ad
Deshabhimani

വാക്കുരുക്കം

പുനർജന്മം, സുന്ദർബൻസ്, പിന്നെ കാലാവസ്ഥാ പ്രതിസന്ധിയും

ബുക്ക്‌
avatar
എൻ ഇ സുധീർ.

Published on Sep 12, 2026, 12:21 PM | 5 min read

“എനിക്ക് തിന്നാൻ മത്സ്യവും ചോറും മതി. നിങ്ങൾക്ക് മനസ്സിലാവുന്നുണ്ടോ? എനിക്ക് മത്സ്യം വേണം.’’

“ഇതെന്താണ് വർഷമോളെ, മോളുടെ അമ്മയോട് ഇങ്ങനെയൊക്കെയാണോ സംസാരിക്കുന്നത്?”, കുട്ടിയുടെ സ്വരത്തിലെ മാറ്റം കണ്ട് അവളുടെ ആയ തിരുത്താൻ ശ്രമിച്ചു. വർഷ അതൊന്നും കാര്യമാക്കിയില്ല.

ആ കുട്ടി അവളുടെ അമ്മ ദീപികയുടെ കണ്ണുകളിലേക്ക് നോക്കി ഒന്നുകൂടി പറഞ്ഞു, “ഇതെന്റെ അമ്മയല്ല, എന്റെ അമ്മയുടെ ശരിയായ പേര് ജോർനാ എന്നാണ്. അവരിവിടെയല്ല തമസിക്കുന്നത്. നമ്മുടെ വീട് ആ പുഴയുടെ അപ്പുറത്താണ്.”

കൊൽക്കത്തയിൽ താമസിക്കുന്ന ഗുപ്താസ് കുടുംബത്തിലെ മൂന്നു വയസ്സുള്ള വർഷ എന്ന കൊച്ചു പെൺകുട്ടി പെട്ടെന്നൊരുനാൾ കഴിക്കാനായി മത്സ്യം ആവശ്യപ്പെടുകയായിരുന്നു. മത്സ്യം ഇല്ലാതെ താൻ ഒന്നും കഴിക്കില്ലെന്ന് അവൾ ശാഠ്യം പിടിക്കുന്നു. ആ കുടുംബത്തെ സംബന്ധിച്ചേടത്തോളം അത് ഞെട്ടിക്കുന്ന ഒരു കാര്യമായിരുന്നു. ആ ബംഗ്ലാവ് അക്ഷരാർഥത്തിൽ നിശ്ചലമായി. പൂർണമായും സസ്യാഹാരികളായി ജീവിക്കുന്ന അവർക്കിടയിൽനിന്ന് ഒരു ചെറിയ കുട്ടി പെട്ടെന്നൊരുനാൾ മത്സ്യഭക്ഷണം ആവശ്യപ്പെടുക! അവർക്കൊന്നും ഒരിക്കലും ചിന്തിക്കാൻപോലും പറ്റാത്ത കാര്യം. സാധാരണ നിലയിൽ മത്സ്യമെന്ന വാക്കുപോലും ആ കുട്ടി കേട്ടിരിക്കാനിടയില്ല. അപ്പോൾ ഇതെങ്ങനെ സംഭവിച്ചു?

അമിതാവ് ഘോഷിന്റെ ‘ഗോസ്റ്റ് ഐ’ എന്ന പുതിയ നോവലിന്റെ തുടക്കം വിചിത്രമായ ഈ സംഭവം വിവരിച്ചുകൊണ്ടാണ്. വർഷ എന്ന ആ കൊച്ചുമോൾക്ക് മത്സ്യങ്ങളെക്കുറിച്ച് നന്നായി അറിയാമെന്നും അവൾ തന്റെ അമ്മ മറ്റൊരാളാണെന്ന് പറയുന്നത് എന്തോ ഉറച്ച ധാരണയുടെ അടിസ്ഥാനത്തിലാണെന്നും നോവലിസ്‌റ്റ്‌ ആദ്യം തന്നെ വായനക്കാരെ ബോധ്യപ്പെടുത്തുന്നുണ്ട്. ആ നിഗൂഢതയുടെ പിറകേയാണ് നോവലിസ്‌റ്റ്‌ തുടർന്നങ്ങോട്ട് ആഖ്യാനത്തെ കൊണ്ടുപോകുന്നത്. നോവലിന്റെ ആദ്യ ഭാഗം നടക്കുന്നത് 1969‐ലെ ബംഗാളിലാണ്.

ഈ സംഭവത്തോടെ ബംഗാളിലെ വലിയ വ്യാപാരികളായ ആ മാർവാഡി കുടുംബം വലിയ അങ്കലാപ്പിലാവുന്നു. അവരനുഭവിക്കുന്ന മാനസികവും പ്രായോഗികവുമായ ക്ലേശങ്ങൾ പറഞ്ഞറിയിക്കാനാവാത്തതാണ്. മുൻജന്മത്തിലെ ശീലങ്ങളാണ് ചില മനുഷ്യരെ ഇത്തരം പരിചിതമല്ലാത്ത ആവശ്യങ്ങൾക്ക് വിധേയപ്പെടുത്തുന്നത് എന്ന് ‘ശാസ്‌ത്രീയമായി’ വ്യാഖ്യാനിച്ചുകൊണ്ടാണ് നോവൽ മുന്നേറുന്നത്. തീർത്തും അശാസ്‌ത്രീയമായ ഈ വ്യാഖ്യാനത്തെ സാധൂകരിക്കാനായി കഥയെ ആ ഭാഗത്ത് നോവലിസ്‌റ്റ്‌ ചെറുതായി വലിച്ചുനീട്ടുന്നുണ്ട്; അനാവശ്യമായി പലതും വിശദീകരിക്കുന്നുമുണ്ട്. മനോരോഗ വിദഗ്ധയും മുജ്ജന്മ കഥകൾ പറയുന്ന കുട്ടികളെ ചികിത്സിച്ച് പരിചയവുമുള്ള ഡോ. ഷോമ ബോസാണ് കുട്ടിയെ ചികിത്സിക്കാനെത്തുന്നത്. അവരാണ് നോവലിലെ ഒരു പ്രധാന കഥാപാത്രം.

സുന്ദർബൻസ്‌ വനംസുന്ദർബൻസ്‌ വനം

പുനർജന്മ വിവരങ്ങളടങ്ങിയ ഭാഗത്തിലൂടെ കടന്നുപോകുമ്പോൾ നോവൽ വായന നിർത്തിയാലോ എന്നുപോലും ഞാൻ ആലോചിച്ചതാണ്. എന്നാൽ നോവലിസ്‌റ്റിന്റെ ലക്ഷ്യം മറ്റൊന്നായിരുന്നു. പതിവുപോലെ കാലാവസ്ഥാ വ്യതിയാനവും സുന്ദർബൻ കാടുകളിലെ ജൈവസമൃദ്ധിയെക്കുറിച്ചുള്ള ആശങ്കകളുമാണ് അമിതാവ് ഘോഷ് ഈ രചനയിലൂടെയും ലക്ഷ്യമിട്ടിരിക്കുന്നത്. നോവലിൽ വിവരിക്കുന്ന അനുഭവത്തെ ഫലിപ്പിക്കാൻ നോവലിസ്‌റ്റിന് ഏതറ്റംവരെയും പോകാനുള്ള സ്വാതന്ത്ര്യമുണ്ട് എന്നാണല്ലോ. പറയുന്നത് യുക്തിഭദ്രമായി ചെയ്യുന്നുണ്ടോ എന്നതാണ് പ്രധാനം. അമിതാവ് തന്നെ ഇക്കാര്യം മറ്റ് പലയിടത്തും വിശദീകരിച്ചതുമാണ്. മാതൃഭൂമി ഓണപ്പതിപ്പിൽ കൈകസി വി എസ് നടത്തിയ അഭിമുഖത്തിൽ ഘോഷ് പറഞ്ഞത് കാണുക: “മനുഷ്യന്റെ അനുഭവലോകത്തെ മുഴുവൻ വിശദീകരിക്കാൻ ശാസ്‌ത്രത്തിന് കഴിയുമെന്ന് ഞാൻ കരുതുന്നില്ല. ലോകത്തിലെ മഹത്തായ ഇതിഹാസങ്ങളും പുരാണങ്ങളും മതപരമ്പരകളും നോക്കൂ. അവയെല്ലാം യുക്തികൊണ്ടുമാത്രം വിശദീകരിക്കാനാവാത്ത അനുഭവങ്ങളെക്കുറിച്ചും സംസാരിക്കുന്നു. അതുകൊണ്ട്, അവയ്‌ക്ക്‌ പ്രാധാന്യമില്ലെന്നല്ലല്ലോ. മറിച്ച്, ആയിരക്കണക്കിന് വർഷങ്ങളായി അവ മനുഷ്യരുടെ ജീവിതത്തെയും ചിന്തകളെയും രൂപപ്പെടുത്തിയിട്ടുണ്ട്. ഒരു നോവലിസ്‌റ്റിന്റെ ജോലി, ഇത്തരം അനുഭവങ്ങൾ ശരിയോ തെറ്റോ എന്ന് തെളിയിക്കുകയല്ല. മനുഷ്യർ അവയെ എങ്ങനെ അനുഭവിക്കുന്നുവെന്നും അവ അവരുടെ ജീവിതത്തെ എങ്ങനെ സ്വാധീനിക്കുന്നുവെന്നും മനസ്സിലാക്കുകയാണ്.’’

2004-‐ൽ പ്രസിദ്ധീകരിച്ച ‘ദ ഹങ്ഗ്രി ടൈഡ്’ എന്ന നോവലിലാണ് ഘോഷ് ആദ്യമായി സുന്ദർബൻസ് പ്രശ്നം അവതരിപ്പിച്ചത്. അതുവരെ ആ അപൂർവ ജൈവവൈവിധ്യം സാഹിത്യത്തിന്റെ, ഫിക്ഷന്റെ ഭാഗമായിരുന്നില്ല എന്നുതന്നെ പറയാം. ‘ദി ഹങ്‌ ഗ്രി ടൈഡ്’ വലിയൊരു തുടക്കം കുറിക്കലായിരുന്നു. അതോടെ സുന്ദർബൻസ് നേരിടുന്ന പ്രതിസന്ധിയിൽ ലോകത്തിന്റെ ശ്രദ്ധ പതിഞ്ഞു. ആ മലനിരകളുടെ അപൂർവതയും അവിടുത്തെ ജൈവവൈവിധ്യവും വായനക്കാർക്കിടയിൽ ചർച്ച ചെയ്‌തു തുടങ്ങി. ഘോഷിന്റെ സാഹിത്യ ജീവിതത്തിലും അതൊരു വലിയ സ്വാധീനമായി. അദ്ദേഹത്തിന്റെ സാഹിത്യത്തെ ആ രീതിയിൽ ചുരുക്കി വിലയിരുത്തപ്പെടാനും ഇത് കാരണമായി. പരിസ്ഥിതിയുടെയും കാലാവസ്ഥയുടെയും ആഖ്യാനകാരൻ എന്നദ്ദേഹം വിശേഷിപ്പിക്കപ്പെട്ടു. ഘോഷിന്റെ ‘ഗൺ ഐലന്റ്‌' പോലുള്ള കൃതികൾക്ക് ‘ക്ലൈമറ്റ് ഫിക്ഷൻ’ എന്ന വിശേഷണംകൂടി ചാർത്തപ്പെട്ടു. കിം സ്‌റ്റാൻലി റോബിൻസൺ, ഒക്ടോവിയ ബട്ലർ തുടങ്ങിയവരോടൊപ്പം അമിതാവ് ഘോഷിന്റെ പേരും ക്ലൈമറ്റ് ഫിക്ഷൻ രചയിതാക്കളുടെ കൂട്ടത്തിൽ അറിയപ്പെട്ടു. എന്നാൽ ഈ വിഭാഗീകരണത്തോട് ഘോഷിന് അത്ര യോജിപ്പില്ല. കാലാവസ്ഥാ പ്രതിസന്ധി നമ്മുടെ കാലത്തെ യാഥാർഥ്യമാണ്. അതുകൊണ്ടുതന്നെ അതിനെ അവഗണിക്കാൻ സാഹിത്യത്തിന് കഴിയില്ല എന്നാണ് അദ്ദേഹം കരുതുന്നത്. അതിനായി പ്രത്യേകവിഭാഗം വേണമെന്നില്ല. പ്രമേയത്തിനപ്പുറം അത് നല്ല സാഹിത്യമാണോ എന്നുമാത്രം ചിന്തിച്ചാൽ മതി എന്ന് അമിതാവ് ഘോഷ് വിശദീകരിക്കുന്നു.

‘ഗോസ്റ്റ് ഐ’ എന്ന നോവലിൽ സുന്ദർബൻസ് പ്രതിസന്ധിയും മറ്റു പാരിസ്ഥിതിക സന്ദേഹങ്ങളും പ്രമേയമാകുമ്പോൾ കൂട്ടിന് പുനർജന്മം, മിത്തുകൾ, മനഃശാസ്‌ത്രം തുടങ്ങിയ മേഖലകളെയും സമർഥമായി ഉപയോഗപ്പെടുത്തിയിരിക്കുന്നു എന്നുമാത്രം. നോവലിന്റെ അവസാന ഭാഗത്ത് കോവിഡ് കാലവും പശ്ചാത്തലത്തിലുണ്ട്.

രണ്ടു കാലത്തിലെ കഥകളാണ് സമാന്തരമായി ഈ നോവലിൽ പറഞ്ഞുപോകുന്നത്. 1960‐കളിൽ കൊൽക്കത്തയിൽ നടക്കുന്ന ഒരു കഥയും കോവിഡിന് ശേഷം അമേരിക്കയിലെ ബ്രൂക്ലിനിൽ നടക്കുന്ന ബന്ധപ്പെട്ട മറ്റൊരു കഥയും. നേരത്തെ പറഞ്ഞ വിചിത്ര സ്വഭാവമുള്ള വർഷ ഗുപ്ത എന്ന പെൺകുട്ടിയുടെ കഥ ആ കുട്ടിയെ ചികിത്സിക്കുന്ന ഡോക്ടർ ഷോമ ബോസിന്റെ കാഴ്‌ചയിലൂടെയാണ് പറയുന്നത്. രണ്ടാം കഥ ഡോ. ഷോമയുടെ സഹോദരിയുടെ മകനായ ദിനു ദത്ത് നാഥിന്റെ ചില അന്വേഷണങ്ങളിലൂടെയും. 1969-‐ൽ ഷോമ വർഷയെന്ന കുട്ടിയെ ചികിത്സിക്കുന്ന കാലത്ത് ഏഴു വയസ്സുള്ള ദിനു അവരോടൊപ്പം താമസിച്ചിരുന്നു. ആ ദിനു നാഥ് വർഷങ്ങൾക്കിപ്പുറം, കോവിഡ് കാലത്ത് ഡോ. ഷോമയുടെ പഴയ കേസ് ഫയലുകൾ തപ്പിയെടുക്കുന്നതോടെയാണ് നോവലിന്റെ അടുത്ത ഭാഗം തുടങ്ങുന്നത്. മനോരോഗ വിദഗ്ധയായ ഡോ. ഷോമയുടെ കേസ് ഫയലുകളിൽ വിചിത്രമായ പല വിവരങ്ങളും ഉണ്ടായിരുന്നു. വർഷയുടെ സുന്ദർബൻ ബന്ധം തിരിച്ചറിഞ്ഞ് ദിനു അമേരിക്കയിലുള്ള വർഷയെ കണ്ടെത്തി, അവരിലൂടെ സുന്ദർബൻ ജൈവപ്രകൃതിയെ സംരക്ഷിക്കുന്നതിന് ശ്രമിക്കുകയാണ്. കൊൽക്കത്തയിലെ ക്ലൈമറ്റ് ആക്ടിവിസ്‌റ്റായ ടിപ്പുവിന്റെ നിർബന്ധപ്രകാരമാണ് ദിനു ഈ ദൗത്യം ഏറ്റെടുക്കുന്നത്. ദിനുവിന് അപ്പോഴേക്കും അറുപതു വയസ്സോളമായിരുന്നു. വൃദ്ധയായ ഡോ. ഷോമയുടെ അവസാനകാലവും നോവലിൽ പ്രതിപാദിക്കുന്നുണ്ട്. കോവിഡിന്റെ പ്രതിസന്ധികൾ ഈ ഭാഗത്ത് കടന്നുവരുന്നു.

അമേരിക്കയിൽ വലിയ നിലയിൽ ജീവിക്കുന്ന വർഷയെ കണ്ടെത്തുന്നതിലും അവരുടെ പഴയ മത്സ്യബന്ധം നോവലിസ്‌റ്റ്‌ ഉപയോഗിക്കുന്നു. ഷോമയുടെ ഫയലുകളിലൂടെ കടന്നുപോകുമ്പോൾ തനിക്കും ഒരു പൂർവജന്മമുണ്ടെന്നും തന്റെ ബാല്യവും പ്രശ്നപൂരിതമായിരുന്നെന്നും ദിനു ഞെട്ടലോടെ മനസ്സിലാക്കുന്നു. അതാകട്ടെ ഏതോ ഒരു മനുഷ്യജന്മമല്ലതാനും! പൂർവജന്മകഥയിൽ അമിതാവ് ഘോഷ് ഇത്രയും പോകണമായിരുന്നോ എന്ന സംശയം തീർച്ചയായും എനിക്കുണ്ട്. അന്ധവിശ്വാസത്തെ ഊട്ടിയുറപ്പിക്കാൻ ഇത് വഴിവയ്‌ക്കാനിടയുണ്ട്. കഥയുടെ അവസാനം നടക്കുന്നത് 2020‐കളിലാണ്, ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ പശ്ചാത്തലത്തിൽ! അവിടെ പുനർജന്മം ഇത്രയധികം കടന്നുവരേണ്ടതുണ്ടോ? നോവലിന്റെ പൊതുസ്വഭാവത്തോട്, പ്രമേയം മുന്നോട്ടു വയ്‌ക്കുന്ന ആശയത്തോട് ഇത് ചേർന്നു നിൽക്കുന്നുമില്ല. ഈ നോവലിന്റെ ദൗർബല്യമായി ഇത് മുഴച്ചുനിൽക്കുന്നുണ്ട്. വർത്തമാന ലോകത്തിന്റെ സങ്കീർണതകളെ അടയാളപ്പെടുത്താനുള്ള നോവലിസ്‌റ്റിന്റെ വെമ്പലിൽ വന്ന അശ്രദ്ധയായി നമുക്കിതിനെ മനസ്സിലാക്കാം.

ഏതായാലും ഇങ്ങനെ വിചിത്രമായ പല കഥകളും ചേർത്തുവച്ച് നോവലിസ്‌റ്റ്‌ വലിയൊരു കാൻവാസ് സൃഷ്ടിച്ചിരിക്കുകയാണ്. ശാസ്‌ത്രവും അന്ധവിശ്വാസവും മനുഷ്യന്റെ വിചിത്രമായ ജീവിതാവസ്ഥകളും ഒടുങ്ങാത്ത കോർപറേറ്റ് ദുരയും നോവലിൽ വിവരിക്കുന്നുണ്ട്. ഇതെല്ലാം ചേർത്തുവച്ച് പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധത്തെ മനസ്സിലാക്കാനാണ് നോവലിസ്‌റ്റ്‌ ശ്രമിച്ചിരിക്കുന്നത്. ആ ബന്ധത്തിൽ വന്ന വിടവുകളും.

സുന്ദർബൻസ്‌ വനംസുന്ദർബൻസ്‌ വനം

ഒടുക്കം സുന്ദർബൻ ആവാസവ്യവസ്ഥയെ രക്ഷിക്കാൻ ആത്മീയതയെ കൂട്ടുപിടിക്കുന്ന ഒരു സാഹചര്യവും നോവലിൽ സൃഷ്ടിച്ചിട്ടുണ്ട്. ആ പ്രദേശങ്ങളിലെ ജനങ്ങളുടെ വിശ്വാസമായ മാനസാ ദേവിയെ കൂട്ടുപിടിച്ചാണ് അവിടെ വരാനിരുന്ന പവർ പ്ലാന്റിനെ ആക്ടീവിസ്‌റ്റുകൾ തടയുന്നത്. ആധുനിക ഇന്ത്യയുടെ മുന്നിലെ വിചിത്രമായ വിധിവൈപരീത്യത്തിലേക്കാണ് ഇതുവഴി അമിതാവ് ഘോഷ് സൂചന നൽകുന്നത്. തീർച്ചയായും വർത്തമാനകാല ഇന്ത്യയുടെ യാഥാർഥ്യവുമായി ഇത് ഒത്തുപോകുന്നുണ്ട്.

നിരവധി കാര്യങ്ങൾ ആഖ്യാനത്തിൽ കുത്തിനിറച്ചു എന്നൊരു പ്രതീതി വായനക്കാർക്കുണ്ടാവാനിടയുണ്ട്. അത് അമിതാവ് ഘോഷിന്റെ മിക്കവാറും നോവലുകളെപ്പറ്റി പറയാവുന്ന ഒരു ന്യൂനതയുമാണ്. ഫിക്ഷണൽ തലത്തേക്കാൾ കാഴ്‌ചപ്പാടുകളെ അടയാളപ്പെടുത്താനാണ് അദ്ദേഹം ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഒരു ആന്ത്രപോളജിസ്‌റ്റിന്റെ ലോകവീക്ഷണം അദ്ദേഹത്തിന്റെ രചനകളിൽ കാണാം. ആശയപ്രചാരണ സ്വഭാവം അങ്ങനെ കടന്നുവരുന്നതാണ്. ഫിക്ഷനെയും നോൺ ഫിക്ഷനെയും വ്യത്യസ്‌തമായ എഴുത്തുരീതികളായി അമിതാവ് ഘോഷ് കാണുന്നില്ല. മിക്കപ്പോഴും സാഹിത്യമെഴുത്തിൽ നമ്മുടെ ആനന്ദ് സ്വീകരിക്കുന്ന ഒരു രീതി.

അദ്ദേഹത്തിന്റെ മികച്ച രചനകളുടെ കൂട്ടത്തിൽ ഉൾപ്പെടുത്താൻ ആവില്ലെങ്കിലും ‘Ghost Eye’ ശ്രദ്ധിക്കപ്പെടേണ്ട, ധാരാളം വായിക്കപ്പെടേണ്ട ഒരു നോവലാണ്. ഭീതിദമായ ചില യാഥാർഥ്യങ്ങളെ തുറന്നുകാട്ടാൻ ശ്രമിക്കുന്ന ഒന്ന്. പല പ്രശ്നങ്ങളിലേക്കും തുറന്നുവച്ച ഭാവന. പുതിയ ഭാവുകത്വ നിർമാണത്തിൽ അമിതാവ് ഘോഷിന്റെ നോവലുകൾ പ്രധാന പങ്കുവഹിക്കുന്നുണ്ട്. കാലാവസ്ഥാ പ്രതിസന്ധി നമ്മുടെ ജീവിതത്തിന്റെ എല്ലാ മേഖലകളെയും ബാധിച്ചുതുടങ്ങിയ ഈ കാലത്ത് ഇത്തരം നോവലുകൾ ആഴത്തിലുള്ള ബോധവൽക്കരണത്തിന് സഹായകമാവും. സാഹിത്യത്തിന് എന്തു ചെയ്യാൻ കഴിയും എന്ന ചോദ്യത്തിന് ഘോഷ് നൽകിയ ഒരു മറുപടിയോടെ ഈ കുറിപ്പ് അവസാനിപ്പിക്കട്ടെ.

“സാഹിത്യം നയരൂപീകരണം നടത്തുകയോ നിയമങ്ങൾ ഉണ്ടാക്കുകയോ ചെയ്യുന്നില്ല. പക്ഷേ, രാഷ്‌ട്രീയം പലപ്പോഴും കാണാതെ പോകുന്ന മനുഷ്യാനുഭവങ്ങളെ അത് നമ്മുടെ മുന്നിലെത്തിക്കുന്നു. കാലാവസ്ഥാ പ്രതിസന്ധി കണക്കുകളുടെയും ശാസ്‌ത്രീയ റിപ്പോർട്ടുകളുടെയും മാത്രം വിഷയമല്ല; അതിന്റെ ആഘാതം അനുഭവിക്കുന്ന മനുഷ്യരുടേതുകൂടിയാണ്. അവരുടെ ജീവിതത്തെ മനസ്സിലാക്കുന്നതിന് സാഹിത്യമാണ് നമ്മെ സഹായിക്കുന്നത്. അതാണ് അതിന്റെ ശക്തി.” (മാതൃഭൂമി ഓണപ്പതിപ്പ്.)

ആ അനുഭവതലം ‘ഗോസ്‌റ്റ്‌ ഐ’ എന്ന നോവലിന്റെ വായനയിലൂടെ വായനക്കാർ നിസ്സഹായതയോടെ അറിയുന്നുണ്ട്. അതാണ് ഈ നോവലിന്റെ വിജയം, സാഹിത്യത്തിന്റെ വിജയം .



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home