ad
Deshabhimani

കവർസ്റ്റോറി

വാസുവേട്ടാ, ഞാൻ കാണാൻ വരും, ഒ ഹെൻറി പ്രൈസ് സ്റ്റോറീസുമായി

എം ടി          ഫോട്ടോ: അജീബ്‌ കോമാച്ചി
avatar
എൻ ഇ സുധീർ

Published on Dec 29, 2025, 11:35 AM | 8 min read


എം ടിയെ കണ്ടിട്ടെത്ര കാലമായി? വെറുതെ ആലോചിച്ചു പോയി. ഒരു വർഷം പിന്നിടുന്നു.

അപൂർവം ചില അവസരങ്ങളൊഴിച്ചാൽ എം ടിയെ നേരിൽ കണ്ടിരുന്നത് വർഷങ്ങളുടെ ഇടവേളകളിലാണ്. എന്നാൽ അനുഭവത്തിൽ ആ ഇടവേളകളില്ല. എത്ര വലിയ ഇടവേളയ്‌ക്കുശേഷം കണ്ടാലും തൊട്ടുമുന്നത്തെ ദിവസം കണ്ടതിന്റെ തുടർച്ചപോലെയേ തോന്നൂ. കഴിഞ്ഞതവണ പറഞ്ഞതിന്റെ ബാക്കി ഓർത്തുപറയാനും വാസുവേട്ടന് കഴിഞ്ഞിരുന്നു. ഒരിക്കൽ കണ്ട ഉടനെ പറഞ്ഞതിങ്ങനെയാണ്: “അന്ന് നമ്മൾ പറഞ്ഞ കാര്യങ്ങൾ പിന്നെ പലവഴിക്കു പോയി. അതെപ്പറ്റി ഇനി സംസാരിച്ചിട്ടു കാര്യമില്ല.”

ഇതിലെ അന്ന് കൃത്യമായും എട്ടു മാസം മുമ്പായിരുന്നു. അസാധാരണമായ ശ്രദ്ധയിൽ നിന്നാണ് ഇത് വരുന്നത്. ശ്രദ്ധ എന്ന വാക്ക് ഞങ്ങളുടെ ബന്ധത്തിൽ പ്രധാനമാണ്. എം ടി നേരിട്ട് എന്നോട് പറഞ്ഞ ആദ്യ വാചകം -‘ശ്രദ്ധിക്കാറുണ്ട്' -എന്നായിരുന്നു. 2005‐ലെ ഒരു ദിവസം -വള്ളത്തോൾ പുരസ്‌കാരം സ്വീകരിക്കാനായി എം ടി തിരുവനന്തപുരത്ത്‌ വന്നതായിരുന്നു. ഫോണിലൂടെ വർഷങ്ങൾക്ക് മുമ്പ് ഒന്നുരണ്ടു പ്രാവശ്യം അദ്ദേഹത്തോട് സംസാരിച്ചിട്ടുണ്ടെങ്കിലും നേരിൽ കണ്ടിരുന്നില്ല. ഒന്നു കാണണം എന്ന ആഗ്രഹം ചെറുപ്പകാലം മുതലേ മനസ്സിൽ ഉണ്ടായിരുന്നു. അതൊരു അപ്രാപ്യമായ കാര്യമാണെന്ന് മനസ്സിനെ ബോധ്യപ്പെടുത്തിയതുമായിരുന്നു. കാലം പലതും മാറ്റിമറിച്ചു. ഏതായാലും ആദ്യമായി ഒരു നോക്കു കണ്ട സാഹചര്യം പറഞ്ഞു തുടങ്ങാം. വള്ളത്തോൾ പുരസ്‌കാരം സ്വീകരിച്ച് വേദിയിൽ നിന്ന് മടങ്ങുമ്പോൾ ഞാൻ വഴിയരികിൽ നിലയുറപ്പിച്ചിരുന്നു, കാണത്തക്കവിധം തന്നെ. മറ്റാരുടെയോ കയ്യും പിടിച്ച് അദ്ദേഹം ആൾക്കൂട്ടത്തിനിടയിലൂടെ ആ വഴി വന്നു. ഞാൻ ആളുകൾക്കിടയിലൂടെ നുഴഞ്ഞുകയറി അടുത്തുചെന്നു.

“വാസുവേട്ടാ സുധീറാണ്.''

പെട്ടെന്ന് ഒരു ഭാഗം ചെരിഞ്ഞ് എം ടി എന്റെ കൈ ചേർത്തുപിടിച്ച് “ശ്രദ്ധിക്കാറുണ്ട്'' എന്നു പറഞ്ഞു. ആ കേട്ടതിന്റെ ആവേശത്തിൽ ഞാൻ എല്ലാം മറന്നു. എം ടി കൈവിട്ട് നടന്നുപോയതൊന്നും ഞാനറിഞ്ഞില്ല. എം ടി എന്നെ അറിയും, എന്നെ ശ്രദ്ധിക്കുന്നു! മതിമറന്നു പോകാൻ ഇതിലധികമെന്തു വേണം.

എം ടി          ഫോട്ടോ: അജീബ്‌ കോമാച്ചിഎം ടി ഫോട്ടോ: അജീബ്‌ കോമാച്ചി

ആ ‘ശ്രദ്ധ’ മുമ്പൊരിക്കലും എന്നെത്തേടിയെത്തിയിട്ടുണ്ട്. 1998‐ൽ ഒരു ദിവസം എം ടിയുടെ അടുത്ത ഒരു സുഹൃത്തിനെ യാദൃച്ഛികമായി കാണാനിടയായി. ഞാൻ ദിവസങ്ങളായി മനസ്സിൽ കൊണ്ടുനടന്ന ഒരു പരാതി കലർന്ന സങ്കടം അദ്ദേഹത്തോട് പറഞ്ഞു. കുറച്ചാഴ്‌ചകൾക്കു മുമ്പ് വായിച്ച മാതൃഭൂമി ആഴ്‌ചപ്പതിപ്പിൽ ഒരു ഇംഗ്ലീഷ് പൾപ്പ് ഫിക്‌ഷൻ നോവലിനെപ്പറ്റി ഒരു കുറിപ്പ്‌ വായിച്ചിരുന്നു. ‘പുസ്‌തക പ്രപഞ്ചം’ എന്ന പംക്തിയിൽ. അതെനിക്ക് സഹിച്ചില്ല. എം ടി വാസുദേവൻ നായർ പത്രാധിപരായുള്ള വാരികയിൽ ഇത്തരമൊരു തരംതാണ നോവലിനെപ്പറ്റി ലേഖനം വരാമോ? എന്നിലെ സാഹിത്യാസ്വാദകൻ രോഷംപൂണ്ടു. ആ രോഷമാണ് എം ടിയുടെ സുഹൃത്തിനോട് പറഞ്ഞത്. “സൗകര്യം കിട്ടിയാൽ ഇതൊന്ന് എം ടിയുടെ ശ്രദ്ധയിൽപ്പെടുത്തണം.” ഞാനദ്ദേഹത്തോട് ആവശ്യപ്പെട്ടു. എന്റെ ഒരു സമാധാനത്തിന് പറഞ്ഞെന്നു മാത്രം. സുഹൃത്ത് എം ടിയോട് പറയുമെന്നോ, എം ടി അത് ഗൗരവമായി എടുക്കുമെന്നോ സ്വപ്‌നേന വിചാരിച്ചില്ല. എന്നാൽ കഷ്ടിച്ച് ഒരു മാസം കഴിഞ്ഞപ്പോൾ മാതൃഭൂമിയിൽ നിന്ന് ഒരു കവർ എന്നെത്തേടിയെത്തി. ആഴ്‌ചപ്പതിപ്പിന്റെ സഹപത്രാധിപർ എ സഹദേവനാണ് എഴുതിയിരിക്കുന്നത്.


“പ്രിയപ്പെട്ട സുധീർ, ആഴ്‌ചപ്പതിപ്പിലെ ‘പുസ്‌തക പ്രപഞ്ചം’ പംക്തിയിലേക്ക് ലേഖനമെഴുതാൻ താങ്കളെ ക്ഷണിക്കുകയാണ്. എം ടിയാണ് താങ്കളുടെ പേര് നിർദേശിച്ചത്…''

ഞാനാ കത്തു വായിച്ച് അന്തംവിട്ടു നിന്നുപോയ നിമിഷം ഇന്നും മനസ്സിലുണ്ട്. എം ടി എന്നെ ശ്രദ്ധിച്ചിരിക്കുന്നു. ഞാനാ കാലത്ത് കലാകൗമുദിയിലും ജനയുഗത്തിലുമൊക്കെ പുസ്‌തകങ്ങളെക്കുറിച്ച് ചെറുതായി എഴുതിയിരുന്നു. അത് എം ടിയുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ടാവാം. ഞാൻ കോരിത്തരിച്ചുപോയി. ഏതായാലും കിട്ടിയ അപൂർവാവസരം ഉപയോഗിച്ചു. ഒന്നരക്കൊല്ലത്തോളം എം ടി പത്രാധിപരായ മാതൃഭൂമി ആഴ്‌ചപ്പതിപ്പിൽ ഞാനെഴുതി. 1999 മാർച്ചിൽ എം ടി മാതൃഭൂമിയോട് വിടപറഞ്ഞു. പംക്തി തുടരാൻ സഹദേവേട്ടൻ ആവശ്യപ്പെട്ടു. സഹദേവേട്ടൻ ആഴ്‌ചപ്പതിപ്പ്‌ വിടുന്നതുവരെ ഞാൻ എഴുതി. അങ്ങനെ തുടങ്ങിയ പരിചയമാണ് 2005-‐ലെ ചെറിയൊരു കാഴ്‌ചയിലെത്തിയത്. അഥവാ രണ്ടാമത്തെ ‘ശ്രദ്ധ'യിലെത്തിയത്.


പിന്നീട് നേരിൽ കാണുകയും വലിയ അടുപ്പത്തിലാവുകയും ചെയ്‌തു. എം ടി എന്റെയും വാസുവേട്ടനായി. ആദ്യമായി ‘സിതാര'യുടെ ഗെയിറ്റ് കടന്ന് വീടിന്റെ ഇറയത്ത് കോളിങ് ബെൽ അമർത്തി നിന്ന നിമിഷം ഇപ്പോഴും മനസ്സിലുണ്ട്. ഫോണിൽ വിളിച്ചുപറഞ്ഞ് അനുവാദമൊക്കെ വാങ്ങിയിരുന്നു. എന്നാലും ഒരു പരുങ്ങൽ. എങ്ങനെയാവും സ്വീകരിക്കപ്പെടുക? മനസ്സിൽ ആശങ്കയുണ്ട്. പറഞ്ഞുകേട്ട എം ടി കടുപ്പക്കാരനാണ്. അകത്തേക്ക് വിളിപ്പിക്കപ്പെട്ട് ആ കസേരയ്ക്കടുത്ത് നിന്നപ്പോൾ, സിഗർ ലൈറ്റർ ഞെക്കി ഒരു ബീഡിക്ക് തീപിടിപ്പിച്ചുകൊണ്ട് കസേരയിലിരിക്കാൻ ആംഗ്യം കാട്ടി. എം ടിയുടേതു മാത്രമായ ചുണ്ടുകൊണ്ടുള്ള ഭാഷയുമായുള്ള ആദ്യത്തെ പരിചയപ്പെടൽ. അതൊരു നീണ്ട ബന്ധത്തിന്റെ തുടക്കമായിരുന്നു, മരണം വരെ നീണ്ടത്. ആദ്യത്തെ കുറേ നിമിഷങ്ങളിലെ മൗനം എനിക്കു ശീലമായി. ആ കസേരയിലിരുന്നാണ് ഇന്ത്യയിലെ ഏറ്റവും ജാഗ്രത്തായ സർഗാത്മക മനസ്സിനെ ഞാൻ അടുത്തറിഞ്ഞത്. അദ്ദേഹത്തിന്റെ ഇഷ്ടങ്ങളും നിലപാടുകളും പെരുമാറ്റത്തിലെ സവിശേഷതകളും തിരിച്ചറിഞ്ഞത്. ആ ശ്രദ്ധയും ഓർമയും സ്‌നേഹവും കരുതലും വിസ്മയിപ്പിച്ചു. എഴുത്തുകാരനേക്കാൾ ആ മനുഷ്യനോട്, എം ടിയെന്ന വ്യക്തിയോട് ആരാധന വർധിച്ചു.

എം ടി ഡൽഹിയിൽ       ഫോട്ടോ: ബി ജയചന്ദ്രൻഎം ടി ഡൽഹിയിൽ ഫോട്ടോ: ബി ജയചന്ദ്രൻ

പിന്നീടൊരിക്കൽ അദ്ദേഹത്തിന്റെ ഫ്ലാറ്റിലെ മുറിയിൽ രണ്ടു പകലുകൾ മുഴുവനും അടച്ചിരുന്ന് ഞങ്ങൾ സംഭാഷണത്തിലേർപ്പെട്ടു. അടുപ്പത്തിന്റെ ആനുകൂല്യം കരുത്തായുണ്ടെങ്കിലും രാവിലെ മിണ്ടിത്തുടങ്ങുമ്പോൾ ഒരുൾഭയം എന്നെ പൊതിഞ്ഞിരുന്നു. നിമിഷങ്ങൾകൊണ്ട് അത് ആഹ്ലാദത്തിന്റെ നിറവായി. എം ടിയ്‌ക്കും ചിരിക്കാനറിയാമെന്ന് തിരിച്ചറിഞ്ഞ നിമിഷങ്ങൾ. എം ടിയുടെ തമാശയിലും ചിരിയിലും ഞാൻ മതിമറന്ന കുറേ നിമിഷങ്ങൾ. അവിടെ ഞാനൊരു പുതിയൊരു മനുഷ്യനെ അടുത്തറിയുകയായിരുന്നു, ജീവിതത്തോട് തന്നാലാവുംവിധം നീതി പുലർത്താൻ ശ്രമിച്ചൊരാൾ. പരിഭവങ്ങളും പരദൂഷണങ്ങളും പറയാത്തൊരാൾ. വാക്കിലും നോക്കിലും ‘ഞാൻ’ വരാതെ ശ്രദ്ധിച്ചൊരാൾ. ജീവിതത്തിലൂടെ ഈ മനുഷ്യൻ നടത്തിയ സഞ്ചാരം അസാധാരണമായിരുന്നു. അദ്ദേഹത്തിന്റെ അനുവാദമില്ലാതെ, ഒരു നിമിഷം പോലും ആ നീണ്ട ജീവിതത്തിൽ പാഴായിപ്പോയിട്ടില്ല. അതൊക്കെ അന്നാണ് ഞാൻ തിരിച്ചറിഞ്ഞത്.

പകലുകൾ തീരുമ്പോൾ മേശപ്പുറത്തെ ആഷ്‌ട്രേ നിറഞ്ഞിരിക്കും, ബീഡിക്കുറ്റികളാൽ. ഒന്നോ രണ്ടോ സിഗർ ലൈറ്ററുകൾ കാലിയായിട്ടുണ്ടായിരുന്നു. എനിക്കു കിട്ടിയത് മനസ്സറിഞ്ഞ അനുഭവങ്ങൾ, അഭിപ്രായങ്ങൾ, സന്ദേഹങ്ങൾ! എഴുത്തിനോടും വായനയോടും ആ മനുഷ്യൻ കാണിച്ച കലവറയില്ലാത്ത സമർപ്പണങ്ങൾ. വാക്കുകൾകൊണ്ട് മലയാള സാഹിത്യത്തിന് കെട്ടുറപ്പുണ്ടാക്കിയതിന്റെ സംഭവങ്ങൾ, എഴുത്തുകാരനെന്ന നിലയിലും, പത്രാധിപരെന്ന നിലയിലും എം ടി മനസ്സുതുറന്നു സംസാരിച്ചു. അത്ഭുതപ്പെടുത്തിയ തുറന്നുപറച്ചിലുകൾ പലതും ഞാൻ കേട്ടെഴുതി. മനസ്സിൽ നിറഞ്ഞ ചിലത് ഇതോടൊപ്പം ചേർക്കുന്നു:


“താളംതെറ്റിയ ജീവിതകാലം ഉണ്ടായിട്ടുണ്ട്. ഒരു ചെറിയ പീരിയഡ് ഉണ്ടായിട്ടുണ്ട്. അതിനെ ഞാൻ വേഗം മറികടക്കുകയും ചെയ്‌തു. നമ്മുടെ കൈയിൽ കളിക്കാൻ ഒരു ജീവിതമല്ലേയുള്ളൂ. ആ ബോധം ഇടയ്‌ക്കൊക്കെ മനസ്സിൽ വരുമ്പോൾ അരാജകത്വമൊന്നും ശരിയല്ല എന്ന തോന്നലുണ്ടാവും. അമിത മദ്യപാനത്തിന്റെ ഒരു കാലമുണ്ടായിരുന്നു. കുറച്ചുകാലം. അങ്ങനെ ചില തെറ്റുകളിലും ചെന്നു ചാടി. അതുമൂലം ചില ആരോഗ്യ പ്രശ്നങ്ങൾ വന്നുപെട്ടു. എന്നാൽ, ഒരു കാലത്തും മദ്യത്തിന്റെ ലഹരിയിൽ ഞാനൊരു വരി പോലും എഴുതിയിട്ടില്ല. അക്കാലത്ത് ഒരു കത്തെഴുതാൻ പോലും ഭയമായിരുന്നു.”

നിസ്സംഗഭാവത്തോടെ എം ടി ഇന്നലെകളിലേക്ക് തിരിഞ്ഞുനോക്കുകയായിരുന്നു. ഒന്നും ഒളിച്ചുവയ്‌ക്കാനില്ല എന്ന ഭാവത്തോടെ ഇത്രയും പറഞ്ഞ് എന്നെ തന്നെ നോക്കിയിരുന്നു.

"മദ്യത്തിന്റെ ലഹരിയിൽ ഒരു വരി പോലും എഴുതിയിട്ടില്ല', ഞാനത്ഭുതം കൂറി. "ഇല്ല, അങ്ങനെ ഉണ്ടായിട്ടില്ല.' എം ടി ഉറപ്പിച്ചു. മദ്യപിച്ച എം ടിയെ ഒരിക്കൽ ഞാനും കണ്ടിട്ടുണ്ട്. അന്ന്‌ എന്നോടൊപ്പം മകൻ അപ്പുവുണ്ടായിരുന്നു. അന്നദ്ദേഹം സംസാരിച്ചത് മുഴുവൻ അവനോടായിരുന്നു, ലോക സിനിമയെക്കുറിച്ച്. ഞാനതാണ് അപ്പോഴോർത്തത്. ഞാനാ മുഖത്തേക്ക് ഒന്നുകൂടി സൂക്ഷിച്ചു നോക്കി. ആ മനസ്സ്‌ ശാന്തമായതുപോലെ തോന്നി. അദ്ദേഹം വീണ്ടും ഒരു ബീഡിക്കു തീ കൊളുത്തി. ഞാനാലോചിച്ചു. സർഗാത്മകത തുളുമ്പുന്ന ആ മനസ്സിന് എഴുതാൻ മറ്റൊരു ലഹരിയുടെ ആവശ്യമെന്ത്?

മറ്റൊരിക്കൽ പറഞ്ഞ ബീഡിക്കഥകൂടി ഇവിടെ ചേർത്തേക്കാം. എറണാകുളത്തെ വലിയൊരു ഹോട്ടൽ മുറിയിലിരുന്ന് വർത്തമാനം പറയുകയായിരുന്നു. വാസുവേട്ടൻ ബീഡിക്ക് തീകൊളുത്തി. ബീഡിയുടെ സൈഡിലും തീക്കനൽ കണ്ടപ്പോൾ ഞാനൊന്ന് ഭയന്നു. പറഞ്ഞപ്പോൾ അത് വിരലുകൊണ്ട് തട്ടിക്കെടുത്തി. അപ്പോൾ ഒരു കുസൃതിക്ക് ഞാനൊരു ചോദ്യമെറിഞ്ഞു. “ഈ ബീഡിക്കു പകരം മറ്റൊന്ന് തന്നാൽ തിരിച്ചറിയുമോ?''

“അതൊക്കെ പിടികിട്ടും. ഇപ്പ എല്ലാം കണക്കാ. ഞാൻ വലിക്കുന്നത് ഗണേഷ് ബീഡിയാണ്.”

“വാസുവേട്ടന് ഏറ്റവും ഇഷ്ടപ്പെട്ട ബീഡിയേതാ?''

ഒന്നാലോചിച്ച ശേഷം മറുപടി വന്നു.

“മുമ്പ് കുഞ്ഞിരാമൻ നായർ സ്വന്തം കൈകൊണ്ട് തെറുത്ത ബീഡിയുമായി വരുമായിരുന്നു. അതിന്റെ രസം മറ്റൊന്നിനും തോന്നിയിട്ടില്ല.''

എം ടിയും എൻ ഇ സുധീറും എം ടിയും എൻ ഇ സുധീറും

കവി പി കുഞ്ഞിരാമൻ നായരുടെ കാര്യമാണ്. അദ്ദേഹമൊരിക്കൽ, 1974-‐ൽ ഒരു കെട്ട്‌ ബീഡിയുമായി വന്ന് വാസൂനോട് തന്റെ ആത്മകഥയ്ക്ക് അവതാരിക എഴുതാനും ആവശ്യപ്പെട്ടിരുന്നു. ആ സംഭവം മുമ്പെന്നോട് പറഞ്ഞിരുന്നു. അന്ന് എം ടിക്ക് വയസ്സ് 42. കവിയ്‌ക്ക്‌ എഴുപതും. വാസു മടിച്ചു. കവി ശഠിച്ചു. അതില്ലേൽ ഞാനിത് പുസ്‌തകമാക്കുന്നില്ല. ഒടുക്കം ‘കവിയുടെ കാൽപ്പാടുകൾ' എന്ന പിയുടെ ആത്മകഥയിൽ ‘വഴിവിളക്ക്' എന്ന എം ടിയുടെ തിലകക്കുറി ഇടം നേടി. എം ടി അതവസാനിപ്പിച്ചത് ഇങ്ങനെയാണ്: “മഹാകവി പി കുഞ്ഞിരാമൻ നായരുടെ ഈ മഹത്തായ ഗ്രന്ഥത്തെപ്പറ്റിയോ അദ്ദേഹത്തെപ്പറ്റിയോ കൂടുതൽ ഞാനെഴുതുന്നില്ല. എനിക്കതിനർഹതയില്ല എന്നതുതന്നെ.''

അവനവനെ അറിയുക എന്നതാണല്ലോ പ്രധാനം. അനർഹമായതിനൊന്നും എം ടി നിന്നു കൊടുക്കാറില്ല. അവകാശവാദങ്ങൾക്ക് മുതിരാറുമില്ല. അഭിമുഖ ദിവസം എന്നെ ഞെട്ടിച്ച മറ്റൊരു പ്രസ്‌താവന ഇങ്ങനെയായിരുന്നു: “ഒരെഴുത്തുകാരൻ എന്ന് പറയുവാനുള്ള ധൈര്യം ഇനിയും കൈവന്നിട്ടില്ല. ഇപ്പോഴും യാത്രയിലൊക്കെ അപരിചിതരുമായി പരിചയപ്പെടുമ്പോൾ, എന്തു ചെയ്യുന്നു എന്ന് അവർ ചോദിച്ചാൽ ഞാനൊരു എഴുത്തുകാരനാണ് എന്ന് സ്വയം വിശേഷിപ്പിക്കാൻ വിഷമമാണ്. എന്തോ ഒരു വിഷമം. പത്രപ്രവർത്തകനെന്നേ പറയാറുള്ളൂ.” ഇന്ത്യയിലെ എല്ലാ അംഗീകാരങ്ങളും നേടിയ എഴുത്തുകാരനാണ് ഇങ്ങനെ വിനയത്തോടെ സംസാരിക്കുന്നത്. ഇതു കേട്ടപ്പോൾ ഞാൻ അദ്ദേഹത്തിന്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കിക്കൊണ്ടിരുന്നു. അദ്ദേഹം ബീഡി വലിച്ചുകൊണ്ട് ഫ്ലാറ്റിന്റെ ജനാലയിലൂടെ ദൂരേക്കെവിടെയോ നോക്കിയിരിക്കുകയായിരുന്നു.


“ജോസഫ് കോൺറാഡ്‌ പറഞ്ഞത് ഞാനെന്റെ ആറു സുഹൃത്തുക്കൾക്കു വേണ്ടി എഴുതുന്നു എന്നാണ്. അതിന്റെ അർഥം ഒരെഴുത്തുകാരൻ തനിക്കു ചേർന്നതായി കാണുന്ന കുറച്ചുപേർ എവിടെയോ ഉണ്ട് എന്ന വിശ്വാസത്തിൽ എഴുതുന്നു എന്നാണല്ലോ. അത്രയേ ഉള്ളൂ. എഴുതാനിരിക്കുമ്പോൾ ഉള്ളിലൊരു സംഘർഷമാണ്. ആവിഷ്‌കരിക്കാനുള്ള സംഘർഷം. അതു മറ്റാരുമറിയില്ല. അവിടെ മറ്റൊന്നുമില്ല. അത് വളരെ ആന്തരികവും നിഗൂഢവുമായ ഒരു കാര്യമാണ്.''

എത്രപേർ വായിക്കുമായിരിക്കും എന്ന ചിന്ത എം ടിയെ അലട്ടിയില്ല. അങ്ങനെ എഴുതിയ എം ടിയെ വായിക്കാൻ മലയാളി ഒന്നാകെ വരിനിന്നു. തലമുറകളായി അവർ എം ടിയെ വായിച്ചു. ജീവിതത്തിന്റെ സങ്കീർണതകളെ ആഴത്തിലറിഞ്ഞു. എഴുത്തുകാരന്റെ ശ്രദ്ധ മുഴുവനും സൃഷ്ടിയിലായിരുന്നു. ‘ഒറ്റയ്ക്കാവുന്നതിൽ എനിക്ക് ഭയമില്ല.' ആൾക്കൂട്ടത്തിൽ തനിയെ ഇരിക്കാൻ പാകപ്പെട്ട മനസ്സാണ് എം ടിയുടേത്.


“എന്നെ സംബന്ധിച്ച് എനിക്ക് അതേ അറിയൂ. എനിക്ക് ആകെ കഴിയുന്ന ഒരു കാര്യം എഴുത്താണ്. എനിക്ക് ലോകത്തോട് പലതും പറയുവാനുണ്ട്. ലോകം എന്നെ പലപ്പോഴും അസ്വസ്ഥനാക്കാറുണ്ട്. എനിക്കതിൽനിന്നും മോചിതനാവണമെങ്കിൽ എഴുതണം. എഴുത്ത് പ്രശ്നങ്ങൾക്ക് പകരമാവുമോ, ഉത്തരമാവുമോ എന്നൊന്നുമല്ല. എന്റെ ഉള്ളിലെ അസ്വസ്ഥതയ്‌ക്ക്‌ ശമനം കിട്ടാൻ എനിക്കെഴുതിയേ മതിയാവൂ… ഞാനെഴുതുന്നതിന്റെ വിധികർത്താവ് ആവുക ഞാൻ തന്നെയാണ്. എനിക്ക് വായിച്ചുനോക്കി ഇഷ്ടമായില്ലെങ്കിൽ ഞാനതങ്ങ് കളയും. മറ്റാരെയെങ്കിലും കാണിച്ച് അഭിപ്രായം തേടുന്ന ഒരു പതിവ് ഒരുകാലത്തും ഇല്ലായിരുന്നു. ഞാനിപ്പോഴും എഴുതുന്ന കുട്ടികളോട് പറയാറുണ്ട്, നിങ്ങൾ തന്നെ നിങ്ങളെ വിലയിരുത്തണം. മോശമായത് റിജക്ട് ചെയ്യാൻ പഠിക്കണം. നമ്മൾ എഴുതിയതുകൊണ്ട് അത് തരക്കേടില്ല എന്നൊരു നിഗമനത്തിൽ എത്തരുത്.”

എഴുത്തിലെ മികവ് കണ്ടെത്താൻ സ്വയം ശീലിച്ച ഒരാളാണ് എം ടി. ലോകസാഹിത്യത്തിലെ ഓരോ ചലനങ്ങളും സൂക്ഷ്‌മമായി ഒപ്പിയെടുത്ത മനസ്സാണ്. സ്വന്തം രചനകളെക്കുറിച്ച് അനർഹമായ മതിപ്പൊന്നും അദ്ദേഹം കൊണ്ടുനടന്നില്ല. അവയെപ്പറ്റി സംസാരിക്കുന്നതിൽ താൽപ്പര്യവും കാണിച്ചില്ല. കൃതി സ്വയം സംസാരിക്കട്ടെ, അതിനുള്ള ശേഷി അവയ്ക്കുണ്ട് എന്ന ആത്മവിശ്വാസം എഴുത്തുകാരന് വേണം. സ്വന്തം രചനയെ ചുമന്നു നടക്കാനുള്ള ബാധ്യത എഴുത്തുകാരൻ ഏറ്റെടുക്കേണ്ടതില്ല.

എംടിയുടെ കുടുംബഫോട്ടോയ്‌ക്ക്‌ മുന്നിൽ നിന്ന്‌ മരുമകൻ ശ്രീകാന്തിന്റെ സെൽഫി. ദേശാഭിമാനി കോഴിക്കോട്ട്‌  സംഘടിപ്പിച്ച ‘എം ടി ഫെസ്റ്റി’ലെ ഫോട്ടോപ്രദർശനത്തിൽ നിന്ന്‌         എംടിയുടെ കുടുംബഫോട്ടോയ്‌ക്ക്‌ മുന്നിൽ നിന്ന്‌ മരുമകൻ ശ്രീകാന്തിന്റെ സെൽഫി. ദേശാഭിമാനി കോഴിക്കോട്ട്‌ സംഘടിപ്പിച്ച ‘എം ടി ഫെസ്റ്റി’ലെ ഫോട്ടോപ്രദർശനത്തിൽ നിന്ന്‌ ഫോട്ടോ: ജഗത്‌ലാൽ

ലോകനിലവാരം വച്ചു നോക്കുമ്പോൾ മഹത്തായ കൃതികളൊന്നും നമ്മുടെ ഭാഷയിലുണ്ടായിട്ടില്ല എന്ന് എം ടി തുറന്നു പറഞ്ഞിട്ടുമുണ്ട്.

"വാക്കുകൾക്കപ്പുറമുള്ള നിശ്ശബ്ദതയിൽ വാക്കുകൾ കൊണ്ട് എത്തിച്ചേരാനുള്ള ഒരു ശ്രമമാണ് എഴുത്ത്. വാക്കുകൾക്കപ്പുറത്തെ ആ നിശ്ശബ്ദതയിൽ പുതിയ വാക്കുകളുടെ സഹായത്തോടുകൂടി എത്തിച്ചേരാനുള്ള ശ്രമത്തിൽ ഞാനും ചിലതെല്ലാം ചെയ്യുന്നു. എന്റെ മുമ്പേ ലോകസാഹിത്യത്തിൽ അത് ചെയ്‌തിട്ടുള്ള ആളുകളുടെ നേട്ടങ്ങൾക്കു മുമ്പിൽ എന്നെപ്പോലുള്ള ആളുകളുടെ നേട്ടങ്ങളൊക്കെ വളരെ നിസ്സാരങ്ങളാണ്. ഇത് വിനയത്തിനു വേണ്ടി, ഭംഗിവാക്കായി പറയുകയല്ല. ഞാൻ ധാരാളം വായിക്കുന്ന ഒരാളാണ്. കൂടുതൽ കൂടുതൽ വായിക്കുന്തോറും ഞാൻ എത്ര നിസ്സാരനാണ് എന്ന് തോന്നിപ്പോകുന്നു.'

വായനക്കാരനെന്ന നിലയിൽ അദ്ദേഹമെന്നെ അതിശയിപ്പിക്കുക തന്നെ ചെയ്‌തു. വായിക്കാനായി ജനിച്ചൊരാൾ എന്ന തോന്നലാണ് എന്നിലുണ്ടാക്കിയത്. “എഴുതാൻ കഴിയുന്നില്ല എന്നത് അത്രയെന്നും അലട്ടുന്നില്ല. എന്നാൽ വായിക്കാൻ കഴിയാത്ത ദിവസങ്ങളെക്കുറിച്ച് ആലോചിക്കാൻ വയ്യ.”


മടിച്ചുമടിച്ചാണെങ്കിലും ഞാനന്ന് മരണമെന്ന വിഷയത്തെക്കുറിച്ചു എം ടിയോട് ചോദിച്ചു.

“മരണചിന്തയൊന്നുമില്ല. അതൊക്കെ നാച്വറൽ സംഭവമല്ലേ? എപ്പോൾ, എന്ന് എന്നൊന്നും ആലോചിക്കാറില്ല. അതു വരും, അത്രതന്നെ. അതിന്റെ സഫറിങ്ങിനെപ്പറ്റി ആലോചിക്കുമ്പോൾ വിഷമമുണ്ട്. ഇന്നലെയും ഞാൻ ദ്യാന അത്തിലിന്റെ (Diana Athill) ഒരു ആത്മകഥ വായിച്ചിരുന്നു. അവരത് 96-ാം വയസ്സിലെങ്ങോ എഴുതിയതാണ്. ഇപ്പോൾ നൂറ് വയസ്സോ മറ്റോ ആയി. അവരിപ്പോഴും എഴുതുന്നു.”

പറഞ്ഞു നിർത്തിയപ്പോൾ ഞാനാ മനസ്സ് വായിക്കാൻ ശ്രമിച്ചു. മരണംവരെ വായിക്കാൻ കഴിയണം. എഴുതാൻ കഴിയുന്നില്ല എന്നതിൽ ദുഃഖമുണ്ട്.

ഓരോ കോഴിക്കോട്‌ യാത്രയിലും ഞാൻ ‘സിതാര’യിലെത്തി. ഓരോ തവണയും വാസുവേട്ടന് വായിക്കാനായി പുതിയ പുസ്‌തകങ്ങൾ കയ്യിൽ കരുതി. അദ്ദേഹം എന്നെക്കാണുമ്പോൾ ഏതാണ് പുസ്‌തകം കൊണ്ടുവന്നിരിക്കുക എന്ന് കൊതിയോടെ നോക്കുന്നത് ഞാനറിഞ്ഞു. ലോകസാഹിത്യത്തിലെ ചലനങ്ങളെപ്പറ്റി ഞങ്ങൾ സംസാരിച്ചു. കൂട്ടത്തിൽ ചിലപ്പോൾ മലയാള സാഹിത്യത്തെപ്പറ്റിയും. വായന ലഹരിയായ ആ മനുഷ്യനെ ഞാൻ അടുത്തറിഞ്ഞു. എഴുതാതായിട്ട് വർഷങ്ങളൊരുപാടായല്ലോ എന്ന് ഞാൻ ഓർമിപ്പിച്ചു. “ആരോഗ്യം അനുവദിക്കുന്നില്ല.- കാഴ്‌ച പ്രശ്നം. ഇരുന്നെഴുതാനും വയ്യ.”

""ആർക്കെങ്കിലും പറഞ്ഞുകൊടുത്ത് എഴുതിച്ചു കൂടെ?''

""അതൊന്നും ശരിയാവില്ല. മനസ്സിൽ പലതുമുണ്ട്, എഴുതാൻ.''


ആരോഗ്യം വീണ്ടെടുത്താൽ എഴുതാമെന്ന് ആശ്വസിച്ചു. മനസ്സിലുള്ള ചിലതൊക്കെ പറഞ്ഞിരുന്നു. ചിലത് പുതുതായി മനസ്സിൽ വന്നതാണ്. മറ്റ് ചിലത് മുമ്പെഴുതാതെ മാറ്റിവച്ചത്. ഒക്കെ എഴുതാൻ കഴിയും എന്നു തന്നെയാണ് ഞാൻ കരുതിയത്. ശരീരം അനുവദിക്കണേ എന്നാഗ്രഹിക്കുകയും ചെയ്‌തു.

അവസാനമായപ്പോൾ ക്ലേശിച്ചാണ് വായിക്കുന്നതും. “മുമ്പൊക്കെ ദിവസവും മൂന്ന്‌ മണിക്കൂറിലധികം വായിച്ചിരുന്നു. ഇന്നിപ്പോൾ കഷ്ടിച്ച് മുപ്പതുപേജേ പറ്റുന്നുള്ളൂ.” സങ്കടംപോലെ എം ടി പറഞ്ഞുനിർത്തി. എന്നിട്ടും ഞാൻ പുസ്‌തകങ്ങളുമായി ചെന്നു. അദ്ദേഹം കൊച്ചുകുട്ടിയെപ്പോലെ അത് വാങ്ങി മറിച്ചുനോക്കി. ഞാനത് നോക്കിയിരിക്കും.

“നമുക്ക് ഇനിയും ചിലതൊക്കെ സംസാരിക്കണം. നമ്മുടെ ആ ഇന്റർവ്യൂ നന്നായെന്ന് പലരും പറഞ്ഞു.'' ഞാൻ അറിയാതെ കൈകൂപ്പും. കോവിഡിനുശേഷം ആരോഗ്യപ്രശ്നങ്ങൾ വിട്ടുമാറാതായി. എന്നിട്ടും ഓരോ കൂടിക്കാഴ്‌ചയിലും കുറേക്കാര്യങ്ങൾ സംസാരിച്ചു. “ഞാനിതെല്ലാം ചേർത്ത് പുസ്‌തകമാക്കും.” ഞാൻ എപ്പോഴും പറഞ്ഞുകൊണ്ടിരുന്നു. “വരട്ടെ, നമുക്കിനിയും സംസാരിക്കാം.” എം ടി കൂട്ടിച്ചേർക്കും. നമ്മൾ പിന്നെയും സംസാരിച്ചു. 2024 ജനുവരിയിൽ കോഴിക്കോട് ബീച്ചിൽ കേരള സാഹിത്യോത്സവ വേദിയിൽ -ആയിരങ്ങളെ സാക്ഷിനിർത്തി ഒരു മണിക്കൂറിലധികം. സംഭാഷണത്തിന് സുധീറാവട്ടെ എന്ന് പറഞ്ഞു എന്നറിഞ്ഞപ്പോൾ എന്റെ മനസ്സിൽ പഴയ ‘ശ്രദ്ധിക്കാറുണ്ട്' എന്ന ആ വാചകം ഓർമയിലെത്തി. ഞാൻ ഭാഗ്യവാനാണ്. എം ടി എന്ന എന്റെ വലിയ സുഹൃത്തിന് എന്നിൽ വലിയ വിശ്വാസമുണ്ട്. ആ സംഭാഷണത്തിലും എം ടി തൃപ്തനായിരുന്നു. പിന്നീടും നമ്മൾ കണ്ടിരുന്നു. സംസാരങ്ങൾ കുറഞ്ഞുവെന്നു മാത്രം.

എം ടി        പെയിന്റിങ്‌: പ്രഭാകരൻഎം ടി പെയിന്റിങ്‌: പ്രഭാകരൻ

ആ മനസ്സിൽ പറയാൻ പലതും ബാക്കിയുണ്ടായിരുന്നു. പക്ഷേ, വയ്യാതായി.

അവസാനമായി ആശുപത്രി കിടക്കയിൽ കിടന്ന് നിസ്സംഗനായി വാസ്വേട്ടൻ എന്നെ നോക്കിയത് എന്റെ മനസ്സിലങ്ങനെ വേദനയായി നിറഞ്ഞു കിടപ്പുണ്ട്. അന്ന് എന്റെ മനസ്സ് പറഞ്ഞു. ഇനിയൊരു തിരിച്ചുവരവുണ്ടാവില്ല. മരണം പടിവാതിൽക്കലെത്തിയിട്ടുണ്ട്. മരണത്തെ പലപ്പോഴും തോൽപ്പിച്ച മനുഷ്യനാണ്. ആ ജീവിതാസക്തി ഞാനറിഞ്ഞിട്ടുണ്ട്. ഞാൻ മെല്ലെ അടുത്ത് ചെന്ന് ആ കൈകൾ ചേർത്തുപിടിച്ചു. മനസ്സിലായോ എന്ന എന്റെ ചോദ്യത്തിന് മറുപടിയെന്നപോൽ അദ്ദേഹം കൈകൾ വിടുവിച്ച് അതു മെല്ലെ ഉയർത്തി എന്റെ കവിളിലൊന്നു തലോടി. പതിവില്ലാത്തതാണ് ഇത്തരം സ്‌നേഹപ്രകടനങ്ങൾ. ആശുപത്രിയിൽനിന്നും വീട്ടിലേക്കു പോകണമെന്ന വലിയ വാശിയിലായിരുന്നു അപ്പോൾ.

“അസുഖമൊക്കെ മാറിയിട്ട് വീട്ടിലേക്ക് പോകാം. എന്നിട്ട് നമുക്കവിടെയിരുന്ന് വീണ്ടും വർത്തമാനം പറയണം.” ഞാൻ പറഞ്ഞു. “നമ്മളൊരുപാട് പറഞ്ഞതല്ലേ.'' ക്ലേശത്തോടെ ചുണ്ടു ചെരിച്ച് നേരിയ ശബ്ദത്തിൽ അദ്ദേഹം മറുപടി പറഞ്ഞു. ഞാൻ പോകാൻ പുറപ്പെട്ടപ്പോൾ പതിവുപോലെ ‘നമുക്ക് കാണാം’ എന്നും പതുക്കെ പറഞ്ഞു.

അത് പതിവാണ്. അദ്ദേഹത്തിന്റെ വീടായ ‘സിതാര’യിലെ കസേരയിൽ നിന്നും ഞാനെഴുന്നേൽക്കുമ്പോൾ എല്ലായ്‌പ്പോഴും ആ വാചകം വരും, -“നമുക്ക് കാണാം.” കാണൽ അവസാനിച്ചു എന്നെനിക്കറിയാം. എന്നാലും ‘ഒ ഹെൻറി പ്രൈസ് സ്റ്റോറീസ് 2025’ എന്ന പുതിയ പുസ്‌തകത്തിന്റെ കോപ്പി ഞാനെടുത്തുവച്ചിട്ടുണ്ട്, വാസുവേട്ടന് തരാൻ. മുൻകൊല്ലങ്ങളിലെല്ലാം ഞാനതു കൊടുത്തപ്പോൾ സന്തോഷമായിരുന്നു. ചുണ്ട് ചെരിച്ച് ചിരിച്ചിട്ടുണ്ട്. ഇതിലും നല്ല കഥകളുണ്ട്. എനിക്കറിയാം, വാസുവേട്ടന് വലിയ സന്തോഷമാവും. നമുക്ക് കുറച്ചിരുന്ന് സംസാരിക്കണം. കാലം കാവലിരിക്കട്ടെ .



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home