കവർസ്റ്റോറി
പൊടെംകിൻ പടക്കപ്പൽ: ആത്മകഥയിലെ ഒരധ്യായം


മാങ്ങാട് രത്‌നാകരൻ
Published on Jan 12, 2026, 12:17 PM | 8 min read
ലോകസിനിമയുടെ ജീവചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരധ്യായം ഇതെഴുതുന്നയാളുടെ ആത്മകഥയിലെയും ഒരധ്യായമാണ്. ആദ്യമായി കാണുന്ന ലോക ക്ലാസിക് സിനിമ ‘ബാറ്റിൽഷിപ്പ് പൊടെംകിൻ’ ആണ്. കാസർകോട് ഗവ. കോളേജിൽ പ്രീഡിഗ്രി വിദ്യാർഥിയായിരിക്കെ, കാസർകോട് ഫിലിം സൊസൈറ്റിയുടെ പ്രദർശനത്തിൽ വച്ചാണ് പൊടെംകിൻ പടക്കപ്പൽ കാണുന്നത്.
വടക്കേ മലബാറിലെ ഒരു ‘ഓണംകേറാമൂല'യിൽ ജനിച്ചുവളർന്ന എന്നെ സംബന്ധിച്ച് അതൊരു കണ്ണുതുറക്കലായിരുന്നു. അതിനു നിമിത്തമായത് കാസർകോട് ഗവ. കോളേജിലെ മലയാളം അധ്യാപകനും ചെറുകഥാകൃത്തുമായിരുന്ന സി അയ്യപ്പനായിരുന്നു (1949-‐2011). സാഹിത്യം തലയ്‌ക്കുപിടിച്ച എനിക്ക് അയ്യപ്പൻമാഷ് ഒരഭയമായിരുന്നു, വിശേഷിച്ചും കവിതയിൽ. കേകയിലും മഞ്ജരിയിലും തരംഗിണിയിലുമുള്ള എന്റെ കവിതകൾ, ‘‘മോശമല്ല, നല്ലതുമല്ല'' എന്നുപറഞ്ഞ് മാഷ് തിരിച്ചുതന്നു. വായിക്കേണ്ട പുതിയ കവികളെയും കവിതകളെയും പരിചയപ്പെടുത്തിത്തന്നു.
മിക്കപ്പോഴും മാഷുടെ കൂടെ ലോഡ്ജിലേക്കു പോകും, നാട്ടിലേക്കുള്ള അവസാനത്തെ ബസ്സിനു സമയമാകുംവരെയും വർത്തമാനം പറഞ്ഞിരിക്കും.
‘പൊടെംകിൻ ബാറ്റിൽഷിപ്പി’ലെ ചെങ്കൊടി
അങ്ങനെയൊരു സായാഹ്നത്തിൽ, അയ്യപ്പൻമാഷ് പറഞ്ഞു, ‘‘ഇന്ന് ഒരു ലോക ക്ലാസിക് സിനിമയുണ്ട്. വരുന്നോ?'' അങ്ങനെ, ഈ സിനിമ കണ്ടു. അപ്പോൾ ഇതാകുന്നു സിനിമ! ആ സിനിമയ്‌ക്ക് അന്ന് അമ്പത്തിയഞ്ചു വയസ്സായിരുന്നു. ഇപ്പോൾ നൂറ്. ഈ നീണ്ട കാലയളവിൽ എത്ര തവണ കണ്ടുകാണും? മുപ്പതോ മുപ്പത്തിയഞ്ചോ തവണ? കൂടിയാലേ ഉള്ളൂ. ചലച്ചിത്രാസ്വാദന ക്ലാസുകളിൽ, മികച്ച ചലച്ചിത്രാധ്യാപകർ ഈ സിനിമയെ ഇഴകീറി പഠിപ്പിച്ചുതന്നു, അതിന്റെ ചുവടുപിടിച്ച് ചില ആസ്വാദന ക്ലാസുകളിൽ ഞാനും പഠിപ്പിച്ചു, ആ സിനിമയുടെ പല വശങ്ങളെക്കുറിച്ചും പലവട്ടം എഴുതി. ഈ കുറിപ്പുകൾ എഴുതാനൊരുങ്ങുംമുമ്പ് ഒരുവട്ടം കൂടി കണ്ടു. ചടുലം, തീക്ഷ്ണം, നിശിതം. നൂറുവയസ്സിലും ആ സിനിമയ്‌ക്ക് നിത്യയൗവനം! അഥവാ, സെർഗി ഐസൻസ്റ്റീൻ അതെടുത്ത പ്രായം: ഇരുപത്തിയേഴ്.
ഐസൻസ്റ്റീനിന്റെ മറ്റു സിനിമകളും കണ്ടു. സിഗാ വെർതോവിന്റെ ‘മാൻ വിത്ത് എ മൂവി ക്യാമറ’ കണ്ടു. ഐസൻസ്റ്റീനോ വെർതോവോ? ഈ ചോദ്യം ഞാനും ചോദിച്ചിരുന്നു.
ഇരുവരുടെയും സൗന്ദര്യശാസ്‌ത്ര സമീപനങ്ങളും അക്കാലത്തെ ചൂടുപിടിച്ച വിവാദങ്ങളും മനസ്സിലാക്കാൻ പുണെയിലെ ആർക്കൈവ് ലൈബ്രറിയിൽ കുറേയേറെ ദിവസങ്ങൾ ചെലവിട്ടിരുന്നു. വിപ്ലവസിനിമയുടെ വ്യത്യസ്‌തങ്ങളായ വഴികൾ പിന്തുടരുന്ന സിനിമകൾ കണ്ടു. ഷോൺ-ലുക് ഗൊദാർദിന്റെ സിനിമകളും ‘ലാറ്റിനമേരിക്കയുടെ പൊടെംകിൻ’ ആയ ‘അവർ ഓഫ് ഫർണേസസ്’ (തീച്ചൂളകളുടെ മുഹൂർത്തം) ‘പ്രബന്ധസിനിമ'യും കണ്ടു. അതിന്റെ സംവിധായകരിൽ ഒരാളായ ഫെർണാണ്ടോ ഇ സൊളാനാസിനെ നേരിട്ടു പരിചയപ്പെടാനും സംസാരിക്കാനും അവസരമുണ്ടായി. ‘പൊടെംകിൻ’ കണ്ടിരുന്നില്ലെങ്കിൽ ഇതൊന്നും സാധ്യമാവുമായിരുന്നില്ല എന്നാണ് എന്റെ വിശ്വാസം. കാരണം, ‘പൊടെംകിനി’ന്റെ അടിത്തറയിലാണ് മറ്റു വിപ്ലവസിനിമകൾ പടുത്തുയർത്തിയത്.
********
പുണെയിലെ ചലച്ചിത്ര ഇൻസ്റ്റിറ്റ്യൂട്ടിൽ ഒരു ചലച്ചിത്രാസ്വാദന കോഴ്‌സിൽ പങ്കുകൊണ്ടപ്പോൾ, അവിടെവച്ച് ഋത്വിക് ഘട്ടക്കിന്റെ ശിഷ്യനും തമിഴ് ചലച്ചിത്ര സംവിധായകനുമായ കെ ഹരിഹരൻ ‘പൊടെംകിനെ’ക്കുറിച്ച് ക്ലാസെടുത്തപ്പോൾ, അതിശയകരമായ ഒരു സംഭവത്തെക്കുറിച്ചു പറഞ്ഞു. 1925 ഡിസംബർ 21-ന് മോസ്‌കോയിലെ ബോൾഷോയ് തിയറ്ററിൽ, 1905-‐ലെ പരാജയപ്പെട്ട വിപ്ലവത്തിന്റെ ഇരുപതാം വാർഷികാചരണത്തിന്റെ ഭാഗമായാണ് പൊടെംകിൻ ആദ്യമായി പ്രദർശിപ്പിച്ചത്. എഡിറ്റിങ്ങിനു മേൽനോട്ടം വഹിക്കുമ്പോൾ, ഇരുപത്തിയേഴുകാരനായ ആ യുവസംവിധായകൻ ഒരുകാര്യത്തിൽ നിരാശനായിരുന്നു. കറുപ്പും വെളുപ്പും ചിത്രത്തിലെ ചെങ്കൊടി, സ്വാഭാവികമായും കറുപ്പായിരുന്നു. മറ്റേതുകാര്യത്തിലും ‘യന്ത്രകല'യുടെ സാങ്കേതികതയ്‌ക്ക് കീഴടങ്ങാം, ചെങ്കൊടിയുടെ കാര്യത്തിൽ സംവിധായകൻ അതിനൊരുക്കമായിരുന്നില്ല. യന്ത്രത്തിന് ഒരിക്കലും എത്തിപ്പിടിക്കാനാവാത്ത ‘മനുഷ്യഭാവന' ഐസൻസ്റ്റീൻ പ്രയോഗിച്ചു. ‘പൊടെംകിനി’ലെ നാവികർ വിപ്ലവത്തിന്റെ വിജയം ആഘോഷിച്ച് ഉയർത്തുന്ന രക്തപതാക പ്രത്യക്ഷപ്പെടുന്ന നൂറിലേറെ ഫ്രെയിമുകളിൽ സംവിധായകൻ കൈകൊണ്ട് ചുവപ്പുനിറം ചാലിച്ചു. അത്ഭുതകരമായിരുന്നു പ്രദർശനാനുഭവം. കാണികൾ ഒന്നടങ്കം ആ വിശേഷപ്പെട്ട കാഴ്‌ചയുടെ വൈദ്യുതസ്‌പർശത്താൽ ആവേശംകൊണ്ടു. ആത്മകഥയിൽ1 ‘പൊടെംകിനി’ന്റെ ആദ്യപ്രദർശനം' എന്ന അധ്യായത്തിൽ അദ്ദേഹം അതിനെക്കുറിച്ച് എഴുതുന്നു.
ഒഡേസ പടവുകളിലെ ഒരു രംഗം
ഇതെഴുതുന്നതിനു രണ്ടുനാൾ മുമ്പ് കേരളത്തിന്റെ അന്താരാഷ്‌ട്ര ചലച്ചിത്രോത്സവത്തിൽ ഹരിഹരനെ കണ്ടുമുട്ടിയപ്പോൾ, ആ പഴയ ക്ലാസും ‘ചെങ്കൊടി'യും ഓർമിപ്പിച്ചു.
‘‘ഇപ്പോഴും ആ സിനിമ വിപ്ലവമാണ്. അതിന്റെ പ്രദർശനം വിലക്കിയതുതന്നെ2 അതിനു തെളിവല്ലേ? വാർത്താവിതരണ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥന്മാർ ഈ സിനിമയെക്കുറിച്ച് കേട്ടിട്ടുണ്ട് എന്നതുതന്നെ എന്നെ അത്ഭുതപ്പെടുത്തുന്നു. അതേതായാലും നല്ല കാര്യമല്ലേ?'' ഹരിഹരൻ ചിരിച്ചു.
***********
‘ഒരു നുണ നൂറുതവണ ആവർത്തിച്ച് സത്യമാക്കിത്തീർക്കാൻ' പുറപ്പെട്ട നാത്‌സി പ്രചാരണവിഭാഗം തലവൻ ജോസഫ് ഗീബൽസ് ‘ബാറ്റിൽഷിപ്പ് പൊടെംകി’നെ പ്രശംസിച്ചതും ഐസൻസ്റ്റീൻ അതിനെഴുതിയ മറുപടിയും ഇതിനോടു ചേർത്തുവായിക്കാവുന്നതാണ്; ആ നാത്‌സി ചലച്ചിത്രസാക്ഷരനാണെന്ന വ്യത്യാസമുണ്ടെങ്കിലും. ‘‘സിനിമയിൽ പകരം വയ്‌ക്കാനില്ലാത്ത ഗംഭീര സിനിമ. സത്യസന്ധമായ കല സൃഷ്ടിക്കാൻ ‘പൊടെംകിനി’നെ മാതൃകയാക്കണം. നാത്‌സി ചലച്ചിത്രരംഗം ഒരുദിവസം അതിന്റേതായ നാഷണൽ സോഷ്യലിസ്റ്റ് പൊടെംകിൻ സൃഷ്ടിക്കും.'' ജർമൻ ചലച്ചിത്ര വ്യവസായത്തോടായി നടത്തിയ ഒരു പ്രസംഗത്തിൽ (1933 മാർച്ച് 28) ഗീബൽസ് പ്രത്യാശിച്ചു.
പ്രശംസയ്‌ക്കോ നിന്ദയ്‌ക്കോ പൊതുവേ ചെവികൊടുക്കാറില്ലാത്ത ഐസൻസ്റ്റീന് ഈ സ്‌തുതി അവമതിപ്പുണ്ടാക്കി. ഗീബൽസിന് അദ്ദേഹം തുറന്ന കത്തെഴുതി (1934 മാർച്ച് 9). ‘‘സത്യവും നാഷണൽ സോഷ്യലിസവും ചേർന്നുപോകില്ല. സത്യത്തിനുവേണ്ടി നിലകൊള്ളുന്നവർ മുഴുവൻ നിങ്ങൾക്കെതിരാണ്... ജീവിതത്തെക്കുറിച്ച് സംസാരിക്കാൻ താങ്കൾക്കെങ്ങനെ ധൈര്യം വന്നു? ആരാച്ചാരുടെ മഴുവും കൊലയാളികളുടെ യന്ത്രത്തോക്കും കൊണ്ട് സ്വന്തം രാജ്യത്തെ എല്ലാ നന്മകളേയും കുഴിച്ചുമൂടുകയും പുറത്താക്കുകയും ചെയ്യുന്നയാളാണ് താങ്കൾ...''
**********
ഒക്‌ടോബർ വിപ്ലവം മാനവചരിത്രത്തിലാദ്യമായി ഒരു പുതിയ സാമൂഹികക്രമം കൊണ്ടുവന്നു. അതുവരെയും ഭരിക്കപ്പെട്ടിരുന്ന ജനത ആദ്യമായി ഭരിച്ചു. തൊഴിലാളിവർഗം ഭരിച്ചാലും ‘ഭരും'! അതോടൊപ്പം വിപ്ലവകരമായ കലയുടെ സൗന്ദര്യശാസ്‌ത്രവും രൂപപ്പെട്ടു. സിനിമയിൽ, കലയിലെ വർഗസമരത്തിന് ആക്കംകൂട്ടിയ രണ്ടു ധാരകൾ നിരന്തരസംഘർഷത്തിലേർപ്പെട്ടുകൊണ്ട്, ചലനാത്മകമായ വിപ്ലവകലയെ പോഷിപ്പിച്ചു. സിനിമയിൽ പ്രധാനമായും ഐസൻസ്റ്റീനിന്റെയും വെർതോവിന്റെയും സൗന്ദര്യശാസ്‌ത്രങ്ങളാണ് തീയും പുകയും പടർത്തിയത്. ‘ഫിലിംഡ്രാമ മനുഷ്യനെ മയക്കുന്ന കറുപ്പാണ്' എന്നായിരുന്നു വെർതോവിയൻ ചലച്ചിത്രസങ്കൽപ്പത്തിന്റെ സാരാംശം. നാടകത്തിൽനിന്നു സിനിമയിലേക്കു വന്ന ഐസൻസ്റ്റീൻ ‘നാടകീയത'യ്‌ക്കാണ് ഊന്നൽ നൽകുന്നതെന്നായിരുന്നു, തുടക്കം തൊട്ടേ സിനിമയിൽ പരീക്ഷണങ്ങൾ കൊണ്ടുവന്ന വെർതോവിന്റെ വിമർശനം. വെർതോവിന്റേത് ‘യാന്ത്രികശൈലി'യാണെന്ന് ഐസൻസ്റ്റീനും തിരിച്ചടിച്ചു. പക്ഷേ കലയുടെമേൽ ഔദ്യോഗികമായ നിയന്ത്രണങ്ങളെ ഇരുവരും രണ്ടുരീതിയിൽ പ്രതിരോധിച്ചു. ‘ഇവാൻ ദ ടെറിബിൾ’ രണ്ടാം ഭാഗത്തിന്റെ അന്ത്യരംഗങ്ങൾ നിർദേശാനുസരണം ‘ദൈവികമാക്കാൻ' (apotheotic) ഐസൻസ്റ്റീൻ വിസമ്മതിച്ചു. വെർതോവും ‘സോഷ്യലിസ്റ്റ് റിയലിസ'ത്തിനു വഴങ്ങാനോ വിശ്വാസപ്രമാണങ്ങളിൽ സന്ധിചെയ്യാനോ കൂട്ടാക്കാത്തതിനാൽ, അവസരങ്ങൾ നിഷേധിക്കപ്പെട്ട്, നിശ്ശബ്ദതയിലേക്കു പിൻവാങ്ങി. ദശാബ്ദങ്ങൾക്കുശേഷം ഗൊദാർദിന്റെ മുൻകൈയിൽ പാരീസിൽ ‘സിഗ വെർതോവ് ഗ്രൂപ്പ്' (1969) വരുന്നതുവരെയും വെർതോവിന്റെ വിപ്ലവകരമായ സിനിമ വിസ്മൃതിയിലായിരുന്നു.
ഐസൻസ്റ്റീനിന്റേത് അക്ഷരാർഥത്തിൽ സ്‌ഫോടകമായ ശൈലിയായിരുന്നു. ആത്മകഥയിൽ അദ്ദേഹം എഴുതി: ‘‘അഹങ്കാരലേശമില്ലാതെ പറയാം, ലക്ഷക്കണക്കിനാളുകൾ ‘പൊടെംകിൻ’ കണ്ടു. ലോകത്തിന്റെ പല ഭാഗങ്ങളിലുള്ളവർ, വിവിധ ദേശീയതയിലും വംശങ്ങളിലും പെട്ടവർ... കലയിലെ സ്‌ഫോടനം, വികാരങ്ങളുടെ തീവ്രമായ സ്‌ഫോടനം, സ്‌ഫോടകവസ്‌തുക്കൾ പൊട്ടിത്തെറിക്കുന്ന അതേമട്ടിലാണ് നിർമിച്ചത്. ഒരിക്കൽ ഞാൻ കുഴിബോംബുകളെക്കുറിച്ചു പഠിച്ചിരുന്നു. വളരെ വലിയ ശക്തി സംഭരിച്ച് അമർത്തിവയ്‌ക്കുക, (യഥാർഥത്തിൽ കലയിൽ ഈ രീതി വ്യത്യസ്‌തമാണ്.) പിന്നീട് ആ അമർത്തിവച്ച, വിങ്ങിനിൽക്കുന്ന ഫ്രെയിമിനെ പൊട്ടിത്തെറിക്കാൻ സജ്ജമാക്കുക. അതിന്റെ ചീളുകൾ ഞെട്ടലുളവാക്കിക്കൊണ്ട് പലതായി തെറിക്കുന്നു.''
ഐസൻസ്റ്റീൻ
***********
ബ്രെഹ്തിയൻ സിനിമാസങ്കൽപ്പവുമായും ഗൊദാർദിന്റെ ചലച്ചിത്രദർശനവുമായും ചേർന്നുനിൽക്കുന്നത് സിഗാ വെർതോവായിരിക്കാമെങ്കിലും ഐസൻസ്റ്റീൻ, വിശേഷിച്ചും ‘പൊടെംകിൻ’, ബ്രെഹ്തിനെയും ഗൊദാർദിനെയും ആഴത്തിൽ സ്വാധീനിച്ചിരുന്നു. അതിനുകാരണം ശുദ്ധസിദ്ധാന്തവുമായി യാതൊരു ബന്ധവുമില്ലാതിരുന്ന കലാകാരന്മാരായിരുന്നു അവർ എന്നതാണ്.
‘സെന്റ് ജോൺ ഓഫ് ദ സ്റ്റോക്ക്‌യാർഡ്‌സ്’ എന്ന നാടകരചനയുടെ വേളയിലാണ് ബ്രെഹ്ത് ‘പൊടെംകിൻ’ കാണുന്നത്. അതിലെ മൊണ്ടാഷ് സങ്കേതം, പരസ്‌പരവിരുദ്ധമായ ക്രിയാംശങ്ങളുടെ വൈരുധ്യാധിഷ്ഠിതമായ ഏറ്റുമുട്ടൽ, ബ്രെഹ്തിന്റെ ആവിഷ്‌കാര സങ്കൽപ്പങ്ങളെ നാടകത്തിന്റെ തലത്തിൽ സ്വാധീനിച്ചു. തുടർന്ന് മാക്‌സിം ഗോർക്കിയുടെ ‘അമ്മ’ നാടകമാക്കിയപ്പോഴും ആ സങ്കേതം ബ്രെഹ്ത് ഉപയോഗിച്ചു. കവി ഒരു കവിതയിൽ എഴുതി:
പൊടെംകിൻ പടക്കപ്പലിലെ
നാവികകലാപത്തെക്കുറിച്ചുള്ള സിനിമയിൽ
നാവികർ തങ്ങളുടെ മർദകരെ
കടലിൽ വലിച്ചെറിഞ്ഞപ്പോൾ
അഭിവാദനത്തിന്റെയും
വിജയത്തിന്റെയും
വികാരതരംഗങ്ങൾ
ഞങ്ങളിൽ നിറഞ്ഞു.
ഗൊദാർദ്, സ്വതഃസിദ്ധമായ നിരീക്ഷണത്തിലൂടെയാണ് ‘പൊടെംകിനി’നെ പ്രകീർത്തിച്ചത്: ‘‘പരസ്യചിത്രങ്ങൾ വളരെ ചടുലവും ആകർഷകവുമാണ്, ‘ബാറ്റിൽഷിപ്പ് പൊടെംകിനെ’പ്പോലെത്തന്നെ. പക്ഷേ ആ പടത്തെപ്പോലെ എഴുപത്തിയഞ്ചു മിനുട്ട് പിടിച്ചുനിൽക്കാൻ പരസ്യചിത്രങ്ങൾക്കാവില്ല, കാരണം അവ നുണയാണ് പറയുന്നത്.'' ഗൊദാർദ് പറഞ്ഞതിൽ സാങ്കേതികതയ്‌ക്കപ്പുറമുള്ള മാനവികതയുണ്ട്. ആ മാനവികത മാർക്‌സ് നിരീക്ഷിക്കുന്നതുപോലെ, ‘‘മൗലികമാവുകയെന്നാൽ കാര്യങ്ങളുടെ അടിവേരോളം ചെല്ലുക എന്നതാണ്, മനുഷ്യന്റെ കാര്യത്തിൽ അതു മനുഷ്യൻ തന്നെ.''
ഷോൺ ‐ ലുക് ഗൊദാർദ്
*******
ആസൂത്രണത്തെക്കാൾ ആകസ്മികതയിലാണ് പൊടെംകിൻ പിറന്നുവീണത്. ഒക്‌ടോബർ വിപ്ലവത്തിന്റെ ‘ഡ്രസ്സ് റിഹേഴ്‌സൽ' എന്നു ലെനിൻ വിശേഷിപ്പിച്ച 1905‐ലെ വിപ്ലവമുന്നേറ്റത്തിന് ഇരുപതു വയസ്സു തികയുന്ന വേളയിൽ, ആ ചരിത്രകാലത്തിന് ചലച്ചിത്രസാക്ഷാത്കാരം നൽകാനുള്ള സംരംഭത്തിന് വിപ്ലവസർക്കാർ ഐസൻസ്റ്റീന് അനുമതി നൽകി. ‘സ്‌ട്രൈക്ക്’ (1924) എന്ന ഐസൻസ്റ്റീൻ ചിത്രം സർക്കാരിന്റെ സാംസ്‌കാരിക വിഭാഗത്തിന് നന്നേ മതിപ്പുണ്ടാക്കിയിരുന്നു. അതിനാൽത്തന്നെ, ഇരുപത്തിയേഴുകാരനായ ആ ചെറുപ്പക്കാരനെ അവഗണിക്കാനാവുമായിരുന്നില്ല. തിരക്കഥയുൾപ്പെടെയുള്ള പ്രമേയസ്വീകാരത്തിന് വിപ്ലവകാരിയും തിരക്കഥാകൃത്തും സംവിധായികയുമായ നിന അഗാദ്ഷനോവ-ഷുത്‌കോയെ ചുമതലപ്പെടുത്തി. 1905 വിപ്ലവത്തിൽ, അന്നു പതിനാറുകാരിയായിരുന്ന നിന സജീവമായി പങ്കുകൊണ്ടിരുന്നു. നിന സർവതലസ്‌പർശിയായ ഒരു തിരക്കഥയെഴുതി, പൊടെംകിൻ പടക്കപ്പലിലെ കലാപം അതിൽ കഷ്ടിച്ച് രണ്ടു പേജു വരുന്ന ഒരു ‘അടിക്കുറിപ്പ്' മാത്രമായിരുന്നു.
സംവിധായകനും തിരക്കഥാകൃത്തും നന്നായി ചേർന്നുപോയെങ്കിലും ചില പ്രശ്‌നങ്ങൾ പൊങ്ങിവരാതിരുന്നില്ല. ഐസൻസ്റ്റീനിന്റെ സംവിധാനപ്രതിഭ 1905-‐ന്റെ വസ്‌തുസ്ഥിതികഥനം കൊണ്ടുമാത്രം തൃപ്തനായിരുന്നില്ല. ഭാവനാകൽപ്പിതമായ രംഗങ്ങളിൽ തിരക്കഥാകാരിക്കും താൽപ്പര്യമുണ്ടായിരുന്നില്ല. ഇതിനെല്ലാം പുറമേ, അതേവർഷം തന്നെ (1925) സിനിമ പുറത്തിറങ്ങണമെന്ന നിബന്ധനയും. അങ്ങനെ ഐസൻസ്റ്റീൻ പൊടെംകിൻ പടക്കപ്പലിലെ കലാപത്തിൽ (1905 ജൂൺ 14) വന്നുനിന്നു. തിരക്കഥയിൽ പരാമർശിച്ചിട്ടില്ലാത്ത, സിനിമയിലെ ഏറ്റവും കേൾവിപ്പെട്ട ഒഡേസ പടവ് രംഗങ്ങൾ ചിത്രീകരണത്തിൽ സുപ്രധാന സംഭവമായി ഉൾപ്പെടുത്തി. സിനിമയുടെ ‘ക്രെഡിറ്റി'ൽ ‘മൂലകഥ'യിൽ മാത്രമേ ഐസൻസ്റ്റീനുമായി ചേർത്ത് നിനയുടെ പേരുള്ളൂ. തിരക്കഥയും സംവിധാനവും ഐസൻസ്റ്റീൻ തന്നെ. സിനിമ പുറത്തിറങ്ങിയപ്പോൾ വിയോജിപ്പുകൾ മറന്ന് അവർ സിനിമയെ പ്രശംസയിൽ മൂടി. സിനിമയുടെ ഛായാഗ്രാഹകൻ, എഡ്വേർഡ് ടിസ്സെ ക്യാമറ പ്രവർത്തിപ്പിക്കുന്ന ആൾ മാത്രമല്ല, ഒരു ‘ദൈവ'മാണെന്ന് നിന ഐസൻസ്റ്റീന് എഴുതി.
‘പൊടെംകിൻ’ പ്രേക്ഷകരെ ഇളക്കിമറിച്ചെങ്കിലും (ആദ്യത്തെ നാലാഴ്‌ചയ്‌ക്കുള്ളിൽ മൂന്നുലക്ഷം പ്രേക്ഷകരാണ് സിനിമ കണ്ടത്) സർക്കാരിന്റെ ചലച്ചിത്രവിഭാഗത്തിലെ തലപ്പത്തുള്ളവർക്ക് അതത്ര രസിച്ചിരുന്നില്ല. അതിനാൽ വിദേശത്തേക്ക് പ്രിന്റ് അയക്കാൻ താൽപ്പര്യമെടുത്തതുമില്ല. ഈ സമയത്താണ് വിപ്ലവകവിയും ‘കവിതയിലെ ഐസൻസ്റ്റീനുമായ’ വ്‌ളാദിമിർ മയക്കോവ്‌സ്‌കി, സോവ്കിനോ (Sovkino)യുടെ ഓഫീസിൽ കൊടുങ്കാറ്റുപോലെ കയറിച്ചെന്ന് അതിന്റെ പ്രസിഡന്റ് കോൺസ്റ്റന്റിൻ ഷ്വെദ്ചിക്കോവിനോട് എത്രയും വേഗം പ്രിന്റുകൾ വിദേശങ്ങളിലേക്ക് അയക്കാൻ ആവശ്യപ്പെടുന്നത്. ലെനിനുമായി ഉണ്ടായിരുന്ന പരിചയം മുതലാക്കിയാണ് ഷ്വെദ്ചിക്കോവ് ആ പദവിയിൽ കയറിക്കൂടിയത്. അമേരിക്കൻ കോമഡിച്ചിത്രങ്ങളല്ലാതെ മറ്റൊന്നും അദ്ദേഹത്തിന്റെ തലയിൽ കയറുമായിരുന്നില്ല. ‘‘ഷ്വെദ്ച്ചിക്കോവുമാർ വരും പോകും’’, മയക്കോവ്‌സ്‌കി അലറി, ‘‘പക്ഷേ കല നിലനിൽക്കും, അതോർമിച്ചോളൂ.''3 വിപ്ലവാനന്തര റഷ്യയിൽ മയക്കോവ്‌സ്‌കിയെ അവഗണിക്കുക അസാധ്യമായിരുന്നു. വിപ്ലവയൗവനങ്ങൾ ഒന്നാകെ കവിയുടെ പിന്നാലെയായിരുന്നു.
‘ഇരുപതാം നൂറ്റാണ്ടിന്റെ കലാരൂപ’മെന്ന് ലെനിൻ നിർവചിച്ച സിനിമ മയക്കോവ്‌സ്‌കിക്ക് അതു മാത്രമായിരുന്നില്ല. ഒരു കവിതയിൽ കവി കുറിച്ചിട്ടതുപോലെ,
സിനിമ
സമരത്തിന്റെ വാഹകൻ
സിനിമ
സാഹിത്യത്തെ പുതുക്കുന്നത്
സിനിമ
സൗന്ദര്യശാസ്‌ത്രത്തിന്റെ
അന്തകൻ
സിനിമ
നിർഭയകലാരൂപം
സിനിമ
ഒരു കായികതാരം
സിനിമ
ആശയങ്ങളുടെ വിത്തുവിതയ്‌ക്കൽ
**********
റോഡ്‌ചെങ്കോ രൂപകല്‌പന ചെയ്‌ത ‘ബാറ്റിൽഷിപ്പ് പൊടെംകി’ന്റെ പോസ്റ്റർ
സിനിമയുടെ പ്രഥമ പ്രദർശനത്തിൽ ‘പൊടെംകിനി’ന്റെ ‘തൊടുകുറി', ഇന്നു നാം കാണുന്നതുപോലെ ലെനിനിന്റേതായിരുന്നില്ല; ട്രോട്‌സ്‌കിയുടേതായിരുന്നു. ട്രോട്‌സ്‌കിയുടെ പേരു ചാർത്തിയിരുന്നില്ലെങ്കിലും വാക്യ- ‐ ആശയചാരുതയും പ്രചാരവുംമൂലം അതു ട്രോട്‌സ്‌കിയുടേതെന്ന് മുഴുവൻ സോവിയറ്റ്‌നാടിനും അറിയാമായിരുന്നു.
‘‘കലാപത്തിന്റെ ആത്മവീര്യം രാജ്യം മുഴുവൻ ഒഴുകിപ്പടർന്നിരിക്കുന്നു. എണ്ണമറ്റ ജനഹൃദയങ്ങളിൽ ഗംഭീരവും വിസ്മയകവുമായ ഒരു പരിവർത്തനം സംഭവിച്ചിരിക്കുന്നു. വ്യക്തി ജനങ്ങളിൽ ലയിച്ചിരിക്കുകയാണ്, ജനങ്ങളാകട്ടെ സ്വയമേവ വിപ്ലവാവേശമായി രൂപംകൊണ്ടിരിക്കുന്നു.''
‘പൊടെംകിൻ’ സിനിമയ്‌ക്കു തന്നെ അടിവരയിടുന്ന തീവ്രവും കാവ്യാത്മകവുമായ പ്രസ്‌താവമായിരുന്നു അത്. പക്ഷേ ലെനിന്റെ മരണശേഷം (1924), സ്റ്റാലിൻ അധികാരമേറ്റതിനുശേഷം ട്രോട്‌സ്‌കി വിപ്ലവത്തിന്റെ സഹനായകൻ എന്ന നിലയിൽനിന്നും ‘അഞ്ചാംപത്തി’യായും ഒരു പടികൂടി കടന്ന് ‘വിഷമൂർഖ’നായും ചിത്രീകരിക്കപ്പെട്ടു. ‘പൊടെംകിൻ’ ഔദ്യോഗികമായി പ്രദർശനത്തിനെത്തിയ വർഷം (1926) ട്രോട്‌സ്‌കിയെ പൊളിറ്റ് ബ്യൂറോയിൽ നിന്നും തൊട്ടടുത്തവർഷം (1927) പാർടിയിൽ നിന്നും അതിനടുത്തവർഷം (1928) മോസ്‌കോയിൽ നിന്നും, അതിനുമടുത്തവർഷം (1929) റഷ്യയുടെ മണ്ണിൽനിന്നും പുറത്താക്കി.
അധികൃതരുടെ നിർദേശപ്രകാരം തൊടുകുറി സഹനായകന്റേതിനുപകരം വിപ്ലവനായകന്റേതായി മാറി. ‘‘വിപ്ലവമെന്നാൽ യുദ്ധമാണ്. ഇത്, ഇതുമാത്രമാണ് ധാർമികവും യുക്തിസഹവും നീതിയുക്തവും ശരിക്കും മഹിമയേറിയതുമായ ഒരേയൊരു യുദ്ധം. റഷ്യയിൽ ഈ യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നു, അത് ആരംഭിച്ചിരിക്കുന്നു...'' **********
അലക്‌സാണ്ടർ റോഡ്‌ചെങ്കോ (1891-‐1956) ആണ് ‘പൊടെംകിനി’ ന്റെ മുഖ്യമായ പോസ്റ്ററുകൾ രൂപകൽപ്പന ചെയ്‌തത്. സോവിയറ്റ് വിപ്ലവകലയുടെ ചരിത്രത്തിലെ ബഹുമുഖപ്രതിഭയായിരുന്നു റോഡ്‌ചെങ്കോ. ചിത്രകാരൻ, ശിൽപ്പി, ഗ്രാഫിക് ഡിസൈനർ, ഫോട്ടോഗ്രാഫർ ഇങ്ങനെ പല മുഖങ്ങൾ. ഐസൻസ്റ്റീനിന്റെ സുഹൃത്തുക്കളായിരുന്നു റോഡ്‌ചെങ്കോയും ചിത്രകാരിയായ ഭാര്യ വാർവര സ്റ്റെപ്പനോവയും. ‘ജനറൽ ലൈൻ’ എന്ന സിനിമയിൽ അവരെ അഭിനയിപ്പിക്കാനും ഐസൻസ്റ്റീനു പദ്ധതിയുണ്ടായിരുന്നു.
1921 സെപ്തംബറിൽ, മോസ്‌കോയിൽ തന്റെ മൂന്ന് ‘അവസാന ചിത്രങ്ങൾ' പ്രദർശിപ്പിച്ച് റോഡ്‌ചെങ്കോ ‘സാമ്പ്രാദിയക ചിത്രകല'യോടു വിടപറഞ്ഞു. മൂന്നു കാൻവാസുകളിൽ മൂന്നു നിറങ്ങൾ മാത്രം: ശുദ്ധ ചുവപ്പ്, ശുദ്ധ മഞ്ഞ, ശുദ്ധ നീല. ‘‘പെയിന്റിങ്ങിനെ ഞാൻ അതിന്റെ യുക്തിസഹമായ അന്ത്യത്തിലേക്കു നയിച്ചു. അങ്ങനെ അതിന്റെ കഥ കഴിഞ്ഞുവെന്ന് ഞാൻ ഉറപ്പാക്കി. ഒരു പ്രതലമെന്നാൽ പ്രതലമാണ്. അതിന് മറ്റൊന്നിനെയും പ്രതിനിധീകരിക്കേണ്ടതില്ല'', റോഡ്‌ചെങ്കോ പ്രഖ്യാപിച്ചു.
‘റഷ്യൻ കൺസ്ട്രക്ടിവിസ'ത്തിന്റെ സ്ഥാപകരിൽ പ്രമുഖനായ റോഡ്‌ചെങ്കോ പിന്നീട് ഫോട്ടോഗ്രഫിയിലും ഗ്രാഫിക് ഡിസൈനിലുമാണ് ശ്രദ്ധ പതിപ്പിച്ചത്. ‘കൺസ്ട്രക്ടിവിസ്റ്റ്' ശൈലിയിലാണ് ‘പൊടെംകിൻ’ പരസ്യചിത്രങ്ങൾ റോഡ്‌ചെങ്കോ രൂപകൽപ്പന ചെയ്‌തത്. നേരിട്ടുള്ള വിനിമയമെന്ന രീതിയിൽ ജ്യാമിതീയ രൂപങ്ങളെയും രേഖകളെയും വസ്‌തുക്കളെയും മനുഷ്യരൂപത്തെയും ലിപികളെയും അക്കങ്ങളെയും വാർത്തെടുത്തുകൊണ്ട്, ഒരു എൻജിനിയറായിരുന്ന ഐസൻസ്റ്റീനിന്റെ ചലച്ചിത്രനിർമിതിയെ പ്രചാരണകലയിലേക്കു പരിവർത്തനം ചെയ്യുകയായിരുന്നു റോഡ്‌ചെങ്കോ.
അലക്‌സാണ്ടർ റോഡ്‌ചെങ്കോ
*********
ലോക ക്ലാസിക് സിനിമകൾ പ്രദർശിപ്പിക്കാനായി, ഇന്ത്യ സ്വതന്ത്രയായ വർഷത്തിൽ സത്യജിത് റായിയും ചിദാനന്ദദാസ് ഗുപ്തയും സുഹൃത്തുക്കളും ചേർന്ന് കൽക്കത്ത ഫിലിം സൊസൈറ്റി രൂപീകരിച്ചപ്പോൾ അവർ ആദ്യം ചെയ്‌തത് ‘പൊടെംകിനി’ന്റെ ഒരു പ്രിന്റ് വാങ്ങിക്കുകയായിരുന്നു. ബ്രിട്ടീഷ് ഇന്ത്യയിൽ ‘പൊടെംകിൻ’ നിരോധിച്ചിരുന്നു. സൊസൈറ്റിയുടെ ആദ്യപ്രദർശനം ‘പൊടെംകിൻ’ ആയിരുന്നു. കൽക്കത്തയിലെ ആർട്ട്‌സ്ട്രി ഹൗസിലും മറ്റിടങ്ങളിലുമായി ‘പൊടെംകിനി’ന്റെ നിരവധി പ്രദർശനങ്ങൾ നടന്നു. ആ സിനിമ കണ്ട ഒരു ഉന്നത ബ്രിട്ടീഷ് ഉദ്യോഗസ്ഥൻ, ‘‘യൂണിഫോമിട്ട ഏതൊരാളെക്കണ്ടാലും ചവിട്ടുവച്ചുകൊടുക്കാൻ തോന്നും,'' എന്നു പറഞ്ഞതായി കൽക്കത്ത ഫിലിം സൊസൈറ്റിയുടെ ചരിത്രാനുഭവങ്ങൾ അന്വേഷിച്ച ചലച്ചിത്രനിരൂപകൻ ശുഭാദാസ് മല്ലിക് എഴുതുന്നുണ്ട്.4 സത്യജിത് റായിയുടെ കാറിന്റെ ഡിക്കിയിൽനിന്നും ഫിലിം കാനുകൾ നിഗൂഢമാംവിധം കളവുപോവുകയായിരുന്നു. അതിന്റെ പൊടിപോലും കിട്ടിയില്ല.
സാമൂഹികമാറ്റത്തെക്കുറിച്ചുള്ള റായിയുടെ സങ്കൽപ്പം വേറൊരു തരത്തിലായിരുന്നു. സോവിയറ്റ് വിപ്ലവസിനിമകളെക്കാൾ ഇറ്റാലിയൻ നിയോ റിയലിസമായിരുന്നു റായിയുടെ പ്രചോദനം. ‘സിനിമയെക്കുറിച്ച് സംസാരിക്കുമ്പോൾ’5 എന്ന പുസ്‌തകത്തിൽ തന്റെ സിനിമകളിലെ സ്വാധീനതകളും കടപ്പാടും കാഴ്‌ചപ്പാടും റായ് വിശദീകരിക്കുന്നുണ്ട്. അതിലുടനീളം ഐസൻസ്റ്റീൻ നിറസാന്നിധ്യമാണുതാനും. ലോകസിനിമാചരിത്രത്തിൽ ഒരു മഹാനായ സംവിധായകൻ മാത്രമേ സിനിമയിലൂടെ മാത്രമല്ല, സിദ്ധാന്തങ്ങളിലൂടെയും പ്രഭാഷണങ്ങളിലൂടെയും അധ്യാപനത്തിലൂടെയും ചലച്ചിത്രകലയിൽ അധൃഷ്യനായി നിലകൊള്ളുന്നുള്ളൂ, അത് ഐസൻസ്റ്റീനാണെന്ന് റായ് എഴുതുന്നു.
ഘട്ടക്കിന് ഐസൻസ്റ്റീൻ ഉന്നതനായ ഒരു ചലച്ചിത്രകാരൻ എന്നതുപോലെത്തന്നെ ഒരു ‘ബന്ധു'വുമായിരുന്നു. ‘എന്റെ മുത്തച്ഛൻ,' എന്നാണ് തന്റെ വിദ്യാർഥികളോട് ഘട്ടക് ഐസൻസ്റ്റീനെ വിശേഷിപ്പിച്ചിരുന്നത്.6 സാമൂഹിക പരിവർത്തനത്തിന്റെ ഏറ്റവും ആസന്നവും ഫലപ്രദവുമായ ഉപാധി എന്ന നിലയിലാണ്, ഐസൻസ്റ്റീനിനെപ്പോലെത്തന്നെ നാടകം ഉപേക്ഷിച്ച് ഘട്ടക് സിനിമയെ സ്വീകരിക്കുന്നത്. ‘‘ലോകമെങ്ങുമുള്ള ചലച്ചിത്രകാരന്മാർക്ക് വിശേഷിച്ചും ഐസൻസ്റ്റീനോട് കടപ്പാടുണ്ട്. ആവിഷ്‌കാരത്തിനുള്ള തീർത്തും പുതിയ മാധ്യമം അദ്ദേഹം അവർക്കു നൽകി.''7
സത്യജിത് റായിക്ക് വിത്തോറിയോ ഡിസിക്കയും ഋത്വിക് ഘട്ടക്കിന് സെർഗി ഐസൻസ്റ്റീനും ജോൺ എബ്രഹാമിന് ലൂയിസ് ബുനുവലുമായിരുന്നു ചലച്ചിത്രകലയുടെ തലതൊട്ടപ്പന്മാർ. എന്നിരിക്കിലും, ഘട്ടക്കിനു മാത്രമല്ല, മറ്റു രണ്ടുപേർക്കും ഐസൻസ്റ്റീനോടുള്ള ഇഷ്ടം കവിഞ്ഞൊഴുകുന്നവയത്രെ. ജോൺ ഏബ്രഹാം ‘അമ്മ അറിയാൻ’ എന്ന ഏറെക്കുറെ ‘വെർതോവിയൻ' ആയ സിനിമയെടുക്കാൻ പുറപ്പെടുമ്പോൾ രൂപം നൽകിയ ജനകീയ സിനിമാസംരംഭത്തിന്റെ പേര് ‘ഒഡേസ മൂവീസ്' എന്നായിരുന്നു! .
കുറിപ്പുകൾ
1. ഇമ്മോറൽ മെമ്മറീസ് ഏൻ ഓട്ടോബയോഗ്രഫി, സെർഗി ഐസൻസ്റ്റീൻ, ഹൗട്ടൻ മിഫ്‌ളിൻ കമ്പനി, ബോസ്റ്റൺ, 1983.
2. വിലക്ക് രണ്ടുദിവസത്തിനുള്ളിൽ നീക്കി.
3. https://www.cinemaparadiso.co.uk/the-history-of-film/battleship-potemkin
4. https://www.learningandcreativity.com/silhuette/ calcutta-film-society
5. സ്പീക്കിങ് ഓഫ് ഫിലിംസ്, സത്യജിത് റായ്, പെൻഗ്വിൻ, 2005
6. ഋത്വിക് ഘട്ടക്, ചെന്നൈ ഫിലിം സൊസൈറ്റി, 1990
7. സിനിമ ആൻഡ് ഐ, ഋത്വിക് ഘട്ടക്, ഋത്വിക് മെമ്മോറിയൽ ട്രസ്റ്റ്, കൽക്കത്ത, 1987










0 comments