ഞങ്ങൾ ഇന്ത്യക്കാരല്ലേ?

Thoudam Victor

തൂദം വിക്ടർ

avatar
കെ എ നിധിൻ നാഥ്‌

Published on Mar 02, 2025, 12:00 AM | 2 min read

മണിപ്പുരി ജനതയ്ക്ക്‌ സാധാരണ ജീവിതം നഷ്ടമായിട്ട്‌ ഒന്നര വർഷത്തിലധികമായി. ഒരു പ്രദേശത്തുനിന്ന്‌ അനങ്ങാനാകാതെ കലാപത്തിന്റെ ഇരകളായി ജീവിക്കുകയാണവർ. മണിപ്പുരിലെ 2 വിഭാഗങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലെന്നാണ്‌ കേന്ദ്ര സർക്കാർ പറയുന്നത്‌. എന്നാൽ ഒരു നാടിന്റെ സമാധാനനില പുനഃസ്ഥാപിക്കാനും ജനങ്ങളുടെ ജീവിതം സാധാരണനിലയിൽ എത്തിക്കാനും സർക്കാർ തയ്യാറായിട്ടില്ല. രാഷ്‌ട്രപതി ഭരണം അടിച്ചേൽപ്പിച്ച്‌ ഒരു ജനതയെ സൈന്യത്തിന്റെ തോക്കിൻകുഴലിന്‌ മുന്നിൽ നിർത്തിയിരിക്കുകയാണെന്ന്‌ മണിപ്പുരി നാടക പ്രവർത്തകൻ തൂദം വിക്ടർ പറഞ്ഞു. 15–-ാം ഇറ്റ്‌ഫോക്കിൽ ‘അബോറിജിനൽ ക്രൈ’ എന്ന നാടകവുമായി എത്തിയതാണ്‌ അദ്ദേഹം. ഡൽഹി നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിൽനിന്ന് പഠനം പൂർത്തിയാക്കി. കേന്ദ്ര സാംസ്കാരികവകുപ്പ്, ലണ്ടൻ ഇന്റർനാഷണൽ സ്കൂൾ ഓഫ് ആർട്സ് എന്നിവിടങ്ങളിൽനിന്ന് ഫെലോഷിപ്പുകൾ ലഭിച്ചിട്ടുണ്ട്.


മണിപ്പുർ സർക്കാർ വികസനം എന്ന പേരിൽ നടപ്പാക്കിയ അണക്കെട്ട്‌ നിർമാണങ്ങൾ കാരണം കുടിയൊഴിപ്പിക്കപ്പെട്ട്‌ ജീവിത മാർഗം നഷ്ടമായ ജനങ്ങൾ, ബിജെപി സർക്കാർ മണിപ്പുർ ജനതയോട്‌ കാണിക്കുന്ന അവഗണന, നാടകത്തിലൂടെ ഉയർത്താൻ ശ്രമിക്കുന്ന പ്രതിരോധം തൂദം വിക്ടർ സംസാരിക്കുന്നു.


വേണ്ടത്‌ സമാധാനം


മെയ്‌ത്തീ, കുക്കി വിഭാഗങ്ങൾ തമ്മിലാണ്‌ ഏറ്റുമുട്ടൽ നടക്കുന്നത്‌. എന്നാൽ ഇവിടെയുള്ള സാധാരണക്കാർക്ക്‌ ഇതിൽ താൽപ്പര്യമില്ല. ഞങ്ങളെല്ലാവരും സമാധാനമാണ്‌ ആഗ്രഹിക്കുന്നത്‌. ജനങ്ങളാണ്‌ ഇതിന്റെ ദുരിതം അനുഭവിക്കുന്നത്‌. ഒരു സ്ഥലത്തുനിന്ന്‌ മറ്റൊരിടത്തേക്ക്‌ പോകാൻ കഴിയുന്നില്ല. എല്ലാവരും ഭയന്നാണ്‌ ജീവിക്കുന്നത്‌. സമാധാനം പുനഃസ്ഥാപിക്കുന്നതിൽ സംസ്ഥാനം ഭരിച്ചിരുന്ന ബിജെപി സർക്കാർ പരാജയപ്പെട്ടു. കേന്ദ്ര സർക്കാരും അതിനുവേണ്ടി ഒരു ശ്രമവും നടത്തിയില്ല. പകരം സംസ്ഥാന സേനയ്ക്കൊപ്പം 60,000 കേന്ദ്ര സേനയെ ഇറക്കി മണിപ്പുർ ജനതയെ തോക്കിനുമുന്നിൽ നിർത്തുകയാണ്‌. ബിജെപി സർക്കാരിന്‌ പ്രശ്‌നം പരിഹരിക്കാൻ താൽപ്പര്യമില്ലെന്നതാണ്‌ യാഥാർഥ്യം.


തിരിഞ്ഞ്‌ നോക്കിയില്ല


പ്രശ്‌നം പരിഹരിക്കാൻ കേന്ദ്ര സർക്കാർ എന്താണ്‌ ചെയ്യുന്നത്‌. എന്താണ്‌ അവർ ഇതിനായി ആവിഷ്‌കരിച്ചിട്ടുള്ള തന്ത്രം. ഈ ചോദ്യങ്ങൾ ചോദിക്കാൻ ഇവിടെയുള്ളവർ ആഗ്രഹിക്കുന്നുണ്ട്‌. എന്നാൽ ഭയം കാരണമാണ്‌ ചോദിക്കാത്തത്‌. ഞങ്ങൾ ഇന്ത്യയുടെ ഭാഗമല്ലേ. അങ്ങനെ കേന്ദ്ര ഭരിക്കുന്ന ബിജെപി സർക്കാർ കരുതുന്നുണ്ടെങ്കിൽ ഈ പ്രശ്‌നം പരിഹരിക്കാൻ ഇടപെടണം. ഒരു ബസ്‌ അപകടം ഉണ്ടായാൽ അങ്ങോട്ട്‌ ഓടി പോകുന്ന മോദി മണിപ്പുരിലേക്ക്‌ വന്നില്ല. പകരം അമിത്‌ ഷായെ അയച്ചു. മണിപ്പുർ ഇന്ത്യയുടെ ഭാഗമായി മോദി കാണുന്നില്ലേ? പ്രശ്‌നപരിഹാരത്തിന്‌ താൽപ്പര്യമില്ലാത്തതിനാലാണ്‌ ഇങ്ങനെ ഇടപെടുന്നത്‌. സർക്കാരിന്‌ ഉത്തരവാദിത്വമുണ്ട്‌. അത്‌ നിറവേറ്റപ്പെടുന്നില്ല. ഞങ്ങൾ എന്ത്‌ തെറ്റാണ്‌ ചെയ്‌തത്‌? മണിപ്പുരിലെ 2 വിഭാഗങ്ങളെ തമ്മിലടിപ്പിക്കുകയാണ്‌ അവർ ശ്രമിക്കുന്നത്‌. അതിൽനിന്ന്‌ നേട്ടമുണ്ടാക്കുകയാണ്‌ ലക്ഷ്യം.


ജനങ്ങളിൽ വിശ്വസിക്കണം


ഈ പ്രശ്‌നം പരിഹരിക്കാനുള്ള ഉത്തരവാദിത്വം സർക്കാരിനാണ്‌. അവർ അതിന്‌ ശ്രമിച്ചാൽ ജനങ്ങളുടെ പിന്തുണയുണ്ടാകും. അധികാരമുള്ളത്‌ അവർക്കല്ലേ. നമ്മൾ സാധാരണക്കാരല്ലേ. ഇപ്പോൾ രാഷ്‌ട്രപതി ഭരണം ഏർപ്പെടുത്തി. എന്നാൽ പഴയ സ്ഥിതി തന്നെ. സർക്കാർ സൈന്യത്തിനെ ഉപയോഗിച്ച്‌ അടിച്ചമർത്തുന്നതിനുപകരം ജനങ്ങളിൽ വിശ്വസിക്കണം. സമാധാനത്തിനുവേണ്ടി ശബ്ദമുയർത്തണം. ഇവിടെയുള്ള മനുഷ്യരെല്ലാം സമാധാനത്തിനായി നിലകൊള്ളുന്നവരാണ്‌. അത്‌ മനസ്സിലാക്കി സർക്കാർ പ്രവർത്തിക്കണം. തോക്കിൻ കുഴലിനേക്കാൾ മനുഷ്യരിലാണ്‌ വിശ്വസിക്കേണ്ടത്‌. ജനങ്ങളുടെ ശക്തിയാണ്‌ എപ്പോഴും വിജയിക്കുക. സംസ്ഥാനത്ത്‌ മുഖ്യമന്ത്രിയെ കണ്ടെത്താൻ കഴിഞ്ഞില്ല. കേന്ദ്രം ഭരണം ഏറ്റെടുത്തു. മണിപ്പുർ ഇന്ത്യയുടെ ഭാഗമാണെന്ന്‌ തിരിച്ചറിഞ്ഞ്‌ ഇടപെടൽ നടത്താൻ അവർ തയ്യാറാകണം.


നാടകം രാഷ്‌ട്രീയമാണ്‌


നാടകം രാഷ്‌ട്രീയമാണെന്നാണ്‌ വിശ്വസിക്കുന്നത്‌. വിഷയങ്ങളിൽ പ്രതികരിക്കാനുള്ള ഉപകരണമായാണ്‌ നാടകത്തെ ഉപയോഗിക്കുന്നത്‌. മണിപ്പുരിലെ അണക്കെട്ടുകൾമൂലം കുടിയൊഴിപ്പിക്കപ്പെട്ട ജനങ്ങളുടെയും സമൂഹങ്ങളുടെയും ബുദ്ധിമുട്ടുകളാണ്‌ നാടകം പറയുന്നത്‌. 6 അണക്കെട്ടുകളാണ്‌ മണിപ്പുരിലുള്ളത്‌. പക്ഷേ വർഷം മുഴുവൻ കൃഷി നടത്താൻ വെള്ളം ലഭിക്കുന്നില്ല. കുടിവെള്ളത്തിന്‌ സ്വകാര്യ കമ്പനികളെ ആശ്രയിക്കണം. അണക്കെട്ടിനായി തങ്ങളുടെ ഭൂമിയിൽനിന്ന്‌ കുടിയിറക്കപ്പെട്ട ജനങ്ങളുടെ കൃഷിഭൂമിയടക്കം നഷ്ടമായി. ജീവിത മാർഗം ഇല്ലാതായി. ഉൽപ്പാദനക്ഷമതയുള്ള വിലപിടിപ്പുള്ള ഭൂമി എന്നന്നേക്കുമായി നഷ്ടപ്പെട്ടു. ഈ സാഹചര്യത്തിൽ പറയപ്പെടുന്ന വികസനം ആർക്കാണ്‌ ഗുണം ചെയ്‌തത്‌ എന്നാണ്‌ ‘അബോറിജിനൽ ക്രൈൻ നാടകത്തിലൂടെ പറയാൻ ശ്രമിക്കുന്നത്‌.



deshabhimani section

Related News

View More
0 comments
Sort by

Home