ad
Deshabhimani

കഥ: കമ്മാരപുരാണം ‐ അർജുൻ രവീന്ദ്രൻ

ചിത്രീകരണം: കെ സുധീഷ്‌
വെബ് ഡെസ്ക്

Published on May 09, 2025, 03:02 PM | 11 min read






ചിത്രീകരണം: കെ സുധീഷ്‌

തണുത്ത കാറ്റത്തെ ഇലയനക്കങ്ങളുടെ അകമ്പടിയോടെ, മങ്ങിയ നക്ഷത്രവെളിച്ചങ്ങൾക്ക് കീഴിലിരുന്ന് ഗബ്രിയേൽ കഥ പറയുമ്പോൾ അവന്റെ ചാരക്കണ്ണുകളും സ്വർണത്തലമുടിയും പൊടുന്നനെയുള്ള ഭാവമാറ്റങ്ങളും അവളെ ഭയപ്പെടുത്തി. കൈകളിൽ നിന്നുയരുന്ന മയക്കുപൊടികൾ ഇരുട്ടത്ത് പല വർണങ്ങളിൽ തിളങ്ങുന്നുവെന്ന് അവൾക്ക് തോന്നി. മത്ത് പിടിപ്പിക്കുന്ന പുകച്ചുരുളുകൾ തലയ്‌ക്ക്‌ ചുറ്റും കോട പോലെ നിറഞ്ഞ് അവളെ അവന് മുന്നിൽ തളർത്തിയിരുത്തി. അപ്പോൾ, തന്നെ അവൻ സങ്കൽപ്പിച്ചെടുത്തതാണോ എന്നവൾക്ക് സംശയമുണ്ടായി. കഥകൾ കേൾക്കാനും മറുത്തൊന്നും പറയാതെ തലകുലുക്കാനും അവനൊരു ആരാധികയെ വേണമായിരുന്നിരിക്കണം. പാമ്പാട്ടിയുടെ മകുടി കണ്ട് ഇരുവശങ്ങളിലേക്കും ആടുകയും അനുസരണയുണ്ടെന്ന് മറ്റുള്ളവരെ തോന്നിപ്പിക്കുകയും ചെയ്യുന്ന ഒരു നാഗത്തെപ്പോലെ അവൾ കഥയ്‌ക്കൊത്ത് തലയാട്ടി.

ഗബ്രിയേൽ പറഞ്ഞുതുടങ്ങിയ കഥ അവളെ കുടക് അതിർത്തിയോട് ചേർന്ന, കോടയണിഞ്ഞ കുന്നുകളുള്ള ഒരു ഗ്രാമത്തിലെത്തിച്ചു. അകമലനാട് എന്നായിരുന്നു അവിടം അറിയപ്പെട്ടിരുന്നത്. ആ നാടിന്റെ ഉടയവനായിരുന്നു കമ്മാരൻ എശമാനൻ. ഭൂമിയുടെ അതിര് കാക്കാൻ രാത്രി ഒരു കുതിരപ്പുറത്ത് തോക്കുമായി ഉലാത്തുന്ന കമ്മാരനെ അവൻ അനുകരിച്ച് കാണിച്ചു. ഇടറിവീഴുന്ന കാറ്റത്ത് ജനാല കൊട്ടിയടഞ്ഞപ്പോൾ അവനത് വെടിവച്ച് തകർത്തെന്ന് അവൾക്ക് തോന്നി. നിലത്ത് കുത്തിവച്ച ചാത്തിരമല എന്ന പുസ്‌തകം അതേ കാറ്റത്ത് ചെരിഞ്ഞുവീണു.

കഥകൾക്കുമക്കരെ, ഏതോ ഒരു കടല് കടന്ന് പോകുന്ന വിമാനം സ്വപ്‌നം കണ്ടുകൊണ്ടാണ് അന്ന് സമാന്ത ഉറങ്ങിയത്. നീല പെയിന്റ്‌ അലക്ഷ്യമായി തൂവിയതുപോലുള്ള സമുദ്രത്തിന് മീതെ അത് ഉലയാതെ നിന്നപ്പോൾ അവൾ ചുറ്റിലും നോക്കി. അരികിലെങ്ങും ഗബ്രിയേൽ ഉണ്ടായിരുന്നില്ല എന്നത് അവളെ കൂടുതൽ സന്തോഷവതിയാക്കി. വിമാനം കടല് കടന്നു, വർഷങ്ങൾ പലത് കഴിഞ്ഞു. ടൊറന്റോയിലെ വീട്ടുമ്മറത്ത് കനത്തുകെട്ടിനിന്ന മഞ്ഞുപാളികൾ തട്ടി വൃത്തിയാക്കുന്നതിനിടെ ബംഗളൂരുവിന്റെ ഇളംതണുപ്പുള്ള പ്രഭാതത്തിലേക്ക്‌ അവൾ ബോധംകെട്ടുവീണു. കെട്ടുപിണർന്ന ഇലക്ട്രിക് ലൈനുകൾക്ക് മീതെ പുലരി തെളിഞ്ഞപ്പോൾ അവൾ കണ്ണ് തുറന്നു.

ഗബ്രിയേലിന്റെ ഷൂസുകളിൽ ഏതെങ്കിലും താൻ മറന്നോ എന്നവൾ ആലോചിച്ചു. പൈൻ മരങ്ങളുടെ തൊലിപോലെ വെള്ളി നിറത്തിലുള്ള അവന്റെ ജാക്കറ്റും അടിവസ്‌ത്രങ്ങളും അടുക്കിവച്ചിട്ടുണ്ടെന്നുറപ്പിക്കാൻ തലേദിവസം പായ്‌ക്ക്‌ ചെയ്‌ത്‌ വച്ച സാധനങ്ങൾ തിടുക്കത്തിൽ വീണ്ടും പരതി.

കോഫി പതപ്പിച്ച് മധുരമുള്ള ബിസ്‌ക്കറ്റുകൾ പ്ലേറ്റിൽ വിതറി ഗബ്രിയേലിനെ ഉണർത്തി. എഴുന്നേറ്റയുടനെ തലേന്ന് ചുരുട്ടിവച്ചത് കത്തിച്ച് റൂമിന് പുറത്തുള്ള ടെറസിൽ പോയി നിന്ന് അവൻ പ്രഭാതത്തിലേക്ക്‌ കണ്ണുറപ്പിച്ചു. വായിച്ചുതീർത്ത പുസ്‌തകങ്ങൾ കിടന്നിടത്ത് തന്നെ കൂട്ടിയിട്ടിട്ടുണ്ടായിരുന്നു.

ഇന്നലെ ഉച്ചയോടെയാണ് വീട്ടിൽ പോകുന്ന കാര്യം അവനോട് പറഞ്ഞത്. നിലത്ത് ഒരു മൂലയ്‌ക്ക്‌ ഹാഫ് ട്രൗസറിൽ കുത്തിയിരുന്ന് അൽപ്പനേരം ചിന്തിച്ചശേഷം അവൻ പറഞ്ഞു.

“ഞാനും വരാം, നമുക്ക് കഥയൊക്കെ പറഞ്ഞ് പോകാം.”

നീണ്ടുവളർന്ന തലമുടി ചീകിയൊതുക്കി മൈസൂർ മാങ്കോസ് എന്ന് പേരിട്ട് വിളിക്കുന്ന കഞ്ചാവ് ക്രഷ് ചെയ്‌ത്‌ റോളിങ് പേപ്പറിലേക്ക്‌ തിരുകിക്കയറ്റി. മാമ്പഴത്തിന്റേത് എന്ന് തോന്നിപ്പിക്കുന്ന ഗന്ധം മുറിയിലെങ്ങും പരന്നു. തങ്ങൾ ഇരുവരും ഒരു മാന്തോട്ടത്തിലാണ് നിൽക്കുന്നത് എന്ന് അവൻ അവളെ തോന്നിപ്പിച്ചു.

മൈസൂരിലെ മാമ്പഴത്തോട്ടങ്ങൾ വിട്ട് അവർ കുടകിലേക്ക്‌ അടുക്കുകയായിരുന്നു. തണുത്ത കാറ്റിനൊപ്പം കാപ്പി പൂത്ത ഗന്ധം ഥാറിന്റെ ഇടതുവശത്തെ സീറ്റിൽ അവളെ ഒതുക്കിക്കിടത്തി. ഒരു കുഞ്ഞിനെപ്പോലെ കൈ പുറത്തിട്ട് തണുപ്പിനെ ഉള്ളം കയ്യിൽ വാങ്ങി. കടുംവർണത്തിൽ ചുവന്നും മഞ്ഞച്ചും നിൽക്കുന്ന പൂക്കളെ അവൾ കണ്ടു. ഉയരങ്ങളിലുള്ള പൂക്കൾക്ക് കടുത്ത നിറമാണ് എന്നവൾക്ക് തോന്നി. അവയ്‌ക്കും മീതെ ദൂരെ നീലിച്ച് മഞ്ഞിൽ പുതഞ്ഞ് കിടക്കുന്ന മലനിരകൾ കണ്ടപ്പോൾ അവൾക്ക് വീണ്ടും ഇന്നലത്തെ രാത്രി ഓർമ വന്നു.

താഴ്‌വാരത്ത് കോടയിറങ്ങിയത് കണ്ടുനിന്നപ്പോൾ അവൾ കഥയുടെ തുടർച്ചയെക്കുറിച്ച് ചോദിച്ചു. അവൻ അവളെ കണ്ണാടിയിൽക്കൂടി ഒന്ന് നോക്കിയശേഷം ഒരു സിഗരറ്റ് കത്തിച്ചു. കവുങ്ങുകളും കാട്ടുമരങ്ങളും കാപ്പിച്ചെടികളും അതിരിടുന്ന റോഡിലൂടെ അലക്ഷ്യമായി വണ്ടിയോടിച്ചുകൊണ്ട് അവൻ തുടർന്നു.

കിഴക്ക് മലയും ചുറ്റുപാടുകളും കാട് പുതച്ച് കിടന്ന കാലമായിരുന്നു. അതിരോ അവകാശികളോ ഇല്ലാത്ത ഭൂമി. അവിടെ നിന്ന് ഒരുപാട് പടിഞ്ഞാറ് നീലക്കടൽ കാണുന്ന ദിക്കിൽനിന്ന് കമ്മാരന്റെ വലിയമ്മാവൻ ഗോവിന്ദൻ അവിടേക്ക്‌ വന്നു. ഒപ്പം തോക്കേന്തിയ പടയാളികളും അധ്വാനിക്കാൻ മനസുള്ള ഒരുപറ്റം ജനങ്ങളുമുണ്ടായിരുന്നു. കിഴക്ക് മലയ്്‌ക്കപ്പുറമുള്ള താഴ്‌വാരത്ത് പൊന്ന് വിളയിച്ച് പങ്കിട്ടെടുക്കാം എന്ന്‌ അയാൾ അവർക്ക് വാക്ക് കൊടുത്തിരുന്നു. അവരെല്ലാവരും പതുക്കെ കിഴക്ക് മല കയറി. ഒരു വലിയ ജനസഞ്ചയം മല പുതഞ്ഞ് കയറുന്നത് താഴ്‌വാരത്തിനപ്പുറമുള്ള കുന്നുകളിലിരുന്ന് വേടരാജാക്കന്മാർ ഭയപ്പാടോടെ കണ്ടുനിന്നു. തങ്ങളുടെ വന്മലയാകെ ചിതലരിച്ചപോലെ അവർക്ക് തോന്നി. ഒരു നഗരം മലകയറിയിറങ്ങുന്നു. മലക്കാരിയേയും മുത്തപ്പന്മാരെയും അവർ മനസ്സുരുകി വിളിച്ചു.

കിഴക്ക് മല കഴിഞ്ഞുള്ള താഴ്‌വാരത്ത് ഗോവിന്ദനും സംഘവുമെത്തി. അവർ കാടാകെ വെട്ടിത്തെളിക്കാൻ തുടങ്ങി. തോക്കിൻ മുനകൾ കണ്ട് ഭയന്നോടിയ വേടരാജാക്കന്മാർ കുന്നിൻ പുറങ്ങളിൽ ഒളിച്ചിരുന്ന് ഒളിയമ്പുകൾ എയ്‌ത്‌ പ്രതിരോധിച്ചുകൊണ്ടിരുന്നു. ഗോവിന്ദന്റെ മനുഷ്യർ കാട് വെട്ടിത്തെളിച്ചും കരിച്ചും പൊനം കൃഷി തുടങ്ങി. വേടരാജാക്കന്മാർ അജ്ഞാതമായ ഏതോ പേരിട്ട് വിളിച്ചിരുന്ന ആ നാടിന് അകമലനാട് എന്ന് ഗോവിന്ദന്റെ വാല്യക്കാർ പേര് വിളിച്ചു. അകമലനാട്ടിലെ ജനങ്ങൾ കിഴക്ക് മലയെ പടിഞ്ഞാറൻ മല എന്ന് വിളിച്ച് തുടങ്ങി. അകമലനാടിന് കിഴക്ക് ഭാഗത്ത് ഉയരമുള്ള മലകൾ ഉണ്ടായിരുന്നില്ല. കുന്ന് കയറിയിറങ്ങിയാൽ തന്നെ കുടകായി.

വെള്ളക്കാർക്ക് കരം കൊടുത്ത് ആവശ്യമുള്ള പടക്കോപ്പുകളും പടയാളികളേയും ഗോവിന്ദൻ നേടിയെടുത്തു. കുന്ന് കയറിപ്പോയ വേടരാജാക്കന്മാരെ പിന്തുടർന്ന് തോക്കിൻകുഴലിലൊതുക്കി. കാട്ടുമൃഗങ്ങൾ ഉൾക്കാട്ടിലേക്ക്‌ ഒതുങ്ങി. ഗോവിന്ദൻ എശമാനൻ അങ്ങനെ ആ മലമ്പ്രദേശം മുഴുവൻ തന്റേതാക്കി. അതിർത്തി കഴിഞ്ഞ് കുടകുനാട്ടിലും അയാൾ ഭൂമി കയ്യടക്കി. കുടകരെ എതിരിട്ടു. കുടകപ്പടയുമായി വലിയ പോരാട്ടം തന്നെ നടന്നെങ്കിലും അന്തിമവിജയം ഗോവിന്ദന് തന്നെയായിരുന്നു. അങ്ങനെ അകമലനാട് കുടകിനകത്തേക്കും പടർന്ന് കയറി. കോട്ട പോലുള്ള ഒരു ചെറിയ കുന്നിൻമുകളിൽ കുന്നത്ത് എന്നൊരു വലിയ തറവാടും കെട്ടി ഗോവിന്ദൻ അകമലനാട് വാണു. കറ്റൻ നരിയെയും കുടകരെയും തോക്കിൻമുനമ്പിൽ തീർത്ത ഗോവിന്ദൻ എശമാനനെ കുറിച്ച് സചിവന്മാർ പാട്ടുകളെഴുതി. കുന്നത്ത് തറവാടിന്റെ ഉമ്മറത്തുള്ള പുലിത്തോലും കലമാന്റെ കൊമ്പും എശമാനൻമാരുടെ വീരത്തെ അടയാളപ്പെടുത്തി.

കാപ്പിത്തോട്ടങ്ങളിലേക്ക്‌ വർഷിച്ച് തീർത്തശേഷം സിബ്ബ് ആയാസത്തിൽ വലിച്ചടച്ചുകൊണ്ട് ഗബ്രിയേൽ തുടർന്നു.

ഗോവിന്ദൻ എശമാനന് ശേഷം മരുമകൻ ഒതേനൻ എശമാനൻ ആ നാട് ഭരിച്ചു. ഉയരമുള്ള പ്രദേശങ്ങളിൽ ഒതേനൻ കാപ്പിയും ഏലവും കൃഷി ചെയ്‌തു തുടങ്ങി. വിളയുന്ന കാപ്പിയും ഏലവും കുരുമുളകുമൊക്കെ വെള്ളക്കാർക്ക് കൊടുത്തു. കാലം കഴിയുന്തോറും എശമാനന്മാരുടെ യജമാനത്വം തീവ്രമായിക്കൊണ്ടിരുന്നു. ഒതേനന് ശേഷമാണ് അയാളുടെ മരുമകൻ കമ്മാരൻ അധികാരത്തിലെത്തിയത്. അധികാരം കിട്ടിയതുമുതൽ കമ്മാരൻ അവിടെ മദിച്ച് വാഴാൻ തുടങ്ങി. സാമാന്യത്തിലധികം പൊക്കവും കരുത്തുറ്റ ശരീരവുമുള്ള കമ്മാരന്റെ മുമ്പിൽ നിൽക്കാൻ എല്ലാവരും ഭയപ്പെട്ടു. മുമ്പുള്ളവരെക്കാളും മോശമായിരുന്നു അയാൾ. അയാളുടെ ഇളംവർണത്തിലുള്ള കണ്ണുകളും കറുത്ത് നീണ്ട മീശയും കണ്ട് കാട്ടുമൃഗങ്ങൾപോലും ഭയന്നോടി. മലമുകളിലെ ഉൾവനങ്ങളിൽ നായാടിയും സമയം കൊല്ലാൻ മനുഷ്യരെ വേട്ടയാടിയും അയാൾ രസിച്ചു. അധ്വാനിക്കാൻ വന്ന ജനങ്ങൾ പൂർണമായും അടിയാളന്മാരായി മാറി. നെല്ല് മുഴുവൻ കമ്മാരൻ തന്റെ പത്തായത്തിൽ കൊണ്ടുവച്ചു. കമ്മാരന്റെ പാണ്ടികശാലയിലെ തോക്കുകളുടെ എണ്ണവും തോക്കുപിടിക്കുന്നവരുടെ എണ്ണവും കൂടി. അടിയാളരുടെ മക്കൾ പടിഞ്ഞാറൻ മല നോക്കി വയറ്റിൽ തീ എരിയിച്ചു. രാവെന്നോ പകലെന്നോ ഇല്ലാതെ അവർ പണിയെടുക്കാൻ തുടങ്ങി. പുകപ്പുരകളും കഴുമരങ്ങളും ഉയർന്നു. എതിർക്കുന്നവരെ പുകച്ചും പരസ്യമായി തൂക്കിലേറ്റിയും കൊന്നു.

വീരാജ്പേട്ടിലേക്ക്‌ അടുത്തുകൊണ്ടിരിക്കെ ദൂരെ കോടമഞ്ഞിൽ നേർത്ത് നീലിച്ച് കാണപ്പെട്ട മലയെ കൈചൂണ്ടി ഗബ്രിയേൽ പറഞ്ഞു.

“അതാണ് ചാത്തിരമല.” മല പോലെ കുത്തി നിർത്തി കാണപ്പെട്ട ആ പുസ്‌തകത്തിന്റെ പേരും ഇത് തന്നെയായിരുന്നു എന്നവൾ ഓർത്തു.

അകമലനാട്ടിന്റെ കുറുകെ ചാത്തിരമല വന്നത് എങ്ങനെയാണെന്നും ഗബ്രിയേൽ പറഞ്ഞു. കേരളത്തിലും കുടകിലുമായി മഹാശയനം കൊള്ളുന്ന ഒരു വന്മലയാണ് ചാത്തിരമല. പണ്ട് ലങ്കയിലേക്ക് ഋഷഭാദ്രി മലയുമായി പറന്ന ഹനുമാന്റെ കയ്യിൽനിന്നും വീണ് മണ്ണിലുറച്ചതാണ് ആ മല എന്നാണ് ഐതിഹ്യം. ഇതിലും വിശ്വാസയോഗ്യമായി അവൾക്ക് തോന്നിയത് ഗബ്രിയേൽ പറഞ്ഞ ആ രഹസ്യം തന്നെയാണ്. പണ്ട് അങ്ങനൊരു മല അവിടെ ഉണ്ടായിരുന്നില്ല. കേരളത്തിലും കുടകിലുമായി കമ്മാരന്റെ കാപ്പിത്തോട്ടങ്ങളും ഏലത്തോട്ടങ്ങളും പരന്നുകിടന്നു. കമ്മാരന്റെ ചെയ്‌തികളിൽ കലി പൂണ്ട ചാത്തിരമുത്തപ്പനാണ് മലയുടെ രൂപത്തിൽ അകമലനാട്ടിന് കുറുകെ കിടന്നത്. ആറായിരം അടിയോളമുള്ള മല ഉയർന്നപ്പോൾ അത് കടന്ന് അപ്പുറം പോകാൻ പറ്റാതെയായി. അതോടെ കുടകിൽ ഉണ്ടായിരുന്ന വലിയൊരു ഭൂമിയും അതിലെ തോട്ടങ്ങളും കമ്മാരന്റെ പിൻതലമുറയ്‌ക്ക്‌ നഷ്ടമായി.

ഗബ്രിയേൽ പറഞ്ഞുനിർത്തിയപ്പോഴേക്കും കോട നീങ്ങി വൈകുന്നേരത്തെ വെയിലിൽ ആ മല വെട്ടിത്തിളങ്ങുന്നതായി അവൾ കണ്ടു. ആ വെളിച്ചം തന്നെ തിരയുന്നതായി അവൾക്ക് തോന്നി.

“നമ്മൾ ഇന്ന് ആ മലയുടെ പടിഞ്ഞാറേ താഴ്‌വരയിലാണ് താമസിക്കുക.” ഗബ്രിയേലിന്റെ ചാരക്കണ്ണുകൾ അവളെ സ്‌നേഹത്തോടെ നോക്കി.

“നാളെ രാവിലെത്തന്നെ വീട്ടിൽ കൊണ്ടാക്കാം.” ഗബ്രിയേലിനെ കടന്നുപോകാൻ ഈ അവസരത്തിൽ സാധിക്കില്ല എന്നവൾക്ക് അറിയാമായിരുന്നതുകൊണ്ട് നിസ്സംഗമായി തല കുലുക്കുകമാത്രം ചെയ്‌തു.

വീരാജ്പേട്ടിൽ നിന്നും വാങ്ങിയ കാപ്പിയിൽ പഞ്ചാര ഇട്ട് ഇളക്കിക്കൊണ്ടിരിക്കെ കമ്മാരന്റെ കഥ മാടായിയിലെ അടിമച്ചന്തയിൽനിന്ന് വാങ്ങിയ ചാത്തിരൻ എന്ന യുവാവിലൂടെ തുടർന്നു.

കമ്മാരന് കൂടെയുള്ളവരെയൊന്നും വിശ്വാസമുണ്ടായിരുന്നില്ല. ഒരു പുതിയ ആളെ തന്റെ കൂടെ ചേർക്കണം എന്നയാൾ കരുതി. അടിമകൾ വളരെ വിശ്വസ്‌തരാണെന്ന് അകമലക്കാട്ടിലെ മലക്കാരി ദൈവം അയാൾക്ക് സ്വപ്‌നത്തിൽ അശരീരി കൊടുത്തു. പടിഞ്ഞാറൻ മല കയറി അയാൾ കോലത്തുനാട്ടിൽ എത്തി. നേരെ പടിഞ്ഞാറൻ തീരത്തേക്ക്‌ കുതിര പായിച്ചു. കിള്ളാ നദിക്കരയിലെ പഴയങ്ങാടിയിൽ അയാളെത്തി. പട്ടണത്തിലെ കാഴ്‌ചകൾ കണ്ട് അയാൾ മാടായിപ്പാറ കയറി. പാറയുടെ ഒത്ത നടുവിലായി അനേകം മനുഷ്യരെ നിരത്തി വച്ച അടിമച്ചന്ത കണ്ടു. കൈയ്‌ക്കും കാലിനും കാട്ടുതടിയുടെ ഉറപ്പുള്ള ചാത്തിരൻ അക്കൂട്ടത്തിലുണ്ടായിരുന്നു. അവനെ കമ്മാരൻ കണ്ണുവച്ചു. അവന് പതിനാറ് വയസ്സാണ്. യജമാനൻ മരിച്ചശേഷം അവൻ സ്വയം ചന്തയിലേക്ക്‌ വന്നതാണ്. അവന്റെ അച്ഛനമ്മമാരും ഇളയ സഹോദരനും മറ്റൊരു യജമാനന്റെ വിൽപ്പനച്ചരക്കുകളായി കമ്പോളത്തിലുണ്ടായിരുന്നു. അവരെ കൂടെ കൂട്ടാൻ അവൻ കമ്മാരനോട് അഭ്യർഥിച്ചെങ്കിലും അയാൾ കൂട്ടാക്കിയില്ല. അവരോട് നിസ്സംഗമായി യാത്രാമൊഴി ചൊല്ലി തന്റെ പുതിയ യജമാനനെ ചാത്തിരൻ അനുഗമിച്ചു. മഴ പെയ്‌ത്‌ നനഞ്ഞുകിടന്ന പച്ച കിളിർത്ത പാറയിലൂടെ അവർ കിഴക്കോട്ട് കുതിച്ചു. കമ്മാരനെയും കുതിരയെയും തൊട്ട് ചാത്തിരൻ കൂടെയോടി.

പടിഞ്ഞാറൻ മല കുതിരയ്‌ക്കൊപ്പം കുതിച്ച് കയറി അകമലനാട്ടിൽ ചാത്തിരനെത്തി. തങ്ങളുടെ ഒരു രക്ഷകൻ ഇതാ വന്നിരിക്കുന്നു എന്ന് അടിയാളരിൽ ചിലർക്കെങ്കിലും ഉൾവിളിയുണ്ടായി. അവനെ കണ്ടപ്പോൾ പടിഞ്ഞാറേ മലയ്‌ക്ക്‌ മുകളിൽ സൂര്യനുദിച്ചപോലെ അവർക്ക് തോന്നി. എങ്കിലും, അവരുടെയൊക്കെ പ്രതീക്ഷ തെറ്റിച്ച് കമ്മാരന്റെ വിശ്വസ്‌തനായി അവൻ നടന്നു. അവനെ കമ്മാരൻ അടിയാളരുടെ നേതാവാക്കി. അവന്റെ നേതൃത്വത്തിൽ അവർ കൈ മെയ് മറന്ന് പണിയെടുത്തു. പക്ഷേ, കൊയ്യുന്ന നെല്ല് മുഴുവൻ പത്തായത്തിലേക്ക്‌ പോകുന്നതാണ് അവൻ കണ്ടത്. ഏലവും കുരുമുളകും കാപ്പിയും നെല്ലും കാളവണ്ടികളിൽ തലശ്ശേരിക്ക്‌ പോകുന്നു. അടിയാളരുടെ മക്കൾ പടിഞ്ഞാറൻ മല നോക്കി വയറ് നീറിയിരിക്കുന്നു. ചോദ്യം ചെയ്യുന്നവരെല്ലാം പുകപ്പുരയിലും കഴുമരത്തിലും കൊല്ലപ്പെടുന്നു. തോക്കേന്തിയ പടയാളികൾ പാടത്തും കൂരകളിലും മദിച്ച് നടക്കുന്നു.

അന്നൊരുനാൾ ഏലത്തോട്ടത്തിലെ വിളവെടുപ്പിന് ശേഷം ഇരുള് പരന്നപ്പോൾ നീലനിറത്തിലുള്ള ഒരു വെളിച്ചം അവൻ കണ്ടു. അത് അവനെ കാടിന്റെ ഉള്ളിലേക്ക്‌ തെളിച്ചു. നീലവെളിച്ചം പിന്നീട് പല വർണത്തിൽ തിളങ്ങുന്ന മാന്ത്രികപ്പൊടികളായി മാറി. അത് ഒരു ഓലച്ചൂട്ടിന്റെ രൂപത്തിൽ മിന്നിക്കൊണ്ട് മലക്കാരിയുടെ കാവിൽ അവനെ കൊണ്ടെത്തിച്ചു. മലക്കാരിത്തറയിൽ ആ വെളിച്ചമെല്ലാം പോയ് ചേർന്ന് വലിയൊരു തീയായി ഒരുമിച്ച് കത്തി. കാട് മുഴുവൻ തീയാളിയെന്ന് അവന് തോന്നി. ആ വിസ്‌ഫോടനത്തിൽ അവൻ മയങ്ങിവീണു.

രാവേറെ ചെന്ന് കണ്ണ് തുറന്ന ചാത്തിരന്റെ മുമ്പിൽ വേടരാജാവായ മലക്കാരിയുടെ രൂപം. ചുറ്റും തീയടങ്ങിയിട്ടില്ല എന്നവന് തോന്നി. വാനം മുഴുക്കെ ഇടിവാളുകൾ മിന്നുന്നതായി അവൻ കണ്ടു. വലംകയ്യിൽ വില്ലും ശരവും ഇടംകയ്യിൽ തീപ്പന്തവും. തീ പോലെയാളുന്ന കണ്ണുകൾക്ക് മീതെ വെള്ളിപ്പൊയ്‌ക്കണ്ണ്. എണ്ണക്കറുപ്പാർന്ന നീണ്ട് ഭംഗിയുള്ള താടിയും തിരുജഡയും കാരിരുമ്പിന്റെ കരുത്തുറ്റ ശരീരവും. മയിൽപ്പീലികൾ ചേർത്ത് തുന്നിയ പീലിക്കിരീടം. അടിയാളരുടെ രാജാവാകാൻ ആ വേടരാജാവ് ചാത്തിരനോട് കൽപ്പിച്ചു. മലക്കാരി നൽകിയ പന്തവുമായി കുതിച്ച ചാത്തിരൻ കുന്നത്ത് തറവാട്ടിലെ പുൽപ്പുരയ്‌ക്ക്‌ തീയെറിഞ്ഞു. തറവാട്ടുകെട്ടിൽ അത് കാട്ടുതീപോലെ പടർന്ന നേരം അടിയാളരെയെല്ലാം കൂട്ടി ചാത്തിരൻ പടിഞ്ഞാറൻ മല കയറി. തീയിൽ ബാക്കിയായ കമ്മാരന്റെ പടയാളികൾ അയാളുടെ നേതൃത്വത്തിൽ അവരുടെ പിന്നാലെ കുതിച്ചു. പരമാവധി പേരെയും മല കടത്തിവിട്ടശേഷം ബാക്കിയായവരുടെ കൂടെ മല കയറുന്ന ചാത്തിരനെ അവർ വളഞ്ഞു. കൂട്ടത്തിൽനിന്നും അവനെ മാത്രം തൂക്കിയെടുത്ത് അയാൾ അകമലക്കാടിന്റെ ഉള്ളിലേക്ക്‌ പാഞ്ഞുപോയി. മലക്കാരിയുടെ കാവിന്റെ മുന്നിൽവച്ച് അയാൾ അവന്റെ നെഞ്ചിൻകൂട് തകർത്ത് വെടിവച്ചു.

പുകമണം മാറാത്ത പിറ്റേന്നത്തെ രാത്രി ഒരു പൗർണമി നാളായിരുന്നു. അങ്ങനൊരു ദിവസത്തിലും നിലാവുണ്ടായിരുന്നില്ല എന്നത് അയാളെ ആശങ്കപ്പെടുത്തി. തന്റെ നാടിനെ വലിയൊരു ഇരുട്ട് മറച്ചിരിക്കുന്നുവെന്ന് അയാൾക്ക് തോന്നിയെങ്കിലും ആകാശം നോക്കാനുള്ള ധൈര്യം വന്നില്ല. ഇതുവരെയില്ലാത്ത ഒരു ഭയം അയാളെ കീഴ്‌പ്പെടുത്തിക്കഴിഞ്ഞിരുന്നു. രാത്രി ഏറെ വൈകി വാറ്റും വെടിയിറച്ചിയും കഴിച്ചിരുന്നപ്പോൾ വീടിന് പിറകിൽ ഒരു കുലുക്കം കേട്ടു. ഓടിപ്പിടച്ച് ചെന്ന് നോക്കിയപ്പോൾ അൽപ്പം ദൂരെയായി ആകാശംമുട്ടെ ഉയരമുള്ള ഒരു രൂപത്തെ കണ്ടു. അത് ചന്ദ്രനെ മറച്ചിരിപ്പുണ്ടായിരുന്നു. അതിന് ചാത്തിരന്റെ മുഖം ആയിരുന്നു. അത് അയാളെ നോക്കി ഉറക്കെ അട്ടഹസിച്ചു. അയാളുടെ കൈകൾ വിറച്ചെങ്കിലും ഓടിച്ചെന്ന് ഉമ്മറപ്പടിയിൽ ചാരി വച്ചിരുന്ന തോക്ക് തൊഴുതെടുത്തു. തോക്ക് കയ്യിലെടുത്തപ്പോൾ ഭയം വിട്ടകന്ന് അയാൾ പഴയ കമ്മാരനായി. മീശയുടെ വലത്തേപ്പിരി ഒന്നുകൂടി പിരിച്ചുവച്ച് തോക്ക് തുടയ്‌ക്കടിച്ച് ഭൂമി കുലുക്കിക്കൊണ്ട് അയാൾ ചാത്തിരൻ നിൽക്കുന്ന ദിക്കിലേക്ക്‌ ഓടിച്ചെന്നു. കാഞ്ചിയിൽ താളം കൊട്ടി നിറയൊഴിച്ചപ്പോൾ ഒരു വലിയ അലർച്ചയോടെ ചാത്തിരൻ കമ്മാരന് മേൽ ചെരിഞ്ഞുവീണു. കമ്മാരൻ അതിന്റെ അടിയിൽപ്പെട്ട് ചതഞ്ഞു. ഒന്ന് നിലവിളിക്കാൻ പോലുമാവാതെ അയാൾ ഭൂമിപാതാളത്തിലേക്ക്‌ താഴ്‌ന്നിറങ്ങി. ചാത്തിരൻ ചെരിഞ്ഞ് കിടന്ന ദിക്കിൽ ഒരു പടുകൂറ്റൻ മല ഉയർന്നുപൊങ്ങി. പടിഞ്ഞാറൻ മലയേക്കാളും ഉയരത്തിൽ മേഘക്കൂട്ടങ്ങൾക്കിടയിൽ അത് അഗാധനിദ്രയിലാണ്ടു. ഇരുൾ നീങ്ങി വന്ന ചന്ദ്രൻ അതിന്റെ ഉച്ചിയിൽ വലിയ വട്ടത്തിൽ വിരിഞ്ഞ് നിന്നു. മലയ്‌ക്ക്‌ ഇരുപുറവും നിലാവ് പരന്നു. കഥ അവിടെ അവസാനിച്ചപ്പോഴാണ് ഗബ്രിയേലിന്റെ ഥാർ കുടകുവനം കടന്ന് മലനാട് തൊട്ടത്.

….........

കൂട്ടുപുഴ പാലം കടന്നപ്പോൾ പുഴ നിലാവിൽ വെന്തുരുകുന്നത് പോലെ അവൾക്ക് തോന്നി. ഇരിട്ടിപ്പാലത്തിന് മുന്നിലുള്ള റൗണ്ട് എബൗട്ട് തൊട്ട് ഒന്ന് വലത്തോട്ട് പുളഞ്ഞ് ഥാർ വീണ്ടും കിഴക്കോട്ട് കയറിപ്പോയി.

റോഡ് സൈഡിൽ കാനഡയിലേക്കുള്ള തുരങ്കമെന്ന പോലെ ഒരു കൺസൾട്ടൻസിയുടെ ഫ്‌ളെക്‌സ്‌ ഉണ്ടായിരുന്നു. അവൻ അത് നോക്കി നിഗൂഢമായി ചിരിച്ചപ്പോൾ യാത്രയ്‌ക്കിടയിൽ അവൾക്ക് ആദ്യമായി ഭയം തോന്നി.

“ഇനിയങ്ങോട്ട് കമ്മാരന്റെ ദേശമാണ്.” അത് പറഞ്ഞപ്പോഴേക്കും ഗട്ടറിൽ വീണ് വണ്ടി ഒന്ന് നന്നായി കുലുങ്ങി. ഗബ്രിയേൽ തന്റെ പല്ലുകൾ കൊഴിഞ്ഞുതുടങ്ങിയ വായ തുറന്ന് അവളോട് ചിരിച്ചു. റോഡിനിരുവശത്തും പാല് കിനിയാത്ത റബ്ബർ മരങ്ങൾ കാടുപോലെ വളർന്ന് നിൽപ്പുണ്ടായിരുന്നു. മലയിലെ ഉയർന്ന മരങ്ങളിൽ തലകീഴായുറങ്ങുന്ന അടിയാളമുത്തപ്പന്മാർ മല പാഞ്ഞുകയറുന്ന വണ്ടിയുടെ ഇരട്ടവെളിച്ചങ്ങൾ കണ്ട് ഉറക്കം ഞെട്ടിയുണർന്നു.

“ഇതാണ് കിഴക്ക് മല, അകമലനാടുണ്ടായപ്പോൾ അവിടുത്തുകാർ ഇതിനെ പടിഞ്ഞാറൻ മലയാക്കി. ആ പേരിലാണ് ഇപ്പോൾ ഇവിടം അറിയപ്പെടുന്നത്. ദിശകൾ പോലെ ആപേക്ഷികമായ മറ്റെന്തെങ്കിലും ഈ ലോകത്തുണ്ടോ...” അടിയാളരോട് വേദമോതുന്ന ഗോവിന്ദൻ എശമാനനെ പോലെ ഗബ്രിയേൽ പറഞ്ഞു.

ഉയരെ പോകുന്തോറും ഇരിട്ടിപ്പട്ടണത്തിലെ വെളിച്ചങ്ങൾ മാനത്തുനിന്ന് ഉതിർന്നുവീണ നക്ഷത്രങ്ങൾ പോലെ പടിഞ്ഞാറ് താഴ്‌വാരത്ത് തെളിഞ്ഞു കണ്ടുതുടങ്ങി. മല കയറി തെരുവപ്പുല്ലുകൾ നിറഞ്ഞ ഒരു സമതലത്തിലെത്തി. തെരുവപ്പുല്ലുകൾക്ക് പകരം അവിടെയെങ്ങും കാപ്പിത്തോട്ടങ്ങളായിരുന്നു എന്ന് ഗബ്രിയേൽ പറഞ്ഞു. അവിടെ ദൂരെയായി ഒരു കരിപിടിച്ച കെട്ടിടം ഉണ്ടായിരുന്നു.

“ഇത് പുകപ്പുര, കമ്മാരന്റെ ജനങ്ങളിലെ പുകഞ്ഞ കൊള്ളികളെ പുകയ്‌ക്കുന്നത് ഇവിടെയാണ്.” അനേകം മനുഷ്യർ അതിനകത്ത് നിലവിളിക്കുന്നതായി അവൾക്ക് തോന്നി. കമ്മാരന്റെ കുതിര പായുന്ന ശബ്ദം മല കയറി വരുംപോലെ അവൾക്ക് അനുഭവപ്പെട്ടു.

ഗബ്രിയേലിന്റെ ഥാർ വളഞ്ഞും പുളഞ്ഞും പടിഞ്ഞാറൻ മലയിറങ്ങി. ആ ചെരിവുകൾക്ക് താഴെയായുള്ള നെൽപ്പാടങ്ങളുടെ പ്രേതങ്ങളെ അവൾ ഏന്തിവലിഞ്ഞ് നോക്കി.

“ഇത് കമ്മാരന്റെ വലിയമ്മാമൻ ഗോവിന്ദൻ എശമാനൻ പുനംകൃഷി ചെയ്‌ത വയലുകളാണ്.” വലത്തോട്ട് താഴേക്ക്‌ നോക്കുന്ന ഗബ്രിയേലിന്റെ സ്വർണത്തലമുടി മാത്രം അവളുടെ മുമ്പിൽ പാറിക്കളിച്ചു.

കിഴക്ക് ഭാഗത്ത് ചാത്തിരമല കാണുന്നില്ലേയെന്ന് ഗബ്രിയേൽ ചോദിച്ചു. ആകാശം മുട്ടി നിൽക്കുന്ന ആ വന്മല മാതൃവാത്സല്യത്തോടെ അരികിലേക്ക്‌ വിളിക്കുന്നതായി അവൾക്ക് തോന്നി. നിലാവ് തൊട്ട് ചന്ദ്രനെ മറച്ചുനിന്ന വലിയ കരിമ്പന താണ്ടി മണ്ണിട്ട പാതയിലേക്ക്‌ ഥാർ പതിഞ്ഞിറങ്ങി. മുന്നോട്ടു പോകുന്തോറും നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഒരു ഗന്ധം അവൾക്കനുഭവപ്പെട്ടു. കാപ്പിയും ഏലവും നെല്ലും കുരുമുളകുമായി ആകാശത്തൊട്ടിൽ പോലെയുള്ള ചക്രങ്ങളുരുട്ടി തലശേരിക്ക്‌ നീങ്ങുന്ന കാളവണ്ടികൾ അവരെ കടന്നുപോയതായി അവൾ കണ്ടു. മുകളിൽനിന്ന് കണ്ട വയലുകളെ ഒരുപാട് തിരഞ്ഞെങ്കിലും ഇരുവശത്തും കനത്ത കാടായിരുന്നു. കാടിന്റെ പരപ്പിൽ നിന്ന് ജാക്കറ്റിനുള്ളിലേക്ക്‌ തണുപ്പ് ഇരച്ചുകയറി. കാട് വെട്ടിത്തെളിച്ച് പുനം കൃഷി നടത്തിയ മണ്ണ് വീണ്ടും കാടായി മാറിയെന്ന് ഗബ്രിയേൽ പറഞ്ഞു. ഗബ്രിയേലിന് കൃത്യമായി ഈ വിവരങ്ങളൊക്കെ എങ്ങനെ കിട്ടുന്നു എന്നവൾ അത്ഭുതപ്പെട്ടു. കാടിന്റെ ഒത്ത നടുവിലെന്ന് തോന്നിക്കുന്ന ഒരു സ്ഥലത്തെത്തിയപ്പോൾ ഡാഷ്ബോർഡ് തുറന്ന് അവൻ ചാത്തിരമലയെക്കുറിച്ചുള്ള പുസ്‌തകം കയ്യിലെടുത്തു. അതിന്റെ പുറംചട്ടയിൽ പൊടികൾകൊണ്ട് മൂന്ന് വരകളുണ്ടാക്കി മൂക്കിലേക്ക്‌ വലിച്ചെടുത്തു. നിലാവ് കണ്ട് ഓരിയിടുന്ന ഒരു മനുഷ്യച്ചെന്നായയെപ്പോലെ അവൻ കാർ സീറ്റിന്റെ ഉച്ചിയിലേക്ക്‌ തല വളച്ചു. ഒരു നാഴിക നേരത്തെ ധ്യാനത്തിന് ശേഷം അവൻ വീണ്ടും വണ്ടി തെളിച്ചു. മൂപ്പെത്തിയ രാത്രിയിൽ നല്ല തെളിച്ചമുള്ള നിലാവിൽ ചാത്തിരമലയ്‌ക്ക്‌ താഴെ ഒരു ചെറിയ കുന്നിൻപുറത്ത് വെട്ടുകല്ലിൽ തീർത്ത ഒരു എട്ടുകെട്ട് അവൾ കണ്ടു. അത് പ്രകാശിക്കുന്നതായി അവൾക്ക് തോന്നി.

കമ്മാരന്റെ കുന്നത്ത് തറവാടാണ് അതെന്ന് അവൾക്ക് മനസിലായി. ആ ഹെറിറ്റേജ് ഹോം സ്‌റ്റേയുടെ മുമ്പിൽ വണ്ടി ചവിട്ടിനിർത്തി ഗബ്രിയേൽ പറഞ്ഞു. “കമ്മാരന്റെ പഴയ തറവാടാണ് പുതിയ തലമുറക്കാർ റിസോർട്ടാക്കി മാറ്റിയത്.”

വീടിനകത്ത് നടുമുറ്റത്തിന് ചുറ്റുമുള്ള ചുമരുകളിൽ നിരവധി പഴയ പെയിന്റിങ്ങുകൾ ഉണ്ടായിരുന്നു. ചുമരിൽ കുതിരപ്പുറത്ത് ഉലാത്തുന്ന കമ്മാരനെന്ന് തോന്നിപ്പിക്കുന്നയാളുടെ ചിത്രം അവൾ കണ്ടു. ചാത്തിരമുത്തപ്പന്റെ ഭീമാകാരമായ രൂപത്തിന് നേരെ തോക്കുമായി നിൽക്കുന്ന കമ്മാരന്റെ ചിത്രമായിരുന്നു അടുത്തത്. കമ്മാരന്റെ മരണശേഷം കുന്നത്ത് തറവാട് കുടകപ്പട വളയുന്നതും അടിയാളരെ മോചിപ്പിക്കുന്നതുമായ ചിത്രങ്ങളും അതിനടുത്ത് തന്നെയുണ്ടായിരുന്നു. അത്തരമൊരു കഥ ഗബ്രിയേൽ പറഞ്ഞിരുന്നില്ലല്ലോ എന്നവൾ ആലോചിച്ചു. ചിലപ്പോൾ ഇനി പറയുമായിരിക്കും. ഒറ്റയടിക്ക് കഥ മുഴുവൻ പറയുന്നതല്ല ഗബ്രിയേലിന്റെ രീതി. പല ദിവസങ്ങൾ എടുത്താണ് ചിലപ്പോൾ ഒരു കഥ പറഞ്ഞുതീർക്കുക. കഥയുടെ കാലഗണന വരെ അനുഭവിപ്പിക്കും. കഥയിൽ നമ്മൾ ജീവിക്കുകയാണെന്ന് തോന്നിപ്പിക്കും. അവനൊരു മാന്ത്രികനാണ്.

പഴമയുടെ ചിഹ്നങ്ങളാൽ അലങ്കരിക്കപ്പെട്ട ആ ഭവനം അവൾ കൗതുകത്തോടെ നോക്കിനിന്നു. സൗഹാർദപൂർവം പെരുമാറുന്ന കെയർടേക്കറെക്കാളും അവൾ ശ്രദ്ധിച്ചത് തോക്കുമായി ഉലാത്തുന്ന കുടകനെയായിരുന്നു. അയാൾ അവിടത്തെ സെക്യൂരിറ്റി ആണെന്നാണ് ഗബ്രിയേൽ പറഞ്ഞത്. ഒരു സെക്യൂരിറ്റിക്ക്‌ ആവശ്യമുള്ളതിലുമധികം ഗൗരവം അയാൾക്കുണ്ടെന്ന് അവൾക്ക് തോന്നി. ഈ ഭൂമിയുടെ ഉടയോൻ താൻ തന്നെയെന്ന് അയാളുടെ മുഖത്തുനിന്ന് വായിച്ചെടുക്കാം. നടക്കുന്നതിനിടെ പലപ്പോഴും അയാൾ അവരെ ഉറ്റുനോക്കിക്കൊണ്ടിരുന്നു. റൂമിൽ ലഗേജ് വച്ചശേഷം തറവാടിന്റെ പിറകുവശത്ത്, തുറന്ന ആകാശത്തിന് താഴെ രണ്ട് ഗ്ലാസുമായി അവരിരുവരും നിലയുറപ്പിച്ചു. അവിടംതൊട്ട് മുകളിലോട്ട് കുത്തിനിർത്തിയപോലെ ചാത്തിരമല നിലാവിന്റെ തെളിവിൽ അവൾ വ്യക്തമായി കണ്ടു. വനത്തിൽനിന്നും പ്രോപ്പർട്ടിയെ വേർതിരിക്കാൻ കമ്പിവേലി കെട്ടിയിട്ടുണ്ടായിരുന്നു. പുരാതനമായ പല ശബ്ദങ്ങളും കാടിന്റെ പടർപ്പിൽനിന്നും അവളെ തേടിയെത്തുന്നതായി തോന്നി. അവർ മദ്യപിക്കുന്നത് ഇഷ്ടപ്പെടാത്തമട്ടിൽ കുടകൻ അവരെ തുറിച്ച് നോക്കുന്നുണ്ടായിരുന്നു. ആറടിയിലധികം ഉയരമുള്ള അയാളെ കണ്ടപ്പോൾ ഗബ്രിയേൽ പറഞ്ഞുകേട്ടതിൽനിന്ന് സങ്കൽപ്പിച്ച കമ്മാരന്റെയും അകത്തെ ചിത്രങ്ങളിൽ കണ്ട കുതിരപ്പുറത്തിരിക്കുന്ന ആളുടെയും നല്ല സാദൃശ്യം അവൾക്ക് തോന്നി.

ഗബ്രിയേലും സമാന്തയും കമ്പിവേലിയ്‌ക്കടുത്തുകൂടെ കൈകോർത്ത് നടന്നു. മലയുടെ തലപ്പിൽനിന്നും സ്വർണം ഒലിച്ചിറങ്ങുന്നത്രയും പ്രകാശം വരുന്നതുപോലെ അവൾക്ക് തോന്നി. അസ്വസ്ഥപ്പെടുത്തുന്ന ശബ്ദങ്ങളൊന്നും തന്നെ അപ്പോൾ അവളുടെ ചെവിയിൽ കൊണ്ടില്ല. കഥയുടെ ബാക്കി ചോദിക്കാൻ അവൾ ഒരുങ്ങിയപ്പോൾ ഗബ്രിയേൽ അവളുടെ കവിളിൽ ഒന്ന് തൊട്ട് മുകളിലേക്ക്‌ വിരൽ ചൂണ്ടി.

“മുകളിലേക്ക്‌ നോക്ക്, ചാത്തിരമലയ്‌ക്ക്‌ മുകളിൽ പൂർണചന്ദ്രനെ കാണുന്നുണ്ടോ?” മുകളിൽ വലിയ വട്ടത്തിൽ വെള്ളിയിരമ്പി നിൽക്കുന്ന ചന്ദ്രനെ അവൾ പ്രണയത്തോടെ നോക്കി നിന്നു. പെട്ടെന്ന്, കമ്മാരനെപ്പോലെ ഭൂമികുലുക്കിക്കൊണ്ട് കുടകൻ അവർക്കരികിലേക്ക്‌ നടന്നടുക്കുന്ന ശബ്ദം കേട്ട് അവൾ ഭയന്ന് പിൻതിരിഞ്ഞ് നോക്കി.

ചിത്രീകരണം: കെ സുധീഷ്‌

അടുത്തെത്തിയതും അയാളെ മുട്ടുകാലിൽ ചവിട്ടി നിലത്തിട്ട് ഗബ്രിയേൽ തോക്ക് കൈപ്പറ്റി. രണ്ട് വിരലുകൾകൊണ്ട് കാഞ്ചിയിൽ ഒന്ന് താളം കൊട്ടിയ ശേഷം സമാന്തയുടെ നെഞ്ചിൻ കൂട് നോക്കി വെടിവച്ചു. ചിത്രശലഭങ്ങളുടെ രൂപത്തിൽ അവളുടെ നെഞ്ചിൽനിന്ന് ചോരപ്പറ്റുകൾ പറന്നുയർന്നു. കൺകുഴികളിൽ വെള്ളപ്പറ്റ് കണ്ടു. മുകളിലോട്ട് പറക്കുന്ന അവളുടെ തലമുടിയെ തഴുകി ചാത്തിരമലയുടെ ഉച്ചിവരെ ശലഭങ്ങൾ പറന്നു, അവ പല നിറങ്ങളും പടർത്തുന്നതായി ഗബ്രിയേൽ കണ്ടു. അതൊരു മഴവില്ലായി മാറി ചാത്തിരമലയുടെ മുകളിൽ വന്നു നിന്നു. അത് മലയെ പതുക്കെ താഴ്‌ത്താൻ തുടങ്ങി. മലയമർന്ന് ഭൂമിക്കകത്തേക്ക്‌ പോയപ്പോൾ അപ്പുറത്തുള്ള കാപ്പിത്തോട്ടങ്ങൾ കണ്ടു. കുടകിൽനിന്നുള്ള കാപ്പി പൂത്ത മണം അവിടെയെങ്ങും പരന്നു. മലയിരുന്ന ഭാഗത്തുനിന്ന് കമ്മാരൻ എഴുന്നേറ്റ് വന്നു. അയാൾക്ക് ഗബ്രിയേലിന്റെ മുഖമായിരുന്നു.

സമാന്തയുടെ വെടിയേറ്റ നെഞ്ചിൻകുഴിയിൽനിന്ന്‌ ഇത്തിരി ജീവൻ ബാക്കിവച്ചുകൊണ്ട് ചാത്തിരനും എഴുന്നേറ്റു. പൊടുന്നനെ ആകാശത്തോളം വലിപ്പം വച്ച ചാത്തിരൻ രണ്ടാമത് വെടിയുതിർക്കാൻ ഓങ്ങിനിന്ന കമ്മാരന് മേൽ ഒരു അട്ടഹാസത്തോടെ മറിഞ്ഞുവീണു. കമ്മാരൻ അതിനടിയിൽപ്പെട്ട് ചതഞ്ഞു. അത് മറ്റൊരു ചാത്തിരമലയായി ഉയർന്ന് പൊങ്ങി.

ഗബ്രിയേൽ കണ്ണ് തുറന്നു, ചോര വാർന്ന് വീണുകിടന്ന കുടകനെയും മറികടന്ന് അവൻ ചാത്തിരമല തൊട്ട് നിൽക്കുന്ന താഴ്‌വാരത്തേക്ക്‌ ഓടി. അവിടെ, ചാത്തിരമലയിലെ കാടുകളിൽ മുഴുവൻ അവളെ തിരഞ്ഞ് നടന്നു. വിയർത്ത് വെള്ളംവറ്റി നെഞ്ചിൽ പെരുമ്പറ മുഴങ്ങിത്തുടങ്ങിയപ്പോൾ സമാന്തയുടെ ചാരക്കണ്ണുകളും സ്വർണത്തലമുടിയും മലയ്‌ക്ക്‌ മീതെ തെളിഞ്ഞുവരുന്നതായി അവന് തോന്നി. അതൊരു കണ്ണാടിയെന്ന പോലെ അവൻ നോക്കിനിന്നു. അന്നേരം, മലക്കാരിയും മുത്തപ്പന്മാരും ഒന്നമർത്തി മൂളുകമാത്രം ചെയ്‌തു .



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home