കഥ
പ്രേമവാസന

വിനോദ് കൃഷ്‌ണ.
Published on Sep 12, 2026, 12:15 PM | 10 min read
വാഗ്ദാന ലംഘനം ശീലമാക്കാത്ത ഒരു കാമുകനായിരുന്നു അയാൾ. വർഷങ്ങൾ കഴിഞ്ഞിട്ടും തിരക്കുകൾക്കിടയിലും അവൾക്കു കൊടുത്ത വാക്ക് അയാൾ ഓർത്തുവച്ചു.
"ഞാൻ ഇനിയും വരും. നമ്മൾ കാണും.’
പക്ഷേ ആ സമാഗമം സംഭവിക്കാൻ കാലങ്ങൾ എടുത്തു. അതിനിടയിൽ അവർ പരസ്‌പരം മെസേജ് അയക്കുകയോ ദീർഘമായി സംസാരിക്കുകയോ ഉണ്ടായില്ല.
അയാൾ അവളെ ഓർക്കും.
അവൾ അയാളെ ഓർക്കും, അത്രമാത്രം.
കാറ്റോ മഴയോ യുദ്ധമോ ആത്മസംഘർഷങ്ങളോ അയാളുടെ ആത്മാവിൽനിന്ന് അവളെ കുറിച്ചുള്ള ഓർമയെ എടുത്തു കളഞ്ഞില്ല. അനുഭൂതികൾ ഓർമയിൽ സൂക്ഷിക്കുന്നവർക്ക് പ്രണയനഷ്ടം ഉണ്ടാവില്ലെന്ന് അയാൾക്ക് അറിയാമായിരുന്നു. അവൾക്കും അങ്ങനെ തന്നെ.
അവളുടെ രാജ്യത്തും അയാളുടെ രാജ്യത്തും ആളുകൾ സുഖനിദ്രയിലായ സമയത്താണ് അയാൾ ക്വാലാലമ്പൂരിൽ വിമാനം ഇറങ്ങിയത്.
ഇരുട്ടിൽ മഴയുടെ ഒച്ചയുണ്ടായിരുന്നു.
വെളിച്ചം പരന്നപ്പോഴും ഒച്ച നിലച്ചില്ല. പ്രണയം പോലെ അത് ഉറച്ചുനിന്നു.
എയർപോർട്ടിൽനിന്ന് ഹോട്ടലിലേക്ക് പോകാൻ അയാൾക്ക് മടി തോന്നി. ട്വിൻ ടവർ മഴ നനയുന്നത് കാണാൻ വല്ലാതെ ആഗ്രഹിച്ചു. ടവർ മുഴുവനായും കിട്ടുന്ന ഒരു ആംഗിളിൽനിന്ന് ആ മഴച്ചിത്രം മൊബൈലിൽ പകർത്താനും പൂതിയുണ്ടായി. പത്തു റിങ്കറ്റ് കൊടുത്താൽ ടൂറിസ്റ്റുകൾക്ക് ചിത്രങ്ങൾ പകർത്തിക്കൊടുക്കുന്ന അനേകം ചെറുപ്പക്കാർ ഉണ്ട് ആ പരിസരങ്ങളിൽ. സഞ്ചാരികളുടെ സന്തോഷം പകർത്തുന്നത് യുവതയുടെ തൊഴിലാണ്. മുമ്പ് ചെന്നപ്പോൾ അവർ പകർത്തുന്ന ഇടങ്ങൾ അയാൾ നോക്കിവച്ചിട്ടുണ്ട്. ഈ മോഹചിത്രം താൻ തന്നെ പകർത്തുമെന്നൊരു വാശി മനസ്സിലുള്ളത് പോലെ തോന്നി. ചിലതൊക്കെ സ്വയം ഒപ്പിയെടുക്കുമ്പോഴാണ് ആനന്ദം. അയാൾ വിചാരിച്ചു.
കഴിഞ്ഞ ദേശാന്തരയാത്രയ്‌ക്ക് ശേഷം ആഗ്രഹങ്ങൾക്കൊത്തു ജീവിക്കണമെന്ന് അയാൾ തീരുമാനിച്ചിരുന്നു. അതിനാൽ സമയത്തിനും പണത്തിനും അമിത മൂല്യം കൽപ്പിക്കുന്ന ഒരു പ്രൊഫഷണലിന് ചേരാത്തമാതിരി പെരുമാറുകയും ആത്മസുഖം കണ്ടെത്തുകയും ചെയ്‌തു.

അറൈവൽ ഗേറ്റിലേക്ക് നടക്കുന്നതിനിടയിൽ ചില്ലുജാലകത്തിലൂടെ വിമാനങ്ങൾ മഴ നനഞ്ഞ് കിടക്കുന്നത് കണ്ടു. ആ കാഴ്‌ചയുമായി യാതൊരു ബന്ധവുമില്ലെങ്കിലും അയാൾക്കപ്പോൾ അവളെ മനസ്സിൽ ഉദിച്ചു, കണ്ണിൽ ഉദിച്ചു.
ഈ രണ്ടാം വരവിന്റെ ഉദ്ദേശ്യശുദ്ധി പ്രകൃതി വെളിപ്പെടുത്തി കൊടുത്തതുപോലെ...
കൺവെയർ ബെൽറ്റിലൂടെ ആദ്യം വന്നത് അയാളുടെ ബാഗേജ് ആയിരുന്നു. ചുവന്ന ട്രോളി ബാഗ് എടുത്ത് അയാൾ പുറത്തേക്കിറങ്ങി.
"വെൽക്കം സർ!’
മുൻപറഞ്ഞ പ്രകാരം, പ്ലക്കാർഡ് പിടിച്ച് പില്ലർ നമ്പർ 360ൽ ട്രാവൽ ഏജൻസിയിലെ ഡ്രൈവർ നിൽപ്പുണ്ടായിരുന്നു.
ഒരു ശ്രീലങ്കൻ തമിഴൻ.
ഡ്രൈവറുടേത് പരുക്കൻ മുഖഭാവമായിരുന്നെങ്കിലും സംസാരം സൗമ്യമായിരുന്നു. ചിരിക്കുമ്പോൾ ചെറുതാവുന്ന കണ്ണുകൾ ആ പരുക്കൻ ഭാവത്തിന് ഒട്ടും ചേരുന്നതായിരുന്നില്ല.
കഴിഞ്ഞതവണ ക്വാലാലമ്പൂരിൽ വന്നിറങ്ങിയ പുലർച്ചയ്‌ക്കും ഇതേപോലെ മഴയുണ്ടായിരുന്നു.
ആ യാത്രയാണ് അയാളെ കാമുകനാക്കിയത്.
ഡ്രൈവർ ട്രോളി ബാഗ് ഡിക്കിയിൽ എടുത്തുവച്ചപ്പോൾ അയാൾ പറഞ്ഞു
"ട്വിൻ ടവർ കണ്ടിട്ട് പോകാം.’
കയറി ഇരുന്നപ്പോൾ കാറിനകത്തെ മണം അയാൾക്ക് അത്ര പിടിച്ചില്ലെന്നു തോന്നി.
വിലപിടിപ്പുള്ള പെർഫ്യൂം ഹാൻഡ് ബാഗിൽ ഉണ്ടായിരുന്നു. അയാൾ പ്രിയപ്പെട്ട സുഗന്ധം വെള്ള ലിനൻ ഷർട്ടിൽ പൂശി.
നീങ്ങിത്തുടങ്ങിയതും കാറിൽ തമിഴ് ചലച്ചിത്ര ഗാനം ആ സുഗന്ധത്തോട് മത്സരിക്കാൻ എത്തി.
എൺപതുകളുടെ മെലഡി.
മലേഷ്യയിൽ അനേകം തമിഴ് വംശജരുണ്ട്.
മുരുകക്ഷേത്രങ്ങൾ ഉണ്ട്. കുടിയേറ്റക്കാരുടെ
നാല് തലമുറയ്‌ക്ക് ശേഷവും അവിടെ തമിഴ് പാട്ടുണ്ട്. മഞ്ഞച്ചരടും മഞ്ഞ കല്യാണവും ഉണ്ട്. സാപ്പാടും മുരുങ്ങയ് കീരയ് തണ്ണിസാരുമുണ്ട്.
"നാടുവിടുമ്പോൾ കാലാവസ്ഥ മാത്രമേ മനുഷ്യർക്ക് കൊണ്ടുപോകാൻ കഴിയാതെ ഉള്ളൂ’‐ അവൾ പറഞ്ഞ കാര്യം അയാൾക്ക് ഓർമ വന്നു.
മഴയുടെ ശക്തി കുറഞ്ഞപ്പോൾ ചില്ലുതാഴ്‌ത്തി കൈ പുറത്തേക്കിടാൻ അയാൾ ആഗ്രഹിച്ചെങ്കിലും അങ്ങനെ ചെയ്യുകയുണ്ടായില്ല.
നാലുവരിപ്പാത താരതമ്യേന വിജനമായിരുന്നു. തടസ്സങ്ങൾ ഇല്ലാതെ കാർ ഓടിക്കൊണ്ടിരുന്നു. വളഞ്ഞും തിരിഞ്ഞും മുന്നോട്ടു നീങ്ങുംതോറും പലയിടങ്ങളിലുംവച്ച് അയാൾ ട്വിൻ ടവർ കണ്ടു. ചില സമയങ്ങളിൽ ഇടത്ത്. ചില സമയങ്ങളിൽ വലത്ത്. അടുത്തേക്ക് ചെല്ലുമ്പോൾ ദൂരേക്ക് പോവുകയും ദൂരേക്ക് പോകുമ്പോൾ അടുത്തേക്ക് വരികയും ചെയ്യുന്ന കെട്ടിടം.
ട്വിൻ ടവറിന്റെ ഈ പ്രതിഭാസത്തിന് പ്രണയത്തിന്റെ സ്വഭാവമുണ്ട്. നിശ്ശബ്ദമായി പാട്ട് ആസ്വദിക്കുന്നതിനിടയിലും അയാളുടെ മനസ്സ് ഇങ്ങനെയൊക്കെ ഭാവന ചെയ്‌തു.
അന്നും, നാൽപ്പതു നിലകളുള്ള ഗ്രാൻഡ് ഇന്റർനാഷണൽ ഹോട്ടലിൽ ആയിരുന്നു താമസം. ബിസിനസ് കോൺഫറൻസ് കഴിഞ്ഞ് കുറച്ചുദിവസം കൂടി അവിടെ തങ്ങി. ഓട്ടപ്പാച്ചിലുകൾ ഒക്കെ അവസാനിപ്പിച്ച് ലോകം കാണണം, മനുഷ്യരെ കാണണം അങ്ങനെയൊരു ആഗ്രഹം അയാളുടെ ഉള്ളിൽ മുളപൊട്ടി തുടങ്ങിയിരുന്നു...
ആ ദിവസങ്ങളാണ് ജീവിതം എന്തിനുള്ളതാണെന്ന് അയാളെ പഠിപ്പിച്ചത്.
ഉച്ചയ്‌ക്ക് ശേഷം മഴ പെയ്യുന്ന ദിവസങ്ങൾ ആയിരുന്നു അത്. മൂന്നാം നാൾ ആപ്പിൽ കുത്തി ഓൺലൈൻ ടാക്സി വിളിച്ചപ്പോൾ കാറുമായി വന്നത് അവളായിരുന്നു.
ദില ജിയനിങ്.
ചുവന്ന സ്‌കർട്ടായിരുന്നു വേഷം.
ബോയ്കട്ടായിരുന്നു ഹെയർ സ്റ്റൈൽ.
ഉടുപ്പിന് ചേർന്ന നെയിൽ പോളിഷ്.
കഴുത്തിൽ ചുവന്ന ഒറ്റ കല്ലിന്റെ നേർത്ത സിൽവർ മാല!

ടാക്സി ഡ്രൈവർക്ക് അങ്ങനെ ഒരു വേഷം അയാൾ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. അയാളെപ്പോലെ നാൽപ്പതു കഴിഞ്ഞ ഒരാളായിരുന്നു.
മലേഷ്യയുടെ അഭിമാനമായ ദേശീയ സ്മാരകം ‘തുഗു നെഗാര' കാണാനാണ് അന്ന് പോയത്.
അയാൾ പിൻസീറ്റിൽ ഇരുന്നു.
ടാക്സി ചാറ്റൽമഴ നനച്ച റോഡിലൂടെ കുറച്ച് നീങ്ങി തുടങ്ങിയപ്പോൾ അവളാണ് ആദ്യം മിണ്ടിയത്.
"ഇന്ത്യയിൽ നിന്നാണോ?’
‘അതെ, ഫ്രം കേരള.’
ദില ജിയനിങ് ചിരിക്കുന്നത് അയാൾ മിററിൽ കണ്ടു. നിരയൊത്ത പല്ലുകൾക്ക് നല്ല ഭംഗിയുണ്ടായിരുന്നു. ചുണ്ടുകളിലെ ലിപ്സ്റ്റിക് ഉണങ്ങി തുടങ്ങിയിരുന്നില്ല. മിററിലേക്ക് അവളുടെ നോട്ടം വന്നപ്പോൾ അയാൾ ശ്രദ്ധ പിൻവലിച്ചുകൊണ്ട് ചോദിച്ചു.
"എത്താറായോ?’
"ഇനി അധികമില്ല, ഈ സ്മാരകം മലേഷ്യൻ പാർലമെന്റ് മന്ദിരത്തിന് തൊട്ടടുത്താണ്.’
അവൾ പറഞ്ഞുതീർന്നതും സൈൻ ബോർഡ് കാണാനായി. വലിയ ഇലകളുള്ള മരങ്ങൾക്കിടയിലൂടെ കാർ വിശാലമായ പാർക്കിങ്ങിലേക്ക് അടുത്തു. അവിടെ അധികം വാഹനങ്ങൾ ഉണ്ടായില്ല.
അയാൾ കാറിൽനിന്നിറങ്ങി.
മഴയ്‌ക്ക് ശേഷം ആകാശം തെളിഞ്ഞിരുന്നു. നേർത്ത വെയിലിന് ചൂടുണ്ടായിരുന്നില്ല.
"ഞാൻ പാർക്കിങ് ഏരിയായിൽ തന്നെ കാണും. അധികസമയം എടുക്കുമോ?’
"അരമണിക്കൂർ.’
അയാൾ സ്മാരകത്തിന്റെ കവാടം ലക്ഷ്യമാക്കി നടന്നപ്പോൾ അവൾ ഇലകൾ ഇളകുന്നത് നോക്കി ഇരുന്നു.
സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തിൽ വീരമൃത്യു വരിച്ച സൈനികരുടെ സ്മരണാർഥമാണ് ‘തുഗു നെഗാര' നിർമിച്ചിരിക്കുന്നത്.അയാൾ ശാന്തമായ ആ സ്മാരകം ആസ്വദിച്ചു കണ്ടു. അവിടെ എഴുതിവച്ച ശിലാഫലകങ്ങൾ വായിച്ചു. ആരെയും വിസ്മയിപ്പിക്കുന്ന സ്മാരകമാണ്. ശിൽപ്പങ്ങൾക്കു മുമ്പിൽ അയാൾ പട്ടാള ജീവിതം നയിച്ച തന്റെ അച്ഛനെ ഓർത്തുകൊണ്ട് നിന്നു.
"രണ്ടാം ലോകമഹായുദ്ധകാലത്തെ ജാപ്പനീസ് അധിനിവേശത്തിലും മലയ് അടിയന്തരാവസ്ഥാ കാലഘട്ടത്തിലും രാജ്യത്തിന് വേണ്ടി ജീവൻ ബലികഴിച്ചവരെയാണ് ഈ ശിൽപ്പം അനുസ്മരിക്കുന്നത്.’ ഒരു ആഫ്രിക്കൻ ടൂറിസ്റ്റിന് ഗൈഡ് വിവരിച്ചുകൊടുക്കുന്നത് അയാൾ കേട്ടു. ചരിത്രം ഒളിച്ചു കേൾക്കേണ്ടതല്ല എന്നൊരു തോന്നൽ ഉണ്ടായപ്പോൾ അവിടെനിന്നും കുറച്ച് മാറിനിന്നു.
അന്തരീക്ഷം ഇടയ്‌ക്ക് മങ്ങുന്നുണ്ടായിരുന്നെങ്കിലും അയാൾ അനേകം സെൽഫികൾ എടുത്തു. ശിൽപ്പങ്ങളുടെ വീഡിയോ പകർത്തി. രണ്ടോ മൂന്നോ ടൂറിസ്റ്റുകളേ അയാൾക്ക് ചുറ്റും ഉണ്ടായിരുന്നുള്ളൂ. സ്മാരകമല്ലാതെ പരിസരത്തുള്ള മനുഷ്യരെ അയാൾ ശ്രദ്ധിച്ചിരുന്നില്ല.
കണ്ടത് തന്നെ വീണ്ടും പല കോണുകളിലൂടെ കയറി കാണുന്നതിനിടയിൽ പരിചിതമായ ഒരു ശബ്ദം അയാളിലേക്ക് വന്നു.
"ലോകത്തിലെ ഏറ്റവും ഉയരമുള്ള വെങ്കല ശിൽപ്പസമുച്ചയമാണ്.’

ദില ജിയനിങ്!
ഒരു ഗൈഡിന്റെ പ്രസരിപ്പോടെ അവൾ തൊട്ടരികിൽ നിൽക്കുന്നു. അയാൾ സ്മാരകത്തിന്റെ ഭംഗി ആസ്വദിച്ച അതേ കണ്ണുകളോടെ അവളെ നോക്കി. അയാളുടെ കണ്ണുകളിൽ അവളും ആ അത്ഭുതം കണ്ടു. അത്രയേ ഉണ്ടായുള്ളൂ.
മഴ പെയ്യുമെന്നു തോന്നി.
"പോയേക്കാം.’
അയാൾ പറഞ്ഞു.
അവളാണ് മുന്നിൽ നടന്നത്.
കാറിന്റെ മുകളിൽ ഇലകൾ പാറി വീണിരുന്നു.
എപ്പോഴാണ് കാറ്റടിച്ചത്? അയാൾ അറിഞ്ഞുപോലും ഉണ്ടായില്ല. മനസ്സ് എവിടെയായിരുന്നു?
കാറിൽ അയാൾ മുന്നിലാണ് ഇരുന്നത്. അത് അവൾ ആഗ്രഹിച്ചതായി തോന്നി.
"എനിക്കിന്ന് വൈകുന്നേരം ഒരു പാർടിയുണ്ട്. ഒഴിവാക്കാനാവാത്തത്. നിങ്ങൾ നേരത്തെ ഇറങ്ങിയത് നന്നായി.’
ഒരുപാട് കാലം പരിചയമുള്ള ഒരാളോട് എന്നപോലെ അവൾ മിണ്ടിയപ്പോൾ അയാൾക്ക് അത്ഭുതം തോന്നിയില്ല. മനസ്സുകൊണ്ട് അവരെപ്പോഴേ മിണ്ടിത്തുടങ്ങിയിരുന്നു...
ദില ജിയനിങ് പിന്നെയും എന്തൊക്കെയോ പറഞ്ഞു. അവളെ കേൾക്കുന്ന മട്ടിൽ അയാൾ ഫോണിൽ നോക്കിയിരുന്നു. പകർത്തിയ ചിത്രങ്ങളിൽ അഭിരമിച്ചു. ഇതിലെ ഏഴ് വെങ്കല രൂപങ്ങൾ ചേർന്ന ഒറ്റ ശിൽപ്പത്തിന്റെ ഏറ്റവും മുകളിലുള്ള ശിൽപ്പം മലേഷ്യൻ പതാക ഉയർത്തിപ്പിടിച്ചിരുന്നു. ഇരുവശങ്ങളിലുമായി മെഷീൻ ഗണ്ണും റൈഫിളും ഏന്തിയ സൈനികരുടെ രൂപങ്ങൾ. അതിന്റെ മുന്നിൽനിന്നെടുത്ത സെൽഫിയിൽ ആത്മരതിയോടെ അയാൾ ലയിച്ചിരുന്നപ്പോൾ, ദില ജിയനിങ് ചോദിച്ചു.
"ഹോട്ടലിൽ വിട്ടാൽ മതിയല്ലോ...’
അവൾക്ക് പോകാൻ ധൃതിയുള്ളതുകൊണ്ടാവണം കാർ വേഗത്തിലാണ് ഓടിച്ചിരുന്നത്. ഇരുട്ടു വീണുതുടങ്ങിയിരുന്നു. കെട്ടിടങ്ങളിൽ വെളിച്ചം വരുന്നത് ആസ്വദിച്ചുകൊണ്ട് അയാൾ പുറത്തേക്കു നോക്കിയിരുന്നു.
ലോകത്തിലെ ഏറ്റവും ഉയരംകൂടിയ രണ്ടാമത്തെ കെട്ടിടം മെർദേക്ക 118 അയാളുടെ കണ്ണിൽപെട്ടു. പടിപടിയായി അതിന്റെ നിലകളിൽ വെളിച്ചം വരുന്നത് കാണാൻ ഒരു വളവു തിരിഞ്ഞപ്പോൾ അയാൾക്ക് അവസരം കിട്ടി. ഉയർന്ന കെട്ടിടങ്ങൾ കൊണ്ട് വൻ നഗരങ്ങൾ മനുഷ്യരെ ചെറുതാക്കി കളയുന്നുണ്ടെങ്കിലും ആഹ്ലാദിക്കാനുള്ള നിമിഷങ്ങൾക്ക് കുറവൊന്നുമില്ല.
ഇരുട്ടിൽ മഴ ചാറിത്തുടങ്ങി.
ഹോട്ടലിൽ എത്താറായപ്പോൾ അവൾ പറഞ്ഞു.
"നാളെ ഓടണമെന്നുണ്ടെങ്കിൽ നേരത്തെ പറയണം.’
യാത്രികരെ ബോധിച്ചാൽ ദില ജിയനിങ് അങ്ങനെയാണ്. സംസാരിക്കാൻ മടി കാണിക്കില്ല. എല്ലാം വെട്ടിത്തുറന്നു ചോദിക്കും.
"ഗെന്റിംഗ് ഹൈലാൻഡ്സ് കാണാൻ പോകണമെന്നുണ്ട്. പക്ഷേ ഒന്നും ഉറപ്പിച്ചിട്ടില്ല. നാളെ രാവിലെ വിളിച്ചാൽ മതിയോ?’
ഇറങ്ങുമ്പോൾ അവർ ഉപചാരവാക്കുകൾ പറഞ്ഞില്ല. ദില ജിയനിങ് അയാൾക്ക് ബിസിനസ് കാർഡ് കൊടുത്തു. അതിൽ അവളുടെ പേര് ഉണ്ടായിരുന്നില്ല.
ലിം ലിയൻ!
രാത്രി റൂമിലിരുന്ന് ബിയർ നുണയുമ്പോൾ അയാൾ അതേക്കുറിച്ച് തന്നെയാണ് ഓർത്തത്. ലിയൻ അവളുടെ ആരായിരിക്കും?
അയാൾ നേരവും കാലവും നോക്കാതെ അവളെ വിളിച്ചു. ആദ്യ കോൾ പാഴായിപ്പോയി.
വീണ്ടും വിളിച്ചപ്പോൾ ദില ജിയനിങ് ജലദോഷമുള്ള ഒരാളുടെ ശബ്ദത്തിൽ ഹലോ പറഞ്ഞു.
"നാളെ ഏഴുമണിക്ക് വരാമോ?’
"വരാം.’ അയാൾ വിചാരിച്ചത്ര ആഹ്ലാദത്തോടെയല്ല അവൾ പ്രതികരിച്ചത്.
പിറ്റേന്ന്, ഹോട്ടലിലെ ഫ്രീ ബ്രേക്ക് ഫാസ്റ്റ് സ്‌കിപ്പ് ചെയ്‌ത് അയാൾ നേരത്തെ ലോബിയിൽ വന്നിരുന്നു. ഇവിടെ ദിവസം തുടങ്ങുന്നത് തണുപ്പോടെ നീല നിറത്തിലാണ്. ജാലകത്തിലൂടെ അയാൾ പുറത്തേക്കു നോക്കിയിരുന്നു.
കൃത്യം ഏഴുമണിക്ക് ദില ജിയനിങ് എത്തി.
വല്ലാത്തൊരു ഉത്സാഹത്തോടെയാണ് അയാൾ കാറിനടുത്തേക്ക് ചെന്നത്.
അവൾ പുഞ്ചിരിച്ചുകൊണ്ട് മുൻവാതിൽ തുറന്നുകൊടുത്തു.
പരമ്പരാഗത രീതി ഉപയോഗിച്ച് പ്രത്യേകതരം മണ്ണിൽനിന്ന് നിർമിച്ച വാസനാതൈലമാണ് അയാൾ പൂശിയിരുന്നത്. കാറിൽ ആ സുഗന്ധം നിറഞ്ഞുനിന്നു. അന്നത്തെ അവളുടെ വേഷവിധാനവും മിനിമം മേക്കപ്പും അയാൾക്കും ഇഷ്ടമായി.
ആരെയും അതിശയിപ്പിക്കുന്ന പ്രഭാതം. തെരുവുകൾ അവളെപ്പോലെ വിജനവും അയാളെ പോലെ ശാന്തവുമായിരുന്നു.
വൻ കെട്ടിടങ്ങൾ മഴ നനഞ്ഞത് പോലെ കാണപ്പെട്ടു. ആ പ്രഭാതത്തിൽ അവരല്ലാതെ മറ്റാരും ആ ഭൂമികയിൽ ഇല്ലെന്നതുപോലെ ഇരുവർക്കുമിടയിൽ ചെറിയ മൗനം ഉണ്ടായി.
നഗരത്തിന് പുറത്തുള്ള ഒരു റെസ്റ്റോറന്റിൽ കയറി. അയാൾക്കൊപ്പം കഴിക്കാൻ അവൾ കൂട്ടാക്കിയിരുന്നില്ല. അയാളാണ് നിർബന്ധിച്ചത്.
"നമുക്കിന്ന് ഗെന്റിംഗ് ഹൈലാൻഡിൽ പോകേണ്ട.’
കഴിക്കുന്നതിനിടയിൽ അയാൾ പറഞ്ഞു.
"ബട്ടർഫ്ലൈ പാർക്കും അക്വാറിയവും കാണാൻ പോകാം.’
ദില ജിയനിങ് മൂളുക മാത്രം ചെയ്‌തു.
ഉച്ചയ്‌ക്കുശേഷം ഹോട്ടലിലേക്കുള്ള മടക്കയാത്രയിലാണ് ദില ജിയനിങ് ഏറെ സംസാരിച്ചത്. ഡ്രൈവിങ്ങിനെ കുറിച്ച് അയാൾ എന്തോ ചോദിച്ചപ്പോഴാണ്, ഒരുപാട് കാലം ആരോടും പറയാതെ വച്ച രഹസ്യം പറയുന്നതുപോലെ സംസാരിച്ചു തുടങ്ങിയത്...
"ഈ കാർ എന്റേതല്ല, ലിം ലിയൻ ഓടിച്ചിരുന്ന വണ്ടിയാണ്. എന്നെ വിവാഹം കഴിക്കുന്ന നാൾമുതൽ അവന്റെ കയ്യിൽ ഈ വണ്ടിയുണ്ട്.’
അതുവരെ കേൾക്കാത്ത ഒരു കഥ കേൾക്കുന്ന കുട്ടിയെ പോലെ അയാൾ അവളുടെ മുഖത്തേക്ക് തന്നെ നോക്കിയിരുന്നു.
"അന്ന് നിരത്തുകളിൽ ഈ മോഡൽ കാർ കുറവായിരുന്നു. ഇന്നും അതെ.’
"ലിയൻ ഇപ്പോൾ എന്തു ചെയ്യുന്നു?’
വാഹനം സ്‌പീഡ് ട്രാക്കിൽനിന്ന് അടുത്ത ട്രാക്കിലേക്ക് മാറുന്നതിനിടയിൽ അയാൾ ചോദിച്ചു.
"രണ്ടുവർഷം മുമ്പ് മരിച്ചു.’
ഒരു വലിയ ട്രക്ക് അവരെ കടന്നുപോയി.
പിന്നെ അയാൾ ഒന്നും ചോദിച്ചില്ല.
"ലിം ലിയൻ പോയിട്ടും കാർ മാറ്റാൻ എനിക്ക് തോന്നിയില്ല. ജീവിക്കാൻ എനിക്കും ഒരു മാർഗം വേണമല്ലോ. ഇതോടിക്കുമ്പോൾ അവൻ കൂടെ ഉള്ളതുപോലെ തോന്നും.’
"നിങ്ങൾ ഈ ഭൂമിയിലെ ഏറ്റവും സ്‌നേഹമുള്ള സ്‌ത്രീയാണ്.’
"കോംപ്ലിമെന്റ് കൊള്ളാം! അപ്പോൾ ഒരുപാട് സ്‌ത്രീകളുടെ സ്‌നേഹം അറിഞ്ഞിട്ടുണ്ട് അല്ലേ...’ ദില ജിയനിങ് ചിരിച്ചു. അയാളും ആ ചിരി മുഖത്തു പകർത്തി.
"ലിം ലിയൻ നല്ല മനുഷ്യനായിരുന്നു. ഒരു കൂട്ടുകാരനുമൊത്ത് റസ്റ്റോറന്റിൽ ഭക്ഷണം കഴിക്കാൻ പോയതായിരുന്നു. വെടിയേറ്റു മരിച്ചു.’ റെഡ് സിഗ്നലിൽ വണ്ടി കുറച്ചുനേരം നിർത്തിയിട്ടപ്പോൾ സ്റ്റിയറിങ്ങിൽ താളം പിടിച്ചുകൊണ്ട് ദില ജിയനിങ് പറഞ്ഞു.
"അക്രമിയുടെ ഉന്നം പിഴച്ചു. എന്റെ ജീവിതവും പിഴച്ചു.’
അയാൾ അവളുടെ മുഖത്തുനിന്ന് കണ്ണെടുത്ത് സിഗ്നൽ വെളിച്ചത്തിലേക്ക് നോക്കിയിരുന്നു.
"വെടിയേൽക്കുമ്പോൾ അവന്റെ വായിൽ അവന് ഏറ്റവും പ്രിയപ്പെട്ട ഭക്ഷണം ഉണ്ടായിരുന്നു.’
ദില ജിയനിങ് കരയുമെന്ന് തോന്നി.
അച്ഛന്റെ മൃതദേഹം പട്ടാളക്കാർ വീട്ടിലേക്ക് കൊണ്ടുവന്നത് അയാൾക്ക് ഓർമ വന്നു.
സിഗ്നലിൽ പച്ച കത്തി.
റോഡിന്റെ ഇരുവശങ്ങളിലും ഉള്ള കടകളിൽ ജനത്തിരക്കുണ്ടായിരുന്നു. പരസ്‌പരം സംസാരിക്കുന്ന മനുഷ്യർ.
അവരൊക്കെ എന്തൊക്കെയാവും സംസാരിക്കുന്നുണ്ടാവുക? ലോകത്തെല്ലായിടത്തും മനുഷ്യർക്കിടയിൽ വികാരങ്ങളുടെ കൈമാറ്റം അല്ലാതെ മറ്റൊന്നുമില്ല.
ഒരു വളവു തിരിഞ്ഞപ്പോൾ അവൾ ചോദിച്ചു.
"എന്നാണ് മടക്കം?’
"നാളെ കഴിഞ്ഞ്, ഉച്ചയ്‌ക്കാണ് ഫ്ലൈറ്റ്.’
"ഗെന്റിംഗ് ഹൈലാൻഡ്സ് കാണാൻ കഴിഞ്ഞില്ലല്ലോ അല്ലേ...’
"അടുത്ത വരവിന് ആവാം.’
"അതിനിനി നമ്മൾ കാണുമോ?’
ഉത്തരം പറയാൻ സാധിക്കാത്തതിനാൽ അയാൾ ടാക്‌സി ഓടിയതിന്റെ കാശ് നീട്ടി.
കൈപ്പറ്റിയ ശേഷം അവൾ കൈ കൊടുത്തുകൊണ്ട് പറഞ്ഞു.
"ഞാൻ വീണ്ടും കാണാൻ ആഗ്രഹിക്കുന്ന ആളുകളുടെ കൂട്ടത്തിൽ ഇനി നിങ്ങളും ഉണ്ടാകും.’

അന്നാണ് അയാൾ ദില ജിയനിങ്ങിനെ അവസാനമായി കണ്ടത്. കാറിൽ നിന്നിറങ്ങുമ്പോൾ അവൾ കൈമാറിയ ഒരു നോട്ടം. അയാൾ കൈമാറിയ വികാരം. അതിന്റെ തുടർച്ചയാണ് അയാളുടെ രണ്ടാം വരവ്.
മഴ നനയുന്ന ട്വിൻ ടവർ പകർത്താൻ കഴിഞ്ഞതിലുള്ള ആനന്ദം ഹോട്ടലിൽ എത്തിയിട്ടും അവസാനിച്ചില്ല. തന്റെ ഉള്ളിൽ അതുവരെ ഇല്ലാത്ത എന്തോ സംഭവിക്കുന്നുണ്ടെന്ന് അയാൾക്ക് തോന്നി. വിശാലമായ മുറിയിൽ മഞ്ഞവെളിച്ചം കെടുത്താതെ തന്നെ അയാൾ കിടന്നുറങ്ങി.
എഴുന്നേറ്റത് നട്ടുച്ചയ്‌ക്കാണ്. കർട്ടൻ മാറ്റിയപ്പോഴും പുറത്ത് വെയിൽ ഇല്ല. പ്രഭാതത്തിലെ അതേ അന്തരീക്ഷം. ഏറെനേരം നഗരത്തിന്റെ വിഷാദത്തിലേക്ക് നോക്കിയിരുന്നശേഷം അയാൾ ദില ജിയനിങ്ങിനെ വിളിച്ചു. അവൾ ഫോൺ എടുത്തപ്പോൾ ആദ്യം എന്തു പറയണമെന്ന് നിശ്ചയം കിട്ടിയില്ല.
"ഗെന്റിംഗ് ഹൈലാൻഡ്സ് കാണാൻ വന്നതാണോ?’
അവൾ എല്ലാം ഓർത്തുവച്ചിരിക്കുന്നു എന്നറിഞ്ഞതിൽ അയാൾക്ക് പ്രസരിപ്പ് തോന്നി.
"ഗ്രാൻഡിൽ ഉണ്ട്. വരാമോ?’
"വൈകിട്ട് കാണാം.’
അയാളുടെ മനസ്സിലുള്ള അവളുടെ രൂപത്തിന് മാറ്റം വന്നിരുന്നു. മുടി നീട്ടി സ്ട്രൈറ്റ് ചെയ്‌തിട്ടുണ്ട്. കവിളുകൾ കുറേക്കൂടി തുടുത്തു. മുമ്പത്തെക്കാൾ സുന്ദരി!
കാറിൽനിന്ന് ഇറങ്ങിയ ഉടനെ, യുദ്ധം കഴിഞ്ഞുവന്ന പ്രിയതമനെ കെട്ടിപ്പിടിക്കുന്നത് പോലെ ദില ജിയനിങ് അയാളെ ആലിംഗനം ചെയ്‌തു.
"നിങ്ങൾ വരുമെന്ന് എനിക്കറിയാമായിരുന്നു.’
അവളുടെ ആഹ്ലാദത്തിന്റെ വിറയൽ അയാളെയും ഒരുമാത്ര ബാധിച്ചു.
ചുറ്റിത്തിരിഞ്ഞു വീണ്ടും കണ്ടുമുട്ടുന്ന വിധിയുടെ മനോഹര നിമിഷങ്ങളെ സ്‌തുതിച്ചുകൊണ്ട് അവർ ഗെന്റിംഗ് ഹൈലാൻഡ്സ് കാണാൻ പോയി.
കോടമഞ്ഞിനാൽ മൂടിയ പർവതനിരകൾക്കും പച്ചപ്പുനിറഞ്ഞ നിബിഢ വനങ്ങൾക്കും മുകളിലൂടെയുള്ള യാത്രയിൽ കേബിൾ കാറിൽ ഇരുവരും തൊട്ടുതൊട്ടിരുന്നു.
സമുദ്രനിരപ്പിൽനിന്നും ഏകദേശം 620 മീറ്റർ ഉയരത്തിലേക്ക് നീങ്ങുന്നതിനിടയിൽ ദില ജിയനിങ് അയാളെ മുറുകെ പിടിച്ചിരുന്നു.
"എനിക്ക് ഉയരം പേടിയാണ്.’ അവൾ കണ്ണടച്ചിരുന്നുകൊണ്ട് അയാളുടെ തോളിലേക്ക് ചാഞ്ഞു.
കോടമഞ്ഞ് ഉന്തിവിട്ടതുപോലെ എതിർദശയിൽനിന്ന് മറ്റൊരു കേബിൾ കാർ അവരെ കടന്നുപോയി.
അവൾ വീണ്ടും അയാളെ മുറുക്കിപ്പിടിച്ചപ്പോൾ ചിൻ സ്വീ ഗുഹാ ക്ഷേത്രവും ഒൻപത് നിലകളുള്ള പഗോഡയും ദൃശ്യമായി.
"കണ്ണു തുറക്കൂ. ചിൻ സ്വീ സ്റ്റേഷൻ എത്താറായി.’
അയാൾ ഉയരങ്ങളിൽവച്ച് സ്‌നേഹംകൊണ്ട് അവളെ തലോടി.
മലകൾക്കിടയിലെ മഞ്ഞിന് തണുപ്പ് കൂടുതലായിരുന്നു. അയാളുടെ കൈപിടിച്ചുകൊണ്ടാണ് അവളും ഇറങ്ങിയത്. ചിൻ സ്വീ ഗുഹാക്ഷേത്രത്തിലേക്കുള്ള അനേകം പടികൾ ഇറങ്ങി തീരുന്നതുവരെയും അവൾ അയാളുടെ കയ്യിൽ വിടാതെ പിടിച്ചു.
ക്ഷേത്രത്തിൽ നല്ല തിരക്കുണ്ടായിരുന്നു.
വിവിധ രാജ്യങ്ങളിൽനിന്നുള്ള മനുഷ്യർ ഒരു മല മുകളിൽ. പ്രകൃതി വിവേചനം ഇല്ലാതെ ഏവരെയും വരവേറ്റു. അതിന്റെ ആനന്ദം മറ്റു ടൂറിസ്റ്റുകളെ പോലെ അയാളും ദില ജിയനിങ്ങും അനുഭവിച്ചു.
പഗോഡയ്‌ക്കും വലിയ ബുദ്ധപ്രതിമയ്‌ക്കും മുന്നിൽവച്ച് അയാളോട് എത്രയും ഒട്ടിനിന്നുകൊണ്ട് അവൾ സെൽഫി എടുത്തു.
ഉള്ളിലെ ആനന്ദം നിശ്ശബ്ദതയായി പുറത്തുവിട്ടുകൊണ്ട് കൂട്ടം തെറ്റാതെ ഒരുപാട് നേരം അവിടെ കറങ്ങി നടന്നു.
"വെളിച്ചം മങ്ങുംമുമ്പ് മുകളിൽ കയറണം.’
ആരോ മണിമുഴക്കിയപ്പോൾ അവൾ അയാളുടെ കൈ പിടിച്ചുകൊണ്ട് പടികൾ കയറാൻ നടന്നു.
"ഗെന്റിംഗ് ഹൈലാൻഡ്സിലേക്ക് പോകണമെന്ന് എത്രയോ കാലമായി ഞാൻ ആഗ്രഹിക്കുന്നതാണ്. നിങ്ങൾക്കൊപ്പം വരാനാണ് വിധി.’
എസ്‌കലേറ്ററിൽ മുകളിലേക്ക് കയറുമ്പോൾ അയാൾക്കു മാത്രം കേൾക്കാവുന്ന ഉച്ചത്തിൽ ദില ജിയനിങ് പറഞ്ഞു.
സ്റ്റേഷനിൽ വരി കുറവായിരുന്നു. അതിനാൽ അവർ കയറിയ കേബിൾ കാറിൽ മറ്റാരും കയറുകയുണ്ടായില്ല.
"ഐ ആം ബ്ലെസ്ഡ്.’
വാതിലടഞ്ഞു കേബിൾ കാർ നീങ്ങിത്തുടങ്ങിയപ്പോൾ ദില ജിയനിങ് അയാളുടെ മോതിരവിരലിൽ പതുക്കെ പിടിച്ചു.
ഏകദേശം നൂറ്റിമുപ്പതു ദശലക്ഷം വർഷം പഴക്കമുള്ള അതിപുരാതനമായ മഴക്കാടുകളുടെ മുകളിലൂടെ അനുരാഗത്താൽ അനുഗ്രഹിതരായവർ നീങ്ങി.
അവൾ പച്ചപ്പ് കണ്ട് അന്തംവിട്ട് അയാളിലേക്ക് ചാഞ്ഞിരുന്നപ്പോൾ അയാൾ പറഞ്ഞു.
"ഓർമയിൽ കാടുള്ള ജീവികളാണ് മനുഷ്യർ.’
യാത്രയിൽ പർവതനിരകളുടെ ഭംഗി ആസ്വദിച്ചുകൊണ്ട് അവരിരുന്നു. തെളിഞ്ഞ കാലാവസ്ഥയുള്ള സമയമായതിനാൽ ദൂരെയുള്ള ക്വാലാലമ്പൂർ നഗരത്തിന്റെ ആകാശദൃശ്യങ്ങളും കാണാനായി.
അയാളെ ഉള്ളിൽ കരുതി വച്ചതിനാൽ അവൾക്ക് ഭയം മാറിയത് പോലെ... എല്ലാം കണ്ണു തുറന്നു കണ്ടു.
വൻമരങ്ങൾ!
മഴക്കാടുകൾ!
മനസ്സിൽ മരം പെയ്യാൻ തുടങ്ങിയപ്പോൾ ഉയരങ്ങളിൽ വച്ച് അവൾ അയാളെ ചുംബിച്ചു.
റോപ്‌വേയുടെ അവസാന സ്റ്റേഷൻ എത്തിച്ചേരുന്നത് വരെ അവളുടെ ചുണ്ടുകൾ അയാളിൽനിന്ന് വിടുതൽ തേടിയില്ല.
ഉയരങ്ങളിലെ തണുപ്പിന് കാടിന്റെ ഗന്ധമുണ്ടായിരുന്നു.
പ്രശസ്‌തമായ സ്‌കൈ അവന്യൂ ഷോപ്പിങ് മാളിലേക്ക് അയാൾക്കൊപ്പം അവൾ നടന്നു.
മധുവിധുകാലം ആഘോഷിക്കാൻ വന്നവരും വൃദ്ധരും യുവതയും തലങ്ങും വിലങ്ങും നടക്കുന്നതിന്റെ ആരവങ്ങൾ പ്രകൃതിക്ക് വിട്ടുകൊടുക്കാതെ ആ വലിയ കെട്ടിടം പിടിച്ചുവയ്‌ക്കുന്നു.
അവിടെയുള്ള ഇൻഡോർ, ഔട്ട്ഡോർ തീം പാർക്കുകളായ സ്‌കൈട്രോപോളിസ്, ഗെന്റിംഗ് സ്‌കൈവേൾഡ്സ് എന്നിവിടങ്ങളിൽ അപരിചിതരായ മനുഷ്യർ പരിചിതരെ പോലെ പെരുമാറുന്നുണ്ടായിരുന്നു. പക്ഷേ അവിടേക്ക് പോകാൻ ദില ജിയനിങ് താൽപ്പര്യപ്പെട്ടില്ല. അയാൾക്കൊപ്പം മറ്റൊരു ലോകം സാധ്യമാക്കാൻ അവൾ കൊതിക്കുന്നതുപോലെ തോന്നി.
"എന്തെങ്കിലും കഴിക്കണ്ടേ?’ അയാൾ ചോദിച്ചു.
ബേസ് സ്റ്റേഷനിലെ ഗെന്റിംഗ് ഹൈലാൻഡ്സ് പ്രീമിയം ഔട്ട്‌ലറ്റ്സിലേക്ക് നടക്കുമ്പോൾ, അമ്മ ഉണ്ടാക്കിക്കൊടുക്കാറുണ്ടായിരുന്ന ഇല അടയെക്കുറിച്ച് അയാൾ അവൾക്ക് പറഞ്ഞു കൊടുത്തു.
"അമ്മമാർ ഉണ്ടാക്കിക്കൊടുക്കുന്ന ഭക്ഷണമാണ് ആളുകളെ പ്രണയിക്കാൻ പഠിപ്പിക്കുന്നത്.’ അയാളെ കേട്ട് നടക്കുന്നതിനിടയിൽ അവൾ പറഞ്ഞു.
അധികം തിരക്കില്ലാത്ത ഔട്ട്‌ലറ്റിൽ അവർ കയറി. ഭക്ഷണം ഓർഡർ ചെയ്‌തു.
"ഇവിടെ വരാനിരുന്നതിന്റെ തലേന്നാണ് ലിം ലിയൻ എന്നെ വിട്ടുപോയത്.’
ഭക്ഷണം കഴിക്കുന്നതിനിടയിൽ അവളുടെ മുഖം കാണാതിരിക്കാൻ എന്നോണം അയാൾ പ്ലേറ്റിൽനിന്ന് തല ഉയർത്തിയതേയില്ല.
"സന്തോഷങ്ങൾ പകരം വയ്‌ക്കാം, പക്ഷേ സങ്കടങ്ങൾ പകരംവയ്‌ക്കാനാവില്ല. ജീവിതത്തിലെ ചെറുതും വലുതുമായ തെറ്റുകളെയാണ് നാം വിധി എന്ന് പറയുന്നത്.’
അന്ന് രാത്രി നല്ല മഴ പെയ്‌തു.
ഉയരങ്ങളിൽവച്ച് മഞ്ഞിന്റെ തണുപ്പ് മഴ കട്ടെടുത്തതിനാൽ കുളിരു കുറഞ്ഞിരുന്നു.
ഹോട്ടൽ മുറിയിലെ വിശാലതയിൽ മഞ്ഞവെളിച്ചം ഇരു ഹൃദയങ്ങൾ വെളിപ്പെടുന്നത് കാണാനായി പരന്നുകിടന്നു.
"ഇങ്ങനെയൊക്കെ ഉണ്ടാവും എന്ന് നിങ്ങൾ വിചാരിച്ചിരുന്നോ?’ ദില ജിയനിങ് ചോദിച്ചു.
"ഇല്ല. ജീവിതത്തിൽ പലപ്പോഴും നമ്മൾ ആഗ്രഹിക്കുന്നതല്ലല്ലോ സംഭവിക്കുന്നത്.’
അയാൾ അവൾക്കായി കൊണ്ടുവന്ന ഒരു സമ്മാനം ബാഗിൽനിന്ന് പുറത്തെടുത്തു.
തുർക്കിയിൽനിന്ന് വാങ്ങിയ വാസനാതൈലം!
ദില ജിയനിങ് കൗതുകത്തോടെ അയാളെ നോക്കുന്നതിനിടയിൽ, കുപ്പി തുറന്ന് അയാൾ അവളുടെ ശരീരത്തിൽ പൂശിക്കൊടുത്തു.
സുഗന്ധം പരന്നതും അവൾ വിതുമ്പാൻ തുടങ്ങി. അയാൾക്കൊന്നും പിടികിട്ടിയില്ല. തേങ്ങൽ വൻ കരച്ചിലായി. ഏങ്ങി ഏങ്ങി നിലയ്‌ക്കും എന്നായപ്പോൾ ഹൃദയം പൊട്ടുമാറുച്ചത്തിൽ കരച്ചിൽ വീണ്ടും പുറത്തേക്ക് വന്നു. അയാൾ കുഴങ്ങി.
എന്തുപറ്റി എന്തുപറ്റി...
അവളെ നിയന്ത്രിക്കാൻ ശ്രമിച്ചപ്പോൾ കരച്ചിൽ ഒച്ച കൂടിയതേയുള്ളൂ.
സ്‌ത്രീകൾ ഇങ്ങനെ കരയുന്നത് അയാൾ മുമ്പ് കണ്ടിട്ടില്ല. അച്ഛൻ പോയതറിഞ്ഞ് നെഞ്ച് തല്ലി കരഞ്ഞ അമ്മയെ അല്ലാതെ!
"വേദനിപ്പിക്കാൻ മാത്രം ഞാൻ എന്താണ് ചെയ്‌തത്...’ ആശ്വസിപ്പിക്കാൻ തൊട്ടപ്പോഴൊക്കെ അവൾ കുതറി, ആർത്തു വിളിച്ചു. ഇങ്ങനെ നിയന്ത്രണം വിട്ടാൽ അവൾ ഇല്ലാതായി പോകുമെന്ന് അയാൾ പേടിച്ചു.
ശോകമുഖരിതമായ മുറിയിൽ അയാൾക്ക് നിൽക്കാനും ഇരിക്കാനും തോന്നിയില്ല. ഇതെന്താണ് സംഭവിക്കുന്നത്...
കിടക്കയിൽ തലതല്ലി വീണ അവളെ പിടിച്ചു എഴുന്നേൽപ്പിക്കാൻ ശ്രമിച്ചപ്പോൾ കുതറിമാറി ബാത്റൂമിൽ കയറി വാതിൽ അടച്ചു.
"അവൾ എന്തെങ്കിലും കടുംകൈ ചെയ്യുമോ?’ അയാളുടെ ഉള്ളു പിടഞ്ഞു.
ഖേദഭാരത്തോടെ അയാൾ നിർത്താതെ വാതിലിൽ മുട്ടി.
തെരുവിൽ മഴ തോർന്നു.
അൽപ്പനിമിഷത്തിനുശേഷം ശാന്തഭാവത്തോടെ ദില ജിയനിങ് പുറത്തേക്ക് വന്നു. അവൾക്ക് സങ്കടം അടക്കാനായില്ല.
അയാളെ കെട്ടിപ്പിടിച്ചു വീണ്ടും തേങ്ങി.
"ലിം ലിയന്റെ ബോഡി വീട്ടിലേക്ക് കൊണ്ടുവന്നപ്പോൾ അതിന് ഇതേ മണമായിരുന്നു.’
അവളുടെ പിടി അയഞ്ഞു തുടങ്ങിയപ്പോൾ അയാൾ ഇറുകെ പിടിച്ചു.
"മനസ്സ് കുഴിച്ചിട്ടതിനെ മാന്തിയെടുക്കുന്ന വേദനയേയും ആളുകൾ പ്രണയം എന്നു പറയും.’ .










0 comments