Deshabhimani

പറക്കുന്നതിനിടെ അടിയന്തരാവസ്ഥ; 9,000 അടി താഴേക്ക് പതിച്ച് ബ്രിട്ടീഷ് എയർവേസ് വിമാനം

British Airways
വെബ് ഡെസ്ക്

Published on Oct 05, 2026, 07:58 PM | 1 min read

ലണ്ടൻ : പറക്കുന്നതിനിടെ താഴേക്ക് പതിച്ചതിനെത്തുടർന്ന് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ബ്രിട്ടീഷ് എയർവേസ് വിമാനം. ലണ്ടൻ ഹീത്രൂവിൽ നിന്ന് ഷിക്കാഗോ ഓഹെയറിലേക്ക് പറക്കുകയായിരുന്ന ബ്രിട്ടീഷ് എയർവേയ്‌സ് BA295 ബോയിംഗ് 777 വിമാനം, അയർലൻഡിന് മുകളിലൂടെ പറക്കുമ്പോൾ ഏകദേശം 37,000 അടി ഉയരത്തിൽ പറന്നുകൊണ്ടിരുന്ന വിമാനം പെട്ടെന്ന് 9,000 അടി താഴേക്ക് മാറുകയായിരുന്നു.


അടിയന്തര സാഹചര്യങ്ങളെ സൂചിപ്പിക്കുന്ന അന്താരാഷ്ട്ര കോഡ് ആയ 'സ്ക്വാക്ക് 7700' (squawk 7700) എന്ന ട്രാൻസ്‌പോണ്ടർ കോഡ് സന്ദേശം വിമാനത്തിൽ നിന്ന് നൽകിയതായി ഫ്ലൈറ്റ് ട്രാക്കിങ് സൈറ്റുകൾ റിപ്പോർട്ട് ചെയ്തു. പ്രാദേശിക സമയം രാവിലെ 11:50-ഓടെയാണ് ഹീത്രുവിൽ നിന്ന് വിമാനം പുറപ്പെട്ടത്. എട്ട് മണിക്കൂറും 40 മിനിറ്റുമായിരുന്നു യാത്രാ സമയം. ഫ്ലൈറ്റ് ട്രാക്കിംഗ് വിവരങ്ങൾ പ്രകാരം, ഏകദേശം 37,000 അടി ഉയരത്തിലേക്ക് ഉയർന്ന വിമാനം, പിന്നീട് അയർലൻഡിന് മുകളിൽ വെച്ച് പെട്ടെന്ന് 9,000 അടിയിലേക്ക് താഴുകയായിരുന്നു.


വിമാനം ​ഹീത്രുവിലേക്ക് തിരികെ പറന്നെന്നാണ് വിവരം. അടിയന്തര സാഹചര്യത്തിനുണ്ടായ കാരണം വ്യക്തമായിട്ടില്ല. അറ്റ്ലാന്റിക് സമുദ്രത്തിന് കുറുകെ യാത്ര തുടങ്ങി ഏകദേശം ഒരു മണിക്കൂർ പിന്നിട്ടപ്പോഴാണ് വിമാനം കുത്തനെ താഴേക്ക് പതിക്കാൻ തുടങ്ങിയതെന്നാണ് വിവരം. സംഭവത്തിൽ ബ്രിട്ടീഷ് എയർവേയ്‌സ് ഔദ്യോ​ഗികമായി പ്രതികരിച്ചിട്ടില്ല.


വിമാനം ഒരു പൊതു അടിയന്തര സാഹചര്യം നേരിടുകയാണെന്ന് എയർ ട്രാഫിക് കൺട്രോളർമാരെ അറിയിക്കാൻ പൈലറ്റുമാർ ഉപയോഗിക്കുന്ന, അന്താരാഷ്ട്രതലത്തിൽ അംഗീകരിക്കപ്പെട്ട ഒരു സിഗ്നലാണ് '7700' എന്ന ട്രാൻസ്‌പോണ്ടർ കോഡ്. വിമാനത്തിലെ ട്രാൻസ്‌പോണ്ടറിൽ പൈലറ്റ് '7700' എന്ന് രേഖപ്പെടുത്തുമ്പോൾ, എയർ ട്രാഫിക് കൺട്രോളർമാരുടെ റഡാർ സ്‌ക്രീനുകളിൽ ആ കോഡ് തെളിയുകയും, പ്രസ്തുത വിമാനത്തിന് മറ്റ് സഹായം ആവശ്യമായി വന്നേക്കാമെന്ന വിവരം ഉടൻ തന്നെ ലഭിക്കുകയും ചെയ്യുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home