25 ലക്ഷം അപേക്ഷകർ; ലോകത്തിലെ അഞ്ചാമത്തെ വലിയ പരീക്ഷയായി നീറ്റ്

ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും വലിയ അഞ്ച് പരീക്ഷകളിലൊന്നായി ഇന്ത്യയിലെ നീറ്റ് യുജി ഇടംപിടിച്ചെന്ന എസ്‌ബിഐ റിസർച്ച് റിപ്പോർട്ട് പുറത്തുവന്നതോടെ, രാജ്യത്തെ മെഡിക്കൽ പ്രവേശന സംവിധാനവുമായി ബന്ധപ്പെട്ട സാമൂഹിക-രാഷ്ട്രീയ വിഷയങ്ങളും വീണ്ടും ചർച്ചയാകുകയാണ്. പ്രതിവർഷം ശരാശരി 25 ലക്ഷത്തോളം അപേക്ഷകരുള്ള നീറ്റ് യുജി ലോകത്തിലെ അഞ്ചാമത്തെ വലിയ പരീക്ഷയാണെന്നാണ് എസ്‌ബിഐ റിസർച്ചിന്റെ പഠനത്തിൽ വ്യക്തമാക്കുന്നത്. 1.29 കോടിയിലധികം അപേക്ഷകരുമായി ചൈനയിലെ 'ഗാവോകാവോ' (Gaokao) പരീക്ഷയാണ് പട്ടികയിൽ ഒന്നാമതുള്ളത്.
രാജ്യത്തെ പരിമിതമായ മെഡിക്കൽ സീറ്റുകൾക്കായി ലക്ഷക്കണക്കിന് വിദ്യാർഥികൾ ഒരൊറ്റ ദേശീയ പരീക്ഷയിലൂടെ മത്സരിക്കേണ്ടിവരുന്ന വിദ്യാഭ്യാസ സംവിധാനത്തിന്റെ കടുത്ത മത്സരസ്വഭാവവും ഇതിലൂടെ വ്യക്തമാകുന്നു. വിദ്യാർഥികളുടെ വർഷങ്ങളായുള്ള പഠനവും മെഡിക്കൽ വിദ്യാഭ്യാസ സ്വപ്നവും ഒരൊറ്റ പരീക്ഷയുടെ ഫലത്തിലേക്ക് ചുരുങ്ങുന്ന സാഹചര്യമാണ് നിലവിലുള്ളത്.
ചൈനയിലെ ദേശീയ കോളേജ് പ്രവേശന പരീക്ഷയായ ഗാവോകാവോയാണ് ലോകത്ത് ഒന്നാമത്. 2026ൽ 1.29 കോടിയിലധികം പേരാണ് ഗാവോകാവോയ്ക്ക് രജിസ്റ്റർ ചെയ്തത്. ബ്രസീലിലെ ദേശീയ ഹൈസ്കൂൾ പരീക്ഷയ്ക്ക് ഏകദേശം 48 ലക്ഷം അപേക്ഷകരുണ്ട്. ചൈനയിലെ കേന്ദ്ര സിവിൽ സർവീസ് പരീക്ഷയ്ക്ക് 37 ലക്ഷവും ദേശീയ ബിരുദാനന്തര പ്രവേശന പരീക്ഷയ്ക്ക് 34 ലക്ഷവും അപേക്ഷകരുണ്ട്. ഇതിന് പിന്നാലെയാണ് 25 ലക്ഷം അപേക്ഷകരുമായി നീറ്റ് യുജി.
പരീക്ഷയെഴുതുന്ന വിദ്യാർഥികളുടെ വൻ ബാഹുല്യം കേവലം ഒരു മത്സരപ്പരീക്ഷ എന്നതിലുപരി രാജ്യത്തെ ഉന്നതവിദ്യാഭ്യാസ മേഖല നേരിടുന്ന നയപരമായ വെല്ലുവിളികളെക്കൂടി വെളിപ്പെടുത്തുന്നുണ്ട്. കേന്ദ്രീകൃത പരീക്ഷാരീതി കേന്ദ്ര-സംസ്ഥാന ബന്ധങ്ങളിലുണ്ടാക്കുന്ന തർക്കങ്ങൾ, വിവിധ സംസ്ഥാനങ്ങളിലെ സിലബസ് വ്യത്യാസങ്ങൾ സൃഷ്ടിക്കുന്ന പ്രായോഗിക ബുദ്ധിമുട്ടുകൾ, പരിശീലന കേന്ദ്രങ്ങളെ ആശ്രയിക്കേണ്ടി വരുന്നതിലെ സാമ്പത്തികവും സാമൂഹികവുമായ വേർതിരിവുകൾ തുടങ്ങിയ ചോദ്യങ്ങളാണ് ഈ കണക്കുകളിലൂടെ വീണ്ടും രാഷ്ട്രീയ ചർച്ചകളിലേക്ക് ഉയർന്നുവരുന്നത്.
ഇതോടെ നീറ്റ് പരീക്ഷയുടെ നടത്തിപ്പിനെച്ചൊല്ലിയുള്ള ഗുരുതര ക്രമക്കേടുകൾ വീണ്ടും കേന്ദ്രസർക്കാരിനെയും ദേശീയ പരീക്ഷാ ഏജൻസിയെയും പ്രതിക്കൂട്ടിലാക്കുകയാണ്. 2026ലെ നീറ്റ് യുജി ചോദ്യപേപ്പർ ചോർച്ചയെത്തുടർന്ന് പരീക്ഷ തന്നെ റദ്ദാക്കേണ്ടിവന്നിരുന്നു. ഇത്രയും വലിയ പരീക്ഷയായിരുന്നിട്ടും സുതാര്യത ഉറപ്പുവരുത്താനോ കാര്യക്ഷമതയോടെ കൈകാര്യംചെയ്യാനോ സർക്കാരും ഏജൻസിയും തയ്യാറായില്ല.
ലക്ഷക്കണക്കിന് വിദ്യാർഥികൾ മാസങ്ങളോളം നടത്തിയ തയ്യാറെടുപ്പ് ഒറ്റയടിക്ക് അനിശ്ചിതത്വത്തിലായ സാഹചര്യത്തിൽ രാജ്യവ്യാപക പ്രതിഷേധവും ഉയർന്നു. 2024ലെ ചോദ്യപേപ്പർ ചോർച്ചയ്ക്കുശേഷവും സമാന സംഭവം ആവർത്തിച്ചത് പരീക്ഷാ നടത്തിപ്പിലെ സുരക്ഷാസംവിധാനങ്ങളെക്കുറിച്ചുള്ള ആശങ്കകള്‍ വര്‍ധിപ്പിച്ചു.








0 comments