രേഖാമൂലം
കെ സി ജോർജിന്റെ അറസ്‌റ്റും ‘കമ്യൂണിസ്‌റ്റ് ഡെന്നും’

ശ്രീകുമാർ ശേഖർ.
Published on Sep 12, 2026, 12:35 PM | 3 min read
‘‘പ്രതിക്ക് ഈ പ്രസിദ്ധീകരണങ്ങൾ എത്തിച്ചുകൊടുത്തവർ, സോവിയറ്റ് റിപ്പബ്ലിക്കിന് സമാനമായ സർക്കാർ ഇന്ത്യയിൽ സ്ഥാപിക്കുന്നതിനായി അക്രമാസക്തമായ ഒരു വിപ്ലവം സൃഷ്ടിക്കാൻ രഹസ്യമായി പ്രവർത്തിക്കുന്ന വിപ്ലവകാരികളാണെന്നതിനു തെളിവുകളുണ്ട്. ഇന്ത്യൻ നാഷണൽ കോൺഗ്രസിനകത്ത് വിപ്ലവ കമ്യൂണിസ്റ്റുകളുടെ ശക്തമായ ഒരു വിഭാഗം പ്രവർത്തിക്കുന്നുണ്ടെന്നും, കോൺഗ്രസിനെ നിയന്ത്രണത്തിലാക്കാൻ അവർ പ്രവർത്തിച്ചുവരികയാണെന്നും വ്യക്തമാണ്.’’
തിരുവിതാംകൂറിലെ സ്‌റ്റേറ്റ് കോൺഗ്രസ് നേതാവും പിൽക്കാലത്ത് കമ്യൂണിസ്‌റ്റ് പാർടിയുടെ സമുന്നത നേതാവുമായ കെ സി ജോർജിനെ ഒരു വർഷം തടവിനു ശിക്ഷിച്ചുകൊണ്ടുള്ള 1940 ആഗസ്‌ത് അഞ്ചിന്റെ വിധിയിലാണ് പെരുമ്പാവൂരിലെ ഡിവിഷൻ ഫസ്‌റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് പി എ കാസിമിന്റെ ഈ രാഷ്‌ട്രീയ ‘വിശകലനം.’ 1940 ഏപ്രിൽ ഒമ്പതിന് ആലുവയിൽ ബോട്ട് യാത്രയ്‌ക്കിടയിൽ അറസ്‌റ്റിലായ ജോർജിൽനിന്ന് പിടിച്ചെടുത്ത രേഖകൾ പരിശോധിച്ചായിരുന്നു വിധി. ബംഗാളിൽനിന്ന് വന്ന കമ്യൂണിസ്‌റ്റ് ലഘുലേഖകളും ‘ലേബർ മന്ത്‌ലി’യുമാണ് കുറ്റപത്രത്തിലെ ചില രഹസ്യരേഖകൾ. വിധിയിൽ ഇവ ദീർഘമായി ഉദ്ധരിക്കുന്നു. അക്കാലത്ത് ബ്രിട്ടീഷ് സർക്കാർ കമ്യൂണിസ്‌റ്റുകാർക്കെതിരെ ചുമത്തിയ അതേ കുറ്റങ്ങളായിരുന്നു നാട്ടുരാജ്യമായ തിരുവിതാംകൂർ അധികാരികളും ചുമത്തിയത്. അറസ്‌റ്റിലായപ്പോൾ ഈ രേഖകൾ ഉപേക്ഷിക്കാൻ നടത്തിയ ശ്രമങ്ങൾ പരാജയപ്പെട്ട കാര്യം കെ സി ജോർജ് എഴുതുന്നുണ്ട്. ബോട്ടിൽനിന്നിറങ്ങുമ്പോൾ അറിയാത്തമട്ടിൽ സീറ്റിൽ ഉപേക്ഷിച്ച രേഖകൾ മറന്നതെന്നു കരുതി ‘നല്ലവനായ’ യാത്രക്കാരൻ പിന്നാലെയെത്തി തിരികെ നൽകിയത് ‘എന്റെ ജീവിതയാത്ര’യിൽ പറയുന്നു.
കെ സി ജോർജിന്റെ അറസ്‌റ്റിന്റെ വിശദാംശങ്ങൾ അടങ്ങിയ കുറിപ്പ്
സ്‌റ്റേറ്റ് കോൺഗ്രസിലെ റാഡിക്കൽ വിഭാഗം കമ്യൂണിസ്‌റ്റായി മാറുന്നതിനാൽ അവരെ ലക്ഷ്യംവച്ചായിരുന്നു ദിവാൻ സി പി രാമസ്വാമി അയ്യരുടെ നീക്കങ്ങൾ. അവരിൽ ഒന്നാംപേരുകാരനായിരുന്നു കെ സി ജോർജ്. കമ്യൂണിസ്‌റ്റുകാർ പ്രവർത്തനകേന്ദ്രം കൊച്ചിയാക്കിയതിനാൽ അറസ്‌റ്റ് എളുപ്പമായിരുന്നില്ല. കൊച്ചിയിൽ വൈക്കം മുഹമ്മദ് ബഷീർ താമസിച്ചിരുന്നതിന്റെ തൊട്ടടുത്ത മുറിയിലാണ് ജോർജ് താമസിച്ചിരുന്നത്, അവർ വലിയ സൗഹൃദത്തിലുമായിരുന്നു. കൊച്ചിക്കു ചുറ്റും തിരുവിതാംകൂറിൽ പെടുന്ന പ്രദേശങ്ങളുണ്ട്. ഇവിടങ്ങളിൽ കാലുകുത്തിയാൽ നേതാക്കളെ പിടികൂടാൻ സി പി പൊലീസിനെ നിയോഗിച്ചിരുന്നു.
1940 ഏപ്രിൽ എട്ടിനാണ് കെ സി അറസ്‌റ്റിലാകുന്നത്. അറസ്‌റ്റിന്റെ വിശദാംശങ്ങൾ ആലുവ ഇൻസ്‌പെക്ടർ, തിരുവിതാംകൂർ ഐജി ജി എസ് എ കരീമിന് അയച്ചത് ആർക്കൈവ് ഫയലുകളിൽ ഉണ്ട്. ചുരുക്കം ഇങ്ങനെ:
‘‘കെ സി ജോർജ് എറണാകുളം ബോട്ടുജട്ടിയിൽ എത്തിയതായും ബോട്ടിൽ ആലുവയിലെത്തുമെന്നും രഹസ്യ പൊലീസിനു വിവരം കിട്ടി. ബോട്ട് എത്തിയപ്പോൾ പുലർച്ചെ ഒരുമണിയായി. ഉറങ്ങിക്കിടന്നിരുന്ന കെ സി ജോർജിനെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്‌തു. അദ്ദേഹത്തിന്റെ കൈവശം ടൈപ്പ് ചെയ്‌തതും കൈയെഴുത്തുമായ കമ്യൂണിസ്റ്റ് സാഹിത്യം കണ്ടെത്തി.’’
കെ സി ജോർജ്
അറസ്‌റ്റ് വലിയ നേട്ടമായി സി പി പ്രചരിപ്പിച്ചു. ജോർജിന്റെ മുറി റെയ്‌ഡ് ചെയ്‌ത് ഒട്ടേറെ ‘രഹസ്യരേഖകൾ’ പിടികൂടിയെന്ന വീരവാദം വാർത്തയുമായി. എന്നാൽ രേഖകളെല്ലാം അതിനു മുമ്പുതന്നെ മാറ്റിയിരുന്നതായി ‘കമ്യൂണിസ്‌റ്റ് ഡെൻ’ എന്ന അനുഭവകഥയിൽ വൈക്കം മുഹമ്മദ് ബഷീർ എഴുതുന്നുണ്ട്. ഒരു ബോട്ട് ജീവനക്കാരൻ വഴി ബഷീർ അറസ്‌റ്റ് അറിഞ്ഞിരുന്നു. താൻ താമസിക്കുന്ന വാടകമുറിയിലെ മച്ചുംപുറത്തേക്ക് ബഷീർ രേഖകൾ മാറ്റുകയായിരുന്നു.
കോൺഗ്രസിലെ വലതുപക്ഷത്തെ ഞെട്ടിച്ച ഒരു വിജയത്തിനു പിന്നാലെയായിരുന്നു കെ സിയുടെ അറസ്‌റ്റ്. കെപിസിസിയിലേക്ക് തിരുവിതാംകൂറിൽനിന്ന് ഒരംഗത്തെയാണ് തെരഞ്ഞെടുത്തിരുന്നത്. ഗാന്ധിജിയുടെ ഉറ്റ അനുയായിയും സ്വാതന്ത്ര്യസമര സേനാനിയുമായ ജി രാമചന്ദ്രനെ തോൽപ്പിച്ച് ജോർജ് ജയിച്ചു.
ആറന്മുളയ്‌ക്കടുത്ത് പുത്തൻകാവിൽ 1903-‐ൽ ജനിച്ച കെ സി ജോർജ് നിയമബിരുദം നേടിയ ശേഷം രാഷ്‌ട്രീയത്തിൽ സജീവമായി. 1938-‐ൽ സ്റ്റേറ്റ് കോൺഗ്രസ് അംഗമായി. നേതൃത്വം ഒത്തുതീർപ്പ് സമീപനം സ്വീകരിച്ചപ്പോൾ ജോർജടക്കം അതൃപ്തരായ യുവാക്കൾ ഇടതുപക്ഷത്തേക്കു നീങ്ങി. അവർ ആലപ്പുഴയിൽ തൊഴിലാളികൾക്കിടയിൽ പ്രവർത്തനം ശക്തമാക്കി.
തിരുവിതാംകൂറിൽ ആദ്യം കമ്യൂണിസ്റ്റ് പാർടിയിൽ അംഗത്വമെടുക്കുന്ന നേതാക്കളിൽ ഒരാൾ കെ സി ആയിരുന്നു. കമ്യൂണിസ്റ്റ് പാർടിയുടെ തിരുവിതാംകൂറിലെ ചാർജുകാരനുമായി. തിരുവനന്തപുരത്ത് 1939‐ൽ പുതുപ്പള്ളി രാഘവൻ, തൈക്കാട് ഭാസ്‌കരൻ, കെ സി ജോർജ് എന്നിവർ ഉൾപ്പെട്ട ഒരു പാർടി ഘടകവും വന്നിരുന്നു. ഇന്ത്യയിലെ പ്രസ്ഥാനത്തിന്റെ ഘടകമായി പാർടിയെ തിരുവിതാംകൂറിൽ പ്രവർത്തിക്കാൻ അനുവദിക്കില്ലെന്ന് ദിവാൻ നിലപാടെടുത്തു. പാർടി, തിരുവിതാംകൂർ കമ്യൂണിസ്റ്റ് പാർടിയായി മാറി. കെ സി പ്രസിഡന്റായി. പി ടി പുന്നൂസ് സെക്രട്ടറിയും. കോഴിക്കോട് ദേശാഭിമാനിയുടെ എഡിറ്റോറിയൽ ചുമതലയും അദ്ദേഹത്തിന് ഉണ്ടായിരുന്നു.
പുന്നപ്ര-‐വയലാർ സായുധപോരാട്ടത്തിലേക്ക് നീങ്ങിയതോടെ സമരത്തിനുള്ള അനുവാദം വാങ്ങുന്നതിന് ബോംബെയിൽ പോയി ജനറൽ സെക്രട്ടറി പി സി ജോഷിയെ കണ്ടത് ജോർജാണ്. സമരത്തിന് അദ്ദേഹം ഉജ്വല നേതൃത്വം നൽകി. സമരശേഷം ആലപ്പുഴയിലെ പ്രസ്ഥാനത്തെ പുനരുജ്ജീവിപ്പിക്കുന്നതിലും സുപ്രധാന പങ്ക് വഹിച്ചു. സമരത്തെപ്പറ്റി ഏറ്റവും ആധികാരികമായ ഗ്രന്ഥവും എഴുതി (പുന്നപ്ര- വയലാർ). 1957-‐ൽ ഇ എം എസ് മന്ത്രിസഭയിൽ മന്ത്രിയായ കെ സി, രാജ്യസഭാംഗത്വം അടക്കം പല പദവികളും വഹിച്ചു. പാർടിയിൽ കേന്ദ്രകമ്മിറ്റി അംഗമായി. പിളർപ്പിനുശേഷം സിപിഐയിൽ നിന്നു. 1986 ആഗസ്‌ത് 10-‐ന് അന്തരിച്ചു.









0 comments