കഥ
ചിൽഡ് ബിയർ


സന്തോഷ് ഏച്ചിക്കാനം
Published on Aug 25, 2025, 12:42 PM | 12 min read
ചിത്രീകരണം: ബാര ഭാസ്‌കരൻ
സാധാരണയായി പാച്ചു ഇത്രയും ലേറ്റാവാറില്ല. കൂടിപ്പോയാൽ പതിനൊന്ന് മണി. അതിനുള്ളിൽ അവൻ പിജിയിൽ എത്തും.
ഇപ്പോൾ മണി പന്ത്രണ്ടാകാൻ പോകുന്നു.നല്ല വിശപ്പുണ്ട്. റൂമിലില്ലാത്ത ദിവസങ്ങളിൽ കഴിക്കാൻ പോകുന്നതിനുമുമ്പ് ഞങ്ങൾ പരസ്‌പരം വിളിച്ച് ചോദിക്കും.
ഇന്ന് ഞാൻ മൂന്നുനാല് തവണയെങ്കിലും വിളിച്ചു.
ഫോൺ സ്വിച്ച്ഡ് ഓഫാണ്.ഇനി നോക്കിയിരുന്നിട്ട് കാര്യമില്ല.
വയറ്റിൽ ഗ്യാസ് കയറിത്തുടങ്ങി.
ഇന്ന് ജിമ്മിൽ പോകാതിരുന്നതു കൊണ്ടാണ് ഇത്രയെങ്കിലും പിടിച്ചുനിൽക്കാൻ പറ്റിയത്.
എന്നെപ്പോലെയല്ല.പാച്ചു വളരെ മെലിഞ്ഞിട്ടാണ്. ഉടുപ്പിനകത്തുനിന്ന് പുറത്തുവന്നാൽ ശരീരം മറ്റുള്ളവരുടെ മുന്നിൽ തന്നെ നാണം കെടുത്തുമെന്നറിയാവുന്നതുകൊണ്ട് ബാത്‌റൂമിനകത്തല്ലാതെ വേറെ എവിടേയും അവൻ ഞങ്ങളെപ്പോലെ മേൽക്കുപ്പായമില്ലാതെ നിൽക്കുന്നത് കണ്ടിട്ടില്ല.
പക്ഷേ ഒടുക്കത്തെ തീറ്റയാണ്.
ചിത്രീകരണം: ബാര ഭാസ്‌കരൻ
കുത്തിക്കേറ്റുന്നതു കണ്ടാൽ അവന്റെ ആമാശയത്തിനുള്ളിൽ ഒരു കോഴി ഒളിച്ചിരിപ്പുണ്ടെന്നു തോന്നും.
അല്ലെങ്കിൽപ്പിന്നെ അകത്തോട്ടു പോകുന്നതിന് എന്തെങ്കിലും ഒരു റിസൾട്ട് ഉണ്ടാവണ്ടേ?
‘തിന്നുന്നതൊക്കെ നിന്റെ മറ്റേതിനാണോ പിടിക്കുന്നത്’ എന്ന് ഞങ്ങൾ സുഹൃത്തുക്കൾ പലപ്പോഴും അവനെ കളിയാക്കാറുണ്ട്.
അപ്പോഴൊക്കെ യാതൊരു ദേഷ്യവും കൂടാതെ അവൻ ചിരിക്കും.
"അരേ യാർ... ഖാനേക്കാ ടൈം പേ ഭുക്കാമർണാഥാ യാർ...’*1
‘വിശപ്പ്, ശരീരത്തോട് ഒരാൾ വാങ്ങുന്ന കടമാണെന്ന്' ഈയിടെ ഒരു പുസ്‌തകത്തിൽ ഞാൻ വായിച്ചിരുന്നു. പാഹറിന്റെ കാര്യത്തിൽ അത് ശരിയാണെന്ന് പലപ്പോഴും അവന്റെ ആർത്തി കാണുമ്പോൾ എനിക്ക് തോന്നിയിട്ടുണ്ട്. അങ്ങനെയാണെങ്കിൽ കഴിഞ്ഞ പത്തിരുപത് വർഷമായി ആ കടം വീട്ടിക്കൊണ്ടിരിക്കുകയാണവൻ. അതടച്ച് തീർന്നാലേ പാച്ചു ഞങ്ങളെപ്പോലെ വണ്ണം വെക്കാൻ തുടങ്ങുകയുള്ളൂ.
ഞാൻ ചപ്പാത്തിയുടെ പാക്കറ്റ് തുറന്നുനോക്കി. നാലെണ്ണം ഇരിപ്പുണ്ട്.
മഹാദേവനും ശക്തിവേലും മണിപ്പൂരുകാരൻ ലുംസോയും ക്രിസ്തുമസ് അവധിക്ക് നാട്ടിൽ പോയിരിക്കുകയാണ്. എന്റെ അപ്പനും അമ്മച്ചിയും, ചേച്ചിക്ക് നടുവേദനയാണ്, റെസ്റ്റ് വേണമെന്നൊക്കെ പറഞ്ഞ് പേരക്കുട്ടിയെ നോക്കാൻ ഒരാഴ്‌ച മുമ്പ് കുവൈറ്റിലോട്ട് പോയി.
രണ്ട് മാസം കഴിഞ്ഞേ ഇനി റിട്ടേൺ കാണൂ.
ക്രിസ്തുമസ് ആണെങ്കിലും ലൈബ്രറിക്ക് അവധിയൊന്നുമില്ല. അതുകൊണ്ട് നേരം കളയാതെ ആവശ്യമുള്ള ബുക്‌സൊക്കെ റഫർ ചെയ്‌ത്, കൊടുക്കാൻ ബാക്കിയുള്ള പ്രൊജക്റ്റ്സ് കംപ്ലീറ്റ് ചെയ്യാം. പാച്ചു എന്ന് ഞങ്ങൾ വിളിക്കുന്ന പാഹർ ഫസ്റ്റ് സെമസ്റ്റർ കഴിയുംവരെ യൂണിവേഴ്സിറ്റി ഹോസ്റ്റലിലായിരുന്നു. ഛത്തീസ്‌ഗഢിട്ടിലെ ആദിവാസി ഗ്രാമത്തിൽ നിന്നാണവൻ വരുന്നത്. വ്യക്തമായി പറഞ്ഞാൽ ദന്തേവാഡ. ഹാൽബ ഗോത്രക്കാരൻ.
അവരൊക്കെ പരമ്പരാഗതമായി കൃഷിക്കാരാണ്. ചിലർ കാട്ടിൽനിന്ന് ശേഖരിക്കുന്ന സാധനങ്ങളൊക്കെ വെച്ച് ഭംഗിയുള്ള കരകൗശല വസ്‌തുക്കൾ നിർമിക്കും.
അവന്റെ അച്ഛൻ മക്ജൂറിനെപ്പോലെയുള്ള ആദിവാസികൾക്ക് ആർക്കും സ്വന്തമായി കൃഷിയിടമൊന്നുമില്ല. ജമീന്ദാറിന്റെ നെൽവയലുകളിൽ പണിയെടുത്താൽ കിട്ടുന്ന ചെറിയ വരുമാനം കൊണ്ടാണ് കൂടുതൽ ആളുകളും കഴിഞ്ഞുകൂടുന്നത്.
പാഹറിന്റെ കുട്ടിക്കാലത്ത് അവന്റെ കുടുംബത്തിന് കിട്ടിയിരുന്ന കൂലി രണ്ട് നേരം വയറു നിറച്ച് തിന്നാൻപോലും തികയുമായിരുന്നില്ല.
അതുകൊണ്ട് രക്ഷിതാക്കളുടെ കൂടെ കുട്ടികളും പള്ളിക്കൂടത്തിലൊന്നും പോകാതെ വയലിലേക്കിറങ്ങും.
പേരിന് ഒരു കെട്ടിടമുണ്ടെന്നല്ലാതെ സ്‌കൂളിൽ അധ്യാപകർ ആരുംതന്നെ കുട്ടികളെ പഠിപ്പിക്കാറൊന്നുമില്ല. കാലത്ത് വന്ന് രജിസ്റ്ററിൽ ഒപ്പിട്ട ഉടനെ അവർ അരി കഴുകി അടുപ്പത്തിടും. അവരൊക്കെ കെട്ടിയൊരുങ്ങി വീട്ടിന്നിറങ്ങുന്നതു തന്നെ ഇതിനാണെന്നു തോന്നും.
അരി വെന്ത് തുടങ്ങുമ്പോഴേക്കും തൂക്കുപാത്രങ്ങളുമായി കുട്ടികൾ വന്നുതുടങ്ങും. തിളയ്‌ക്കുന്ന വലിയ ചെമ്പിനുമുന്നിൽ അവർ വരിവരിയായി നിൽക്കും.
കോരിയെടുത്ത ചോറിൽ വിരൽ കൊണ്ടമർത്തി വേവ് ശരിയായെന്നു തോന്നിയാൽ അധ്യാപകർ അത് കുട്ടികളുടെ പാത്രങ്ങളിൽ കോരിയൊഴിക്കും.
കുട്ടികളുടെ എണ്ണമനുസരിച്ച് കഞ്ഞിയുടെ അളവിലും വ്യത്യാസം വരും. ചിലപ്പോൾ കുറച്ച് വറ്റും ചൂടുവെള്ളവും മാത്രമേ കാണൂ.
ഉച്ചക്കഞ്ഞിയും കുടിച്ച് കലത്തിൽ ബാക്കി വല്ലതുമുണ്ടെങ്കിൽ അതുമായി കുട്ടികൾ വീടുകളിലേക്ക് മടങ്ങും.
‘‘അതാണ് ഞങ്ങടെ വിദ്യാഭ്യാസം. ഞങ്ങൾക്ക് സ്‌കൂൾ നിങ്ങളെപ്പോലെ അറിവ് തരുന്ന സ്ഥലമല്ല. ചോറ് കിട്ടുന്ന സ്ഥലമാണ്.’’
ശക്തി ഒഴിച്ചുകൊടുത്ത ഒരു ചിൽഡ് ബിയർ നുണയുന്നതിനിടയിൽ ഒരിക്കൽ ടെറസ്സിൽ വെച്ച് അവൻ പറഞ്ഞു.
‘‘ഇതാണല്ലേ ബിയർ.’’
അതിന്റെ സ്വാദിഷ്ടമായ ചവർപ്പ് ആസ്വദിച്ചുകൊണ്ട് പാഹർ കണ്ണുകൾ അടച്ചു.
‘‘എന്നെപ്പോലെ പഠിക്കാൻ താൽപ്പര്യമുള്ള കുട്ടികൾക്ക് മാഷന്മാർ എന്തെങ്കിലുമൊക്കെ പറഞ്ഞുതരും. കണക്ക് എനിക്ക് പണ്ടേ വലിയ ഇഷ്ടമായിരുന്നു. ടെൻടു പത്താ എന്ന് കേട്ടിട്ടുണ്ടോ?’’
പാഹർ ചോദിച്ചു.
ഞാൻ ഇല്ലെന്നു തലയാട്ടിയപ്പോൾ ലുംസോ പറഞ്ഞു.
‘‘അരേ യാർ തു ബീഡി കോ പത്താ
ദേഖാ ഹേ? മാൽ തോ വൊയിയേ’’*2
ചിത്രീകരണം: ബാര ഭാസ്‌കരൻ
ദന്തേവാഡേ, ബസ്‌തർ തുടങ്ങിയ കാടുകളിൽ ബീഡിയിലയുടെ ധാരാളം മരങ്ങളുണ്ട്. നിത്യച്ചെലവിന്റെ പുറത്തുള്ള കാര്യങ്ങളൊക്കെ ആദിവാസികൾ നടത്തുന്നത് അതിന്റെ ഇല പെറുക്കി വിറ്റുകിട്ടുന്ന കാശുകൊണ്ടാണ്.
പ്രത്യേകിച്ചും പെണ്ണുങ്ങൾ.
അമ്പത് ഇലകൾ ചേർത്തുവെച്ചാൽ ഒരു കെട്ട്.
ആയിരം കെട്ട് ഒരു ചാക്ക് അതായത് അമ്പതിനായിരം ഇല. പട്ടണത്തിലെത്തിച്ചാൽ ചാക്ക് ഒന്നിന് അയ്യായിരം വരെ കിട്ടും. വയലിലെ പണി കഴിഞ്ഞ് കിട്ടുന്ന സമയം നോക്കി അമ്മമാരുടെ കൂടെ കുട്ടികളും പോകും. ഇത്രയും ഇലകൾ പെറുക്കിയെടുക്കാൻ ചിലപ്പോൾ മൂന്നു മാസം വേണ്ടിവരും.
ഇതിന്റെ ശരിയായ കണക്കും കാര്യങ്ങളൊന്നുമറിയാതെ തലച്ചുമടുമായി ബച്ചേലിയിലെത്തുന്ന പാവം ആദിവാസികളെ കച്ചോടക്കാർ പറ്റിക്കും. അതുകൊണ്ട് നാട്ടുകാർ പട്ട വിൽക്കാൻ പോകുന്ന ദിവസം പാഹറിന് നല്ല കുശാലാണ്.
അവനുണ്ടെങ്കിൽ കച്ചവടക്കാർ നെറ്റിചുളിക്കും. അവന് കണക്കറിയാം. ആദിവാസികൾക്ക് കാശ് കൃത്യമായി കിട്ടും. അതിനു പകരം അവർ അവന് ആലുപൊറോട്ടയും മസാലച്ചായയും വാങ്ങിക്കൊടുക്കും.
‘‘നിങ്ങൾക്ക് എത്ര ആലുപൊറോട്ട കഴിക്കാൻ പറ്റും?’’
മഹാദേവന്റെ ബർത്ത് ഡേ ആഘോഷിക്കാൻ ഞങ്ങൾ ഒരു ബാർ ഹോട്ടലിൽ കയറി മെനു നോക്കിക്കൊണ്ടിരിക്കേ അവൻ വെല്ലുവിളിച്ചു.
മഹാദേവൻ നാലെന്ന് പറഞ്ഞെങ്കിലും അതു മുഴുവൻ തിന്നാൻ അവനെക്കൊണ്ടാവില്ലെന്ന് ഞങ്ങൾക്കറിയാമായിരുന്നു.
മാത്രമല്ല, ഹോട്ടൽ അരണ്യകിലെ പൊറോട്ടയ്‌ക്ക് സാമാന്യം നല്ല വലിപ്പവുമുണ്ട്.
ഞങ്ങളൊക്കെ രണ്ട്, മൂന്ന് എന്നൊക്കെ പറഞ്ഞ് മുട്ടുമടക്കിയപ്പോൾ പാച്ചുവിന്റെ തള്ള് കേട്ട് ഞങ്ങൾ ശരിക്കും വാപൊളിച്ചു പോയി.
‘‘എത്ര... എത്ര... ഒന്നുകൂടി പറഞ്ഞേ?’’
ഞങ്ങൾ മുഖം അവനു നേരെ അടുപ്പിച്ച് കണ്ണുകളിലേക്ക് നോക്കിക്കൊണ്ട് ചോദ്യം ആവർത്തിച്ചു.
‘‘മേ ദസ് ഖായാ ഹൂം.*3
ആർ യു റെഡി ടു ബെറ്റ്...?’’
അവൻ കൈ നീട്ടി
‘‘ബെറ്റ്.’’
ശക്തിവേൽ പാഹലിന്റെ ഉള്ളം കൈയിൽ അടിച്ചു.
‘‘ഇല്ലെങ്കിൽ ഇന്നത്തെ ബർത്ത്ഡേ സെലിബ്രേഷൻ നിന്റെ വക. ഓക്കെയാണോ?’’
ലിംസോ ചോദിച്ചു.
അതിനുത്തരം അവൻ പറഞ്ഞില്ല.
സെലിബ്രേഷൻ പോയിട്ട് ഒരു ചായ വാങ്ങിത്തരാനുള്ള കാശുപോലും അവന്റെ കൈയിൽ കാണില്ലെന്ന് എനിക്കറിയാമായിരുന്നു.
സെക്കന്റ് സെമസ്റ്റർ അവസാനിക്കാൻ ഒരു മാസം ബാക്കിയുള്ളപ്പോൾ ഒരു ദിവസം അവൻ ക്ലാസിൽ തലകറങ്ങി വീണു.കുറേ വെള്ളമെടുത്ത് മുഖത്ത് കുടഞ്ഞിട്ടും ബോധം വീണില്ല. ഞങ്ങളെല്ലാം ശരിക്കും പേടിച്ചു. പെൺകുട്ടികൾ ക്ലാസാണെന്ന കാര്യം പോലും മറന്ന് ഉറക്കെ നിലവിളിച്ചു.
മാത്‌സ് ടീച്ചറുടെ കാറിൽ ഞങ്ങൾ അവനേയുംകൊണ്ട് അടുത്ത ഹോസ്‌പിറ്റലിലേക്ക് വിട്ടു.
ഡ്രിപ്പ് കേറിത്തുടങ്ങിയതും പാഹർ പെട്ടെന്ന് ഉഷാറായി.
‘‘വേറെ കുഴപ്പമൊന്നുമില്ല.’’
ഡോക്ടർ പറഞ്ഞു.
‘‘കാലത്ത് ഒന്നും കഴിച്ചിട്ടില്ലേ?’’
അദ്ദേഹം ചോദിച്ചു.
‘‘യെസ് ഡോക്ടർ, ഇഡലി. ദസ്.’’
ഉയർത്തിപ്പിടിച്ച അവന്റെ പത്ത് വിരലുകളിലേക്ക് തറപ്പിച്ചുനോക്കിയ ഡോക്ടർ, സെൽഫി എടുത്തുകൊണ്ടിരിക്കേ പ്ലാറ്റ്ഫോമിന് വീണ് കാലൊടിഞ്ഞ പെൺകുട്ടിക്കരികിലേക്ക് പോയി.
‘‘സത്യമാടാ... ശരിക്കും ഞാൻ വിശന്നിട്ട് തന്നെ വീണതാ.’’
പാഹർ ഡോക്ടർ പോയ വശത്തേക്ക് നോക്കി ഞങ്ങളോട് പറഞ്ഞു.
യൂണിവേഴ്സിറ്റി കാന്റീനില്‍ ഒരു വർഷത്തേക്കുള്ള കാശ് ഒന്നിച്ച് അടയ്‌ക്കണം. രാവിലെ മൂന്ന് ഇഡലിയിലധികം കിട്ടില്ല. കൂടുതൽ വേണമെങ്കിൽ വേറെ കാശുകൊടുക്കണം. ഉച്ചയ്‌ക്ക് ചോറ് കിട്ടും. മൂന്നാമത് വിളമ്പണമെങ്കിൽ അതിനും കൊടുക്കണം എക്‌സ്‌ട്രാ.
ഹോസ്‌പിറ്റലിൽനിന്ന് ഇറങ്ങിയ ഞങ്ങൾ അടുത്തുള്ള ഹോട്ടലിൽ കയറി ഒരു ഫുൾ എഗ്ഗ് ബിരിയാണി അവനുവേണ്ടി ഓർഡർ ചെയ്‌തു. അത് തിന്നുകൊണ്ടിരിക്കുമ്പോഴാണ് അവനവന്റെ നാടും വീടുമൊക്കെ എടുത്ത് ഞങ്ങടെ മുന്നിലേക്കിട്ടത്.
ശരിക്കും സങ്കടം തോന്നി. പറഞ്ഞപോലെ കണക്കിൽ ഒടുക്കത്തെ തലയാണ്.
ഏത് പ്രോബ്ലമായാലും ചോദിച്ചാൽ വളരെ ലളിതമായി അത് മറ്റുള്ളവർക്ക് പറഞ്ഞുതരാനുള്ള മിടുക്കും താൽപ്പര്യവും അവനുണ്ട്.
അത് മനസ്സിലാക്കിയതുകൊണ്ടാവണം ഒരു ദിവസം മഹാദേവൻ എന്റെ ചെവിയിൽ പറഞ്ഞു.
‘‘എടാ നമുക്കിവനെ നമ്മുടെ പിജിയിലേക്ക് ഷിഫ്റ്റ് ചെയ്‌താലോ?’’
അത് നല്ല ഐഡിയയാണെന്ന് എനിക്കും തോന്നി. മൂന്ന് മുറികളുള്ള വലിയൊരു ഫ്ലാറ്റാണ് ഞങ്ങൾ നാലുപേരുംകൂടി ഷെയർ ചെയ്യുന്നത്.
കേറി വരുമ്പോൾ തന്നെ വിശാലമായ ഒരു സ്വീകരണ മുറിയുണ്ട്. അവിടെ മൂലയ്‌ക്ക് എവിടെയെങ്കിലും ഒരു കുൽറ്റ് ഇട്ടുകൊടുത്താൽ അവൻ കിടന്നോളും.
അങ്ങനെയാണെങ്കിൽ അടുത്തവർഷം മൂന്നാമത്തെ സെമസ്റ്റർ തുടങ്ങുമ്പോൾ പാഹറിന് ഹോസ്റ്റൽ ഫീസും മെസ് ഫീസും ഒഴിവായിക്കിട്ടും. ട്രൈബാണെങ്കിലും ഹോസ്റ്റലിൽ വർഷത്തേക്ക് 15,000 അടയ്‌ക്കണം. ആ തുക തീറ്റയിലേക്ക് വകവെക്കാൻ പറ്റുമെന്നറിഞ്ഞതോടെ പാഹറിനും സന്തോഷമായി.
അവന്റെ വാടക ഞാനും മഹാദേവനുംകൂടി ഏറ്റെടുത്തപ്പോൾ സഹമുറിയന്മാർ രണ്ടുപേരും ഓക്കെയടിച്ചു.
പക്ഷേ, ഈ സഹായത്തിനുപകരം ഞങ്ങളെ അവൻ കണക്ക് പഠിപ്പിക്കണം.
പാഹറിനെ സംബന്ധിച്ചിടത്തോളം അത് വലിയ ആനക്കാര്യമൊന്നുമല്ല.
അവൻ അന്നുതന്നെ ഹോസ്റ്റലിനോട് ബൈ പറഞ്ഞ് പിജിയിലേക്ക് വന്നു.
പാഹർ വിശന്ന് മരിക്കാതിരിക്കേണ്ടത് അതോടെ ഞങ്ങളുടെ കൂടി ആവശ്യമായി മാറി.
തന്റെ മുടിഞ്ഞ വിശപ്പ് ഞങ്ങൾക്ക് ബാധ്യതയാകുന്നുണ്ടെന്നറിഞ്ഞപ്പോൾ ഒരിക്കൽ അവൻ വിഷമത്തോടെ പറഞ്ഞു.
ചിത്രീകരണം: ബാര ഭാസ്‌കരൻ
‘‘വീട്ടീന്ന് ഇച്ചിരി കൂടുതൽ അയക്കാൻ പറ്റുമോ എന്ന് ഞാൻ ബാബയോട് ചോദിച്ചതാ. പട്ട പെറുക്കിക്കിട്ടുന്ന കാശാണ് അദ്ദേഹം എനിക്കയച്ചു തരുന്നത്. പക്ഷേ ഇപ്പോ കാടൊക്കെ മാവോയിസ്റ്റുകളുടെ കൈയിലാ. അവർക്ക് പിറകേ പോലീസുകാരുമുണ്ട്. പഴയതുപോലെ എല്ലാം പെറുക്കിയെടുക്കാനൊന്നും പറ്റില്ല. മാവോയിസ്റ്റുകളുടെ പ്രധാന വരുമാനം പട്ടയാ... ആർത്തി കാണിച്ച് അവരെ പിണക്കാനും പറ്റില്ല.
ഗംഗിഭായിയെപ്പോലുള്ള ആളുകൾ ഉള്ളതുകൊണ്ടാണ് ജമീന്ദാർമാർ ഞങ്ങളെ കൊല്ലാതെ വിടുന്നത്. കഴിഞ്ഞ ഡിസംബറിൽ കിടന്ന് കൊടുക്കാത്തതിന് രണ്ട് ഗോണ്ട് പെൺകുട്ടികളെ അവന്മാര് റേപ്പ് ചെയ്‌തശേഷം ജീവനോടെ വൈക്കോലിലിട്ട് കത്തിച്ചു. ഇവിടുത്തെ ഏതെങ്കിലും പത്രത്തിൽ വന്നോ? ചാനലിൽ വാർത്തയായോ?
എവിടേയും വരില്ല. പോലീസ് കേസുപോലും രജിസ്റ്റർ ചെയ്‌തില്ല. ഒടുവിൽ ഗംഗിയുടെ ആൾക്കാർ തന്നെ അവന്മാർക്കിട്ടു പണി കൊടുത്തു. രാത്രി ബച്ചേലിയിൽ നിന്ന് ജീപ്പിൽ വരുമ്പോൾ ഒരു കുഴിബോംബ് പൊട്ടിച്ച് എല്ലാറ്റിനേയും തീർത്തുപക്ഷേ പ്രശ്നം അതല്ല. കിട്ടേണ്ടവനെ കിട്ടിയില്ലെങ്കിൽ കണ്ടവനെ പൊക്കും എന്നു പറഞ്ഞതുപോലെ മാവോയിസ്റ്റുകളെ കിട്ടിയില്ലെങ്കിൽ കോബ്രയും സിആർപിഎഫും ഡിആർജിയുമെല്ലാം കലി തീർക്കുന്നത് ഞങ്ങളോടാ. ഇതറിയാവുന്നതുകൊണ്ട് ഒരു തിരിച്ചടി നടന്നാൽ ഗ്രാമത്തിൽ നിന്ന് ഞങ്ങൾ ആണുങ്ങളെല്ലാം ആ സ്‌പോട്ടിൽ സ്ഥലം വിടും. പിന്നെ ഒരു മാസം കഴിഞ്ഞേ തിരിച്ചുവരൂ.
ഇഥർ സബ് ബന്ധൂ കാ ഖേൽ ഹേ ഭയ്യാ...’’*4
നക്‌സലുകളെ കാണിച്ചുകൊടുത്തില്ലെങ്കിൽ പോലീസുകാർ ബീഡിയില പെറുക്കാൻ സമ്മതിക്കില്ല. അതോടെ നാട്ടീന്നു പാഹറിന് കാശ് വരാതാകും. വിശപ്പിന് പക്ഷേ ഇതൊന്നും അറിയേണ്ട കാര്യമില്ലല്ലോ. അതുകൊണ്ട് ഞങ്ങളെ ബുദ്ധിമുട്ടിക്കാതിരിക്കാൻ അവൻ ‘സുഖി’യിൽ ഡെലിവറി ബോയിയായി.
ലുംസോവിന്റെ ബൈക്കിൽ എണ്ണയുമടിച്ച് ഫുഡ് കൊടുക്കാൻ തുടങ്ങി. രാത്രി ഒരുമണി വരെ കറങ്ങിയാൽ പത്തെഴുന്നൂറ് രൂപ കിട്ടും. അഞ്ഞൂറ് രൂപയ്‌ക്ക് അവൻ തിന്നും. ഇടയ്‌ക്ക് ഒരു ചിൽഡ് ബിയർ വാങ്ങിക്കൊണ്ടുവന്ന് ഞങ്ങളെ ചെറുതായി തണുപ്പിക്കും. അപ്പോഴെല്ലാം കുപ്പിയിൽ നിന്ന് ഒരു തുള്ളിപോലും കഴിക്കാതെ അവൻ ഞങ്ങൾ സന്തോഷിക്കുന്നതും നോക്കി വെറുതേയിരിക്കും.
ഞങ്ങൾക്ക് ഇങ്ങോട്ടും എന്തെങ്കിലും തരാൻ സാധിക്കുന്നുണ്ടല്ലോ എന്ന ഒരു അഭിമാനം അവന്റെ ക്ഷീണിച്ച കണ്ണുകളെ ഉറക്കത്തിലേക്ക് വിടാത്തവണ്ണം പിടിച്ചു നിർത്തുന്നത് ഞാൻ കണ്ടു.
രണ്ട് മാസം കഴിഞ്ഞില്ല.
ഒരു ദിവസം നേരത്തേ വന്നു ബൈക്ക് സ്റ്റാന്റിലിട്ട് കിടക്കാൻ തുടങ്ങുമ്പോഴാണ് ശക്തി ശ്രദ്ധിച്ചത്. അവന്റെ കൈയിൽ ‘സുഖി’യുടെ ബാഗില്ല...!
കുറേ നിർബന്ധിച്ചപ്പോൾ സത്യം പുറത്തായി.
അവന്റെ പണി പോയി..!
ഡെലിവറിക്കിടയിൽ വിശപ്പ് സഹിക്കാൻ പറ്റാതെ വന്നപ്പോൾ ഓർഡർ ചെയ്‌ത ഭക്ഷണം കസ്റ്റമറിനു കൊടുക്കാതെ അവൻ വഴിയിലിരുന്ന് തിന്നു. ആർത്തിയെപ്പറ്റി പറഞ്ഞ് ഞങ്ങൾ കളിയാക്കി ചിരിച്ചപ്പോൾ അവൻ മുഖം കാൽമുട്ടുകൾക്കിടയിലേക്ക് പൂഴ്‌ത്തിവെച്ചു കരയാൻ തുടങ്ങി.
ഞങ്ങൾ പിന്നെ ഒന്നും പറഞ്ഞില്ല.
കാരണം ഞങ്ങളൊന്നും വിശപ്പ് അനുഭവിച്ചിട്ടില്ല. അവന്റെ ഉള്ളിലെ വിശപ്പിന് അവന്റെ ഗോത്രത്തോളം പഴക്കവും വലിപ്പവുമുണ്ടെന്ന് എനിക്ക് തോന്നി. അവൻ കഴിക്കുന്നതു മുഴുവൻ വലിച്ചെടുത്തു കൊണ്ട് അത് വീണ്ടും വീണ്ടും വളരുകയാണ്.
അടുത്തിടെയായി അവൻ ഒരു ഹാർഡ്‌വെയർ ഷോപ്പിൽ പോകാൻ തുടങ്ങിയിട്ടുണ്ട്. ‘സുഖി’പോലെ കാശ് വലുതായിട്ടൊന്നും കിട്ടില്ല.
‘‘അതു നന്നായി.’’
മഹാദേവൻ കളിയാക്കി.
‘‘അവിടെ ആണിയും പൈപ്പുമൊക്കെയല്ലേ? തിന്നാൻ പറ്റില്ലല്ലോ?’’
ഞങ്ങൾ സിഗരറ്റ് കത്തിച്ച് പുകവിടുമ്പോഴൊക്കെ അതിന്റെ വളയങ്ങളിലേക്ക് നോക്കി അവൻ പറയും.
‘‘ഈ പുകച്ച് കളയുന്ന കാശിന് എത്ര ചപ്പാത്തി വാങ്ങിത്തിന്നാമായിരുന്നു.’’
അതിനുത്തരമെന്നോണം ഇരുന്ന സ്ഥലത്തു നിന്ന് ശക്തിവേൽ ഒരിക്കൽ അവനെ ഉറക്കെ തൊഴിച്ചു.
പാഹറിന്റെ കണ്ണട തെറിച്ചുപോയി.
ഞാൻ ശക്തിയെ വഴക്ക് പറഞ്ഞു.
നന്നായി വേദനിച്ചെങ്കിലും അത് പുറത്തുകാണിക്കാതെ പാഹർ കണ്ണട എടുത്ത് മൂക്കിൽ വെച്ചുകൊണ്ട് ശക്തിയെ പുച്ഛത്തോടെ നോക്കി.
‘‘ഞങ്ങടെ നാട്ടിലെ ജമീന്ദാർമാരുടെ ചവിട്ട് വെച്ചു നോക്കുമ്പോൾ ഇതൊക്കെ എന്ത്? തോക്കിന്റെ പാത്തികൊണ്ടുള്ള അടി കിട്ടിയിട്ടുണ്ടോ?’’
അവൻ ഞങ്ങളെ നോക്കി.
ഞങ്ങൾ പരസ്‌പരം നോക്കിയതല്ലാതെ മറുപടിയൊന്നും പറഞ്ഞില്ല.
‘‘എന്നാ എനിക്ക് കിട്ടിയിട്ടുണ്ട്. ദാ ഇവിടെ നടുപ്പുറത്ത്. എന്റെ അച്ഛൻ ചോര തുപ്പിയിട്ടുണ്ട്. അടിച്ചാൽ എന്താന്നറിയില്ല, ജമീന്ദാറിന് ഞങ്ങളോട് ചെറിയൊരു അലിവു തോന്നും. വീട്ടിലേക്ക് വിളിച്ച് രണ്ട് കിലോ ഗോതമ്പ് തരും. അന്ന് വീട്ടിൽ ദീപാവലി പോലെയാണ്. വയറ് നിറച്ച് കഴിക്കാം. അതുകൊണ്ട് അപ്പന് എന്നും അടികിട്ടണേ എന്ന് ഞങ്ങൾ മൗവ്‌ലി മാതയോട് പ്രാർഥിക്കും. ഞങ്ങളുടെ സന്തോഷംകണ്ട് അച്ഛൻ ചിരിക്കും. അപ്പോൾ വായിൽനിന്ന് വീണ്ടും ചോര വരും.’’
അപ്പോഴേക്കും വെയ്റ്റർ മേശപ്പുറത്ത് ചൂടുള്ള പ്ലേറ്റുകൾ നിരത്തി.
അതിലേക്ക് ആലുപൊറോട്ടകൾ എടുത്തു വെക്കുമ്പോൾ പാച്ചുവിന്റെ വായിൽ വെള്ളം നിറയുന്നത് ഞാൻ കണ്ടു.
അവനതിൽ കൈവെച്ചതും ലിംസോ തടഞ്ഞു.
‘‘തോറ്റാൽ എന്ത് ചെയ്യുമെന്നു പറ.’’
‘‘മേ കിഥർ ഭി ഹരൂംഗാ ലേക്കിൻ ഇഥർ ഹർണേ വാലാ നഹീ... സാലേ’’*5
എന്നും പറഞ്ഞ് അവനതിൽ നിന്ന് ഒരെണ്ണം എടുത്ത് ചുരുട്ടി പല്ലിൽ വെച്ച് രണ്ട് കഷ്‌ണങ്ങളാക്കി മുറിച്ച് ചവയ്‌ക്കാൻ തുടങ്ങി.
അടുത്ത അഞ്ചെണ്ണംകൂടി അവസാനിപ്പിച്ച് അതിനുമേൽ ഒരു ചിൽഡ് ബിയറും കൂടി വലിച്ചു.
അതു കഴിഞ്ഞപ്പോൾ വീണ്ടും ഒരു നാലെണ്ണംകൂടി കാലിയാക്കി ഒരു ഏമ്പക്കം അവൻ വെല്ലുവിളി പോലെ ലിംസോയ്‌ക്ക് നേരെ എറിഞ്ഞു.
‘ഇനി എന്തെങ്കിലും ഓർഡർ ചെയ്യുന്നുണ്ടോ' എന്ന അർഥത്തിൽ കസേരയിൽ ചാരിയിരുന്ന് ഞങ്ങളെ നോക്കി.
ആരും ഒന്നും പറഞ്ഞില്ല. ഈ പന്തയം വേണ്ടായിരുന്നുവെന്ന് ശക്തിവേലിന് അപ്പോൾ തോന്നിക്കാണും.
ഒന്നുകൂടി വിളിച്ചു നോക്കാം.
അവൻ വരുന്നുണ്ടെങ്കിൽ താഴെ പന്ത്രണ്ടരവരെ തുറന്നുവെക്കുന്ന പരേഷ് ഭായിയുടെ ബേക്കറിയിൽ ചെന്ന് ഒരു പാക്കറ്റ് ചപ്പാത്തികൂടി വാങ്ങണം.
വിളിച്ചു. കിട്ടുന്നില്ല.
മൊബൈൽ ഇപ്പോഴും ഓണാക്കിയിട്ടില്ല. അവന്റെ കൈയിലിരിക്കുന്നത് ചുണ്ടെലിയുടെ വലിപ്പമുള്ള പഴയ ‘നോക്കിയ' ആണ്.
പുതിയ ഫോൺ വാങ്ങുമ്പോൾ എന്റെ പഴയ ആൻഡ്രോയിഡ് അവന് കൊടുക്കാമെന്ന് ഞാൻ പറഞ്ഞിട്ടുണ്ട്.
ഞാൻ രണ്ട് ചപ്പാത്തി എടുത്ത് പാനിലിട്ടു. ഫ്രിഡ്ജ് തുറന്നു.
നർമ്മദ ഇന്നലെ മേടിച്ചുതന്ന ഐസ്‌ക്രീമിൽ ഇത്തിരി ബാക്കിയിരിപ്പുണ്ട്.
ചപ്പാത്തിയും ഐസ്‌ക്രീമും നല്ല കോമ്പിനേഷനാണോ എന്നു ചോദിച്ചാൽ ഒറ്റ ഉത്തരമേയുള്ളൂ.
ഇങ്ങനെയൊക്കെയാണ് കോമ്പിനേഷൻ ഉണ്ടാക്കുന്നത്.
അതിസുന്ദരിയായ നർമ്മദ അവളെക്കാളും ഉയരം കുറഞ്ഞ സമീറയെ പ്രേമിക്കുന്നതുപോലെ.
ചപ്പാത്തി കഴിച്ച് പ്ലേറ്റ് സിങ്കിലിട്ട് മുറിയിലെത്തിയതും ഫോൺ ശബ്ദിച്ചു.
പരിചയമില്ലാത്ത നമ്പറാണ്.
ആരാണീ പാതിരാത്രിക്ക്?
‘‘ഹലോ.’’
ഞാൻ ഫോണെടുത്തു.
മറുതലയ്‌ക്കൽ ഒരു സ്‌ത്രീയാണ്. സായിപ്പിന്റെ ആക്‌സന്റിലാണ് സംസാരിക്കുന്നത്.
‘‘മെൽവിസ് നിങ്ങളാണോ?’’
‘‘അതെ.’’
ഞാൻ പറഞ്ഞു.
‘‘പാഹർ നിങ്ങളുടെ സുഹൃത്താണോ?’’
‘‘യെസ്. എന്റെ റൂം മേറ്റാണ്.’’
‘‘ഞാൻ അശ്വിനി പാണ്ഡേ, ഇപ്പോൾ പാംസിറ്റി റിസോർട്ടിൽ നിന്നാണ് വിളിക്കുന്നത്. നിങ്ങളുടെ മൊബൈലിലേക്ക് ഇവിടേക്കുള്ള മേപ്പ് ഇട്ടിട്ടുണ്ട്. ഉടൻവരിക. നിങ്ങളുടെ സുഹൃത്ത് അപകടത്തിലാണ്.’’
എന്തെങ്കിലും ചോദിക്കും മുമ്പ് അവർ ഫോൺ കട്ട് ചെയ്‌തു.
അങ്ങോട്ട് ട്രൈ ചെയ്‌തെങ്കിലും എടുത്തില്ല.
അവർ അയച്ചുതന്ന ഗൂഗിൾ മേപ്പ് നോക്കി.
പാംസിറ്റിയിലേക്ക് ഇവിടെനിന്ന് ഇരുപത്തിമൂന്ന് കിലോമീറ്ററുണ്ട്.
ഈ നേരത്ത് വലിയ ട്രാഫിക്കൊന്നുമില്ലാത്തതുകാരണം കാറിന് നാൽപ്പത്തിരണ്ട് മിനിട്ടാണ് കാണിക്കുന്നത്.
ഈ പാതിരാത്രിക്ക് പാഹർ എന്ത് പുകിലാണാവോ ഒപ്പിച്ച് വെച്ചേക്കുന്നത്?
താഴെ ലിംസോയുടെ ബൈക്ക് കിടപ്പുണ്ട്.
പക്ഷേ ഇങ്ങനെയൊരു സിറ്റ്വേഷനിൽ ബൈക്കിനേക്കാൾ നല്ലത് കാറാണ്.
പാഹറിന്റെ ഇപ്പോഴത്ത അവസ്ഥയെന്താണെന്നറിയില്ലല്ലോ. പിജികളിൽ കാർ ഉള്ള ഒന്നു രണ്ട് കൂട്ടുകാർ ക്രിസ്തുമസ്സിന് നാട്ടിലാണ്.
പെട്ടെന്നാണ് നർമ്മദയെ ഓർമ വന്നത്.
അവൾ എട്ട് കിലോമീറ്റർ അപ്പുറം ഒരു ഫ്ലാറ്റിലാണ് താമസം.
രണ്ടാമത്തെ റിങ്ങിൽ തന്നെ നർമ്മദ ഫോൺ എടുത്തു.
കാര്യങ്ങൾ പറഞ്ഞപ്പോൾ കൂടെ അവളും വരാമെന്നു പറഞ്ഞു.
ഞാൻ ലിംസോയുടെ ബൈക്കിൽ കയറി ഫ്ലാറ്റിനു മുന്നിൽ എത്തിയപ്പോഴേക്കും അവളുടെ ടൈഗൂൺ ഗേറ്റ് ഇറങ്ങിവന്നു.
അവൾ സെക്യൂരിറ്റിയോട് എന്റെ ബൈക്ക് അകത്ത് പാർക്ക് ചെയ്യാൻ ഏർപ്പാടുചെയ്‌തു.
ടെൻഷൻ കാരണം കാർ ഓടിക്കാൻ പറ്റില്ലെന്നു തോന്നിയതുകൊണ്ട് അവളുടെ കൈയിൽ നിന്ന് ഞാൻ കീ വാങ്ങിയില്ല.
കഷ്ടിച്ച് നാൽപ്പത് മിനിട്ടായില്ല, അപ്പോഴേക്കും ഞങ്ങടെ ടൈഗൂൺ സെക്യൂരിറ്റി ചെക്കിങ് കഴിഞ്ഞ് പാംസിറ്റിയുടെ റിസപ്ഷനു മുന്നിൽ വന്നു നിന്നു. അശ്വിനി പാണ്ഡേ ഞങ്ങളേയും കാത്ത് ലോബിയിൽ തന്നെ നിൽക്കുന്നുണ്ടായിരുന്നു.
ഫോൺ വിളിച്ചപ്പോൾ അവരുടെ ശബ്ദത്തിലുണ്ടായിരുന്ന പതർച്ചയൊന്നും നേരിട്ട് കണ്ടപ്പോൾ തോന്നിയില്ല.
കൈകൂപ്പി, പുതുതായി ചെക്ക് ഇൻ ചെയ്‌ത രണ്ട് താമസക്കാരോടെന്നപോലെ ഹൃദ്യമായി ചിരിച്ചുകൊണ്ട് അവർ ഞങ്ങളേയും കൂട്ടി സസ്യലതാദികൾ നിറഞ്ഞ റിസോർട്ടിന്റെ കോറിഡോറിലൂടെ കുറേ ദൂരം നടന്ന് കൃത്രിമമായ വെള്ളച്ചാട്ടത്തിനു മുന്നിലൂടെ വിശാലമായ പുൽത്തകിടിയിലേക്ക് കയറി.
യൂട്യൂബിലൂടെയും ഇൻസ്റ്റ വഴിയുമൊക്കെ പാംസിറ്റിയെക്കുറിച്ച് അറിയാത്തവർ ചുരുക്കമാണ്. നിരവധി വിദേശികളും അതുപോലെ ശതകോടീശ്വരന്മാരുമൊക്കെ സ്ഥിരം വന്നുപോകുന്ന റിസോർട്ടാണ്.
അതിനകത്തേക്ക് കടന്നാൽ പിന്നെ നമ്മൾ നിൽക്കുന്നത് ഇന്ത്യയിലെ ഏറ്റവും വലിയ സിറ്റികളിലൊന്നിന്റെ നടുക്കാണെന്ന് ഒരിക്കലും തോന്നില്ല. അപ്രതീക്ഷിതമായി ഒരു കാടിനകത്ത് പെട്ടതുപോലെയുള്ള ഒരു ഫീലിങ് ആണ്. വിശാലമായ ലോണിൽ എന്തോ വലിയ ആഘോഷം നടന്ന മട്ടുണ്ട്.
ജോലിക്കാർ കസേരകൾ ഒരു കോണിലേക്ക് നീക്കിയിടുകയും മേശവിരികളിൽ നിന്നും അത്താഴ പാത്രങ്ങളും ക്രിസ്റ്റൽ ഗ്ലാസുകളുമൊക്കെ എടുത്തുമാറ്റുകയും ചെയ്യുന്നുണ്ട്.
പുൽത്തകിടിയിൽ ചുളിഞ്ഞ ടിഷ്യു പേപ്പറുകൾ പറന്നു നടക്കുന്നു.
‘‘പാഹർ എവിടെ?’’
ഞാൻ ചോദിച്ചു.
അശ്വനി പാണ്ഡേ ആ ചോദ്യം കേൾക്കാത്തതുപോലെ നിൽക്കുന്നതു കണ്ടപ്പോൾ എനിക്ക് നല്ല ദേഷ്യം വന്നു.
അവരെ തടഞ്ഞുനിർത്തിക്കൊണ്ട് ജോലിക്കാർ കേൾക്കേ ഞാൻ ആക്രോശിച്ചു.
‘‘എന്താണ് അവന് പറ്റിയത്. നിങ്ങൾ എന്താണ് ചെയ്‌തത്...? അവനെന്തിനാണിവിടെ വന്നത്? ആരാണവനെ ഇവിടേക്ക് കൊണ്ടുവന്നത്? അവൻ ചത്തോ... അല്ല, നിങ്ങൾ അവനെ കൊന്നോ?’’
ഇങ്ങനെ നിരവധി ചോദ്യങ്ങൾ കൊണ്ട് ഞാൻ അശ്വിനി പാണ്ഡേയെ വളഞ്ഞു.
അവർ നേരിയ മന്ദഹാസത്തോടെ അവിടെ ഒരു വശത്ത് ഉറപ്പിച്ചിരിക്കുന്ന വലിയ ഒരു എൽഇഡി സ്‌ക്രീനിന്റെ സ്വിച്ചിലേക്ക് തന്റെ നീണ്ട് സുന്ദരമായ വിരലുകൾ നീട്ടി.
അന്ന് റിസോർട്ടിൽ അരങ്ങേറിയ രസകരമായ സംഭവങ്ങൾ ഫോർകെ റെസല്യൂഷനിൽ വളരെ ഭംഗിയോടെ ഞങ്ങൾക്ക് മുന്നിൽ വീണ്ടും തെളിഞ്ഞു തുടങ്ങി...
പാംസിറ്റിയിലെത്തിയ ശതകോടീശ്വരന്മാരായ ടൂറിസ്റ്റുകൾക്കായി പ്രത്യേകം ഒരുക്കിയ സവിശേഷമായ ഒരു എന്റർടെയ്‌ൻമെന്റ് പ്രോഗ്രാമായിരുന്നു അത്.
CHILL** **N CHICK CHALLENGE
FOOD WAR
എന്ന് വലിയ അക്ഷരത്തിൽ മത്സരത്തിന്റെ പേര് സ്‌ക്രീനിൽ തെളിഞ്ഞതോടെ ലോണിൽ പ്രത്യേകം സജ്ജമാക്കിയ ഇരിപ്പിടങ്ങളിലേക്ക് ക്യാമറ പതുക്കെ നീങ്ങിത്തുടങ്ങി.
അവിടെ സ്വദേശികളും വിദേശികളുമടങ്ങുന്ന അതിസമ്പന്നരായ അമ്പതോളം ആളുകൾ മത്സരം കാണാൻ ഉപവിഷ്ടരായിക്കഴിഞ്ഞിരുന്നു.
ബോളിവുഡിലെ മുൻനിര നായികമാരിൽ ഒരാളായ പായൽ മഹാജന്റേതായിരുന്നു വെൽകം സ്‌പീച്ച്.
അവർ തന്നെയാണ് ആ പ്രോഗ്രാമിന്റെ അവതാരക.
അവിടെ എത്തിച്ചേർന്നവരുടെ കൂട്ടത്തിൽ അടുത്തിടെ ശൂന്യാകാശത്തിൽ പോയി വന്ന രണ്ട് പേർ കൂടി ഉണ്ടെന്ന് പായൽ ഒരു സർപ്രൈസ് പോലെ വെളിപ്പെടുത്തിയതും അവരിലൊരാളുടെ പേർ നർമ്മദ ഉറക്കെ വിളിച്ചുപറഞ്ഞു. അവൾക്ക് അവരെക്കുറിച്ചുള്ള വിശേഷങ്ങൾ സോഷ്യൽ മീഡിയ വഴി നേരത്തേ അറിയാമായിരുന്നു.
പത്ത് സെക്കന്റിനുള്ളിൽ പാഹറിനെ മറന്ന് ഞങ്ങൾ സന്ദർശകരെപ്പോലെ ആ ആഘോഷക്കാഴ്‌ചയ്‌ക്കുള്ളിൽ അകപ്പെട്ടുപോയി. ജീവിതത്തിൽ ഇനിയൊന്നും കണ്ടും അനുഭവിച്ചും ആസ്വദിക്കാൻ ബാക്കിയില്ലാത്തവർക്കു വേണ്ടി പാംസിറ്റി കണ്ടെത്തിയ പരിപാടി കൊള്ളാം.
‘നിങ്ങൾ ഇതുവരെ കണ്ടതിൽ വെച്ച് ഏറ്റവും അറപ്പുതോന്നിക്കുന്ന അനുഭവം’ എന്ന മുഖവുരയോടെയാണ് പായൽ മത്സരത്തിന് തുടക്കം കുറിച്ചത്. തെരഞ്ഞെടുക്കപ്പെട്ട ഇരുപത് പേരാണ് ആ മത്സരത്തിൽ പങ്കെടുക്കുന്നത്.
പായൽ ഓരോരുത്തരുടെ പേര് ചൊല്ലി വിളിച്ചതും അതാതു രാജ്യത്തിന്റെ പതാകകൾ അണിയിച്ചുകൊണ്ട് സുന്ദരികളായ പെൺകുട്ടികൾ അവരെ കൈപിടിച്ച് വേദിയിലേക്ക് ആനയിച്ചു.
പതിനെട്ടാമനായി വന്ന ആളെക്കണ്ടതും ഞങ്ങൾ ഞെട്ടിപ്പോയി,
പാഹർ!
സന്ദർശകരുടെ നിർത്താത്ത കരഘോഷത്തിനിടയിൽ മത്സരാർഥികളുടെ മുന്നിൽ അവരവർക്ക് ഇഷ്ടപ്പെട്ട രുചിക്കൂട്ടുകൾ ചേർത്ത ചിക്കനും ചിൽഡ് ബിയർ ബോട്ടിലുകളും നിരന്നു.
ഹോട്ടലിന്റെ ജിഎം എഴുന്നേറ്റ് അരയിലെ തുകലുറയിൽ നിന്നും ഒരു റിവോൾവർ വലിച്ചെടുത്ത് ആകാശത്തേക്ക് നിറയൊഴിച്ചതും ഇരുപതുപേരുടെ കൈകൾ ഒന്നടങ്കം മാംസത്തിനകത്ത് അവരവരുടേതായ ട്രാക്കുകൾ കണ്ടെത്തി മുന്നോട്ടു കുതിച്ചു...
അതിഥികൾ, അവർ സ്ഥിരം കൂടെ കൊണ്ടുനടക്കുന്ന പദവികളും അന്തസ്സും ആത്മനിയന്ത്രണവുമൊക്കെ മറന്ന് വിസിലടിയും ആർപ്പുവിളികളുമായി വിജയക്കുതിപ്പിലേക്ക് സ്വന്തം നാട്ടുകാരെ ഉത്തേജിതരാക്കിക്കൊണ്ടിരുന്നു.
മത്സരാർഥികൾക്ക് മുമ്പിൽ എല്ലുകൾ കുമിഞ്ഞുകൂടിത്തുടങ്ങി.
ബോട്ടിലുകൾ കാലിയായി.
തീറ്റയ്‌ക്കിടയിൽ ചിലരുടെ കണ്ണുകൾ തുറിച്ചു. ചിലരുടെ മൂക്കിൽ നിന്നും കണ്ണിൽനിന്നും വെള്ളം തുള്ളികളായി പ്ലേറ്റിൽ വീണു കൊണ്ടിരുന്നു.
ചിലർ ഓക്കാനിച്ചു.
മറ്റു ചിലർ ആദിമകാലത്തെ ഗുഹാവാസികളെപ്പോലെ പല്ലുകളിൽ മാംസക്കഷ്‌ണങ്ങൾ തൂക്കിയിട്ട് ഉച്ചത്തിൽ അലറി. പരാജയത്തിന്റെ വക്കിലെത്തിയവർ അതിന്റെ ആഘാതം താങ്ങാനാവാതെ എണ്ണയും മസാലയുമെടുത്ത് മുഖത്തും ദേഹത്തുമെല്ലാം തേച്ചു. നിലത്തെ പുൽത്തകിടിയിൽ വീണുരുണ്ടു. കൂട്ടത്തിൽ ആദ്യം പുറത്തായ ചൈനക്കാരൻ തന്റെ കോഴിയെ എടുത്ത് തറയിലടിച്ചു പല കഷ്‌ണങ്ങളാക്കി. അത് കാണികൾക്ക് നേരെ വലിച്ചെറിഞ്ഞു.
ഏറ് കൊണ്ടവരാകട്ടെ, ക്ഷമാപണം നടത്താൻ മുന്നോട്ടുവന്ന ആതിഥേയരെ അത്ഭുതപ്പെടുത്തിക്കൊണ്ട് ആ സൗഭാഗ്യം അനുഭവിക്കാൻ ഭാഗ്യം ലഭിച്ചവർ തങ്ങളാണെന്ന മട്ടിൽ ചൈനക്കാരനുനേരെ നന്ദിയോടെ കൈകൾ ഉയർത്തി. തുടർന്ന് മറ്റുള്ളവരുടെ അനുമോദനങ്ങൾ സ്വീകരിച്ചുകൊണ്ട് പുൽമേടുകളിൽ നൃത്തം ചെയ്യാൻ തുടങ്ങി.
വർഷങ്ങളായി ഒരു പലസ്‌തീനിയുടെ ഉദരത്തിൽ കെട്ടിക്കിടന്ന ഭയാനകമായ ശൂന്യതയിലേക്ക് അപ്രതീക്ഷിതമായി ആഹാരം കടന്നുവന്നതും പൊട്ടിപ്പുറത്തേക്കു വന്ന അധോവായുവിന്റെ സ്‌ഫോടന ശബ്ദം ഒരു നിമിഷം എല്ലാവരേയും ഭയചകിതരാക്കി.
ചിലർ ഒരു ഷെൽ വർഷത്തിൽ നിന്നെന്ന പോലെ ഇരിപ്പിടത്തിൽനിന്നും ഇറങ്ങിയോടി.
അശ്വിനി പാണ്ഡേ പിന്നീട് അവരെയെല്ലാം ആശ്വസിപ്പിച്ച് വീണ്ടും കസേരകളിലേക്ക് കൊണ്ടുവന്നു.
ഞാൻ നോക്കി. ഇപ്പോൾ തന്നെ പാഹർ മറ്റുള്ളവരെക്കാൾ ബഹുദൂരം മുന്നിലാണ്. അവന്റെ തീറ്റ കണ്ട് ജുറാസിക് പാർക്കിലെ മാംസഭോജിയായ ടൈറാനോസോറിന്റെ മുന്നിൽ പെട്ടതുപോലെ നർമ്മദ എന്റെ പിറകിൽ ഒളിച്ചു.
തിന്നാൻ എടുക്കുന്ന സമയവും കഴിച്ചുകഴിഞ്ഞ സാധനങ്ങളുടെ അളവും രേഖപ്പെടുത്തിക്കൊണ്ട് പിന്നിലെ ലാപ്‌ടോപ്പുകളിൽ നിന്നും അക്കങ്ങൾ മത്സരാർഥികൾക്ക് പിന്നാലെ അതേ വേഗത്തിൽ ഓടിക്കൊണ്ടിരുന്നു.
‘‘മെൽവിൻ, ലുക്ക് അറ്റ് ഹിം.’’
ചിത്രീകരണം: ബാര ഭാസ്‌കരൻ
നർമ്മദ എന്റെ പിന്നിൽനിന്നും പാഹറിനു നേരെ വിരൽ ചൂണ്ടി.
ഞാൻ നോക്കിയപ്പോൾ മേശപ്പുറത്തുയർന്ന എല്ലുകളുടെ കുന്നിനു മുകളിൽ ഒരു കോഴിക്കാലുകൂടി എടുത്തുവെച്ച് അവൻ ഞങ്ങളിൽ നിന്ന് അപ്രത്യക്ഷനായി.
മെല്ലെ മെല്ലെ ഇന്ത്യയിൽ നിന്നുള്ള ഏഴുപേരടക്കം പതിമൂന്ന് രാജ്യങ്ങളിലുള്ളവർ തമ്മിൽ യുദ്ധം തുടങ്ങിയ സ്ഥലത്ത് ഇപ്പോൾ വെറും അസ്ഥികൾ മാത്രം ബാക്കിയായി...!
പാഹർ അടക്കം ഫിനിഷിങ് പോയിന്റിലേക്ക് കുതിക്കുന്ന അവസാനത്തെ നാലുപേരോട് പായൽ ബാധ കയറിയതുപോലെ ഉറക്കെ വിളിച്ചുപറഞ്ഞു.
‘‘ഹറി അപ്പ്, ഹറി അപ്പ്, ദിസ് വാർ ഈസ് എബൗട്ട് റീച്ച് ഇറ്റ്സ് ഫൈനൽ ഫേസ്.’’
‘‘വിൽയു പ്ലീസ് സ്റ്റോപ്പ് ഇറ്റ്.’’
ഞാൻ അലറി.
അശ്വിനി പാണ്ഡേ ഒന്നും സംഭവിക്കാത്തതുപോലെ LED സ്‌ക്രീൻ ഓഫ് ചെയ്‌തു.
‘‘കൺഗ്രാചുലേഷൻസ്.’’
അവർ ഞങ്ങൾക്കു നേരെ മന്ദഹാസത്തോടെ കൈനീട്ടി.
‘‘യേ കോമ്പറ്റീഷൻ കാ വിജയ് പാഹർഥാ’’ *6
‘‘എന്നിട്ടവനെവിടെ?’’
എല്ലിൻ കൂമ്പാരങ്ങൾ ഉണ്ടാക്കിയ ഞെട്ടലിൽ നിന്ന് മുക്തനാവാതെ ഞാൻ ചോദിച്ചു.
‘‘കം വിത്ത് മീ.’’
അശ്വിനി ഞങ്ങളേയും കൂട്ടി റിസോർട്ടിനു പിന്നിലെ ഗോഡൗണിലേക്ക് നടന്നു.
അവിടെ, ഭക്ഷ്യധാന്യങ്ങൾ അടുക്കിവെച്ച ചാക്കുകൾക്കുതാഴെ ഒരു ഡസ്‌കിൽ മലർന്നു കിടക്കുന്ന പാഹർ...!
ഞാൻ ഓടിച്ചെന്ന് അവനെ കുലുക്കി വിളിച്ചു.
അനക്കമില്ല...
‘‘പാച്ചു... പാച്ചു... എണീക്കെടാ.’’
‘‘ഹി ഈസ് നോ മോർ.’’
അശ്വിനി പാണ്ഡേ ഞങ്ങളുടെ ചുമലിൽ തട്ടി ആശ്വസിപ്പിച്ചു.
ഞാൻ നോക്കി, ഇനിയും ഭക്ഷണത്തിനായിട്ടെന്നപോലെ അവന്റെ വായ തുറന്നു കിടപ്പുണ്ട്.
അതിൽനിന്നും തണുത്ത ബിയറിന്റെ മണം പുറത്തേക്ക് വരുന്നു.
‘‘രണ്ടാം സ്ഥാനക്കാരൻ റുവാണ്ടയിലെ കബാക്കയെ മൂന്നരക്കോഴിക്കും ഒന്നേകാൽ കുപ്പി ബിയറിനുമാണ് പാഹർ തോൽപ്പിച്ചത്. അസാധ്യമായ മത്സരമായിരുന്നു അവൻ കാഴ്‌ചവെച്ചത്.
ഇക്കാര്യത്തിൽ നമ്മളെ ആർക്കും തോൽപ്പിക്കാൻ പറ്റില്ല സർ.’’
അശ്വിനി പാണ്ഡേ അഭിമാനത്തോടെ പറഞ്ഞു.
വിശപ്പുകൊണ്ട് ഒരു ഹാൽബക്കാരൻ നിർമിച്ച തിളക്കമേറിയ അത്ഭുതം അപ്പോഴും അശ്വിനിയുടെ കണ്ണിൽനിന്നും ഒഴിഞ്ഞു പോയിരുന്നില്ല.
അവർ പാഹറിന്റെ മൊബൈൽ എടുത്ത് എനിക്കു തന്നു.
‘‘ഇതിൽ നിന്നാണ് എനിക്ക് നിങ്ങളുടെ നമ്പർ കിട്ടിയത്.’’
ഡോക്ടർമാർ വന്ന് മരണം ഉറപ്പിച്ചു പോയതാണെങ്കിലും പാഹറിനെ പിൻസീറ്റിൽ കിടത്തി കാർ ഞങ്ങൾ മെഡിക്കൽ കോളേജിലേക്ക് വിട്ടു. പുറത്തെ മഞ്ഞിൽ കിടന്നു തണുത്ത സ്ട്രെച്ചറിൽനിന്ന് താഴെയിറക്കാതെ തന്നെ ഡോക്ടർ അവന്റെ നാഡി പിടിച്ചുനോക്കി.
മരണം നടന്നിട്ട് മൂന്ന് മണിക്കൂർ കഴിഞ്ഞിരിക്കുന്നു...!
ബോഡി മോർച്ചറിയിലേക്ക് വിട്ട ശേഷം ഡോക്ടർ കാഷ്വാലിറ്റിയിലെ രജിസ്റ്ററിൽ ഇങ്ങനെ എഴുതി.
"The reason for pahar's death was extream malnutrition’
ആശുപത്രിയുടെ പുറത്തെ മഞ്ഞു കാറ്റിലേക്കിറങ്ങുമ്പോൾ ഞാൻ നർമ്മദയോട് ചോദിച്ചു.
‘‘പാഹറിനെപ്പോലുള്ളവർക്ക് വിശക്കുമ്പോൾ വണ്ണം വെക്കുന്നത് ആരാണ്?’’ .
കുറിപ്പുകൾ
*1‐തിന്നേണ്ട നേരത്ത് പട്ടിണി കിടന്നതിന്റെയാ.
*2‐ എടാ നീ ബീഡിയില കണ്ടിട്ടില്ലേ? അത് തന്നെ സാധനം.
*3‐ ഞാൻ പത്തെണ്ണം തിന്നും
*4‐ ഇവിടെ എല്ലാം തോക്കിന്റെ കളിയാ സഹോദരാ.
*5‐ ഞാൻ എവിടെ തോറ്റാലും ഇവിടെ തോൽക്കില്ലെടാ
*6‐ ഈ മത്സരത്തിലെ വിജയി പാഹർ ആണ്.











0 comments