തിരസ്‌മരണ
ഗായകൻ സീറോ

ബിജു മുത്തത്തി
Published on Jun 15, 2026, 12:37 PM | 9 min read
കൊച്ചിക്കടൽ ശരിക്കും ഇളകിമറിയുന്നത് പാട്ടിലാണ്. കടലും കായലും കൈകോർക്കുന്നതും അതിൽ തണ്ടുവലിക്കുന്ന മനുഷ്യരുടെ പാട്ടിലാണെന്ന് തോന്നും. സംഗീതം ഏതുകാലത്തും സമൃദ്ധമായി പൂത്തുലഞ്ഞുനിൽക്കുന്ന ഈ നാട്ടിൽ എങ്ങോട്ട് വലയെറിഞ്ഞാലും പാട്ടിന്റെ ചാകര ഉറപ്പാണ്.
പാട്ടിലും ജീവിതത്തിലും പൊരുതി ജീവിച്ചൊരു ചരിത്രമുണ്ട് പഴയ കൊച്ചിക്ക്. കൊച്ചിയുടെ പാട്ടുകാരൻ മെഹബൂബ് ഭായി പാടിപ്പാടി മണ്ണോടുചേർന്നിട്ട് നാലരപ്പതിറ്റാണ്ടായെങ്കിലും, ആ പാരമ്പര്യത്തിൽനിന്ന് പടർന്നുപന്തലിച്ച യേശുദാസ് ഇപ്പോൾ ആർക്കും തൊടാനാവാത്ത പ്രശസ്തിയുടെ ഉയരത്തിലെത്തിയെങ്കിലും, അതേ പാട്ടുകാർക്കും അതേ കാലത്തിനുമൊപ്പം കൈകോർത്തു പാടിയൊരു പാട്ടുകാരൻ മാത്രം ചരിത്രം തനിച്ചാക്കിയതുപോലെ അവിടെ നോർത്ത് റെയിൽവേ സ്റ്റേഷനിലെ ചേരി പ്രദേശത്തെ ഒരൊറ്റമുറിയിൽ കവിഞ്ഞൊഴുകുകയായിരുന്നു. പാട്ടിൽ അയാൾ ഹീറോയായിരുന്ന കാലത്തും പേര് സീറോ എന്നായിരുന്നു‐ സീറോ ബാബു.
ബാബുക്കയുടെ വാടകവീടും പാളവും തമ്മിൽ ഏതാനും ചുവടുകളുടെ ദൂരം മാത്രമേയുള്ളൂ. മുറിയുടെ ജനൽ തുറക്കുന്നത് പാളത്തിലേക്കാണ്. പറമ്പിലെ മാവിലെ ഒരു കൊമ്പിൽ കയറിയിരുന്നാൽ ഔട്ടറിൽ നിർത്തിയിട്ട തീവണ്ടി തൊടാം. സ്റ്റേഷനിലേക്കും അധികം ദൂരമില്ല.
വടക്കുനിന്നുവന്ന വേറൊരു തീവണ്ടി സ്റ്റേഷനിൽ നിർത്താനുള്ള ഒരുക്കത്തിൽ പതുക്കെ സഞ്ചരിക്കുകയായിരുന്നു. ആ താളത്തിനൊപ്പം ഹാർമോണിയത്തിൽ ബാബുക്കയുടെ വിരലുകളും പറന്നു.
സീറോ ബാബു
‘‘പറന്നു പറന്നു പറന്നു ചെല്ലാൻ
പറ്റാത്ത കാടുകളിൽ കൂടൊന്നു കൂട്ടി
ഞാനൊരു പൂമരക്കൊമ്പിൽ... ആ...
പൂമരക്കൊമ്പിൽ... പൂമരക്കൊമ്പിൽ...''
അരനൂറ്റാണ്ടുകാലമായി മലയാളിയുടെ ജീവിതത്തിനൊപ്പം പറന്നുപറന്ന് ഈ പാട്ടുണ്ട്. തലമുറകൾക്കിപ്പുറവും കൊച്ചിക്കാർ തങ്ങളുടെ മെഹബൂബ് ഭായിയുടെ പാട്ടുകളെപ്പോലെ ഈ പൂമരക്കൊമ്പിനെയും നെഞ്ചേറ്റുന്നു. പൊൻകുന്നം വർക്കിയുടെ ‘സ്വർഗം നാണിക്കുന്നു' എന്ന നാടകത്തിനായി വയലാറും എൽ പി ആർ വർമയും ഒരുക്കിയ ഗാനം സീറോ ബാബുവിന്റെ തൊണ്ടയിൽനിന്നാണ് മലയാളി ഏറ്റവും കൂടുതൽ കേട്ടിട്ടുള്ളത്.
‘‘ജാലകങ്ങൾ നീ തുറന്നു
ഞാനതിന്റെ കീഴിൽ നിന്നു
പാട്ടുപാടി നീയെനിക്കൊരു
കൂട്ടുകാരിയായി... കൂട്ടുകാരിയായി...''
അധികം ജാലകങ്ങളില്ലാത്തതിനാൽ മുറിയിൽ വെയിൽ ഒളിച്ചുകളിക്കുന്നത് ക്യാമറയ്ക്ക് മനോഹരമായൊരു ലൈറ്റ്് ആൻഡ് ഷേഡ്്് ദൃശ്യമൊരുക്കി. പാട്ടുനിർത്തി പാട്ടുകാരൻ പഴയ ഓർമകളിലേക്ക് ജാലകം തുറന്ന്് അതിന്റെ കീഴിൽ നിന്നു.
‘‘നാടകങ്ങളിൽ നല്ല ഗാനങ്ങൾക്ക് സ്ഥാനമുള്ള കാലമായിരുന്നു അത്. എഫ്എസിടിയുടെ നാടകമായിരുന്നു രണ്ടാമത്തെ ദിവസം‐ ചെറുകാടിന്റെ ‘നമ്മളൊന്ന്.' അതിലാണ് ബാബുരാജിന്റെ ‘പച്ചപ്പനന്തത്തേ' എന്ന ഗാനം. ഞങ്ങളുടെ നാടകം പൊൻകുന്നം വർക്കിയുടെ കേരള തിയറ്റേഴ്സിന്റെ ‘സ്വർഗം നാണിക്കുന്നു.' നാടകത്തിൽ ‘പറന്ന്് പറന്ന്്്' എന്ന ഈ പാട്ട് പാടിയഭിനയിച്ചത് ഞാനാണ്. നാടകം തീർന്നപ്പോൾ ഒരാൾ എന്നെത്തേടി സ്റ്റേജിന്റെ പിന്നിലേക്കു വന്നു‐ എം എസ് ബാബുരാജ്! പാട്ടിഷ്ടമായെന്ന് പറഞ്ഞ് ബാബുക്ക എന്നെ കെട്ടിപ്പിടിച്ചു. ‘ഞാൻ വിളിച്ചാ നീ എന്റെ പ്രോഗ്രാമിനൊക്കെ വരുമോ'ന്ന് ചോദിച്ചു. ‘ഞാൻ വരാം ബാബുക്കാ'യെന്നു പറഞ്ഞു. മൂന്നു ദിവസം കഴിഞ്ഞപ്പോൾ അദ്ദേഹം എന്നെ വിളിച്ചു.
അങ്ങനെയാണ് ബാബുരാജിനെ ആദ്യം കാണുന്നത്്. ‘നീലക്കുയി'ലിന്റെ കാലത്താണ് എല്ലാവരെയും പോലെ ഞാനും മെഹബൂബ് ഭായിയുടെ പാട്ടുകൾ കേട്ടത്.''
ഭായിയെ ഓർത്ത് സീറോ ബാബു ഹാർമോണിയത്തിനൊപ്പം സ്വന്തം ഈണത്തിൽ ഇങ്ങനെ മൂളി.
‘‘മാനെന്നും വിളിക്കില്ല
മയിലെന്നും വിളിക്കില്ല
മാടത്തിൻ മണിവിളക്കേ
നിന്നെ ഞാൻ മാടത്തിൻ
മണിവിളക്കേ''
പ്രശസ്തമായ നൂറോളം സിനിമാഗാനങ്ങൾ ആലപിച്ചിട്ടുണ്ട് സീറോ ബാബു. അതിനേക്കാളൊക്കെയുണ്ട് നാടകഗാനങ്ങൾ. സിനിമകൾക്ക് സംഗീതസംവിധായകനായി യേശുദാസിനെയും ജയചന്ദ്രനെയും കൊണ്ട് പാടിപ്പിച്ചിട്ടുമുണ്ട്. ചില സിനിമകളിൽ അഭിനയിച്ചിട്ടുമുണ്ട്. കൊച്ചിയിലെ പുല്ലേപ്പടി റെയിലോരത്തെ ആ കൊച്ചുവീട്ടിലേക്ക് അയാൾ ഒതുങ്ങിക്കൂടുന്നതിന് മുമ്പ് മുന്നിൽ ചരിത്രം ഒഴുകി നിറഞ്ഞ് വൺസ്മോർ വിളികളാൽ ആരവം കൂട്ടിയൊരു പാട്ടുകാലം. പോയ തീവണ്ടികൾ തിരിച്ചു വരാത്തതുപോലൊരു കാലം. പി ജെ ആന്റണിയുടെ നാടകഗാനങ്ങളിലൂടെ ലഭിച്ച സീറോ എന്ന വിളിപ്പേരു മാത്രമുണ്ട് ഇപ്പോൾ ആ പ്രശസ്തിയുടെ കാലത്തിന് അടയാളമായി.
സീറോ ബാബു പുല്ലേപ്പടി റെയിലോരത്ത്-
ഡിജിറ്റല്‍ ക്രിയേഷന്‍: കിരൺ ഗോവിന്ദ്
‘‘ബാപ്പയ്ക്ക് ഒരു ചായക്കടയുണ്ടായിരുന്നു. അതുകൊണ്ട് ബാല്യകാലത്ത് കഷ്ടപ്പാടുകളൊന്നും അറിഞ്ഞിരുന്നില്ല. എങ്കിലും നാലാം ക്ലാസിൽ എന്റെ പഠനം നിന്നു.'' അവിടുന്നങ്ങോട്ട് പാട്ടുപുസ്തകമായി ബാബുവിന്റെ പാഠപുസ്തകമെന്ന് പറയാം.
ടി കെ സി വടുതലയുടെ നാടകങ്ങളിൽ പെൺശബ്ദത്തിൽ പാടിയഭിനയിച്ചുകൊണ്ടായിരുന്നു തുടക്കം. അത് കണ്ടാണ് പി ജെ ആന്റണിയുടെ നാടകങ്ങളിലേക്ക് ക്ഷണിച്ചത്. ആന്റണിയുടെ ‘അവകാശികൾ' എന്ന നാടകത്തിൽ ഒരു തെറിച്ച പയ്യനായി അഭിനയിച്ചത് എല്ലാവർക്കും ഇഷ്ടമായി. ആന്റണിയുടെ "ദൈവവും മനുഷ്യനും' എന്ന നാടകത്തിൽ ഒരു ചൂതാട്ടക്കാരനായും അഭിനയിച്ചു. ആ നാടകത്തിലെ "ഓപ്പൺ സീറോ വന്നാൽ...' എന്ന പാട്ട് ഹിറ്റായതോടെയാണ് കപ്പട്ടിപ്പറമ്പിൽ ജാഫർഖാൻ മുഹമ്മദ് ബാബു "സീറോ ബാബു' എന്ന് അറിയപ്പെട്ടു തുടങ്ങിയത്. ഓപ്പൺ സീറോയിലൂടെ നാടകസ്റ്റേജിന്് പുറത്ത് ഗാനമേളകളിലും ബാബു തകർത്തു.
വീടിന്റെ മുറ്റത്തേക്കിറങ്ങി പഴയ ഏതോ ഒരു ഗാനമേളത്തട്ടിൽ കയറി പാടുന്നതിന്റെ ഓർമയിൽ ബാബുക്ക അതുവരെ കേൾക്കാത്ത ശബ്ദത്തിൽ പാടി.
‘‘ഓപ്പൺ സീറോ വന്നു കഴിഞ്ഞാൽ
വാങ്ങും ഞാനൊരു മോട്ടോർ കാർ
ഇടത്തുഭാഗത്ത് ഒരുത്തിയെ ഞാൻ
ഇരുത്തി ഓടിച്ചെത്തുമ്പോൾ
ബ്രേക്കിടാൻ ഞാൻ മറന്നുപോകും
ജീവൻ വേണേൽ ഓടിക്കോ...''
മലയാളത്തിലെ അറിയപ്പെടുന്ന ഗായകനായി മാറിയ സീറോ ബാബുവിന്റെ തുടക്കം ഒരു ‘ഗായിക' ആയാണെന്ന് പറഞ്ഞാൽ കേൾക്കുന്നവർ ഒന്ന്് അമ്പരക്കും.
പതിനഞ്ചു വയസ്സുവരെ മാസ്റ്റർ ബാബു കൊച്ചിക്കാരുടെ പ്രിയപ്പെട്ട ഫീമെയിൽ വോയിസായിരുന്നു. ഏറെക്കാലം കൊച്ചിയിലെ ലതാ മങ്കേഷ്കറായിരുന്നു സീറോ ബാബുവെന്നും പറയാം. പതിനേഴാമത്തെ വയസ്സിലാണ് ബാബുവിന്റെ തൊണ്ടയിൽ പുരുഷശബ്ദം സംഭവിച്ചത്.
‘‘ബാനർജി റോഡിലെ ഡാൻസ് ആൻഡ് മ്യൂസിക് ക്ലബ്ബായിരുന്നു അന്നത്തെ പ്രധാന സങ്കേതം. പന്ത്രണ്ടാം വയസ്സുമുതൽ ഞാൻ ആ ക്ലബ്ബിന്റെ പാട്ടുകാരനായിരുന്നു. ‘ആവാര'യിൽ ലതാമങ്കേഷ്കർ പാടിയ ‘ആജാ വോ...' എന്ന ഗാനത്തിലൂടെയാണ് അരങ്ങേറ്റം. സി ഒ ആന്റോയെ പോലുള്ള പ്രഗത്ഭരായ പലരുടേയുമൊപ്പം പെൺശബ്ദത്തിൽ തന്നെ ഡ്യൂയറ്റ് പാടാൻ അവസരം കിട്ടി. കൊച്ചിയിലെ ആസാദ് മ്യൂസിക് ക്ലബ്ബായിരുന്നു പിന്നത്തെ കേന്ദ്രം. അല്ലിയാമ്പലിന്റെ സംഗീത സംവിധായകൻ ജോബ് മാസ്റ്റർ, നടനും സംവിധായകനുമായ നമ്മുടെ ലാലിന്റെ അച്ഛൻ പോൾ വെറ്റിലക്കാടൻ, എം എം ലോറൻസ് എന്നിവരെല്ലാം സ്ഥിരമായെത്തുന്ന ക്ലബ്ബായിരുന്നു. പീച്ചാ ഭായി, ഐഷാ റേഡിയോ എന്ന് അറിയപ്പെട്ടിരുന്ന അബ്ദു, ഗായകൻ അഫ്സലിന്റെ പിതാവ് ഇസ്മായിൽ എന്നിവരായിരുന്നു പിന്നണിസംഘം. ഞാൻ ലതാ മങ്കേഷ്ക്കറിനെ പോലെ തന്നെ പാടുന്നത് അവരെയൊക്കെ അത്ഭുതപ്പെടുത്തിയിരുന്നു. അക്കാലത്ത് കൊച്ചിയിലെ പ്രധാന ഫീമെയിൽ സിങ്ങേഴ്‌സ് ഓറിയന്റൽ മ്യൂസിക് ക്ലബ്ബിലെ സ്റ്റെല്ലയും ട്രീസയുമായിരുന്നു. ഞാൻ പാടുന്നത് അവരെയാണ് വലിയ ബുദ്ധിമുട്ടിലാക്കിയത്്. ജെറി അമൽദേവും അക്കാലത്ത് എറണാകുളത്തെ പള്ളികളിൽ ഫീമെയിൽ പാടുമായിരുന്നു. അക്കാലത്ത് ‘പൊലീസുകാരൻ മകൾ' എന്ന തമിഴ് ചിത്രത്തിൽ എം എസ് വിശ്വനാഥൻ സംഗീതം നൽകി പി ബി എസ് പാടിയ ചില പാട്ടുകൾ ഞാൻ പാടി. അത് പാടിക്കൊണ്ടിരിക്കുമ്പോഴാണ് എന്റെ ശബ്ദം മാറുകയാണെന്ന്്് മനസ്സിലായത്. പതുക്കെ ഞാൻ ഫീമെയിൽ പാട്ടുകളോട് വിടപറഞ്ഞു. സ്റ്റെല്ലയുടെയും ട്രീസയുടെയും പ്രാർഥന ദൈവം കേട്ടുകാണും.''
ബാബുക്ക ചിരിച്ചു. ആ ചിരി പിന്നീട് നിർത്താനാവാത്ത ചുമയായി മാറി. നെഞ്ചിൻകൂട് തകരുന്ന ചുമ ചുമച്ചുകൊണ്ട് ഒരു തീവണ്ടി കൂടി വടക്കോട്ടേക്ക് പോയി.
വാണിജയറാം, ഫാസില്‍, സീറോ ബാബു ഡിജിറ്റൽ ക്രിയേഷൻ: കിരൺ ഗോവിന്ദ്
കുറേക്കഴിഞ്ഞ്് ബാബുക്കയുടെ പാട്ടിന്റെ വേഗത്തിൽ ഞങ്ങൾ പുല്ലേപ്പടിയിൽനിന്ന് ഫോർട്ടുകൊച്ചിയിലേക്ക് വണ്ടിവിട്ടു. ഫോർട്ടുകൊച്ചിയാണ് ശരിക്കും പാട്ടുകൊച്ചി. കടൽത്തീരത്തെ ഇരുമ്പു ബെഞ്ചിലിരിക്കുമ്പോൾ ബാബുക്കയുടെ ഓർമകളിലും പഴയ പാട്ടുകളുടെ തിരമാലകൾ അലയടിച്ചുയർന്നു. പ്രിയപ്പെട്ട പി ബി എസിന്റെ ഒരു പാട്ടാണ് അദ്ദേഹം അവിടെനിന്ന്്് ഞങ്ങൾക്കുവേണ്ടി പാടിയത്.
‘നിലാവുക്ക് എൻമേൽ എന്നടീ കോപം
നെറുപ്പായെരിഗിരദു...
ഇന്ത മലരുക്ക് എൻമേൽ എന്നടീ കോപം
മുല്ലൈ മാറിയതു...'
‘സ്വർഗം നാണിക്കുന്നു' എന്ന നാടകം കഴിഞ്ഞതോടെയാണ് സീറോ ബാബുവിന്റെ തൊണ്ടയിൽനിന്ന് പെൺശബ്ദം പൂർണമായി അപ്രത്യക്ഷമായതെന്ന്്് പറഞ്ഞുവല്ലോ. ബാബുരാജിന്റെയും മെഹ്ബൂബിന്റെയും ട്രൂപ്പുകളിലൂടെ ഗസലുകളും മാപ്പിളപ്പാട്ടുകളും സിനിമാ ‐ നാടക ഗാനങ്ങളുമായി സീറോ ഗാനമേളാവേദികൾ കീഴടക്കി. ആ യാത്രകളിൽ മട്ടാഞ്ചേരിയിലെ യൂസഫ് സേട്ടിൽനിന്ന്് ഹിന്ദുസ്ഥാനി സംഗീതവും പാലക്കാട് മഹാദേവ അയ്യരിൽനിന്ന്്് കർണാടക സംഗീതവും സ്വായത്തമാക്കി.
‘‘എസ് ബാബുവെന്നൊരു ഡയറക്ടറുണ്ടായിരുന്നു. വിജയഗാർഡനിലെ സ്റ്റുഡിയോയിൽ അയാളുടെ ഒരു പടത്തിന്റെ റെക്കോഡിങ്ങിന് ചെന്നു. അവിടെ പ്രേംനസീറൊക്കെ ഉണ്ട്. സീറോ ബാബുവെന്നുതന്നെ പേരുവയ്‌ക്കാൻ എല്ലാവരും പറഞ്ഞു. പിന്നീട് മുത്തയ്യ സാറിന്റെ പടത്തിന് പാടാൻ പോയപ്പോൾ ഈ പേരൊന്ന് ചെയ്ഞ്ച് ചെയ്താലോ എന്ന്് എനിക്കു തോന്നി. കെ ജെ ബാബുവെന്നായിരുന്നു മനസ്സിൽ കണ്ട പേര്. മുത്തയ്യസാർ പറഞ്ഞു‐ ‘മോനേ പേര് മാറ്റരുത്. സീറോന്നുള്ളത് നല്ല പേരാ. നിനക്കു ചേരുന്നതാണ്, മാറ്റരുത്.’ പുള്ളിയുടെ പടത്തിലും ആ പേരു തന്നെയായി. പിന്നീടൊരിക്കലും എനിക്ക് പേര് മാറ്റാൻ തോന്നിയിട്ടില്ല.''
കോഴിക്കോടിന്റെ ബാബുക്കയായ എം എസ് ബാബുരാജിനോടാണ് കൊച്ചിയിലെ ബാബുവിനും സംഗീതത്തിനും ജീവിതത്തിനും കടപ്പാട്. പോർട്ടർ കുഞ്ഞാലിയെന്ന ചിത്രത്തിൽ ‘വണ്ടിക്കാരൻ ബീരാൻകോയ' എന്ന ഗാനം വലിയ ഹിറ്റായിരുന്നു. ബാബുരാജ് മാത്രം ബാബുവിനെക്കൊണ്ട്്് മുപ്പതോളം ഗാനങ്ങൾ പാടിച്ചിട്ടുണ്ട്. സലീൽ ചൗധരിയും ചിദംബരനാഥും ദക്ഷിണാമൂർത്തിയും ദേവരാജനും എം കെ അർജുനനും എ ടി ഉമ്മറും ആഹ്വാൻ സെബാസ്റ്റ്യനും കെ ജെ ജോയിയും ശ്യാമും ജിതിൻ ശ്യാമുമെല്ലാം പാടിപ്പിച്ചു. സത്യനും നസീറിനും തിക്കുറിശ്ശിക്കും അടൂർ ഭാസിക്കുംവരെ നൽകിയ ശബ്ദം മമ്മൂട്ടിക്കും മോഹൻലാലിനുംവരെ പാടി. പക്ഷേ തന്നോടുള്ള സ്നേഹത്തിന്റെയും നന്മയുടെയും മുഖമായി സീറോ ബാബുവിന് തോന്നിയത് നസീറിനെയാണ്.
‘‘നസീറിനെപ്പോലെ സ്നേഹമുള്ളൊരു കലാകാരനെ ഞാൻ എവിടെയും കണ്ടിട്ടില്ല. മദ്രാസിലെ റോഡിലൊക്കെവച്ച്്്് നമ്മളെ കണ്ടാൽ അദ്ദേഹം അപ്പോൾ തന്നെ കാർ നിർത്തും. എന്നിട്ട്, നിനക്കിപ്പോൾ പാട്ടുണ്ടോ, ഭക്ഷണം കഴിച്ചോ എന്നെല്ലാം ചോദിക്കും. വുഡ്ലാന്റ് ഹോട്ടലിലേക്കൊക്കെ എന്നെയും കൂട്ടി അദ്ദേഹം പോയിട്ടുണ്ട്്്. എന്റെ പാട്ട് വലിയ ഇഷ്ടമായിരുന്നു. നസീർ പറഞ്ഞിട്ട്് എത്രയോ സിനിമകളിലേക്കും പ്രോഗ്രാമുകളിലേക്കും ആളുകൾ എന്നെ വിളിച്ചിട്ടുണ്ട്. പിന്നെ ബാബുരാജും.''
ജീവിതത്തിന്റെ ഓരോ സങ്കടകാലത്തും നസീർ ദൈവത്തെപ്പോലെ പ്രത്യക്ഷപ്പെടുമായിരുന്നെന്നും ബാബുക്ക ഓർക്കുന്നു.
‘‘എന്റെ മൂത്ത മകൻ കിണറ്റിൽ വീണാണ്്് മരിച്ചത്്. അതിനുശേഷം ഞാൻ എവിടെയും പോകാതെ വീട്ടിൽ തന്നെ ഇരിക്കുകയാണെന്ന് നസീർ സാർ എങ്ങനെയോ അറിഞ്ഞു. ഒരുതവണ എറണാകുളത്തു വന്നപ്പോൾ എന്റെ വീട്ടിൽ വന്നു. എന്നിട്ട് പറഞ്ഞു‐ ‘നീ ഇവിടെ ഇനി നിന്നാൽ ശരിയാവില്ല. നീ ഫാമിലിയായി മദ്രാസിൽ വന്നു താമസിക്കണം. എല്ലാം മാറിയിട്ട് തിരിച്ചു വരാം.’ അങ്ങനെയാണ് ഞാനും ഭാര്യയും രണ്ടു കുട്ടികളും മദ്രാസിലേക്ക്് പോയത്. പിന്നെ കുട്ടികളെ അവിടെ സ്കൂളിൽ ചേർത്തു.''
ഫോർട്ടുകൊച്ചി ബീച്ചിൽ ഒരുത്സവത്തിന്റെ തിരക്കുണ്ട്. തിരമാലകളിലേക്കിറങ്ങി തിമിർക്കുന്ന ആൾക്കൂട്ടത്തിലേക്ക്്് അലിഞ്ഞുകൊണ്ട് ബാബുക്ക ഇങ്ങനെ പാടി.
‘‘കൊച്ചിക്കാരി കൊച്ചു പെണ്ണേ
നിന്റെ കൊച്ചുപൊതിക്കൽ എന്താണ്
വയനാടൻ കുഴയിലെ മീനാണോ
വല വീശി കിട്ടിയ മുത്താണോ...''
കൊച്ചിയിലെ ഗാനമേളകളിൽ സീറോ ബാബുവിന്റെ സഹഗായകരായിരുന്നു യേശുദാസും കോഴിക്കോട് അബ്ദുൾഖാദറും സി ഒ ആന്റോയും. സിനിമയിലും ഇവർക്കൊപ്പം പാടിയിട്ടുണ്ട് സീറോ ബാബു. ശരിക്കും ബാബു ഹീറോയായിരുന്ന കാലമായിരുന്നു അത്്. കൊച്ചിയിലെ സംഗീത വട്ടത്തിൽനിന്നും ബാബുരാജാണ് സീറോ ബാബുവിനെ ചെന്നൈയിലേക്കും വിളിച്ചിരുന്നത്്. കാലം ഒടുവിൽ കൊച്ചിയിലേക്കു തന്നെ തിരിച്ചെത്തിച്ചെങ്കിലും പാട്ടിൽ പറഞ്ഞ സൗഭാഗ്യങ്ങളെല്ലാം പറന്നുപോയിരുന്നു. ഒരു പൂമരക്കൊമ്പുപോലും തണൽ തരാനുണ്ടായിരുന്നില്ല.
‘ഇത്തിക്കരപ്പക്കി’യില്‍ സീറോ ബാബു പാടിയ ഗാനരംഗത്തില്‍ ജയനും മീനയും
‘‘യേശുദാസ് ആദ്യമായി സിനിമയിൽ പാടിയ കാലമാണ്. പിന്നണി ഗായകനായ പ്രശസ്തിയിൽ ദാസ് കൊച്ചിയിൽ വന്നപ്പോൾ ആദ്യം എന്റെ സഹോദരിയുടെ കല്യാണത്തിനാണ് പാടിയത്. ദാസ്് അതിനുമുമ്പ് വേറെങ്ങും അത്തരം ചടങ്ങുകളിൽ പാടിയിരുന്നില്ല. അന്ന് ‘കണ്ണുനീർ മുത്തൊ'ക്കെ പാടി നിൽക്കുന്ന സമയം. വലിയൊരു ക്രൗഡായിരുന്നു കല്യാണത്തിന്. ദാസിന്റെ അപ്പന്റെ സുഹൃത്തായ ഒരു വക്കം ഭാഗവതരുണ്ട്. അതിനു ശേഷം അയാൾക്കു വേണ്ടിയുള്ള പ്രോഗ്രാമിലും ദാസ് ഫ്രീയായി പാടിയിരുന്നു. അന്നൊരു പരിപാടിയിൽ 750 രൂപ ലഭിച്ചപ്പോൾ ദാസ് ആ തുക കോഴിക്കോട് അബ്ദുൾഖാദറിന് നൽകി. അവിടുന്നാണ് ദാസിന്റെ യാത്ര തുടങ്ങുന്നത്.''
‘എൻ മനസ്സിൽ നീയണഞ്ഞൂ
പൊന്നുഷസ്സിൻ സംഗീതമായി
പൊന്നുഷസ്സിൻ സംഗീതമായി...
എൻ മണിവീണയിൽ നിൻ വിരലുകളിഴഞ്ഞു
ആത്മാവിൻ തന്ത്രികളിൽ പുളകങ്ങളുണർന്നു...'
1983‐ൽ ഫാസിലിന്റെ ‘മറക്കില്ലൊരിക്കലും' എന്ന ചിത്രത്തിനുവേണ്ടി ജമാൽ കൊച്ചങ്ങാടി എഴുതി സീറോ ബാബു ഈണം നൽകിയ ഗാനമാണിത്. പാടിയത് പി ജയചന്ദ്രനും വാണി ജയറാമും. സത്യൻ അന്തിക്കാടിന്റെ ആദ്യചിത്രമായ ‘കുറുക്കന്റെ കല്യാണ'ത്തിലെ സംഗീത സംവിധായകൻ സീറോ ബാബുവായിരുന്നു. ‘കുടുംബിനി' എന്ന ചിത്രത്തിനുവേണ്ടി അഭയദേവ് ചിട്ടപ്പെടുത്തിയ ഗാനവും ‘പോർട്ടർ കുഞ്ഞാലി’യിൽ ബാബുരാജ് സംഗീതം പകർന്ന ഗാനവും പാടിയത് ബാബുവാണ്. ‘സുബൈദ’, ‘അവൾ’, ‘ഇത്തിക്കരപ്പക്കി’ തുടങ്ങിയ ചിത്രങ്ങളിലും ബാബു പാടി. ‘വിസ’ എന്ന ചിത്രത്തിൽ മമ്മൂട്ടിയും മോഹൻലാലും പാടിയഭിനയിച്ച ‘സംഗതി കുഴഞ്ഞല്ലോ, തലയൊക്കെ കറങ്ങണൂ പടച്ചോനേ' എന്ന തമാശ ഗാനവും ബാബുവിന്റെ ശബ്ദമായിരുന്നു. സിദ്ധിക്ക് ലാൽ സംവിധാനം ചെയ്ത ‘കാബൂളിവാല’യിൽ ‘പിറന്നൊരീ മണ്ണും' എന്ന ഗാനം പാടിയഭിനയിക്കുന്ന ഗായകൻ സീറോ ബാബുവാണ്. ‘അഞ്ചു സുന്ദരികൾ’, ‘മാടത്തെരുവി കൊലക്കേസ്’, ‘തോമാശ്ലീഹ’, ‘രണ്ടാം ഭാവം’ എന്നീ ചിത്രങ്ങളിലും ബാബു അഭിനയിച്ചിട്ടുണ്ട്.
തമിഴിലും പാടിയിട്ടുണ്ട്, ടി എം സൗന്ദർരാജനും എസ് പി ബാലസുബ്രഹ്മണ്യത്തിനുമൊപ്പം. സീറോ ഹീറോയായിരുന്ന കാലത്തിെൻ പാട്ടുകൾ തന്നെ എല്ലാം. എന്നിട്ടും സീറോയായി തന്നെ തുടരുന്ന ജീവിതത്തിന്റെ ചില നിയോഗങ്ങളാണ് ബാബുവിനെ സങ്കടപ്പെടുത്തുന്നത്്. എങ്കിലും സ്വന്തം പാട്ടുകൊണ്ട് തന്നെ ഇപ്പോഴും ജീവിതത്തിന്റെ തണ്ടുവലിക്കാനാകുന്നുവെന്ന സംതൃപ്തിയുമുണ്ട് ബാബുവിന്.
‘അകാലേ ആരും കൈവിടും
നീ താനേ നിൻ സഹായം
സധീരം തുടരും നിൻ ഗതി
നീ താനേ നിൻ സഹായം
അകാലേ ആരും കൈവിടും'
മെഹബൂബ് ഭായി പാടിയതു പോലെ തന്നെ സീറോ ബാബുവും ഭായിയുടെ ഏറ്റവും പ്രിയപ്പെട്ട കടൽത്തീരത്തിരുന്ന് ജീവിതം പാടുകയാണ്്.
‘‘ഇവിടെ ഈ ബീച്ചിൽവച്ചു തന്നെ എത്രയോ വട്ടം ഞാൻ ഭായിയെ കണ്ടിട്ടുണ്ട്. ബാബുമോനേ എന്നു വിളിച്ച് വേഗം വന്ന് കൈപിടിക്കും. ഞാൻ കൂടുതൽ എന്തെങ്കിലും പറയും മുമ്പ് വേഗം എങ്ങോട്ടേക്കെങ്കിലും മറയും. പുള്ളി ഓരോരോ ലഹരിയിൽ പെട്ടുപോയി. ഒടുവിൽ ആരും സഹായത്തിനില്ലാതായി. ആളുകൾ ഓരോയിടത്തേക്ക് ക്ഷണിച്ചു കൊണ്ടുപോകുന്നതാണ്. ഭായിക്ക് ആരോടും നോ പറയാനാവില്ല. അങ്ങനെ മദ്യത്തിന് വല്ലാതെ അടിമയായി.''
കൊച്ചിയുടെ സിരകളിൽ എന്നും പാട്ടൊഴുകുന്നുണ്ട്. പാട്ടിന്റെ പഴയ പാരമ്പര്യത്തിന്റെയും ഗൃഹാതുരതയുടെയും തട്ടിൻപുറങ്ങളിലേക്കു തന്നെ ചേക്കേറുന്ന നാടാണ് ഇപ്പോഴും കൊച്ചി. കൊച്ചി സ്വന്തം രക്തത്തെ തിരിച്ചറിയുന്നതും പാട്ടിലൂടെയാണെന്ന്് തോന്നിയിട്ടുണ്ട്്. പാട്ടിനെ ഇങ്ങനെ പ്രാണനോടെ ചേർത്തുപിടിച്ചു നിൽക്കുന്ന വേറൊരു ജനതയും അതുപോലെ കേരളത്തിലില്ല. ഗസലും ഖവാലിയും ഹിന്ദുസ്ഥാനിയും മെഹബൂബ് ഭായിയുടെ പഴയ പാട്ടുകളുമില്ലാതെ കൊച്ചിക്ക് വേറൊരു പശ്ചാത്തല സംഗീതവുമില്ല.
പാട്ടിലൂടെ പറന്നു പറന്നു ചെല്ലാൻ പറ്റാത്ത കാടുകളിലെല്ലാം അലഞ്ഞ് ഒടുവിൽ ഇവിടെ ഈ കൊച്ചിയിലേക്കുതന്നെ വന്ന് കൂടണഞ്ഞ ഗായകനാണ്് മെഹബൂബിനെപ്പോലെ സീറോ ബാബുവും. എല്ലാവരും ഹീറോയാകാൻ മത്സരിക്കുന്ന കാലത്ത് സീറോയായി ജീവിക്കുന്ന മനുഷ്യൻ.
കൊച്ചിയുടെ വലിയ ഗായകൻ മാത്രമല്ല, മലയാളിയുടെ ആകെയും ഏറ്റവും വലിയ ഒരു സംഗീതകാലം തന്നെയായ യേശുദാസിന്റെ വളർച്ചയെ അത്ഭുതാദരവോടെ നോക്കുന്ന കൊച്ചി അതിന്റെ മറുപുറത്ത് ഇങ്ങനെയും ചില പാട്ടുകാരെ വരിനിർത്തുന്നത് കാണാതിരിക്കരുതെന്നാണ് സീറോ ബാബുവിന്റെ ജീവിതകഥകൾ നമ്മോട് പറയുന്നത്. യേശുദാസ് വിണ്ണിലെ ഗായകനാകുമ്പോൾ സീറോ ബാബു മണ്ണിലെ ഗായകനാകുന്നത് അങ്ങനെയാണ്.
കടൽത്തീരത്ത് വെറുതേവച്ച ഹാർമോണിയം ബാബുക്ക തൊടാതെയും പാടുന്നതുപോലെ തോന്നി.
‘‘കിലുകിലുങ്ങണെ രാക്കിളികൾ
വളകിലുക്കിയ ഗാനം
കുണുകുണുങ്ങനെ കാട്ടുപൂക്കൾ...''
പാട്ടിൽ ജ്വലിച്ചുനിന്ന കാലം പോയിമറഞ്ഞാലും പാടിയ മനുഷ്യർ ജരാനരകളണിഞ്ഞ് പിൻവലിഞ്ഞാലും പാട്ട് അതിന്റെ പ്രയാണം തുടരുക തന്നെ ചെയ്യും എന്നതിന്റെ പ്രതീകമാണ്് ആ ദൃശ്യം. സംഗീതത്തിലേക്കുകൂടി തുറന്നിട്ട തുറമുഖമായ കൊച്ചി പഴയ പാട്ടുകളിലൂടെ പുതിയ പാരമ്പര്യം സൃഷ്ടിക്കുമ്പോൾ പ്രത്യേകിച്ചും. അതുകൊണ്ടുതന്നെ ചില പഴയ മനുഷ്യർക്ക് വല്ലപ്പോഴുമെങ്കിലും പുതുജന്മം വീണുകിട്ടുകയും ചെയ്തിരുന്നു. അതിലൊരാളായിരുന്നു സീറോ ബാബു.
കൊച്ചിയുടെ ഇതിഹാസ ഗായകൻ മെഹബൂബ് ഭായി ചാളത്തെരുവിലെ വള്ളക്കാർക്കും വലക്കാർക്കുമൊപ്പം ജീവിതം പാടിത്തീർക്കുകയായിരുന്നു. ചെന്നൈയിലെ ജനറൽ ആശുപത്രിയിൽ ആത്മാവ് തകരുന്ന ഒച്ചയിൽ എം എസ് ബാബുരാജും തന്റെ അന്ത്യഗാനങ്ങൾ ചുമച്ചു തീർത്തു. പാട്ടിന്റെ വലിയൊരു കാലത്തിന്റെ അസ്തമയങ്ങൾ മലയാളി അങ്ങനെയൊക്കെയാണ് കണ്ടിരുന്നത്. അവശേഷിക്കുന്ന മനുഷ്യരിലേക്കും നമുക്ക് ക്യാമറ സൂം ചെയ്യാമെന്നല്ലാതെ എന്തു ചെയ്യാൻ പറ്റും എന്ന ചോദ്യം കടലിന്റെ വലിയ ഒച്ചയിൽ ഞങ്ങളും കേൾക്കാത്തതു പോലെ അഭിനയിച്ചു.
സീറോ ബാബുവും യേശുദാസും
മെഹബൂബ് ഭായിക്ക് ജീവിക്കാനായി ഒടുവിൽ പട്ടാളം പള്ളിയിലെ ഒരു വാങ്കുവിളിക്കാരനാകേണ്ടി വന്നിട്ടുണ്ടെന്ന് കേട്ടിട്ടുണ്ട്. ഭായിയുടെ മധുരശബ്ദത്തിൽ വാങ്ക് ഒരു ഹിന്ദുസ്ഥാനി രാഗമായാണ് കൊച്ചിക്കാർ കേട്ടത്. അവസാന കാലത്ത് സീറോ ബാബുക്കയെയും പാട്ടുണ്ടെന്ന് പറഞ്ഞു വിളിച്ചുകൊണ്ടുപോയി സിനിമാക്കാർ വാങ്കു വിളിപ്പിച്ചു വിട്ടിട്ടുണ്ട്. മലയാള സിനിമയിൽ നമ്മൾ കേട്ട പല വാങ്കുകളും പഴയ പാട്ടുകാരുടെ ജീവിക്കാനായുള്ള സംഗീതമായിരുന്നുവെന്ന് ഇന്ന് എത്രപേർക്ക് അറിയാം?
‘‘എല്ലാവർക്കും ഹൈലെവലിലെത്താൻ കഴിയില്ലല്ലോ. അതുകൊണ്ട് എനിക്ക് ദുഃഖമൊന്നുമില്ല. സ്വന്തമായി ഒരു വീടില്ല എന്നത് മാത്രമാണ്് ദുഃഖം. പാട്ടല്ലാതെ വേറൊന്നും കയ്യിലില്ല.''
ബാബുക്ക കടലിലേക്ക് നോക്കിക്കൊണ്ട് പറഞ്ഞു.
കൈരളി ടിവിയുടെ അന്നത്തെ എക്സിക്യുട്ടീവ് ഡയറക്ടറും കേരളത്തിലെ വലിയ കലാസഹൃദയനും സംഘാടകനുമായ ടി ആർ അജയൻ സാർ ഏൽപ്പിച്ച ചെറിയൊരു തുകയുടെ ചെക്ക് കൈമാറുമ്പോൾ ബാബുക്കയുടെ കണ്ണ്്് നിറയുന്നത് കാണാമായിരുന്നു.
2014 ഏപ്രിൽ 17ന് കൈരളിയിലെ ‘കേരള എക്സ്്പ്രസി'ലാണ് സീറോ ബാബുവിനെക്കുറിച്ചുള്ള ‘മണ്ണിലെ ഗായകൻ' എന്ന എപ്പിസോഡ് സംപ്രേഷണം ചെയ്തത്. ആ പരിപാടി കണ്ട് എന്നെ വിളിച്ചവരോടെല്ലാം ഞാൻ ബാബുക്കയെ വിളിക്കാനാണ് പറഞ്ഞത്. അതിനുശേഷം അദ്ദേഹത്തെ സഹായിക്കാനും വീട് വച്ചുനൽകാനുമുള്ള ശ്രമങ്ങൾ ഏതൊക്കെയോ കോണിൽനിന്ന് കേട്ടിരുന്നു. 2020 ഒക്ടോബർ 22ന് 80‐ാമത്തെ വയസ്സിൽ ബാബുക്ക മരിക്കുന്നതുവരെ അതൊന്നും നടന്നിരുന്നില്ലെന്നാണ് അറിവ്്.
ഇപ്പോഴും വടക്കുനിന്ന്്് വരുന്ന തീവണ്ടികൾ പുല്ലേപ്പടി ഔട്ടറിലെത്തുമ്പോൾ വേഗം കുറയ്ക്കുന്നത് സീറോ ബാബുക്കയെ ഓർമിപ്പിക്കാനാണെന്ന് എനിക്ക് തോന്നാറുണ്ട്. ഏത് പാതിരാത്രിയിലും എഴുന്നേറ്റിരുന്ന് വണ്ടിയുടെ ജനാലയിലൂടെ പുറത്തേക്ക് നോക്കാനുള്ള പ്രേരണയുടെ പാട്ട് ഉള്ളിൽ മുഴങ്ങാറുണ്ട്. വിനീതമായ ആ വീടും ആകാശത്തേക്ക് അന്തംവിട്ട് പടർന്നുപോയ മാവും അവിടെത്തന്നെയുണ്ടല്ലോ എന്ന് ഒന്നിനും വേണ്ടിയല്ലാതെ ഞാൻ ഉറപ്പുവരുത്താറുണ്ട്. അപ്പോഴെല്ലാം ഒന്ന്് കണ്ണടയ്‌ക്കുകയേ വേണ്ടൂ, തീവണ്ടിയുടെ താളത്തിൽ നമുക്കാ പാട്ടുകൾ വീണ്ടും കേൾക്കാൻ.
‘‘കണ്ടില്ല നിന്നെ മാത്രം
കാത്തിരുന്നു നിന്നെ മാത്രം
പൊൻകിനാക്കൾ പൂത്ത കാലം
പോവതെങ്ങു നീ
പോവതെങ്ങു നീ...’’ .










0 comments