ad
Deshabhimani

കഥ

ജയിലില്‍ നിന്ന് ഒരു കത്ത്

ചിത്രീകരണം: കെ സുധീഷ്‌
avatar
സച്ചിദാനന്ദന്‍

Published on Apr 27, 2026, 11:37 AM | 6 min read

ന്റെ പേര് ജബ്ബാര്‍. ഇപ്പോള്‍ തീഹാറിലെ അതിസുരക്ഷാ ജയിലില്‍. അഴികള്‍ക്കിടയിലൂടെ അരിച്ചെത്തുന്ന വെളിച്ചത്തിലിരുന്നാണ് ഇത് എഴുതുന്നത്. ജയിലില്‍ നിന്ന് കാണുമ്പോള്‍ എല്ലാറ്റിനും അർഥം മാറുന്നു. ചിലപ്പോള്‍ പകലോ രാത്രിയോ, പുറത്തു ള്ളത് വെയിലോ നിലാവോ എന്ന് തിരിച്ചറിയാതാകുന്നു. ചിലപ്പോഴൊക്കെ ഞാന്‍ അഴികള്‍ക്കപ്പുറത്താണെന്നു സങ്കല്‍പ്പിക്കും. ഇങ്ങോട്ട് നോക്കുകയാണെന്നും. ഒരു പോലീസുകാരനെപ്പോലെ, അല്ലെങ്കില്‍ ഒരു തടവുപുള്ളിയുടെ അച്ഛനെയോ സഹോദരനെയോ മകനെയോ പോലെ. പുറത്ത്‌ ഒരു പക്ഷി വന്നിരിക്കുമ്പോള്‍ അത് എന്റെ മരിച്ചുപോയ അമ്മയാണെന്ന് ഞാന്‍ സങ്കല്‍പ്പിക്കും, അത് കരയുന്നുണ്ടെങ്കില്‍ വിശേഷിച്ചും. പൂച്ച വന്നാല്‍ ഞാന്‍ കൈ നീട്ടി തൊടും, അത് എനിക്കില്ലാത്ത അനിയനാണെന്ന പോലെ.

ചിത്രീകരണം: കെ സുധീഷ്‌

ചിലപ്പോള്‍ എനിക്ക് കടല്‍ കാണാന്‍ കൊതി തോന്നും. കാല്‍ വെള്ളത്തില്‍ ഒന്ന് മുക്കാന്‍, അല്ലെങ്കില്‍ എന്റെ ജന്മനാടായ കേരളത്തിലെ കടലില്‍, തീരത്തുനിന്ന് ദൂരെ പോകാതെ അല്‍പ്പം നീന്താന്‍. വീട്ടിലെ കുളത്തില്‍ ഒന്ന് മുങ്ങിക്കുളിക്കാന്‍. അടുത്തുള്ള കുന്നില്‍ നിന്ന് കണ്ണാന്തളിപ്പൂക്കള്‍ പറിക്കാന്‍. എനിക്ക് ഏറ്റവും ഇഷ്ടമുള്ള നിറങ്ങള്‍ നീലയും വയലറ്റുമാണ്. ഒരു കാലത്ത് ചുവപ്പായിരുന്നു നാട്ടില്‍ പഠിക്കുമ്പോള്‍ എന്റെ കൊടിയുടെ നിറം. വിപ്ലവത്തിന്റെ നിറം. ചെമ്പരത്തിയുടെയും ചെത്തിയുടെയും നിറം. ഞാന്‍ പാർടിയില്‍ ഒന്നും ഉണ്ടായിരുന്നില്ല, വിദ്യാര്‍ഥി ഫെഡറേഷനില്‍ അംഗമായിരുന്നു, ഒരിക്കല്‍ ചെയര്‍മാന്‍ സ്ഥാനാർഥിയും. ചുവരെഴുത്തിനും ഞാന്‍ ചുവപ്പാണ് ഉപയോഗിക്കുക പതിവ്. ഇപ്പോള്‍ ചുവപ്പ് ഇഷ്ടമല്ലാതായത് ഇവയെയൊന്നും വെറുക്കുന്നതുകൊണ്ടല്ല. അത് ചോരയുടെ നിറം ആയതുകൊണ്ടാണ്‌.

ചോരയുടെ നിറത്തെ വെറുക്കുകയോ? അത് നമ്മുടെ സിരകളില്‍ ഓടുന്നതല്ലേ? അതില്ലാതെ ജീവിതമുണ്ടോ?- എനിക്ക് കേള്‍ക്കാം നിങ്ങളുടെ ചോദ്യങ്ങള്‍. പക്ഷെ നിങ്ങള്‍ നിങ്ങള്‍ തന്നെയായ മറ്റൊരാളുടെ കഴുത്തില്‍ നിന്ന് ചോര ഒരു ചെങ്കരടിയെപ്പോലെ അലറി ചാടി വരുന്നത് കണ്ടിട്ടുണ്ടോ? ഞാന്‍ കണ്ടിട്ടുണ്ട്. കൂട്ടുകാരനായി ഞാന്‍ തെറ്റിദ്ധരിച്ചിരുന്ന ഒരാളിന്റെ കൈകളിലെ കൂര്‍ത്ത കുപ്പിച്ചില്ലാണതു ചെയ്‌തത്, ഇരയോ, എന്റെ സഹോദരനായി ഞാന്‍ കണക്കാക്കിയിരുന്ന അസ്‌ലം. അവനുമായി ഞാന്‍ പങ്കുവയ്‌ക്കാത്ത രഹസ്യങ്ങളില്ല. നാട്ടില്‍ സ്‌കൂളില്‍ വെച്ചേ ഉള്ള സൗഹൃദമാണ്. അത് ജെഎൻയുവില്‍ എത്തിയപ്പോഴും തുടര്‍ന്നു എന്ന് മാത്രം. എന്നെപ്പോലെ അവനും ഫെഡറേഷന്‍ അനുഭാവി ആയിരുന്നു. ജെഎൻയുവില്‍ ഞങ്ങള്‍ ചേര്‍ന്നതുതന്നെ അവിടെയും ഫെഡറേഷന്‍ സജീവമാണ് എന്ന അറിവിലായിരുന്നു. ഏറ്റവുമധികം വായിക്കുകയും ചിന്തിക്കുകയും എഴുതുകയും ചെയ്യുന്ന മിക്കവരും അതില്‍ അംഗങ്ങളോ അനുഭാവികളോ ആയിരുന്നു. സർവകലാശാലയ്‌ക്ക്‌ നെഹ്രുവിന്റെ പേരാണെങ്കിലും കോൺഗ്രസ് അനുഭാവികള്‍ ആദ്യം മുതലേ അവിടെ കുറവായിരുന്നു, ഞങ്ങളെല്ലാം നെഹ്രുവിനെ ബഹുമാനിക്കുന്നവര്‍ ആണെങ്കിലും.


പിന്നെ അവിടെ ശക്തമായിരുന്നത് വിദ്യാർഥി പരിഷത്ത് ആണ്. ആദ്യം കുറച്ചുപേരേ ഉണ്ടായിരുന്നുള്ളൂ. ക്രമേണ അവരുടെ എണ്ണം കൂടിവന്നു. മതത്തിന്റെയും ദേശത്തിന്റെയും പേരു പറഞ്ഞ് അവര്‍ ഭിന്നതകളുണ്ടാക്കി. ഈ സർവകലാശാലയിലെ വിദ്യാർഥികള്‍ മാത്രമല്ല, അധ്യാപകരില്‍ ഭൂരിഭാഗവും കമ്യൂണിസ്റ്റുകാര്‍ ആണെന്ന് അവര്‍ പ്രചരിപ്പിച്ചു, അതില്‍ കുറെ സത്യവും ഉണ്ടായിരുന്നില്ലെന്നു പറഞ്ഞുകൂടാ. കമ്യൂണിസ്റ്റുകാര്‍ എന്ന് സാങ്കേതികമായ അർഥത്തില്‍ പറയാന്‍ പറ്റില്ലെങ്കിലും ഇടതുപക്ഷ അനുഭാവികള്‍.

ഫെഡറേഷനില്‍ പലരും ഉണ്ടായിരുന്നെങ്കിലും എന്നെ അവര്‍ മുഖ്യശത്രുവാക്കിയതിനു കാരണം എന്റെ പേര് തന്നെ-; ജബ്ബാര്‍. ഞാന്‍ വേറെ ഏതു സംഘടനയില്‍ ആയിരുന്നാലും ഞാന്‍ അവരുടെ ശത്രു ആയേനെ. പള്ളിയില്‍ പോയാലും ഇല്ലെങ്കിലും, നിസ്‌കരിച്ചാലും ഇല്ലെങ്കിലും, ഖുര്‍-ആന്‍ വായിച്ചാലും ഇല്ലെങ്കിലും, മാംസം കഴിച്ചാലും ഇല്ലെങ്കിലും ജനനം എന്ന യാദൃച്ഛികത കൊണ്ട് ഞാന്‍ ജബ്ബാര്‍ തന്നെ ആയിരിക്കുമല്ലോ. അവര്‍ക്ക് അത് മതിയായിരുന്നു. തെക്കേ ഇന്ത്യയില്‍, അതും ഇടതുപക്ഷം ശക്തമായ കേരളത്തില്‍ നിന്ന് വന്നവന്‍ എന്നുകൂടി ആയപ്പോള്‍ ശത്രുവാകാന്‍ ഒരു കാരണം കൂടി ആയി. ദ്രാവിഡന്‍, -മുസ്ലിം,- മലയാളം മാതൃഭാഷ ആയവന്‍-, കമ്യൂണിസ്റ്റ്: ഇങ്ങനെയാണ്‌ അവര്‍ എന്നെ കണ്ടത്. പിന്നെ പുറത്തുനിന്ന് ഇന്ത്യയില്‍ വന്നവന്‍ എന്നുകൂടി കൂട്ടിച്ചേര്‍ത്തു: ഇതില്‍ പലതും ശുദ്ധനുണകള്‍ ആണെങ്കിലും. അവര്‍ കരുതിയത് അവരാണ് ശരിയായ ഇന്ത്യക്കാര്‍ എന്നാണ്: ഹിന്ദു, ആര്യന്‍, ഹിന്ദി സംസാരിക്കുന്നവര്‍, ഇന്നാട്ടുകാര്‍. ആര്യന്‍ എന്നൊരു വംശം ഇല്ലെന്നും ഇന്‍ഡോ- ആര്യന്‍ ഭാഷകള്‍ സംസാരിക്കുന്നവര്‍ ഇന്ത്യയില്‍ അവസാനം കുടിയേറിയവര്‍ ആണെന്നും ഹിന്ദി അനേകം രൂപങ്ങളിലാണ് നിലനില്‍ക്കുന്നതെന്നും ‘ഹിന്ദു’ക്കള്‍ പല വർണവും ജാതിയും ഉപജാതിയും ഉള്ളവരും വർണവ്യവസ്ഥയില്‍ തന്നെ പെടാത്തവരും ഉള്‍പ്പെട്ട ഇന്ത്യക്കാര്‍ക്ക് പണ്ട് പൊതുവായി വിദേശികള്‍ നല്‍കിയ പേരാണെന്നും.


പക്ഷേ കുപ്പിച്ചില്ലിനോ ചോരയ്‌ക്കോ അതൊന്നും അറിയില്ലല്ലോ. ചില്ല് കഴിയുന്നത്ര ആഴത്തില്‍ അസ്‌ലമിന്റെ മെലിഞ്ഞ കഴുത്തില്‍ തുളഞ്ഞുകയറി; രക്തം താന്‍ ആരുടെ ദേഹത്തിലായിരുന്നു എന്നറിയാതെ പുറത്തേക്കൊഴുകി, വരാന്തയെ ചുവപ്പിച്ചു. പെട്ടെന്ന് ഞാന്‍ നാട്ടിന്‍പുറത്തെ പള്ളിയുടെ ശ്മശാനത്തില്‍ ആണെന്ന് എനിക്ക് തോന്നി, ഇത് അവന്റെ ഖബറാണെന്നും. അവനു ബോധം മാത്രമല്ല, ജീവനും പോയിരുന്നു. അവസാനത്തെ പിടച്ചിലിലും അവന്‍ കയ്യിലെ കൊടി വിട്ടില്ല; അവന്‍ വിളിച്ചിരുന്ന മുദ്രാവാക്യം നേര്‍ത്തു നേര്‍ത്തു അവന്റെ ചോരയ്‌ക്കൊപ്പം ഒഴുകിയെങ്കിലും. അപ്പോള്‍ അവിടെ നിന്ന് ഞങ്ങള്‍ സംഘം പിരിഞ്ഞു ഓടി, അതില്‍ പിന്നീട് വല്ലാത്ത കുറ്റബോധം തോന്നുകയുമുണ്ടായി. കുത്തിയവര്‍ പോയപ്പോള്‍ ഞങ്ങളില്‍ ചിലര്‍ തിരിച്ചുചെന്ന് അവനെ ആശുപത്രിയില്‍ എത്തിച്ചു, മരിച്ചു എന്ന് ഉറപ്പിക്കാന്‍ മാത്രമേ അത് സഹായിച്ചുള്ളൂ.

ചിത്രീകരണം: കെ സുധീഷ്‌ചിത്രീകരണം: കെ സുധീഷ്‌

പക്ഷെ അവരുടെ പോലീസ് അറസ്റ്റ്‌ ചെയ്‌തത് അസ്‌ലമിന്റെ തൊട്ടുപിറകെ ഉണ്ടായിരുന്ന എന്നെയായിരുന്നു. കൂടെ നടന്നതിന്. മുദ്രാവാക്യം വിളിച്ചതിന്. അവന്‍ കുത്തുകൊണ്ടു വീണപ്പോള്‍ താങ്ങിയതിന്. എന്റെ പേരും ഒരു മുസ്ലീം പേരായതിന്. ഞങ്ങളുടെ ഒപ്പം അന്ന് പലരും പ്രകടനത്തില്‍ ഉണ്ടായിരുന്നു, ആണ്‍കുട്ടികളും പെണ്‍കുട്ടികളും. സവർണ ഹിന്ദു പേരുള്ളവരെ കാവിക്കൊടിയുമായി എതിരെ വന്നവര്‍ വെറുതെവിട്ടു‐ ഭീഷണികള്‍ മുഴക്കിയെങ്കിലും. അവരെ ‘വഴിതെറ്റിപ്പോയ ഹിന്ദുക്കള്‍’ ആയിട്ടാണ് അവര്‍ കണ്ടത്. ബ്രാഹ്മണരുടെ ആധിപത്യം അംഗീകരിക്കാത്ത, പൂണുനൂല്‍ ഇടാത്ത, സവർണര്‍. എന്നാല്‍ അസ്‌ലമിനൊപ്പം അവര്‍ ആക്രമിച്ചവരില്‍ ഒരു ആദിവാസി പെണ്‍കുട്ടിയും ഒരു ദളിത്‌ വിദ്യാർഥിയും ഉണ്ടായിരുന്നു. അവരും ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടു, നാലു ദിവസം കഴിഞ്ഞു കഷ്ടിച്ച് മരണത്തില്‍നിന്ന് രക്ഷപ്പെട്ട് പുറത്തുവരികയും ചെയ്‌തു.


ഞാന്‍ എന്നും ജയില്‍ മുറിയില്‍ ഉറങ്ങാന്‍ കിടക്കുമ്പോള്‍ ആ രംഗം കാണുന്നു. കുപ്പി. ചോര. പിടച്ചില്‍. കൊടി. മുദ്രാവാക്യം. പിന്നെ ചോരയില്‍ നിന്ന് അവന്‍ പതുക്കെ എണീറ്റുവരുന്നു. ഷര്‍ട്ടില്‍ ചുവപ്പുമായി. മരിച്ചുകഴിഞ്ഞും അവന്റെ മുഖത്തിനു വ്യത്യാസമില്ല. അവന്റെ ഉടല്‍ സുതാര്യമായിരുന്നു. അതിൽക്കൂടി വെളിച്ചത്തിന് മാത്രമല്ല, ഒരാള്‍ക്ക്‌ പോലും, അത് അവിടെ ഇല്ലെന്ന മട്ടില്‍, കടന്നുപോകാം എന്നപോലെ. അവന്റെ ഹൃദയം എനിക്ക് കാണാം. വീഞ്ഞിനു പകരം ചോരയൊലിക്കുന്ന ഒരു പാനപാത്രം പോലെ. രക്തക്കുഴലുകളും ഞരമ്പുകളും എല്ലാം കാണാമായിരുന്നു, അവന്റെ ഓരോ വാക്കിലും അവ ചലിച്ചു. തലമുടി വള്ളികള്‍ പോലെ പടര്‍ന്നിരുന്നു. കണ്ണുകളില്‍ ആ പഴയ തിളക്കം വൈഡൂര്യമായി മാറിയിരുന്നു. നിശ്വാസങ്ങള്‍ കാറ്റുകളായും വയര്‍ ഒരു ഖനിയായും മുതുക്‌ വയലായും. അവന്‍ എന്റെ നാട്ടിന്‍പുറമാണെന്ന് ചിലപ്പോള്‍ എനിക്ക് തോന്നി. മറ്റൊരു ലോകം സ്വപ്‌നം കണ്ടു കിടക്കുന്ന എന്റെ നാട്ടിന്‍പുറം.

താന്‍ വായിക്കുന്ന പുതിയ പുസ്‌തകങ്ങളെക്കുറിച്ച് അവന്‍ തോരാത്ത മഴപോലെ സംസാരിച്ചു. ലാസ്ലോ ക്രാസ്‌നഹോര്‍ക്കായിയുടെ ഇംഗ്ലീഷില്‍ പരിഭാഷ ഇറങ്ങിയ അവസാനത്തെ പുസ്‌തകങ്ങളെക്കുറിച്ചാണ് ഇന്നലെ രാത്രി അവന്‍ പറഞ്ഞത്. ആന്‍ കാഴ്സന്റെ കവിതകളെക്കുറിച്ചും. അവന്‍ എഴുത്തുകാരുടെ പാർടി നോക്കി സാഹിത്യത്തെ വിലയിരുത്തിയിരുന്ന ഒരു വായനക്കാരന്‍ അല്ലായിരുന്നു; സാഹിത്യമൂല്യത്തിന്റെ കൂടെ വിപ്ലവകരമായ സാമൂഹ്യബോധം ഉണ്ടായിരുന്നെങ്കില്‍ ആ സൃഷ്ടിയെ കൂടുതല്‍ വിലമതിക്കും എന്നുമാത്രം. എല്ലാ തരം സമഗ്രാധിപത്യത്തെയും അവന്‍ വെറുത്തു. ശരിയായ ജനാധിപത്യം ഇനിയും നിലവില്‍ വന്നിട്ടില്ലെന്നും അതിനു അടിത്തട്ടിലെ മനുഷ്യര്‍ക്ക്‌, അഥവാ അദൃശ്യരാക്കപ്പെട്ട, ജനങ്ങള്‍ കേള്‍ക്കാത്ത, മനുഷ്യര്‍ക്ക്‌ അര്‍ഹമായ പ്രാതിനിധ്യം ലഭിക്കണം എന്നും. എനിക്കറിയാമായിരുന്നു, അവന്‍ വായിച്ചിരുന്ന പ്രമുഖ ചിന്തകര്‍ എല്ലാംതന്നെ സമകാലീന മാർക്‌സിസ്റ്റുകള്‍ ആയിരുന്നു എന്ന്-. ഞാനും അവയെല്ലാം വായിച്ചവനാണല്ലോ. പെരി ആന്റേഴ്സന്‍, ഴാക് റാന്‍സിയെ, മൈക്കേല്‍ ഹാര്‍ട്ട്, അന്റോണിയോ നെഗ്രി, കോളിന്‍ ലീ, അലന്‍ ബാദിയൂ, റിച്ചാഡ് ഗോംബ്ലിന്‍, ആന്ദ്രെ ഗോഴ്സ്, ജോര്‍ജിയോ അഗംബന്‍, ടിമത്തി സ്നയ്ദര്‍, ഡാനിയേല്‍ സിബ്ലാറ്റ്, സ്റ്റീഫന്‍ ലെവിറ്റ്‌സ്‌കി, അകില്‍ ബിൽഗ്രാമി... ഈ പട്ടിക ബോര്‍ദിയൂ, ആന്ദ്രെ ഗോഴ്സ്, എറിക് ഹോബ്സ്ബോം, ഹന്നാ ആരന്റ്‌, സ്ലാവോയ് സിസെക്, വാക്ലാവ് ഹാവെല്‍ തുടങ്ങിയവര്‍ മുതല്‍ റൊമിലാ ഥാപ്പര്‍, ഇര്‍ഫാന്‍ ഹബീബ്, കെ എന്‍ പണിക്കര്‍ തുടങ്ങിയവര്‍ വരെ പിന്നിലേക്കും മുന്നിലേക്കും നീളും. അവന്‍ എനിക്ക് ശുപാര്‍ശ ചെയ്‌ത മറ്റൊരു പുസ്‌തകം മാഴ്സെല്ലോ മസ്‌തോ എഡിറ്റ് ചെയ്‌ത ‘മാർക്‌സ്‌ ഫോര്‍ ടുഡേ’ ആയിരുന്നു, പതിനെട്ടു പേരുടെ ലേഖനങ്ങള്‍.


അവന്റെ അച്ഛന്‍ സായുധവിപ്ലവത്തില്‍ വിശ്വസിക്കുകയും പലകുറി ജയിലില്‍ പോവുകയും ജയിലിലെ മർദനം നല്‍കിയ പലതരം അസുഖങ്ങള്‍കൊണ്ട് മരിക്കുകയും ചെയ്‌ത ആളായിരുന്നു. അവസാനകാലമായപ്പോഴേക്കും ഇന്ത്യ പോലെ വൈവിധ്യം നിറഞ്ഞ ഒരു നാട്ടില്‍ ഒറ്റയടിക്കുള്ള ഒരു വിപ്ലവം അസാധ്യമാണെന്നും, ഇന്ത്യന്‍ ജനതയെ യോജിപ്പിക്കാന്‍ ഗാന്ധിയെപ്പോലെ ഒരാള്‍ വേണമെന്നും എന്നാല്‍ ഗാന്ധിയെപ്പോലുള്ളവര്‍ അഹിംസാവാദികള്‍ ആയതിനാല്‍ സായുധവിപ്ലവത്തിന് നേതൃത്വം നല്‍കുകയില്ലെന്നും കേവലം ഔപചാരികമായ ജനാധിപത്യത്തില്‍ നിന്ന്, കാതല്‍ ചോരാത്ത ശരിയായ ജനാധിപത്യത്തിലേക്ക് നീങ്ങാനുള്ള സാവധാനമായ, എന്നാല്‍ വ്യക്തമായ ലക്ഷ്യബോധമുള്ള, വഴി മാത്രമേ മുന്നിലുള്ളൂ എന്നും അദ്ദേഹം മനസ്സിലാക്കിയിരുന്നു. പക്ഷെ അപ്പോഴേക്കും അദ്ദേഹത്തിന്റെ രോഗവും വാർധക്യവും പ്രവര്‍ത്തനം അസാധ്യമാക്കിയിരുന്നു. അച്ഛന്റെ അവസാനമാണ് തന്റെ തുടക്കം എന്ന് അവന്‍ എപ്പോഴും പറയുമായിരുന്നു.

ജയിലില്‍ വന്ന് ആറുമാസമെങ്കിലും ഞാന്‍ അവനെ എന്നും രാത്രി കണ്ടുകൊണ്ടിരുന്നു. അവന്‌ പറയാനുള്ളത് മുഴുവന്‍ അപ്പോഴേക്കും പറഞ്ഞുകഴിഞ്ഞിരുന്നു. അവന്റെ വേദനകള്‍, കിനാവുകള്‍, മതഭരണത്തില്‍ നിന്നും അഴിമതിയില്‍ നിന്നും ജാതി-വർണ വ്യവസ്ഥകളില്‍ നിന്നും മുക്തമായ ഒരു യഥാർഥ ജനാധിപത്യ ഇന്ത്യയെക്കുറിച്ചുള്ള അവന്റെ സങ്കൽപ്പങ്ങള്‍... ഒരിക്കല്‍പോലും അവന്‍ കുടുംബത്തെക്കുറിച്ചു പറഞ്ഞില്ല, കുടുംബങ്ങള്‍ പിതൃമേധാവിത്തത്തിന്റെയും ജാതിമേന്മയുടെയും വർഗീയതയുടെയും കേന്ദ്രങ്ങളോ പ്രഭവങ്ങളോ ആയി മാറുന്നതു കണ്ടതുകൊണ്ട് കൂടുതല്‍ വലിയ ജനനിരകളില്‍ അവന്‍ വിശ്വസിക്കാന്‍ തുടങ്ങിയതാകാം കാരണം. കാമുകിയായിരുന്ന സവിതയെപ്പോലും അവന്‍ മറന്നപോലെ തോന്നി. തീര്‍ച്ചയായും അവളെ മറക്കുക മരിച്ച് എത്ര വര്‍ഷം കഴിഞ്ഞാലും അവനു സാധ്യമാകുമായിരുന്നില്ല. അവന്‍ കല്‍പ്പിച്ചുകൂട്ടി അവളെക്കുറിച്ച് മൗനം പാലിച്ചതാകാം, അത്രമേല്‍ വേദന ആ പേരിന്റെ ഓരോ അക്ഷരവും അവന്‌ നല്‍കിയതുകൊണ്ട്.

ചിത്രീകരണം: കെ സുധീഷ്‌ചിത്രീകരണം: കെ സുധീഷ്‌

അസ്‌ലം രാത്രി വരാതായതോടെ ഞാന്‍ തികച്ചും ഒറ്റയ്‌ക്കായതുപോലെ തോന്നി. സഹതടവുകാരനായിരുന്ന സ്വന്തം സഹോദരന്‍ പെട്ടെന്ന് അപ്രത്യക്ഷനായതുപോലെ. എങ്കിലും തകരും എന്ന് തോന്നുമ്പോഴൊക്കെ ഞാന്‍ അവനെ ഓര്‍ക്കുന്നു; ശരിയായ ജനാധിപത്യത്തെക്കുറിച്ചുള്ള അവന്റെ വാക്കുകളും. എനിക്കറിയില്ല, എനിക്ക് ശരിയായ ഒരു വിചാരണയോ സത്യം പറയാനുള്ള അവസരമോ കിട്ടുമോ എന്ന്. മറ്റനേകം പേര്‍ക്ക് നിഷേധിക്കപ്പെട്ടത് എനിക്ക് എങ്ങനെ കിട്ടാനാണ്‌? എത്രകാലം ഇവിടെ കഴിയേണ്ടിവരും എന്നോ എന്റെ പേരില്‍ അവര്‍ കെട്ടിച്ചമച്ച കുറ്റങ്ങള്‍ എന്താണെന്നോ എനിക്ക് അറിയില്ല. ഹോസ്റ്റലില്‍ എന്റെ മുറിയില്‍ വന്ന് കുറെ പോലീസുകാര്‍ മൊബൈലും ലാപ്ടോപ്പും എടുത്തുകൊണ്ടു പോയി എന്ന് അടുത്ത മുറിയിലെ ആള്‍ കാണാന്‍ വന്നപ്പോള്‍ പറഞ്ഞു. പതിവുപോലെ അവയില്‍ അവര്‍ അവരുടെ കോടതിയില്‍ തെളിവായി ഹാജരാക്കാവുന്ന എന്തെങ്കിലും കത്തുകളോ പ്രസ്‌താവനകളോ സന്ദേശങ്ങളോ പോസ്റ്റര്‍ ചിത്രങ്ങളോ അവരുടെ ലിസ്റ്റിലുള്ള ഏതെങ്കിലും കുറ്റവാളിയുടെ കൂടെ നില്‍ക്കുന്ന ഫോട്ടോകളോ കുത്തിനിറച്ചിരിക്കാം.


നിർമിതബുദ്ധി പോലുള്ള പുതിയ സങ്കേതങ്ങള്‍ പോലും തിന്മയ്‌ക്കോ നന്മയ്‌ക്കോ എന്ന് തീരുമാനിക്കുന്നത് അധികാരമുള്ള മനുഷ്യരാണല്ലോ, എല്ലാ കണ്ടുപിടുത്തവും പോലെ. പക്ഷെ അസ്‌ലം, അവന്‍ എന്നില്‍ പാകിയ സ്വപ്‌നം ഇപ്പോഴും മറഞ്ഞുപോയിട്ടില്ല. കൂരിരുട്ടിലും അത് എനിക്ക് വഴികാണിക്കുന്നു. തെറ്റ്‌ തെറ്റുതന്നെ എന്ന് വിളിച്ചു പറയാന്‍ അത് എനിക്ക് ധൈര്യം നല്‍കുന്നു. ആരും ഒപ്പമില്ലെങ്കിലും ഞാന്‍ ശരിയുടെ കൂടെ നടക്കുന്നു, ‘അകേലേര്‍ ചലോ’ (ഒറ്റയ്‌ക്ക്‌ പോകൂ) എന്ന് പുറത്തെ പുല്ലുകള്‍ക്കും ഇലകള്‍ക്കുമൊപ്പം പാടിക്കൊണ്ട്. കുപ്പിച്ചില്ലുകളെ സൂര്യകാന്തികളാക്കിക്കൊണ്ട്. അവന്റെ ചോരയില്‍ നിന്ന് വിരിയുന്ന പുലരിയുടെ തുടുത്ത കവിള്‍ യമുനയ്‌ക്ക്‌ മുകളില്‍ തിളങ്ങുന്നത് കിനാവു കണ്ടുകൊണ്ട്‌. ഇവിടെ കിടന്നു മറ്റു ചില തടവുകാരെപ്പോലെ മരിച്ചില്ലെങ്കില്‍ ഞാനും ആ പുലരി കാണാന്‍ അതിജീവിക്കും എന്ന് വിശ്വസിച്ചുകൊണ്ട്.



Tags
deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home