിക്കാലത്ത് പദ്യങ്ങളെഴുതിയിരുന്നു. പിന്നീട്, കവിതയിൽ മികച്ചവ വായിച്ചതിനുശേഷം അത് എന്റെ വഴിയല്ല എന്നു തോന്നിയപ്പോൾ നിർത്തി. ഏറെക്കാലത്തിനുശേഷമാണ് ഒരു കുടിയൊഴിക്കൽ പ്രശ്നത്തിലുൾപ്പെട്ട് മനം നീറിപ്പൊരിഞ്ഞപ്പോൾ പഴയൊരു സംഭവത്തെ ആസ്പദമാക്കി ‘കുടിയൊഴിക്കൽ' എന്ന പദ്യമെഴുതിയത്. പലരും പറഞ്ഞു അത് നല്ല കവിതയാണെന്ന്. പിന്നീട് ബാലവേലയെന്ന മനം പൊള്ളിക്കുന്ന വിഷയത്തെപ്പറ്റി എഴുതി. അത് അപ്രകാരം രൂപപ്പെട്ടത്. ഉള്ളിൽ നിന്നുള്ള തള്ളൽ കൊണ്ടുതന്നെ. അതുപോലെ ‘അശ്രുപൂജ' എന്ന വിലാപകൃതി രചിച്ചതും ശോകത്തിന്റെ ഒരു കവിഞ്ഞൊഴുക്ക് ആയിട്ടാണ്. എല്ലാംകൂടി ഒരു പുസ്തകമാക്കിയത് ലിപി പബ്ലിക്കേഷൻസ്. കവിതയാണെന്നു ചിലർ പറഞ്ഞു. (‘എവിടെ ഒളിപ്പിച്ചിരിക്കുന്നു ഈ സിദ്ധി' എന്ന ഗുപ്തൻനായർ സാർ എഴുതി അയച്ചതു കൈയിലുണ്ട്.) എങ്കിലും കവിത എന്നൊന്നും ഞാൻ അവകാശപ്പെടുന്നില്ല. പക്ഷേ തൊണ്ണൂറ്റഞ്ച് പിന്നിട്ടതിനു ശേഷവും ‘വൃത്തേസ്ഥിത'മായ ചിലത് ഉണ്ടായി. അങ്ങനെ മുമ്പുണ്ടായിട്ടുേണ്ടാ മലയാളത്തിൽ എന്ന് സന്ദേഹമുണ്ട്. പ്രൊഫ. എൻ ഡി കൃഷ്ണനുണ്ണിയുടെ പ്രയത്നത്താൽ പ്രസിദ്ധപ്പെടുത്തിയിരുന്ന അക്ഷരശ്ലോക സമിതിയുടെ മാസികയിലെ പുറംചട്ടയിൽ ഉള്ള മുഖചിത്രങ്ങളിൽ എന്റെ മുഖവും ഉൾപ്പെടുത്തിയിരിക്കുന്നതായി കാണുന്നു. അതു കവിതാരചനയുടെ പേരിലാവാൻ തരമില്ല. കവിതാരസാസ്വാദനത്തിന്റെ പേരിലായിരിക്കണം.
ഇടശ്ശേരി
? ടീച്ചർ ഇടതുപക്ഷത്തെക്കുറിച്ച് പറഞ്ഞു. ടീച്ചറുടെ പക്ഷം എന്താണ്. ടീച്ചർക്കൊരു ഇടതുചായ്വ് തോന്നാറുണ്ട്...
= ഞാൻ ഇടതുപക്ഷ ചായ്വുള്ള ആളാണ്. പക്ഷേ, ചില വൈരുധ്യങ്ങൾ കാണുമ്പോൾ തുറന്നുപറയാതിരിക്കാനും വയ്യ. അങ്ങനെ രണ്ടു പക്ഷത്തുമില്ല എന്ന അവസ്ഥയാണ്. എന്റെ അമ്മ എന്നെ കമ്യൂണിസ്റ്റ് എന്നാണ് വിളിക്കാറ്. ഒരിക്കൽ ഞങ്ങളുടെ വീട്ടിൽ നക്സൽ മോഡലിൽ ഒരു കൊള്ള നടന്നു. അമ്മ കോൺഗ്രസിലെ മെമ്പറായിരുന്നതാണ് കാരണം. അന്ന് ഹോം മിനിസ്റ്റർ കരുണാകരനും ചീഫ് മിനിസ്റ്റർ അച്യുതമേനോനുമാണ്. അമ്മ കോൺഗ്രസിനുവേണ്ടി ആത്മാർഥമായി പ്രവർത്തിക്കുന്ന കാലം. അങ്ങനെ അമ്മ ഈ കേസിന്റെ കാര്യം പറഞ്ഞ് ലീഡർ കരുണാകരനെ കാണാൻ പോയി. സ്വാഭാവികമായും അമ്മ പ്രതീക്ഷിച്ചു, അദ്ദേഹം ശ്രദ്ധിക്കുമെന്ന്. പക്ഷേ, അദ്ദേഹം ഒന്നും ചെയ്തില്ല. അപ്പോൾ അമ്മ എന്നോട് പറഞ്ഞു, നീ കമ്യൂണിസ്റ്റുകാരിയല്ലേ, നീ മുഖ്യമന്ത്രി അച്യുതമേനോനെ പോയി കാണ് എന്ന്. പക്ഷേ, എനിക്ക് അച്യുതമേനോനെ കാണാനും പറയാനുമൊക്കെ വളരെ സങ്കോചമുണ്ട്. അമ്മയുടെ നിർബന്ധം സഹിക്കവയ്യാതായപ്പോൾ, അച്യുതമേനോന്റെ സെക്രട്ടറി കെ ഗോവിന്ദപ്പിള്ളയെ കണ്ടു. അദ്ദേഹം എന്റെ അടുത്ത സുഹൃത്ത് സുഭദ്രയുടെ ഭർത്താവാണ്. അദ്ദേഹത്തിനോട് ഞാൻ ചോദിച്ചു, ഒന്നു കാണാൻ സൗകര്യപ്പെടുത്താമോ എന്ന്. എറണാകുളം ഗസ്റ്റ് ഹൗസിൽവച്ച് കാണാമെന്ന് അദ്ദേഹം പറഞ്ഞു. അങ്ങനെ അദ്ദേഹത്തെ കണ്ട് ഞാനീ കഥ പറഞ്ഞു, വീട്ടിൽ ഉണ്ടായ സംഭവം മുഴുവൻ അദ്ദേഹം കേട്ടുകൊണ്ടിരുന്നു എന്നല്ലാതെ ഒരക്ഷരം മറുപടി പറഞ്ഞില്ല. എനിക്കു തോന്നി വേണ്ടായിരുന്നു എന്ന്. പക്ഷേ, പിറ്റേദിവസം ക്രൈംബ്രാഞ്ചിലേക്ക് അദ്ദേഹം കേസ് ട്രാൻസ്ഫർ ചെയ്തു. ക്രൈംബ്രാഞ്ച് നല്ലവണ്ണം ഇൻവെസ്റ്റിഗേറ്റ് ചെയ്തു കൾപ്രിറ്റിനെ കണ്ടെത്തി അറസ്റ്റുചെയ്തു. അങ്ങനെയുള്ള വ്യക്തിപരമായ ഒരു അനുഭവം ഉണ്ട്. ആ സമയത്ത്, അമ്മ കോൺഗ്രസിനുവേണ്ടി പ്രവർത്തിച്ചിട്ടുപോലും കോൺഗ്രസ് ഇങ്ങനെ ഒരു ഘട്ടത്തിൽ ഒരുതരത്തിലും സഹായിച്ചില്ലല്ലോ എന്നൊരാലോചന ഉണ്ടായി. നേരേമറിച്ച് ഇടതുപക്ഷത്തുള്ള അച്യുതമേനോനുമായിട്ട് എനിക്കൊരു ബന്ധവുമില്ലായിരുന്നു. പക്ഷേ, അത് അദ്ദേഹം ഏറ്റെടുത്തു.
? തീവ്രഇടതുപക്ഷത്തെക്കുറിച്ച് ‐ നക്സലിസം, മാവോയിസം‐എന്താണ് ടീച്ചറുടെ അഭിപ്രായം. അതേപ്പറ്റിയും ടീച്ചറൊരിക്കൽ എഴുതിയിട്ടുണ്ടല്ലേ. മാവോയിസത്തെ മുഖ്യധാരാ ഇടതുപക്ഷകക്ഷികൾപോലും തള്ളിപ്പറയുന്ന ഒരു അവസ്ഥയിലേക്ക് വന്നിരിക്കുകയാണ്. പക്ഷേ, ഈ മാവോയിസ്റ്റ് സാന്നിധ്യം ഉണ്ടാകുന്നൊരു സാമൂഹിക പരിസ്ഥിതി എന്തുകൊണ്ട് എന്നൊരു പ്രശ്നമുണ്ട്. ടീച്ചർ എങ്ങനെ നോക്കിക്കാണുന്നു.
= ആദ്യകാലത്ത്, അജിതയൊക്കെ പ്രവർത്തിച്ചിരുന്ന കാലത്ത്, മാർക്സിസ്റ്റുകാർക്ക് എതിർപ്പുണ്ടായിരുന്നു. പക്ഷേ, ഇടപ്പള്ളി പൊലീസ് സ്റ്റേഷൻ ആക്രമണവും മറ്റേ പൊലീസ് സ്റ്റേഷൻ ആക്രമണവും ഒരു നിലയ്ക്ക് ആലോചിച്ചാൽ പാരലലാണ്. രണ്ടും ഫൂൾ ഹാർഡിനസ് ആണ്. രണ്ടും ഒരു ഫലവുമില്ലാത്തതാണ്. പക്ഷേ രണ്ടിനും സമാനതയുണ്ട്. തങ്ങളുടെ പൂർവചരിത്രം ഓർമയുെണ്ടങ്കിൽ ഇത്തരത്തിലുള്ള സംഭവപരിണാമത്തിനോട് അവർക്കൊരു ആത്മീയമായിട്ടുള്ള കൂറെങ്കിലും വേണം. പക്ഷേ, അടിച്ചമർത്തലാണ് നടന്നത്. ഇപ്പോഴും അതാണ് സ്ഥിതി. ഈ മാവോയിസത്തിനോട് എനിക്ക് യാതൊരു തരത്തിലുള്ള യോജിപ്പുമില്ല. തലവെട്ടി പ്രസ്ഥാനമാണ്, കുറച്ച് ധനികന്മാരെ കൊന്നതുകൊെണ്ടാന്നും വിപ്ലവം ഉണ്ടാകാൻ പോകുന്നില്ല. അപ്പോൾ നിഷ്ഫലമാണ് അവരുടെ ഈ പ്രയത്നം. എത്രയോ ആളുകൾ ഇതിനുവേണ്ടി അവരുടെ ജീവിതം ഹോമിക്കുകയാണല്ലോ എന്നോർത്ത് വ്യഥിതയാണ് ഞാൻ. പക്ഷേ, അവരെ ഉണ്ടാക്കിത്തീർക്കുകയാണ്. മാവോയിസ്റ്റുകൾ ഉണ്ടാവുകയല്ല. അവരെ ഉണ്ടാക്കുകയാണ്. ആദിവാസി മേഖലകളിലെ ഖനി പ്രശ്നങ്ങളുണ്ടല്ലോ... അവിടെ മുതലാളിമാർക്ക് ഖനനം ചെയ്യാനുള്ള എല്ലാ സൗകര്യങ്ങളും ഗവണ്മെന്റ് ഉണ്ടാക്കിക്കൊടുക്കുകയാണ്. ആദിവാസി ജീവിതങ്ങളെപ്പറ്റി തീരെ ആലോചിക്കാതെയാണിത്. സ്വാഭാവികമായും ആദിവാസികളിലേക്ക് എത്തുന്ന മാവോയിസ്റ്റുകളോട് അവർക്ക് താൽപ്പര്യമുണ്ടാകും. ആ താൽപ്പര്യത്തിനെ മുതലെടുത്ത് വിപ്ലവം കൊണ്ടുവരാൻ പറ്റും എന്ന മിഥ്യാധാരണയോടെ പ്രവർത്തിക്കുകയാണ്. മുതലാളിമാരുടെ താൽപ്പര്യങ്ങൾക്ക് അനുകൂലമായി ഗവൺമെന്റ് നിന്നില്ലായിരുന്നെങ്കിൽ നക്സലിസം ഉണ്ടാകുമായിരുന്നില്ല. അതുകൊണ്ട്, മാവോയിസത്തെ എതിരിടേണ്ടത് അവരെ കുറച്ചുപേരെ കൊല്ലുന്നതിലൂടെയല്ലാ, അതിന്റെ സോഴ്സിലാണ് കുഴപ്പമിരിക്കുന്നത്.
? അങ്ങനെ പറയുന്ന സമയത്ത് സമത്വം എന്ന് പറയുന്നൊരു സങ്കൽപ്പമുണ്ടല്ലോ. മനുഷ്യന്റെ അടിസ്ഥാനപരമായ മുന്നോട്ടുപോക്ക് ജനാധിപത്യം വളരണം, സമത്വമായൊരു സാമൂഹ്യവസ്ഥയുണ്ടാകണം എന്നുള്ള രീതിയിലാണ്. അതിനെ ടീച്ചറെങ്ങനെയാണ് നോക്കിക്കാണുന്നത്. അതിന്റെ അവസ്ഥയെന്താണ്.
= അതിന് രണ്ട് വശമില്ല. സാമൂഹിക വ്യവസ്ഥിതിയിൽ സമത്വം ഉണ്ടാവണമെന്നതിനെ നിഷേധിക്കുന്ന ഒരു പ്രശ്നമേയില്ല. പക്ഷേ, സമത്വം എങ്ങനെ കൊണ്ടുവരും എന്നതിനെക്കുറിച്ചുള്ളതാണ് പ്രശ്നങ്ങൾ. ഇന്ന്, ലോകത്തേറ്റവും ധനികരായ മുതലാളിമാരിൽ ചിലർ കേരളത്തിലുള്ളവരാണ്. ഇന്ത്യയിലെ ഈ കോടീശ്വരന്മാർ ലോകത്തിലെ ശതകോടീശ്വരന്മാരോടൊപ്പമെത്താൻ മത്സരിക്കുന്നു. അങ്ങനെയുള്ളവരുടെ പാദസേവ രാഷ്‌ട്രീയക്കാർ ചെയ്യുന്നു. അവരെ സംരക്ഷിക്കാൻവേണ്ടി നമ്മുടെ രാഷ്‌ട്രീയ താൽപ്പര്യങ്ങൾപോലും ബലികൊടുക്കുന്നു. ഈ കോടീശ്വരന്മാർക്ക് കോടിക്കണക്കിനുള്ള കടം ഇളവുചെയ്തുകൊടുക്കുന്നു. നേരേമറിച്ച്, കർഷകരുടെ കാർഷിക കടങ്ങൾക്ക് ഇളവുനൽകാതെ അവരെ ആത്മഹത്യയിലേക്ക് നയിക്കുന്നു. ഈ വൈരുധ്യം നിലനിൽക്കുമ്പോൾ, ഈ വൈരുധ്യത്തിന്റെ ഉപജ്ഞാതാക്കളെ നമ്മൾ ആരാധിക്കാൻ പുറപ്പെടുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണ്?
? ടീച്ചറുടെ രാഷ്‌ട്രീയം ചിലപ്പോഴൊക്കെ തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ട്. ഹിന്ദുത്വ രാഷ്‌ട്രീയശക്തികൾ അവരുടെ ചില സാംസ്കാരിക സംഘടനയുടെ ഭാരവാഹിത്വത്തിൽ ടീച്ചറുടെ പേർ എഴുതിക്കണ്ടിട്ടുണ്ട്. ഹിന്ദുത്വ രാഷ്‌ട്രീയത്തോടുള്ള നിലപാട് ഒന്നു വ്യക്തമാക്കാമോ.
= ഞാൻ ഒരു രാഷ്‌ട്രീയ പാർടിയുടെയും അംഗമല്ല. പിൻഗാമിയുമല്ല. ഹിന്ദുത്വ രാഷ്‌ട്രീയക്കാർക്ക് അനുകൂലമായി ഒന്നും എഴുതിയിട്ടില്ല; സംസാരിച്ചിട്ടില്ല. അവർ ‘ഭാരവാഹി'യായി എന്നെ ഉൾപ്പെടുത്തിയതായ ഒരു പ്രസ്താവനയും ഞാൻ കണ്ടിട്ടുമില്ല. അങ്ങനെയൊന്നുണ്ടെന്ന് ഇപ്പോഴാണറിയുന്നത്. ഭാരതസംസ്കാരം ബഹുത്വത്തെ (Plurality) അംഗീകരിക്കുന്ന ഒന്നാണെന്നാണ് എന്റെ അറിവ്. ‘ഹിന്ദു' എന്ന പദം തന്നെ വളരെ അടുത്ത കാലത്ത് രൂപപ്പെട്ട ഒന്നാണ്. രാമന്റെ ആരാധകർ, സാക്ഷാൽ ശ്രീരാമൻ എപ്പോഴെങ്കിലും സ്വയം ഹിന്ദുവെന്ന് വിശേഷിപ്പിക്കുന്നുണ്ടോ എന്ന് ആലോചിക്കേണ്ടതുണ്ട്. ശ്രീരാമന്റെ കാലത്ത് വർണവിവേചനം പോലും ഇല്ല. ശംബൂക കഥ പ്രക്ഷേപിച്ചത് തന്നെ അതിനു തെളിവാണ്. രാമായണത്തിലെ ശുനകകഥ, അതിനെ പ്രക്ഷിപ്തമാക്കിയത് ബ്രാഹ്മണർ തന്നെയായിരിക്കണം.
മതരാഷ്‌ട്രീയം ഭാരതത്തിൽ നിന്ന് ഒഴിയുമ്പോഴേ യഥാർഥ ഭാരതീയ സംസ്കാരം പുലരൂ എന്നാണെന്റെ പക്ഷം. ഹിന്ദുമതമായാലും ഇസ്ലാം മതമായാലും ക്രിസ്തുമതമായാലും അതിൽനിന്ന് പ്രസരിക്കുന്നത് അന്യമതവിദ്വേഷമാണെങ്കിൽ അത് മതപരതയല്ല മതശാഠ്യമാണ് (Fundamentalism). ഫണ്ടമെന്റലിസത്തെ എന്റെ അന്തഃകരണത്തിലുള്ള മുഴുവൻ ശക്തിയോടെ ഞാൻ എതിർക്കുന്നു.
? മുൻകാലങ്ങളിൽ ഇന്ത്യൻ ഭരണകൂടങ്ങൾ ഉറപ്പായും സെക്കുലറായിരുന്നു എന്ന് തോന്നുന്നു...
= ഇന്ദിരാഗാന്ധിയുടെ ജീവിതചരിത്രം ഞാൻ എഴുതിയിട്ടുണ്ട്. നെഹ്റു കുടുംബം എക്കാലത്തും സെക്കുലറിസത്തിന്റെ കൂടെ നിന്നുപോന്നു. ഓപറേഷൻ ബ്ലൂസ്റ്റാറിനുശേഷം ഇന്ദിരാഗാന്ധിയുടെ പേഴ്‌സണൽ സെക്യൂരിക്ക് ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥർ, സിക്ക് വംശജരെ അവരുടെ അംഗരക്ഷകരായി തുടരുന്നത് നിർത്തണമെന്നു നിശ്ചയിച്ചു. പക്ഷെ ഇന്ദിരാഗാന്ധി അനുവദിച്ചില്ല. ബിയാന്ത് സിങ്ങിനെ മാറ്റണമെന്ന് നിർദേശിക്കുന്ന ഫയലിനു പുറത്ത് അവർ ഇങ്ങനെ എഴുതി‐ ‘Are’nt we secular?' ബിയാന്ത് സിങ്ങിനെ ബോഡി ഗാർഡായി തുടരാൻ അനുവദിക്കുകയും ചെയ്തു. സെക്കുലറിസം സ്വന്തം ജീവിതരക്ഷണത്തേക്കാൾ വലുതാണെന്ന വിശ്വാസത്തിന്റെ പേരിലാണ് ഞാൻ അവരെ ആരാധിക്കുന്നതും അവരുടെ ജീവിത ചരിത്രമെഴുതിയതും.
ലീലാവതി ടീച്ചർ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കുമൊപ്പം
അടിയന്തരാവസ്ഥാ പ്രഖ്യാപനം ഇന്ദിരാഗാന്ധിയുടെ ഭരണത്തിൽ ഉണ്ടായിപ്പോയ ഒരു വലിയ അബദ്ധമാണ്. പക്ഷേ, അതിലേക്കും അവർക്കുവേണ്ട ഉപദേശം നൽകിയ പുരുഷന്മാരാണ് അതിന് ഉത്തരവാദപ്പെട്ടവർ. അതിനുപുറമെ, ജയപ്രകാശ് നാരായണനും മൊറാർജി ദേശായിയും ഉൾപ്പെടെയുള്ളവർ അവരെ അതിലേക്ക് തള്ളിവിട്ടവരാണ്. അലഹബാദ് ഹൈക്കോടതിയുടെ വിധിയിൽ സുപ്രീം കോടതിയുടെ സമക്ഷത്തിൽ അപ്പീൽ പോകാൻ അനുവദിക്കപ്പെട്ടിരുന്നു. ജനാധിപത്യ മര്യാദയനുസരിച്ച് സൂപ്രീം കോടതി വിധി വരുന്നതുവരെ കാക്കേണ്ടത് പ്രതിപക്ഷത്തിന്റെ ചുമതലയായിരുന്നു. അതിനുപകരം ഇന്ദിരാ ഗാന്ധിയെ പുറത്തിറങ്ങാനനുവദിക്കില്ലെന്നും, രാജിവയ്‌ക്കും വരെ അവരെ തടങ്കലിലിടുമെന്നും പ്രഖ്യാപിക്കുകയും സൈന്യത്തോട് ഇന്ദിരാഗാന്ധിയെ പുറത്താക്കാൻ ആഹ്വാനം ചെയ്യുകയുമാണുണ്ടായത്. ഇന്ദിരാഗാന്ധി 75 ആഗസ്‌തിൽ (സ്വാതന്ത്ര്യ ദിനത്തിൽ) അടിയന്തരാവസ്ഥ പിൻവലിക്കുവാൻ തീരുമാനമെടുത്തിരുന്നു. ബംഗ്ലാദേശിൽ മുജീബുർ റഹ്‌മാനെ വധിച്ച വാർത്തയായിരുന്നു ആ പ്രഖ്യാപനത്തിൽനിന്ന് അവരെ അന്ന് പിന്തിരിപ്പിച്ചത്.
ഈശ്വർ, അള്ളാ എന്നിവ ഈശ്വരനാമങ്ങളാണെന്നു ദിവസേന പാടുകയും തന്റെ പ്രാർഥനാ സദസ്സിൽ മറ്റുള്ളവരെക്കൊണ്ട് പാടിക്കുകയും ചെയ്ത മഹാത്മാഗാന്ധിയുടെയും ഹിന്ദു‐മുസ്ലീം മൈത്രിക്കുവേണ്ടി നിലകൊണ്ട ജവാഹർലാൽ നെഹ്റുവിന്റെയും അബുൾകലാം ആസാദിന്റെയും വിശ്വാസപ്രമാണങ്ങളെ പിൻചെല്ലുന്ന ഒരുവളാണ് ഞാൻ. ഞാനെഴുതിയ മറ്റൊരു ജീവിതചരിത്രം അബുൾകലാം ആസാദിന്റേതാണ്. ഈ പൂർവചരിത്രമുള്ള ഞാൻ ഹിന്ദുത്വവാദിയായി മാറുമെന്നോ ഇന്ത്യ ഹിന്ദുരാഷ്‌ട്രമാവണമെന്ന് ഇച്ഛിക്കുകയോ ചെയ്യാനിടയുണ്ടെന്ന് കരുതുന്നുണ്ടോ?
‘ആനോ ഭദ്രാ: ക്രതവോ യന്തുവിശ്വത:' (വിശ്വത്തിന്റെ നാനാഭാഗത്തുനിന്നും ക്രതുക്കൾ / യജ്ഞങ്ങൾ / നല്ല ചിന്തകൾ ഇങ്ങോട്ട് എത്തിച്ചേരട്ടെ) എന്ന് ലോകമൊട്ടാകെ മുഴങ്ങത്തക്കവണ്ണം ആഹ്വാനം ചെയ്തു, വൈദികകാലഘട്ടത്തിലെ ഋഷികൾ. ആ വൈദികസംസ്കാരം ‘ഏകം സത് വിപ്രാ ബഹുധാ വദന്തി' (സത്യം ഒന്നു മാത്രം; അറിവാളർ പലതായി പറയുന്നു.) എന്ന തത്വത്തെ അംഗീകരിച്ചിരുന്നു .(തുടരും)










0 comments