കഥ
കാപ്പിരിയേശു

ആഷ് അഷിത
Published on May 11, 2026, 11:56 AM | 7 min read
‘‘ഡേയ് ആ യേശുദാസൻ തട്ടിപ്പോയെടെ. നീ എവടെ പോയി കെടക്കുവാ? ഗ്രൂപ്പിലോട്ട് വാ...’’
പറഞ്ഞപാടെ വട്ടൻ രാജേഷ് ഫോൺ വെച്ചു.
ഗ്രൂപ്പിലുള്ളവർ ഇരുപത്തഞ്ച് വർഷങ്ങൾക്ക് മുമ്പ് ആൺപള്ളിക്കൂടത്തിലെ പത്താം ക്ലാസിൽ പഠിച്ചവരാണ്. മുപ്പതോളം സന്ദേശങ്ങൾ. വെളിപ്പെടാൻ വെമ്പിനിൽക്കുന്ന രഹസ്യങ്ങൾ. ഗൾഫിൽ പണിയുന്നവൻന്മാർക്ക് ടൈപ്പ് ചെയ്‌ത് മെനക്കെടുന്ന പരിപാടിയില്ല.
പഴയൊരു ചിത്രത്തിൽ വിരൽ തൊട്ടു.
മീശ പൊടിയാത്ത കാലത്തെ യേശുദാസന്റെ അവശമുഖം. ഷോക്കേറ്റെഴുന്നേറ്റ് നിൽക്കുന്ന ചുരുളൻമുടി. ക്യാമറയെന്ന അത്ഭുതം ആദ്യമായി കണ്ടതുപോലെ തള്ളിനിൽക്കുന്ന കണ്ണുകൾ. അങ്ങനെയുള്ള ഒരുത്തന് പെൺഭംഗിയുള്ള ഞാവൽപ്പഴച്ചുണ്ടുകൾ മാത്രമെന്തിനെന്ന് മറ്റുള്ളവർക്ക് തോന്നുന്നതാണോ കുഴപ്പം?
ചിത്രീകരണം: സുധീഷ് കോട്ടേമ്പ്രം
രണ്ടാമത്തെ ചിത്രമയച്ച പെന്തക്കോസ്‌ത് ജോസ് മാത്രമേ ഞങ്ങളുടെ കൂട്ടത്തിൽനിന്ന് യേശുദാസന്റെ കല്യാണത്തിന് പോയിരുന്നുള്ളൂ. കല്യാണച്ചെറുക്കനെന്ന് തോന്നിപ്പിക്കാനായി വെള്ളപ്പാന്റും വെള്ളക്കുപ്പായവും. കണ്ണേറ് തട്ടാതിരിക്കാനായി കഴുത്തിൽ തൂക്കിയിട്ട ടൈ. ഇരുപത്തിനാലാം വയസ്സിലും മീശഭാഗ്യം കിട്ടാത്ത മട്ടാണ് യേശുദാസന്. എണ്ണ തേച്ച് കാപ്പിരിമുടി മെരുക്കിയിട്ടുണ്ട്. മാൻപേടപ്പിടച്ചിലുള്ള കണ്ണുകളിലാണ് എന്റെ നോട്ടം കുരുങ്ങിയത്.
കിണറുകുഴിക്കാരനായ അച്ഛനും വാതരോഗിയായ അമ്മയും ഒരു പെന്തക്കോസ്‌തു കിളവന്റെ വെള്ളിക്കാശിൽ മോഹിതരായി പള്ളിക്കാരായി തുടങ്ങിയതിൽ പിന്നെയാണ് വെറും ദാസൻ യേശുദാസനായത്. കാപ്പിരിയേശു എന്ന പേരിട്ടത് സ്‌കൂളിലെ പോറ്റിമാഷാണ്. സാറ് ശരിവെച്ചതുകൊണ്ട് ശിഷ്യൻമാരെല്ലാം അതേറ്റെടുത്തു.
ചുണ്ടിൽ പൊടിഞ്ഞ ചിരി തുടച്ചുകൊണ്ട് ഞാൻ രേഷ്‌മയെ നോക്കി. കസേരയിൽ തുളുമ്പിയിരുന്ന് ബിയർ കുടിക്കുമ്പോളും അവളുടെ ശ്രദ്ധ ഇങ്ങോട്ടാണ്. പല തട്ടുകളായി കൊഴുപ്പടിഞ്ഞ ശരീരത്തിന്റെ മന്ദചലനങ്ങൾ മാറ്റിനിർത്തിയാൽ തെറ്റ് പറയാത്ത രീതിയിൽ കാഴ്‌ചഭംഗിയുള്ളവളാണ്. ഒളിനോട്ടങ്ങളെ സ്വാഗതം ചെയ്യുന്ന ഉടുപ്പ്. ഇസ്‌തിരിയിട്ടെടുത്ത കോലൻമുടി. കാപ്പിനിറച്ചായം ചുണ്ടുകളിൽ. റെസ്റ്റോറന്റിൽ വെച്ചുള്ള ആദ്യകാഴ്‌ചയ്‌ക്ക് ശേഷം ഫ്ലാറ്റിലേക്ക് ക്ഷണിക്കാൻ ധൈര്യം കാണിച്ചവളാണ്. മുപ്പത്തേഴാം വയസ്സിൽ നേരംപോക്കിനായി പങ്കാളിയെ തിരയുമ്പോൾ കാപ്പി കുടിച്ചല്ലല്ലോ കാര്യങ്ങൾ തീരുമാനിക്കേണ്ടത്. അവളുടെ ന്യായം ശരിയാണ്.
ടീവിയിൽ ഇന്ത്യക്കാരും പാകിസ്‌താനികളും ക്രിക്കറ്റ് യുദ്ധം നടത്തുന്നുണ്ടെങ്കിലും രണ്ടുപേരും അതിലത്ര ശ്രദ്ധ കൊടുത്തിരുന്നില്ല. സോഫയുടെ അകലത്തെ ഭേദിച്ചുകൊണ്ട് ഏത് നിമിഷവും സംഭവിച്ചേക്കാവുന്ന ഒരു ചുംബനം. അതിൽനിന്നും ചാടിക്കയറാവുന്ന ആനന്ദത്തിന്റെ ചില്ലകൾ. അതിനുള്ള തയ്യാറെടുപ്പിലായിരുന്നു അവളും.
“ഒരു ഫ്രണ്ട് മരിച്ചുപോയി. ഫ്രണ്ട് എന്നൊന്നും പറയാൻ പറ്റില്ല. സ്‌കൂളിൽ ഒരേ ക്ലാസിലായിരുന്നു.”
ഉള്ളിൽ സന്തോഷപ്പുഴുക്കൾ പുളയ്‌ക്കുന്നുണ്ട്. ഒരൊറ്റ ഫോൺവിളിയിൽ ചോർന്നുപോയ ചുംബനത്തെക്കുറിച്ച് പോലും ഹൃദയം മറന്നിരിക്കുന്നു. ഒരാളുടെ മരണവും ഇത്രയധികം ആനന്ദിപ്പിച്ചിട്ടില്ല.
മനസ്സിലിട്ട് ഒരു വട്ടമെങ്കിലും മറ്റൊരാളെ കൊല്ലാത്ത മനുഷ്യരുണ്ടാകുമോ? ഒരിക്കൽ സ്‌നേഹത്തോടെ ഇടപെട്ടവർ ഇടയുമ്പോഴാണ് വെറുപ്പിന് വിഷത്തോളം ലഹരിയുണ്ടാകുന്നത്.
ശത്രുവിന്റെ അന്ത്യമാണെങ്കിലും മരണത്തെക്കുറിച്ച് സംസാരിക്കുമ്പോൾ ഗൗരവവും ശബ്ദക്രമീകരണവും ആവശ്യമാണ്. രേഷ്‌മയും സാഹചര്യത്തിന് ചേരുന്ന വിധം വിഷമം പ്രകടിപ്പിച്ചു.
“ജോസഫിന് ഇപ്പോൾ തന്നെ പോണോ?”
ഇറങ്ങുമ്പോൾ വീണ്ടും കാണാമെന്ന് രേഷ്‌മയോട് കള്ളവാക്ക് പറഞ്ഞു. അതിനുമെത്രയോ മുമ്പ് തന്നെ മനസ്സ് അവളിൽ നിന്നും തിരിഞ്ഞുനടന്നിരുന്നു.
മരിച്ചത് കുടുംബത്തിൽ പെട്ടവനോ കൂട്ടത്തിൽ കൂട്ടാൻ കൊള്ളാവുന്നവനോ അല്ല. എന്നാലും ചൂടാറുംമുമ്പ് നാട്ടിലെത്തണം. ഇപ്പോൾ പുറപ്പെട്ടാൽ രാവിലെ പത്തിന് മുമ്പെങ്കിലും എത്താം. പൂതൻകരയിൽ നിന്നും സ്വൽപ്പം കാട് കയറിയാലേ യേശുദാസന്റെ വീട്ടിലെത്തൂ.
പഠിക്കുന്ന കാലത്തും തന്റെ ഒറ്റമുറിവീട്ടിലേക്ക് അവൻ ആരെയും ക്ഷണിച്ചിരുന്നില്ല. അവന്റെ കൂട്ടത്തിൽ പെട്ടിരുന്ന അഞ്ചാറ് കുടുംബങ്ങൾക്ക് ഗവൺമെന്റ് ദാനം നൽകിയ പറമ്പാണ്.
അപ്പനറിയാതെ യമഹ ആറെക്‌സ് ഹൺഡ്രഡിൽ രഹസ്യയോട്ടങ്ങൾ നടത്തിക്കൊണ്ടിരുന്ന ഒരു ദിവസമാണ് ഞാൻ ആ കുന്ന് കയറുന്നത്.
അന്നത്തെ പതിവുകളിയിൽ വേഗമില്ലാതെ പന്ത് വളച്ചെറിഞ്ഞ് യേശുദാസൻ മൂന്ന് വിക്കറ്റുകളെടുത്തിരുന്നു. തൊടുത്തുവിട്ടാൽ ഭൂമിയുടെ പ്രലോഭനത്തെ വെല്ലുവിളിച്ചുകൊണ്ട് വളഞ്ഞുപൊങ്ങിയും കുത്തിത്തിരിഞ്ഞും അവന്റെ പന്ത് എതിരാളിയെ ആശയക്കുഴപ്പത്തിലാക്കും.
ചിത്രീകരണം: സുധീഷ് കോട്ടേമ്പ്രം
പത്താംക്ലാസ് പരീക്ഷ തീർന്നില്ല എന്നാണ് ഓർമ, അതിന് മുമ്പേ യേശുദാസൻ സ്‌കൂൾ വിട്ടു. അച്ഛന്റെ കൂടെ പണിക്ക് പോയിത്തുടങ്ങിയെങ്കിലും ഒഴിവുദിവസങ്ങളിൽ അവൻ മുടങ്ങാതെ കളിക്കാൻ വരും. യേശുദാസന്റെ ഏറിലായിരുന്നു മിക്കപ്പോഴും ഞങ്ങളുടെ ടീം ജയമുറപ്പിച്ചിരുന്നത്.
തോറ്റ ടീം അന്നും അവന്റെ കൈമടക്കിയേറിനെ കുറിച്ച് പറഞ്ഞ് ഉടക്കി. കാപ്പിരിയെക്കൊണ്ട് പന്ത് എറിയിപ്പിച്ചാൽ ആരും ഗ്രൗണ്ടിലിറങ്ങില്ലെന്നായി.
ആ ചർച്ച തീരുംവരെയും മറ്റൊരു ലോകത്തേക്ക് പ്രവേശനം കാത്തുനിൽക്കുന്നത് പോലെ ക്രീസിനപ്പുറത്ത് യേശുദാസൻ നിന്നു. എന്റെ നോട്ടം അവനെ വലയം ചെയ്‌തു. അവൻ സ്വയം ആനന്ദിപ്പിക്കുന്ന അദൃശ്യമായൊരു കളിയിൽ ഏർപ്പെട്ടിരിക്കുന്നു. വലതുകയ്യിൽ നിന്നും ഇടതുകയ്യിലേക്ക് ഒരു രഹസ്യക്രീസ് വരച്ച് അവൻ പന്തെറിയുന്നു. വിരൽ മടക്കുന്ന വേഗത്തിൽ വിക്കറ്റുകൾ വീഴുന്നു. എപ്പോൾ വേണമെങ്കിലും കൂട്ടത്തിൽനിന്നും പുറത്താക്കപ്പെടുന്ന ചരിത്രമുള്ളതുകൊണ്ടാവണം അവൻ ഒറ്റക്കളികൾ കണ്ടുപിടിക്കുന്നത്.
യേശുദാസനാണ് എനിക്ക് ഒറ്റയ്‌ക്ക് കളിക്കാവുന്ന ബുക്ക്ക്രിക്കറ്റ് വിദ്യ പഠിപ്പിച്ചുതന്നത്. പാഠപുസ്‌തകം തുറക്കുമ്പോൾ കിട്ടുന്ന പേജ് നമ്പർ വെച്ചാണ് റണ്ണുകൾ കണക്ക് കൂട്ടുന്നത്. ഒറ്റനാണയം കൊണ്ട് ടോസ് ഇടും. പതിനൊന്ന് തവണ ഇന്ത്യയ്‌ക്ക് പുസ്‌തകം തുറക്കാം. ഓരോ ബാറ്റ്സ്മാനും ഓരോ തവണ കിട്ടുന്ന പേജ്നമ്പർ നോട്ടുബുക്കിൽ കുറിച്ചിടും. ഓസ്ട്രേലിയയോ സൗത്ത് ആഫ്രിക്കയോ ആയിരിക്കും എതിരാളി. കൂടുതൽ നമ്പർ കിട്ടിയ ആൾ കപ്പടിക്കും.
എല്ലാ തവണയും എതിരാളിയെ തോൽപ്പിക്കാൻ സാധിച്ചാൽ മനുഷ്യനെ ഏത് കളിയും ഹരം പിടിപ്പിക്കും. മണിക്കൂറുകളോളം പാഠപുസ്‌തകം പിടിച്ചിരുന്ന് വീട്ടുകാരെ പറ്റിക്കുന്നതും എനിക്ക് രസമായിരുന്നു.
ഏറെനേരം നീണ്ടുനിന്ന വാക്‌പോരിനൊടുവിൽ യേശുദാസൻ കളിക്ക് പുറത്തായി. പ്രതീക്ഷിച്ച വിധി വന്നതുപോലെ അവൻ ഓടിവന്ന് ക്യാപ്റ്റനായ എന്റെ കയ്യിൽ പന്ത് തിരിച്ചേൽപ്പിച്ചു.
എന്റെ നെഞ്ചിനുള്ളിൽ എന്തോ ഇറുക്കിപ്പിടിച്ചു.
ഞാൻ വെറുതെ തോളിൽ തൊട്ടപ്പോൾ യേശുദാസൻ എന്റെ ദേഹത്തോട് മുട്ടിനിന്നു. ടീവിയിൽ കാണുന്നതുപോലെ സഹകളിക്കാരെ കെട്ടിപ്പിടിക്കുന്നതിൽ തെറ്റൊന്നുമില്ലെന്ന് എനിക്ക് തോന്നി. മനുഷ്യരുടെ വിയർപ്പിന് ഒരേ മണമല്ല. യേശുദാസന് കാട്ടുചൂരാണ്.
“അല്ലേലും കളി അറിയുന്നവന്റെ കയ്യിൽ ദൈവം പന്തേൽപ്പിക്കില്ല. ”
ആശ്വസിപ്പിക്കാനായി എന്തെങ്കിലും പറയണമല്ലോ.
യേശുദാസൻ തല പൊക്കി. ചുണ്ടിൽ പുച്ഛച്ചിരി വിരിഞ്ഞു.
“ഇതൊന്നും ചുമ്മാ ദൈവത്തിന്റെ തലേൽ കൊണ്ട് ഇടണ്ട.”
എന്റെ കൈകൾ തട്ടിമാറ്റിയിട്ട് അവൻ തിരിഞ്ഞുനടന്നു.
യേശുദാസനോടുള്ള എന്റെ ചായ്‌വിനെക്കുറിച്ച് ചില കഥകൾ പ്രചരിച്ചിട്ടുണ്ടെന്ന് വട്ടൻ രാജേഷ് രഹസ്യം പറഞ്ഞു. “കൂട്ടത്തിൽ ചേരുന്ന ഇനമല്ല. അവനെ പിടിച്ചുവെക്കാൻ നോക്കിയാൽ അളിയൻ ചുമ്മാ നാറത്തേയുള്ളൂ.”
ഗ്രൗണ്ടിനെ ചുറ്റിയുള്ള മതിലിന്റെ ഒരു ഭാഗത്ത് പട്ടികൾ നൂണ്ടുകയറിയുണ്ടാക്കിയ ഓട്ടയിലൂടെ യേശുദാസൻ ഇറങ്ങിപ്പോയത് കണ്ടപ്പോൾ അത് ശരിയാണെന്ന് എനിക്കും തോന്നി.
യേശുദാസൻ കളിക്കാത്ത അന്നത്തെ രണ്ട് കളികളും ഞങ്ങൾ തോറ്റു.
വീട്ടിലേക്ക് പോകാനായി വണ്ടിയെടുത്തതാണ്. പക്ഷേ മെയിൻറോഡിൽ നിന്നും പിരിഞ്ഞുപോകുന്ന കാട്ടുപാതയുടെ അടുത്തെത്തിയപ്പോൾ അവനെ ഓർമ വന്നു.
യേശുദാസന്റെ അടുത്തേക്കുള്ള യാത്ര കഠിനമാക്കിയത് ഔചിത്യമില്ലാതെ പെയ്‌ത മഴയായിരുന്നു. നാട്ടുവെളിച്ചമുള്ളിടത്ത് പെയ്യുന്ന മഴയല്ല, മരമറവുള്ള ഇടങ്ങളിൽ പെയ്യുന്നത്. വൈകുന്നേരത്തെ പൊടുന്നനെ മായ്ച്ചുകളഞ്ഞ, കാഴ്‌ച തെറ്റിക്കുന്ന പെയ്‌ത്ത്.
പുതുവഴി കയറിയതിന്റെ ആവേശക്കുതിപ്പിലായിരുന്ന പുരാതന യമഹ കാട്ടിടവഴിയിൽ കിതച്ചു. പെരുംകുഴികളിൽ പലവട്ടം കുടുങ്ങി. ചെളിയിൽ നില തെറ്റി.
ഒരു അപ്രതീക്ഷിതമിന്നലിൽ എന്റെ ശരീരം വിറച്ചു. മരങ്ങൾ ഇരുൾനിഴലാട്ടി ഭയപ്പെടുത്തി. ആ നിമിഷത്തിലാണ് അവൻ പ്രത്യക്ഷപ്പെട്ടത്.
കാപ്പിരിയേശു!
യേശുദാസനും അച്ഛനും കൂടെ ശ്രമിച്ചിട്ടാണ് എന്റെ കാൽ വണ്ടിയുടെ അടിയിൽനിന്നും ഊരിയെടുത്തത്.
പെയ്‌തുപെയ്‌ത് ഹരം പിടിച്ച് മഴ കല്ലേറായി. മണ്ണുരുട്ടി വന്ന നീരൊഴുക്കിൽ വഴി മാഞ്ഞു. എന്നെയും താങ്ങി യേശുദാസൻ മുരൾച്ചയോടെ മുകളിലേക്ക് കയറി. അവന്റെ പുറത്ത് ഞാൻ വേതാളക്കിടപ്പ് കിടന്നു.
വീട്ടുതിണ്ണയിലെ മഴച്ചാറ്റലടിക്കാത്ത ഒരിടം കണ്ടെത്തി അവൻ എന്നെ ഇരുത്തി. കാറ്റിന് അനായാസം പറത്തിക്കൊണ്ടുപോകാവുന്ന മട്ടിലാണ് വീടിന്റെ നിൽപ്പ്. സിമന്റുകട്ടകൾ കൊണ്ട് ഒരാൾപ്പൊക്കം ഉയരത്തിൽ കെട്ടിപ്പൊക്കിയ ചുമരും ആസ്ബെസ്റ്റോസ് ഷീറ്റിട്ട മേൽക്കൂരയും.
എന്തിനാണ് ഈ വഴി വന്നതെന്ന ചോദ്യമുണ്ടായാൽ അടുത്ത ടൂർണമെന്റിന് യേശുദാസനെ ടീമിലെടുക്കുമെന്ന് കള്ളം പറയാമെന്ന് ഞാൻ വിചാരിച്ചു. ആരും ഒന്നും ചോദിച്ചില്ല.
യേശുദാസന്റെ അച്ഛൻ ഞളുങ്ങിയ അലുമിനിയപ്പാത്രത്തിൽ തിളപ്പിച്ച തേയിലവെള്ളവും ഒരു സ്റ്റീൽഗ്ലാസും കൊണ്ടുവന്നു. അതിനുശേഷം വണ്ടി പൊക്കാനായി അയൽവക്കക്കാരനെയും കൂട്ടി താഴേക്ക് പോയി.
റ പോലെ വളഞ്ഞുപോയ അമ്മ പായിൽ ചുരുണ്ടുകിടന്ന് പാടുന്നു.
“ആമേൻ...
കർത്താവേ വേഗം വരണേ
ആകാശം ചായിച്ച് ഇറങ്ങേണമേ
താമസിക്കല്ലേ സീയോൻ മണാളാ
താമസിക്കല്ലേ ശാലോം രാജനേ
ആശയേറുന്നു നിൻമുഖം കണ്ടിടാൻ
കാഹളത്തിൻ നാദം വാനിൽ കേട്ടിടുവാൻ
ഇഹത്തിലെ വാസം വിട്ട് പറന്നിടുവാൻ...”
ഒഴിഞ്ഞ പാത്രത്തിന് മീതെ വെള്ളമിറ്റുവീഴുന്നതുപോലെ അവരുടെ ഒച്ച.
വീട്ടുരഹസ്യം മറച്ചുപിടിക്കാനെന്ന പോലെ യേശുദാസൻ അകമുറിയിലെ വെളിച്ചം കെടുത്തി.
ചിത്രീകരണം: സുധീഷ് കോട്ടേമ്പ്രം
“ജോസഫ് ഇമ്മാതിരി ഇടത്തൊന്നും ഇതിന് മുമ്പ് വന്നുകാണത്തില്ല. വീടാണെന്ന് പറയാൻ പറ്റത്തില്ല. വീടിന്റെ എക്‌സ്‌റേ മാത്രേ ഉള്ളൂ.”
നനഞ്ഞ ഷർട്ടും പാന്റും പറിച്ചെറിയുമ്പോൾ അവൻ ചിരിച്ചു. എനിക്ക് തലയുയർത്താൻ മടി തോന്നി. അവൻ അടുത്തുവന്ന് കാൽ പിടിച്ചുനോക്കി.
മങ്ങിയ വെട്ടത്തിൽ നിഴലായി തോന്നിപ്പിച്ച കറുപ്പുടലിന്റെ തുറവിലേക്ക് നോട്ടം പാളി വീണതും എന്റെ ശരീരം ലജ്ജിച്ചു. നനഞ്ഞ മണ്ണിനെയെന്നവണ്ണം അവനെ ഞാൻ മണത്തു.
ആദ്യത്തെ പാപം. ഇരുട്ടിന്റെ പ്രലോഭനം.
അവന്റെ കൈത്തണ്ടയിൽ ചേക്കേറിയ എന്റെ വിറയ്‌ക്കുന്ന വിരലുകളെ അവൻ അടർത്തിമാറ്റി.
“ചതവുണ്ടേൽ എന്നെക്കൊണ്ട് കൂടില്ല. ചെറിയ കേസാണേൽ ഞാനൊന്ന് പിടിച്ചുനോക്കാം.”
അവൻ കളിയാക്കിയതാണോ എന്ന് ഞാൻ സംശയിച്ചു.
ചിന്തയില്ലാതെ പ്രവർത്തിച്ച കൈകൾ കൊണ്ട് ഞാൻ ചുമരിൽ ഇടിച്ചു. പുറമ്പോക്കുകാരുടെ കുന്ന് കയറിയ വൈകുന്നേരത്തെ ശപിച്ചു.
ഒരൊറ്റ ദിവസംകൊണ്ട് വിലകുറഞ്ഞ ലോകത്തേക്ക് ദൈവമെന്നെ ചവിട്ടി താഴ്‌ത്തിയിരിക്കുന്നു. എന്തൊരു വീഴ്‌ചയാണിത്!
അവൻ അകത്തേക്ക് പോയ തക്കത്തിന് ഇറങ്ങിയോടാൻ മനസ്സ് ധൃതി വെച്ചു. വിറയ്‌ക്കുന്ന ശരീരം മറ്റാരുടെയോ നിയന്ത്രണത്തിൽ പെട്ടതുപോലെയായിരുന്നു.
തിരികെ വന്ന യേശുദാസൻ ഒരു കുട്ടിത്തോർത്ത് അരയിൽ ചുറ്റിയിരുന്നു. അതിരൂക്ഷമായ ഗന്ധമുള്ള എണ്ണ കയ്യിലുരസി ചൂട് പിടിപ്പിച്ച ശേഷം അവൻ എന്റെ പാദത്തെ സ്‌പർശിച്ചു. കാൽക്കുഴ വളച്ചു. ഞാൻ നിലവിളിച്ചു. അസ്ഥിയെ തുരക്കുന്ന ഈ വേദന ഞാൻ അർഹിക്കുന്നു.
മിന്നൽവേഗത്തിൽ കാൽവണ്ണയെ പൂർവസ്ഥിതിയിൽ എത്തിച്ച ശേഷം, അവൻ, കാപ്പിരിയേശു, എന്റെ മുറിവിൽ ചുണ്ടുകളമർത്തി!
സ്വതന്ത്രവിഹാരികളായ അവന്റെ മുടിയിഴകളിലാണ് എനിക്ക് പിടിത്തം കിട്ടിയത്. അതിൽ അള്ളിപ്പിടിച്ചുകൊണ്ട് ഞാൻ കിതച്ചു.
വർഷങ്ങളായി വെയിലും മഴയും കാണാതെ മുറിയിലകപ്പെട്ട സ്‌ത്രീയുടെ പ്രാർഥന ഉച്ചത്തിലായി.
“ലോകത്തിന്റെ മോഹം ഏറിടുന്നേ...
പാപത്തിന്റെ ഭോഗം പെരുകിടുന്നേ...
മയങ്ങുന്ന മണവാട്ടി പോലെ ജനം
മാറീടുന്നു; പാപം തഴച്ചിടുന്നേ...
ആ...മേൻ!”
സാത്താന്റെ പിടിയിലകപ്പെട്ട രണ്ട് മനുഷ്യരെന്ന് വേണമെങ്കിൽ വിളിക്കാം, പക്ഷേ അടുത്ത നിമിഷം യാഥാർഥ്യമായി ഭവിച്ചത് ആരുടെ അടക്കിവെച്ച ആഗ്രഹമാണ്? എന്റെ കാലിലെ വേദന അവൻ നിമിഷനേരംകൊണ്ട് സുഖപ്പെടുത്തിയെന്നത് നേരാണെങ്കിൽ അവന്റെ ഞാവൽപ്പഴച്ചുണ്ടുകൾ എന്നെ രുചിച്ചു എന്നതും സത്യമായ കാര്യമാണ്.
അവൻ യേശുവിന്റെ നാമം ചുമക്കുന്നവൻ. എന്റെ ഒച്ച പുറത്തുവരാതിരിക്കാനാണ് ചുണ്ടുകളിൽ മുത്തിയതെന്ന് കർത്താവിനെ തൃപ്തിപ്പെടുത്താൻ പിന്നീടവൻ തിരുത്തും.
അവന്റെ ആവിച്ചൂടുള്ള ഉടൽ ഒരുപടി കൂടെ കടക്കാനുള്ള ധൈര്യം കാണിച്ചു. ഭയംകൊണ്ട് ഞാൻ സ്വയം ചോർന്നുപോയി. അതിന്റെ പേരിൽ എന്നെ കാണുമ്പോൾ അവൻ വഴിമാറി നടക്കും. അങ്ങനെ അതെന്റെ മാത്രം പാപമായി മാറും.
വീട്ടിലേക്ക് തിരികെപ്പോകുമ്പോൾ അവൻ എന്നെ പിറകിലാക്കി.
“ഇങ്ങനെയാണ് ഇവനെ ഓടിക്കേണ്ടത്... ഇങ്ങനത്തെ കാര്യത്തിനൊക്കെ ആവേശം മാത്രം പോരാ, കുറച്ച് ധൈര്യം കൂടെ വേണം.”
ഇരുട്ടുവഴികളിലൂടെ സർക്കസുകാരന്റെ വഴക്കത്തോടെ ബൈക്കിനെ പായിക്കുമ്പോൾ അവൻ വിളിച്ചുപറഞ്ഞു. എന്റെ നശിച്ച വിറ ഒടുങ്ങിയിരുന്നില്ല. പരിഹാസത്തോടെ വന്നുകുത്തുന്ന തണുപ്പുകാറ്റിൽ ഞാൻ വീണ്ടും ആവിയായി.
കാപ്പിരിയേശു ഇരുപത്തിമൂന്നാം വയസ്സിൽ പെണ്ണ് കെട്ടിയത് ഞങ്ങളുടെ ഗ്രൂപ്പിൽ വലിയ ചർച്ചയായിരുന്നു. ഡാഷ് മോൻ, എന്നെ മാത്രമാണ് കല്യാണമറിയിക്കാതെയിരുന്നത്.
ഞാൻ പുണ്യാളപ്രവൃത്തിക്കായി ജനിച്ചതൊന്നുമല്ലല്ലോ. പറ്റാവുന്നിടത്തെല്ലാം ഞാൻ അവനിട്ട് പണിതിട്ടുണ്ട്. അങ്ങനെയാണ് അങ്ങാടിക്കടയിലെ അവന്റെ എടുത്തുകൊടുപ്പ് ജോലി നഷ്ടപ്പെട്ടത്. അതും കൂടെ ജോലി ചെയ്യുന്ന പെണ്ണിനെ കേറിപ്പിടിച്ചെന്ന കേസ്. പിന്നീട് ഒരു ടീമിന് വേണ്ടിയും അവന് പന്തെറിയാൻ യോഗമുണ്ടായിട്ടില്ല. ഇടയ്‌ക്ക് തെന്മല റൂട്ടിലോടുന്ന ലോറിയിൽ പണിക്ക് പോയിരുന്നെന്ന് കേട്ടു. അവസാനമായി ഞാൻ കാണുന്നത് ആറേഴുകൊല്ലം മുമ്പാണ്. ഞാൻ ആറാമത്തെ ജെസിബി വാങ്ങിച്ച സമയത്ത് ഡ്രൈവർപണി കിട്ടുമോ എന്നറിയാൻ അവൻ വന്നു. വട്ടൻ രാജേഷിന്റെ റെക്കമെന്റേഷനാണ്.
മുടിയെല്ലാം അടപടലം വെട്ടിയിരിക്കുന്നു. എല്ലുകൾ പൊങ്ങിയ അസുഖമുഖം. കണ്ണുകൾ ദാരിദ്ര്യക്കുഴിയിൽ വീണുപോയിരിക്കുന്നു. തോറ്റവന്റെ പ്രതീകം പോലെ കുനിഞ്ഞുതൂങ്ങുന്ന തോളുകൾ. പ്രതികാരം മടുക്കാത്ത മനുഷ്യർക്ക് ശത്രുവിന്റെ തളർച്ച കാണുമ്പോൾ സന്തോഷമല്ല തോന്നുക. അവന്റെ ചുണ്ടിൽ ഏത് സമയവും എന്നെ വെല്ലുവിളിക്കുന്ന ചിരി തെളിഞ്ഞേക്കുമെന്ന് ഞാൻ പ്രതീക്ഷിച്ചു.
“ഇവന് കാര്യമായി പണി കിട്ടിയിട്ടുണ്ട്. ക്യാൻസർ ആണെന്ന് കേൾക്കുന്നു. നീ പറ്റുമെങ്കിൽ സഹായിക്ക്...”
എന്റെ കല്ലിച്ച ഭാവം കണ്ടപ്പോൾ വട്ടൻ രാജേഷ് പറഞ്ഞു.
“സൂക്കേടുകാരെയൊക്കെ എങ്ങനെയാണ് വണ്ടി വിശ്വസിച്ചേൽപ്പിക്കുന്നത്? ഇത് ബൈക്ക് ഓടിക്കുന്നത് പോലെയല്ലല്ലോ.”
യേശുദാസൻ കേൾക്കാൻ പാകത്തിന് ഞാൻ ഒച്ച കൂട്ടി.
ആദ്യമായി അവൻ മുഖമുയർത്തി. കണ്ണുകളിൽ ആ നിമിഷം മിന്നിമറഞ്ഞത് അസ്ഥി തുളയ്‌ക്കുന്ന ഒരു ഓർമയാണ്, എനിക്കുറപ്പുണ്ട്. അടുത്തനിമിഷം പുച്ഛച്ചിരികൊണ്ട് അവന്റെ ചുണ്ടുകൾ കോടി. ആ ചിരിയും എന്റെ ഉള്ളിൽ തറഞ്ഞിട്ടുണ്ട്.
“എന്റെ ജോസഫേ, ഈ പെണ്ണും പെടക്കോഴിയും ഇല്ലാത്ത താനിങ്ങനെ സമ്പാദിച്ചുകൂട്ടിയിട്ടെന്തിനാ? ഇവനാണേൽ ഒന്നല്ല മൂന്ന് പിള്ളേരുണ്ട്. നീയെന്തേലും ചെയ്‌തുകൊടുക്ക്. ഒന്നുമില്ലേലും ഒരുമിച്ച് പഠിച്ചതും കളിച്ചതുമൊക്കെയല്ലേ.”
“നീ പറഞ്ഞ പരിചയം വെച്ചാണെങ്കിൽ ചികിത്സയ്‌ക്കുള്ള സഹായം വേണമെങ്കിൽ ചെയ്യാം. പക്ഷേ ഇവനെന്നോട് മാപ്പ് പറയണം.”
“മാപ്പോ? അതിന് നിങ്ങള് തമ്മില് വലിയ അടുപ്പമല്ലാരുന്നോ? ഓരോരുത്തൻമാര് നിങ്ങളെക്കുറിച്ച് കമ്പിക്കഥ വരെ പറഞ്ഞുണ്ടാക്കിയിട്ടുണ്ട്.”
വട്ടൻ രാജേഷ് പഴയ ഓർമയിൽ രസിച്ചുചിരിച്ചു.
ചിത്രീകരണം: സുധീഷ് കോട്ടേമ്പ്രം
യേശുദാസൻ എന്റെ തൊട്ടുമുന്നിൽ വന്നുനിന്നു. പ്രതീക്ഷിക്കാത്ത നീക്കമായതുകൊണ്ട് ഞാൻ കസേരയിൽ നിന്നും താനേ പൊങ്ങി. അടുത്ത നിമിഷത്തെക്കുറിച്ച് എനിക്ക് യാതൊരു സൂചനയുമുണ്ടായിരുന്നില്ല.
നിരന്തരം പുകയേറ്റ കൽക്കരിച്ചുണ്ടുകൾ. യേശുദാസൻ എന്റെ നെറ്റിയിൽ തൊട്ടു.
“ഞാൻ തട്ടിപ്പോകുമ്പോൾ താൻ കാണാൻ വരണം.”
എനിക്ക് പൊള്ളി.
ഇതെന്ത് നാടകമെന്ന മട്ടിൽ വട്ടൻ രാജേഷ് പാഞ്ഞുവന്നു. അവൻ പിടിച്ചുമാറ്റും മുമ്പേ യേശുദാസൻ ഇറങ്ങിപ്പോയി.
പിന്നീട് യേശുദാസൻ കിടപ്പിലായപ്പോൾ ഗ്രൂപ്പിലുള്ളവർ ചേർന്ന് ഒരു ലക്ഷത്തോളം രൂപ പിരിച്ചെടുത്ത് കൊടുത്തിരുന്നു. എന്നെ മാത്രം വട്ടൻ രാജേഷ് ഒഴിവാക്കി.
മരണമെത്തുമ്പോൾ നീയെന്റെയരികെ ഇത്തിരി നേരമിരിക്കണേ എന്ന് മൂന്നാമത്തെ തവണയും മൊബൈൽ പാടിക്കൊണ്ടിരുന്നപ്പോഴാണ് കയ്യെത്തിച്ചത്.
വട്ടൻ രാജേഷാണ്.
“ഡേയ്, നീയെന്തിനാ നേരെ അങ്ങോട്ട് വിട്ടത്? ബോഡി നാളെയേ എടുക്കത്തൊള്ളൂ. ഞാൻ ഗ്രൂപ്പിൽ മെസ്സേജ് ഇട്ടിരുന്നല്ലോ?”
കവലയിലെത്തിയപ്പോൾ തന്നെ നേരമിരുട്ടിത്തുടങ്ങിയിരുന്നു. ഏത് തോന്നലിന്റെ പുറത്താണ് ഈ വഴിയിലേക്ക് വണ്ടി തിരിച്ചതെന്ന് തീർച്ചയില്ലാത്തതിനാൽ മറുപടി പറയാൻ നിന്നില്ല.
യേശുദാസന്റെ വീട്ടിലേക്കുള്ള വഴി. കുന്ന് പാതിയിൽ മുറിക്കപ്പെട്ടിരിക്കുന്നു. റോഡിന്റെ രണ്ടുഭാഗത്തും പുതിയ വീടുകൾ പൊങ്ങിയിട്ടുണ്ട്. മഴയോട് പിടിച്ചുനിൽക്കാൻ പറ്റാതെ ചിലയിടങ്ങളിൽ റോഡ് കുഴിഞ്ഞുകൊടുത്തിട്ടുണ്ട്. മുന്നോട്ട് നീങ്ങുന്തോറും കുഴികൾ കൂടിവന്നു. വീടുകളും ഒച്ചയും വെളിച്ചവും പിറകിലായി.
പൊടുന്നനെ, റോഡ് കുത്തനെ നിവർന്നുനിന്നത് ഞാൻ കണ്ടു. ഓർമയിലെ കുന്ന്. ഇരുളിൽ ഒളിച്ചുനിന്ന മരങ്ങൾ ഒന്നൊന്നായി കാടായി വിടർന്നു.
ഒരു മദംപൊട്ടിമഴ കാട് കുലുക്കി പാഞ്ഞുവരികയും എന്റെ വണ്ടി വഴിതെറ്റി വീഴുകയും ചെയ്യുമെന്ന് ഞാൻ ഭയന്നു. മരണമെത്തുന്ന നേരത്ത് മിന്നൽവെട്ടത്തിൽ കാപ്പിരിയേശു പ്രത്യക്ഷപ്പെടുമെന്ന് അപ്പോൾ എനിക്ക് വെളിപാടുണ്ടായി.










0 comments