ad
Deshabhimani

നോവൽ

തെറം ‐ 23

ചിത്രീകരണം: കെ പി മുരളീധരൻ
വെബ് ഡെസ്ക്

Published on Apr 13, 2026, 02:23 PM | 6 min read

പടത്തലവന്‍

നേരിന്റെയും നെറിയുടെയും വഴിയില്‍നിന്ന് അന്ത്യകാലം വരെ ഒരിക്കലും മാറിനടന്നില്ല മാലിങ്കന്‍. ആശ്രയത്തിനായി എത്തുന്നവര്‍ക്ക് കഴിയാവുന്നതൊക്കെ അയാള്‍ ചെയ്‌തുകൊടുത്തു. മാരികളുടെ പേമാരിയില്‍ പെട്ടുഴലുന്നവരെ അയാള്‍ ചേര്‍ത്തുപിടിച്ചു. കൂര്‍മ്പയിലെ ദേവി അയാള്‍ക്ക് വെളിച്ചം നല്‍കി. അത് അയാള്‍ മക്കളിലേക്ക് പകര്‍ന്നു. മക്കള്‍ക്ക് അറിവും ബോധവും വന്നപ്പോള്‍ അയാളത് അവരോട് വിവരിച്ചു.

‘‘ജീവിതത്തില്‍ പ്രയാസങ്ങളും ദുരിതങ്ങളും ഉണ്ടാവാം. എല്ലാവര്‍ക്കുമെന്നതുപോലെ അതില്‍നിന്ന് നിങ്ങള്‍ക്കും ഒഴിഞ്ഞുമാറാനാവില്ല. ലോകം എല്ലാ ജീവികള്‍ക്കും അങ്ങനെയാ ഒരുക്കപ്പെട്ടിരിക്കുന്നത്, മനുഷ്യര്‍ക്കും അതില്‍നിന്ന് രക്ഷപ്പെടാന്‍ കഴിയില്ല. എന്നാല്‍ ഒന്നുണ്ട്, തിരിച്ചടികള്‍ എന്തുണ്ടായാലും പ്രതിസന്ധികള്‍ നട്ടംതിരിച്ചാലും നേരില്‍നിന്ന് ഒരിക്കലും വഴിമാറി നടന്നേക്കല്ല. കുറ്റബോധത്തിന് കാരണമായേക്കാവുന്നതൊന്നും ചെയ്യരുത്. മരണമെത്തുമ്പോള്‍ മനസ്സമാധാനമുണ്ടാവില്ല... എന്റെ മക്കള്‍ നല്ലത് ചെയ്യുക, നല്ലവരായി വളരുക. എവിടെയും എത്തിയില്ലെങ്കിലും എനിക്കത് മാത്രം മതി...''

ചിത്രീകരണം: കെ പി മുരളീധരൻചിത്രീകരണം: കെ പി മുരളീധരൻ

അത് പറയുമ്പോള്‍ മനസ്സില്‍ സ്‌നേഹം നിറഞ്ഞ് മാലിങ്കന്റെ കണ്ണുകള്‍ നിറഞ്ഞു.

മക്കള്‍ അത് കാണാതിരിക്കാന്‍ അയാള്‍ കടലിലേക്ക് മുഖം തിരിച്ചു.

ഹുസൈനും ചന്തനും അലാമിയും അച്ഛന്‍ പറഞ്ഞത് അക്ഷരംപ്രതി അനുസരിച്ചു. നേരും നന്മയും മനസ്സോട് ചേര്‍ത്തുനില്‍ക്കുന്നവര്‍ക്കുണ്ടാവുന്ന സ്വാഭാവികമായ നിഷ്‌കളങ്കത അവര്‍ക്കുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഓരോയിടത്തും അവര്‍ വേഗത്തില്‍ പറ്റിക്കപ്പെട്ടു. അതില്‍ വേദനയുണ്ടായെങ്കിലും അച്ഛന്‍ പറഞ്ഞ കുറ്റബോധമില്ലാത്തതിനാല്‍ അവരതിനെ മറികടന്നു. നിഷ്‌കളങ്കത മനസ്സമാധാനമാണെന്ന് വഞ്ചിച്ചവര്‍ക്ക് അറിയില്ലല്ലോ..!

നന്മയേറിയ ജീവിതമാണ് മാലിങ്കന്‍ നയിച്ചതെങ്കിലും മരണകാലം കഷ്ടം നിറഞ്ഞതായി. കുറുക്കന്‍ കടിച്ചൊരു കന്നഡക്കാരനെ വാഴയിലയില്‍ കിടത്തി ചികിത്സിക്കവെ വെയില്‍ വിഷമായി വന്ന് അയാളുടെ തലയില്‍ കുത്തി. തല ചുറ്റിയ അയാള്‍ക്ക് മുന്നില്‍ ആകാശവും ഭൂമിയും വട്ടംകറങ്ങി. തളര്‍ച്ചയോടെ അയാള്‍ മണലിലേക്ക് മലര്‍ന്നടിച്ച് വീണു.


ആ കിടപ്പില്‍നിന്ന് മാലിങ്കന്‍ എഴുന്നേറ്റില്ല. ഒച്ചയുണ്ടാക്കാന്‍ പോലുമാവാതെ അയാള്‍ തൊണ്ണൂറ് ദിവസം കിടന്നു. കല്യാണിയും മക്കളും അയാളെ നല്ലോണം പരിചരിച്ചു. ‘ഞാന്‍ ഇവര്‍ക്കൊരു ഭാരമായല്ലോ ദേവീ...' എന്നോര്‍ത്ത് അയാള്‍ കരഞ്ഞു. അയാളുടെ കണ്ണുകളില്‍നിന്ന് സങ്കടം ഒച്ചയില്ലാതെ ഇറങ്ങിവരുന്നത് കാണുമ്പോള്‍ മക്കള്‍ ആശ്വസിപ്പിക്കും. കല്യാണി വിഷമമറിഞ്ഞ് അയാളുടെ കൈ ചേര്‍ത്തുപിടിക്കും. അപ്പോഴും അയാള്‍ കരഞ്ഞുകൊണ്ടേയിരിക്കും.

കടല് കരയിലേക്ക് കാലങ്ങള്‍ക്ക് ശേഷം കയറിവന്ന വര്‍ഷകാലത്തായിരുന്നു മാലിങ്കന്‍ കിടപ്പിലായത്. ചീരുമ്പയിലെ കടലോരത്ത് താമസിക്കുന്നവര്‍ വേണ്ടുന്നതെടുത്ത് ചാളകള്‍ വിട്ട് മഴ കയറിക്കിടക്കാത്ത ഇടങ്ങളിലേക്ക് ചേക്കേറിയപ്പോള്‍ കല്യാണി കുടുംബത്തെയും കൊണ്ട് അവിടം വിട്ടുപോയില്ല.

‘‘കടലിന്റെ കലിയാ കല്യാണി. കരയെ കൊല്ലും, നിന്റെ ചാള വിഴുങ്ങും. കണ്ണ് കാണാത്ത നീ ഈ കെടക്ക്ന്ന മാലിങ്കനെയും പിള്ളേറേം കൊണ്ട് എന്താക്കാനാന്ന്..! മാറിപ്പോ...''

തുറക്കാര്‍ കര വിടുമ്പോള്‍ കല്യാണിയോട് ഉപദേശിച്ചതാണ്.

‘‘നോക്കട്ട്...''

അത് മാത്രം പറഞ്ഞ് കല്യാണി മന്ദഹസിക്കാന്‍ ശ്രമിച്ചു.

ചിത്രീകരണം: കെ പി മുരളീധരൻചിത്രീകരണം: കെ പി മുരളീധരൻ

വെള്ളം ചാളയെ കൊല്ലില്ലെന്ന് കല്യാണിക്ക് മനസ്സിലൊരു ഉറപ്പ് കിട്ടിയിരുന്നു. മാലിങ്കനെ ഈ കിടപ്പില്‍നിന്ന് ചാളയില്‍ നിന്നിറക്കുക അങ്ങേയറ്റം ശ്രമകരവും വിഷമകരവുമാണ്. ഈ രണ്ട് കാര്യങ്ങള്‍കൊണ്ട് തന്നെ അവള്‍ മക്കള്‍ക്ക് ധൈര്യം പകര്‍ന്ന് ചാളയില്‍ തന്നെ കഴിഞ്ഞുകൂടി. മഴ നിര്‍ത്താതെ പെയ്യുകയും കാറ്റ് നിര്‍ത്താതെ വീശുകയും കടല്‍ സര്‍പ്പത്തിന്റെ പത്തിപോലെ തിരകളുയര്‍ത്തി നിര്‍ത്താതെ ഉലയുകയും ചെയ്‌തുകൊണ്ടിരുന്നു.

ജലത്തിന്റെ കൂറ്റന്‍കാലുകള്‍ വച്ച് കടല്‍ കരയിലേക്ക് നടന്നുവന്നുകൊണ്ടിരുന്നു. ചീരുമ്പയിലെ ചാളകളില്‍ പലതും ജലപാദങ്ങളില്‍ മുങ്ങിപ്പോയി. മാലിങ്കന്റെ ചാളയുടെ മുറ്റത്തേക്ക് ജലം കാലുകള്‍ വച്ചതാണ്. മലമ്പനി പിടിച്ച മനുഷ്യനെ പോലെ ചാളയൊന്ന് വിറച്ചതുമാണ്. മാലിങ്കനെയും മക്കളെയും ചേര്‍ത്തുപിടിച്ച് കല്യാണി മരണം പ്രതീക്ഷിച്ചതുമാണ്.

പൊടുന്നെനെ വിഴുങ്ങാന്‍ മടിച്ചെന്നത് പോലെ മഴയും കാറ്റും കുറയുകയും ഇരുട്ടില്‍നിന്ന് വെളിച്ചത്തിലേക്ക് ചീരുമ്പ കടപ്പുറം കണ്ണുതുറക്കുകയും കടല്‍ കരയില്‍നിന്ന് ഇറങ്ങിപ്പോവുകയുമുണ്ടായി. അതുകണ്ട് മാലിങ്കന്റെ മക്കള്‍ അത്ഭുതത്തോടെയും സന്തോഷത്തോടെയും ഉറക്കെ കൂക്കി.

കടല്‍ക്കലിയില്‍ മാലിങ്കന്റെ ചാപ്പ പിടിച്ചുനിന്ന അത്ഭുതകഥ അങ്ങനെ ചീരുമ്പയില്‍ കാലങ്ങളിലേക്ക് പറച്ചിലായി.


വെയില്‍ വന്നതിന്റെ മൂന്നാംനാളിലെ സന്ധ്യാമയക്കത്തില്‍ മാലിങ്കന്റെ സ്വപ്‌നത്തിലേക്ക് കൂര്‍മ്പ ദേവി വന്നു. കൊല്ലങ്ങള്‍ക്ക് മുമ്പ് മരിച്ചുവെന്ന് ഉറപ്പിച്ച് അബുവും സംഘവും വലിച്ചെറിഞ്ഞ കടലില്‍ മാലിങ്കന്‍ തിരകളെ വെട്ടിച്ചുകൊണ്ട് നീന്തുകയായിരുന്നു. ആഴങ്ങളില്‍നിന്ന് ദേവി അയാളെ വിളിച്ചു. കടല്‍ക്കരയില്‍ കാത്തിരിക്കുന്ന കല്യാണിയെയും മക്കളെയും അയാള്‍ വിഷാദത്തിരകളോടെ തിരിഞ്ഞുനോക്കി.

‘‘അവര്‍ക്ക് വിഷമം വരുത്താതെ ഞാന്‍ നോക്കും... കടലില്‍നിന്ന് പ്രാണന്‍ തിരിച്ചുകിട്ടിയവനാ നീ... നിനക്ക് കടലിലേക്ക് തിരിച്ചുപോകാന്‍ സമയമായി മാലിങ്കാ..!’’

ദേവി അങ്ങനെ പറയുന്നതായി മാലിങ്കന് തോന്നി. കൈക്കുമ്പിളില്‍ കുടുങ്ങിയ കടല്‍ കല്യാണിക്കും മക്കള്‍ക്കും പകര്‍ന്ന് അയാള്‍ കടലാഴത്തിലേക്ക് പോകാന്‍ ജലോപരിതലത്തില്‍ മലര്‍ന്നുകിടന്നു. തിരകളുടെ കൈകള്‍ അയാളെ അകലങ്ങളിലേക്ക് പതുക്കെയെടുത്തു.


കല്യാണി ഉണര്‍ന്നപ്പോള്‍ നീന്തുന്നതുപോലെ കിടക്കുകയായിരുന്ന മാലിങ്കന്‍. അയാളുടെ മെലിഞ്ഞ മെയ്യില്‍ കടല്‍ജലം പറ്റിപ്പിടിച്ചിരിക്കുന്നത് ഞെട്ടലോടെ അവള്‍ മനസ്സിലാക്കി. പച്ചപ്പായല്‍ കാലുകളില്‍ ചുറ്റിക്കിടന്നിരുന്നു. ഉപ്പുകാറ്റിന്റെ മണം ചാളയില്‍ നിറഞ്ഞുനിന്നു.

കല്യാണി മാലിങ്കന്റെ മരണം മനസ്സിലാക്കി.

അവളുടെ വിലാപത്തില്‍ മക്കള്‍ ഉണര്‍ന്നു.

അവളുടെ വിലാപത്തില്‍ ചീരുമ്പ ഉണര്‍ന്നു.

മുറ്റത്താണ് മാലിങ്കനെ അടക്കിയത്. മാലിങ്കനില്‍നിന്ന് രോഗം ഭേദമായവരും വിഷദംശനത്തില്‍നിന്ന് രക്ഷപ്പെട്ടവരും നാട്ടുകാരുമായി ചീരുമ്പയുടെ ചരിത്രത്തില്‍ ഇല്ലാത്തത്രയും ജനങ്ങള്‍ വിഷമത്തോടെ മാലിങ്കനെ യാത്രയാക്കാനെത്തി. കടല്‍ത്തീരവും കുടിലിന്റെ പരിസരവും ആളുകളെക്കൊണ്ട് നിറഞ്ഞു. എല്ലാവരുടെയും മുഖത്ത് മാലിങ്കന്റെ വേര്‍പാടിന്റെ വിഷമം തെളിഞ്ഞുനിന്നിരുന്നു. ചീരുമ്പ അങ്ങനെ ദുഃഖത്തിന്റെ കടലോരമായി. മരിക്കുമ്പോള്‍ കുഴിവെട്ടുന്നവനെ പോലും കരയിപ്പിച്ചുകൊണ്ട് യാത്രയാവുക എന്ന പറച്ചില്‍ മാലിങ്കനില്‍ സംഭവിച്ചു.


മാലിങ്കനെ കുഴിയിലിട്ട് മൂടി മൂന്ന് കല്ലുകള്‍ കുഴിമാടത്തില്‍ വച്ചുകഴിഞ്ഞിട്ടും ആളുകള്‍ പോകാതെ അവിടെത്തന്നെ നിന്നു. മാലിങ്കന്‍ പോയെന്ന് വിശ്വസിക്കാന്‍ എല്ലാവരും ഏറെ പ്രയാസപ്പെട്ടു. ഇരുട്ട് കരയെയും കടലിനെയും മറച്ചുകഴിഞ്ഞപ്പോള്‍ മാത്രമാണ് അവര്‍ ഇറങ്ങാന്‍ തയ്യാറായത്.

പിറ്റേന്നുതൊട്ട് സന്ധ്യകളില്‍ മാലിങ്കന്റെ കുഴിമാടത്തിന് മുകളില്‍ കല്യാണി വിളക്ക് കത്തിച്ചുവയ്‌ക്കാന്‍ തുടങ്ങി. അതിന് ഒരിക്കലും അവള്‍ മുടക്കം വരുത്തിയില്ല.

മാലിങ്കന്‍ പോയതിനുശേഷം രാത്രികളില്‍ ഉറക്കം കിട്ടാതെ കല്യാണി ചീരുമ്പ കടല്‍ത്തീരത്ത് പോയിനിന്നു.

പാതിരകളില്‍ മതിഭ്രമത്താല്‍ അവള്‍ തിരകളില്‍ തളരുവോളം തലതല്ലി.

‘‘മതി മനംകെട്ട്... തിരിച്ചുപോ...’’

നിശാസ്‌നാനത്തിനിറങ്ങിയ കൂർമ്പ ദേവി ചീത്ത പറഞ്ഞെങ്കിലും കല്യാണി അറിഞ്ഞില്ല.

പന്ത്രണ്ട് ദിവസം കടലിലെ കരച്ചില്‍ കല്യാണിയിലുണ്ടായി.

പതിമൂന്നാം ദിവസം പാമ്പുകടിയേറ്റ് വന്ന കുട്ടി അവളെ അതില്‍നിന്ന് തിരിച്ചുവിളിച്ചു. ‘മാലിങ്കന്‍ മരിച്ചുപോയല്ലോ...!' എന്ന് കല്യാണി പറഞ്ഞിട്ടും ‘എന്തെങ്കിലും ചെയ്‌തു താ ഏട്ടി. എന്റെ മോന്‍ ചത്തുപോവും...' എന്ന് കുട്ടിയുടെ അച്ഛന്‍ കൈകൂപ്പിക്കൊണ്ട് കരഞ്ഞപ്പോള്‍ മറുവഴിയില്ലാതെ മാലിങ്കന്റെ കഴിഞ്ഞകാല സംസാരങ്ങളില്‍നിന്ന് അവള്‍ മരുന്ന് എത്തിയെടുത്തു. കമലപ്പക്ഷിയുടെ ചിറകടിയൊച്ച മാനത്തുയരുന്നത് അവളുടെ ചെവിയില്‍ മുഴങ്ങി, ഹുസൈനോട് അവള്‍ പച്ചിലകള്‍ പറിച്ചുകൊണ്ടുവരാന്‍ പറഞ്ഞു.

‘‘രക്ഷപ്പെടുമോയെന്ന് ഉറപ്പില്ല... നോക്കാം...''

ചിത്രീകരണം: കെ പി മുരളീധരൻചിത്രീകരണം: കെ പി മുരളീധരൻ

പച്ചിലകള്‍ കരിങ്കല്ലുകൊണ്ട് കുനിച്ച് ചാറാക്കി കുട്ടിയുടെ വായിലുറ്റിച്ച് കൊടുത്ത് പകലിലെ മൂന്ന് നേരങ്ങളിലും കല്യാണി ആവര്‍ത്തിച്ച് പിറുപിറുത്തു.

‘‘രക്ഷപ്പെടുമോയെന്ന് ഉറപ്പില്ല... നോക്കാം..''

മൂന്നാംനേരം മരുന്ന് കൊടുത്തപ്പോള്‍ കുട്ടി കണ്ണ് തുറന്നു.

കല്യാണി, കല്യാണി വൈദ്യരായി.

ഹുസൈന്‍ കല്യാണിക്ക് സഹായത്തിന് നിന്നപ്പോള്‍ ചന്തനും അലാമിയും പൈവളിഗെയിലെ ജന്മി കൊറഭട്ടയുടെ മണ്ണില്‍ പണിക്കിറങ്ങി. രാപ്പകലില്ലാതെ പണിയെടുത്ത അവര്‍ക്ക് അഷ്ടിക്ക് വകയൊന്നും കിട്ടിയില്ല. എല്ല് മുറിയെ പണിയെടുത്ത് അവര്‍ എല്ല് പുറത്തേക്ക് കാണുന്ന ശരീരപ്രകൃതരായി.

ആ കാലത്ത് നാട്ടില്‍ എന്തൊക്കെയോ മാറ്റങ്ങളുണ്ടായിക്കഴിഞ്ഞിരുന്നു. വേറൊന്നിനും പോകാതെ കുടിലില്‍നിന്ന് കൂരയിലേക്കും കൂരയില്‍നിന്ന് കുടിലിലേക്കും ദിവസങ്ങള്‍ ക്രമപ്പെടുത്തിയ ചന്തനും അലാമിയും കാര്യങ്ങളൊന്നും അറിഞ്ഞില്ല.


‘‘ഇന്ന് പണിയല്ല... കൊറഭട്ടയുടെ വീട്ടില്‍ പോകണം..!''

കൂട്ടത്തിലെ പണിക്കാരന്‍ പറഞ്ഞപ്പോള്‍ പുറത്തേക്കുന്തിയ നട്ടെല്ല് തടവിക്കൊണ്ട് ചന്തനും അലാമിയും ആശ്വസിച്ചു. കൊറഭട്ടയുടെ വീട്ടിലെത്തിയപ്പോഴാണ് ഇരുവര്‍ക്കും കാര്യം മനസ്സിലായത്. പണിക്കാര്‍ വീട്ടില്‍ പോയതല്ല, വീട് വളഞ്ഞിരിക്കുകയാണ്.

പേടികൊണ്ട് ചന്തന് കുളിര് കോരി, അലാമി അവന്റെ കൈപിടിച്ചു.

‘‘കൃഷിഭൂമി കര്‍ഷകന്..

കൃഷി നിയമം നടപ്പിലാക്കുക.

ഇങ്ക്വിലാബ് സിന്ദാബാദ്...

കര്‍ഷകസംഘം സിന്ദാബാദ്.''

സുന്ദര ഷെട്ടിയാണ് വിളിക്കുന്നത്. കണ്ണുകളില്‍ തിളക്കവും ആത്മവിശ്വാസവുമുള്ള ചെറുപ്പക്കാരന്‍.

അയാളെ അലാമിക്ക് ഇഷ്ടമാണ്. അതുകൊണ്ട് തന്നെ അയാളുടെ മുദ്രാവാക്യത്തിന് അലാമി ഏറ്റുവിളിച്ചു.

ചന്തന്‍ അത്ഭുതത്തോടെ അലാമിയെ നോക്കി.

‘‘നേരും നെറിയും വിട്ട് കളിക്കരുതെന്ന് അച്ഛന്‍ പറഞ്ഞിട്ടില്ലേ... എനിക്കുറപ്പാ ഏട്ടാ, ഇത് നേരിന് വേണ്ടിയുള്ള കളിയാ...''


അതും പറഞ്ഞ് അലാമി സുന്ദര ഷെട്ടിയ്‌ക്കൊപ്പം വീണ്ടും മുദ്രാവാക്യം വിളിച്ചു. അനിയന്റെ ധൈര്യത്തിനൊപ്പം ഏട്ടനും കൂടി.

അലാമിയുടെ പത്താമത്തെ മുദ്രാവാക്യം വിളിയില്‍ വെടിവെപ്പുണ്ടായി. സുന്ദര ഷെട്ടിക്ക് വെടി കൊള്ളുന്നത് അലാമി കണ്ടു. അലര്‍ച്ചയോടെ സുന്ദര ഷെട്ടി മണ്ണില്‍ക്കിടന്ന് പിടച്ചു. നിലത്തുപടര്‍ന്ന ചോരയില്‍ അയാളുടെ മുഖം നിറഞ്ഞു.

ആളുകള്‍ കൊറഭട്ടയുടെ മണ്ണ് വിട്ടോടി. സുന്ദര ഷെട്ടിയ്‌ക്കൊപ്പമുണ്ടായിരുന്ന മഹാബല ഷെട്ടിക്കും ചെന്നപ്പ ഷെട്ടിക്കും ഭണ്ഡാര ഷെട്ടിക്കും വെടികൊണ്ടു. കുന്തവും വാളുമായി കൊറഭട്ടയുടെ ആളുകള്‍ നിരന്നിറങ്ങി. ചന്തന്റെ മെലിഞ്ഞ വയറില്‍ കൊറഭട്ടയുടെ കിങ്കരന്റെ കുന്തമിറങ്ങേണ്ടതായിരുന്നു. അലാമിയത് വലങ്കൈ കൊണ്ട് പിടിച്ചെടുത്ത് അയാളുടെ തുടയില്‍ ആഞ്ഞുകുത്തി. നിലവിളിയോടെ അയാള്‍ നിലത്ത് ചുരുണ്ടു. വിറങ്ങലിച്ചുനിന്ന ചന്തനെയും വലിച്ച് അലാമി ഇരുട്ടിലേക്കോടി.

ഇരുട്ട് മുറിയുംമുമ്പ് ഇരുവരും ചാപ്പയിലെത്തിയിരുന്നു.

ചിത്രീകരണം: കെ പി മുരളീധരൻചിത്രീകരണം: കെ പി മുരളീധരൻ

സുന്ദര ഷെട്ടിയും മഹാബല ഷെട്ടിയും ചെന്നപ്പ ഷെട്ടിയും കൊല്ലപ്പെട്ടെന്ന് പിറ്റേന്ന് അലാമിയും ചന്തനും മനസ്സിലാക്കി. കൊറഭട്ടയുടെ ആളുകള്‍ ഒന്നും അവസാനിപ്പിച്ചിട്ടില്ലെന്ന് തൊണ്ടയനക്കാന്‍ കഴിയാതെ കല്യാണിയെ കാണാന്‍ വന്ന പൊക്കനെന്ന ചെറുപ്പക്കാരന്‍ കാര്യം പറഞ്ഞു. കൊറഭട്ടയുടെ കിങ്കരന്റെ തുടയില്‍ രണ്ടാമത് കുത്തി തോട്ടയാക്കിയത് പൊക്കന്‍. അലാമിയെയും തന്നെയും അവര്‍ വട്ടം വെച്ചിട്ടുണ്ടെന്നും എപ്പോള്‍ വേണമെങ്കിലും അവര്‍ ഇവിടെ എത്തുമെന്നും തൊണ്ടയൊന്ന് അനങ്ങിത്തുടങ്ങിയപ്പോള്‍ അവന്‍ പറഞ്ഞു. അലാമിക്ക് അതുകേട്ട് പേടിയൊന്നും തോന്നിയില്ല.

അവന്റെ മുന്നില്‍ മരിച്ചുവീണവരായിരുന്നു അവന്റെ മനസ്സില്‍.

‘അവര്‍ നേരിനൊപ്പം നിന്നു. ആ നേരിനെയാണ് കൊന്നുകളഞ്ഞത്..!'

‘കൊറഭട്ടക്കാര്‍ വരുമ്പോള്‍ കാണാം..!'

മരിച്ചവരുടെ ഓര്‍മയില്‍ അലാമി ധൈര്യമുറപ്പിച്ചു.

കല്യാണി അവന്റെ ധൈര്യത്തെ എടുത്തുകളഞ്ഞു.

‘പൈവളിഗെയില്‍ പ്രശ്‌നം കെട്ടടങ്ങിയിരുന്നില്ല. കൊറഭട്ടയും കൂടെയുള്ളവരും സുരക്ഷിതസ്ഥലത്തേക്ക് മാറിയിരുന്നു. ദ്രോഹിച്ചവരെയൊന്നും വെറുതെ വിടരുതെന്ന് കൊറഭട്ട പോലീസുകാരോട് ചട്ടം കെട്ടിയിരുന്നു.'

അവള്‍ക്ക് അറിയാം.


‘ഈട നില്‍ക്കണ്ട ഇപ്പൊ.. നീ പോ... ഞാന്‍ സ്ഥലം പറയാം.'

അമ്മയുടെ ഉറപ്പുള്ള വാക്കുകള്‍, അത് പൊളിക്കാന്‍ കഴിയില്ല.

അലാമിക്ക് അറിയാം.

അങ്ങനെയാണ് പൊക്കനൊപ്പം അലാമി ഉജ്ജിറയിലെത്തുന്നത്.

എല്ലാം കേട്ടുകഴിഞ്ഞ് ഇബ്രാഹിം അലാമിയെ കെട്ടിപ്പിടിച്ചു.

ഇബ്രാഹിമിനും കുടുംബത്തിനുമൊപ്പം അലാമിയും പൊക്കനും ഒരു മാസത്തോളം താമസിച്ചു. അവരെ ആരും കാണാതിരിക്കാന്‍ ഇബ്രാഹിമും കുടുംബവും ഏറെ ശ്രദ്ധിച്ചു. ഇബ്രാഹിമിന്റെ മക്കള്‍ ചന്തന്റെയും അലാമിയുടെയും പ്രായക്കാരായിരുന്നു, എന്നാല്‍ സ്വഭാവം നേരെ എതിരും. പണിക്കൊന്നും പോകാതെ വെറുതെയിരിക്കുന്നതില്‍ അവര്‍ സുഖം കണ്ടെത്തി. എന്നാല്‍ അലാമിയോട് അവര്‍ അലോഹ്യമൊന്നും കാട്ടിയില്ല. അവന്റെ സംസാരത്തില്‍ നിന്ന് ചീരുമ്പയിലെത്താന്‍ അവര്‍ അതിയായി താല്‍പ്പര്യം പ്രകടിപ്പിച്ചു. രണ്ടാഴ്‌ചയ്‌ക്കുള്ളില്‍ ചീരുമ്പ കടപ്പുറത്ത് സംഭവിക്കാന്‍ പോകുന്ന കൂര്‍മ്പ ദേവിയുടെ ഉത്സവത്തിന് നമ്മള്‍ പോകുന്നുവെന്ന് അലാമി ഉറപ്പുകൊടുത്ത രാത്രിയില്‍ കടലിലൂടെ തോണിയില്‍ പോലീസുകാര്‍ ഇബ്രാഹിമിന്റെ ചാപ്പയ്‌ക്ക്‌ മുന്നിലെത്തി.

ചിത്രീകരണം: കെ പി മുരളീധരൻചിത്രീകരണം: കെ പി മുരളീധരൻ

അലാമിയെയും ദിവാകരനെയും മാത്രമല്ല ഇബ്രാഹിമിനെയും പോലീസുകാര്‍ കൊണ്ടുപോയി. ജയിലില്‍ എത്തുന്നത് വരെ പോലീസുകാര്‍ അവരെ തല്ലുകയും ചവിട്ടുകയും ചെയ്‌തു. അവരുടെ നിലവിളി പോലീസ് വണ്ടിയില്‍നിന്ന് പുറത്തേക്കുയര്‍ന്നു. വഴിയോരങ്ങളിലുള്ളവര്‍ പേടിയോടെയും സങ്കടത്തോടെയും ഒന്നും ചെയ്യാനാവാതെ വിലാപം കേട്ടുനിന്നു. ജയിലില്‍ അലാമിയെയും പൊക്കനെയും ഒരിടത്തും ഇബ്രാഹിമിനെ വേറൊരിടത്തും കിടത്തി.

അന്ന് രാത്രിയില്‍ വേദന സഹിക്കാനാവാതെ ഞരങ്ങിക്കൊണ്ടിരുന്ന അലാമിയ്‌ക്കും പൊക്കനുമടുത്തേക്ക് ഇരുട്ട് നിറഞ്ഞ മൂലയില്‍ നിന്ന് ഒരു തടവുകാരന്‍ വന്നു.

‘‘സാരൂല്ല... നമ്മളെ കാലം വരും...''

അയാള്‍ പറഞ്ഞ കാലം അലാമിക്ക് മനസ്സിലായില്ല. അവന്റെ ഞരക്കത്തിന്റെ ഒച്ച കൂടി. അയാള്‍ അലാമിയുടെ പുറത്തൊന്ന് തലോടി.

‘‘നമ്മള്‍ ഇവിടുന്ന് ചാടും... ഞാന്‍ ചാടിക്കും.’’

അയാള്‍ എഴുന്നേറ്റുനിന്ന് അഴികളില്‍ കൈവച്ച് നിലാവ് പടര്‍ന്ന ജയിൽവഴിയിലേക്ക് നോക്കി.

ആത്മവിശ്വാസം നിറഞ്ഞ അയാളുടെ പറച്ചില്‍ അലാമിയുടെ വേദനകളെ തെല്ലൊന്ന് ശമിപ്പിച്ചു.


കൈകള്‍ നിലത്ത് കുത്തി ചുമരിലേക്ക് ചാരിയിരിക്കാന്‍ അവന്‍ ശ്രമിച്ചു, അത് വിജയിച്ചു.

‘‘ആരാ നിങ്ങള്...''

അലാമി ചോദിച്ചു.

‘‘ഗോപാലന്‍...''

അതു പറയുമ്പോഴും അയാളുടെ നോട്ടം നിലാവെളിച്ചത്തിലായിരുന്നു.

പേര് മറന്നുപോകാതിരിക്കാനെന്നത് പോലെ അലാമി സ്വയം പറഞ്ഞു.

‘‘ഗോപാലന്‍...'' .(തുടരും)


കുറിപ്പ്‌

* പൈവളിഗെ സംഭവം-: കാര്‍ഷിക പരിഷ്‌കരണ നിയമം വന്ന 1958-ല്‍ കാലത്ത് പൈവളിഗെയില്‍ നടന്നത്. ഒരു കുടുംബത്തിന് കൈവശം വയ്‌ക്കാവുന്ന ഭൂമിയുടെ പരിധി നിശ്ചയിച്ച നിയമത്തില്‍ നിന്ന് ഒഴിവാകാന്‍ തെക്ക് മുതല്‍ വടക്ക് വരെയുള്ള ജന്മികള്‍ സ്വന്തം സ്ഥലം ബന്ധുക്കളുടെയും ഉറ്റവരുടെയും പേരിലേക്ക് കൈമാറ്റം ചെയ്യാന്‍ തുടങ്ങി. പൈവളിഗെയിലെ ജന്മിയായ കൊറഭട്ടയും ഇത് ചെയ്‌തു. അങ്ങനെ മണ്ണില്‍ പണിയെടുത്തവര്‍ക്ക് മണ്ണില്ലാതെയായി. മണ്ണില്‍ കുടില്‍ കെട്ടിയവരെ ഒഴിപ്പിക്കാന്‍ കൊറഭട്ട തുടങ്ങിയപ്പോള്‍ സുന്ദര ഷെട്ടി, മഹാബലഷെട്ടി, ചെന്നപ്പ ഷെട്ടി എന്നിവരുടെ നേതൃത്വത്തില്‍ സമരം ചെയ്‌തു. സമരക്കാര്‍ക്ക് നേരെ ജന്മിഗുണ്ടകളും നാടുവാഴികളും വെടിവച്ചു. സുന്ദര ഷെട്ടിയും മഹാബല ഷെട്ടിയും ചെന്നപ്പ ഷെട്ടിയും കൊല്ലപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home