വാക്കുരുക്കം
കാലമേറെ കടന്നുപോയി എന്നതുകൊണ്ട് ആരും കാരുണ്യമർഹിക്കുന്നില്ല

എൻ ഇ സുധീർ
Published on Sep 16, 2025, 02:44 PM | 6 min read
ലോകം മേരി റോയിയെ വായിക്കുകയാണ്, അരുന്ധതി റോയ് എഴുതിയ ‘Mother Mary Comes To Me’ എന്ന പുസ്‌തകത്തിലൂടെ. അനുഭവങ്ങളുടെ അശാന്തിയിൽ നീറി ഓർമകളെ വിചാരണ ചെയ്യുകയാണ് അവരതിൽ.
അമ്മയെക്കുറിച്ചുള്ള അരുന്ധതി റോയിയുടെ ഓർമപ്പുസ്‌തകത്തിന്റെ ആദ്യ ഭാഗത്ത് അമ്മയോടൊത്തുള്ള ഒരു രംഗം അവരിങ്ങനെ രേഖപ്പെടുത്തുന്നു: “പുസ്‌തകം (‘ഗോഡ് ഓഫ് സ്മോൾ തിങ്‌സ്’) പുറത്തുവന്നപ്പോൾ അവർ (അമ്മ) പേടിച്ചിരുന്നു, എന്തൊക്കെ രഹസ്യങ്ങളായിരിക്കും അത് തുറന്നുവിടുക എന്നോർത്ത്. ഒരു കരുതലെന്നവണ്ണം അവർ ആ ദിവസങ്ങളിൽ ആശുപത്രിയിൽ അഡ്മിറ്റായി. അവിടെയിരുന്ന് അവരത് ധൃതിയിൽ വായിച്ച് അത്ര വലിയ തുറന്നെഴുത്തൊന്നുമില്ലെന്ന് മനസ്സിലാക്കി ആശ്വസിച്ചു. ഇതിനെപ്പറ്റി കേൾക്കുന്ന ബഹളമൊക്കെ എന്തിനാണെന്ന് മനസ്സിലാവുന്നില്ലെന്ന് പോലും അഭിപ്രായപ്പെട്ടു. എന്നിട്ടവരത് ശ്രദ്ധയോടെ പഠിച്ചു. മൂന്നാമത്തെയോ നാലാമത്തെയോ വായനയ്‌ക്കു ശേഷം എന്നെ കിടയ്‌ക്കക്കരികിലേക്ക് വിളിപ്പിച്ചു. അപ്പോഴേക്കും അവർ വീട്ടിൽ തിരിച്ചെത്തിയിരുന്നു. അത് നല്ല തെളിച്ചമുള്ളൊരു വൈകുന്നേരമായിരുന്നു. കർട്ടന്റെ ഇടയിലൂടെ സായാഹ്നച്ചുവപ്പ് മുറിയിലേക്ക് വന്നുകൊണ്ടിരുന്നു. അവർ കണ്ണടച്ച് കിടക്കുകയായിരുന്നു. പുസ്‌തകം നല്ലതാണെന്ന് അവർ പറഞ്ഞു. നന്നായെഴുതിയിട്ടുണ്ട്. അതിലെ ഒരു ഭാഗത്തെക്കുറിച്ചാണ് അവർക്ക് അറിയേണ്ടിയിരുന്നത്. അമ്മുവിന്റെ ഏഴുവയസ്സുമാത്രം പ്രായമുള്ള ഇരട്ടക്കുട്ടികൾ - എസ്‌തയും റാഹേലും - അവരുടെ അച്ഛനമ്മമാരുടെ വഴക്കിനെക്കുറിച്ച് ഓർക്കുന്ന ഭാഗം. അച്ഛനും അമ്മയും രാക്ഷസീയമായ രൂപം പൂണ്ട് കുട്ടികളെ പരസ്‌പരം തള്ളിമാറ്റി ‘നീയിവരെ എടുത്തോ, എനിക്കിവരെ വേണ്ടാ’ എന്ന് രണ്ടാളും പറയുന്ന ഭാഗം.
അരുന്ധതി റോയ്
ഫോട്ടോ: മായങ്ക് ഓസ്റ്റൻ സൂഫി
‘ഇതാരാണ് നിന്നോട് പറഞ്ഞത്? ഇതൊന്നും ഓർമിക്കാൻ പറ്റാത്തത്ര കുഞ്ഞായിരുന്നല്ലോ നീയപ്പോൾ.’
‘ഇത് ഫിക്ഷനാണ്.’
‘അല്ല, അത് ഫിക്ഷനല്ല.’
എന്നിട്ടവർ ചുമരിനോട് ചേർന്ന് തിരിഞ്ഞുകിടന്നു.
ഇങ്ങനെയൊരോർമയുടെ ഭാരമോ ദുഃഖമോ എനിക്കൊരിക്കലും അനുഭവപ്പെട്ടിരുന്നില്ല. അത് ഫിക്ഷനാണെന്നു തന്നെ ഞാൻ വിശ്വസിച്ചു. നമ്മളിൽ മിക്കവരും ജീവിക്കുന്നത് ഓർമയും ഭാവനയും ചേർന്ന ഒരു മിശ്രിതം ശ്വസിച്ചുകൊണ്ടാണെന്ന് ഞാനാ ദിവസം മനസ്സിലാക്കി.”
അരുന്ധതി റോയ് വായനക്കാരോട് പറയുന്നത് തന്റെയീ പുതിയ പുസ്‌തകം നിങ്ങൾക്ക് ഒരു നോവലുപോലെയും വായിക്കാം എന്നാണ്. ഇതിനെപ്പറ്റി വലിയ അവകാശവാദമൊന്നും അവരുന്നയിക്കുന്നില്ല. തുടർന്ന് നോവലിനെക്കുറിച്ചുള്ള മൗലികമായ ചില നിരീക്ഷണങ്ങൾ ആ ഭാഗത്ത് നടത്തുന്നു: “ഫിക്ഷൻ ഏറെ വിചിത്രമാണ്, ആ പുകഞ്ഞുകൊണ്ടിരിക്കുന്നത് എഴുത്തുകാർക്ക് പൂർണമായും സ്വന്തമെന്ന് അവകാശപ്പെടാൻ ആവുന്ന ഒന്നല്ല, അവർ അങ്ങനെ കരുതുന്നുണ്ടെങ്കിലും. എവിടെനിന്നാണത് വരുന്നത്? നമ്മുടെ ഭൂതകാലം, നമ്മുടെ വർത്തമാനം, നമ്മുടെ വായന, നമ്മുടെ ഭാവന? അതെ. എന്നാൽ ചിലപ്പോഴെങ്കിലും ഭാവിയെക്കുറിച്ചുള്ള നമ്മുടെ ആധികളിൽ നിന്നുമായേക്കാം?”
അരുന്ധതിയുടെ ‘Mother Mary Comes To Me ’എന്ന പുസ്‌തകം വായിച്ചവസാനിപ്പിക്കുമ്പോൾ ഇതൊരു ആത്മകഥയാണോ അതോ ഓട്ടോ ഫിക്ഷനാണോ എന്ന ചോദ്യം എന്നിലവശേഷിച്ചു. അവരുടെ ഭാവനയിൽ നിറഞ്ഞ ഓർമകളാണ് ഇതെന്നു പറയാം. മറിച്ച് ഓർമയിൽ പൂവിട്ട ഭാവനയെന്നും.

അരുന്ധതി റോയ് അവതരിപ്പിക്കുന്ന ജീവിതക്കാഴ്‌ച വായനക്കാരെ ഞെട്ടിക്കും, അസ്വസ്ഥരാക്കും. അമ്മയും മകളും തമ്മിലുള്ള ബന്ധം അടയാളപ്പെടുത്തുക എന്നതിലുപരി രണ്ടു വ്യക്തികൾ തമ്മിലുണ്ടായേക്കാവുന്ന വ്യത്യസ്‌തമായ അനുഭവതലങ്ങളെ വളരെ സൂക്ഷ്മമായി മനസ്സിലാക്കാനാണ് അവർ ഈ രചനയിൽ ശ്രമിച്ചിരിക്കുന്നത്. ഇനി ഒന്നും മറച്ചുവയ്‌ക്കുന്നില്ല. അമ്മ 2022 സെപ്‌തംബർ ഒന്നിന് വിട്ടുപിരിഞ്ഞു. അവർ മകളുടെ നോവലിൽ ഭയപ്പാടോടെ അന്വേഷിച്ചതെല്ലാം ഇതിൽ മകൾ തുറന്നെഴുതിയിരിക്കുന്നു. അമ്മയെക്കുറിച്ചുള്ള വേദനിപ്പിക്കുന്ന ഓർമകളിൽ നിന്ന്, ഭയത്തിൽ നിന്ന് മുക്തയാകാനുള്ള ഒരു ശ്രമം എന്നുതന്നെ വിശേഷിപ്പിക്കാം. ആ മോചനത്തിനായുള്ള യാത്ര തുടങ്ങിയിട്ട് വർഷങ്ങൾ ഏറെയായി. 1976‐ൽ ബാഗിൽ ഒരു കത്തിയുമായി കോട്ടയം വിട്ടതാണ്. ഡൽഹിയിൽ വണ്ടിയിറങ്ങുമ്പോൾ കയ്യിൽ ഒന്നുമുണ്ടായിരുന്നില്ല, ബാഗിലെ കത്തിയും കൈവിരലിലെ മോതിരവുമല്ലാതെ. പിന്നീടവർ പലതുമായി. ‘ഗോഡ് ഓഫ് സ്മാൾ തിങ്‌സ്’ എന്ന നോവലെഴുതി. ബുക്കർ പുരസ്‌കാരം നേടുന്ന ആദ്യ ഇന്ത്യക്കാരിയായി. ലോകം ശ്രദ്ധിക്കുന്ന എഴുത്തുകാരിയായി. പെൻ പിന്റർ ഉൾപ്പെടെയുള്ള ലോകാംഗീകാരങ്ങൾ അവരെത്തേടിയെത്തി, ‘എൻഡ് ഓഫ് ഇമാജിനേഷൻ’ എന്ന ലേഖനമെഴുതി തുടക്കം കുറിച്ച പ്രബന്ധങ്ങളിലൂടെ. അധികാരിവർഗത്തിന്റെ കണ്ണിലെ കരടയായി. അവരെഴുതിയതെല്ലാം ലോകസാഹിത്യത്തിന്റെ ഭാഗമായി. അവരുടെ രാഷ്‌ട്രീയം വേറിട്ടതായി. നീതിയ്‌ക്കുവേണ്ടിയുള്ള പോരാട്ടത്തിൽ അവർ ഉറച്ചുനിന്നു. ഫാസിസ്റ്റുകളുടെ കണ്ണിൽ അവർ രാജ്യദ്രോഹിയായി. ഇതെല്ലാം അരുന്ധതി ഒറ്റയ്‌ക്ക് കയറിയ പടവുകളാണ്. ആ യാത്രയ്‌ക്കു മുന്നിൽ അത്ഭുതാദരങ്ങളോടെ നോക്കി നിൽക്കാനേ വായനക്കർക്ക് കഴിയൂ.
ഇന്നിപ്പോൾ അമ്മ മേരി റോയിയുടെ കഥ നമ്മളോടൊപ്പം വായിക്കുന്നത് ലോകമെമ്പാടുമുള്ള വായനക്കാരാണ്. വിഖ്യാതമായ പാശ്ചാത്യ മാധ്യമങ്ങളിൽ പുസ്‌തകത്തിന്റെ ഭാഗങ്ങളും റിവ്യൂകളും അഭിമുഖങ്ങളും നിറയുന്നു. ചരിത്രം പകരം വീട്ടുകയായിരുന്നോ? ആദ്യകുട്ടി ജനിച്ച് 9 മാസം കഴിഞ്ഞുണ്ടായ ഗർഭം അലസിപ്പിക്കാൻ മേരി റോയ് ശ്രമിച്ചിരുന്നു. ഭർത്താവ് രാജീബ് റോയിയുമായുള്ള ദാമ്പത്യം തകർന്ന കാലം. അവരുടെ ശ്രമങ്ങൾ ഫലിച്ചില്ല. അവരിഷ്ടപ്പെടാതെയാണെങ്കിലും ആ കുഞ്ഞ് പിറന്നു. അരുന്ധതി റോയ് ആയി വളർന്നു. ഇന്നവർ തന്റെ അമ്മയെ പച്ചയായി ലോകത്തിന്റെ മുന്നിൽ അവതരിപ്പിക്കുന്നു. ഒരുതരം പുനരവതരണം എന്നും വിശേഷിപ്പിക്കാം.
മേരി റോയ് എന്ന അമ്മ പലതുമായിരുന്നു. നല്ലതും ചീത്തയും നിറഞ്ഞ ഒരു സ്‌ത്രീ. അവർ മകളെ എഴുതാൻ പഠിപ്പിച്ചു. എഴുതിത്തുടങ്ങിയപ്പോൾ എഴുത്തിനെതിരെ അലറി. ആ അമ്മ മകളെ സ്വാതന്ത്ര്യത്തെപ്പറ്റി പഠിപ്പിച്ചു. സ്വതന്ത്രയാവാൻ തുടങ്ങിയതോടെ മകളെ കഠിനമായി എതിർത്തു. മകൾ കീഴടങ്ങിയില്ല. എഴുത്തിലും സ്വതന്ത്രചിന്തയിലും അവൾ ലോകനിലവാരം നേടിയെടുത്തു. അമ്മയുടെ മകളാവേണ്ടിയിരുന്നില്ല, വിദ്യാർഥിയായാൽ മതിയായിരുന്നു എന്ന് അരുന്ധതി ഈ പുസ്‌തകത്തിൽ എഴുതിയിട്ടുണ്ട്. അമ്മ സ്‌കൂളിലെ വിദ്യാർഥികൾക്ക് പ്രകാശവും വീട്ടിലെ മക്കളായ എനിക്കും അവനും ഇരുട്ടും നൽകി എന്നവർ അനുഭവങ്ങൾ വിവരിച്ചുകൊണ്ട് കാണിച്ചുതരുന്നു.
തീർച്ചയായും കേരളം ശ്രദ്ധയോടെ നോക്കിക്കണ്ട മികച്ചൊരു വിദ്യാലയം കെട്ടിപ്പടുത്തത് മേരി റോയിയാണ്. ഇന്ത്യയിലെ ശ്രദ്ധേയമായ ഒരു നിയമപോരാട്ടം നടത്തി അനുകൂല വിധി വാങ്ങിയെടുത്തതും മേരി റോയ് ആണ്. എന്നാൽ അവരൊരു നല്ല അമ്മയായില്ല. മക്കളെ സ്‌നേഹിക്കാത്ത, വെറുത്ത അമ്മയായി. അമ്മയാണെന്ന ആനുകൂല്യം അനുവദിക്കാതെ, താനും സഹോദരനും അനുഭവിച്ചറിഞ്ഞ മിസിസ് റോയിയെയാണ് (അങ്ങനെയാണ് അരുന്ധതി അമ്മയെ പുസ്‌തകത്തിൽ അഭിസംബോധന ചെയ്യുന്നത്. സ്‌കൂളിൽ മക്കളും അങ്ങനെയേ വിളിക്കാവൂ എന്ന് അമ്മ നിർബന്ധിച്ചിരുന്നു) ഗ്രന്ഥകാരി നമുക്ക് മുന്നിൽ തുറന്നുവയ്‌ക്കുന്നു. സത്യത്തിൽ അമ്മയോടൊത്തുള്ള ജീവിതത്തിന്റെ ഒരു പോസ്റ്റ്മോർട്ടം വാക്കുകളാൽ നിർവഹിക്കുകയാണ് അരുന്ധതി റോയ്. മേരി റോയ് എന്ന സ്‌ത്രീയുടെ മകൾ എന്നതിൽനിന്ന് വിടുതൽ നേടി അരുന്ധതി റോയ് ആയിത്തീരാൻ നടത്തിയ പോരാട്ടത്തിന്റെ കഥ കൂടിയാണ് ഈ പുസ്‌തകം. അതെഴുതാനുള്ള തയ്യാറെടുപ്പ് കൂടിയായിരുന്നു അവരുടെ ഇത്രയും കാലത്തെ ജീവിതം. ‘Fatherless Motherless Homeless Jobless Reckless’, ‘living on air’’ എന്നാണ് അവർ സ്വയം വിശേഷിപ്പിക്കുന്നത്.
ഈ ഓർമപ്പുസ്‌തകത്തിൽ അമ്മയുടെ ജീവിതചിത്രങ്ങളുണ്ട്, മകളുടെയും. രണ്ടുപേരും സൃഷ്ടിച്ച വ്യത്യസ്‌തമായ ലോകങ്ങളും. അവരതിനായി നടത്തിയ വിചിത്രമായ പോരാട്ടങ്ങളും. എന്നാലിത് ഒരു ജീവിതത്തെയും പൂർണമായി അനാവരണം ചെയ്യുന്നില്ല. അത് ഗ്രന്ഥകാരിയുടെ ലക്ഷ്യവുമല്ലായിരിക്കാം. അവർ വന്ന വഴിയിലൂടെ ഒരിക്കൽകൂടി സഞ്ചരിച്ച് - അതങ്ങ് ‐ മൂന്ന് വയസ്സുമുതൽ ‐ - ചിലതൊക്കെ ചേർത്തുവായിക്കുകയാണ്. കാലം കടന്നുപോയി എന്ന ഒറ്റക്കാര്യം കൊണ്ട് ആരും കാരുണ്യം അർഹിക്കുന്നില്ല എന്ന ബോധ്യമാണ് ഈ തുറന്നെഴുത്തിനെ ഓജസ്സുള്ളതാക്കുന്നത്. അതിനായി മെരുക്കിയെടുത്ത ഭാഷയും ശൈലിയും എല്ലാ വായനക്കാരെയും വിസ്മയിപ്പിക്കുക തന്നെ ചെയ്യും. ഇത് വെറുമൊരു ഓർമയല്ല; ഭാവനാശാലിയായ ഒരു നോവലിസ്റ്റിന്റെ ഓർമപ്പുസ്‌തകമാണ്. ഓരോ പേജിലും ആ മുദ്ര പതിഞ്ഞുകിടപ്പുണ്ട്. അപൂർവം ചില സന്ദർഭങ്ങളിൽ അമ്മയും മകളും ഒരേ ചിന്തയിൽ എത്തിച്ചേരുന്നുണ്ട്. കോടതിയലക്ഷ്യ കേസിന് വിധി പറയുന്ന ദിവസം കോടതിയിലേക്ക് പുറപ്പെടും മുമ്പ് യാത്ര പറയാനായി അരുന്ധതി മിസിസ് റോയിയെ വിളിച്ചു. കൂടിയ ശിക്ഷയായ 6 മാസം തടവാണ് അരുന്ധതി പ്രതീക്ഷിച്ചിരുന്നത്. അതു കേട്ടപ്പോൾ ‘Bye, baby girl’ എന്നാണ് മിസിസ് റോയ് പ്രതികരിച്ചത്. ബുക്കർ പുരസ്‌കാരം നേടുന്നതിനോളം വലുപ്പം ഈ ശിക്ഷയ്‌ക്കും അവർ കൽപ്പിച്ചു. എനിക്കത് അതിനേക്കാളും വലുതായിരുന്നു എന്നാണ് അരുന്ധതി എഴുതിയിരിക്കുന്നത്.
പുസ്‌തകത്തിന്റെ രണ്ടാം പകുതിയിൽ അരുന്ധതി രാഷ്‌ട്രീയം പറയുന്നുണ്ട്. താൻ കണ്ടതും ഇടപെട്ടതുമായ എല്ലാ വിഷയങ്ങളെക്കുറിച്ചും പ്രതിപാദിക്കുന്നു. നർമദാ പ്രശ്നം, മാവോയിസ്റ്റ് വിഷയം, ഗുജറാത്ത് കലാപം, പാർലമെന്റ് ആക്രമണം, വർഗീയ ലഹളകൾ, കശ്‌മീർ പ്രതിസന്ധി - ഇങ്ങനെ അവർ എഴുത്തിലൂടെ തുറന്നുകാട്ടിയ രാജ്യത്തിന്റെ വെല്ലുവിളികളെപ്പറ്റിയും എഴുതാനുണ്ടായ സാഹചര്യങ്ങളെപ്പറ്റിയും വിശദമാക്കുന്നു. ചില കാലങ്ങളിൽ മിസിസ് റോയ് കൂടെ നിന്ന അനുഭവവും.
അരുന്ധതി റോയിയും അമ്മ മേരി റോയിയും
സാധാരണ ആത്മകഥകളിൽ കാണാറുള്ളതുപോലെ ഓർമകളെ വെറുതെ ക്രമാനുഗതമായി ചേർത്തുവയ്‌ക്കുകയല്ല, ഒർമകളെയും വർത്തമാനകാല ജീവിതത്തെയും ചേർത്തുവായിക്കുകയാണ് അരുന്ധതി. ഓർമ ഗതകാലത്തിന്റെ ശേഷിപ്പുമാത്രമല്ല, അത് ഇന്നിന്റെ ഇന്ധനം കൂടിയാണ്. കടന്നുപോയ അനുഭവങ്ങളുമായി അനുരഞ്ജനത്തിന്റെ ഭാഷയിൽ സംസാരിക്കുകയല്ല; അവയെ സൂക്ഷ്മമായി മനസ്സിലാക്കുകയാണ് വേണ്ടത്. അതിനാണ് ഈ പുസ്‌തകം തയ്യാറാവുന്നത്.
അരുന്ധതി ചോദിക്കുന്നതു പോലെ, ‘Why should we know everything?’ തീർപ്പുകൽപ്പിക്കാനാവാത്ത എന്തെല്ലാമുണ്ടാവും നമ്മുടെയൊക്കെ ജീവിതത്തിൽ എന്ന ബോധ്യം ഈ എഴുത്തിന്റെ പിറകിലുണ്ട്. മനുഷ്യാവസ്ഥയുടെ വിഭിന്ന മുഖങ്ങൾ ഭാവനയ്‌ക്കുപോലും പിടിതരാത്ത സമസ്യയാണ്. അതിലേക്കാണ്, അറിഞ്ഞതിലേക്ക്, അനുഭവിച്ചതിലേക്ക്, വേദനിപ്പിച്ചവയിലേക്ക്, പൊറുക്കാനാവാത്തവയിലേക്ക് അരുന്ധതി ഓർമയുടെയും ഭാവനയുടെയും സഹായത്തോടെ കടന്നുചെല്ലുന്നത്. ഒരിക്കലും തീരാത്ത ഏറ്റുമുട്ടലുകൾ ഇവിടെ അവസാനിപ്പിക്കണം എന്ന് അവർ കരുതുന്നുണ്ടെന്ന് വായനക്കാർക്ക് തോന്നും. അമ്മയുടെ വിയോഗം കഴിഞ്ഞപ്പോഴാണ് ആ തോന്നൽ അവരിൽ ശക്തമായത്. സത്യത്തിൽ അത് മറ്റൊരു സ്വാതന്ത്ര്യ പ്രഖ്യാപനമായിരുന്നിരിക്കാം.
എല്ലാ ഓർമപ്പുസ്‌തകങ്ങളും സാഹിത്യമാവില്ല. ഇവിടെ അരുന്ധതി റോയിയുടെ ഈ പുസ്‌തകം ആത്യന്തികമായി ഒരു സാഹിത്യകൃതിയാണ്. അതൊരു ആത്മകഥയുമാണ്. അവർ തന്നെ ആവശ്യപ്പെട്ടതുപോലെ ഈ കലാവിഷ്‌കാരത്തെ നിങ്ങൾക്കൊരു നോവലായും വായിക്കാം. ഇതിലെ മുഖ്യകഥാപാത്രങ്ങളായ മേരി റോയിയും അരുന്ധതി റോയിയും മികവുറ്റ സൃഷ്ടികളാണ്. ക്ഷുഭിത യൗവനം കാത്തുസൂക്ഷിക്കുന്ന രണ്ടു കഥാപാത്രങ്ങൾ. അവരുടെ ഏറ്റുമുട്ടലിന്റെയും തിരിച്ചറിവിന്റെയും കഥയാണ് ‘Mother Mary Comes To Me’ എന്ന പുസ്‌തകത്തിലുള്ളത്. മാന്ത്രികതയുള്ള ഒരു ഞെട്ടൽ ഇതിന്റെ വായന നൽകുന്നു. വാക്കുകൾകൊണ്ട് വെറുപ്പിക്കുകയും വിറപ്പിക്കുകയും ചെയ്യുന്ന എഴുത്തുകാരിയാണ് താനെന്ന് അരുന്ധതി പ്രഖ്യാപിക്കുന്നു. വഴക്കങ്ങളുടെ നിഷേധം, അതിന്റെ സൗന്ദര്യം ഈ പുസ്‌തകത്തിൽ നിന്നും ലഭിക്കുന്നു. പൊള്ളയായ കടപ്പാടുകളല്ല, ആത്മാർഥമായ അന്വേഷണമാണ് അവരിതിലൂടെ നടത്തുന്നത്. മനുഷ്യമനസ്സിന്റെ ആഴങ്ങൾ കണ്ട് നമ്മൾ ചിലപ്പോൾ ഭയന്നെന്നു വരാം. അനുഭവങ്ങൾ ഒരാളിലുണ്ടാക്കുന്ന നിസ്സംഗത വായനക്കാരിൽ ഞെട്ടലുളവാക്കിയെന്നും വരാം. എന്നാൽ ഇതോടൊപ്പം മലയാളിയുടെ സാമൂഹ്യചരിത്രത്തിലേക്കും ഇത് വെളിച്ചം വീശുന്നുണ്ട്. ജീവിതത്തിന്റെ സാമാന്യ നിയമങ്ങൾ എന്നത് ഒരു കപട പ്രസ്‌താവനയാണ് എന്ന് ഓരോ ജീവിതവും സാക്ഷ്യപ്പെടുത്തും. കാഴ്‌ചയ്‌ക്ക് അതിനുള്ള ശേഷിയുണ്ടാവണം.
ഒടുക്കം ചോദ്യം ബാക്കിയാവും. ഈ അമ്മയും മകളും തമ്മിലുള്ള ബന്ധത്തെ എങ്ങനെ നിർവചിക്കാം?
അവസാന അധ്യായമായ ‘A Declaration of Love’ എന്ന ഭാഗം ഈ ചോദ്യത്തിനുള്ള ഉത്തരം പറഞ്ഞുവയ്‌ക്കുന്നു. 2022 ജനുവരിയിലെ ഒരു രാത്രിയിൽ അരുന്ധതിയുടെ ഫോണിലേക്ക് മിസിസ് റോയിയുടെ ഒരു സന്ദേശം വന്നു: “There is no one in the world whom I have loved more than you.” നമുക്കിടയിൽ സംഭവിച്ചതിനെല്ലാം മുകളിൽ ഈ സത്യം നിലനിൽക്കുന്നുണ്ടെന്ന് അരുന്ധതിയും ഈ പേജുകളിൽ എഴുതിയിരിക്കുന്നു. അന്ന് രാത്രി അവർ അമ്മയ്‌ക്ക് ഇങ്ങനെ മറുപടി എഴുതി: “You are the most unusual, wonderful woman I have ever known. I adore you.”
വിചിത്രരായ രണ്ടു സ്‌ത്രീകളുടെ കഥയാണ് ‘Mother Mary Comes To Me’. കാലത്തോടും ദേശത്തോടും അവർ ജീവിതംകൊണ്ട് പ്രതികരിച്ചതിന്റെ സാക്ഷ്യപത്രമാണ് ഇതിലെ വരികൾ. ഓർമകളും മനുഷ്യരും തമ്മിലുള്ള ബന്ധം പുനർ നിർവചിക്കപ്പെടുകയാണ്. ഓർമകൾ സത്യസന്ധമാവുമ്പോൾ മാമൂലുകൾ മാറിനിൽക്കും. മിസിസ് റോയിയുടെ വിയോഗം ഒരു കാരണമായി. അരുന്ധതിക്ക് ഇനി അമ്മയുടെ നിഴലില്ലാതെ ജീവിതം തുടരാം. അതിന്റെ ആഘോഷം കൂടിയാണ് ഈ പുസ്‌തകം. ഇവിടെ മരണം സൃഷ്ടിക്കുന്നത് അനിശ്ചിതത്വമല്ല, മോചനമാണ്. അതിനായാണ് അരുന്ധതി റോയ് ഓർമകളെ ഇങ്ങനെ വിചാരണ ചെയ്‌തത് .










0 comments