നോവൽ
തെറം

പി വി ഷാജികുമാർ.
Published on Sep 12, 2026, 11:28 AM | 4 min read
പോർക്കളം
മുസ്‌തഫയുടെ വഴിയായിരുന്നില്ല മുത്തലിയുടെ വഴി. അവന്റെ വഴിയിൽ തെളിച്ചമുണ്ടായിരുന്നു. മുസ്‌തഫയിൽ ആകട്ടെ കുറ്റങ്ങളുടെ കറ പടർന്ന വഴിയെല്ലാം ഇരുട്ടിലായി. കുറ്റങ്ങളിലൊന്നും പെട്ടു പോകാതിരിക്കാൻ മുത്തലി കരുതലൊന്നും കാണിച്ചില്ലെങ്കിലും കുറ്റങ്ങൾ അവനടുത്ത് വരാൻ മടി കാണിച്ചു.
അവൻ അച്ചടക്കത്തോടെ പഠിച്ചു സൗമ്യതയോടെ പെരുമാറി.
ദയാലുവായി.
കള്ളക്കളി കാട്ടാതെ പന്തുകളിയിലെ കേമനായി. മുസ്‌തഫ കളം വിട്ടതിനുശേഷം മത്സരിക്കാൻ ആരും വിളിക്കാതെയായ ആഴി ആർട്സ് ആൻഡ് സ്‌പോർട്സ് ക്ലബ്ബിന് അവൻ ഇറങ്ങിയതോടെ തെളിച്ചം വന്നു.
നാടിനും പുറത്തുമുള്ള സെവൻസ് ടൂർണമെന്റുകളിൽ ആഴി മത്സരിക്കുകയും ചിലതിൽ രണ്ടാം സ്ഥാനമോ ഒന്നാം സ്ഥാനമോ നേടുകയും ഉണ്ടായി.
മുസ്‌തഫയുടെ കാൽഗുണം മുത്തലിക്കും കിട്ടിയെന്ന് ഫുട്ബോൾ പ്രേമികളായ ഉജ്ജിറക്കാർ ആശ്വസിച്ചു.
എവിടെ ഫുട്ബോൾ ഉണ്ടായാലും കളി കാണാൻ പോകുന്ന കുഞ്ഞിരാമനും മമ്മതും ഉണ്ടായിരുന്നു ഉജ്ജിറയിൽ. അവർ ആഴിയിലെ ആദ്യകാല കളിക്കാരും കടൽക്കാരുമായിരുന്നു.
കളികളൊന്നും ജയിപ്പിക്കാനുള്ള മിടുക്കുണ്ടായിരുന്നില്ലെങ്കിലും അവർക്ക് കളിയുടെ നട്ടപ്രാന്ത് ഉണ്ടായിരുന്നു.
വൈകുന്നേരങ്ങളിലുള്ള മൈതാനത്തുള്ള കളിയുടെയും കടലിലുള്ള കളിയുടെയും കാലം കഴിഞ്ഞപ്പോൾ അവർ കളി നടക്കുന്ന ഇടങ്ങളിലേക്ക് ഒന്നിച്ചുപോയി. കളി കഴിഞ്ഞു മടങ്ങിയെത്തി കുടിച്ചു പൂസായി കടൽത്തീരത്ത് കാറ്റും കൊണ്ടിരുന്ന് കളിയെക്കുറിച്ച് പറഞ്ഞും കളി പറഞ്ഞും അവർ പുലരുവോളം ഇരിക്കും.
മുത്തലി തിരിച്ചെത്തിയ രാത്രിയിൽ ആഴി വിജയിച്ചതിന്റെ ആനന്ദത്താൽ അവർ നല്ലോണം കഴിച്ചു.
അവർ മദ്യത്തെ വിളിച്ചിരുന്നത് മരുന്ന് എന്നായിരുന്നു.
നോവാർന്ന ഓർമകളെ ശമിപ്പിക്കാനുള്ള മരുന്ന്.
സന്തോഷം കൂട്ടാനുള്ള മരുന്ന്.
പാടാനും ആടാനും അറിയില്ലെങ്കിലും പാടാനും ആടാനും വീര്യം തരുന്ന മരുന്ന്.
ഉറക്കം കിട്ടാനുള്ള മരുന്ന്. കരയാനും ചിരിക്കാനുമുള്ള മരുന്ന്. അന്ന് കുഞ്ഞിരാമനും മമ്മദിനും കുടിച്ച് തലവട്ടം തിരിഞ്ഞു. മുന്നിലുള്ള കടൽ പിന്നിലും പിന്നിലുള്ള കര മുന്നിലുമായപ്പോൾ കുഞ്ഞിരാമൻ മമ്മദിനോട് ചോദിച്ചു.
‘‘എടാ മരിച്ചോരു ലോകത്ത് പന്തുകളി ഉണ്ടാകുമോ?’’
ആ ചോദ്യത്തിൽ കര കടലിലും കടൽ കരയിലുമായി മമ്മദിനു മുന്നിൽ നിശ്ചലമായി.
പ്രായത്തിന്റെ ആയുർരേഖ വച്ച് രണ്ടാളും പോകാറായിരിക്കുന്നു എന്ന് ആ ചോദ്യത്തിൽനിന്ന് മനസ്സിലായതിന്റെ നിശ്ചലത ഒന്ന്. അവിടെയും പന്തുകളി ഉണ്ടായിരുന്നെങ്കിലെന്ന ആഗ്രഹത്തിന്റെ നിശ്ചലത മറ്റൊന്ന്. നിശ്ചലതയിൽനിന്ന് ഒന്ന് തലകുടഞ്ഞ് മമ്മദ് അതിന് ഉത്തരം കണ്ടെത്തി.
‘‘ആദ്യം ആരാണ് മരിക്കുന്നത്, ഓർ മരിച്ചതിന്റെ മൂന്നാം നാൾ മറ്റോന്റെ സ്വപ്‌നത്തിൽ വരണം. എന്നിട്ട് കണ്ട കാര്യം പറയണം...!’’

അതൊരു ഉത്തമ ഉത്തരമാണ് എന്ന് കുഞ്ഞിരാമന് തോന്നി. പ്രോമിസ് എന്നൊന്നും പറയാൻ അറിയാത്തതുകൊണ്ട് അവർ കുപ്പിയിലെ മദ്യം കുടിച്ചു വറ്റിച്ച് ചെമ്മീനിലെ ‘ചാകര ചാകര കടപ്പുറത്തിന് ഉത്സവമായി' എന്ന സംഘഗാനം പാടി, കുടിച്ചതിൽ കുറച്ച് ഛർദിച്ച് ചൂടുമണലിൽ കമിഴ്‌ന്ന് കിടന്നു.
അരയിയിൽ നടന്ന സെവൻസിൽ ആഴി രണ്ടാം സ്ഥാനം അടിച്ചതിന്റെ പിറ്റേന്ന് ഉറക്കത്തിൽ അല്ലലധികമില്ലാതെ കുഞ്ഞിരാമൻ ജീവിതത്തിൽനിന്ന് പോയി. കുഞ്ഞിരാമന്റെ വീട്ടുകാർക്കില്ലാത്ത ദുഃഖം മമ്മദിനുണ്ടായി.
കുളിപ്പിച്ചു കഴിഞ്ഞു അടക്കാൻ കുന്നിൻപുറത്തേക്ക് കുഞ്ഞിരാമനെ കൊണ്ടുപോകുമ്പോൾ അയാൾ ഒച്ച പോകുന്നതുവരെ ഉച്ചത്തിൽ കരഞ്ഞു. മൂന്നുദിവസം അയാൾക്ക് ഒന്നും കഴിക്കാൻ തോന്നിയില്ല. ഞരമ്പിൽ ചോരയോടൊപ്പം കുറച്ച് കമ്യൂണിസം ഓടിയതുകൊണ്ട് കുഞ്ഞിരാമൻ സ്വപ്‌നത്തിൽ വരില്ല എന്നാണ് മമ്മദ് വിചാരിച്ചത്. വരണമെന്ന് അയാൾ ആഗ്രഹം സ്വയം പറഞ്ഞുകൊണ്ടേയിരുന്നു.
മൂന്നാം ദിവസത്തിന്റെ രാത്രിയിൽ കാലൻകോഴി കൂവിക്കഴിഞ്ഞ്‌കാലദേശത്തുനിന്ന് കുഞ്ഞിരാമൻ മമ്മദിന്റെ സ്വപ്‌നത്തിൽ വന്നു. കുഞ്ഞിരാമൻ വാക്ക് പാലിച്ചതിൽ മമ്മദ് സന്തോഷവാനായി.
സുഖവിവരങ്ങളൊക്കെ ചോദിച്ചറിഞ്ഞ് ഉള്ളിലെ ആകാംക്ഷയ്‌ക്ക് മമ്മദ് ഉത്തരത്തിനായി കാത്തു.
‘‘എടാ മമ്മദേ, നിന്നോട് പറയേണ്ടതുണ്ട് കാര്യങ്ങൾ.
ഒന്ന് സന്തോഷമുള്ളത്, മറ്റത് വിഷമമുള്ളത്. ഏതാ ആദ്യം പറയണ്ടേ?’’
‘‘എന്താ സംശയം? സന്തോഷം വരുത്തുന്നത്.’’
മമ്മദ് പല്ലുപോയ മോണ കാട്ടി ചിരിച്ചു. ഒരുകുഞ്ഞ് മുന്നിൽ വന്ന് ചിരിക്കുന്നതുപോലെ കുഞ്ഞിരാമൻ അത് അറിഞ്ഞു.
‘‘നമ്മൾ ആഗ്രഹിച്ചതുപോലെ മരിച്ചവരുടെ ലോകത്ത് പന്തുകളിയുണ്ടടാ മമ്മദേ...’’
മമ്മദിന്റെ സന്തോഷം ഇരട്ടിയായി. ചത്താലും കളികാണാല്ലോ... അയാൾ സ്വയം പറഞ്ഞു.
‘‘എന്താ ഗ്രൗണ്ട്... കാണണ്ടത് തന്നെ!’’
കുഞ്ഞിരാമനെ കെട്ടിപ്പിടിക്കാൻ സന്തോഷം പ്രേരിപ്പിച്ചതാണ്, അതിനു മമ്മദിന് കഴിയില്ലല്ലോ. കുഞ്ഞിരാമൻ മരിച്ചവനും മമ്മദ് ജീവിച്ചിരിക്കുന്നവനുമാണല്ലോ.
‘‘ഇനി വിഷമമുള്ള കാര്യം പറ...’’
മമ്മദ് നിർബന്ധിച്ചു.
കുഞ്ഞിരാമൻ മടിച്ചു.
‘‘ഏതു ഉദയത്തിലും അസ്‌തമയമുണ്ട്.
ഏതു രാത്രിക്കും പകലുണ്ട്.
ഏതു സന്തോഷത്തിനു പിന്നിലും സങ്കടമുണ്ട്. നീ വിഷമിക്കാതെ പറയടാ പഹയാ...’’
മമ്മദ് കുഞ്ഞിരാമന് മനസ്സിന്റെ ഉറപ്പ് കൊടുത്തു.
മമ്മദിനെ നോക്കാതെ മരിച്ചവരുടെ ലോകത്തേക്കെന്നപോലെ ശൂന്യമായി തിരിഞ്ഞുനോക്കിക്കൊണ്ട് തിരയടങ്ങിയ കടലിന്റെ ഒച്ചയിൽ കുഞ്ഞിരാമൻ പറഞ്ഞു. ‘‘അടുത്ത ശനിയാഴ്‌ച ആട നടക്കുന്ന കളിയിലെ ഒരു കളിക്കാരൻ നീയാണെടാ മമ്മദേ..!’’
പരലോകത്ത് മമ്മദ് കളിക്കാൻ പോയ ദിവസം മുത്തലിക്ക് കളിയുണ്ടായിരുന്നു. അത് ബോവിക്കാനത്തെ ഫൈനലായിരുന്നു.
മുസ്‌തഫയ്‌ക്കും കളിയുണ്ടായിരുന്നു. അത് സിയ ഒരുക്കിയ ചോരക്കളിയായിരുന്നു...
അതിലേക്കുള്ള കഥ പറയാം.

വാടികെ അസീസായിരുന്നു പൈവളിഗെയിലെ അധോലോകനായകൻ. വാടികെ മജീദ് അനിയന്‍. അവനെ ആര്‍ക്കും പിടിക്കാന്‍ കഴിയില്ല. ഒരു സ്റ്റിയറിങ്ങും നാല് ടയറുമുണ്ടെങ്കില്‍ ആര്‍ക്കും അവനെ പിടിക്കാന്‍ കഴിയില്ല. ഫോര്‍മുല വണ്ണും തോല്‍ക്കും... അസാമാന്യ ഡ്രൈവറാണ്. മജീദിനെ വച്ച് അസീസ് ഇഷ്ടംപോലെ പൈസയുണ്ടാക്കി. ചാരായം കടത്തിയിട്ട്. കര്‍ണാടകയില്‍നിന്ന് കേരളത്തിലേക്ക്. അസീസ് വല്ലാത്ത തലവേദനയായി, പെണ്ണുങ്ങള്‍ക്കും സമുദായത്തിനും സമൂഹത്തിനും മെനക്കേടുണ്ടാക്കി. അപ്പോള്‍ കുറച്ച് സമുദായക്കാർ മീറ്റിങ് കൂടിയിട്ട് അവനെ തീര്‍ക്കാന്‍ തീരുമാനിക്കുന്നു. അതിന് പൈവളിഗെയിലെ കുറച്ച് ചെറുപ്പക്കാരെ കൊണ്ടുവന്നു. ഇരുപത് വയസ്സുള്ള സിയയെ, ചെറിയ ചെറിയ കൊട്ടേഷന്‍ നടത്തുന്ന ഒരു പയ്യൻ. റയിസ്, മൂര്‍ഷ‐ അവന്റെ കൂട്ട്.
‘‘നിങ്ങള്‍ തന്നെ കൊല്ലണമെന്നില്ല. നിങ്ങളെ മുമ്പില്‍ നിര്‍ത്തി മടിക്കേരി, മൈസൂരിലെ ഗുണ്ടകള്‍ ചെയ്‌തോളും. നിങ്ങള് ജയിലില്‍ പോണം. നിങ്ങളുടെ കാര്യങ്ങള്‍ ഞങ്ങള്‍ നോക്കും. എത്രയാന്ന് വെച്ചാൽ അത്ര...’’
ആകാശത്തേക്ക് നോക്കിക്കൊണ്ട് സമുദായക്കാരിലൊരാൾ ഓതി.
ഇൻഷാ അള്ളാ...
സിയ മന്ത്രിച്ചു.
അങ്ങനെ മടിക്കേരിയിൽനിന്ന് വന്നവർ അസീസിനെ ടപ്പാന്‍ ടവറില്‍ ബ്ലോക്കിട്ട് വെട്ടിക്കൊന്നു. പൊലീസ് ചെറുപ്പക്കാരെ അറസ്റ്റ് ചെയ്‌തു. അതോടെ അവര്‍ ഡോണായി. നാട്ടിലെ സ്റ്റാറായി. രാഷ്‌ട്രീയസമ്മർദം മൂലം പൊലീസ് കേസ് മോശമായി അന്വേഷിച്ചു. സിയയും കൂട്ടരും വൈകാതെ പുറത്തെത്തി. ഇവര്‍ക്കെല്ലാം ലീഗുകാര്‍ ഗള്‍ഫില്‍ ജോലി കൊടുത്തു. മൊബൈല്‍ കടകള്‍. ഇവര്‍ പോയി വന്നും കൊണ്ടിരുന്നു. അങ്ങനെ പോവുകയും വരികയും ചെയ്‌തുകൊണ്ടിരുന്നപ്പോഴാണ് ഇവര്‍ പുതിയ മാർഗങ്ങള്‍ തേടുന്നത്. വരുന്നതെല്ലാം വരുമാനമുണ്ടാക്കാന്‍ തുടങ്ങി. അഞ്ച് വര്‍ഷംകൊണ്ട് കണ്ടമാനം സ്വർണം കടത്തിയിട്ട് വന്‍ പണക്കാരായി. ടീം അങ്ങനെത്തന്നെയുണ്ട്. സിയ ടീം ലീഡറായി. നപ്പട്ടയും ഗള്‍ഫിലെത്തി പണക്കാരനായി. ദുബൈയില്‍ ഇഷ്ടംപോലെ കഞ്ചാവുണ്ട്. ഖത്തറില്‍ ഇത് അനുവദനീയമല്ല. ഇവിടെ നിന്ന് കണ്ടെയ്‌നറില്‍ അവര്‍ കഞ്ചാവ് കടത്തി. ഒരു ലക്ഷം ദിര്‍ഹം പത്ത് ലക്ഷം ദിര്‍ഹമായി. കണ്ടെയ്നറില്‍ നിരോധിച്ച ഉല്‍പ്പന്നങ്ങള്‍ കടത്തി, പാന്‍പരാഗ് പോലുള്ളവ കടത്തി അവര്‍ വൻ പൈസയുണ്ടാക്കി.
അസീസ് പോയതോടെ മജീദ് വീക്കായി. നപ്പട്ട റഫീഖ് ഇപ്പുറത്തേക്ക് വന്നു. ഡിസൂസ ബാംഗ്ലൂരില്‍ വലിയ സെറ്റപ്പുള്ളതുകൊണ്ട് അങ്ങോട്ട് പോയി. ഖുജ്രി അമീന്‍ മാത്രമായി. ഗ്യാങ്ങ് പോയി. അമീന്‍ പുറത്തുവരാറില്ല, അവന്‍ ഏതെങ്കിലും കാട്ടിലോ ഏതെങ്കിലും പഴയ വീട്ടിലോ ഒളിച്ചുനില്‍ക്കാന്‍ തുടങ്ങി. തോക്ക് ചൂണ്ടിയതിന് പിടിച്ചപ്പോള്‍ പൊലീസ് അവന്റെ സാധനത്തില്‍ പെപ്പര്‍ സ്‌പ്രേ അടിച്ച് അവനെ ജയിലില്‍ ഇട്ട് പൂട്ടി. പിറ്റേന്ന് മുറി തുറക്കുമ്പോള്‍ അവന്‍ ക്ഷീണിച്ച് കിടക്കുന്നു. അവനെ വാട്ടര്‍പൈപ്പിന് കീഴിലേക്ക് കൊണ്ടുവരുന്നു. അന്നായിരിക്കും അവന്‍ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ സന്തോഷിച്ചിട്ടുണ്ടാവുക.
അങ്ങനെയിരിക്കവെ കസായി ടീം ഇവരെ തേടിവന്നു. അവർ കൊലയ്‌ക്കുള്ള അഡ്വാൻസ് സിയക്ക് കൊടുത്തു. ഓരൊറ്റയാൾ: മുസ്‌തഫ.
യങ്‌സ്റ്റാർ ചട്ടഞ്ചാലിനെതിരെ രണ്ടാംപകുതിയുടെ പത്താം മിനിറ്റിൽ മുത്തലി ഹെഡ് ചെയ്‌ത് ഗോളടിച്ചപ്പോൾ സിയയും ടീമും ഉജ്ജിറ കടപ്പുറത്തെത്തി, മുസ്‌തഫയുടെ തലയറുക്കാൻ.. (തുടരും)










0 comments