ad
Deshabhimani

കവർസ്റ്റോറി

ഇസ്രയേൽ ഇന്ത്യയുടെ ഇണപ്പക്ഷിയോ?

പലസ്‌തീൻ ബാലനെ ഇസ്രായേൽ സൈനികർ  പിടിച്ചുകൊണ്ടുപോകുന്നു
avatar
എ എം ഷിനാസ്‌

Published on Mar 21, 2026, 11:52 AM | 6 min read

സ്രയേൽ പാർലിമെന്റ് ആയ നെസെറ്റിൽ ഭാഷണം നടത്താൻ ‘സൗഭാഗ്യം' ലഭിച്ചവരിൽ മിക്കവരും അമേരിക്കൻ പ്രസിഡന്റുമാരും ചില യൂറോപ്യൻ രാഷ്‌ട്രത്തലവൻമാരുമാണ്‌. ആദ്യമായി ഒരു ഇന്ത്യൻ പ്രധാനമന്ത്രിക്ക് ഇങ്ങനെ ഒരു ‘വിശേഷാവസരം' ലഭിച്ചത് 2026 ഫെബ്രുവരി 25‐നാണ്. ആ അവസരമാകട്ടെ ഇസ്രയേലിനെ മുറിവേറ്റ ഇണപ്പക്ഷിയായി ചിത്രീകരിച്ച് നെതന്യാഹുവിന്റെ ഹർഷാരവം ഏറ്റുവാങ്ങുന്ന വിധമാണ്‌ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി വിനിയോഗിച്ചത്. നെസെറ്റിൽ വച്ച് മോദി ഉദ്ഘോഷിച്ചു: "ഈ മുഹൂർത്തത്തിലും ഇതുകഴിഞ്ഞും ഇന്ത്യ ഇസ്രയേലിനൊപ്പം അചഞ്ചമായി പൂർണവിശ്വാസത്തോടെ നിലയുറപ്പിക്കും.’ തുടർന്ന് രണ്ടരവർഷം മുമ്പ്‌ ഹമാസ് നടത്തിയ ആക്രമണത്തെ അപലപിക്കുകയും ‘സിവിലിയൻമാരുടെ കൂട്ടക്കൊലയെ ഒരു കാരണവും ന്യായീകരിക്കില്ല’ എന്ന് തറപ്പിച്ചു പറയുകയും ചെയ്‌തു.

പലസ്‌തീൻ ബാലനെ  ഇസ്രായേൽ സൈനികർ  പിടിച്ചുകൊണ്ടുപോകുന്നുപലസ്‌തീൻ ബാലനെ ഇസ്രായേൽ സൈനികർ പിടിച്ചുകൊണ്ടുപോകുന്നു

2023 ഒക്ടോബർ 7 മുതൽ ഗാസയിലും മറ്റു പലസ്‌തീൻ പ്രദേശങ്ങളിലും ഇസ്രയേൽ നടത്തിയ/ നടത്തുന്ന വംശഹത്യയിൽ ഏകദേശം 75,000 പേരാണ് കൊല്ലപ്പെട്ടത്. അവരിൽ ഭൂരിഭാഗവും സ്‌ത്രീകളും കുട്ടികളുമായിരുന്നു. പട്ടിണിക്കിട്ടും നൂറുകണക്കിന് കുഞ്ഞുങ്ങളെ ഇസ്രയേൽ കൊന്നൊടുക്കി. ഇവരൊന്നും സിവിലിയൻമാരായിരുന്നില്ലേ എന്ന ചോദ്യം 2002ൽ ഗുജറാത്തിലെ വംശഹത്യയ്‌ക്ക്‌ കാർമികത്വം വഹിച്ച ഒരു നേതാവിന് മനസ്സിലാകാൻ നന്നേ പ്രയാസമാണ്‌. ഇസ്രയേൽ പ്രദർശിപ്പിക്കുന്ന ശൗര്യത്തെയും ദർശനമികവിനെയും മോദി പുകഴ്‌ത്തി. സന്ദർശനവേളയിൽ ‘സ്‌പീക്കർ ഓഫ് ദ നെസെറ്റ് മെഡൽ' മോദിക്ക് നൽകുകയും ചെയ്‌തു. ഇന്ത്യയും ഇസ്രയേലും തമ്മിലുള്ള 2000 വർഷത്തെ ഊഷ്‌മളബന്ധത്തെപ്പറ്റിയും മോദി വാചാലനായി. (ഇസ്രയേൽ എന്ന രാഷ്‌ട്രം 1948‐ലാണ് നിലവിൽ വന്നതെന്ന കാര്യമൊക്കെ അത്തരം സ്‌നേഹമുഹൂർത്തത്തിൽ മറന്നുപോകുക സ്വാഭാവികം.)


2000 വർഷത്തേക്കാൾ പഴക്കമുണ്ട് ഇന്ത്യയും ഇറാനും തമ്മിലുള്ള ബന്ധത്തിന്. എന്നിട്ടും ഇറാനെ ചർച്ചാപ്രഹസനമധ്യേ ഇസ്രയേലും അമേരിക്കയും ആക്രമിച്ചത് മോദി ഇസ്രയേലിൽ നിന്നു മടങ്ങി രണ്ടുദിവസം കഴിഞ്ഞാണ്. അപ്പോൾ മോദിയോ ഇറാൻ വിദേശകാര്യമന്ത്രിയുമായി സംസാരിച്ച ഇന്ത്യൻ വിദേശകാര്യമന്ത്രിയോ അക്രമത്തെ അപലപിക്കാനോ ഇറാന്റെ പരമോന്നത നേതാവിനെയും കുടുംബത്തെയും ഇസ്രയേൽ-‐അമേരിക്ക കൂട്ടുകെട്ട് പട്ടാപ്പകൽ വധിച്ചതിൽ അനുശോചനം രേഖപ്പെടുത്താനോ തയ്യാറായില്ല. ആറുദിവസം കഴിഞ്ഞു വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി ഇറാൻ എംബസിയിൽ ചെന്നാണ് പേരിന് മാത്രം അനുശോചനം കുറിച്ചത്. മോദിയാകട്ടെ ഇറാൻ തിരിച്ചടി തുടങ്ങിയപ്പോൾ താമസംവിനാ നെതന്യാഹുവിനെയും ജിസിസി രാഷ്‌ട്രത്തലവന്മാരെയും വിളിച്ചു. അപ്പോഴും ഇറാനിലെ, പ്രകോപനമില്ലാതെ ആക്രമിക്കപ്പെട്ട രാഷ്‌ട്രത്തിലെ ആരെയും വിളിക്കാതിരിക്കാൻ മോദി ശ്രദ്ധിച്ചു. ഇന്ത്യയുടെ പക്ഷപാതപരമായ ഈ പ്രതികരണത്തെക്കുറിച്ച് ഒരു മുൻ ഇന്ത്യൻ അംബാസഡർ പറഞ്ഞു: ‘‘പരമാധികാര രാജ്യങ്ങളുടെ നേതാക്കളെ കൊല്ലുന്നതും തട്ടിക്കൊണ്ടുപോകുന്നതുമായ ഭീകരപ്രവണത നാഗരിക ലോകത്തു നിൽക്കുന്ന രാജ്യങ്ങൾ എതിരിടണം. ലോകരാജ്യങ്ങൾ ഈ കുൽസിതപ്രവർത്തനങ്ങൾക്കെതിരെ രംഗത്തുവരുന്നില്ലെങ്കിൽ അവരിൽ ആരെങ്കിലുമാകും സാമ്രാജ്യത്വത്തിന്റെ മെനുവിലെ അടുത്ത ഇര എന്ന് തിരിച്ചറിയുന്നത് നല്ലതാണ്.’’ ഈ തിക്തസത്യത്തിന്റെ ചെറിയ ഡോസ് തീരുവയുടെ രൂപത്തിൽ മോദി സർക്കാരിന് കിട്ടിയതാണ്. അപ്പോൾപോലും അമേരിക്കയുടെ അനുശാസനങ്ങൾ അനുസരിച്ചു അടിയറവ് പറയുന്ന ഒരു വാണിജ്യ കരാറിനാണ് ഇന്ത്യ സമ്മതം മൂളിയത്. ഇപ്പോൾ റഷ്യയിൽനിന്ന് എണ്ണ വാങ്ങാൻ അമേരിക്ക ‘സമ്മതിക്കേണ്ട' അവസ്ഥയെപ്പോലും ഭരണകർത്താക്കൾ ‘പുണ്യ'മായി കരുതുന്ന പരിതോവസ്ഥ വന്നുചേർന്നു. അക്ഷരാർഥത്തിലുള്ള ഈ കോളനീകരണം ദുരന്തമായല്ല, അതുമായി സഹർഷം മെരുങ്ങി, ഇണങ്ങി പൊരുത്തപ്പെടാനാണ് കേന്ദ്രഭരണകൂടം പറയുന്നത്.

മോദിയും നെതന്യാഹുവുംമോദിയും നെതന്യാഹുവും

നെതന്യാഹുവിന്റെ ക്ഷണം സ്വീകരിച്ചാണ് മോദി ഇസ്രയേലിൽ പോയത്. അതും ഏതു നിമിഷവും അമേരിക്കയോ ഇസ്രയേലോ ഇറാനെ ആക്രമിക്കുമെന്ന് മിക്കവരും പ്രതീക്ഷിച്ചിരിക്കുമ്പോൾ. ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം ഈ സന്ദർശനത്തെക്കുറിച്ച് ബ്രീഫിങ് നടത്തിയിരുന്നില്ല. സന്ദർശനത്തെക്കുറിച്ച് ടെൽ അവീവിൽ നിന്നാണ് വിവരം കിട്ടുന്നത്. മോദി തന്റെ ‘വ്യക്തിപരമായ സുഹൃത്താ'ണ് എന്ന് പറഞ്ഞ നെതന്യാഹു തന്നെയാണ് മീഡിയ മാനേജ്മെന്റ് ഉൾപ്പെടെ നിർവഹിച്ചത്. സൃഗാലബുദ്ധിയുള്ള നയതന്ത്രജ്ഞൻ കൂടിയായ നെതന്യാഹുവിന് ആരിൽനിന്ന്, എപ്പോൾ, എന്തൊക്ക നേടിയെടുക്കണമെന്ന് നന്നായി അറിയാം. ലോകത്തെ മിക്കവാറും ഭരണകർത്താക്കൾ നെതന്യാഹുവുമായുള്ള ഇടപഴകൽ ഒഴിവാക്കുമ്പോൾ മോദി ഇങ്ങനെയുള്ള നിർണായകവും പ്രക്ഷുബ്ധവുമായ സന്ദർഭത്തിൽ ഇസ്രയേൽ സന്ദർശിച്ചത് നെതന്യാഹുവിന് പ്രതീകാത്മകബലമാണ്‌ നൽകിയത്. ഇസ്രയേലിനെ സംബന്ധിച്ചിടത്തോളം എത്രമേൽ ആ രാഷ്‌ട്രം അന്തർദേശീയമായി അകറ്റിനിർത്തപ്പെടുന്നുവോ അത്രമേൽ ഇന്ത്യയുമായുള്ള ഹസ്‌തദാനം അതിന് ആവശ്യമാണ്‌. ഇസ്രയേൽ നൃശംസമായ വംശനശീകരണ രാജ്യമാണെന്നതോ അന്താരാഷ്‌ട്രനിയമങ്ങളെ ശിക്ഷാഭീതിയില്ലാതെ അത് നിരന്തരം ലംഘിക്കുന്നു എന്നതോ ഇപ്പോൾ ഇന്ത്യ ഭരിക്കുന്നവർക്ക് യാതൊരു മനസ്സാക്ഷിക്കുത്തും ഉണ്ടാക്കുന്നില്ല. അതിനാണ് ‘യാഥാർഥ്യവാദം' എന്നവർ പറയുന്നത്. ‘ദേശീയതാൽപ്പര്യം' (ബിജെപി ഭരണകൂട താൽപ്പര്യം) വരുമ്പോൾ ധാർമികതയെ അഗണ്യകോടിയിൽ തള്ളുക എന്നതാണത്. ഇങ്ങനെ സ്വാർഥബുദ്ധിയും അവസരവാദവും നയമാക്കി ക്ഷണഭംഗുര നേട്ടങ്ങൾ തേടിയ രാജ്യങ്ങൾക്ക് ബഹുമാനവും കിട്ടിയിട്ടില്ല, ഉദ്ദേശിച്ച താൽപ്പര്യങ്ങൾ പരിരക്ഷിക്കപ്പെട്ടിട്ടുമില്ല.


1930‐ കളിൽ യൂറോപ്യൻ ശക്തികൾ ഹിറ്റ്ലറോട് കൊഞ്ചിക്കുഴഞ്ഞപ്പോൾ എന്ത് സംഭവിച്ചു എന്നത് ധാർമികമായ അന്തസ്സാരവിഹീനതയുടെ ആഗോളപാഠമാണ്‌.

നെതന്യാഹു ഈയിടെയായി പേർത്തും പേർത്തും പറയുന്ന ഒരു കാര്യം ഷഡ്ഭുജ സഖ്യത്തെക്കുറിച്ചാണ് (Hexagon of Alliance). പശ്ചിമേഷ്യയ്‌ക്കകത്തും ചുറ്റുമുള്ള രാജ്യങ്ങളുടെ സഖ്യമാണത്. ‘തീവ്രസ്വഭാവ' മുള്ള എതിരാളികളെ നേരിടാനാണത്രെ ഈ സഖ്യം. ഇന്ത്യയും ഗ്രീസും സൈപ്രസുമാണ്‌ ഈ സഖ്യത്തിൽ ഇസ്രയേലിന്‌ പുറമെ നെതന്യാഹു ഇതുവരെ ചൂണ്ടിക്കാണിച്ചിട്ടുള്ളത്. സമാനമായ തന്ത്രപരമായ ഉത്കണ്ഠകൾ പങ്കുവയ്‌ക്കുന്ന നാഗരികസഖ്യമായിരിക്കുമത്രേ അത്. മേഖലയിലെ റാഡിക്കൽ അച്ചുതണ്ടിനെ നേരിടാനാണ് ഇത് വിഭാവനം ചെയ്യപ്പെട്ടത്. ഷിയാ അച്ചുതണ്ട് മാത്രമല്ല, ഉയർന്നുവരുന്ന സുന്നി അച്ചുതണ്ടും ഇതിൽപ്പെടും. തുർക്കിക്കും സൗദി അറേബ്യക്കുമെതിരെ ഇന്ത്യയെ കണ്ണിചേർക്കുകയാണ് ലക്ഷ്യം. കശ്മീരിന്റെ കാര്യത്തിൽ തുർക്കിയുടെ നിലപാടും കഴിഞ്ഞവർഷം ഒപ്പുവച്ച പാകിസ്ഥാൻ-‐സൗദി പ്രതിരോധ ഉടമ്പടിയും ഇന്ത്യയെ അനായാസം ഈ സഖ്യത്തിലേക്ക് ആകർഷിക്കുമെന്ന് നെതന്യാഹു കരുതുന്നു. ഈ ഇസ്രയേൽ മാടമ്പി മനസ്സിൽ കാണുന്നത് ഒരു ഇസ്ലാമികവിരുദ്ധ സഖ്യമാണ്‌. ഹിന്ദുത്വവും സയണിസവും തമ്മിലുള്ള താദാത്മ്യത്തെക്കുറിച്ച് മോദി പറഞ്ഞ കാര്യങ്ങൾവച്ച് ‘മോദി ഇന്ത്യ'യെ ഇസ്ലാമിനെതിരെ നിർത്താനാവുമെന്ന് നെതന്യാഹു പ്രതീക്ഷിക്കുന്നു. ഇത് മോദിക്ക് അങ്ങനെ ചെറുക്കാനാവില്ലെന്നും അമേരിക്കയുടെ ‘ബിബി' കരുതുന്നു.


ഇന്ത്യയുടെ വിദേശനയത്തെ ശീതയുദ്ധാനന്തരം ചേരിചേരാനയമെന്നല്ല, തന്ത്രപരമായ സ്വയം ഭരണാധികാരം (strategic autonomy) എന്നാണ് വിളിച്ചുപോരുന്നത്. ഫലത്തിൽ, 1990‐ കളുടെ പ്രഥമപാദം മുതൽ ഇത് തന്ത്രപരമായ ആശ്രിതത്വമെന്ന (strategic dependence) നിലയിലേക്ക് മാറിക്കഴിഞ്ഞിരുന്നു. അമേരിക്കയുടെ ജൂനിയർ പാർട്ണറായുള്ള വിധേയവിദേശനയത്തിലേക്ക് ഇന്ത്യ പടിപടിയായി വ്യതിചലിച്ചു. വാജ്‌പേയ് സർക്കാർ അധികാരത്തിൽ വരുന്നതുവരെ പലസ്‌തീൻ പ്രശ്നത്തിൽ പഴയ നിലപാട് തന്നെ പിന്തുടർന്ന ഇന്ത്യ പതുക്കെ അതിൽ വെള്ളം ചേർക്കാൻ തുടങ്ങി. 2014ൽ നരേന്ദ്ര മോദി അധികാരത്തിൽ വന്നതോടെ ഇന്ത്യ-‐ഇസ്രയേൽ ബന്ധത്തെപ്പറ്റിയുള്ള വിചാരമാതൃക പൊളിച്ചെഴുതപ്പെട്ടു.

ഇസ്രയേലിനോടുള്ള മമതയും അതിന്റെ ഭരണസംവിധാനത്തെപ്പറ്റിയുള്ള മതിപ്പും വിവിധ തലങ്ങളിലുള്ള സംഘപരിവാർ നേതാക്കൾ പലപാട് പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാൽ ഒരു ഇന്ത്യൻ പ്രധാനമന്ത്രി ആദ്യമായി ഇസ്രയേലിന്റെ സുരക്ഷാസംവിധാനത്തെ പരസ്യമായി പാടിപ്പുകഴ്‌ത്തിയത് 2016‐ലാണ്. ആ വർഷം ഒക്ടോബർ 18ന് ഹിമാചൽ പ്രദേശിൽ നടന്ന ഒരു പൊതുയോഗത്തിൽ നരേന്ദ്ര മോദി പറഞ്ഞു: ‘‘നമ്മുടെ സൈന്യത്തിന്റെ വീരത്വത്തെക്കുറിച്ച് ഇപ്പോൾ രാജ്യമുടനീളം ചർച്ച ചെയ്യപ്പെടുന്നു. നമ്മൾ മുമ്പ്‌ കേട്ടിരുന്നത് ഇസ്രയേൽ ഈ നിലയിൽ ശൗര്യം ആർജിച്ചിരുന്നു എന്നാണ്. ഇന്ത്യൻ സൈന്യം ഇപ്പോൾ അവരെക്കാൾ ഒട്ടും പിന്നിലല്ല.’’

മോദിയും ട്രംപുംമോദിയും ട്രംപും

ഇസ്രയേൽ സന്ദർശിച്ച ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്; 2017 ജൂലൈ 4-, 6 തീയതികളിൽ. പിന്നീട് 2018 ഫെബ്രുവരിയിൽ മോദി വെസ്റ്റ് ബാങ്കും സന്ദർശിച്ചിരുന്നു. വെസ്റ്റ് ബാങ്കിൽ വച്ച് മോദി പലസ്‌തീനുള്ള ഇന്ത്യൻ പിന്തുണ തുടരുമെന്ന് പറഞ്ഞെങ്കിലും മുമ്പ്‌ ഇന്ത്യൻ നേതാക്കൾ സ്വതന്ത്ര പരമാധികാര പലസ്‌തീനെപ്പറ്റി പറയുമ്പോൾ ഊന്നിപ്പറഞ്ഞിരുന്ന രണ്ട് പ്രധാന കാര്യങ്ങൾ ഒഴിവാക്കി. 2015ൽ മുൻ പ്രസിഡന്റ്‌ പ്രണബ് മുഖർജി ജോർദാനും ഇസ്രയേലും പലസ്‌തീനും സന്ദർശിച്ചപ്പോൾ പറഞ്ഞത്, ‘1967ലെ അതിർത്തികളുള്ളതും കിഴക്കൻ ജറൂസലേം തലസ്ഥാനവുമായ സ്വതന്ത്ര, പരമാധികാര പലസ്‌തീനുവേണ്ടി ഇന്ത്യ നിലകൊള്ളും' എന്നായിരുന്നു. മോദി 2018ൽ വെസ്റ്റ് ബാങ്കിൽ വച്ച്, 1967ലെ അതിർത്തികൾ, കിഴക്കൻ ജറൂസലേം എന്ന തലസ്ഥാനം എന്നീ രണ്ട് പരമപ്രധാന കാര്യങ്ങൾ ഒഴിവാക്കി. 2017 മേയിൽ പലസ്‌തീൻ പ്രസിഡന്റ്‌ മഹമൂദ് അബ്ബാസ് ഇന്ത്യ സന്ദർശിച്ചപ്പോൾ മോദി നടത്തിയ പലസ്‌തീൻ പ്രസ്‌താവത്തിലും 1967ലെ അതിർത്തികളും കിഴക്കൻ ജറൂസലേം എന്ന ഭാവി പലസ്‌തീൻ തലസ്ഥാനവും ഉണ്ടായിരുന്നില്ല.


സ്റ്റാൻലി ജോണി ‘Original Sin: Israel, Palestine and the Revenge of Old West Asia’ എന്ന ഗ്രന്ഥത്തിൽ ഇന്ത്യയുടെ നിലപാടുമാറ്റം സ്‌പഷ്ടമായി വിവരിക്കുന്നുണ്ട്. ടെൽ അവീവിലേക്കുള്ള വിമാനത്തിൽ മോദിയുടെ പലസ്‌തീൻ സന്ദർശനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ നോക്കാൻ റാമല്ലയിൽ വന്ന ഒരു ഇന്ത്യൻ നയതന്ത്രജ്ഞന്റെ അടുത്തായിരുന്നു ജോണിയുടെ ഇരിപ്പിടം. ഗ്രന്ഥകാരൻ അദ്ദേഹത്തോട്, എന്തുകൊണ്ട് ഇന്ത്യൻ പ്രധാനമന്ത്രി 1967ലെ അതിർത്തികളും കിഴക്കൻ ജറൂസലേമും തന്റെ പലസ്‌തീൻ പരാമർശങ്ങളിൽ ഒഴിവാക്കി എന്ന് ആരാഞ്ഞു. അപ്പോൾ നയതന്ത്രജ്ഞന്റെ മറുപടി ഇതായിരുന്നു: ‘നമ്മൾ ഈ സംഘർഷത്തിന്റെ ഭാഗമല്ല. അത് ഇസ്രയേലികളും പലസ്‌തീനികളും തമ്മിലുള്ള പ്രശ്നമാണ്‌. അതിർത്തികൾ, അഭയാർഥികൾ, കുടിയേറ്റക്കാർ, ജറൂസലേമിന്റെ പദവി എന്നിവയെപ്പറ്റിയൊക്കെ പ്രശ്നങ്ങളുണ്ട്. രണ്ടു ഭാഗവും ഇളവുകളും വിട്ടുവീഴ്‌ചയും ചെയ്‌ത്‌ ഒരു അന്തിമ പരിഹാരം കാണണം. ഏതേത് അതിർത്തി ആരുടേതാണെന്ന്‌ പറയാൻ നമ്മൾ ആരാണ്? അവർ പറഞ്ഞു തീർക്കട്ടെ. നമ്മുടെ ഭാഗം വ്യക്തമാണ്‌. നമുക്ക് ഇസ്രയേലുമായി ഊർജസ്വലമായ ബന്ധമാണുള്ളത്. നമ്മൾ ഒരു സ്വതന്ത്ര, പരമാധികാര ഭാവി പലസ്‌തീൻ രാഷ്‌ട്രത്തെ പിന്തുണയ്‌ക്കുകയും ചെയ്യുന്നു. ഒരു നിലപാട് എടുക്കുമ്പോൾ ഏതെങ്കിലും ഭാഗത്തെ വ്രണപ്പെടുത്തുന്നത് അംഗീകരിക്കാൻ കഴിയില്ല.’ ഇസ്രയേലിന് അനുകൂലമാണെങ്കിലും ഇത്തരം നയതന്ത്രഭാഷ പോലും ഇന്ത്യൻ നേതൃത്വത്തിന് ഇപ്പോൾ നഷ്ടപ്പെട്ടിരിക്കുന്നു.


2023 ഒക്ടോബറിൽ ഹമാസ് ആക്രമണം നടന്നപ്പോൾ നെതന്യാഹുവിനെ വിളിച്ച് ആദ്യം ഐക്യദാർഢ്യം പ്രഖ്യാപിച്ച രാഷ്‌ട്രത്തലവൻമാരിൽ മോദിയുമുണ്ടായിരുന്നു. 2023 ഒക്ടോബർ 26ന് യുഎൻ പൊതുസഭയിൽ സത്വരവും ശാശ്വതവുമായ യുദ്ധവിരാമത്തിനായി പ്രമേയം അവതരിപ്പിക്കപ്പെട്ടപ്പോൾ ഇന്ത്യ അതിൽനിന്ന് വിട്ടു നിന്നു. പ്രമേയത്തിൽ ഒക്ടോബർ 7ന് ഹമാസ് നടത്തിയ ആക്രമണത്തെ വ്യക്തമായി അപലപിക്കുന്നില്ല എന്നാണ് കാരണം പറഞ്ഞത്. ഗാസയിൽ വംശഹത്യ തുടരുമ്പോൾ ബ്രസീലും ദക്ഷിണ ആഫ്രിക്കയും നടത്തിയ ശക്തമായ ധർമികവിമർശനത്തെയും ഇന്ത്യ അവഗണിച്ചു. ഇന്ത്യയുടെ വിദേശനയം യുഎസ്‐ഇസ്രയേൽ സുരക്ഷാവ്യവഹാരങ്ങളുമായി പരിരംഭണം ചെയ്‌തു. ഇസ്ലാമോഫോബിയ ഇന്ത്യയുടെ വിദേശനയത്തെ ചൂഴ്‌ന്നുനിൽക്കുന്നു എന്ന് വിമർശകർ ന്യായമായി നിരീക്ഷിച്ചു.


ഇന്ത്യ‐മിഡിൽ ഈസ്റ്റ്‌‐യൂറോപ്പ് ഇക്കണോമിക് കോറിഡോർ സാക്ഷാത്കരിക്കപ്പെടില്ലെന്ന് നെതന്യാഹു ഇപ്പോൾ അനുമാനിക്കുന്നു. ചൈനയുടെ ബെൽറ്റ്‌ ആൻഡ് റോഡ് പദ്ധതിക്ക് ബദൽ ആയാണ് ഇത് വിഭാവനം ചെയ്‌തത്. സൗദി അറേബ്യ ഇസ്രയേലിന്റെ ഹൈഫ തുറമുഖം ഒഴിവാക്കി സിറിയ വഴി ഒരു ബദൽ മാർഗം ആലോചിച്ചുതുടങ്ങി. ഇറാനിലെ ചബഹാർ തുറമുഖ വികസനത്തിൽനിന്ന് ഇന്ത്യയെ പിന്തിരിപ്പിക്കാൻ നെതന്യാഹു ശ്രമിക്കുകയുണ്ടായി. പുതിയ കേന്ദ്ര ബജറ്റിൽ ചബഹാറിനുവേണ്ടി ഒന്നും വകയിരുത്തിയിട്ടില്ല എന്ന കാര്യം ഇതോടൊപ്പം ചേർത്തുവായിക്കണം.

1994ൽ യുഎൻ മനുഷ്യാവകാശ സമിതിയിൽ കശ്മീരിലെ മനുഷ്യാവകാശപ്രശ്നങ്ങൾ ഉയർത്തി പാകിസ്ഥാൻ ഇന്ത്യയെ കുടുക്കാൻ ശ്രമിച്ചിരുന്നു. ഒഐസി രാജ്യങ്ങളുടെ പിന്തുണയും അപ്പോൾ പാകിസ്ഥാൻ തേടി. ഇറാനാണ് അപ്പോൾ അതിന് തടയിട്ടത്. വിരോധാഭാസമായി തോന്നാം, ഒന്നാം യുപിഎ സർക്കാരാണ് ഇറാന് അപ്രതീക്ഷിതമായ പ്രഹരം നൽകിയത്. യു എസ് പിന്തുണയോടെ ഇയു‐3 രാജ്യങ്ങൾ (ബ്രിട്ടൻ, ജർമനി, ഫ്രാൻസ്) അന്താരാഷ്‌ട്ര ആണവോർജ ഏജൻസിയിൽ ഇറാനെതിരെ ഒരു പ്രമേയം അവതരിപ്പിച്ചിരുന്നു.ആണവ നിർവ്യാപന കരാറിന്റെ സുരക്ഷാമാനദണ്ഡങ്ങൾ ഇറാൻ അനുസരിക്കുന്നില്ല എന്നായിരുന്നു പ്രമേയത്തിൽ ആരോപിച്ചിരുന്നത്. ഇന്ത്യ പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്‌തത് ടെഹ്റാനെ ഞെട്ടിച്ചു. ചൈനയും റഷ്യയും ദക്ഷിണ ആഫ്രിക്കയും വോട്ടെടുപ്പിൽനിന്ന് വിട്ടുനിന്നു. വേനസ്വേല എതിർത്തു. അതേ വർഷം തന്നെയാണ് ഏറെ കൊട്ടിഘോഷിക്കപ്പെട്ട സിവിൽ ന്യൂക്ലിയർ സഹകരണ കരാർ വിളംബരം ചെയ്യപ്പെട്ടത്. മോദി സർക്കാറിന്റെ ‘ഇറാൻ ചതി'ക്ക് ഒരു പിൻകഥയുണ്ടെന്നാണ് പറയുന്നത്.അമേരിക്കപ്പേടിയും മോദി‐നെതന്യാഹു ബ്രോമാൻസും സംഗമിക്കുമ്പോൾ ഇന്ത്യൻ വിദേശനയത്തിൽനിന്ന് തന്ത്രവൈദഗ്ധ്യവും (strategy) സ്വയം ഭരണാവകാശവും (autonomy) ഒലിച്ചുപോകുന്നതിൽ അത്ഭുതമില്ല .




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home