ശതാബ്ദി എക്സ്പ്രസ് പാളത്തിൽ നിന്ന് തെന്നിമാറിയ സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് റെയിൽവേ

എഐ പ്രതീകാത്മകചിത്രം
ന്യൂഡൽഹി : അടിയന്തരമായി ബ്രേക്ക് ചെയ്യുന്നതിനിടെ നനഞ്ഞ പാളത്തിൽ നിന്ന് ശതാബ്ദി ട്രെയിനിന്റെ എൻജിൻ ചക്രം തെന്നിനീങ്ങിയ സംഭവം അന്വേഷിക്കാൻ ആർഡിഎസ്ഒയോട് (RDSO) ഉത്തരവിട്ട് റെയിൽവേ ബോർഡ്. ജൂലൈ 13ന് രഥ്ധാന–സോനിപത് സെക്ഷനിലാണ് സംഭവമുണ്ടായത്. ന്യൂഡൽഹി- ചണ്ഡീഗഡ് ശതാബ്ദി എക്സ്പ്രസിന്റെ എൻജിനാണ് പാളത്തിൽ നിന്ന് തെന്നിമാറിയത്.
കന്നുകാലിക്കൂട്ടങ്ങളെ ഇടിക്കുന്നത് ഒഴിവാക്കാൻ ലോക്കോ പൈലറ്റ് എമർജൻസി ബ്രേക്ക് പ്രയോഗിച്ചപ്പോഴാണ് പാളത്തിൽ നിന്ന് ചക്രങ്ങൾ തെന്നിനീങ്ങിയത്. അതിവേഗ യാത്രാ സർവീസായതിനാൽ രണ്ട് WAP-5 ലോക്കോമോട്ടീവുകൾ സംയോജിപ്പിച്ച് (മൾട്ടിപ്പിൾ യൂണിറ്റായി) പ്രവർത്തിച്ചിരുന്ന ട്രെയിനിന്റെ ചക്രങ്ങൾ നനഞ്ഞ പാളത്തിൽ നിന്ന് തെന്നിമാറുകയായിരുന്നു.
WAP-5 ലോക്കോമോട്ടീവിന് കാര്യമായ കേടുപാടുകൾ സംഭവിക്കുകയും അസാധാരണമായ ശബ്ദം കേൾക്കുകയും ചെയ്തതോടെ മറ്റൊരു ലോക്കോമോട്ടീവ് എത്തിച്ചാണ് സർവീസ് പുനരാരംഭിച്ചത്. പിന്നാലെ നടന്ന റെയിൽവേ ബോർഡ് യോഗത്തിലാണ് 'നനഞ്ഞ പാളങ്ങളിൽ അടിയന്തര ബ്രേക്ക് പ്രയോഗിക്കുമ്പോൾ WAP-5 MU ചക്രങ്ങൾ തെന്നിനീങ്ങുന്ന (wheel skid) സാഹചര്യം RDSO പഠിച്ച് ആവശ്യമായ തിരുത്തൽ നടപടികൾ സ്വീകരിക്കണമെന്ന് തീരുമാനമായത്.
കാരണം കണ്ടെത്താനും തിരുത്തൽ നടപടികൾ നിർദേശിക്കാനും ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കാനും ആർഡിഎസ്ഒയോട് ആവശ്യപ്പെട്ടു. അതേസമയം, കന്നുകാലികൾ പാളത്തിലേക്ക് കടന്നുകയറിയതിന്റെ കാരണവും പാളത്തിനരികിലെ വേലിയുടെ നിലവാരവും പരിശോധിക്കാൻ നോർതേൺ റെയിൽവേയ്ക്കും നിർദേശം നൽകിയിട്ടുണ്ട്. അപകടസാധ്യതയുള്ള റെയിൽവേ സെക്ഷനുകളിൽ വേലി സ്ഥാപിക്കണമെന്ന് വിവിധ സോണുകൾക്ക് നേരത്തെയും നിർദേശം നൽകിയിരുന്നു.








0 comments