ബ്രിക്സ് ഉച്ചകോടി: ചൈനീസ് പ്രസിഡണ്ട് ഷി ജിൻപിങ് ഡൽഹിയിൽ

ന്യൂഡൽഹി: 18-ാമത് ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് ന്യൂഡൽഹിയിലെത്തി. ഏഴ് വർഷത്തെ ഇടവേളയ്ക്കുശേഷമാണ് ഷി ഇന്ത്യയിലെത്തുന്നത്. സെപ്തംബർ 12, 13 തീയതികളിലായി നടക്കുന്ന ഉച്ചകോടിക്കിടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഷി ഉഭയകക്ഷി ചർച്ച നടത്തും. വൈകിട്ട് 5.45ന് ഭാരത് മണ്ഡപത്തിലാണ് കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്.
2019 ഒക്ടോബറിൽ ചെന്നൈയ്ക്കടുത്ത മാമല്ലപുരത്ത് നടന്ന ഇന്ത്യ–ചൈന അനൗപചാരിക ഉച്ചകോടിക്കായാണ് ഷി അവസാനമായി ഇന്ത്യയിലെത്തിയത്. 2020ലെ ഗാൽവാൻ സംഘർഷത്തിനുശേഷമുള്ള ഷിയുടെ ആദ്യ ഇന്ത്യാ സന്ദർശനം കൂടിയാണിത്. ഗാൽവാൻ സംഘർഷത്തെത്തുടർന്ന് രൂക്ഷമായ ഇന്ത്യ–ചൈന ബന്ധത്തിൽ കഴിഞ്ഞ രണ്ടുവർഷമായി ഘട്ടംഘട്ടമായ മാറ്റങ്ങളുണ്ടാകുന്നതിനിടെയാണ് സന്ദർശനം.
അതിർത്തിയിലെ സ്ഥിതി, വ്യാപാരബന്ധം, നിക്ഷേപം, വിസ, നേരിട്ടുള്ള വിമാന സർവീസുകൾ തുടങ്ങിയ വിഷയങ്ങൾ മോദി–ഷി ചർച്ചയിൽ ഇടംപിടിക്കുമെന്നാണ് സൂചന. അടുത്തിടെ ബെയ്ജിങ്ങിൽ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ചൈനീസ് വിദേശമന്ത്രി വാങ് യിയും തമ്മിൽ നടത്തിയ അതിർത്തി ചർച്ചകളിലെ പുരോഗതിയും നേതാക്കൾ വിലയിരുത്തിയേക്കും. കിഴക്കൻ ലഡാക്കിലെ സൈനിക പിന്മാറ്റത്തിനുശേഷമുള്ള സ്ഥിതിയും ചർച്ചയാകും.
2024 ഒക്ടോബറിൽ റഷ്യയിലെ കസാനിൽ നടന്ന ബ്രിക്സ് ഉച്ചകോടിയുടെ ഭാഗമായി മോദിയും ഷിയും കൂടിക്കാഴ്ച നടത്തിയിരുന്നു. 2025 ആഗസ്ത് 31ന് ചൈനയിലെ ടിയാൻജിനിൽ നടന്ന ഷാങ്ഹായ് സഹകരണ സംഘടനാ ഉച്ചകോടിക്കിടെയും ഇരുവരും ചർച്ച നടത്തി. ബന്ധം സ്ഥിരപ്പെടുത്തുന്നതിനുള്ള നടപടികൾ തുടരണമെന്നായിരുന്നു അന്നത്തെ ധാരണ. അതിനുശേഷം നേരിട്ടുള്ള വിമാന സർവീസുകൾ പുനരാരംഭിക്കുകയും ബിസിനസ് വിസ നടപടികളിൽ ഇളവുകൾ വരുത്തുകയും കൈലാസ് മാനസസരോവർ യാത്ര പുനരാരംഭിക്കുകയും ചെയ്തിരുന്നു.
ഇന്ത്യ അധ്യക്ഷപദവി വഹിക്കുന്ന 18-ാമത് ബ്രിക്സ് ഉച്ചകോടിയിൽ വ്യാപാരം, നിക്ഷേപം, ഊർജസുരക്ഷ, സാങ്കേതികവിദ്യ, ആഗോള ഭരണസംവിധാന പരിഷ്കാരം, വികസ്വര രാജ്യങ്ങളുടെ പ്രാതിനിധ്യം തുടങ്ങിയ വിഷയങ്ങളാണ് പ്രധാനമായും ചർച്ചയാകുന്നത്. പാശ്ചാത്യ നിയന്ത്രിത സാമ്പത്തിക സംവിധാനങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതും അംഗരാജ്യങ്ങളുടെ ദേശീയ കറൻസികളിലുള്ള വ്യാപാരം വർധിപ്പിക്കുന്നതും ചർച്ചകളിൽ ഇടംപിടിക്കും.
റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ, ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ ഉൾപ്പെടെയുള്ള ബ്രിക്സ് അംഗരാജ്യ നേതാക്കളും ഉച്ചകോടിയിൽ പങ്കെടുക്കുന്നുണ്ട്. നിലവിൽ 11 അംഗരാജ്യങ്ങളുള്ള ബ്രിക്സ് ആഗോള ജനസംഖ്യയുടെയും സമ്പദ്‌വ്യവസ്ഥയുടെയും വലിയൊരു പങ്കിനെ പ്രതിനിധീകരിക്കുന്ന കൂട്ടായ്മയായി വികസിച്ചിട്ടുണ്ട്.
സഹകരണം കൂടുതൽ ശക്തിപ്പെടുത്തണമെന്നും ആഗോള ഭരണസംവിധാനത്തിൽ വികസ്വര രാജ്യങ്ങളുടെ ശബ്ദവും പ്രാതിനിധ്യവും വർധിപ്പിക്കണമെന്നും ഉച്ചകോടിക്ക് മുന്നോടിയായി ചൈന വ്യക്തമാക്കിയിരുന്നു. നിലവിലെ അന്താരാഷ്ട്ര സാഹചര്യം, ബ്രിക്സിന്റെ വികസനം, അംഗരാജ്യങ്ങൾ തമ്മിലുള്ള പ്രായോഗിക സഹകരണം എന്നിവയെക്കുറിച്ച് ഷി ഉച്ചകോടിയിൽ നിലപാട് അവതരിപ്പിക്കുമെന്നും ചൈനീസ് വിദേശമന്ത്രാലയം അറിയിച്ചു. 2027ൽ ബ്രിക്സ് അധ്യക്ഷപദവി ചൈന ഏറ്റെടുക്കുന്നതിനാൽ ഇന്ത്യയുമായുള്ള ഏകോപനത്തിനും നിലവിലെ ഉച്ചകോടി പ്രാധാന്യമുണ്ട്.









0 comments