നോവൽ
അമ്മയും തേവിടിച്ചിയും

സംഗീത ശ്രീനിവാസൻ
Published on Mar 09, 2026, 12:17 PM | 17 min read
ഓഗസ്റ്റ് എന്റെ സഹോദരി ജെന്നിയുടെ മകനാണ്, ഞങ്ങൾക്കിടയിൽ മകൻ എന്ന വാക്ക് ഒരിക്കലും ചേർന്നുപോയില്ലെങ്കിലും.
വിവാഹപ്രായമെത്താതെ ജെന്നി പ്രസവിച്ചു. അതിനുശേഷം അവൾ അവനെ ഉപേക്ഷിച്ചു‐ അതേ വീട്ടിൽ, അവൾക്കും ഞങ്ങൾക്കും പരിചിതമായ അതേ മുറിയിൽ.
അവൾ ഗർഭിണിയാണെന്നറിഞ്ഞ രാത്രിയിലാണ് അവളുടെ കാമുകൻ ജോൺ (ഓഗസ്റ്റിന്റെ അച്ഛനാകേണ്ടിയിരുന്നവൻ) നാടുവിട്ടത്. അവനും അന്ന് പതിനെട്ട് തികഞ്ഞിരുന്നില്ല. അപ്പോൾ ഒരർഥത്തിൽ ഓഗസ്റ്റ് പിറന്നത് അനാഥനായാണ്. അവനെ ആദ്യം എടുത്തത് ഞാനാണ്. കിടക്കയിൽ കിടത്തിയതും ഞാൻതന്നെ. അവന്റെ കരച്ചിൽ ഒരു ബാധ്യതയായേക്കാം എന്ന തോന്നലുണ്ടായെങ്കിലും ഞാനവനരികിൽ ചുറ്റിപ്പറ്റി നടന്നു. എനിക്ക് കളിക്കാൻ ഒരു പാവക്കുട്ടി. ഞങ്ങൾ ഒരുമിച്ച് വളർന്നു. അവൻ ചെറുതും അസംസ്കൃതവുമായ ഒരു വസ്തുവായിരുന്നു. ഉരുവംകൊള്ളാത്തൊരു വിഷാദം അവന്റെ കണ്ണുകളിൽ കലങ്ങിനിന്നു.
ഓഗസ്റ്റിന്റെ അച്ഛനാകേണ്ടിയിരുന്ന ജോണിനെ, ഒരിക്കൽ ഞാനും പ്രണയിച്ചിരുന്നു. എന്നാൽ അതിലൊരു ചതി തെളിഞ്ഞതിനുശേഷം അതിനെക്കുറിച്ച് ഞാൻ ചിന്തിച്ചിട്ടില്ല. പിന്നീടെപ്പോഴോ മണി കൗളിന്റെ ഒരു സിനിമ1 ഞാൻ കാണാനിടയായി. അന്നുമുതൽ, പ്രണയിക്കുന്നെങ്കിൽ അതൊരു ഭൂതമോ ഗന്ധർവനോ മാത്രമായിരിക്കുമെന്ന് ഞാൻ തീർച്ചപ്പെടുത്തി. എന്നാൽ ഇതുവരെ ഒരു ഭൂതത്തെ കണ്ടെത്താൻ എനിക്ക് സാധിച്ചിട്ടില്ല. എന്നെ കൊതിയോടെ നോക്കുന്നത് എന്റെ ഓഗസ്റ്റ് മാത്രമാണ്. സത്യം, ചിലപ്പോഴൊക്കെ അവൻ എന്നെ നോക്കുന്നത് ഡോൺ റിഗബെർതോവിന്റെ മകൻ ഫോൻചിതോ, ഡോണാ ലുക്രീഷ്യയെ2 നോക്കുന്നതുപോലെയാണ്.
ചിത്രീകരണം: പാവേൽ
വർഷങ്ങൾക്ക് ശേഷം ജോൺ തിരികെയെത്തിയെങ്കിലും ജെന്നിക്കും ജോണിനുമിടയിൽ എന്താണ് സംഭവിച്ചതെന്ന് എനിക്കറിയില്ല. ആ വിഷയത്തിൽനിന്ന് ഞാൻ ബോധപൂർവം ഒഴിഞ്ഞതാണ്. അവർക്ക് വേണമെങ്കിൽ യുവാവാകാൻ തയ്യാറെടുക്കുന്ന ഓഗസ്റ്റുമൊത്ത് പുതിയൊരു ജീവിതം ആരംഭിക്കാം. അതിവിടെയല്ലെങ്കിൽ മറ്റെവിടെയെങ്കിലും. ബന്ധങ്ങളോ അതിന്റെ പരിസമാപ്തിയോ അതിന്റെ കഥകളോ എന്നിൽ കൗതുകമുണർത്താറില്ല. ഞാൻ ജീവിക്കുന്നത് എന്റെ പുസ്തകങ്ങളിലൂടെയും സിനിമകളിലൂടെയുമാണ്. എനിക്കൊപ്പം അതുതന്നെ ഭക്ഷിച്ചാണ് ഓഗസ്റ്റും ഇവിടംവരെ എത്തിയത്. ആകയാൽ ഞാനെന്റെ സിനിമയിലേക്ക് മടങ്ങട്ടെ.
ഈയിടെ ഞാനും അവനും ചേർന്ന് ഒരു സിനിമ കാണുകയുണ്ടായി. വിഷയം പ്രണയം തന്നെ. പ്രണയത്തെ തലനാരിഴകീറി പരിശോധിക്കുന്ന ഒരു ചിത്രം എന്നും പറയാം.
ഒരു പെണ്ണ് എന്നെ കൊതിപ്പിക്കുന്നുണ്ടെങ്കിൽ, ഒന്നുകിൽ അവളൊരു ബ്രെസ്സോൻ സിനിമയിൽ നടിച്ചു കാണണം, അല്ലെങ്കിൽ ഞാൻ ആരാധിക്കുന്ന ഒരു പുരുഷൻ അവളെ പ്രണയിക്കുന്നുണ്ടായിരിക്കണം. അവന്റെ പെണ്ണിനെ തട്ടിയെടുക്കുന്നതിനേക്കാൾ വലിയ മറ്റെന്ത് ബഹുമതിയാണ് എനിക്കവന് കൊടുക്കാൻ കഴിയുക.
ഏകദേശം ഇതുപോലെ വ്യാഖ്യാനിക്കാവുന്ന ഒരു വാചകത്തിൽ ഞാൻ താൽക്കാലികമായി സിനിമ നിർത്തിവച്ചു.
ഞങ്ങളുടെ സിനിമകൾക്കിടയിൽ ഇടവേളകൾ പതിവാണ്. അതുപോലെ തന്നെ ചായയും ബിസ്കറ്റും. ചില സിനിമകൾക്കിടയിൽ ഇടവേളകൾ നീണ്ടുപോയേക്കാം. ചിലത് അതാവശ്യപ്പെടുന്നേയില്ല. ഓഗസ്റ്റ് ചായയെടുക്കാനായി താഴേയ്ക്കിറങ്ങുമ്പോൾ ഞാൻ ബ്രെസ്സോന്റെ4 നായികമാരെക്കുറിച്ച് ഒരു കണക്കെടുപ്പ് നടത്തുകയായിരുന്നു. അഭിനയിക്കാനുള്ള കഴിവിനേക്കാൾ സിനിമയിലെ അവരുടെ സാന്നിധ്യത്തെ മുന്നിൽ കണ്ടാവണം ബ്രെസ്സോൻ തന്റെ നായികമാരെ തെരഞ്ഞെടുത്തിരുന്നത്. കാരണം അടിസ്ഥാനപരമായും അയാളൊരു ഛായാഗ്രാഹകനായിരുന്നു. നടിയേക്കാൾ തന്റെ മോഡലിനെയാകണം അയാൾ നായികമാരിൽ കണ്ടുകാണുക. അങ്ങനെ നോക്കുകയാണെങ്കിൽ, വ്യക്തിവൈശിഷ്ട്യത്തിലൂന്നാതെ, സൗന്ദര്യപരവും ആത്മീയപരവുമായ ഒരിടപാടായിരുന്നു അയാൾ നടത്തിക്കൊണ്ടിരുന്നത്. ഒരൊപ്പുകടലാസ്സെന്നപോലെ നിശ്ശബ്ദമായി വേദനയെ പകർത്തിയ ഒരു മുഖം, ശൂന്യമായ മറ്റൊന്ന്. വിലോഭനങ്ങളില്ലാത്ത ലൈംഗികത. വിശുദ്ധാത്മാക്കളുടെ രൂപം പേറുന്ന ശരീരങ്ങൾ. മേശപ്പുറത്ത് പതിഞ്ഞ ഒരു കൈത്തലത്തിൽ, നഗ്നമായ തോളെല്ലിൽ, മുഖത്ത് പതിയുന്ന വെളിച്ചത്തിൽ‐ ഇവിടെയെല്ലാം തന്റെ ക്യാമറ നിശ്ചലമായത് അയാൾ അറിഞ്ഞിരുന്നു. ഒരു ബ്രെസ്സോൻ സിനിമയ്ക്ക് മുമ്പിൽ നിങ്ങൾ ഇരിക്കുകയെന്നാൽ ഒരാത്മീയശുശ്രൂഷയ്ക്കുവേണ്ടി നിങ്ങൾ നിങ്ങളെ പാകപ്പെടുത്തുക എന്നാണർഥം. പിൽക്കാലത്ത് ഒരു നായിക ഇപ്രകാരം എഴുതുകയുണ്ടായി. ആ സിനിമാ ഷൂട്ടിങ്ങിനിടയിൽ ഒന്നര മാസത്തോളം ഒരേ കൂരയ്ക്ക് കീഴെയാണ് ഞങ്ങൾ കഴിഞ്ഞത്. അടുത്തടുത്ത കിടപ്പറകളിൽ. ഒരിക്കൽപ്പോലും കൺവെട്ടത്തുനിന്ന് മറയാനായി അദ്ദേഹം എന്നെ അനുവദിച്ചിരുന്നില്ല.
അൾത്താരയിൽ നിശ്ചലമായിരിക്കുന്ന ചഷകത്തെയെന്നപോലെയാണ് ബ്രെസ്സോൻ അവൾക്കുനേരെ നോക്കിയത്. അവൾക്കന്ന് പതിനെട്ട് വയസ്സ്. എന്നാൽ, അവളുടെ മൗനത്തിൽ അയാൾ കണ്ടതോ, നൂറ്റാണ്ടുകളും. സ്പർശത്തിനുവേണ്ടി വിടർന്ന ഒരു പൂവായിരുന്നില്ല അത്. അഭിനയിക്കാനല്ല, അവളെന്താണോ അങ്ങനെത്തന്നെ ആയിരിക്കാനാണ് അയാൾ ആവശ്യപ്പെട്ടത്. അതുകൊണ്ട്, അവൾ അവളായി തുടർന്നു. മഴ, മഴയായിരിക്കുന്നതുപോലെ, വിശുദ്ധന്മാർ മരിക്കുന്നതുപോലെ, അൽപ്പംപോലും നാടകീയതയില്ലാതെ അവൾ അയാൾക്ക് മുമ്പിൽ നിന്നു. അയാളാകട്ടെ, അവളെ പ്രണയിച്ചു. അല്ലെങ്കിൽ പ്രണയിക്കുന്നുണ്ടെന്ന് കരുതി. അവിടെയാണ് പാപം കടന്നുവരുന്നത്. തനിക്ക് അർഹതയില്ലാത്ത പ്രാർഥനപോലെ അയാൾ അവളുടെ കവിളിൽ തലോടി. തന്റെ വിശുദ്ധിയും തന്റെ ഏകാന്തതയും തന്നെ അതിനർഹനാക്കുന്നുണ്ടെന്ന പോലെ അവളെ ചുംബിക്കാൻ അയാൾ ശ്രമിച്ചുനോക്കി. അവളോ, എളിമയോടെ അത് നിഷേധിച്ചു. അയാളതിനെ ക്രൂരത എന്ന് വിളിച്ചു. എന്നാൽ ബ്രെസ്സോനിനെപ്പോലുള്ള പുരുഷന്മാർ നിരാകരണത്തെ അധ്യാത്മദർശനമായാണ് കണ്ടിരുന്നത്. കുറ്റബോധം അലട്ടിയത് അവളെയാണ്. ആഗ്രഹം മൂലമല്ല, മറിച്ച്, അയാളുടെ സങ്കടം കണ്ടേറ്റ മുറിവുകൊണ്ട്. ശക്തന്മാർ തങ്ങളുടെ വിശപ്പിനെ മറച്ചുവയ്ക്കുന്നത് ഇങ്ങനെയാണ്‐ നിഷേധിക്കാനാവാത്തത്രയും അഗാധമായ ദുഃഖത്തിലൂടെ. അങ്ങനെ, അയാളുടെ ക്യാമറയ്ക്കു മുമ്പിൽ അവളൊരു മഹാമൗനമായി മാറി. സംവിധായകന്റെ ശബ്ദത്തേക്കാൾ ഉച്ചത്തിൽ അവളുടെ നിശ്ശബ്ദത ശബ്ദിച്ചു. ഒരുപക്ഷേ, തന്റെ കാൽക്കീഴിൽ മുട്ടുകുത്താൻ പറയുന്നവന്റേതല്ല, മറിച്ച്, നിങ്ങളെ ആരാധിക്കുന്നുണ്ടെന്ന് അവകാശപ്പെടുന്നവന്റേതായിരിക്കാം ഏറ്റവും ക്രൂരമായ പ്രണയം.
ബ്രെസ്സോന്റെ ഗുനിവേർ5 കാത്തുനിന്നത് ഒരു കരിങ്കൽക്കെട്ടിന് പിറകിലാണ്, വൈകി പ്രണയിക്കപ്പെടുന്ന സ്ത്രീകൾക്ക് മാത്രം സാധ്യമാവുന്ന സ്വതസിദ്ധമായ ഏകാന്തതയോടെ. ആർതർ രാജാവിന്റെ പത്നിയായിരുന്ന ഗുനിവേറിന്, ആർതറിന്റെ പോരാളി ലാൻസലോട്ടിനോട് തോന്നുന്ന പ്രണയമാണല്ലോ ആർതേറിയൻ കഥകളിലെ പ്രധാന സംഘർഷം. എന്നാലിവിടെ, ബ്രെസ്സോൻ ആ പ്രണയത്തിന് തത്വചിന്താപരമായ ഒരു പുതിയ മാനം നൽകുകയാണ്.
ചോരയിറ്റുന്ന ബൂട്ടും ഒഴിഞ്ഞ കൈകളുമായി തന്റെ പോരാളിയെത്തുമ്പോൾ, വരാന്തയിൽ വീഴ്ത്തിയ കറുത്ത നിഴലല്ലാതെ ഒരു പാട്ടോ, പാട്ടിൽ അവളുടേതായൊരു വരിയോ അവൾക്കുണ്ടായിരുന്നില്ല. അവളുടെ ലാൻസെലോട്ടിന് കർത്താവിന്റെ അതിവിശുദ്ധ പാനപാത്രം കണ്ടെടുക്കാൻ കഴിഞ്ഞില്ല. എന്നാൽ അയാൾക്ക് വേണ്ടത് ആ പാനപാത്രമായിരുന്നില്ല, അവളെയായിരുന്നു. അനാഘ്രാതമായ അവളുടെ മുഖമായിരുന്നു; മുഖാവരണത്തിനു പിറകിൽ, പാവനമായ തിരുശേഷിപ്പുപോലെ തളംകെട്ടിക്കിടന്ന അവളുടെ ദുഃഖമായിരുന്നു. അവൾ സംസാരിച്ചില്ല, എന്നിട്ടും, വാൾത്തലപ്പുകളുടെ കലമ്പലുകൾക്കിടയിൽനിന്നുയർന്ന നേർത്ത ഒരു സങ്കീർത്തനംപോലെ അവളെ കേൾക്കാൻ അയാൾക്ക് സാധിച്ചു. മുങ്ങിത്താഴുന്ന ഒരുവൻ തനിക്ക് അപ്രാപ്യമായ കരയെ എത്രകണ്ട് സ്നേഹിക്കുമോ, അത്രകണ്ട് അയാൾ അവളെ സ്നേഹിച്ചു. ബ്രെസ്സോൻ തന്റെ മോഡലുകളെ സ്നേഹിച്ചതുപോലെ. ശാന്തമായി, വിശപ്പോടെ, അനുവാദമില്ലാതെ. ഒടുവിൽ സഹതാപത്തോടെ അവൾ അയാൾക്കുനേരെ നോക്കിയപ്പോൾ, പുരുഷന്മാർ വൈകിമാത്രം മനസ്സിലാക്കുന്ന ആ രഹസ്യം അയാളും അറിഞ്ഞു ‐ ആരാധനയും ഒരുതരം ഹിംസ തന്നെ. അയാളുടെ മരണം മുറിവുകളാലായിരുന്നില്ല, തെറ്റായ രീതിയിൽ അവളോട് തോന്നിയ ആഗ്രഹത്താലായിരുന്നു. അയാൾക്കുശേഷവും അവൾ തുടർന്നു. വിശുദ്ധ ജന്മങ്ങൾ, അനർഥത്തെ അതിജീവിക്കുന്നു, ശരീരത്തെ അടക്കം ചെയ്യുന്നു, അൾത്താരയിലെ അവസാനത്തെ മെഴുകുതിരി കെടാതെ കാക്കുന്നു. പണ്ട്, ശബ്ദമുഖരിതമായ ഒരിടത്ത് സൗമ്യമായ ഒരു സാമീപ്യം ഉണ്ടായിരുന്നു എന്നതിനപ്പുറം, അവരുടെ പേരുകൾപോലും ആരും ഓർക്കുന്നുണ്ടാവില്ല. സംഭ്രാന്തമായൊരു കുഴച്ചിലോടെയാണ് ലാൻസെലോട്ട് തന്റെ കുതിരപ്പുറത്തുനിന്നും ചേറിലേക്ക് വീഴുന്നത്. മരിക്കുമ്പോൾ അയാൾ വഞ്ചിക്കപ്പെട്ടവനും ഏകനുമായിരുന്നു. ബ്രെസ്സോനാകട്ടെ, ഒരിക്കൽപ്പോലും ഗുനിവേറിലേക്ക് ഇറങ്ങിച്ചെല്ലാൻ തന്റെ കാണിയെ അനുവദിച്ചതുമില്ല. ലാൻസെലോട്ടിന്റെ കണ്ണിലൂടെയാണ് കാണി അവളെ കണ്ടത്. അതും വരാന്തയിലെ മങ്ങിയ വെളിച്ചത്തിൽ, ജനൽവിരികളുടെ മറവിൽ. ഒരുപക്ഷേ, ആഴത്തിൽ അടയാളപ്പെടുത്തപ്പെട്ട ഒരു മുറിവിനായിരിക്കും അവളുടെ പേര് അവളേക്കാൾ കൂടുതൽ യോജിക്കുക.
ചിത്രീകരണം: പാവേൽ
അവൾ ഒരു രാജ്ഞിയോ വഞ്ചകിയോ ആയിരുന്നില്ല. ആരോടാണ് താൻ പ്രാർഥിക്കുന്നതെന്ന് അവൻ മറന്നുപോയ ആ നിമിഷത്തിൽ അവന്റെ പ്രാർഥനയ്ക്കിടയിൽ സംഭവിച്ച വിരാമമായിരുന്നു അവൾ. അവളുടെ ശരീരം സ്പർശിക്കപ്പെട്ടിരുന്നില്ല; പുരുഷന്മാർ സ്പർശിച്ചതെല്ലാം അവൾ എന്ന ആശയത്തെയായിരുന്നു, അങ്ങനെയാണ് അവർക്ക് മുറിവേറ്റത്. അവൾ ജനൽവിരികൾക്ക് പിറകിൽ നിന്നത് അവരെ പ്രലോഭിപ്പിക്കാനായിരുന്നില്ല; മറിച്ച്, ഊനം തട്ടാതെ, സമഗ്രമായി തുടരുവാനായിരുന്നു. വിശുദ്ധരും അങ്ങനെത്തന്നെ. അവർ ഓടിപ്പോകുന്നില്ല, അവർ സ്വയം വിശദീകരിക്കുന്നില്ല. അവൾ ലാൻസെലോട്ടിനെ പ്രണയിച്ചിരുന്നു. എന്നാൽ ജന്തുശാസ്ത്രപരമായി പ്രണയം ഉപകാരപ്രദമാവേണ്ടിയിരുന്ന രീതിയിലായിരുന്നില്ല അതെന്നുമാത്രം. നശിപ്പിക്കപ്പെട്ട ഒരു നഗരം, അതിന്റെ ശിൽപ്പിയെ എന്നവിധം അവൾ അയാളെ സ്നേഹിച്ചു. ശാന്തമായി. വിശ്വസ്തതയോടെ. അയാൾ പോയിട്ടും ആ പ്രണയം തുടർന്നു. അവൾ കിരീടം ആഗ്രഹിച്ചിരുന്നില്ല. ജ്ഞാനിയായൊരു പെണ്ണിനുമേൽ നിശ്ശബ്ദത എന്നപോലെയാണ് കിരീടം അവൾക്കുമേൽ പതിച്ചത്. അവൾ വൃത്തം ഭേദിച്ചെന്ന് അവർ പറഞ്ഞു. എന്നാൽ, വാസ്തവത്തിൽ, ആ വൃത്തം ഭേദിക്കപ്പെടാൻ തുടങ്ങിയിട്ട് കാലങ്ങളായിരുന്നു, അവൾ തന്റെ വാതിൽ അവനുവേണ്ടി തുറന്നു കൊടുക്കുന്നതിനും ഏറെ മുമ്പുതന്നെ. അവൾ ലാൻസെലോട്ടിനെ ചുംബിച്ചത് അധികാരമണ്ഡലത്തെ നശിപ്പിക്കാൻ വേണ്ടിയായിരുന്നില്ല. അവൾ അയാളെ ചുംബിച്ചത്, ക്ഷീണിതയായ ഒരു പെണ്ണിനെയെന്നോണം അയാൾ അവൾക്കുനേരെ നോക്കിയതുകൊണ്ടാണ്. അവളുടെ കണ്ണുകളിൽ രാജമുദ്രയുടെ പ്രതിബിംബം അയാൾ കാണാതിരുന്നതുകൊണ്ട്. നന്മയ്ക്കും അധികാരത്തിനും അഴിമതിയില്ലാതെ കസേര പങ്കിടാം എന്ന മിഥ്യാധാരണയെ അയാൾ തകർത്തതുകൊണ്ട്.
അവരുടേത് ധാരണകളുടെ രാജ്യമായിരുന്നു. അവിടെ, രാജ്ഞി മോഹിച്ചുകൂടാ, രാജാവ് അന്ധനായിക്കൂടാ. പോരാളി അശുദ്ധനായിക്കൂടാ, അയാളുടെ ഉടൽ അയാളോട് പൊരുതുമ്പോൾ പോലും. അവരുടെ രാജ്യത്ത് ധർമം ആഗ്രഹത്തെ റദ്ദ് ചെയ്യുന്നു. വിഹിതമാകുന്നത് നിയമാനുസാരമായ പ്രണയം മാത്രം. അവിടെയാണ്, വട്ടമേശപ്പോരാളികളുടെ തലവനായ തന്റെ ഭർത്താവിനെ മറന്ന് അവൾ അയാളെ പ്രണയിക്കുന്നത്. അവളുടെ ഉടൽ തണുത്തിരുന്നു; ഊഷ്മളമായ എന്തിനോ വേണ്ടി അവൾ പ്രാർഥിക്കുന്നുണ്ടായിരുന്നു. രണ്ടാമതൊരിക്കൽക്കൂടി അയാളെ തൊടാൻ കഴിയില്ല എന്നറിഞ്ഞുകൊണ്ടുതന്നെയാണ് അവൾ അയാളെ പ്രണയിച്ചത്. തന്റെ ഭർത്താവിനെയോർത്ത് അവൾ കരഞ്ഞില്ല. എന്നാൽ, ഭർത്താവിന്റെ നിശ്ശബ്ദത, ദൈവത്തിന്റെ നിശ്ശബ്ദതയുമായി താദാത്മ്യം പ്രാപിക്കുന്നതു കണ്ട് അവൾ സങ്കടപ്പെട്ടിരുന്നു. ചെയ്തുപോയതിനെച്ചൊല്ലി അവൾ പശ്ചാത്തപിക്കുന്നില്ല. ആരുടെ നഷ്ടശിഷ്ടങ്ങളുടെ കണക്കാണ് താൻ പേറുന്നതെന്ന പകപ്പായിരുന്നു അവൾക്ക്. അവളെ കരയിക്കാൻ ബ്രെസ്സോൻ അനുവദിച്ചില്ല; അതുകൊണ്ടുതന്നെ അവൾ കരഞ്ഞതുമില്ല. സ്വയം മാപ്പാക്കാൻ തയ്യാറാകാഞ്ഞിട്ടുകൂടി, അറയുടെ മൂലയിൽ പൊറുത്തു മാപ്പാക്കപ്പെട്ടവളെപ്പോലെ അവൾ നിന്നു. അവളുടെ പ്രണയം തീയായിരുന്നില്ല,
അതൊരു തണുത്ത ശിലയായിരുന്നു. ആദ്യമായി ലാൻസെലോട്ട് അവളെ വിട്ട് പോയപ്പോൾ, താൻ ഉപേക്ഷിക്കപ്പെട്ടതായി അവൾ കണക്കാക്കിയില്ല. അത് തന്റെ വിധി എന്ന് സമാധാനിച്ചു. താൻ ജനിക്കുന്നതിന് മുമ്പേ, ദൈവം സ്വന്തം കൈപ്പടയിൽ അതെഴുതിയിട്ടുണ്ടായിരുന്നു. ജപമണികളെപ്പോലെയാണ് ഓരോ വാക്കും അവൾ ഉരുവിട്ടത്. മുമ്പേ മരണപ്പെട്ട ആരെയോ ഓർക്കുന്നതുപോലെയായിരുന്നു അവളുടെ ഓരോ ചുംബനവും. അവൾ യുദ്ധമായിരുന്നില്ല, അതിന്റെ കൊടിക്കൂറ അവൾ തന്റെ ഹൃദയത്തിൽ പേറിയെങ്കിലും. വാളേന്തിയ കയ്യിനെ അവൾ ചുംബിച്ചിരുന്നെങ്കിലും, അവൾ സ്വയമൊരു വാളായിരുന്നില്ല. അവളുടെ നിശ്ശബ്ദതയ്ക്കു മുകളിലാണ് അവരാ രാജധാനി പണിതത്. അവരതിനെ സമാധാനം എന്ന് വിളിച്ചു. കളങ്കപ്പെട്ട തിരുവസ്‌ത്രം പോലെയാണ് ലാൻസെലോട്ട് അവളെ സമീപിച്ചത്. അവൻ കാഴ്ചയിൽ സുന്ദരനായിരുന്നെങ്കിലും അവന്റെ സത്യം താങ്ങാവുന്നതിലും വലുതായിരുന്നു. അവനവൾക്ക് സ്വർഗം വാഗ്ദാനം ചെയ്തില്ല, പകരം, ഇരിക്കാനൊരിടം ചൂണ്ടിക്കാട്ടി. അവർ രതിയിലേർപ്പെട്ടില്ല. എങ്കിലും, അസത്യത്തെ അവർ അവർക്കിടയിൽനിന്നും ഒഴിവാക്കി. കവിതകൾ വായിക്കാതെ, നിയമപുസ്തകം മാത്രം പഠിച്ചവനെപ്പോലെയാണ് അവൻ അവളെ തൊട്ടത്. ദേവാലയം, അതിന്റെ നിശ്ശബ്ദതയെ എന്നവിധം അവളും അവനെ സ്പർശിച്ചു. രാജധാനി നിലംപതിച്ചപ്പോൾ അതവൾ ഉദ്ദേശിച്ചതുതന്നെയായിരുന്നോ എന്ന ചോദ്യവുമായി ആരും അവളെ സമീപിച്ചില്ല. വാസ്തവത്തിൽ അതുതന്നെയായിരുന്നു അവളുടെ ഉദ്ദേശ്യം. ഇപ്പോഴും എപ്പോഴും എന്നേയ്ക്കും. സ്ത്രീകൾ ആഗ്രഹിക്കുന്നത് അതുതന്നെയാണ്. അസത്യത്തെ പൊളിച്ചു കളയാൻ. പുറത്തേക്ക് വരൂ. സത്യസന്ധത ഒരു ചെറിയ വാക്കല്ല.
തിരുവെഴുത്തുകൾപോലെയാണ് ബ്രെസ്സോൻ തന്റെ സ്‌ത്രീകളുടെ മൗനം തന്റെ ക്യാമറയിൽ പകർത്തിയത്. അവരുടെ ഓരോ ശ്വാസവും ഓരോ കവിതയായിരുന്നു; ഓരോ നോട്ടവും ഓരോ സങ്കീർത്തനവും. അയാൾ സംഗീതത്തിനിടം കൊടുത്തില്ല; അവർക്ക് സംസാരിക്കാൻ വരികളും. താൻ നൽകുന്ന ഈ വൈകാരിക വിദ്യാഭ്യാസം തന്റെ കാണി അവന് കഴിവുണ്ടെങ്കിൽ സമ്പാദിച്ചെടുക്കട്ടെ എന്നയാൾ കരുതിക്കാണണം. രംഗത്ത് ഒരു റേഡിയോ ശബ്ദിക്കുന്നുണ്ടെങ്കിൽ അത് അനുവദനീയമാണ്, ഒരു മണി മുഴങ്ങുന്നെങ്കിൽ അതും. എന്നാൽ ഒരു സ്‌ത്രീയുടെ അന്തർക്ഷോഭങ്ങളിലൂടെ വയലിൻ മീട്ടാൻ അയാൾ ഒരുക്കമായിരുന്നില്ല. സത്യം അതിൽത്തന്നെ ധാരാളമാണെന്ന് വിശ്വസിച്ചിരുന്നതിനാൽ, സംഗീതം ഒരു ചതിയായിരിക്കുമെന്ന് ബ്രെസ്സോൻ കരുതി. അതിനാലാണ്, താഴേയ്ക്ക് നീളുന്ന പെൺകുട്ടിയുടെ നോട്ടത്തിന് ഒരു കഴുതയുടെ ശ്വാസം വരെ6പിടിച്ചെടുക്കാൻ കഴിഞ്ഞത്. അങ്ങനെയെങ്കിൽ, ഞാൻ തുടങ്ങിവച്ച ആ വാചകത്തിലേക്കു തന്നെ തിരികെ വരാം. അത് കേട്ടപ്പോഴാണ് റിമോട്ടിൽ എന്റെ വിരലമർന്നതും സിനിമ നിശ്ചലമായതും. അമ്മയും തേവിടിച്ചിയും7 എന്ന സിനിമയിൽ നായകൻ, നായികയോട് പറയുന്നു, ഒരു പെണ്ണ് എന്നെ കൊതിപ്പിക്കുന്നുണ്ടെങ്കിൽ, ഒന്നുകിൽ അവളൊരു ബ്രെസ്സോൻ സിനിമയിൽ നടിച്ചു കാണണം അല്ലെങ്കിൽ...
വാസ്തവത്തിൽ അലക്സോന്ദ്ര് എന്ന ആ നായകൻ ആഗ്രഹിച്ചത് എന്താണ്?
അയാൾക്ക് വേണ്ടത് ഒരു പെണ്ണിനെ ആയിരുന്നില്ല, സ്പർശനവിധേയമായ മൗനമായിരുന്നു. അയാൾ ശബ്ദങ്ങളെ വെറുത്തതുകൊണ്ടല്ല. പ്രഖ്യാപനങ്ങളിലുള്ള അയാളുടെ വിശ്വാസം നഷ്ടപ്പെട്ടതുകൊണ്ടാണ്. ബ്രെസ്സോനിന്റെ പെണ്ണുങ്ങൾ കെഞ്ചുകയോ യാചിക്കുകയോ സ്വയം തെളിയിക്കുകയോ ചെയ്‌തില്ല. മിഴികൾ താഴ്ത്തി, അവർ പുറംതിരിഞ്ഞു നിന്നു. അവരുടെ ശബ്ദം കനത്ത മഴയിൽ ഉപേക്ഷിക്കപ്പെട്ടു കിടന്നിരുന്ന ഒരു പഴയ പിയാനോവിനെ ഓർമിപ്പിച്ചു. എന്റെ അലെക്സോന്ദ്ര്, ബ്രെസ്സോനിന്റെ കഥയിലെ പെണ്ണിനെ മാത്രമേ നിനക്ക് പ്രണയിക്കാൻ കഴിയൂ എന്ന് പറയുന്നതുതന്നെ ഒരുതരം കുമ്പസാരമാണ്. കയ്യടിക്കാൻ വേണ്ടി ചെവിയോർക്കുന്ന പെണ്ണുങ്ങളോട് വിശദീകരിച്ച്, വിശദീകരിച്ച് നീ മടുത്തിരിക്കുന്നു എന്ന നിന്റെ ഏറ്റുപറച്ചിൽ. കാരണം, നിന്നെപ്പോലെ മുറിവേറ്റ ഒരുത്തിയെ മാത്രമേ നിനക്ക് കാമിക്കാൻ കഴിയൂ. നീ നിന്റെ മുറിവ് തുറന്നുകാട്ടുമ്പോൾ അവൾ പിന്നിലേക്ക് ചൂളില്ല. പ്രകടനങ്ങളില്ലാത്ത ഒരുത്തിയെയാണ് നീ ആഗ്രഹിക്കുന്നത്. കാരണം, ഒരു കാണിയായി ജീവിച്ച് നിനക്ക് മുഷിഞ്ഞുതുടങ്ങിയിരിക്കുന്നു. ഇപ്പോൾ നീ പ്രണയത്തെ കാണുന്നത്, ഒരരങ്ങായല്ല, ശാന്തമായ, സമാധാനപരമായ ഒരു മുറിയായാണ്. ജനലുകൾ തുറന്നിട്ടാൽ അപ്പുറം കാടാണ്.
ചിത്രീകരണം: പാവേൽ
ഇവൻ, ഈ ചെറുക്കൻ, ഈ അലെക്സോന്ദ്ര്, ആളുകളേക്കാളേറെ സ്നേഹിച്ചത് തന്റെ തന്നെ ആശയങ്ങളെയാണ്. അല്ലെങ്കിൽ, ആളുകൾ ആശയങ്ങളായി മാറുന്ന ഘട്ടത്തിലാണ് അവൻ അവരെ സ്നേഹിച്ചിരുന്നത്. അവന് മതമില്ല, അവന്റെ വാ നിറച്ചും വാക്കുകളാണ്. കത്തിപ്പിടിക്കാത്തൊരു തീപ്പെട്ടിക്കൊള്ളിപോലെ കാണുന്നവർക്കെല്ലാം അവൻ അവനെ എറിഞ്ഞുകൊടുത്തു. അത് കത്തണമെന്ന് അവന് നിർബന്ധമില്ല. കത്തിയാൽ വിരോധവുമില്ല. അവന്റെ പ്രണയവും അവന്റെ ശരീരവും ഓരോ ആശയമാണ്. ബ്രെസ്സോനിന്റെ സിനിമയിലെ പെണ്ണിനെ മാത്രമേ തനിക്ക് പ്രണയിക്കാൻ കഴിയൂ എന്നവൻ പറയുമ്പോൾ അവനുദ്ദേശിക്കുന്നത്, ഇനിയുമിനിയും സ്വയം വിശദീകരിക്കാൻ അവനെക്കൊണ്ട് സാധ്യമല്ല എന്നാണ്. സമാധാനപരമായി തെറ്റിദ്ധരിക്കപ്പെടണമെന്ന് അവൻ ആഗ്രഹിക്കുന്നുണ്ട്. പെണ്ണുങ്ങൾ അവൻ പറയുന്നത് കേട്ടു. അവരെപ്പോഴും കേട്ടുകൊണ്ടേയിരുന്നു. അതുതന്നെയാണ് അതിന്റെ ദുരന്തവും. അവ്യക്തതയും കാവ്യാത്മകതയും നിറഞ്ഞ അവന്റെ ആവശ്യങ്ങൾ ഒരു കൊച്ചു കൈസഞ്ചിപോലെ അവർ തൂക്കി നടന്നു. അവരെ തൊടാൻ അവർ അവനെ അനുവദിച്ചു. എന്നാൽ, അവന്റെ വാക്കുകളിലെ പൊള്ളത്തരങ്ങൾ അവരെ വേദനിപ്പിച്ചു. അവൻ പ്രണയത്തെക്കുറിച്ചും ആവശ്യകതയെക്കുറിച്ചും മരണത്തെക്കുറിച്ചും സത്യത്തെക്കുറിച്ചും അവരോട് സംസാരിച്ചു. അവന്റേത് സുന്ദരവും പീഡിതവുമായ ഭാഷയായിരുന്നു. മുറിവേറ്റവന്റെ ഗർവമായിരുന്നു. എന്നാൽ അവൻതന്നെ അതൊന്നും മുഴുവനായും വിശ്വസിച്ചിരുന്നില്ല. അവർക്കറിയാം, അവൻ പ്രണയിക്കുകയല്ല, ഒരു റിഹേഴ്സലിൽ ഏർപ്പെട്ടിരിക്കുകയാണ്. അവരുടെ സങ്കടങ്ങൾ നിശ്ശബ്ദമായിരുന്നു. കാരണം അവർ ഒരേസമയം അമ്മമാരും തേവിടിച്ചികളുമായിരുന്നു. ആസക്തി വിശുദ്ധമല്ല, പ്രണയം മുറിവുകളെ ശമിപ്പിക്കുന്നുമില്ല. സ്വന്തം ഏകാന്തതയെ ഉദാത്തവൽക്കരിക്കാൻ ആണ് പെണ്ണിനോട് പറയുന്ന നുണയാണ് സ്വാതന്ത്ര്യം എന്നത്. ദീർഘനേര സംഭാഷണമല്ലാതെ ഇതിൽ പരിത്രാണമില്ല. അത്ഭുതങ്ങളിൽ വിശ്വാസം നശിച്ച ഒരു നഗരത്തിന്റെ ശബ്ദമാണ് പശ്ചാത്തലത്തിൽ. അവന് പ്രണയിക്കപ്പെടണമെന്നുണ്ടായിരുന്നില്ല. അവൻ പറയുന്നത് ഒരിക്കൽപ്പോലും ആവർത്തിക്കാത്തവരാൽ കേൾക്കപ്പെടണമെന്നേ അവൻ ആഗ്രഹിച്ചിരുന്നുള്ളൂ.
ചായയും ബിസ്കറ്റുമായി ഓഗസ്റ്റ് മുകളിലെത്തുമ്പോൾ ഞാനെന്റെ പുസ്തകത്തിൽ കുറിക്കുകയായിരുന്നു. ഒരു സിനിമ കണ്ടാൽ അതിനെപ്പറ്റി ചുരുങ്ങിയത് ഒരു നാല് വരിയെങ്കിലും എഴുതിയിടുന്നത് എന്റെ പതിവാണ്. ഞാൻ പുസ്തകമടച്ചുവയ്ക്കുന്നതും കാത്ത് ഓഗസ്റ്റിരുന്നു. തുടർന്ന് ഞങ്ങൾ സിനിമയിലേക്ക് മടങ്ങി.
അമ്മയും തേവിടിച്ചിയും‐ പെണ്ണിനെ ഇവ്വിധം രണ്ടുവിധത്തിൽ പേരെടുത്ത് വിളിക്കാനേ ആണിനാവൂ. അതിലൊന്ന് അവനോട് ക്ഷമിച്ചുകൊണ്ടേയിരിക്കുന്നവൾ, മറ്റൊന്ന് അവനെ തകർത്തുകൊണ്ടേയിരിക്കുന്നവൾ. ഈ സിനിമ അതിന്റെ മഞ്ഞക്കരുവും വെള്ളയും വേർതിരിക്കുന്നില്ല. മുഷിഞ്ഞ തീവണ്ടി സ്റ്റേഷനിൽ പൊടുന്നനെ വ്യാപിക്കുന്ന വിലയേറിയ സുഗന്ധംപോലെ അമ്മയും തേവിടിച്ചിയും ഒന്നിൽനിന്നൊലേക്കൊഴുകുന്നു. ഇതിലെ പുരുഷൻ, ആ അലെക്സോന്ദ്ര്, അവൻ പ്രണയത്തിന് പുറത്താണ്. അലിവാർന്നൊരു ഭാവമാണ് അവന്റെ ആയുധം. അവൻ ധനികനല്ല. അലിവ് മാത്രമാണ് അവന്റെ ഏക ശക്തി. അവന്റെ വശീകരണം തത്വചിന്തകളിലൂടെയാണ്. അവന്റെ അഭ്യർഥന ഒരർഥത്തിൽ ആത്മാനുകമ്പയും. ഒരേറ്റുപറച്ചിൽ ഒഴിവാക്കാനെന്ന മട്ടിലാണ് അവൻ കുമ്പസാരിച്ച് കൂട്ടിയതെല്ലാം. സ്ത്രീകൾ‐ അവർക്കവന്റെ ഘനമറിയാം. പലചരക്ക് ചുമക്കും പോലെയാണ് അവർ അവനെ ചുമന്നത്. നല്ല കനമുണ്ട്, എങ്കിലും ആവശ്യത്തിന് തികയില്ല. ഇത് ലൈംഗികതയെക്കുറിച്ചോ വൈകാരികതയെക്കുറിച്ചോ ഉള്ള സിനിമയല്ല. വാക്കും ശബ്ദവും അധികരിക്കുന്ന ലോകത്തിൽ അടുപ്പങ്ങളിലേൽക്കുന്ന ചില വിള്ളലുകളാണീ സിനിമ. ആർക്കും ഇവിടെ രക്ഷയില്ല. ആരും നശിപ്പിക്കപ്പെടുന്നുമില്ല. അവർ സംസാരിച്ചുകൊണ്ടേയിരിക്കുന്നു. സത്യംപോലും പഠിച്ചു പറയപ്പെട്ട വാക്കുകൾ മാത്രമായി അവശേഷിക്കുന്നതുവരെ. അവൻ ജീവിച്ചത് അവൻ അവരോട് പറഞ്ഞ വാക്കുകളിലാണ്. വാസ്തവത്തിൽ, അതിൽ മാത്രമേ അവൻ ഉണ്ടായിരുന്നുള്ളൂ. അവർ കേൾക്കാൻ ആഗ്രഹിക്കാത്ത, അവൻ പറഞ്ഞ, അവർ കേട്ടിരുന്ന വസ്തുതകളിൽ.
നായകൻ‐ നമ്മുടെ അലക്സോന്ദ്ര്‐ അവനെക്കുറിച്ച് ഇതിൽ കൂടുതൽ എന്ത് പറയാനാണ്? ഒരുത്തി ഒരമ്മയും തേവിടിച്ചിയുമായിത്തീരുന്നത് എപ്രകാരമാണ്? ഈ ചോദ്യം തൂങ്ങിക്കിടക്കുന്നത് ആർദ്രതയുടെ ക്ഷണികതയ്ക്കും ആസക്തിയുടെ കൂർമമായ വക്കുകൾക്കും ഇടയിലാണ്. ആശയങ്ങളെ രണ്ടായി ഭാഗിക്കലല്ല ഇവിടെ സംഭവിക്കുന്നത്. ജലംപോലെ, രേതസ് പോലെ, ആർത്തവം പോലെ ദ്രവമായ ഒരവസ്ഥയാണിത്. തീരത്തിനോട് ചേർന്നൊഴുകുന്ന നദിയിലെന്നപോലെ, നിങ്ങൾ കാൽ മുക്കുകയും പുറത്തേക്കെടുക്കുകയും ചെയ്യുന്ന അതേ കളി. അവളെ അമ്മ എന്നും തേവിടിച്ചി എന്നും വിളിക്കുന്നതിലൂടെ ഒരേസമയം നിങ്ങളവളെ ആദരിക്കുകയും അപലപിക്കുകയുമാണ് ചെയ്യുന്നത്. ഒരു നിമിഷം, ഏറ്റുവാങ്ങിയ പരിലാളനങ്ങളോർത്ത് നിങ്ങളവളെ ഒരുന്നത പീഠത്തിലിരുത്തുന്നു. അടുത്ത നിമിഷം, അമൂർത്തവും അപൂർണവും വ്യർഥവുമായൊരിടത്തിലേക്ക് അവളെ ഇകഴ്ത്തുന്നു. ഇത് അവൻ അവളോടോ, അവൾ അവനോടോ ചെയ്യുന്നതല്ല, നമ്മൾ നമ്മളോടുതന്നെ ചെയ്യുന്നതാണ്. അമ്മയും തേവിടിച്ചിയുമെന്നത് ഒരു സിനിമയുടെ തലക്കെട്ടല്ല, നമ്മുടെ ഉള്ളിൽ നാം പേറുന്ന വൈരുധ്യങ്ങളുടെ ഭൂപടമാണ്. അമ്മ നിങ്ങളുടെ കൈകളിൽ പിടുത്തമിട്ടിരിക്കുന്നു. ഏറെ വൈകി മാത്രം നിങ്ങൾ തിരിച്ചറിയാനിടയുള്ള ഒരു സത്യമാണത്. നിന്റെ ജനനത്തിന്റെ സൂക്ഷിപ്പുകാരിയാണവൾ. ലോകത്തിന്റെ മുറിവാണ്, അവൾ, അവൾക്കുള്ളിൽ പേറിയത്. തേവിടിച്ചി‐ ഉള്ളിലെ കാമനകളെ അടക്കം ചെയ്യാൻ നമ്മൾ തന്നെ കണ്ടെത്തിയ പദമാണത്. നമ്മുടെ ആഗ്രഹങ്ങളെ ലജ്ജാകരമായ ഒന്നിലേക്ക് പരിണമിപ്പിക്കാൻ നമ്മെ സഹായിച്ച പദം. തേവിടിച്ചിയും പെണ്ണു തന്നെ. അവൾക്കും പ്രണയമുണ്ട്, മോഹമുണ്ട്. അവളും ഒരേസമയം ശക്തയും അശക്തയുമാണ്. ഒരൊറ്റ നോട്ടംകൊണ്ട് അവൾ നിങ്ങൾക്ക് എല്ലാം തരുന്നു. ഒന്നും തരുന്നുമില്ല. ഒരുപക്ഷേ നിങ്ങൾ ആഗ്രഹിച്ചതും അത്രമാത്രമാണ്. ഈ രണ്ടു ഭാവങ്ങൾക്കിടയിലും പിടിതരാതെ കിടക്കുന്ന ചില ഇടങ്ങളുണ്ട്. ആ അവ്യക്തതയിലും അതിന്റെ സംഘർഷങ്ങളിലുമാണ് ലോകം അധിവസിക്കുന്നത്. ഈ സിനിമ അത്തരം ഒരിടത്തെക്കുറിച്ചാണ്. അവിടെ നമ്മൾ വിഡ്ഢികളും പ്രണയികളുമായ കൗമാരക്കാരല്ല, എന്നാൽ ബുദ്ധിമാന്മാരായി പരിണമിച്ചതുമില്ല. വാൽമാക്രികൾക്കും ബുദ്ധിമാന്മാരായ തവളകൾക്കും ഇടയിലുള്ള ചില നിമിഷങ്ങളാണത്. സിനിമയിലേതുപോലെ, ഞാനും നീയും സർവലിംഗക്കാരും അമ്മമാരും തേവിടിച്ചികളുമാണ്. നമ്മളെന്താണോ നമ്മളെന്തായിരിക്കണമോ, അതിനിടയിലുള്ള ഒരു കളിയാണിത്. അവിടെ നീ വിശുദ്ധനും പാപിയുമാണ്. കൊടുങ്കാറ്റും അഭയസ്ഥാനവുമാണ്. മുറിവേൽപ്പിക്കുന്നതും ചുംബിച്ച് ചുംബിച്ച് ആ മുറിവുണക്കുന്നതും നീയാണ്. ഇതിൽ ഏത് നീയാണ് മാപ്പിനർഹമായത്? ഒരു രണ്ടാം ത്വക്ക് പോലെ നീയും നിന്നിൽത്തന്നെയുള്ള നീയും പരസ്പരം നിഴലുകളായി മാറിയിരിക്കുന്നു. ഒന്ന് മറ്റൊന്നിന് മാപ്പ് കൊടുക്കേണ്ടിയിരിക്കുന്നു. ചില രാത്രികൾ സ്വതേ ഊഷ്‌മളമാണ്, മറ്റു ചിലതിനെ നമ്മൾ ചൂട് പിടിപ്പിക്കേണ്ടിയിരിക്കുന്നു. വിളക്കുകളണയുമ്പോൾ ഏത് രാത്രിയാണ് നമ്മളെ ക്ഷണിക്കുന്നതെന്ന് പറയാൻ കഴിയില്ല.
സിനിമ കഴിഞ്ഞപ്പോൾ ഞാനും ഓഗസ്റ്റും പരസ്പരം നോക്കി. അൽപ്പം നാടകീയതയോടെ ഓഗസ്റ്റ് പറഞ്ഞു,
"ഞാനിപ്പോൾ നിന്നേക്കാൾ രണ്ട് വയസ്സിന് മുതിർന്നതാണ്.' (അത് പറയുമ്പോൾ അവന്റെ മുഖത്ത് ഒരു തരിമ്പുപോലും ആത്മാർഥതയില്ല. അലക്സാന്ദ്രോയെപ്പോലെ അവൻ സ്വയം എറിഞ്ഞു കൊടുക്കുകയാണ്.)
"എന്ന് മുതലാണ് നിനക്ക് ഞാൻ നീയായത്?' ഞാൻ അവനോട് ചോദിച്ചു.
"നീയൊരു പരമസുന്ദരിയാണെന്ന് എനിക്ക് തോന്നിത്തുടങ്ങിയതു മുതൽ.'
"എനിക്ക് നിന്റെ ജന്മരഹസ്യമറിയാം. അതുകൊണ്ട് ഓഗ്ഗീ, എന്റടുത്ത് കളി വേണ്ട.'
"മൂപ്പെത്തും മുമ്പേ ഞാൻ കയറിക്കൂടിയ ഒരു രാജ്യമാണ് നീ.' അവൻ അലക്സാന്ദ്രോയെപ്പോലെ കൃത്രിമമായി സംസാരിച്ചു.
"പ്രണയം ഒരതിർത്തിയാണെന്ന് നീ കരുതുന്നുണ്ടോ?'
"ഇല്ല. അതൊരു ജ്വരമാണ്. അതെവിടെനിന്ന് തുടങ്ങി എന്ന് പറയാൻ ശ്രമിക്കുകയായിരുന്നു ഞാൻ. എനിക്ക് അതിജീവിക്കാനാകാത്ത ഒരു പാഠഭാഗമാണ് നീ.'
"ഓ, സുഖിച്ചിരിക്കുന്നു.'
"പരിഹസിക്കേണ്ട. ഞാൻ കാര്യമായി പറഞ്ഞതാണ്. എനിക്കറിയാം, നിനക്ക് മാത്രമേ എന്നെ തകർക്കാനാകൂ. ദൈവത്തിന് മാത്രം സാധ്യമാകുന്ന ചില കാര്യങ്ങൾ നിന്നെക്കൊണ്ട് സാധിക്കും. പ്രണയം എന്ന വാക്ക് കേൾക്കുന്നതിനു മുമ്പേ നിന്നെ സ്നേഹിച്ച് തുടങ്ങിയവനാണ് ഞാൻ.'
"എന്റെ കുട്ടീ, നീ സ്നേഹിക്കുന്നത് ഒരു നിഴലിനെയാണ്.'
"അതെ, കാലാവസ്ഥ എന്ന് ഞാൻ തെറ്റിദ്ധരിച്ച ഒരു ദൈവത്തെ. ഞാൻ നിനക്ക് മുമ്പിൽ മുട്ടുകുത്തി. നിനക്കറിയാം, ഒഴിഞ്ഞ കൈകളുമായാണ് ഞാൻ വന്നത്. എന്റെ പ്രണയം, എനിക്ക് പിറകിൽ ഞാൻ നടന്നുവന്ന ഭൂപടരേഖകളെല്ലാം ചുട്ടെരിച്ചിരിക്കുന്നു. ഇനി ഞാനെങ്ങോട്ട് പോകാൻ? നീയെനിക്ക് നേരെ നോക്കുമ്പോൾ മാത്രമാണ് സമയത്തിന് അർഥമുണ്ടാകുന്നത്.'
പലപ്പോഴും, പ്രത്യേകിച്ചും സിനിമകളെ തുടർന്നുവരുന്ന വൈകുന്നേരങ്ങളിൽ, രാത്രികളിൽ ഞങ്ങളുടെ സംഭാഷണം നാടകീയമാവാറുണ്ട്. അത് ഓഗസ്റ്റിന്റെ ചെറുപ്പം മുതൽക്കേ ഞാനും അവനും തുടങ്ങിവച്ച ഒരു കളിയാണ്. ചിലപ്പോഴൊക്കെ കളിയിലൂടെ അവൻ കാര്യങ്ങൾ സംസാരിക്കാറുണ്ട്.
"ഓഗസ്റ്റ്, ഞാനൊരു ഘടികാരമല്ല.'
"ഒരിക്കൽ നീയും ആരെയോ സ്നേഹിച്ചിരുന്നു. എനിക്കതറിയാം.'
"ശരിയാണ്.'
"ഞാൻ വരാൻ വൈകി, അല്ലേ?'
"അല്ല, നീ സമയത്തിനും ഒരുപാട് മുമ്പാണ് എത്തിയത്, എന്റെ ഓഗസ്റ്റ്. വളരെ മുമ്പ്. ഒരു കൈക്കുഞ്ഞായി. ദാ, ഈ കൈകളിലേക്ക്.'
***********
ചിത്രീകരണം: പാവേൽ
ഒരിക്കൽ ഇവന്റെ അച്ഛനെയാണ് ഞാൻ പ്രണയിച്ചിരുന്നത്. അത് മറ്റൊരു കാലമായിരുന്നു, മറ്റൊരു വെളിച്ചമാണ് അന്നിവിടെ വീശിയിരുന്നത്. ഈ രഹസ്യം അവനറിയില്ല. എന്നാൽ അവൻ അടുത്തുവരുമ്പോഴൊക്കെ, എന്നെ പരാജയപ്പെടുത്തിയ ആ പുരുഷനെ എനിക്ക് കാണാനാവും. ഇവനേക്കാൾ യുവാവായിരുന്നു അയാൾ. യൗവനത്താൽ അസ്പഷ്ടമാക്കപ്പെട്ട ഒരു രൂപം എന്റെ മനസ്സിൽ തെളിയുന്നുണ്ട്. ഇപ്പോഴതിന് ആവർത്തനത്താൽ മൂർച്ചയേറിയിരിക്കുന്നു. ഇതിനെ അഗമ്യഗമനമായി നിർവചിക്കാൻ കഴിയില്ല. ഇത് ഒരു പ്രതിധ്വനിയാണ്, ഒരനുകരണം. എന്നെ സംബന്ധിച്ചിടത്തോളം ഒരു പ്രതിസന്ധിയും. അബദ്ധവശാൽ തിരികെയെത്തിയ ഒരു മുഖം. പ്രണയം വേഷപ്പകർച്ചകളിലൂടെയാണ് സഞ്ചരിക്കുന്നത്. ഇപ്പോൾ എനിക്കതറിയാം. ചിലപ്പോഴൊക്കെ അവൻ സംസാരിക്കുമ്പോൾ മറുപടി പറയാൻ ഞാൻ അമാന്തിക്കും. മരിച്ചവർ എന്റെ സംഭാഷണം മറഞ്ഞുനിന്ന് കേൾക്കുന്നുണ്ടോയെന്ന് ഞാനെപ്പോഴും ആശങ്കപ്പെടുന്നുണ്ട്.
പ്രണയത്താൽ തകർക്കപ്പെട്ടിട്ടില്ലാത്ത ആൺകുട്ടികൾ നിങ്ങളുടെ കണ്ണുകളിലേക്ക് നോക്കുന്നതിൽ അസഹ്യമായ എന്തോ ഒന്നുണ്ട്. ഒരു തീക്കൊള്ളി കയ്യിൽ പിടിക്കാൻ തരുന്നതുപോലെയാണത്. ഇതേ നോട്ടം അവന്റെ അച്ഛന്റെ കണ്ണുകളിലും ഞാൻ കണ്ടിട്ടുണ്ട്. അതധികകാലം നീണ്ടുനിന്നില്ല. മോഹലാവകൾക്ക് ആയുസ്സ് കുറവാണെന്നല്ലേ. ഒരിക്കൽ ഞാനായിരുന്ന ഇടത്തിലൂടെയാണ്, ചിതറിയ പാറക്കഷ്ണങ്ങൾക്കിടയിലൂടെയാണ്, എന്റെ ശകലരാശിയിലൂടെയാണ്, ഇന്ന് അവൻ നടക്കുന്നത്. ഇതിനെയാണ് അവൻ തോട്ടം എന്ന് വിളിക്കുന്നത്. അവന്റെ തോട്ടത്തിലെ ആപ്പിൾ മരങ്ങളിൽ നിന്ന് അവൻ വിളഞ്ഞ ഓറഞ്ചുകൾ പറിക്കുന്നു. അവനെ ഉപദേശിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നുണ്ട്. എന്നാൽ ഞാനിപ്പോൾ മുമ്പത്തേക്കാൾ ദുർബലയായിരിക്കുകയാണ്. ഒരു മനുഷ്യസ്ത്രീയുടെ മനസ്സിന്റെ കെട്ടുറപ്പ് എനിക്ക് നഷ്ടപ്പെട്ടിരിക്കുന്നു. അവന് മുല കൊടുത്തിട്ടില്ലെങ്കിലും ഞാനവനെ മാറോട് ചേർത്തിട്ടുണ്ട്. അതിന്റെ ഓർമയിൽ ഞാൻ രസിച്ചിട്ടുണ്ട്. ചിലപ്പോഴൊക്കെ എന്റെയുള്ളിൽ ഞാനവനെ തെറ്റായ പേര് ചൊല്ലി വിളിച്ചിട്ടുണ്ട്. എന്റെയുള്ളിൽ ചിലപ്പോഴെങ്കിലും അവൻ ജോണും ഞാൻ ജോണിന്റെ മൂമുവും ആയിരുന്നു.
ഇത്തരമൊരു കാര്യം എന്നോടാവശ്യപ്പെടാൻ മാത്രം പ്രായം അവനായിട്ടില്ല. എന്നാൽ ആവശ്യപ്പെടാതിരിക്കാൻ മാത്രം അവൻ ചെറുപ്പവുമല്ല. അവന്റെ നോട്ടത്തിൽനിന്ന് എനിക്ക് പരിചിതവും സുരക്ഷിതവുമായ ഇടം നഷ്ടപ്പെട്ടിരിക്കുന്നു. എന്നാൽ അവന്റെ സ്പർശത്തിൽ ഒരപായ സൂചനപോലുമില്ല. അവന്റെ ശബ്ദത്തിന്റെ വളർച്ച നിന്നിട്ടില്ല. ഇപ്പോഴും ഒരു വാചകത്തിനിടയിൽ അത് മുറിയുന്നുണ്ട്. ഒരുപക്ഷേ, പറയാൻ കഴിയാത്ത എന്തിനോ നേർക്കുള്ള ഒരു വിക്ക് മാത്രമായിരിക്കണം പ്രണയം. എന്റെ പ്രണയം ഓരോ തവണയും ഉന്നം പിഴയ്ക്കുന്ന എന്റെ തന്നെ ഓർമകളാണ്. എന്നാൽ, അവനീ മുറിക്കകത്തേക്ക് പ്രവേശിക്കുമ്പോൾ മുറിയുടെ ഊഷ്മാവ് മാറുന്നത് ഞാനറിയുന്നുണ്ട്. എന്റെ വക്കും ത്വക്കും ഓർമകളിലേക്ക് മടങ്ങുന്നുണ്ട്. ആഗ്രഹിക്കുക എന്നത് ഒരു ക്രിയാപദമായി ഉരുത്തിരിയുന്നതിന് മുമ്പേ അവന്റെ അച്ഛനെ ഞാൻ ആഗ്രഹിച്ചിരുന്നു. എന്റെ ചിന്തകൾ പോലെത്തന്നെ എന്റെ ചരിത്രവും ഒരിക്കലും വരിവരിയായി, അക്കമിട്ട് എന്റെ മുമ്പിൽ അവതരിക്കുന്നില്ല. അതെപ്പോഴും പുകപോലെ, കിടക്കവിരിപ്പുപോലെ ചുരുളുന്നു. ഒരു ചുളിവ് നിവർത്തുമ്പോൾ ഞാൻ ചിലത് കണ്ടെടുക്കുന്നു. മറ്റൊരു ചുളിവിൽനിന്ന് മറ്റ് ചിലതും. ഭൂതകാലം എനിക്ക് പിറകിൽ ഉപേക്ഷിച്ചെന്നാണ് ഞാൻ കരുതിയത്. ഇപ്പോഴിതാ, യുവത്വമിറ്റുന്ന മുഖവുമായി അത് വീണ്ടും എന്റെ വാതിൽക്കൽ മുട്ടുന്നു. ഞാൻ അവനെ ചുംബിക്കുകയാണെങ്കിൽ, എന്റെയുള്ളിൽ ഞാൻ തന്നെ കൈമോശം വരുത്തിയ എന്റെ ഭൂതകാലത്തെയാവും ഞാൻ ചുംബിക്കുന്നത്. അവന്റെ അച്ഛന്റെ മൗനത്തിനും തിരോധാനത്തിനുമിടയിൽ ഞാൻ തന്നെ ഉയർത്തിയ ഒരു ചോദ്യത്തെ ചുംബിക്കുന്നതുപോലെയാവും അത്. ഞാൻ അവനെ ചുംബിക്കുകയാണെങ്കിൽ, ഞാനൊരു കാൽപ്പനിക കഥയായി മാറും. മിത്തിനും യാഥാർഥ്യത്തിനുമിടയിൽ ആ ചോദ്യചിഹ്നം അപ്പോഴും അവശേഷിക്കും. മോഹിച്ചു എന്നതിന്റെ പേരിൽ ശിക്ഷിക്കപ്പെട്ടവരാണ് ഞാൻ വായിച്ച മിത്തുകളിലെ സ്ത്രീകളിൽ അധികവും. ഞാനോ, അനാഘ്രാതയായി തുടരാനും ശിക്ഷിക്കപ്പെടാനും ആഗ്രഹിക്കുന്നു.
അവന്റെ പ്രായത്തിൽ അവന് തോന്നുന്നത്, പ്രണയം ഒരേറ്റുപറച്ചിലാണെന്നാണ്. ഒരു കവിതപോലെ, ഒരു പാപംപോലെ മനോഹരമായ ഒന്ന്. അവൻ എന്നെ നോക്കുന്നത് ഞാൻ ശ്രദ്ധിക്കുകയായിരുന്നു. അവന്റെ കണ്ണിൽ എന്റെ മാംസവും അവന്റെ വാ നിറയെ വാക്കുകളുമായിരുന്നു. എനിക്ക് അവനോട് അസൂയ തോന്നി. കടുത്ത അസൂയ. മറ്റൊരാളുടെ നിമിഷങ്ങളിൽനിന്ന് നിങ്ങൾ പുറത്തുകടക്കുമ്പോഴാണ് അസൂയ നിങ്ങളെ പിടികൂടുന്നത്. അങ്ങനെ വരുമ്പോൾ, അസൂയയും പ്രണയം തന്നെ. വേഷപ്രച്ഛന്നനായ സമയമാണ് അസൂയ. എന്റെ പക്കൽ ഇത് രണ്ടും ധാരാളമുണ്ട്. നിഷ്കളങ്കമായ അസൂയ എളുപ്പം കൈവരിക്കാനാവുന്ന ഒരു ഗുണമല്ല. ദൈവത്തിന്റെ മക്കൾക്ക് മാത്രമേ അത് സാധ്യമാവൂ. നിങ്ങളുടെ അസൂയ നിങ്ങളെ കൈവിടുന്ന നിമിഷം നിങ്ങൾ ബുദ്ധിമതിയും വൃദ്ധയും അയോഗ്യയുമായിത്തീരുന്നു. ഞാനിപ്പോഴും ചെറുപ്പമാണെന്ന് ഓഗസ്റ്റ് എന്നെ ഓർമിപ്പിക്കുന്നു. കാരണം, എന്റെ കണ്ണുകൾ ഒരു നിമിഷം പച്ചനിറത്തിൽ ജ്വലിക്കുന്നതായി അവൻ പറഞ്ഞു.
ഒരിക്കൽ, ഇരുട്ടിൽ, അവന്റെ അച്ഛൻ എന്നോടെന്തോ പറഞ്ഞിരുന്നു, കഷ്ടിച്ച് ഒരു വാചകം. അതെന്താണെന്ന് ഞാനോർക്കുന്നില്ല. എങ്കിലും അതിന്റെ ഘനം ഞാനറിയുന്നുണ്ട്. ചെറുക്കനും തന്റെ അസ്ഥികളിൽ താങ്ങുന്നത് അതേ ഘനമാണ്. ഒരു വാഗ്ദാനം പോലെയാണ് ചിലപ്പോഴൊക്കെ അവൻ കടന്നുവരുന്നത്. മറ്റുചിലപ്പോൾ ഒരു ശിക്ഷ പോലെയും. എന്നാൽ, ആവർത്തനത്തെ ഭാഗധേയം എന്ന് വിശ്വസിക്കാൻ മാത്രം ഒരു വിഡ്ഢിയല്ല ഞാൻ. എങ്കിലും പൂർത്തിയാകാതെ പോകുന്ന പ്രണയം പുതിയ ഉടൽ കണ്ടെത്തി തിരിച്ചുവരുമെന്ന് ഞാൻ മനസ്സിലാക്കുന്നു. ഓഗസ്റ്റ് അവന്റെ അച്ഛൻ ജോണല്ല. എന്റെ ശരീരത്തേയോ മൗനത്തേയോ ഇതൊന്നും ബാധിക്കുന്നില്ല. കാരണം, എന്റെ സ്വപ്നങ്ങൾ ഒരിക്കൽപ്പോലും നിയമാനുസൃതമായിരുന്നില്ല.
അവന്റെ കണ്ണുകളിലേക്ക് നോക്കിയപ്പോൾ, ഞാൻ ചിന്തിച്ചത് ഇത്രമാത്രം: ഞാനൊരു ക്രൂരയായിരുന്നെങ്കിൽ, ഇതിന്റെ അവസാനം എന്താവുമെന്ന് അവനെ ഞാൻ പഠിപ്പിച്ചേനെ. ഞാൻ കുറേക്കൂടി ദയാലുവായിരുന്നെങ്കിൽ, ഞാൻ വിട്ടുപോയേനെ. എന്നാൽ ഞാനിത് രണ്ടുമല്ല. ഞാൻ ചരിത്രമാണ്, അതിന്റെ മിടിപ്പ് ഇനിയും തീർന്നിട്ടില്ല.
ചിത്രീകരണം: പാവേൽ
പറഞ്ഞല്ലോ, ഒരു ഭൂതത്തെ പ്രണയിക്കാനാണ് ഞാൻ ആഗ്രഹിച്ചത്. മണി കൗളിന്റെ ഭൂതത്തെപ്പോലെ രാജസ്ഥാനി നാടോടിക്കഥകളിലെ ഭൂതത്തെ. മറ്റു പുരുഷന്മാരെപ്പോലെ വാഗ്ദാനങ്ങളുടെ ഇടിമുഴക്കവുമായിട്ടല്ല അവൻ വരുന്നത്, കാരണം ഭൂതത്തിന്റെ പ്രണയം എപ്പോഴും നിങ്ങൾക്കുള്ള ഒരു സാധ്യതയാണ്. സ്വന്തം ജീവിതത്തിൽ തുറന്ന് സംസാരിക്കാൻ അവസരം ലഭിക്കാതിരുന്ന ഒരു സ്ത്രീയുടെ ആന്തരിക ലോകത്തെയാണ് കൗൾ ചിത്രീകരിക്കുന്നത്. ഒരുപക്ഷേ എനിക്ക് ഒരു സിനിമയെടുക്കാൻ സാധിക്കുമായിരുന്നെങ്കിൽ അത്തരമൊരു സംരംഭത്തിനായിരിക്കും ഞാനും മുതിരുക. നേർത്ത പട്ടിനാൽ പാതി മറച്ച മുഖവുമായി പ്രത്യക്ഷപ്പെടുന്ന ദുവിധയിലെ വധു എപ്പോഴും വൈകാരികമായൊരു ഭാരം പേറുന്നുണ്ട്. മുഖവുരയോ ക്ഷമാപണമോ ഇല്ലാതെ തന്റെ സിനിമയെ കാവ്യാത്മകമാക്കാൻ മണി കൗൾ കാണിച്ച ധൈര്യമാണ് എന്നെ ആകർഷിച്ചത്. ഒരു സിനിമ പിടിക്കുകയാണെങ്കിൽ, അഥവാ, ഒരു പുസ്തകമെഴുതുകയാണെങ്കിൽ ഇതേ ധൈര്യം കാണിക്കാൻ ഞാനും മുതിർന്നേക്കാം. അല്ലെങ്കിലും ഞാൻ ആരെ പേടിക്കാനാണ്?
കൗളിന്റെ ഛായാഗ്രഹണത്തിൽ ഓരോ ക്ലോസപ്പും ഉപാസനാപൂർവമുള്ള ഓരോ പെയിന്റിങ്ങുകളായിരുന്നു. പലപ്പോഴും ഫ്രെയ്മുകൾ നിശ്ചലമായി. മറ്റുചിലപ്പോൾ ബിംബങ്ങൾ കൂടിക്കലർന്നു. അപ്രകാരം, സിനിമ, ചലിക്കുന്ന ഒരു കവിതയായിത്തീരുന്നു. ആ കവിതയിൽ സൗന്ദര്യത്തിനും ഭാവത്തിനുമിടയിലും സമ്പ്രദായത്തിനും ദൗർബല്യത്തിനുമിടയിലും സംഭവിക്കുന്ന സമതുലിതമായ അവസ്ഥ തികച്ചും അസാധാരണമായിരുന്നു. തീർച്ചയായും, ഇവിടെ കഥാതന്തു ഭൂതം തന്നെ. ഭൂതം എന്നത് ഒരു പെണ്ണിന്റെ ലൈംഗിക സ്വാതന്ത്ര്യമാണ്. എന്നാൽ ഭൂതത്തെ വിട്ട് പലതും പലതും കൗൾ തന്റെ കാണിയുമായി സംവദിക്കുന്നു. (ആഗ്രഹം, തെരഞ്ഞെടുപ്പ്, ചെറുത്തുനിൽപ്പ്.) വധുവിന്റെ ധിക്കാരം ഒച്ചപ്പാടുകൾക്കോ നാടകീയതയ്ക്കോ വഴിയൊരുക്കുന്നില്ല. അവൾ ഭൂതത്തെ തെരഞ്ഞെടുക്കുന്നത് സ്വയം തിരിച്ചറിയുന്നതിലൂടെയാണ്. ഒരു ഭൂതത്തെ പ്രാപിക്കാൻ ആഗ്രഹിക്കുന്നവൾ സ്വയം അറിയുന്നു എന്നർഥം. അവളുടെ വിപ്ലവാത്മകമായ ഈ തീരുമാനം സിനിമയുടെ സദാചാരപരമായ അച്ചുതണ്ടിനെയാണ് കറക്കിവിടുന്നത്. ഞാനൊരു സിനിമ എടുക്കുകയാണെങ്കിൽ അതൊരിക്കലും ഒരു കഥ പറയാൻ വേണ്ടി ആയിരിക്കില്ല. അത് ഭാവങ്ങൾക്കും വികാരങ്ങൾക്കും ഞാൻ തെരഞ്ഞെടുക്കുന്ന നിറങ്ങൾക്കും യഥേഷ്ടം ഒഴുകാനുള്ള ഒരിടമായിരിക്കും. അവിടെ സൗന്ദര്യത്തേയും വേദനയേയും വേർതിരിക്കാനാവില്ല. മണി കൗളിനോട് എനിക്ക് നന്ദിയുണ്ട്, ഒരു പെണ്ണിന്റെ ആന്തരിക ലോകം ഇത്രയേറെ ധൈര്യത്തോടെ ചിത്രീകരിച്ചതിന്, അയാളുടെ ഭൂതത്തോട് എനിക്ക് പ്രണയവുമുണ്ട്. പ്രണയത്തേയോ പ്രണയിനിയേയോ അറിയാനുള്ള കഴിവ് ഒരു പുരുഷനുണ്ടെന്ന് ഞാൻ വിശ്വസിക്കാതെയായത് അന്ന് മുതൽക്കാണ്. ഒരു ഭൂതത്തിനേ അതിന് സാധിക്കൂ. പിൽക്കാലത്ത് വിജയ്ദാൻ ദത്ത ചിട്ടപ്പെടുത്തിയ ഇതേ രാജസ്ഥാനി നാടോടിക്കഥ മണി കൗളിൽനിന്ന് അമോൽ പലേക്കറിലേക്കെത്തുകയും ഭൂതത്തിന് ഷാരൂഖ് ഖാന്റെ മുഖമാവുകയും ചെയ്യുന്നതോടെ അതൊരു ബോളിവുഡ് ചർവിതചർവണമായി മാറുന്നു. റാണി മുഖർജി പറയുന്നു, "ഭൂത് ഹോ നാ, ഇസ്ലിയേ തോ സച്ച് ബോൽ രഹാ ഹൂം.'
മണി കൗളിന്റെ പടം കണ്ട രാത്രിയിൽ എന്റെ ഡയറിയിൽ ഞാൻ കുറിച്ചിട്ടിരുന്നു.
**************
ഒരു ഭൂതമാവുകയെന്നാൽ ഒരു വംശാവലി ഇല്ലാതിരിക്കുക എന്നർഥം.
അച്ഛനില്ല.
നിയമമില്ല.
മണ്ണില്ല.
സ്വയം തെരഞ്ഞെടുക്കുന്നതിനപ്പുറത്ത് മറ്റൊരു പേരില്ല.
അവൻ പറയുന്നത്, ഞാനൊരു ഭൂതമായതിനാൽ ഞാൻ സത്യം പറയുന്നു എന്നാണ്.
അങ്ങനെ നോക്കിയാൽ അവന്റെ വിശ്വാസ്യത അവന്റെ ഇല്ലായ്മയിലായിരുന്നു.
കെട്ടുപാടുകളിൽനിന്ന് വിടുമ്പോഴാണ് കാമനകൾക്ക് കൃത്യതയുണ്ടാവുന്നത് എന്നർഥം.
യൂറിപിഡീസിൽ മദേയ8 പറയുന്നു, ഞങ്ങൾ പെണ്ണുങ്ങളുടേതാണ് ഏറ്റവും ദുരിതപൂർണമായ ജന്മങ്ങൾ.
എന്നിട്ടും, അവളാണ് ലോകത്തിന് തീ വയ്ക്കുന്നത്.
*********************************
ചിത്രീകരണം: പാവേൽ
ഇവിടെ ഈ വധു‐ അധികം മിണ്ടാട്ടമില്ലെങ്കിലും നിശ്ചലതയിൽ ചലിക്കുന്നുണ്ട്.
കള്ളനെപ്പോലെയല്ല, രഹസ്യംപോലെയാണ് ഭൂതം അവളുടെ അറ തീണ്ടുന്നത്.
അവളോ, അവനെ അനുവദിച്ചു.
എന്താണ് ലൈംഗിക സ്വാതന്ത്ര്യം?
അതൊരു പ്രവൃത്തിയല്ല. അതൊരു തിരിച്ചറിവാണ്.
നിന്നെ വേണമെന്ന് ആഗ്രഹിക്കുന്നവന്റെ കണ്ണിൽ നിന്നെ കാണുക.
ഒരു വസ്തുവായല്ല.
കർമമോ ധർമമോ ആയല്ല.
ഒരു നാളമായി, ഒരാന്തലായി അവന്റെ കണ്ണിൽ നീ നിന്നെ കാണുക.
ചിലരതിനെ വശപ്പെടുത്തൽ എന്ന് വിളിക്കും. മറ്റുചിലർ പ്രണയമെന്നും.
കൈകൾ മലർക്കെ തുറന്നതല്ലാതെ അവളതിനെ ഒന്നും വിളിച്ചില്ല.
ഭൂതമാവട്ടെ, സസന്തോഷം അവളുടെ നിശ്ശബ്ദതയിൽ വ്യാപിച്ചു.
************
ഭൂതബാധ.
രണ്ടുതരം ബാധകളുണ്ട്.
ഒന്ന് നിങ്ങളെ വിടാതെ പിന്തുടരും.
മറ്റൊന്നിനെ നിങ്ങൾ സ്വീകരിക്കും. തൊണ്ടതൊടാതെ വിഴുങ്ങും.
ഇതാ രണ്ടാം ബാധയാണ്.
ആയതിനാൽ വിശുദ്ധവും.
എന്നാൽ വിശുദ്ധി എല്ലായ്പ്പോഴും ഒരു ശാപവുമാണ് .
**************
കുറിപ്പുകൾ
1‐ ഞാൻ കാണുമ്പോഴേക്കും നിറങ്ങൾ കലങ്ങിയും ചോർന്നും കുറേയൊക്കെ അവ്യക്തമായിത്തീർന്നിരുന്നു ദുവിധ എന്ന സിനിമ. എന്നിട്ടും, മനുഷ്യരേക്കാൾ ഏറെ വ്യക്തതയോടെ അതിലെ ഭൂതം എന്റെ മനസ്സിൽ തങ്ങി. തന്റെ ഭർതൃഗൃഹത്തിലേക്കു പോകുന്ന നവോഢയെ കണ്ട് മോഹിക്കുന്ന ഒരു ഭൂതത്തിന്റെ കഥയാണിത്. വിവാഹപ്പിറ്റേന്നുതന്നെ ഭർത്താവ് വ്യാപാരത്തിനായി നാട് വിടുന്നു. ഭർത്താവിന്റെ രൂപംപൂണ്ട ഭൂതം അവളെത്തേടി അവളുടെ വീട്ടുവാതിൽക്കലെത്തുന്നു. പിന്നീടങ്ങോട്ട്, തിടുക്കം കൂട്ടാത്ത ചലനങ്ങളിലൂടെയും അസാധ്യമായ ക്ഷമയോടെയും തനിക്കുനേരെ നോക്കുന്ന ക്യാമറയ്ക്ക് മുമ്പിലൂടെ നന്മ നിറഞ്ഞ ആ ഭൂതം, കാണിയിലേക്ക് വ്യാപിക്കുന്നു. ഒരു രാജസ്ഥാനി നാടോടിക്കഥയിൽനിന്നും വിജയ്ദൻ ദത്ത കടംകൊണ്ട ഈ കഥയ്ക്ക് മണി കൗൾ സിനിമാവിഷ്കാരം നടത്തുന്നത് 1973‐ലാണ്. ദുവിധയെന്നാൽ ഇരുമനസ്സ് എന്നർഥം. ഇതൊരു ധർമസങ്കടം. ഈ സിനിമ കണ്ടതിൽപ്പിന്നെ, പ്രണയത്തെക്കുറിച്ചോർക്കുമ്പോൾ, എന്റെ മനസ്സിൽ ആ ഭൂതത്തിൽ കുറഞ്ഞ യാതൊന്നിനും പ്രവേശനമില്ല.
2‐ കഥയെത്തുംമുമ്പേ നോട്ടമെത്തുന്ന ഒരു പുസ്തകമാണ് മാറിയോ വർഗാസ് യോസയുടെ ‘ഇൻ പ്രെയ്സ് ഓഫ് ദി സ്റ്റെപ്പ് മദർ’ എന്ന കൃതി. കാഴ്ച എവ്വിധമാണ് ആസക്തിയായി മാറുന്നതെന്ന് യോസ ഇതിൽ സമയമെടുത്ത് ധ്യാനിക്കുന്നു. അപകടകരമാംവിധം സുന്ദരിയായ ഒരു സ്ത്രീയെ (ഡോണാ ലുക്രീഷ്യ) തന്റെ പിതാവ് വിവാഹം കഴിക്കുകയും അവരിൽനിന്ന് കണ്ണെടുക്കാനാവാതെ ഉറച്ചുപോവുകയും ചെയ്ത ഒരു ബാല്യക്കാരന്റെ (ഫോൻചിതോ) കഥയാണിത്. സംഭവവികാസങ്ങളല്ല, ചെറുക്കന്റെ നോട്ടമാണ് ഇവിടെ ഇതിവൃത്തം. ഓഗസ്റ്റിന്റേതും ആ ചെറുക്കൻ ഫോൻചിതോയുടേത് പോലെ കണ്ണെടുക്കാത്ത നോട്ടമാണ്.
3‐ 1973‐ൽ ഷോൺ യുസ്താഷ് സംവിധാനം ചെയ്ത ‘ദി മദർ ആൻഡ് ദി ഹോർ’ (അമ്മയും തേവിടിച്ചിയും) എന്ന സിനിമ ഞാൻ കാണുന്നത്, അതിലെ സംഭാഷണങ്ങൾ ഉൾക്കൊള്ളാൻ മാത്രം വലിപ്പമില്ലാത്ത ചെറിയൊരു മുറിയിലിരുന്നാണ്. ഇത് അലക്സോന്ദ്രിന്റെ കഥയാണ്. അവൻ രണ്ട് സ്ത്രീകളെ പ്രണയിക്കുന്നു, വ്യത്യസ്തമായ രണ്ട് രീതികളിൽ. രോഷാകുലയെങ്കിലും സശ്രദ്ധം അവനെ കേട്ടിരിക്കുന്ന മറീയും, പിന്നെ വന്നും പോയുമിരിക്കുന്ന വെറോനിക്കയും. പ്രത്യേകിച്ച് കഥയൊന്നുമില്ലാത്ത ഈ സിനിമ ദീർഘസംഭാഷണങ്ങളിലൂടെയും മൗനത്തിലൂടെയും സിഗരറ്റുകളിലൂടെയും നമ്മെ ജീവിതം പഠിപ്പിക്കുന്നു. ഒരുപക്ഷേ, ഒരു പത്തിരുപത് സിനിമകൾക്ക് പറയാനുള്ളതെല്ലാം ഇതിൽനിന്ന് കാണിക്ക് ലഭിച്ചേക്കാം. ആരുടേയോ ശ്വാസോച്ഛ്വാസത്തിനുവേണ്ടി കാതോർക്കുംവിധമാണ് ആ സിനിമ ഞാൻ കണ്ടുതീർത്തത്.
4‐ അലക്സോന്ദ്ര് പറഞ്ഞതുകൊണ്ടുമാത്രമല്ല, ബ്രെസ്സോന്റെ പെൺകുട്ടികളുടെ പ്രത്യേകത ‘ദി മദർ ആൻഡ് ദി ഹോർ’ കാണുന്നതിനു മുമ്പുതന്നെ ഞാനും ശ്രദ്ധിച്ചിട്ടുണ്ട്. ഒരുപക്ഷേ നിങ്ങളും അറിഞ്ഞോ അറിയാതെയോ അത് ശ്രദ്ധിച്ചിരിക്കണം. അത് മുഷെതിലായാലും, ഓ ഹസാദ് ബൽതാസറിലായാലും. അവരാണോ അവരുടെ മൗനമാണോ കാണിയെ ആകർഷിക്കുന്നതെന്ന് പറയുകവയ്യ. ബ്രെസ്സോന്റെ പെണ്ണുങ്ങൾ കഥയെ മുന്നോട്ടുനീക്കുന്ന അവതാരകരല്ല. അവർ കൊച്ചുകൊച്ച് അത്ഭുതങ്ങളാണ്: ക്ഷമയുടെ, നിശ്ശബ്ദതയുടെ, സാമീപ്യത്തിന്റെ.
5‐ 1974‐ൽ ഇറങ്ങിയ ബ്രെസ്സോന്റെ ‘ലാൻസെലോട്ട് ദു ലാക്’ എന്ന സിനിമ ആർതർ രാജാവിന്റെ പോരാളിയായ ലാൻസെലോട്ടിന്റേയും രാജപത്നിയോട് അയാൾക്ക് തോന്നിയ വിലക്കപ്പെട്ട പ്രണയത്തിന്റേയും കഥ പറയുന്നു. രാജ്യസ്നേഹവും പ്രണയവും അഭിമാനവും ഏറ്റുമുട്ടുന്നിടത്ത് രാജ്യം ദുരന്തത്തിലാഴുന്നു. എനിക്കോർമയുണ്ട്, ആ സിനിമ ആദ്യമായി കാണുമ്പോൾ, അതിലെ നായികയ്‌ക്ക് ഒന്നു വെളിച്ചത്തിലേക്ക് നീങ്ങിനിന്നുകൂടെയെന്ന് ഞാൻ അക്ഷമയായത്. സിനിമ നമ്മെ ശീലിപ്പിച്ചത് കഥാപാത്രങ്ങളെ കൺനിറയെ കാണാനാണ്. പെണ്ണിനേയും ആണിനേയും മതിവരുവോളം മറയില്ലാതെ കാണുക. ഇരുട്ടുനിറഞ്ഞ ഒരു സിനിമാക്കൊട്ടക നിങ്ങൾക്കു തരുന്നത് അതിനുള്ള സ്വാതന്ത്ര്യമാണ്. കാണുക. ആസ്വദിക്കുക. എന്നാൽ ബ്രെസ്സോൻ, തന്റെ നായികയെ കൂടുതൽ കൂടുതൽ ഇരുട്ടിലേക്ക് നീക്കി നിർത്തി. എനിക്ക് നിരാശയായി. എന്നാൽ രണ്ടാം തവണ അതേ ചിത്രത്തിലൂടെ പോകുമ്പോൾ അവർ പതുങ്ങുന്ന ഇരുട്ടും ഇടനാഴിയും എന്നെ ആകർഷിക്കുന്നത് ഞാനറിഞ്ഞു. എപ്രകാരമാണ് അവർ ഇത്രയേറെ മൗനിയും വിഷാദവതിയും വിശുദ്ധയുമായിത്തീരുന്നതെന്ന് ബ്രെസ്സോൻ തന്റെ ക്യാമറയിലൂടെ കാണിച്ചുതരികയായിരുന്നു. മൂന്നാം തവണ, ഞാനാണ് ഗുനിവേറിനെ ഇരുട്ടിലേക്ക് മാറ്റിനിർത്തിയത്. സിനിമയിലെ ഇരുട്ടും നിഴലും അപ്പോഴേക്കും എനിക്ക് മനഃപാഠമായി തീർന്നിരുന്നു.
6‐ പല യജമാനന്മാരുടെ കൈകളിലൂടെ കടന്നുപോകുന്ന ബൽതാസർ എന്ന കഴുതയുടെ സങ്കടകഥ പറയുന്ന 1966‐ലെ ബ്രെസ്സോൻ ചിത്രം. ഒരു സിനിമയേക്കാളേറെ അതൊരു ധ്യാനമാണ്, എ മെഡിറ്റേഷൻ ഓൺ ബ്രെത്. മെല്ലിച്ച ഒരു പെൺകുട്ടിയും ബൽതാസറിന്റെ കഴുതശ്വാസവും സിനിമയുടെ താളമായി മാറുന്ന അപൂർവ കാഴ്ച. ഒരു മൃഗം, ഒരു പെൺകുട്ടി, വേദനാഭരിതമായ കുറേ നിമിഷങ്ങൾ. അതായിരുന്നു ആ സിനിമ.
7‐ ദി മദർ ആൻഡ് ദി ഹോർ (1973, ഷോൺ യുസ്താഷ്): പ്രണയം യഥാർഥത്തിൽ വളരെ സാവധാനം മാത്രം സംഭവിക്കുന്നതും എന്നാൽ അത്രകണ്ട് സുഖകരമല്ലാത്തതുമായ ഒരു സംഭാഷണമാണെന്ന് കാണിയെക്കൊണ്ട് ചിന്തിപ്പിക്കുന്ന സിനിമ. അതിൽ നായകൻ അലക്സോന്ദ്ര് സദാ തന്റെ സിഗരറ്റിൽ തെരുപ്പിടിക്കുന്നു, ഉറക്കെ ചിന്തിക്കുന്നു. അവന്റെ പെണ്ണ് മറീ, ദീർഘനിശ്വാസങ്ങളുതിർക്കുന്നു. അവന്റെ മറ്റൊരു പെണ്ണ് വെറോനിക്ക, വരുന്നു, പോകുന്നു, വീണ്ടും വരുന്നു.
8‐ തന്റെ കഥാപാത്രങ്ങളുടെ, പ്രത്യേകിച്ചും സ്ത്രീ കഥാപാത്രങ്ങളുടെ മനസ്സിലൂടെ സഞ്ചരിച്ച യുറീപിഡിസിന്റെ (480‐406 ബിസിഇ), അങ്ങേയറ്റം സമർഥയും രോഷാകുലയുമായ നായികയാണ് മെദേയ. അവളുടെ ശാന്തമായ അനക്കവും ഒരു കൊച്ചു ഭൂകമ്പമാണ്. നിശ്ചലയായിരിക്കുമ്പോൾപോലും അവളെ അവഗണിക്കുന്നത് അത്ര ബുദ്ധിയാവില്ല. അവളുടേത് പ്രണയത്തിന്റേയും വഞ്ചനയുടേയും പ്രതികാരത്തിന്റേയും കഥ. കാറ്റിനേക്കാൾ വേഗത്തിൽ ചിന്തിക്കുന്ന നായികയ്ക്ക് മുമ്പിലാണ് തങ്ങളിരിക്കുന്നതെന്ന് ഒരു നിമിഷംപോലും കാണി വിസ്മരിക്കുന്നില്ല .










0 comments