Deshabhimani

ഭക്ഷണമില്ല, താമസസൗകര്യമില്ല, പരിക്കേറ്റിട്ടും ചികിത്സ നൽകിയില്ല; കായികമേളയിലെ ദുരവസ്ഥ വെളിപ്പെടുത്തി കായിക താരം

SPORTS MEET THRISSUR INJURY VINAYAK
വെബ് ഡെസ്ക്

Published on Oct 05, 2026, 08:00 PM | 1 min read

തൃശൂർ: തൃശൂരിൽ നടന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ നീന്തൽ മത്സരത്തിൽ പങ്കെടുത്ത താരത്തിന് പരിക്കേറ്റിട്ടും യാതൊരു സംവിധാനവും സംഘാടകർ ഒരുക്കിയില്ലെന്ന് പരാതി. മാവൂർ ചെറൂപ്പ സ്വദേശിയും മാവൂർ ജിഎച്ച്എസ്എസ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയുമായ വിനായക് ഗിരീഷിനാണ് കാലിന് പരിക്കേറ്റത്. വിഷയത്തിൽ സംസ്ഥാന ബാലാവകാശ കമ്മീഷന് പരാതി നൽകാൻ ഒരുങ്ങുകയാണ് വിനായകിന്റെ കുടുംബം.


തൃശ്ശൂർ അക്വാട്ടിക് കോംപ്ലക്സിൽ നടന്ന മത്സരത്തിലെ സിക്സ് കാറ്റഗറി ഇനത്തിലെ 100 മീറ്റർ ഫ്രീ സ്റ്റൈൽ റിലേയിലാണ് വിനായക് പങ്കെടുത്തിരുന്നത്. മത്സരത്തിനിടെ വിനായകിന്റെ കാലിൽ മുറിവേറ്റു. സംഘാടകരോട് മെഡിക്കൽ സൗകര്യം ആവശ്യപ്പെട്ടെങ്കിലും ഡോക്ടറോ മറ്റ് മെഡിക്കൽ സംവിധാനങ്ങളോ ഇല്ല എന്ന മറുപടിയാണ് ഇവർക്ക് ലഭിച്ചത്.


വൈദ്യസഹായം ആവശ്യപ്പെട്ടപ്പോൾ അസഭ്യ വർഷമാണുണ്ടായതെന്നും മത്സരത്തിനെത്തിയവർക്ക് താമസസൗകര്യമോ ഭക്ഷണമോ ലഭിച്ചില്ല എന്നും പരാതിയുയർന്നിട്ടുണ്ട്. മൃ​ഗശാലയിലാണ് കുട്ടികൾ കിടന്നുറങ്ങിയത്. ജില്ലാ അധികൃതരെ വിളിച്ച് ഇക്കാര്യങ്ങൾ അറിയിച്ചിട്ടും നടപടിയുണ്ടായിട്ടില്ലെന്ന് വിനായകിന്റെ സഹോദരൻ പറഞ്ഞു. ജില്ലാ തലത്തിൽ കോഴിക്കോട് നിന്ന് മാനേജരും ഉണ്ടായിരുന്നില്ല. വിനായകിന് സായി അക്കാദമിയിൽ നിന്നാണ് താത്കാലിക ചികിത്സ ലഭ്യമാക്കിയത്.


അതിനിടയിൽ മത്സരവേദിയുടെ മേൽക്കൂരയും തകർന്നുവീണു. ഈ സമയത്ത് പുറത്തേക്ക് മാറിയതുകൊണ്ട് കൂടുതൽ പരിക്കുകളൊന്നും പറ്റിയില്ല. പിന്നീട് ഫയർ യൂണിറ്റ് സ്ഥലത്തെത്തിയ സമയത്താണ് അവരുടെ ആംബുലൻസിൽ ആദ്യം തൃശൂർ ജില്ലാ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജിലും ചികിത്സ തേടി പോകാൻ സാധിച്ചത്.


പൊതുവിദ്യാഭ്യാസ ഡയറക്ടർ ഇറക്കിയ ഉത്തരവിൽ, മത്സരിക്കുന്ന കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ ടീം മാനേജർ ഉണ്ടാവണമെന്ന വ്യവസ്ഥയും അട്ടിമറിക്കപ്പെട്ടതായും പരാതിയുണ്ട്. കാലിന് പരിക്കേറ്റ വിനായക് ഇപ്പോൾ മാവൂർ ചെറൂപ്പയിലെ വീട്ടിൽ വിശ്രമത്തിലാണ്.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home