ad
Deshabhimani

കഥ

പ്രണയപൂർണിമ

ചിത്രീകരണം: നാസർ ബഷീർ
avatar
ഷീബ ഇ കെ

Published on May 13, 2026, 11:27 AM | 6 min read

ചിത്രീകരണം: നാസർ ബഷീർചിത്രീകരണം: നാസർ ബഷീർരും തിരിച്ചറിയരുതെന്നു കരുതിയാവാം, കരിഞ്ചുവപ്പിൽ വെളുപ്പു പ്രിന്റുള്ള ബന്ധിനി ദുപ്പട്ട കൊണ്ട് തലമൂടിയിരുന്നു ജോധ. ദിനാന്തത്തിലെ അവസാനത്തെ വെയിൽത്തരിയിൽ ചുവപ്പു നിറമവളുടെ ജ്വലിക്കുന്ന ചർമത്തെ കൂടുതൽ തിളക്കമുറ്റതാക്കിയിരുന്നുവെന്ന് അവനോർക്കാതിരുന്നില്ല.

നിലാവ്, കറുത്തൊരു മേഘവൃന്ദത്തിൽ മുങ്ങിപ്പോയിരിക്കുന്നു. മദംപൊട്ടിപ്പാഞ്ഞു വരുന്ന കാട്ടാനക്കൂട്ടങ്ങളെപ്പോലെ ആകാശത്ത് അവ മേഞ്ഞുനടക്കുകയാണ്. യമുനയിലെ തണുപ്പു കാറ്റേറ്റു കാത്തിരുന്ന സന്ദർശകരുടെ മുഖത്തും നിരാശയുണ്ടായിരുന്നോ എന്ന് ഇരുവരും മനഃപൂർവം തിരിഞ്ഞു നോക്കിയില്ല. ശ്രാവണപൂർണിമയാണ്. മേഘങ്ങളെ പ്രതീക്ഷിക്കാതിരിക്കാനുമാവില്ല.


പൗർണമിക്കും അതിനുമുമ്പും പിമ്പുമുള്ള രണ്ടു ദിവസങ്ങളിലും മാത്രമേ സന്ദർശകർക്ക് പ്രവേശനമുള്ളൂ. അതും മുൻകൂട്ടി ബുക്ക് ചെയ്തുവരണം. ഇന്നു പക്ഷേ പതിവില്ലാത്ത കനത്തിരുണ്ട ആകാശം പ്രതീക്ഷകളെ മങ്ങിക്കുകയാണ്.

അപൂർവമായ ഒരു കാഴ്‌ചയാണതെന്ന് കേട്ടിട്ടുണ്ട്. വൈദ്യുത വിളക്കുകളോ വർണങ്ങളോ ഇല്ലാതെ വെള്ളി ഉരുക്കിയൊഴിച്ച നിലാവിൽ തിളങ്ങുന്ന പ്രണയകുടീരം. വൈദ്യുതി വെളിച്ചം തേടി വരുന്ന പ്രാണികൾ വിസർജിച്ച് വെണ്ണക്കല്ലുകളുടെ മാറ്റ് കുറക്കാതിരിക്കാനാണ് അത്തരമൊരു നിയന്ത്രണം.

അങ്ങനെയൊരു നിലാരാത്രിക്കാഴ്‌ചയെന്ന അപൂർവമായ ആർഭാടമൊന്നും അവരുടെ സ്വപ്‌നങ്ങളിൽപ്പോലുമില്ലായിരുന്നു. ആകുലവും മിതവുമായ ഇടത്തരം ജീവിതത്തിൽ അത്തരം മോഹങ്ങൾക്കൊന്നും കടന്നുവരാനുള്ള ഇടമോ പ്രേരണയോ പരിതസ്ഥിതിയോ ഇല്ലായിരുന്നു താനും.


മൂന്നു വർഷമായിത്തുടരുന്ന, ആത്മാവും ജീവനുമായ ആ പ്രണയം തന്നെയാണ് ജീവിതത്തിലിന്നു വരെ അവരനുഭവിച്ച സാഹസവും ആനന്ദവും. വരുംവരായ്കകൾ ഭയന്ന് പലതവണ പിൻവാങ്ങിയിട്ടും ഉപേക്ഷിക്കാനാവാതെ തമ്മിൽ ലയിച്ചു ചേർന്നൊഴുകുകയാണത്. കാമ്പസിൽ വച്ച് കാണുമ്പോഴും സംസാരിക്കുമ്പോഴുമൊന്നും കരുതിയതല്ല, ഇതിങ്ങനെ വന്നു ഭവിക്കുമെന്ന്. കച്ചവടാവശ്യർത്ഥം മേവാറിൽനിന്നും രണ്ടു തലമുറ മുമ്പ് വന്നുചേർന്നതാണ് പുനീത് കുമാർ റാത്തോഡിന്റെ പൂർവികർ. മുസ്ലിങ്ങളോടൊന്നും അധികം ബന്ധമില്ലാത്ത കുടുംബമാണ് അവരുടേത്. അത്തരം ചങ്ങാത്തം കൂടേണ്ട കാര്യവും അവർക്കിന്നേവരെ ഉണ്ടായിട്ടില്ല. അവളുടെ സഹോദരിമാരെയെല്ലാം വിവാഹം ചെയ്തിരിക്കുന്നത് മെച്ചപ്പെട്ട രജപുത് കുടുംബങ്ങളിലേക്കാണ്. വൻ പണക്കാരൊന്നുമല്ലെങ്കിലും താരതമ്യേന നല്ല നിലവാരത്തിൽ തന്നെ ജീവിക്കുന്നതാണ് അവളുടെ കുടുംബം. റാത്തോഡ് കുടുംബത്തിൽ പെൺമക്കൾ ജോലിക്കു പോകുന്ന പതിവില്ല. ഇളയവളായ അവൾക്കു മാത്രമാണ് ഒരു പ്രൊഫഷനൽ കോളജ് കാണാനുള്ള ഭാഗ്യമുണ്ടായിട്ടുള്ളൂ. പുനീത് കുമാർ റാത്തോഡിന്റെ ആ ദയാവായ്‌പ്‌ അറിയുന്നതു കൊണ്ടുമാത്രമല്ല അയാളുടെ ക്ഷിപ്രകോപത്തിന്റെയും അഭിമാനത്തിന്റെയും തീവ്രതയറിയുന്നതുകൊണ്ടു കൂടിയാണ് ആരാലും മോശമായതൊന്നും പറയിക്കാതെ പഠിക്കാൻ ജോധ ആഗ്രഹിച്ചിരുന്നത്. സ്‌കൂളിലെ പൂർവവിദ്യാർഥിനികൾ പലരും ദില്ലിയിലും ബാംഗ്ലൂരിലും ഐ ടി ജോലികളിൽ ചേക്കേറുന്നതും പരമ്പരാഗതമായ രീതികളിൽ നിന്നു മാറി സ്വതന്ത്രമായി ജീവിക്കുന്നതും അവളെ വല്ലാതെ സ്വാധീനിച്ചിരുന്നു. കച്ചവടകുടുംബത്തിന്റെ പരമ്പരാഗതമായ കെട്ടുപാടുകളിൽ നിന്നുമാറി അത്തരമൊരു സ്വതന്ത്രജീവിതത്തിന്റെ തെളിമ എന്നും അവളാഗ്രഹിച്ചിരുന്നു.വീട്ടിൽ നിന്ന് മൂന്നു മണിക്കൂർ ദൂരെയുള്ള നഗരത്തിൽ അമ്മയുടെ ശാസന മറികടന്ന് എൻജിനീയറിങ്ങിന്‌ ചേരാൻ അവളെ പ്രചോദിപ്പിച്ചത് അതൊക്കെയാണ്.

ചിത്രീകരണം: നാസർ ബഷീർ

അക്ബറിന്റെ കാര്യം പക്ഷേ അതുപോലെയല്ല. അമ്മിയും ബാബയും കുട്ടിക്കാലത്തേ മരിച്ചതുകൊണ്ട് ചാച്ചയുടെ കൂടെയാണ് ജീവിതം. ജുമാ മസ്ജിദിനരികിൽ ചെറിയൊരു കോഴിക്കട നടത്തുന്ന ചാച്ചയ്‌ക്ക്‌ അത്രമാത്രം വരുമാനമൊന്നുമില്ല. തണുപ്പുകാലമായാൽ ചാച്ചയുടെ ശ്വാസകോശങ്ങളിൽ നീർക്കെട്ടു തുടങ്ങും. രാത്രി മുഴുവൻ രജായിക്കുള്ളിൽ കുനിഞ്ഞിരുന്ന് ശ്വാസംകിട്ടാതെ പിടയും. ചാച്ചയെ പ്രയാസപ്പെടുത്താതിരിക്കാനായി ചെറിയ ജോലികൾ ചെയ്താണ് അവൻ പഠിക്കുന്നത്. ഫുഡ് ഡെലിവറി ബോയ് ആയും മെക്കാനിക്കായും ഉറക്കമിളച്ച് പണിയെടുത്ത് മികച്ച മാർക്കുകളോടെ അവൻ ഓരോ ക്ലാസിലും മുന്നേറി.

പ്രണയത്തിലായിരിക്കുന്നവർ മറ്റൊന്നിനെക്കുറിച്ചും വിഷമിക്കില്ല എന്നൊക്കെ കാൽപ്പനികമായി പറയാമെങ്കിലും അവരിരുവരും ഭാവിയെക്കുറിച്ച് വല്ലാതെ ആധിപൂണ്ടിരുന്നു. അതാവട്ടെ അവരുടെ യൗവ്വന സന്തോഷങ്ങളുടെ പാതിയോളം ഇല്ലാതാക്കുകയും ചെയ്തു.


സ്വന്തം മക്കളാണെന്നു കൂടി പരിഗണിക്കാതെ, ഉദരത്തിലുള്ള കുഞ്ഞിനെക്കൂടി കൊല്ലാൻ മടിക്കാത്ത ജാതീയതയാണ് ചുറ്റിനും. അന്യമതക്കാരനെ പ്രണയിച്ച് വിവാഹം കഴിക്കുക, അവന്റെ കുഞ്ഞിനെ പ്രസവിക്കുക ഒന്നും റാത്തോഡ് കുടുംബത്തിൽ ചിന്തനീയമല്ല. ഏതു രീതിയിലും അവർ എതിർക്കും. പൊലീസും ഭരണകൂടവും അവരുടെ ഭാഗത്തേ നിൽക്കൂ. പ്രണയി ഒരു മുസ്ലിം യുവാവ് കൂടിയായാൽ പിന്നെയൊന്നും പറയാനുമില്ല.

അതുകൊണ്ടൊക്കെത്തന്നെയാണ് മടിയിൽ ഒളിപ്പിച്ചു വെച്ച ബോംബുപോലെ അവരാ പ്രണയം ആരുമറിയാതെ സൂക്ഷിച്ചുകൊണ്ടു നടന്നതും. തീർത്തും തനിച്ചാവുന്ന നേരങ്ങളിൽ, അതും വെവ്വേറെയിടങ്ങളിലിരുന്ന് സ്വകാര്യമായി അതിന്റെ മധുരം നുണയാനേ കഴിയുമായിരുന്നുള്ളൂ. ഫോണിൽ സംസാരിക്കാൻ പോലും ഭയമായിരുന്നു. കഴിഞ്ഞ രണ്ടു മൂന്നു കൊല്ലം കടന്നു പോയത് അങ്ങനെയാണ്.

വെണ്ണക്കല്ലുകൊണ്ടുള്ള ആ പ്രണയകുടീരം ഒന്നു കാണണം.

അവസാനത്തെ സെമസ്റ്റർ പരീക്ഷക്കിടയിലാണ് ജോധ അക്ബറിനോട് അങ്ങനെയൊഗ്രഹം പറയുന്നത്. ഒരു കോഫി ഷോപ്പിലോ കടയിലോ പോലും ഒരുമിച്ചു പോകാത്തവരാണ്.


പഠിക്കുന്ന നഗരത്തിൽ നിന്നും മൂന്നാലു മണിക്കൂർ ദൂരം യാത്രയുണ്ട് അവിടേക്ക്. വേണമെങ്കിൽ പഠനയാത്ര സംഘടിപ്പിച്ചോ സഹപാഠികളുടെ കൂടെയോ ട്രെയിനിൽ പോയി കണ്ടു മടങ്ങാവുന്നതേയുള്ളൂ. പക്ഷേ ഇതങ്ങനെയല്ല ജോധയ്‌ക്ക്‌ അവന്റെ കൂടെത്തന്നെ വരണം, അതും ശ്രാവണപൗർണമിയോടനുബന്ധിച്ച് പ്രണയകുടീരം തുറന്നിടുന്ന ആ അഞ്ചു ദിവസങ്ങളിൽ ഏതെങ്കിലുമൊരു രാത്രിയിൽത്തന്നെ വേണം.

അവളുടെ ആ വാശി കണ്ട് അവൻ പകച്ചുപോയി. അല്ലെങ്കിലേ അർഹതയില്ലാത്തത് കട്ടുതിന്നുന്നവന്റെ മനസ്സോടെയാണ് പ്രണയിക്കുന്നത്. പഠിച്ച് എവിടെയെങ്കിലും പോയി രക്ഷപ്പെടണം എന്നേ ചാച്ച എപ്പോഴും പറയാറുള്ളൂ. സ്വജീവനെ സംബന്ധിച്ച വേവലാതികളൊന്നും അവനില്ലായിരുന്നു. എങ്കിലും പ്രണയത്തിന്റെ മോഹിപ്പിക്കുന്ന ഈ മഴവിൽക്കുമിളയുടെയുള്ളിൽ പതിയിരിക്കുന്ന അപകടത്തെക്കുറിച്ച്, ഭാവിയെക്കുറിച്ച് വലിയ ആധി അവനുണ്ടായിരുന്നു. അവളുടെ ജീവനെക്കുറിച്ചുള്ള ഭയം. ചാച്ചയുടെ കുടുംബത്തെക്കുറിച്ചുള്ള ആശങ്ക.

ഓരോ കൂടിക്കാഴ്‌ചകളിലും മറ്റുള്ളവർക്കു മുന്നിൽ അവർ ഒരു താൽപ്പര്യവും പ്രകടമാക്കാതെ കേവലം സുഹൃത്തുക്കളെപ്പോലെ പെരുമാറി. എവിടെയെങ്കിലും ഒരു സംശയം മുളപൊട്ടിയാൽ അതോടെ അവളുടെ പഠനം തീരും. ചിലപ്പോൾ ജീവിതവും.

ചിത്രീകരണം: നാസർ ബഷീർചിത്രീകരണം: നാസർ ബഷീർ

കാമ്പസിലും പുറത്തും കൈകോർത്തു പിടിച്ച് പ്രണയോല്ലാസത്തോടെ ആടിപ്പാടി നടക്കുന്ന സഹപാഠികളെ കാണുമ്പോൾ ചിലനേരം അവർക്ക് നിരാശ തോന്നും. റാത്തോഡ് കുടുംബത്തിന് ധാരാളം ബിസിനസ് ബന്ധങ്ങളുണ്ട്. അവരിൽ പലരുടെയും ബന്ധുക്കൾ കോളജിലുണ്ടെന്നും കേട്ടിട്ടുണ്ട്. സംശയത്തിന്റെ ഒരു നിഴലനക്കത്തിന് ജീവന്റെ വിലയാണ്. സ്വതന്ത്രമായ ഒരു രാജ്യത്ത് സ്വന്തം ഇഷ്ടപ്രകാരം ജീവിക്കാനാവാതെ വരുന്നതിന്റെ വിമ്മിട്ടത്തോടെ അവരിരുവരും വിരസമായ ക്ലാസ് മുറികളുടെ അകത്തളങ്ങളിലേക്ക് പിൻവാങ്ങും. മറ്റൊരു രാജ്യത്ത്, തുറവികളോടെ ഒരു സുന്ദരജീവിതം ജീവിക്കുന്നതിനെക്കുറിച്ചോർത്ത് പകൽസ്വപ്‌നം കണ്ട്‌ സമാധാനിക്കും.

‘‘ഫൈനൽ പരീക്ഷ കഴിഞ്ഞാൽ നമ്മളീ നഗരം വിടും. പിന്നെ ഇങ്ങോട്ടേക്ക് വരികയുണ്ടാവില്ല.’’

ലാബിൽ നിന്നും കാന്റീനിലേക്കുള്ള നടത്തത്തിൽ മറ്റാരും കേൾക്കാതെ ജോധ പിറുപിറുത്തു.


‘‘നോക്കൂ... രണ്ടോ മൂന്നോ മണിക്കൂർ യാത്ര ചെയ്താൽ നമ്മളവിടെയെത്തും. രാത്രി നിലാവിൽ കുളിച്ച പ്രണയകുടീരം കണ്ട് ട്രെയിനിലോ ബസിലോ മടങ്ങാം. പുലരുമ്പോൾ നമ്മളിവിടെ തിരിച്ചെത്തും. ആരുമറിയില്ല.’’

അവളാണ് യാത്രാപദ്ധതി തയ്യാറാക്കിയത്. ഭയം ഓരോ രോമകൂപത്തേയും പിൻവലിക്കുമ്പോഴും അവിസ്മരണീയമായ ആ കാഴ്‌ചയെക്കുറിച്ചുള്ള പ്രത്യാശ അവനെയും മോഹിപ്പിക്കുകതന്നെ ചെയ്തു.

ഏതൊരു വലിയ തീരുമാനത്തേയും പോലെ ഒരുപാട്‌ കൂട്ടിക്കിഴിച്ച്, ഉറങ്ങാത്തൊരു രാത്രിയുടെ കഠിനത നൽകിയ ഉറപ്പിൽ ഒടുവിൽ എന്തുമാവട്ടെ എന്നവൻ സമ്മതം മൂളി. മുഷിഞ്ഞുനിറം കെട്ടൊരു തീവണ്ടിയിൽ യാത്ര ചെയ്ത് വെയിലിന്റെ അവസാനതരികൾ വന്നുവീഴുന്നൊരു വൈകുന്നേരം അവരാ പ്രാചീന നഗരത്തിൽ ചെന്നിറങ്ങി. ലോകാത്ഭുതം സ്ഥിതി ചെയ്യുന്ന ഇടമെന്ന ധാർഷ്ട്യമൊന്നുമില്ലാത്ത ഇടത്തരം പട്ടണം. ഫത്തേഹാബാദ് റോഡിലുള്ളൊരു ചായക്കാരനിൽ നിന്നും മസാലച്ചായ കുടിച്ചുകൊണ്ട് അവർ ആത്മവിശ്വാസത്തോടെ പരസ്‌പരം നോക്കി. അത്തറും ചന്ദനവും മനോഹരമായ കൗതുകവസ്തുക്കളും വിൽക്കുന്ന കടകൾ. കാരുണ്യമിറ്റുന്ന വലിയൊരു ബുദ്ധ പ്രതിമ കണ്ണുകളടച്ച് റോഡിന്‌ സമാന്തരമായി നിൽക്കുന്നുണ്ടായിരുന്നു. വാഴനാരുകൾ കൊണ്ടു നെയ്ത മൃദുലമായ സാരികളും സുഗന്ധതൈലങ്ങളും വിൽക്കുന്നുണ്ടായിരുന്നു അവിടെ. പരിസരത്തെങ്ങും വന്യപുഷ്‌പഗന്ധം തങ്ങിനിന്നു.


‘‘ലോകാത്ഭുതം കാണാൻ വന്നതാണോ...’’

വഴിയരികിലിരുന്ന് ഒരാളുടെ ചെവി വൃത്തിയാക്കിക്കൊടുക്കുന്ന ചുമപ്പ്‌ തലപ്പാവു വെച്ച വൃദ്ധൻ വിളിച്ചു ചോദിച്ചു.

""നോക്കൂ, ഈ ഹോട്ടലിന്റെ മട്ടുപ്പാവിൽ നിന്നാലും നിങ്ങൾക്കത് പെട്ടെന്ന് കാണാം. പക്ഷേ ആദ്യമായി കാണുമ്പോൾ, അവിടെ അതിന്റെ മുന്നിൽപ്പോയിത്തന്നെ കാണണം. കവാടം കടന്ന് പെട്ടെന്ന് ഒരു ചുവട് മുന്നിലേക്കു വയ്‌ക്കുമ്പോൾ, മുന്നിൽ പൊട്ടിവീണതുപോലെ ആ ഗാംഭീര്യം അനുഭവിക്കുകതന്നെ വേണം. പോയി കണ്ടു വരൂ കുട്ടികളേ, ഈ കാൻ മാലിയേ പറഞ്ഞത് നിങ്ങൾ ജീവിതകാലം മുഴുവൻ മറക്കില്ല.''

കണ്ണടച്ച് കുനിഞ്ഞിരുന്ന് ചെവി കാണിച്ചിരുന്ന ചെറുപ്പക്കാരൻ ആ സംസാരം കേട്ട് കുലുങ്ങിച്ചിരിച്ചു.

കുമ്പളപേഡ നിരത്തിവച്ച കടകൾ പിന്നിട്ട് അവർ നടന്നു. പഞ്ചസാരപ്പാവിൽ കൽക്കണ്ടം പോലെയുറച്ച പല നിറത്തിലുള്ള പേഡകൾ.

രാത്രിയോടെ ഒരു സംഘം ആളുകൾക്കൊപ്പം പ്രവേശനകവാടം കടന്നപ്പോൾ അക്ബറിന് ആശ്വാസം തോന്നി. ജോധയ്‌ക്ക്‌ ആവേശവും. അവൾ തന്റെ കൈകോർത്തുപിടിച്ചതുപോലും നടപ്പാതയിലൂടെ നടക്കുമ്പോഴാണ് അവൻ ശ്രദ്ധിച്ചത്.

ചിത്രീകരണം: നാസർ ബഷീർചിത്രീകരണം: നാസർ ബഷീർ

തണുത്ത വെണ്ണക്കല്ലിന്റെ പ്രതലത്തിൽ കാൽ തൊട്ടപ്പോൾ ഹൃദയങ്ങളിൽ നിലാവൊഴുകി. പെട്ടെന്ന് കാർമേഘങ്ങൾ വകഞ്ഞ് ചന്ദ്രബിംബം തെളിഞ്ഞു. എവിടെയും ഒരനക്കവുമില്ല. ആരും മിണ്ടുന്നുമില്ല. എല്ലാവരും ആ മായികക്കാഴ്‌ചയിൽ മനംമയങ്ങി നിൽക്കുകയാണ്. ആകാശത്തുനിന്നും വെള്ളി ഉരുക്കിയൊഴിക്കുന്ന ചന്ദ്രൻ. പ്രണയത്തോടെ അതേറ്റുവാങ്ങുന്ന വെണ്ണക്കല്ലുകൾ. യമുനയിലതിന്റെ അത്യസാധാരണമായ പ്രതിഫലനം.

തളർന്നുവീഴുമെന്നപോലെ നിൽക്കുകയാണ് ജോധ. അവളെ ചേർത്തുപിടിക്കാനും അത്തരമൊരു സുന്ദരാനുഭൂതി നൽകിയതിന് ചുംബനങ്ങളർപ്പിച്ചു നന്ദി പറയാനും തോന്നി അവന്.

ഓരോ ജാലകങ്ങളിലും കൊത്തുപണിയിലും നിലാവ് ചിത്രപ്പണി ചെയ്യുന്നതു നോക്കി സ്വപ്‌നത്തിലെന്ന പോലെ അവർ നടന്നുകൊണ്ടേയിരുന്നു. ശരറാന്തലിന്റെ നേർത്ത പ്രകാശത്തിൽ ചക്രവർത്തിയും പ്രിയതമയും നിത്യനിദ്ര കൊള്ളുന്ന കബറിടങ്ങളുള്ള അറ. അവിടെ മറ്റു സന്ദർശകരില്ലായിരുന്നു.


നിലാവിന്റെ ധാരാളിത്തത്തിൽ തുറന്നു കിട്ടിയ പ്രണയലോകത്തിൽ മധു നുകരുന്ന വണ്ടുകളായി പുറത്തു പറന്നുനടക്കുകയാണ് സന്ദർശകരെല്ലാം. ഇരുണ്ട അകത്തളങ്ങളിലെ ശവകുടീരങ്ങളിൽ അവർക്കു താൽപ്പര്യം തോന്നിക്കാണുകയില്ല. തിരിച്ചറിയാനാവാത്തൊരു വിഷാദം അവിടെ മൂടിനിൽക്കുന്നതു പോലെ. കബറിടങ്ങൾക്കു താഴെയൊരു രഹസ്യ അറ ഉണ്ടെന്നും അതിനുള്ളിലാണ് ശരിക്കുള്ള മൃതദേഹങ്ങളെന്നും പറഞ്ഞു കേട്ടിട്ടുണ്ട്. കൂടാതെ ഇരുപതോളം മുറികൾ തുറക്കാതെ സൂക്ഷിച്ചിട്ടുണ്ടെന്നും വിലമതിക്കാനാവാത്ത സമ്പത്താണതിനുള്ളിലെന്നും കേട്ടുകേൾവിയുണ്ട്.

പ്രാചീനതകളുടെ എന്തെല്ലാം രഹസ്യങ്ങളാവും അടച്ചിട്ട ആ മുറികളിലുറങ്ങിക്കിടക്കുന്നുണ്ടാവുക.


ജോധ, കബറിടത്തിന്റെ പിൻഭാഗത്തെ ഇരുണ്ട മൂലയിലിരുന്നു. ശവകുടീരങ്ങളെ സംരക്ഷിച്ച് അഷ്ടകോണാകൃതിയിൽ വെളുത്ത ജാലികളാൽ മറച്ചിരിക്കുന്നു. ശരറാന്തലിന്റെ നേർത്ത വെട്ടമേയൂള്ളൂ. കാഴ്‌ചക്കാരില്ലാത്തതിനാലാവും കാവൽക്കാരെയും കാണുന്നില്ല. ഇരുണ്ട ഏകാന്തതയിൽ ചക്രവർത്തിയും പ്രിയതമയും മാത്രം.

അക്ബർ അവളെ പിടിച്ചടുപ്പിച്ചു. ഈ നിമിഷത്തിലേക്ക്, അല്ല, ഒരായുസ്സിലേക്കു മുഴുവൻ ഓർത്തുവയ്‌ക്കാനുള്ള ആദ്യ ചുംബനം ചുണ്ടുകളിൽ നിന്നും പകരാൻ വെമ്പി.

‘‘പതിനാലാമത്തെ കുഞ്ഞിനെ പ്രസവിക്കുമ്പോഴാണ് ചക്രവർത്തിനി രക്തം വാർന്ന് മരിച്ചത്, അല്ലേ.’’

പെട്ടെന്ന് ജോധ ചോദിച്ചു.

‘‘അതേ. ചക്രവർത്തിയുടെ മൂന്നാമത്തെ ഭാര്യയായിരുന്നു അവർ. ഏറ്റവുമധികം അദ്ദേഹത്തെ സ്വാധീനിച്ച ഇണ. ആ മരണത്തിനു ശേഷം അദ്ദേഹം വേറെ വിവാഹം കഴിച്ചില്ലെന്നറിയാമോ. പത്തിരുപത്തിരണ്ടു വർഷത്തോളം ഈ സ്മാരകം നിർമിക്കാനായി ചെലവാക്കി മരണം വരെ അങ്ങനെ കഴിഞ്ഞു.’’

‘‘പതിനാലാമത്തെ പ്രസവം... അതിനു കാരണമായിത്തീർന്ന ആ രതിക്രീഡയെക്കുറിച്ച് ചക്രവർത്തി ഓരോ ദിവസവും ഖേദിച്ചിട്ടുണ്ടായിരിക്കും. എനിക്കുറപ്പാണത്. അന്ന് കുറച്ചുകൂടി സംയമനം പാലിച്ചിരുന്നെങ്കിൽ ചക്രവർത്തിനി ജീവിച്ചിരുന്നേനെ എന്ന് കരയാത്ത ദിവസങ്ങളുണ്ടാവില്ല അദ്ദേഹത്തിന്റെ ജീവിതത്തിൽ. രക്തം വാർന്ന് വിളറിയ ചന്ദ്രബിംബം പോലെ, മരണത്തിന്റെ കാർമേഘങ്ങൾ വന്നെത്തി നോക്കുന്ന ചക്രവർത്തിനിയുടെ മുഖം എങ്ങനെയാവും അദ്ദേഹത്തിന് അനുഭവപ്പെട്ടിരിക്കുക. ഇക്കാണുന്ന യമുനയിലെമ്പാടും ദാസിമാർ രക്തം പുരണ്ട പേറ്റുതുണികൾ കഴുകി വെളുപ്പിക്കാൻ ശ്രമിച്ച രാത്രി. അന്ന് യമുന ചുവന്ന നിറത്തിലാണൊഴുകിയിട്ടുണ്ടാവുക.’’


അതു പറയുമ്പോൾ ജോധയുടെ മുഖം രക്തം വാർന്നപോലെ വിളറിയിരുന്നു.

‘‘എനിക്ക്- തലകറങ്ങുന്ന പോലെ.’’

അവൾ ശവകുടീരത്തെ ചുറ്റിപ്പിടിച്ച് നിലത്തേക്കിരുന്നു. കാറ്റിൽ ശരറാന്തൽ ആടിയുലഞ്ഞ് വെളിച്ചമണഞ്ഞു. പകരാനാവാത്ത തീനാളം പോലെ ആദ്യ ചുംബനം അക്ബറിന്റെ ചുണ്ടുകളിൽ തണുത്തുറഞ്ഞു. കണ്ണുമങ്ങിക്കൊണ്ട് അവൻ അവൾക്കൊപ്പം നിലത്തേക്കിരുന്നു.

ഏറെനേരം കഴിഞ്ഞ്, നൂറ്റാണ്ടുകൾക്കപ്പുറത്തു നിന്നെന്ന പോലെ തണുത്തൊരു കാറ്റുവന്ന് അവരെ തൊട്ടുണർത്തി. പുഷ്‌പലതാദികൾ വരഞ്ഞിട്ട വെണ്ണക്കല്ലിന്റെ ശീതളിമയിലല്ല കിടക്കുന്നതെന്ന് അക്ബർ തിരിച്ചറിഞ്ഞു. പ്രാചീനമായ നിലവറക്കകത്തെ വിചിത്രമായ ഗന്ധം അവരെ പൊതിഞ്ഞു. കുന്തിരിക്കത്തിന്റെയോ ഊദിന്റെയോ അകിലിന്റെയോ ഗന്ധം. കണ്ണുകൾ ഇരുട്ടുമായി പ്രണയത്തിലായപ്പോൾ ആർഭാടമില്ലാത്ത, പഴക്കം തോന്നിപ്പിക്കുന്ന രണ്ടു ശവകുടീരങ്ങൾക്കു മുന്നിലായിരുന്നു അവർ. ഏതോ പ്രാചീന ലിപിയിൽ കൈപ്പടകൊണ്ട് എഴുതി വച്ച വാക്കുകൾ മുമ്പിൽ പരിഭാഷപ്പെട്ടു തുടങ്ങി.

നിദ്രാഭംഗം വരുത്താൻ സന്ദർശകരില്ല, വെണ്ണക്കല്ലുകളുടെ ഭാരമില്ല, പൂക്കളുടെയും ലതകളുടെയും ചിത്രരേഖകളില്ല, ശരറാന്തലുകളുടെ വെളിച്ചമില്ല. ഇവിടെ ഞങ്ങൾ സ്വസ്ഥമായി ഉറങ്ങിക്കിടക്കുകയാണ്. നൂറ്റാണ്ടുകളുടെ ഗർഭഗൃഹത്തിൽ ജനിച്ചു വീണ കുഞ്ഞുങ്ങളെപ്പോലെ സ്വസ്ഥമായി ഒന്നിനെക്കുറിച്ചും വേവലാതിയില്ലാതെ...


അകലെയെവിടെയോ നദിയൊഴുകുന്ന ശബ്ദം. നൂറ്റാണ്ടുകളുടെ ഏകാന്തത പേറുന്ന, വെളിച്ചം കുറഞ്ഞ ഇടനാഴികൾ അവരെ കാത്തുകിടന്നു. കാഠിന്യമുള്ള കൽപ്പലകകളിലേക്ക് പാദങ്ങളമർന്നപ്പോൾ തണുത്ത പൂപ്പൽപ്പാളികൾ അടർന്നു വീണു.

ഇത്തവണ അക്ബർ മരവിച്ചു നിന്നില്ല. ഈയൊരു നിമിഷത്തിലേക്ക്, പിന്നെ ഒരായുസ്സിലേക്കു മുഴുവൻ കാത്തുവെക്കാനുള്ള ആദ്യത്തെ ചുംബനം അവന്റെ ചുണ്ടുകളിൽ നിന്നും അവളിലേക്കു പകർന്നിറങ്ങി. പ്രണയത്തിന്റെ തുറവികളിലേക്കു നയിക്കുന്ന പ്രാചീനമായ പടിക്കെട്ടുകൾ താണ്ടി ഇരുട്ടിലൂടെയവർ കൈകോർത്തു നടന്നു. പ്രണയകുടീരത്തിന്റെ പാറാവുകാരപ്പോൾ അവസാന സന്ദർശകനെയും പറഞ്ഞയച്ച് കൂറ്റൻകവാടങ്ങൾ അടച്ചുതുടങ്ങിയിരുന്നു .




Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home