ad
Deshabhimani

കവർസ്റ്റോറി

അമേരിക്കൻ സാമ്രാജ്യത്വം വിതയ്‌ക്കുന്നതും കൊയ്യുന്നതും

കടപ്പാട്‌: gemini
avatar
കെ എം സീതി

Published on Mar 21, 2026, 11:36 AM | 7 min read



മേരിക്കൻ ഭരണകൂടം രാജ്യാന്തരരംഗത്തെ പതിവ് നയതന്ത്രശീലങ്ങളെയും കീഴ്‌വഴക്കങ്ങളെയും കീഴ്‌മേൽ മറിച്ചുകൊണ്ടിരിക്കുന്ന ഒരു കാലമാണിത്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നയതന്ത്രമര്യാദകളെയും അന്താരാഷ്ട്രനിയമങ്ങളെയും നിത്യവും വെല്ലുവിളിക്കുമ്പോൾ അതിനെതിരെ പ്രതികരിക്കുന്നവരുടെ എണ്ണവും കുറഞ്ഞുവരുന്നു എന്നത് അതിലേറെ ആശങ്കയു ണ്ടാക്കുന്നു. ഏറ്റവുമൊടുവിൽ ഇറാനിലെയും വെനസ്വേലയിലെയും കടന്നുകയറ്റവും ആക്രമണവും അവിടത്തെ ഭരണത്തലവന്മാരെ പിടിച്ചുകൊണ്ടുപോകുന്നതും വധിക്കുന്നതും ലോകം നിശ്ശബ്ദമായി കണ്ടുകൊണ്ടിരിക്കുന്നു.

ചിത്രംകടപ്പാട്‌: gemini

ട്രംപിന്റെ പ്രസ്‌താവനകളും നടപടികളും പലപ്പോഴും അപ്രതീക്ഷിതവും മുൻകൂട്ടി പ്രവചിക്കാനാവാത്തതുമാണ്. ഒരു ദിവസം തനിക്കിഷ്ടപ്പെട്ട രാജ്യങ്ങളോട് സൗഹൃദഭാവം പ്രകടിപ്പിക്കുമ്പോൾ, മറ്റൊരു ദിവസം അതേ രാജ്യങ്ങൾക്കെതിരെ ഭീഷണികൾ ഉയർത്തുന്ന വിചിത്രമായ നിലപാടാണ് ലോകം കാണുന്നത്.

അന്താരാഷ്‌ട്ര കരാറുകൾ, പരിസ്ഥിതിനിയമങ്ങൾ, മനുഷ്യാവകാശ വിഷയങ്ങൾ തുടങ്ങിയവയെല്ലാം ട്രംപെന്ന ഒരു വ്യക്തിയുടെ വിലക്ഷണ രാഷ്‌ട്രീയസ്വഭാവത്തിലും ‘രാജ്യതാൽപ്പര്യ’മെന്ന പേരിലുമായാണ് ചുരുക്കിയിരിക്കുന്നത്. ഇത് അന്താരാഷ്‌ട്രബന്ധങ്ങളുടെ ജനാധിപത്യസ്വഭാവത്തെയും സ്ഥിരതയെയും തകർക്കുകയും നിയമാധിഷ്ഠിത ലോകക്രമത്തിന്റെ സാധ്യതകളെ ദുർബലപ്പെടുത്തുകയും ചെയ്യുന്നു. ട്രംപിന്റെ നയങ്ങൾ ആഗോളരാഷ്‌ട്രീയത്തിലും ആഗോളസാമ്പത്തിക രംഗത്തും വലിയ മാറ്റങ്ങളും വെല്ലുവിളികളുമാണ് സൃഷ്ടിക്കുന്നത്.


അമേരിക്ക മുമ്പേ (America First) എന്ന മുദ്രാവാക്യം തന്നെ നോക്കുക. മറ്റ് രാജ്യങ്ങളുമായുള്ള പരസ്‌പരവിശ്വാസത്തിൽ അധിഷ്ഠിതമായ ജനാധിപത്യബന്ധങ്ങളേക്കാൾ അമേരിക്കയുടെ താൽപ്പര്യങ്ങൾക്ക് മുൻഗണന നൽകുന്ന രീതിയാണ് ട്രംപ് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ നിലപാട് അമേരിക്ക തന്നെ ഉൾപ്പെട്ട നാറ്റോ പോലുള്ള അന്താരാഷ്‌ട്ര സഖ്യങ്ങളിൽ അലോസരങ്ങൾ ഉണ്ടാക്കുന്നുണ്ട് എന്നത് വേറെ കാര്യം.

ഏകപക്ഷീയമായ തീരുമാനങ്ങളാണ് ട്രംപിന്റെ ശൈലി. വെനസ്വേലയിലെ കടന്നുകയറ്റം മുതൽ, ഗ്രീൻലാൻഡ് ഏറ്റെടുക്കാനുള്ള നീക്കം തുടങ്ങി ഇറാനുമേലുള്ള ആക്രമണംവരെ ഈ ഗണത്തിൽ പെടും. ഒരുപക്ഷെ ട്രംപ് നിരന്തരം ബന്ധപ്പെടുന്ന ഒരു നേതാവ് ഇസ്രയേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു മാത്രമായിരിക്കും.


മറ്റു രാജ്യങ്ങളുമായി കൂടിയാലോചിക്കാതെ ട്രംപ് എടുക്കുന്ന തീരുമാനങ്ങൾ പലപ്പോഴും നയതന്ത്രപ്രതിസന്ധികൾക്ക് കാരണമായിട്ടുണ്ട്. രാജ്യാന്തരവ്യാപാരമേഖല തന്നെയെടുക്കാം. ചൈന, ഇന്ത്യ, കാനഡ, യൂറോപ്യൻ യൂണിയൻ എന്നിവിടങ്ങളിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് വലിയതോതിൽ ഇറക്കുമതി തീരുവ ഏർപ്പെടുത്തുന്നത് ആഗോള വിതരണ ശൃംഖലയെ ബാധിക്കുമെന്നു അറിയാത്ത ആളല്ല ട്രംപ്. എന്നാൽ ഇത് കടുത്ത വിലപേശലിനുള്ള തന്ത്രമായാണ് ട്രംപ് കാണുന്നത്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ കൂട്ടലും കുറയ്‌ക്കലും ഒരു വലിയ രാഷ്‌ട്രീയ ഗണിതതന്ത്രത്തിന്റെ സ്വഭാവത്തിൽ രൂപപ്പെടുത്തിയിട്ടുള്ളതാണ്. അമേരിക്കൻ സുപ്രീം കോടതിവരെ ഇക്കാര്യത്തിൽ സ്വീകരിച്ച നിലപാടുകൾ ട്രംപിനെ ഒട്ടും അലോസരപ്പെടുത്തുന്നില്ല. കോൺഗ്രസിന്റെ അധികാരപരിധിയുടെ മേൽ കുതിരകേറരുതെന്നു കോടതി പറയുമ്പോൾ താൻ വിധിയെ

മറികടക്കാനുള്ള മറ്റു വഴികൾ തേടുമെന്നാണ് അദ്ദേഹം വീമ്പിളക്കിയത്.

പ്രധാനമന്ത്രി മോദിയുമായി അടുത്ത സൗഹൃദം പുലർത്തുമ്പോഴും, റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നതുൾപ്പെടെയുള്ള വിഷയങ്ങളിൽ ഇന്ത്യക്കെതിരെ കർശന നിലപാടുകളും ‘പിഴ' തീരുവകളും ചുമത്തിയത് ലോകം മറന്നിട്ടില്ല. ഒരു വ്യാപാര കരാറിലൂടെ ഇതെല്ലാം പരിഹരിച്ചുകളയാമെന്ന്‌ ഇന്ത്യ മോഹിക്കുന്നെങ്കിൽ ഇന്ത്യൻ ഭരണകൂടത്തിനും എന്തോ സംഭവിച്ചിട്ടുണ്ടെന്ന് വേണം കരുതാൻ.

കൊല്ലപ്പെട്ട ഇറാൻ പരമോന്നത നേതാവ്‌ അയത്തൊള്ള അലി ഖമനേയിയുടെ  ചിത്രവുമായി ലെബനനിലെ ബെയ്‌റൂത്തിൽ പ്രകടനം നടത്തുന്ന സ്‌ത്രീകൾകൊല്ലപ്പെട്ട ഇറാൻ പരമോന്നത നേതാവ്‌ അയത്തൊള്ള അലി ഖമനേയിയുടെ ചിത്രവുമായി ലെബനനിലെ ബെയ്‌റൂത്തിൽ പ്രകടനം നടത്തുന്ന സ്‌ത്രീകൾ

സംരക്ഷണവാദം ഒരു പുതിയ തലത്തിലേക്ക് എത്തിയ കാലമാണിത്. അത് അമേരിക്കയ്‌ക്ക്‌ മാത്രം ബാധകമായ ഒന്നാണെന്നാണ് ട്രംപിന്റെ വാദം. സ്വതന്ത്ര വ്യാപാരത്തിന് പകരം സ്വന്തം രാജ്യത്തെ ഉൽപ്പാദനശക്തികളെ സംരക്ഷിക്കുന്ന നയം ലോകവ്യാപാര സംഘടനയുടെ പ്രസക്തി നഷ്‌ടപ്പെടുത്തുമെന്ന്‌ ട്രംപിനറിയാം. അത്തരം രാജ്യാന്തര സംഘടനകളെ ചൊൽപ്പടിയിലാക്കാനാണ്‌ അദ്ദേഹം ശ്രമിക്കുന്നത്. ജനുവരി 2025-ൽ അധികാരമേറ്റതിനുശേഷം ട്രംപ് നിരവധി അന്താരാഷ്‌ട്ര സംഘടനകളിൽനിന്ന് അമേരിക്കയെ പിൻവലിച്ചിട്ടുണ്ട്. ഏറ്റവും പുതിയ നടപടി, അമേരിക്കൻ താൽപ്പര്യങ്ങൾക്ക് വിരുദ്ധമായി കണക്കാക്കപ്പെടുന്ന 66 സംഘടനകളിൽ നിന്ന് പിൻവലിക്കാനുള്ള എക്‌സിക്യൂട്ടീവ് ഓർഡർ, 2026 ജനുവരി 7-ന്‌ ട്രംപ് ഒപ്പുവച്ചു.

അതുപോലെ ട്രംപിന്റെ കുടിയേറ്റനയം അങ്ങേയറ്റം മനുഷ്യത്വരഹിതവും ജനവിരുദ്ധവുമാണ്. കുടിയേറ്റക്കാരെയും അഭയാർഥികളെയും ചങ്ങലക്കിടുകയും തുറുങ്കിലടയ്‌ക്കുകയും ചെയ്യുന്നത് ലോകം കണ്ടതാണ്. വിസ നിയന്ത്രണങ്ങളും കുടിയേറ്റ നിയമങ്ങളിലെ മാറ്റങ്ങളും അമേരിക്കയിലെ പ്രൊഫഷണലുകളെയും വിദ്യാർഥികളെയും ഒരുപോലെ ആശങ്കയിലാഴ്‌ത്തുന്നു. ഇന്ത്യക്ക്‌ ഇത് കൂടുതൽ ദോഷം ചെയ്യുമെന്ന് നമ്മുടെ സർക്കാരിനുമറിയാം.

ട്രംപ് നയങ്ങളുടെ ഏറ്റവും വലിയ ബാധ്യത ഏറ്റെടുക്കേണ്ടിവരുന്നത് ഗ്ലോബൽ സൗത്ത് എന്ന് ഇന്ന് വിളിക്കുന്ന മൂന്നാംലോക വികസ്വര രാജ്യങ്ങളാണ്. സാമ്പത്തികമായി ആശ്രിതവും കടബാധ്യതകളാൽ ബുദ്ധിമുട്ടുന്നതുമായ രാജ്യങ്ങൾക്ക് അമേരിക്കയുടെ നയപരമായ അനിശ്ചിതത്വം വലിയ അപകടമാണ്. വ്യാപാര നിബന്ധനകളും തീരുവകളും ഉപരോധങ്ങളും ഒരുതരത്തിൽ രാഷ്‌ട്രീയ സമ്മർദോപാധികളായി മാറിക്കഴിഞ്ഞു.

അതിനൊപ്പം തന്നെ ഈ രാജ്യങ്ങളുടെ ആഭ്യന്തര നിയമങ്ങളും നിയന്ത്രണങ്ങളും പോലും പ്രസിഡന്റ് ട്രംപ് പറഞ്ഞാൽ മാറ്റാൻ കഴിയുന്ന തരത്തിൽ പുനഃക്രമീകരിക്കപ്പെടുന്നു എന്ന യാഥാർഥ്യം ലോകത്ത് നിലനിൽക്കുന്നു. ഭരണഘടനാപരമായ സംവിധാനങ്ങൾക്കും സ്ഥാപനങ്ങൾക്കും മുകളിലായി മറ്റൊരു രാജ്യത്തെ ഭരണകൂടത്തിന്റെ ആജ്ഞകളും നിർദേശങ്ങളും വരുമ്പോൾ അത് സാർവദേശീയരാഷ്‌ട്രീയത്തിന്റെ മൗലികസ്വഭാവത്തെത്തന്നെയാണ് ചോദ്യം ചെയ്യുന്നത്‌. ഈ പ്രവണത തുടരുകയാണെങ്കിൽ അത് ലോകക്രമത്തെ കൂടുതൽ അസ്ഥിരമാക്കുകയും ദുർബലരാഷ്‌ട്രങ്ങളെ കൂടുതൽ ആശ്രിതരാക്കുകയും ചെയ്യാനുള്ള ലൈസൻസായി മാറും.


അമേരിക്ക എന്ന സാമ്രാജ്യത്വഭരണകൂടം കഴിഞ്ഞ ഒരു നൂറ്റാണ്ടിലധികമായി ലോകക്രമത്തിൽ വിതയ്‌ക്കുന്നതും കൊയ്‌തെടുക്കുന്നതുമായ കാര്യങ്ങളെക്കുറിച്ചുള്ള ശരിയായ ബോധ്യം ഇനിയും പല രാജ്യങ്ങൾക്കും ഉണ്ടായിട്ടില്ല. ട്രൂമാൻ മുതൽ ട്രംപ് വരെയുള്ള ഭരണാധികാരികളിലൂടെ ഈ സാമ്രാജ്യത്വ തന്ത്രങ്ങൾ എങ്ങനെയൊക്കെ മൂന്നാംലോകരാജ്യങ്ങളുടെ നിലനിൽപ്പിനെ ബാധിച്ചു എന്ന് പരിശോധിക്കേണ്ടതുണ്ട്.

അമേരിക്കൻ

സാമ്രാജ്യത്വത്തിന്റെ രാഷ്‌ട്രീയ-‐സാമ്പത്തിക അടിത്തറ

ആധുനിക ലോകക്രമം എന്നത് സാർവത്രികനീതിയുടെയോ സമാധാനത്തിന്റെയോ അടിസ്ഥാനത്തിലല്ല കെട്ടിപ്പടുത്തിട്ടുള്ളത്. ആത്യന്തികമായി അത് മുതലാളിത്ത- സാമ്രാജ്യത്വ താൽപ്പര്യങ്ങളുടെ സംരക്ഷണം ഉറപ്പാക്കുന്ന രീതിയിലാണ് ആവിഷ്‌കരിച്ചിട്ടുള്ളത്. അമേരിക്കൻ ഭരണകൂടം ഒരു ജനാധിപത്യസർക്കാരാണെന്ന്‌ പ്രഖ്യാപിക്കുമ്പോൾ തന്നെ അത് വൻകിട കോർപറേറ്റുകളുടെയും സൈനിക‐വ്യവസായ കൂട്ടുകെട്ടിന്റെയും താൽപ്പര്യങ്ങൾ സംരക്ഷിക്കുന്ന ഒരു സാമ്രാജ്യത്വ യന്ത്രമാണ്. രണ്ടാ ലോകമഹായുദ്ധത്തിന് ശേഷം പ്രസിഡന്റ്‌ ട്രൂമാൻ വിഭാവനംചെയ്‌ത കമ്യൂണിസ്റ്റ് വിരുദ്ധ തന്ത്രങ്ങളുടെ മറവിൽ അമേരിക്ക ലോകത്തെ തങ്ങളുടെ ചതുരംഗക്കളമാക്കി മാറ്റി. ആ കളിക്കളത്തിൽ ധനസഹായം എന്നത് വിധേയത്വം ഉറപ്പാക്കാനുള്ള ഒരു ചങ്ങലയാണ്.

വെനസ്വേലൻ പ്രസിഡന്റ്‌ നിക്കോളസ്‌ മഡുറോയെ  യു എസ്‌ സേന അറസ്റ്റ്‌ ചെയ്‌ത്‌ കൊണ്ടുപോകുന്നുവെനസ്വേലൻ പ്രസിഡന്റ്‌ നിക്കോളസ്‌ മഡുറോയെ യു എസ്‌ സേന അറസ്റ്റ്‌ ചെയ്‌ത്‌ കൊണ്ടുപോകുന്നു

അന്താരാഷ്‌ട്ര നാണയനിധിയും ലോകബാങ്കും വഴി അമേരിക്ക നടപ്പിലാക്കിയ പദ്ധതികൾ മൂന്നാംലോക രാജ്യങ്ങളുടെ വികസന അജൻഡകളെ അട്ടിമറിച്ചു. തങ്ങളുടെ ആഭ്യന്തര വിപണികൾ തുറന്നുകൊടുക്കാനും പൊതുമേഖലാ സ്ഥാപനങ്ങൾ വിൽക്കാനും നിർബന്ധിതരായ പല രാജ്യങ്ങളും ഇന്ന് കടക്കെണിയുടെ നീരാളിപ്പിടിത്തത്തിലാണ്. ആഫ്രിക്കൻ രാജ്യങ്ങളിൽ ഐഎംഎഫ് നടപ്പിലാക്കിയ ‘ഘടനാപരമായ ക്രമീകരണം' പരിശോധിക്കുക. വിദ്യാഭ്യാസത്തിനും ആരോഗ്യത്തിനുമുള്ള സബ്‌സിഡികൾ വെട്ടിക്കുറയ്‌ക്കാൻ നിർബന്ധിച്ചതിലൂടെ ആ രാജ്യങ്ങളിലെ മനുഷ്യവിഭവശേഷി തകർക്കപ്പെട്ടു.

ഇതിലൂടെ ലഭിച്ച ലാഭം മുഴുവൻ അമേരിക്കൻ ബാങ്കുകളിലേക്കും കോർപറേറ്റുകളിലേക്കും ഒഴുകി. വികസനം എന്നത് അമേരിക്ക നേതൃത്വം കൊടുക്കുന്ന മുതലാളിത്തത്തിന്റെ ഒരു നിശ്ചിതപാതയിലൂടെ മാത്രം സഞ്ചരിക്കേണ്ട ഒന്നാണെന്ന് അവർ ലോകത്തെ വിശ്വസിപ്പിച്ചു. ഇതുവഴി പ്രാദേശികമായ വികസന മാതൃകകളെ, ബദലുകളെ അവർ മുളയിലേ നുള്ളിക്കളഞ്ഞു.


അമേരിക്കൻ മുതലാളിത്തം അതിന്റെ വ്യാപനത്തിനും വിപുലീകരണത്തിനുമായി മതത്തെയും സംസ്‌കാരത്തെയും ആയുധമാക്കി. കമ്യൂണിസം നിരീശ്വരവാദമാണെന്നും മുതലാളിത്തം ദൈവവിശ്വാസത്തിന്റേതാണെന്നുമുള്ള പ്രചാരണം യാഥാസ്ഥിതികശക്തികളെ ഒപ്പം നിർത്താൻ അവരെ സഹായിച്ചു. സാംസ്‌കാരിക അധിനിവേശത്തിലൂടെ പാശ്ചാത്യ ജീവിതരീതിയാണ് ശ്രേഷ്ഠം എന്ന ചിന്താഗതി മൂന്നാംലോകരാജ്യങ്ങളിലെ മധ്യവർഗത്തിൽ അടിച്ചേൽപ്പിച്ചു. ഇതുവഴി അമേരിക്കൻ ഉൽപ്പന്നങ്ങൾക്കായുള്ള വലിയൊരു വിപണി താനേ രൂപപ്പെട്ടു. വായ്‌പയും ധനസഹായവും നൽകുന്നതിലൂടെ ആ രാജ്യങ്ങളുടെ നയരൂപീകരണത്തിൽ നേരിട്ട് ഇടപെടാൻ അമേരിക്കയ്‌ക്ക്‌ സാധിച്ചു. ഇത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല.


1950-‐കളിൽ ഇറാനിൽ നടന്ന ഭരണകൂട അട്ടിമറിയും ഗ്വാട്ടിമാലയിലെ ഇടപെടലുകളും ഈ രാഷ്‌ട്രീയ-‐സാമ്പത്തിക അജൻഡയുടെ ഭാഗമായിരുന്നു. കോർപറേറ്റുകളുടെ ലാഭത്തിന് തടസ്സമാകുന്ന ഏത് ജനാധിപത്യ ഭരണകൂടത്തെയും ‘കമ്യൂണിസ്റ്റ് ഭീഷണി' എന്ന് മുദ്രകുത്തി തകർക്കുക എന്നതായിരുന്നു ഇവരുടെ നയം. കേരളമായിരുന്നു ഇന്ത്യയിലെ ആദ്യത്തെ പരീക്ഷണം. വിമോചനസമരകാലത്ത്‌ സിഐഎ ധനസഹായം നൽകി തെരഞ്ഞെടുക്കപ്പെട്ട ഒരു കമ്യൂണിസ്റ്റ് സർക്കാരിനെ അട്ടിമറിക്കാൻ അമേരിക്ക കൂട്ടുനിന്നെന്ന് പറഞ്ഞത് ഇന്ത്യയിലെ മുൻ അമേരിക്കൻ അംബാസഡർ ഡാനിയേൽ പാട്രിക് മൊയ്നിഹാനാണ്. കോൺഗ്രസ് ഇത് നിഷേധിച്ചെങ്കിലും അമേരിക്കയുടെ ചരിത്രം അറിയാവുന്നവർക്ക് മറിച്ചൊന്നു ചിന്തിക്കേണ്ടതില്ല.


ഉപരോധങ്ങളും

ഇടപെടലുകളും

അമേരിക്കൻ നയങ്ങളോട് വിയോജിക്കുന്ന രാജ്യങ്ങളെ നേരിടാൻ അവർ പ്രധാനമായും രണ്ട് മാർഗങ്ങളാണ് സ്വീകരിക്കുന്നത്: സൈനിക അധിനിവേശവും സാമ്പത്തിക ഉപരോധവും. ഇറാഖിലും ലിബിയയിലും അഫ്ഗാനിസ്ഥാനിലും ഇറാനിലും വെനസ്വേലയിലും ലോകം കണ്ടത് ജനാധിപത്യം സ്ഥാപിക്കാനുള്ള ശ്രമങ്ങളല്ല. രാഷ്‌ട്രീയ-‐സാമ്പത്തിക നിയന്ത്രണം ഉറപ്പാക്കാനുള്ള സാമ്രാജ്യത്വ നീക്കങ്ങളാണ് ഇവിടെയെല്ലാം അമേരിക്ക നടത്തിയത്. സൈനികനീക്കം അസാധ്യമാകുന്നിടത്ത് അവർ സാമ്പത്തിക ഉപരോധങ്ങൾ എന്ന ആയുധം പ്രയോഗിക്കുന്നു. ഇറാൻ, വെനസ്വേല, ക്യൂബ തുടങ്ങിയ രാജ്യങ്ങളിലെ സാധാരണ ജനങ്ങളെ പട്ടിണിക്കിട്ടും മരുന്നുകൾ നിഷേധിച്ചും ഭരണമാറ്റം ലക്ഷ്യമിടുന്നത് അന്താരാഷ്‌ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനം തന്നെയാണ്.

യു എസ്‌ സൈനികർക്കൊപ്പം ട്രംപ്‌ യു എസ്‌ സൈനികർക്കൊപ്പം ട്രംപ്‌

സമാധാനത്തിന്റെ വക്താക്കളെന്ന് സ്വയം അവകാശപ്പെടുമ്പോഴും ലോകത്ത് ഏറ്റവും കൂടുതൽ മനുഷ്യാവകാശങ്ങൾ ലംഘിക്കുന്ന, അസ്ഥിരത വിതയ്‌ക്കുന്ന ശക്തിയായി അമേരിക്ക മാറുന്നത് ലോകം കണ്ടുകൊണ്ടിരിക്കുന്നു. ‘നാറ്റോ' പോലുള്ള സഖ്യങ്ങൾ വഴി തങ്ങളുടെ സൈനിക ആധിപത്യം ലോകമെമ്പാടും വ്യാപിപ്പിച്ചുകൊണ്ട്, തങ്ങൾക്ക് വഴങ്ങാത്ത ഏത് ഭരണകൂടത്തെയും അസ്ഥിരപ്പെടുത്താൻ അവർക്ക് മടിയുണ്ടായിരുന്നില്ല. ഇതുവഴി അന്താരാഷ്‌ട്ര നീതിപീഠങ്ങളെയും നിയമങ്ങളെയും അവർ തങ്ങളുടെ ഇഷ്ടാനുസരണം വളച്ചൊടിച്ചു.

ദക്ഷിണേഷ്യയിൽ പാകിസ്ഥാനെ ഒരു മുൻനിര ഭരണകൂടമാക്കി മാറ്റിയത് ഇസ്ലാമിക മതമൗലികവാദത്തെയും തീവ്രവാദത്തെയും പ്രോത്സാഹിപ്പിച്ചുകൊണ്ടാണ്. സോവിയറ്റ് യൂണിയനെ തകർക്കാൻ ഇത്തരം മതശക്തികളെ വളർത്തിയ അമേരിക്കൻ തന്ത്രം പിന്നീട് ആഗോള ഭീകരതയായി മാറിയത് ചരിത്രം. 9/11 ഇതിന്റെ പിന്നോട്ടടിയായിരുന്നു. ഫലമോ, അഫ്‌ഗാനിസ്ഥാൻ വർഷങ്ങൾ നീണ്ട കലാപങ്ങളുടെ ദുരന്തഭൂമിയായി. 2021-ൽ അമേരിക്ക അഫ്‌ഗാനിസ്ഥാൻ വിട്ടെറിഞ്ഞുപോകുമ്പോൾ അധികാരം ഏൽപ്പിച്ചത് താലിബാനെയായിരുന്നു.


ഭൗതിക ലക്ഷ്യങ്ങൾക്കായി ജനാധിപത്യത്തെ അടിച്ചമർത്തുന്ന ഈ രീതി ആഫ്രിക്കയിലും ലാറ്റിൻ അമേരിക്കയിലും നേരെത്തെ കണ്ടതാണ്. കോംഗോയിലെ പാട്രിസ് ലുമുംബയെ വധിച്ചത് അവിടുത്തെ ധാതുസമ്പത്ത് കൈക്കലാക്കാനായിരുന്നു. സാമ്പത്തിക ഉപരോധങ്ങൾ വഴി ഒരു രാജ്യത്തിന്റെ കറൻസി മൂല്യം തകർക്കുകയും അവിടുത്തെ ജനങ്ങളെ സ്വന്തം ഭരണകൂടത്തിനെതിരെ തിരിക്കുകയും ചെയ്യുന്ന ഈ രീതി ആധുനിക കാലത്തെ ഏറ്റവും വലിയ സാമ്രാജ്യത്വ ക്രൂരതയാണ്.

ഇത്തരം ഇടപെടലുകൾ മൂന്നാംലോകരാജ്യങ്ങളുടെ വികസനത്തെ പിന്നോട്ടടിപ്പിച്ചു. അമേരിക്കൻ ഡോളർ ഒരു സാമ്പത്തിക ആയുധമായി മാറിയതോടെ, അമേരിക്കയുടെ താൽപ്പര്യങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്ന രാജ്യങ്ങൾ ആഗോള ബാങ്കിങ്‌ ശൃംഖലയിൽനിന്ന് പുറന്തള്ളപ്പെട്ടു.


ട്രംപിസവും

അസന്തുലിതമായ

വ്യാപാര ഉടമ്പടികളും

ഡൊണാൾഡ് ട്രംപിന്റെ ഭരണകാലം സാമ്രാജ്യത്വത്തിന്റെ കൂടുതൽ ധാർഷ്‌ട്യം നിറഞ്ഞ മുഖമാണ് ലോകത്തിന് കാണിച്ചുതന്നത്. ‘അമേരിക്ക മുമ്പേ' എന്ന നയത്തിലൂടെ ആഗോള കരാറുകളെ കാറ്റിൽപ്പറത്തിക്കൊണ്ട്, ദരിദ്രരാജ്യങ്ങൾക്കുമേൽ നീതിരഹിതമായ, അസന്തുലിതമായ വ്യാപാര നിബന്ധനകൾ അദ്ദേഹം അടിച്ചേൽപ്പിച്ചു. വ്യാപാര യുദ്ധം എന്ന പേരിൽ ചൈനയെയും ഇന്ത്യയെയും പോലുള്ള രാജ്യങ്ങളെ സമ്മർദത്തിലാക്കി തങ്ങളുടെ ഉൽപ്പന്നങ്ങൾക്ക് നികുതിരഹിതമായ വിപണി കണ്ടെത്താനാണ് ട്രംപ് ശ്രമിച്ചത്.

ഈ കാലഘട്ടത്തിൽ ‘നീതിയുക്തമായ വ്യാപാരം' എന്നത് വെറും പഴങ്കഥയായി മാറി. വികസ്വര രാജ്യങ്ങളുടെ കാർഷിക മേഖലയെയും ചെറുകിട വ്യവസായങ്ങളെയും തകർക്കുന്ന തരത്തിലുള്ള ഇറക്കുമതി തീരുവകളും നിബന്ധനകളും അമേരിക്കൻ മുതലാളിത്തത്തിന്റെ അധിനിവേശ സ്വഭാവത്തെയാണ് വെളിപ്പെടുത്തിയത്.


2026-ൽ ഇന്ത്യയുമായുള്ള വ്യാപാര ചർച്ചകളിൽപോലും അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് ഇന്ത്യയുടെ വിപണി തുറന്നുകൊടുക്കാൻ കടുത്ത സമ്മർദമാണ് ചെലുത്തിയത്. ഇത് ദശലക്ഷക്കണക്കിന് ഇന്ത്യൻ കർഷകരുടെയും ഇടത്തരക്കാരുടെയും ഉപജീവനത്തെയാണ് ബാധിക്കുന്നത്.

കൂടാതെ, ഹെറിറ്റേജ് ഫൗണ്ടേഷൻ ‘പ്രൊജക്റ്റ് 2025' എന്ന രേഖയിലൂടെ വിഭാവനം ചെയ്‌തതുപോലെ കുടിയേറ്റ നിയമങ്ങൾ കർശനമാക്കിയത് ഇന്ത്യയെപ്പോലുള്ള രാജ്യങ്ങളിൽ നിന്നുള്ള വിദഗ്ധ തൊഴിലാളികളെ സാരമായി ബാധിച്ചു. ഇത് കേവലം ഒരു ആഭ്യന്തര നയമല്ല. എന്നാൽ മൂന്നാംലോകരാജ്യങ്ങളിലെ ഏറ്റവും മികച്ച മനുഷ്യവിഭവശേഷിയെ അമേരിക്കയുടെ താൽപ്പര്യങ്ങൾക്കായി മാത്രം ഉപയോഗിക്കാനുള്ള തന്ത്രമാണിത്. അതുപോലെ ഡോളർ ഇതര കറൻസികളിൽ വ്യാപാരം നടത്തുന്ന രാജ്യങ്ങളെ ഭീഷണിപ്പെടുത്തുന്ന ട്രംപിന്റെ രീതി അന്താരാഷ്‌ട്ര വ്യാപാര നിയമങ്ങളുടെ ലംഘനമാണ്. ഇന്ത്യയും ബ്രസീലും ഉൾപ്പെടെയുള്ള മൂന്നാം ലോക രാജ്യങ്ങൾക്കെതിരെ ട്രംപ് നിരന്തരം ഭീഷണി മുഴക്കിയത് ലോകം കേട്ടു.


ട്രംപിന്റെ നയങ്ങൾ അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പുതിയൊരു ഘട്ടം തന്നെയാണ്. പഴയ നവലിബറൽ നയങ്ങളിലൂടെ ലോകം മുഴുവൻ സ്വതന്ത്ര വ്യാപാരം അടിച്ചേൽപ്പിച്ചപ്പോൾ, ട്രംപ് അത് മാറ്റി അമേരിക്കയ്‌ക്ക്‌ മാത്രം ലാഭമുള്ള കരാറുകൾ മതിയെന്ന് നിശ്ചയിച്ചു. രാജ്യാന്തര കരാറുകളിൽനിന്ന് പിന്മാറി ഓരോ രാജ്യവുമായും നേരിട്ട് വിലപേശുന്ന രീതി വഴി ദരിദ്രരാജ്യങ്ങളുടെ വിലപേശൽ ശേഷി ഇല്ലാതാക്കി. ഇത് ലോകത്തെ അസമത്വം നിറഞ്ഞ തട്ടുകളായി തിരിച്ചു. അമേരിക്കൻ ഡോളറിന്റെ ആധിപത്യം സംരക്ഷിക്കാൻ സൈനികശക്തിയെക്കാൾ ഉപരിയായി സാമ്പത്തിക ഭീഷണികളെയാണ് അദ്ദേഹം ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്. ഇത് ആഗോളവിതരണ ശൃംഖലയെ തകിടംമറിക്കുകയും ദരിദ്ര രാജ്യങ്ങളിൽ പണപ്പെരുപ്പം വർധിക്കാൻ കാരണമാവുകയും ചെയ്‌തു. നവലിബറലിസം നൽകിയിരുന്ന മിഥ്യയായ സ്വാതന്ത്ര്യം പോലും ട്രംപിസത്തിൽ ഇല്ലാതായി.

സാമ്രാജ്യത്വ ഇടപെടലുകൾക്കിടയിലും ലോകം മാറിക്കൊണ്ടിരിക്കുകയാണ്. മൂന്നാംലോകരാജ്യങ്ങൾ ഇന്ന് അമേരിക്കയുടെ ഏകപക്ഷീയമായ തീരുമാനങ്ങളെ പരിമിതമായെങ്കിലും ചോദ്യം ചെയ്യാൻ തുടങ്ങിയിരിക്കുന്നു. ബ്രിക്‌സ്‌ പോലുള്ള കൂട്ടായ്‌മകളിലൂടെയും മേഖലാ സഖ്യങ്ങളിലൂടെയും ഡോളർ ആധിപത്യത്തെ മറികടക്കാനുള്ള ശ്രമങ്ങൾ നടക്കുന്നു. എങ്കിലും പല രാജ്യങ്ങളും ഇന്നും അമേരിക്കൻ സാമ്പത്തികസഹായത്തിലോ സൈനികസംരക്ഷണത്തിലോ അഭയം പ്രാപിക്കാൻ നിർബന്ധിതരാകുന്നു എന്നത് യാഥാർഥ്യമാണ്. ഈ വിധേയത്വം രാജ്യങ്ങളുടെ പരമാധികാരത്തെയാണ് ഇല്ലാതാക്കുന്നത്. ലോകത്ത് എവിടെയും ലാഭം മാത്രം ലക്ഷ്യമിടുന്ന ഒരു മുതലാളിത്ത ഭരണകൂടം ഒരിക്കലും ഒരു ദരിദ്ര രാജ്യത്തിന്റെ യഥാർഥ വികസനം ആഗ്രഹിക്കില്ല.


സാമ്രാജ്യത്വം അതിന്റെ രൂപവും സ്വഭാവവും മാറ്റുന്നുണ്ട്‌, പക്ഷെ അതിന്റെ ലക്ഷ്യം എന്നും ചൂഷണമാണ്. നവലിബറലിസത്തിന്റെ കാലത്ത് അത് ‘പുരോഗതി' എന്ന് വിളിക്കപ്പെട്ടു, ട്രംപിന്റെ കാലത്ത് അത് ‘ദേശീയത' എന്ന് വിളിക്കപ്പെടുന്നു. എന്നാൽ ആത്യന്തികമായി ഇത് ആഗോള തൊഴിലാളി വർഗത്തിന്റെയും ദരിദ്ര ജനതയുടെയും മേലുള്ള കടന്നുകയറ്റമാണ്. ഒരുവശത്ത് മനുഷ്യാവകാശങ്ങളെക്കുറിച്ച് സംസാരിക്കുകയും മറുവശത്ത് ഉപരോധങ്ങൾ വഴി ആയിരങ്ങളെ മരണത്തിലേക്ക് തള്ളിവിടുകയും ചെയ്യുന്ന ഇരട്ടത്താപ്പ് ലോകം കാണുന്നുണ്ട്. സമാധാനപൂർണമായ ഒരു ലോകക്രമം എന്നത് അമേരിക്കയുടെ ഔദാര്യമല്ല. അത് പോരാട്ടങ്ങളിലൂടെ നേടിയെടുക്കേണ്ട ഒന്നാണ്.


അമേരിക്ക വിതയ്‌ക്കുന്നത് ജനാധിപത്യമല്ല, സാമ്രാജ്യത്വത്തിന്റെ വിനാശകരമായ വിത്തുകളാണ്. ഇറാനിലും വെനസ്വേലയിലും ഇതിന്റെ രൂക്ഷഭാവം കണ്ടു. അന്താരാഷ്‌ട്രക്രമം എന്നത് എല്ലാവർക്കും തുല്യനീതി ഉറപ്പാക്കുന്ന ഒന്നായിരിക്കണം. എന്നാൽ അമേരിക്കയുടെ സാമ്രാജ്യത്വമോഹങ്ങൾ ഈ ക്രമത്തെ തകർത്ത് തരിപ്പണമാക്കുന്നു. സ്വന്തം വിഭവങ്ങൾക്കും വിപണികൾക്കും മേൽ പരമാധികാരം ഉറപ്പാക്കിക്കൊണ്ട് മാത്രമേ ഈ ആധുനികസാമ്രാജ്യത്വത്തെ പ്രതിരോധിക്കാൻ മൂന്നാംലോകരാജ്യങ്ങൾക്കു കഴിയൂ .

(‘ഗസയുടെ പേരുകൾ' കോഴിക്കോട് സംഘടിപ്പിച്ച ശിൽപ്പശാലയിൽ നടത്തിയ പ്രസംഗത്തിന്റെ തുടർച്ച)




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home