നോവൽ ‐ 33
തെറം


പി വി ഷാജികുമാർ
Published on Jun 20, 2026, 12:58 PM | 5 min read
ഞാന്‍... നീ... കടല്‍
ജയിലിലെ ഏകാന്തനേരങ്ങളിലെല്ലാം കടലിന്റെ തിരയൊച്ച മുനീറിനെ തേടിയെത്തിയിരുന്നു. അടുത്തെങ്ങും കടലൊന്നുമുണ്ടായിരുന്നില്ല. എന്നിട്ടും സമുദ്രത്തിന്റെ മുദ്രയിളക്കം അവനിലേക്ക് വന്നു. അത് സ്‌നേഹത്തിന്റെയും സന്തോഷത്തിന്റെയും അലകളായിരുന്നു. കഴിഞ്ഞകാലങ്ങളില്‍ തന്റെ ജീവിതത്തില്‍ സ്‌നേഹവുമായി കടന്നുവന്ന മനുഷ്യരൊക്കെ അതോടെ അവന്റെ ഓര്‍മകളില്‍ വീണ്ടും തിരയടിച്ചു.
ചിത്രീകരണം: കെ പി മുരളീധരൻ
പതിനൊന്നാം വയസ്സിലായിരുന്നു അവനില്‍ ആദ്യമായി അനുരാഗത്തിന്റെ അനുസരണമില്ലായ്‌മ ഉണ്ടാവുന്നത്. ഉജ്ജിറയില്‍ നിന്ന് കുറച്ചപ്പുറത്തായുള്ള പള്ളിക്കരയിലെ രുഗ്മിണി എന്ന ഒമ്പതുവയസ്സുകാരിയായ പെണ്‍കുട്ടിയായിരുന്നു ആ കഥയിലെ കഥാപാത്രം. അവിടുത്തെ കുളിയന്‍ തറയില്‍ ഒരു പാതിരായ്‌ക്ക് തെയ്യം കാണാന്‍ പോയതായിരുന്നു മുനീര്‍. ചെമ്പകത്തിന് കീഴില്‍ ഉറങ്ങിപ്പോയ അവളെ കുളിയന്‍ തെയ്യം തോറ്റം ചൊല്ലിക്കൊണ്ട് വിളിച്ചു. ഞെട്ടിയുണര്‍ന്ന അവള്‍ നിര്‍ത്താതെ കരഞ്ഞു. കുളിയന്‍ അവളെയും കൊണ്ട് തോറ്റം നിര്‍ത്താതെ തറയ്‌ക്ക് ചുറ്റിലും നടന്നു. കരച്ചില്‍ നിര്‍ത്തുന്നതുവരെ കുളിയന്‍ അവളെയും കൊണ്ട് നടന്നു.
മുനീര്‍ നോക്കിയത് കുളിയനെയായിരുന്നില്ല, അവളെ ആയിരുന്നു. അതോടെ ദിവസത്തിലൊരു നേരമെങ്കിലും അവളെ കാണാന്‍ അവന് കൊതിയുണ്ടായി. ഉജ്ജിറയിലെ അവന്റെ ചാളയില്‍ നിന്ന് അവളുടെ ചാളയിലേക്ക് ദൂരമേറെയുണ്ടായിട്ടും അവന്‍ വൈകുന്നേരങ്ങളില്‍ നടന്നുപോയി. അവളോട് ഇഷ്ടം പറയാന്‍ അവന്‍ ആഗ്രഹിച്ചെങ്കിലും ഭയത്താല്‍ ഒന്നും പറയാന്‍ കഴിഞ്ഞില്ല. ദൂരെനിന്ന് ഒരുവന്‍ തന്നെ കാണാന്‍ വരുന്നത് അവള്‍ പതിയെ മനസ്സിലാക്കി. അത് പ്രേമത്താലുള്ള പ്രാന്താണെന്നും അവള്‍ തിരിച്ചറിഞ്ഞു.
അവന്റെ പ്രാന്ത് വൈകാതെ അവള്‍ക്കുമുണ്ടായി.
പരസ്‌പരം പറഞ്ഞില്ലെങ്കിലും അവര്‍ ഇഷ്ടത്താല്‍ കാണാന്‍ തുടങ്ങി.
കാണുമ്പോഴൊക്കെ അവന്‍ അവള്‍ക്ക് സമ്മാനങ്ങള്‍ നല്‍കുമായിരുന്നു.
ശംഖ്, പവിഴം, ചിപ്പികള്‍, മുത്തുമാല...
എല്ലാം കടല്‍ അവന് സമ്മാനിച്ചത്. പട്ടിണിയുടെ പരിവട്ടത്തിലായിരുന്നു അവനെങ്കിലും അനുരാഗം പ്രയാസങ്ങളെ അലിയിച്ചു.
പ്രേമം സങ്കടമോചനത്തിന്റെ ഒറ്റമൂലിയാണല്ലോ..!
അവരുടെ ദിവ്യപ്രേമത്തിന് അല്‍പ്പായുസ്സായിരുന്നു. മഴക്കാലത്ത് തുടങ്ങിയ പ്രേമം വസന്തകാലത്ത് അവസാനിച്ചു.
കടല്‍ക്കരയിലെ കാട്ടുചെടികളില്‍ പലനിറത്തിലുള്ള പൂക്കള്‍ പൂത്തുനിന്ന നേരം.
ബേക്കലത്തുനിന്ന് അച്ഛനും അമ്മാവനുമൊപ്പം ഇരുപത് വയസുള്ള തടിമാടന്‍ രുഗ്മിണിയെ പെണ്ണുകാണാന്‍ വന്നു.
അവള്‍ സമപ്രായക്കാര്‍ക്കൊപ്പം മണലില്‍ ഇരുന്ന് കൊത്തങ്കല്ല് കളിക്കുകയായിരുന്നു.
വേഗത്തില്‍ കൊത്തങ്കല്ല് കളിച്ച് അവള്‍ മുന്നേറുകയായിരുന്നു.
‘‘രുഗ്മണീ...''
അവളുടെ അച്ഛന്‍ വിളിച്ചു.
അവള്‍ക്ക് മിണ്ടാന്‍ കഴിയില്ലായിരുന്നു.
കൊത്തങ്കല്ല് കളിക്കവെ പറയേണ്ടത് അവള്‍ കല്ല് നോക്കി പറയുകയായിരുന്നു.
‘‘വെച്ചാടപ്പം
വാരിപ്പിടുത്തം
തപ്പ് താളം മേട്ടം...''
അവള്‍ വീണ്ടും മുന്നിലെത്തി.
‘‘മതി കളിച്ചത്... വാണേ ഇങ്ങോട്ട്...''
അച്ഛന്റെ ഒച്ച തിരകള്‍ പാറക്കല്ലില്‍ തട്ടിയതുപോലെ തെറിച്ചു.
കളി നിര്‍ത്തേണ്ടിവന്നതിന്റെ ദേഷ്യത്തിലും വിഷമത്തിലും പാവാടയിലെ പൂഴി തട്ടിക്കളഞ്ഞ് അവള്‍ അച്ഛനും കാണാന്‍ വന്നവര്‍ക്കും മുന്നില്‍ നിന്നു.
താമസം കളയാതെ മങ്ങലം കഴിഞ്ഞ് അവളെ കൊണ്ടുപോകുമ്പോള്‍ കൂട്ടുകാരികള്‍ കളിയായി ചെവിയിലോതി.
‘‘എന്തോന്ന് ചാന്തോന്ന്
ചാന്തെങ്കില്‍ മണക്കൂലേ
മണക്കുന്ന പൂവല്ലേ
പൂവെങ്കില്‍ കെട്ടൂലേ...''
അവള്‍ പോകുന്നതിലുള്ള വിഷമം കളയാന്‍ പാടിയതായിരുന്നു അവര്‍.
അത് കേട്ട് ചിരിക്കാന്‍ ശ്രമിച്ചെങ്കിലും അവള്‍ക്ക് ചിരി വന്നില്ല.
പുരുഷന് പിറകില്‍ കടല്‍ത്തീരത്തിലൂടെ നടക്കവെ അവള്‍ പാട്ടിന്റെ തുടർവരികള്‍ സ്വയം ചൊല്ലി.
‘‘കെട്ടുന്ന കയറല്ലേ
കയറെങ്കില്‍ ചുറ്റൂലേ
ചുറ്റുന്ന പാമ്പല്ലേ
പാമ്പെങ്കില്‍ കൊത്തൂലേ
കൊത്തുന്ന കോഴിയല്ലേ
കോഴിയെങ്കില്‍ കൊത്തൂലേ...''
അത് പറയുമ്പോഴൊക്കെ അവളുടെ കണ്ണുകള്‍ നിറയുകയും തൊണ്ടയിടറുകയുമുണ്ടായി.
രുഗ്മിണിയാണ് തന്റെ പെണ്ണെന്ന് ഉറപ്പിച്ചിരുന്നു മുനീര്‍. അവളെ വിളിച്ചിറക്കിക്കൊണ്ടുവരാനുള്ള പ്രായമോ സാഹചര്യമോ ഒന്നും അവനുണ്ടായിരുന്നില്ല. അവളുടെ മങ്ങലം തടയാന്‍ തനിക്കാവില്ലെന്ന് അവന് ഉറപ്പായിരുന്നു. അതുകൊണ്ട് തന്നെ നിസ്സഹായതയോടെ അവന്‍ എല്ലാം കണ്ടുനിന്നു. അവള്‍ പോയതോടെ വൈകുന്നേരങ്ങള്‍ അവന് ശൂന്യതയുടെ താഴ്‌വാരങ്ങളായി.
സ്‌നേഹത്താല്‍ മുറിവേറ്റപ്പെട്ടവര്‍ക്ക് എല്ലാത്തിനോടും വെറുപ്പ് തോന്നും. സ്വയം വെറുക്കും, ലോകത്തെ വെറുക്കും.
മുനീറും വെറുപ്പിന്റെ കടലില്‍ മുങ്ങിത്താഴ്‌ന്നു. അവന്‍ തെറ്റുകാരനായത് അങ്ങനെ സ്‌നേഹത്തില്‍ നിന്നായി.
ജയിലില്‍ കുത്തിയിരിക്കവെ അവന് അതെല്ലാം ഓര്‍മവന്നു.
റസിയ പകര്‍ന്ന സ്‌നേഹത്തിന്റെ സുരക്ഷിതത്വത്തിലാണ് അവന്‍ വീണ്ടും ലോകത്തെ സ്‌നേഹിച്ചുതുടങ്ങിയത്. മുഹമ്മദ് കൂടി വന്നതോടെ അത് ഇരട്ടിയായി.
ചിത്രീകരണം: കെ പി മുരളീധരൻ
പ്രകടിപ്പിച്ചില്ലെങ്കിലും മുഹമ്മദ് അടുത്തുള്ള നേരങ്ങളിലെല്ലാം വല്ലാത്തൊരു ആനന്ദം അവനിലുണ്ടായി.
മുനീറിന്റെ എല്ലാ കാര്യങ്ങളും മുഹമ്മദ് അറിഞ്ഞു.
മുഹമ്മദിന്റെ എല്ലാ കാര്യങ്ങളും മുനീര്‍ അറിഞ്ഞില്ല, അറിയിക്കാന്‍ മുഹമ്മദ് ആഗ്രഹിച്ചില്ല.
മുഹമ്മദ് വന്നതിന്റെ ആറാം ദിവസം അവരുടെ സെല്ലിലേക്ക് പൊതുശത്രു കടന്നുവന്നു. രാഘവ പൂജാരിയും ഉപേന്ദ്ര പൂജാരിയും ദുവന പൂജാരിയും. ഒട്ടും നീളമില്ലാത്ത മനുഷ്യരായിരുന്നു മൂവരും. കാലം മൂവരുടെയും ഉശിരും ബലവും നഷ്ടപ്പെടുത്തിയിരുന്നു, കാലത്തിന്റെ കണക്ക് പറയിപ്പിക്കലെന്നപോലെ.
കർണാടകയിലായിരുന്നിട്ടും ഇവരെ കണ്ണൂരിലേക്ക് കൊണ്ടുവന്നതിന്റെ കാരണം മുഹമ്മദിന് മനസ്സിലായില്ല. മാല് കടത്തില്‍ ചിരവൈരികളായിരുന്നെങ്കിലും മുഹമ്മദും പൂജാരിമാരും അത് ജയിലില്‍ കാണിച്ചില്ല. എപ്പോള്‍ വേണമെങ്കിലും അടി പൊട്ടുമെന്നും അങ്ങനെ ആരെങ്കിലും ഒടുങ്ങുമെന്നും പ്രതീക്ഷിച്ച പൊലീസിന് തെറ്റി. ഒരാളുടെ ഒടുക്കത്തില്‍ മറ്റുള്ളവര്‍ക്കും ഒടുക്കത്തിന്റെ തീര്‍പ്പാണ് ഉണ്ടാവുകയെന്ന് അവര്‍ക്കറിയാമായിരുന്നു. അതുകൊണ്ട് തന്നെ പ്രകോപനത്തിന്റെ മുഖം കറുപ്പിക്കല്‍ പോലും ഇല്ലാതിരിക്കാന്‍ അവര്‍ ശ്രദ്ധിച്ചു. എന്നാലും മുനീര്‍ ആരാണെന്ന് അനുചരന്മാരിലൂടെ മുഹമ്മദ് അവര്‍ക്ക് മനസ്സിലാക്കിക്കൊടുത്തു. അത് അവരെ കുറച്ചൊക്കെ ഭയപ്പെടുത്തി. എല്ലാം നഷ്ടമായവനാണ് മുനീറെന്ന് അവര്‍ വിചാരിച്ചു.
ഒന്നുമില്ലാത്തവന്റെ പകയും പ്രതികാരവും ഇരട്ടിയാവുമെന്ന് അവർക്കറിയാമായിരുന്നു. തങ്ങളേക്കാള്‍ ഇരട്ടി കായബലമുള്ള മുനീര്‍ എന്തെങ്കിലും ചെയ്‌തുകളയുമെന്ന് അവര്‍ പേടിച്ചു.
അവര്‍ക്കറിയില്ലല്ലോ, മുനീര്‍ സ്‌നേഹത്തിന്റെ ആഴക്കടലിലാണെന്ന്...
ഉപ്പയോട് ചെയ്‌തതിനോടുള്ള പ്രതികാരം സ്‌നേഹത്താല്‍ പിടിച്ചുനിര്‍ത്തുകയാണെന്ന്..!
ഒരാഴ്‌ചയ്‌ക്കുള്ളില്‍ മുനീറിനെ ജയിലില്‍നിന്ന് മോചിപ്പിച്ചുകൊണ്ടുള്ള ഉത്തരവ് വന്നു. മുനീര്‍ മാത്രമല്ല, മുഹമ്മദിന്റെ അനുചരന്മാര്‍ക്കും മോചനം കിട്ടി. മുഹമ്മദിലും പൂജാരിമാരിലും കോഫേപോസ ചുമത്തി. ഏറെക്കാലത്തേക്ക് അവര്‍ പുറംലോകം കാണില്ലെന്ന് മുനീറിന് മനസ്സിലായി. ജയിലില്‍ നിന്നുള്ള ഇറക്കം അവനില്‍ വലിയ സന്തോഷമുണ്ടാക്കിയില്ല. മുഹമ്മദിനെ കാണാന്‍ കഴിയില്ലെന്നുള്ളതായിരുന്നു അതിനുള്ള ഒരേയൊരു കാരണം. ജയിലില്‍ നിന്നിറങ്ങവെ അവന്‍ മുഹമ്മദിനെ ആലിംഗനം ചെയ്‌തു.
‘‘ഇടയ്‌ക്ക് കാണാന്‍ വരും...’’
അവന്‍ പറഞ്ഞു. മുഹമ്മദ് ഉത്തരം പറയാതെ മന്ദഹസിക്കുക മാത്രം ചെയ്‌തു.
മുനീര്‍ വാക്കുപാലിച്ചു.
ആഴ്‌ചകളില്‍ അവന്‍ മുഹമ്മദിനെ കാണാന്‍ വന്നു. മുഹമ്മദിന്റെ ഭാര്യ ആമിനയോടും മക്കളോടും അവന്‍ ലോഹ്യത്തിലായി.
മുഹമ്മദിന് ജാമ്യം കിട്ടാന്‍ വേണ്ടി ബന്ധുക്കള്‍ക്കൊപ്പം കീഴ്‌ക്കോടതിയിലും ഹൈക്കോടതിയിലും മുനീറും പോയി.
റസിയയോടുള്ള സ്‌നേഹം അവനില്‍ കൂടുകയാണുണ്ടായത്.
അവള്‍ വീണ്ടും ഗര്‍ഭിണിയായി.
എട്ടുമാസം കഴിഞ്ഞ് മുഹമ്മദിന് ജാമ്യം ലഭിച്ചു.
ജയിലില്‍ നിന്നിറങ്ങിയ മുഹമ്മദ് വേറൊരു മനുഷ്യനായി.
കരുണയാണ് ജീവിതം. അധികാരമോ സമ്പത്തോ ഒന്നുമല്ല ജീവിതം, അത് കരുണയാകുന്നു.
മുഹമ്മദിന് അത് മനസ്സിലായി. പാവങ്ങളെ സഹായിക്കുന്ന മനുഷ്യനായി അയാള്‍ മാറി. ദാരിദ്ര്യം കാരണം സ്‌കൂളില്‍ പോകാന്‍ കഴിയാത്ത കുട്ടികളെ സഹായിച്ചു.
മുനീറിനെയും അയാള്‍ സഹായിക്കാന്‍ ശ്രമിച്ചു. അവന്‍ അയാളില്‍ നിന്ന് ഒരു നയാപൈസ പോലും വാങ്ങിയില്ല. അത് സ്‌നേഹത്തിന്റെ പ്രതിഫലമായി മാറുമോ എന്നവന്‍ ഭയന്നു.
കാരുണ്യത്തിന്റെ വഴിയിലേക്കിറങ്ങിയതോടെ ഏകാന്തനേരങ്ങളിലേക്ക് മുഹമ്മദ് മുനീറിനെ കൂട്ടുവിളിച്ചില്ല. അവര്‍ മാത്രമായുള്ള സമാഗമങ്ങള്‍ ഇല്ലാതെയായി.
ജയിലില്‍ വച്ചുണ്ടായത് സ്വപ്‌നമാണോ?
അതോടെ അവന്‍ സംശയിച്ചു. അതില്‍ അവന്‍ തളര്‍ന്നില്ല. മുഹമ്മദ് പരിപാടിക്ക് പങ്കെടുക്കുന്ന ഫോട്ടോ പത്രത്തില്‍ കണ്ടാല്‍പോലും അവന്‍ സന്തോഷിക്കുമായിരുന്നു. സ്‌നേഹത്തിന് അതിരുകളും നിര്‍ബന്ധങ്ങളും പാടില്ലെന്ന് അവന്‍ മനസ്സിലാക്കിയിരുന്നു.
വര്‍ഷങ്ങള്‍ക്ക് പതിവില്ലാത്ത വിധത്തില്‍ വേഗത കൈവന്നു. പതിയെപ്പതിയെ അവന്‍ മുഹമ്മദിനെ കാണാന്‍ പോകുന്നത് കുറഞ്ഞു. അത് സ്‌നേഹക്കുറവ് കൊണ്ടായിരുന്നില്ല. ജീവിതം മുനീറിനെ കഷ്ടപ്പെടുത്താന്‍ തുടങ്ങിയിരുന്നു. രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ അവന്‍ വല്ലാതെ വിഷമിച്ചു. മുഹമ്മദിന്റെ അടുത്തുപോയാല്‍ അവന്റെ കഷ്ടപ്പാടിന് ശമനം ഉണ്ടാവുമായിരുന്നു. അവന്‍ പോയില്ല.
മുനീറിന്റെ കുട്ടികള്‍ വളര്‍ന്നു. അവന്‍ അയാളായി.
മുഹമ്മദിന്റെ കാരുണ്യപ്രവര്‍ത്തനങ്ങള്‍ വളര്‍ന്നു.
മുഹമ്മദ് മുസ്ലിംലീഗ് പാർടിയുടെ കാസർകോട് ജില്ലയിലെ നേതാക്കളില്‍ ഒരാളായി. അയാളുടെ ക്ഷണം സ്വീകരിച്ച് ദൂരെനിന്ന് പ്രമുഖര്‍ കാസർകോട്ടെത്തി. അതില്‍ ഗായകരുണ്ടായിരുന്നു, നടന്മാരും നടിമാരുമുണ്ടായിരുന്നു. എഴുത്തുകാരും പ്രഭാഷകരുമുണ്ടായിരുന്നു.
മുഹമ്മദിന്റെ പെരുമ നാട് വിട്ട് വളര്‍ന്നു.
കഷ്ടപ്പാടിന്റെ വറുതികള്‍ക്കിടയില്‍ വെപ്രാളപ്പെടുമ്പോഴും മുഹമ്മദിനെക്കുറിച്ചുള്ള നല്ല വാര്‍ത്തകള്‍ കേട്ട് മുനീര്‍ അതിയായി സന്തോഷിച്ചു.
ചിത്രീകരണം: കെ പി മുരളീധരൻ
തന്നെ ജയിലില്‍ കണ്ടതുകൊണ്ടായിരിക്കാം മുഹമ്മദ് നല്ല വഴിയിലേക്ക് മാറിയതെന്ന് അയാള്‍ വെറുതെ ആശ്വസിച്ചു.
മാർപാപ്പ മംഗലാപുരത്ത് സന്ദര്‍ശനത്തിന് എത്തിയ കാലമായിരുന്നു അത്. മാർപാപ്പയെ കാണാനെത്തിയ ഭൂമിയില്ലാത്ത മനുഷ്യര്‍ക്ക് പലയിടങ്ങളിലും മാർപാപ്പ സ്ഥലം കൊടുക്കാന്‍ ഏര്‍പ്പാട് ചെയ്‌തു. അതില്‍ ഉജ്ജിറയുമുണ്ടായിരുന്നു. അങ്ങനെ ഇരുപതോളം കുടുംബങ്ങള്‍ മുനീറിന്റെ അയല്‍ക്കാരായി.
രാത്രികളില്‍ കീര്‍ത്തനങ്ങള്‍ ഉയര്‍ന്നു.
ആ കാലത്ത് തന്നെയാണ് ഉള്‍ക്കടലില്‍ ഏതോ കപ്പല്‍ മറിഞ്ഞത്. അതിലുണ്ടായിരുന്ന ചരക്കുകള്‍ കടലെടുത്തു. കപ്പലിലെ വസ്‌തുക്കള്‍ തിരമാലകളുടെ പുറത്തുവച്ച് കടല്‍ പല തീരങ്ങളിലേക്കും ഉന്തിക്കൊണ്ടുവച്ചു. കുറച്ച് ഉജ്ജിറയിലുമെത്തി.
വർണനിറമാര്‍ന്ന ഉടുപ്പുകളും കണ്ണാടികളും മേശകളും അങ്ങനെയങ്ങനെ ഉജ്ജിറ തീരത്തെത്തി.
ഉജ്ജിറയിലെ ആളുകള്‍ അതിനായി പിടിവലി തുടങ്ങി.
ആളുകള്‍ രാവെന്നോ പകലെന്നോ നോക്കാതെ തീരത്ത് സാധനങ്ങള്‍ വരുന്നതും കാത്ത് നിലയുറപ്പിച്ചു.
പലരും പണിക്ക് ഇറങ്ങിയില്ല.
ആഴ്‌ചകളോളും കടലില്‍നിന്ന് സാധനങ്ങളെത്തി.
ആവശ്യമുള്ളതാണോയെന്നൊന്നും നോക്കാതെ കിട്ടിയതുമെടുത്ത് അവര്‍ ചാളകളിലേക്ക് മടങ്ങി.
രണ്ടാഴ്‌ച കഴിഞ്ഞപ്പോള്‍ കടലില്‍ നിന്നുള്ള വരവ് നിലച്ചു.
തിരകള്‍ മാത്രം ഉജ്ജിറക്കാരെ കാണാനെത്തി. എന്നിട്ടും ആശയോടെ ദിവസങ്ങളോളും പലരും കടപ്പുറത്ത് നിന്നു.
ഇനിയൊന്നും വരില്ലെന്ന് ഉറപ്പായപ്പോള്‍ അവര്‍ കൂരകളിലേക്കും പണിയിടങ്ങളിലേക്കും മടങ്ങിപ്പോയി.
മുനീറിനും കുടുംബത്തിനും ഒന്നും കിട്ടിയില്ല. മുനീറും റസിയയും കടല്‍ത്തീരത്ത് പോയില്ല. അവര്‍ അതിന് ആഗ്രഹിച്ചതുമില്ല. മക്കള്‍ ആഗ്രഹത്തോടെ തീരത്ത് നിന്നെങ്കിലും നിരാശയായിരുന്നു ഫലം.
കുറേനാള്‍ ആളുകളാല്‍ ചുറ്റപ്പെട്ട് കടലും തീരവും ഒന്ന് ഉഷാറായതായിരുന്നു. ആളുകളും വസ്‌തുക്കളും ഒഴിഞ്ഞതോടെ ഉജ്ജിറത്തീരം ഏകാന്തതയുടെ അപാരതീരമായി.
ചിത്രീകരണം: കെ പി മുരളീധരൻ
ഉറക്കം കിട്ടാത്തൊരു രാത്രിയില്‍ കടലും നോക്കി തീരത്തിരിക്കുകയായിരുന്നു മുനീര്‍.
കടല്‍ ശാന്തമായിരുന്നു. കുഞ്ഞുതിരകള്‍ മാത്രം ഒച്ചയുണ്ടാക്കാതെ കരയോട് മിണ്ടി. നിലാവില്‍ കടല്‍ നീലിച്ചുകിടന്നു.
അത്രയും ശാന്തമായൊരു കടല്‍ മുനീറിന്റെ കാഴ്‌ചയില്‍ ആദ്യമായിട്ടായിരുന്നു.
മുനീറിന്റെ മനസ്സും ശാന്തമായിരുന്നു.
എത്രയോ നേരം അയാള്‍ അവിടെത്തന്നെയിരുന്നു. കടലില്‍ നിന്ന് അയാള്‍ കണ്ണെടുത്തതേയില്ല.
പൊടുന്നനെ ദൂരെനിന്ന് ഒരാള്‍ നീന്തിവരുന്നതുപോലെ മുനീറിന് തോന്നി. അടുത്തെത്തുന്നത് വരെ മനുഷ്യനെന്ന് തന്നെയായിരുന്നു അയാള്‍ വിചാരിച്ചത്.
വളരെ പതിയെ ആയിരുന്നു വരവ്.
ഇരുന്നയിടത്തേക്ക് ചെറുതിരയുടെ ഓളത്തിന്റെ താളത്തിലെത്തിയപ്പോള്‍ തന്റെ തോന്നല്‍ തെറ്റായിരുന്നുവെന്ന് അയാള്‍ക്ക് മനസ്സിലായി.
അത് മനുഷ്യനായിരുന്നില്ല. ഒരു കുപ്പി ആയിരുന്നു.
കോര്‍ക്ക് കൊണ്ട് അടച്ച്, ചരട് കൊണ്ട് ആറ് വട്ടം ചുറ്റിക്കെട്ടിയ ഏറെ ഭംഗിയുള്ള അത്ഭുതം തോന്നിപ്പിക്കുന്ന തരത്തിലുള്ള കുപ്പി.
അത് കൗതുകത്തോടെ അയാള്‍ കയ്യിലെടുക്കുമ്പോള്‍ പ്രതീക്ഷിക്കാതെ ഒരു കാറ്റ് ഉയര്‍ന്നുവന്നു.
കാറ്റ് മുനീറിന് ചുറ്റിലും വട്ടം കറങ്ങി.
അയാള്‍ അതിന്റെ ചരട് അഴിക്കാന്‍ തുടങ്ങവെ കാറ്റിന്റെ കനം കൂടി.
കാറ്റ് സ്‌നേഹത്തോടെ അയാളുടെ കാതില്‍ മന്ത്രിച്ചു.
‘‘ഞാന്‍... നീ... കടല്‍... . (തുടരും)










0 comments