ad
Deshabhimani

നോവൽ ‐34

തെറം

ചിത്രീകരണം: കെ പി മുരളീധരൻ
avatar
പി വി ഷാജികുമാർ

Published on Jun 27, 2026, 12:15 PM | 4 min read

അത്ഭുതം


ചിത്രപ്പണികളുള്ള കൈപ്പിടിയില്‍ പിടിച്ച് മുനീര്‍ കുപ്പിയുടെ അടപ്പ് കയ്യിനാവോളം ബലത്തില്‍ ഊരിമാറ്റിയതും തീരത്ത് തുള്ളിക്കളിച്ച കാറ്റ് തീര്‍ത്തും നിശ്ചലമായി. തീരം നിശ്ശബ്ദതയാല്‍ വീര്‍പ്പുമുട്ടി. നിലാവ് കുപ്പിയെ സൂക്ഷ്മമായി നോക്കി.

കുപ്പി തിരിച്ചുപിടിച്ച് മുനീര്‍ ഉള്ളിലുള്ളതെല്ലാം പുറത്തിട്ടു.

അജ്ഞാതമായൊരു മൃഗത്തിന്റെ നഖം,ഒരു ചെമ്പുതകിട്,ചെവിയില്‍ അണിയുന്ന തോട,കുറച്ച് ചുവന്ന മണ്ണ്,ഉണങ്ങിദ്രവിച്ചൊരു കാട്ടില. ഇത്രയുമായിരുന്നു കുപ്പിയില്‍ ഉണ്ടായിരുന്നത്. നഖവും തകിടും തോടയും തിരിച്ചും മറിച്ചും നോക്കവെ ദൂരെ മലമുകളില്‍നിന്ന് വര്‍ഷപാതം തുടങ്ങിയതിന്റെ ഒച്ച ഉയര്‍ന്നു. അപ്പോള്‍ പച്ചത്തുള്ളന്‍ തുള്ളുന്നത് പോലെ തകിട് പൂഴിയിലേക്ക് വീണു.

തപ്പിയെടുക്കാന്‍ മുനീര്‍ ശ്രമിച്ചെങ്കിലും അവന്റെ കയ്യിലത് വന്നില്ല. പൊടുന്നനെ അവന്റെ മുന്നില്‍ അവനേക്കാള്‍ ഇരട്ടിവലുപ്പവും ഇരട്ടിബലവുമുള്ള ഒരു മനുഷ്യന്‍ പ്രത്യക്ഷനായി. അയാളുടെ കഴുത്തില്‍ നിലത്തുവീണ തകിട് ഒരു ചരടില്‍ കോര്‍ക്കപ്പെട്ട് കിടപ്പുണ്ടായിരുന്നു. കാലങ്ങള്‍ക്ക് മുേമ്പ ജീവിച്ചൊരു മനുഷ്യനാണെന്ന് ഒറ്റനോട്ടത്തില്‍ തോന്നിപ്പിക്കുന്ന രൂപവും ഭാവവുമായിരുന്നു അയാള്‍ക്ക്. സ്‌ത്രീകളെപ്പോലെ അയാള്‍ക്ക് മുട്ടറ്റത്തോളം മുടിയുണ്ടായിരുന്നു, ചെറിയ കരിവളകള്‍ പോലെ അയാളുടെ മുടിയിഴകള്‍ ചുരുണ്ടുകിടന്നു. കറുത്തിരുണ്ട ദേഹത്തുനിന്ന് വന്യമായ കാട്ടുമണം ഉയരുന്നത് മുനീറിന് അനുഭവപ്പെട്ടു. പേടിയാല്‍ മുനീറിന്റെ നെഞ്ചിന് കനം വന്നു. തന്റെ മുന്നില്‍ നില്‍ക്കുന്നത് ചെകുത്താനോ പ്രേതമോ ഭൂതമോ അതോ മനുഷ്യനോ എന്ന് കൃത്യമാക്കാനാവാതെ മുനീര്‍ കൂടുതല്‍ പരിഭ്രാന്തനായി.

കുപ്പിയില്‍നിന്ന് വന്നവര്‍ ആളുകളെ വിഴുങ്ങിക്കളഞ്ഞ കഥകള്‍ ഏറെ കേട്ടിട്ടുള്ളതിനാല്‍ നിമിഷങ്ങള്‍ക്കുള്ളില്‍ താന്‍ ഇല്ലാതാവുമെന്ന് ഭയം അവന് മുന്നറിയിപ്പ് കൊടുത്തു. അവന്‍ കിടുകിടാ വിറച്ചു.

കുത്തിയിരിപ്പില്‍നിന്ന് അയാള്‍ കുത്തിയുയര്‍ന്നു. ആഗതനില്‍നിന്ന് പിന്നോക്കം പോയി നിന്ന് അയാള്‍ വിറയാര്‍ന്ന ശബ്ദത്താല്‍ ചോദിച്ചു.

‘‘ആരാ...!’’

വാക്കുകള്‍ വിറച്ചുവീണതുകൊണ്ട് ആരാ എന്ന് മുഴുമിപ്പിക്കാന്‍ അയാള്‍ക്ക് സാധാരണയിലും നാലിരട്ടി നേരം വേണ്ടിവന്നു.

ചിത്രീകരണം: കെ പി മുരളീധരൻചിത്രീകരണം: കെ പി മുരളീധരൻ

ആഗതന്‍ മുനീറിനെ നോക്കുകയോ സംസാരിക്കുകയോ ചെയ്‌തില്ല. നിലത്ത് കുത്തിനിര്‍ത്തിയ കുപ്പിയില്‍ അയാളുടെ നോട്ടം തറച്ചു. അത് നോക്കിക്കൊണ്ടിരിക്കവെ അയാളുടെ മുഖത്ത് ദൈന്യതയുടെ വേലിയേറ്റം മുനീര്‍ കണ്ടു.

അയാള്‍ എന്നെ ഉപദ്രവിക്കില്ല...

ആ ദൈന്യത മുനീറിന് ഉത്തരം നല്‍കി.

ഇനിയെന്ത് ചോദിക്കണമെന്നറിയാതെ മുനീര്‍ നിശ്ശബ്ദനായി.

കുനിഞ്ഞിരുന്ന് ആഗതന്‍ കുപ്പി കയ്യിലെടുത്തു. അറിയാത്ത ഭാഷയില്‍ അയാള്‍ എന്തോ പിറുപിറുത്തു. എന്താണ് അയാള്‍ പറഞ്ഞതെന്ന് മനസ്സിലാവാതെ മുനീര്‍ കുഴങ്ങി. അനന്തരം ആഗതന്‍ കുപ്പി കടലിലേക്കെറിഞ്ഞു. വെള്ളം കുടിച്ച് വയറ് വീര്‍ത്തപ്പോള്‍ കുപ്പി കടലിന്റെ ആഴങ്ങളിലേക്ക് മുങ്ങിപ്പോയി. കുപ്പി നോക്കിക്കൊണ്ട് അയാള്‍ പറഞ്ഞു.

കുപ്പി കടലില്‍ അദൃശ്യമായതും കാറ്റ് തിരിച്ചെത്തി. കള്ളത്തരത്തിന് പോയ നായയെ പോലെ അത് മുനീറിന് ചുറ്റിലും തണുപ്പിന്റെ വാലാട്ടി.

ആ നേരം ആഗതന്‍ മുനീറിന് നേരെ തിരിയുകയും പ്രത്യേകതരത്തിലുള്ള ആംഗ്യം കാണിക്കുയുമുണ്ടായി. ഇതുവരെ അത്തരത്തിലുള്ള ആംഗ്യം കണ്ടില്ലെങ്കിലും നന്ദിയാണ് പ്രകടിപ്പിച്ചതെന്ന് മുനീറിന് മനസ്സിലായി. അയാളുടെ മനസ്സില്‍ ചെറുതായൊരു സമാധാനം വരികയുണ്ടായി.

‘‘എരി...’’

കറ പടര്‍ന്ന പല്ലുകള്‍ വിടര്‍ത്തിക്കാട്ടി ആഗതന്‍ ചിരിച്ചു.

‘‘ഇബിടെയല്ല... അങ്ങ് കൊച്ചിയില്‍...’’

അയാള്‍ ചിരിച്ചുകൊണ്ട് തന്നെ തുടര്‍ന്നു. അപ്പോഴാണ് അയാള്‍ മലയാളിയാണെന്ന് മുനീറിന് മനസ്സിലായത്. മണലില്‍ കുത്തിയിരുന്ന് അയാള്‍ സ്വന്തം ജീവിതം മുനീറിനോട് പറഞ്ഞു.

ചിത്രീകരണം: കെ പി മുരളീധരൻചിത്രീകരണം: കെ പി മുരളീധരൻ

എണ്‍പത് വര്‍ഷം മുമ്പ് മറയൂരിലെ കാട്ടില്‍ സമാധാനത്തോടെ ജീവിച്ചുവരികയായിരുന്നു അയാളും ഒമ്പത് വയസ്സുകാരിയായ മകള്‍ മാണിക്കവും. മകളെ പെറ്റിട്ട് എരിയുടെ പെണ്ണ് ജ്വരം വന്ന് മരിച്ചു. അതോടെ മാണിക്കത്തിന് എരിയും എരിക്ക് മാണിക്കവും മാത്രമായി. വറുതിയുണ്ടായിരുന്നെങ്കിലും ജീവിതം സ്‌നേഹത്താല്‍ ശാന്തമായി മുന്നോട്ട് പോകവെയാണ് കൊച്ചിയില്‍നിന്ന് പള്ളിക്കാര്‍ കാട് കയറി വന്നത്. ആയുധവുമായി വന്നവര്‍ കാടിന്റെ മക്കളെ കെട്ടിയിട്ട് കൊച്ചിയിലേക്ക് നടത്തിച്ചു. അവരില്‍ എരിയും മാണിക്കവും കെട്ടപ്പെട്ടു.

ചന്തയ്‌ക്കടുത്തായുള്ള പള്ളിയില്‍ പള്ളിക്കാര്‍ അവരെ വില്‍പ്പനയ്‌ക്ക്‌ വച്ചു. തിങ്കളാഴ്‌ചമുതല്‍ ശനിയാഴ്‌ചവരെ അടിമച്ചന്തയും ഞായറാഴ്‌ചകളില്‍ മാത്രം പ്രാർഥനയും നടത്തുന്ന പ്രത്യേകതരം പള്ളിയായിരുന്നു അത്. ഞായറാഴ്‌ചകളില്‍ അവരെ ഇരുട്ട് നിറഞ്ഞ കുടുസ്സ് മുറിയില്‍ വലിച്ചിട്ടു. ശ്വാസം മുട്ടിക്കഴിയവെ പള്ളിയില്‍നിന്ന് കീര്‍ത്തനങ്ങള്‍ ഉയരും. കഷ്ടപ്പെടുന്നവരുടെയും വേദനിക്കുന്നവരുടെയും കൂടെയാണ് കര്‍ത്താവെന്ന് പാടുന്നത് കേട്ട് ഇരുട്ടറയില്‍ ദീര്‍ഘനിശ്വാസമുയരും. ഒരിക്കലും വിളി കേള്‍ക്കാത്ത ദൈവത്തെ അവര്‍ മനസ്സുകൊണ്ട് ശപിക്കും. ശാപവാക്കുകളുടെ കൂരമ്പേറ്റ് ദൈവം ഒന്നിനും കൊള്ളാത്തവനാവും.

കൊച്ചിയിലെത്തപ്പെട്ടതിന്റെ രണ്ടാം ദിവസം മാണിക്കത്തെ കൊല്ലത്തുനിന്നുവന്ന കച്ചവടക്കാരന്‍ മുന്തിയ പൈസയ്‌ക്ക്‌ വിലയ്‌ക്ക്‌ വാങ്ങി. എരിയുടെയും മാണിക്കത്തിന്റെയും എതിര്‍പ്പുകളൊന്നും വിലപ്പോയില്ല.

അപ്പാ.. എന്നെ വിടല്ലേ അപ്പാ...

നെഞ്ച് പൊട്ടുന്ന ഒച്ചയില്‍ അവള്‍ വിലപിച്ചു. കയ്യിലും കാലിലും കെട്ടിയ കയറഴിച്ച് മകളെ ചേര്‍ത്തുപിടിക്കാന്‍ എരി ആവതും ശ്രമിച്ചു. ഒന്നും ഫലം കണ്ടില്ല. കരഞ്ഞുകൊണ്ടിരുന്ന അവളുടെ മുഖത്ത് കച്ചവടക്കാര്‍ ചാട്ടവാറുകൊണ്ട് ആഞ്ഞടിച്ചു. ബോധം മറഞ്ഞ് അവള്‍ നിലത്തേക്ക് വീണു. "മോളേ...’ എന്ന് എരി അലറിക്കരഞ്ഞു. ക്രൂരമായ ചിരിയോടെ കച്ചവടക്കാരന്‍ അവളെയെടുത്ത് കാളവണ്ടിയിലിട്ടു. എരി കരഞ്ഞുകൊണ്ടേയിരുന്നു, വേറൊന്നും അയാള്‍ക്ക് ചെയ്യാന്‍ കഴിയില്ലല്ലോ...

അന്ന് രാത്രിയിൽ അടുത്തുകിടന്ന മരത്തടിയിൽ ഉരച്ച് അയാൾ കാലിലെ കയറിന്റെ കെട്ടഴിച്ചു. മഴ തകർത്തുപെയ്യുന്നുണ്ടായിരുന്നു. കാളവണ്ടിയുടെ ചക്രപ്പാടുകൾ നോക്കി അയാൾ ഓടി. മഴ ചക്രപ്പാടുകൾ മായ്ച്ചുകളയാൻ ശ്രമിക്കുന്നുണ്ടായിരുന്നു. അതയാളുടെ ഓട്ടത്തെ കൂടുതൽ വേഗത്തിലാക്കി.

ഒരു മണിക്കൂറിനുള്ളിൽ അയാൾ കാളവണ്ടിക്കടുത്തെത്തി. കച്ചവടക്കാരൻ നല്ല ഉറക്കത്തിലായിരുന്നു. മാണിക്കത്തെ എവിടെയും കണ്ടില്ല.

‘‘എന്റെ കൊച്ച് എവിടെയാടാ?’’

ചിത്രീകരണം: കെ പി മുരളീധരൻചിത്രീകരണം: കെ പി മുരളീധരൻ

അയാൾ കച്ചവടക്കാരനെ കഴുത്തിന് പിടിച്ച് കാളവണ്ടിക്ക് പുറത്തേക്കിട്ടു. പെരുമഴ ഉണ്ടാക്കിയ ചെളിവെള്ളത്തിൽ അയാളുടെ മുഖം കുത്തി. മുഖത്ത് പറ്റിയ ചെളി തുടച്ചുകളഞ്ഞ് അയാൾ വേഗത്തിലെഴുന്നേറ്റു.

‘‘നിന്റെ കൊച്ചോ..! അത് ഞാൻ പൈസ കൊടുത്ത് വാങ്ങിയ മുതലാടാ...’’

എരിയുടെ ചങ്കിന് പിടിച്ച് അയാൾ അലറി. എരി ഒന്ന് പതറി.

‘‘അത് ഞാൻ ചിലപ്പൊ കറി വെക്കും, ചിലപ്പൊ വെള്ളത്തിലിടും. എനിക്കിഷ്ടമുള്ളത് പോലെ ചെയ്യും. ചെലക്കാണ്ട് പോടാ...’’

അയാൾ എരിയെ മുന്നോട്ടുതള്ളി കാളവണ്ടിയിൽനിന്ന് ചാട്ടവാർ എടുത്തു. കാൽ വഴുതി വീണുപോയ എരിയെ അയാൾ ചാട്ടവാറുകൊണ്ട് പൊതിരെ തല്ലി.

എന്നോട് കളിക്കാൻ വര്ന്ന് നായ!

അയാൾ അലറി. അടിയേൽക്കുമ്പോഴും "എന്റെ കുഞ്ഞിനെ താ...’ എന്ന് എരി കരഞ്ഞുകൊണ്ടിരുന്നു. തല്ലി മടുത്തപ്പോൾ അതീവപുച്ഛത്തോടെ കച്ചവടക്കാരൻ സത്യം പറഞ്ഞു.

‘‘എടാ, എനിക്ക് ആ കച്ചവടം നഷ്‌ടമായിരുന്നു.’’

അയാൾ ഒന്ന് കാർക്കിച്ചുതുപ്പി.

‘‘എന്റെ പരിചയക്കാരായ നാല് പേര് ആ മുതല് പങ്കിട്ടു. അവസാനം ഞാനായിരുന്നു. ഞാൻ അവസാനിപ്പിക്കുമ്പോഴേക്കും ആ മുതലിന്റെ കാറ്റ് അവസാനിച്ചിരുന്നു...’’ എരിയുടെ നെഞ്ചിലൊരു വിറ പടർന്നു.

‘‘എന്റെ മോളേ...’’

അയാൾ വിതുമ്പി. മഴയിൽ വിലാപം മുങ്ങി.

‘‘പിന്നെയെന്ത് ചെയ്യല്..! കാട്ടുകൊല്ലിയുടെ ഒഴുക്കില് മുതലിനെയങ്ങ് തട്ടിയിട്ടു...’’

അയാൾ പറഞ്ഞവസാനിപ്പിച്ചു. കൈ രണ്ടിലും ചെളി വാരിപ്പിടിച്ച് എരി കൊടുങ്കാറ്റ് പോലെ എഴുന്നേറ്റു.

‘എന്റെ മോളേ’ എന്നലറിക്കൊണ്ട് അയാൾ കച്ചവടക്കാരന്റെ കണ്ണിലേക്ക് ചെളിയെറിഞ്ഞു. കച്ചവടക്കാരനിൽനിന്ന് അവസാനശ്വാസം വിട്ട് പോവുംവരെ തല്ലുകയും ചവിട്ടുകയും ചെയ്യുമ്പോഴും അയാൾ "എന്റെ മോളേ...’ എന്ന് വിളിച്ചു കരഞ്ഞുകൊണ്ടേയിരുന്നു. ചത്തുമലച്ച കച്ചവടക്കാരനെയും നോക്കിക്കൊണ്ട് എരി പെരുമഴയിൽ കുത്തിയിരുന്നു. അപ്പോഴും അയാൾ മകളെയോർത്ത് വിലപിക്കുന്നുണ്ടായിരുന്നു.

ദൂരെനിന്ന് അയാളെത്തേടി ആളുകൾ വരുന്നതിന്റെ ആക്രോശം ഉയർന്നുകേട്ടു.

"അപ്പാ... രക്ഷപ്പെട് അപ്പാ...’

കാറ്റിന്റെ ഒച്ചയിൽ മകൾ അയാളുടെ ചെവിയിൽ പറഞ്ഞു. അയാളത് അനുസരിച്ചില്ല . പെയ്‌തൊഴിയാത്ത മഴ പോലെ അയാൾ കരഞ്ഞുകൊണ്ടേയിരുന്നു.

"എന്റെ മകളേ....’ .

( തുടരും)




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home