ad
Deshabhimani

നോവൽ

തെറം‐20

ചിത്രീകരണം: കെ പി മുരളീധരൻ
avatar
പി വി ഷാജികുമാർ

Published on Mar 21, 2026, 11:13 AM | 5 min read

തന്ത്രക്കാരി

അത്തറിന്റെ കട തുടങ്ങിയപ്പോള്‍ തന്നെ അതിന്റെ നിയന്ത്രണം തന്നില്‍ നിന്ന് നഷ്ടമാവാന്‍ താമസമുണ്ടാവില്ലെന്ന് ഇബ്രാഹിമിന് തോന്നിയിരുന്നു. അങ്ങനെ വിചാരിക്കാന്‍ അയാള്‍ക്ക് കാരണമൊന്നുമുണ്ടായിരുന്നില്ല. ഉൾവിളിയില്‍ നിന്ന് അനുഭവപ്പെട്ടത്. പല കാലങ്ങളിലും അങ്ങനെയുള്ള തോന്നലുകള്‍ ഇബ്രാഹിമിനെ തേടിയെത്തുമായിരുന്നു. അതൊക്കെ നടക്കുകയും ചെയ്യും. ഇവിടെയും അത് സത്യമായി.

ചിത്രീകരണം: കെ പി മുരളീധരൻചിത്രീകരണം: കെ പി മുരളീധരൻ

വന്നിരിക്കുന്നവര്‍ ആരാണെന്നോ എവിടെ നിന്നാണെന്നോ ഹിന്ദിയിലുള്ള സംസാരവും പ്രകടനവും കണ്ടപ്പോള്‍ അയാള്‍ക്ക് മനസ്സിലായില്ല. എതിര്‍ക്കാനോ പ്രതിരോധിക്കാനോ ആളും ബലവും ഇല്ലാത്തതിനാല്‍ അയാള്‍ക്ക് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. അയാള്‍ക്ക് ഹൃദയൈക്യമുണ്ടായിരുന്നത് അവിടുത്തെ സാധാരണക്കാരായ മനുഷ്യരുമായിരുന്നു. ജീവിതവുമായി മര്യാദയ്‌ക്കൊന്ന് ഇടിച്ചുനില്‍ക്കാന്‍ കഴിവില്ലാത്ത അവര്‍ക്ക് വന്ന മനുഷ്യരുമായി ഇടിച്ചുനില്‍ക്കാനുള്ള ധൈര്യമൊന്നുമില്ലെന്ന് അയാള്‍ക്ക് അറിയാമായിരുന്നു. ഇബ്രാഹിമിന്റെ കടയിലേക്ക് നരേന്ദ്ര പൂജാരിയും അനുയായികളും കയറുന്നതും വാങ്ങാന്‍ വന്നവരെ പറഞ്ഞയക്കുന്നതും ഇബ്രാഹിമിനോട് ആജ്ഞാപിക്കുന്നതും എതിര്‍ക്കാനാവാതെ അയാള്‍ തല കുനിച്ച് നില്‍ക്കുന്നതും അവര്‍ ദൂരെയല്ലാത്ത ഇടങ്ങളില്‍ നിന്ന് കാണുന്നുണ്ടായിരുന്നു. പച്ച പിടിച്ചുതുടങ്ങിയ പലരുടെയും ജീവിതമാർഗം കയ്യേറിയ വലിയ മനുഷ്യരെ മുമ്പും കണ്ട് ശീലമുള്ള അവര്‍ക്ക് ഇബ്രാഹിമിന് സംഭവിക്കുന്നതില്‍ അത്ഭുതമൊന്നും തോന്നിയില്ലെങ്കിലും കഠിനമായ സഹതാപമുണ്ടായി. ഇബ്രാഹിമിന്റെ നിഷ്‌കളങ്കമായ പെരുമാറ്റവും സഹാനുഭൂതിയും മറ്റാരില്‍ നിന്നും അവര്‍ അനുഭവിച്ചിരുന്നില്ല. അയാള്‍ കഷ്ടപ്പെട്ടുണ്ടാക്കിയത് അയാളില്‍നിന്ന് തട്ടിപ്പറിക്കുന്നത് കണ്ടപ്പോള്‍ തങ്ങളില്‍നിന്ന് തട്ടിയെടുക്കുന്നത് പോലെയുള്ള വേദന അവര്‍ അനുഭവിച്ചു. ചോദിക്കാന്‍ ധൈര്യമില്ലാതെ അവര്‍ അത്തറിന്റെ കടയും നോക്കിയിരുന്നു.


‘‘കട നിങ്ങളെടുത്തോ... പണിയെടുക്കാന്‍ എന്നെക്കൊണ്ട് പറ്റില്ല...''

വിവശതയോടെ ഹിന്ദിയില്‍ ഇബ്രാഹിം പറഞ്ഞു.

അതുകേട്ട് നരേന്ദ്ര പൂജാരി ഒന്ന് ചിരിച്ചു.

ചിരിക്കുമ്പോള്‍ അയാളുടെ കണ്‍പോളകള്‍ കണ്ണുകളെ മറച്ചുപിടിച്ചു, അഹങ്കാരം കൊണ്ട് കണ്ണ് കാണാത്തത് പോലെ.

‘‘കേട്ടില്ല..!''

നരേന്ദ്ര പൂജാരി ഇബ്രാഹിമനടുത്ത് വന്ന് താടിയില്‍ പിടിച്ചു. അയാളില്‍നിന്ന് മുഖം വലിച്ച് താഴേക്ക് നോക്കിക്കൊണ്ട് ഇബ്രാഹിം പറഞ്ഞത് ആവര്‍ത്തിച്ചു. തല്ലിത്തല്ലി തഴമ്പ് വന്ന നരേന്ദ്ര പൂജാരിയുടെ വലങ്കൈ ഇബ്രാഹിമിന്റെ ചെകിടത്ത് പതിച്ചു. അടിയുടെ ശക്തിയില്‍ ഇബ്രാഹിം കാല് വഴുതി നിലത്തേക്ക് വീണു. നിലത്ത് തൂവിയ അത്തറിന്റെ വെള്ളം അയാളുടെ പഴകിക്കിറിയ കുപ്പായത്തില്‍ ചുറ്റിപ്പിടിച്ച് വേദന മറക്കാന്‍ സുഗന്ധം പടര്‍ത്തി. അയാള്‍ സൗരഭ്യമുള്ള മനുഷ്യനായി.

ചിത്രീകരണം: കെ പി മുരളീധരൻചിത്രീകരണം: കെ പി മുരളീധരൻ

‘‘ഉണ്ടാക്കിയിട്ട് നമുക്ക് ശീലമില്ല ഇബ്രാഹിമേ... കൊടുത്തിട്ടേ ശീലമുള്ളൂ.''

നരേന്ദ്ര പൂജാരി കന്നഡ കലര്‍ന്ന മലയാളത്തില്‍ വാ തുറന്നു. അപ്പോള്‍ മാത്രമാണ് ആഗതര്‍ മലയാളികളാണെന്ന് ഇബ്രാഹിമിന് മനസ്സിലാവുന്നത്. അടി കൊണ്ടതിന്റെയും അടിച്ചവര്‍ മലയാളികളാണെന്ന് തിരിച്ചറിഞ്ഞതിന്റെയും ഇരട്ടത്തരിപ്പില്‍ ഒന്നും പറയാന്‍ കഴിയാതെ എഴുന്നേല്‍ക്കാന്‍ തോന്നാതെ ഇബ്രാഹിം കിടന്നു.

അയാളുടെ ഉടലും ഉയിരും വിറയ്‌ക്കുന്നുണ്ടായിരുന്നു.

‘‘ഇനിയും വാങ്ങാന്‍ നില്‍ക്കരുത്. നിന്റെ മയ്യത്തെടുക്കേണ്ടി വരും.''

നരേന്ദ്ര പൂജാരിയുടെ വാക്കുകള്‍ക്ക് കടുപ്പം കൂടി. കൂടെ വന്നവര്‍ ഇബ്രാഹിമിനെ തറയില്‍ നിന്ന് എഴുന്നേല്‍പ്പിച്ച് അയഞ്ഞുപോയ കുപ്പായത്തിന്റെ കോളര്‍ നേരെയാക്കി നേരെ നിര്‍ത്തി.


ഇബ്രാഹിം ആരെയും നോക്കിയില്ല, അയാള്‍ അത്തറ് ചില്ലുകുപ്പികളില്‍ വക്രീകരിച്ച് കാണുന്ന തന്റെ മുഖഭാഗങ്ങളിലേക്ക് നിസ്സാരനായി.

നരേന്ദ്ര പൂജാരി അത്തറ് കുപ്പികള്‍ ഒന്നൊന്നായി മണത്ത് നോക്കാന്‍ തുടങ്ങി.

‘‘പറഞ്ഞത് പോലെ... ചിലവിനുള്ളത് തരും, കേട്ടല്ലോ.''

അത്തറ് കുപ്പികളില്‍നിന്ന് ഇഷ്ടമുള്ള രണ്ടെണ്ണമെടുത്ത് നരേന്ദ്ര പൂജാരി ഇബ്രാഹിമിനെ നോക്കാതെ പുറത്തേക്കിറങ്ങി. അവിടെയിവിടെ ഉണ്ടായിരുന്ന ആളുകള്‍ നരേന്ദ്ര പൂജാരിയെയും അനുയായികളെയും കണ്ട് ആദരവോടെ എഴുന്നേറ്റ് നിന്നു. അവര്‍ കണ്ണില്‍നിന്ന് മറഞ്ഞതും ആളുകള്‍ ഇബ്രാഹിമിന്റെ അടുത്തെത്തി. നരേന്ദ്ര പൂജാരിയെ കുറ്റം പറഞ്ഞും ഇബ്രാഹിമിനെ ആശ്വസിപ്പിച്ചും അവര്‍ അവിടെത്തന്നെ ചുറ്റിപ്പറ്റി നിന്നു. അനുഭവിച്ച അപമാനങ്ങള്‍ മറന്ന് മറുപടി പറയാന്‍ ശ്രമിച്ച് ഇബ്രാഹിം മനസ്സിനെ പിടിച്ചുനിര്‍ത്താന്‍ ശ്രമിച്ചു. ചിലര്‍ ഇബ്രാഹിമിന്റെ സമാധാനത്തിനെന്നോണം അത്തറ് വാങ്ങുകയും ഇതൊന്നും നരേന്ദ്ര പൂജാരിയെ അറിയിക്കേണ്ടെന്ന് പറഞ്ഞ് ചില്ലറ തുക നല്‍കുകയുമുണ്ടായി. നന്ദി പറഞ്ഞുകൊണ്ട് അയാള്‍ അതൊക്കെ വാങ്ങി.


അവരുടെ വര്‍ത്തമാനത്തില്‍ നിന്നാണ് നരേന്ദ്ര പൂജാരിയെക്കുറിച്ചുള്ള മുഴുവന്‍ കാര്യങ്ങളും ഇബ്രാഹിമിന് മനസ്സിലായത്.

ബ്രിട്ടീഷുകാര്‍ നാട് വിട്ടിട്ടും മൂഢുബിദ്രെയില്‍ കല്‍ക്കരിനടത്തിപ്പിനുള്ള അവകാശം നരേന്ദ്ര പൂജാരിയില്‍നിന്ന് മാറിയില്ല. മുത്തച്ഛനും അച്ഛനും പകര്‍ന്ന അധികാരത്തിന്റെ പിടിവിടാതിരിക്കാനുള്ള അടവുകള്‍ അയാള്‍ക്ക് നല്ലോണം വശമുണ്ടായിരുന്നു. ഭരിക്കുന്നവര്‍ ബ്രിട്ടീഷുകാരായാലും ഇന്ത്യക്കാരായാലും അയാള്‍ പറയുന്നതിനൊപ്പം നിന്നു. കല്‍ക്കരി മാത്രമല്ല, ഇരുമ്പിന്റെയും വില്‍പ്പനാവകാശം അയാള്‍ക്ക് സ്വന്തമായി. അനിയന്‍ രാഘവ പൂജാരി അയാളുടെ വലങ്കൈയ്യായി.

‘തന്റെയടുത്ത് വന്നത് ഭീകരനായ ഒരു പെരുമ്പാമ്പാണ്, വിഴുങ്ങാന്‍ നേരമൊട്ടും വേണ്ട.'

ഇബ്രാഹിമിന് മനസ്സിലായി.

ചിത്രീകരണം: കെ പി മുരളീധരൻചിത്രീകരണം: കെ പി മുരളീധരൻ

അപ്പോഴേക്കും നഗരത്തെ ഇരുള്‍ വിഴുങ്ങിക്കഴിഞ്ഞിരുന്നു.

വീട്ടിലെത്താനുള്ള തിടുക്കത്തില്‍ സമാധാനമായിരിക്കാന്‍ ഇബ്രാഹിമിനോട് പറയുകയോ പുറത്ത് തട്ടുകയോ ചെയ്‌ത്‌ എല്ലാവരും കടയില്‍ നിന്നിറങ്ങിപ്പോയി.

പുറത്ത് മഴ പെയ്യാന്‍ തുടങ്ങി. മഴ മേല്‍ക്കൂരയില്‍ കല്ലെറിയുന്നതിന്റെ ഒച്ചയുണ്ടാക്കി. ഏകാന്തതയില്‍ അയാള്‍ മഴ പെയ്യുന്നതും നോക്കിക്കൊണ്ട് കുറച്ചുനേരം അങ്ങനെ നിന്നു. അനന്തരം താനുണ്ടാക്കിയ വ്യത്യസ്‌ത ഗന്ധങ്ങളിലുള്ള അത്തറ് കുപ്പികളൊന്നൊന്നായി ഇബ്രാഹിം എടുത്തുനോക്കി.

ഓരോന്നിനും ഉപയോഗിച്ച പൂക്കള്‍ അയാള്‍ മണത്തില്‍നിന്ന് ഓര്‍ത്തെടുത്തു. അതുണ്ടാക്കാന്‍ എടുത്ത പരിശ്രമം, മണം നഷ്ടമാവാതിരിക്കാന്‍ അതിലേക്ക് ചേര്‍ത്ത മിശ്രിതങ്ങള്‍, ഉണ്ടാക്കവെ അനുഭവിച്ച പ്രയാസങ്ങള്‍ ഒക്കെ അയാളുടെ മനസ്സില്‍ തെളിഞ്ഞു.


‘സ്വന്തം കഴിവ് വേറൊരാള്‍ക്ക് അടിയറവ് വയ്‌ക്കുന്നതിലും വലിയ അപമാനം വേറെന്താണ്, അതും യാതൊരു പ്രതിഫലവുമില്ലാതെ’...

മരണം വരെ പൂജാരിയുടെ കീഴില്‍ ഒരു അടിമയെപ്പോലെ കഴിയേണ്ടി വരുമല്ലോയെന്ന ചിന്ത പേടിക്കപ്പുറത്ത് ഇബ്രാഹിമിനെ കൂടുതല്‍ നിസ്സംഗനാക്കുകയാണുണ്ടായത്.

അത് എന്തോ തീരുമാനിച്ചുറപ്പിച്ചതില്‍ നിന്നുണ്ടായ നിസ്സംഗതയായിരുന്നു.

ജീവിതം കൈവിട്ടുപോയെന്നുറപ്പായതിലുള്ള നിസ്സംഗത.

ഒരേയൊരു ഉത്തരമേയുള്ളൂവെന്ന നിസ്സംഗത.

ആ ഉത്തരം മരണമല്ലാതെ മറ്റെന്താണ്..!

നിസ്സംഗതയെ സ്വയം അങ്ങനെ പിരിച്ചെഴുതിയപ്പോള്‍ അയാള്‍ക്ക് ചിരി വന്നു.

ആ ചിരിയില്‍നിന്ന് അയാള്‍ കടയുടെ മൂലയില്‍ കിടക്കുന്നുണ്ടായിരുന്ന കയറെടുത്തു.


അതിന്റെ ഒരറ്റത്ത് അയാള്‍ മരണത്തിന്റെ ഒരു കുരുക്കുണ്ടാക്കി.

മേല്‍ക്കൂരയിലെ പൊട്ടാത്ത കമ്പില്‍ അയാള്‍ കയറിനറ്റം കെട്ടിയിട്ട് കഴുത്തിലേക്ക് കുരുക്കിട്ടു.

ജീവിതത്തില്‍ നല്ലത് തന്നതിന് പരമകാരുണികന് അയാള്‍ നന്ദി പറഞ്ഞു.

മഴയില്‍ ആരും അങ്ങോട്ട് വരില്ലെന്ന് അയാള്‍ ഉറപ്പിച്ചതാണ്, മരണം ഉറപ്പിക്കാന്‍ ശൂന്യതയിലേക്ക് തൂങ്ങിയാടാന്‍ തുടങ്ങവെ മഴ നനഞ്ഞ് അവിടേക്ക് ഒരു സ്‌ത്രീ കുട്ടിയെയും ഒക്കത്തെടുത്ത് ഓടിവന്നു.

‘‘ഇതെന്താ ഇക്ക..!''

കരഞ്ഞുവിളിച്ചുകൊണ്ട് കുട്ടിയെ നിലത്തിരുത്തി അവള്‍ അയാളുടെ കാലില്‍ പിടിച്ചു.

അവള്‍ കരയുന്നത് കണ്ട് കുട്ടിയും കരച്ചില്‍ തുടങ്ങി.

അവളെ തട്ടിമാറ്റാന്‍ ഇബ്രാഹിം ശ്രമിച്ചതാണ്.

അവള്‍ അയാളേക്കാള്‍ ബലമുള്ളവള്‍, സ്വന്തം ഏട്ടനോട് എന്ന പോലെയുള്ള അവളുടെ സ്‌നേഹവും ആത്മാർഥതയും ആ ബലം ഇരട്ടിയാക്കി.

മരണക്കുടുക്കില്‍ നിന്ന് ആയാസമധികമില്ലാതെ അവള്‍ ഊരിയെടുത്ത് അയാളെ നിലത്ത് കിടത്തി.

നിസ്സംഗത അയാളില്‍നിന്ന് മാഞ്ഞുപോയി.

ചിത്രീകരണം: കെ പി മുരളീധരൻചിത്രീകരണം: കെ പി മുരളീധരൻ

ഒരു കൊച്ചുകുഞ്ഞിനെയെന്ന പോലെ അയാള്‍ അലറിക്കരഞ്ഞു.

‘‘ഇക്കാ... ഒന്നുമില്ല...''

അതും പറഞ്ഞ് ആശ്വസിപ്പിക്കാന്‍ അവള്‍ തലക്കുത്തിലിരുന്ന് അയാളെ ചേര്‍ത്തുപിടിച്ചു.

കുട്ടിയും അയാള്‍ക്കടുത്ത് വന്നു. കുട്ടി അയാളുടെ നീണ്ട മീശയില്‍ പിടിച്ച് വിളിച്ചുപറഞ്ഞു:

‘‘കരയല്ല മാമാ... എണീച്ച്, എണീച്ച്... ബാ കളിക്കാമ്പോവാ...''

കുട്ടി പറഞ്ഞുകൊണ്ടിരുന്നു. ഇബ്രാഹിമിന്റെ കരച്ചിലൊടുങ്ങുന്നതുവരെ അവള്‍ കുട്ടിയെയും അടുത്തിരുത്തി അങ്ങനെയിരുന്നു.

അവള്‍ മുംതാസ്, മംഗലാപുരത്തുനിന്ന് ബോംബയിലേക്ക് കല്യാണം കഴിച്ചെത്തിയവള്‍.


മുംതാസിന്റെ കെട്ടിയവന്‍ മജീദ് ഒരു ഫാക്ടറിയില്‍ തൂപ്പുകാരന്‍. അവര്‍ക്ക് മൂന്ന് വയസ്സുകാരി മകള്‍ റസിയ.

ഇബ്രാഹിം താമസിക്കുന്നത് അവരുടെ ചാളയ്‌ക്കടുത്ത്.

റസിയ ഇബ്രാഹിമിന്റെ ജീവന്‍.

ചാളയിലെത്തുന്ന നേരങ്ങളില്‍ അയാളില്‍ വാത്സല്യത്തിന്റെ നറുവെളിച്ചം പകരുന്നവള്‍.

ഇബ്രാഹിമിന്റെ അത്തറ് കടയില്‍ നരേന്ദ്ര പൂജാരി കയറിനിരങ്ങിയത് മുംതാസിന്റെ ചെവിയിലെത്തിയിരുന്നു. കടയിലെത്താന്‍ അപ്പോള്‍തന്നെ അവള്‍ വിചാരിച്ചതാണ്. മജീദിനെയും കൂട്ടിപ്പോയാല്‍ നല്ലതാണെന്ന് അവള്‍ക്ക് തോന്നി, പട്ടിപ്പണിയുടെ കഷ്ടപ്പാടില്‍ മജീദ് ഇറങ്ങാന്‍ വൈകിയപ്പോള്‍ ഇബ്രാഹിം അപായത്തിലാണെന്ന ഭയം മുംതാസിന്റെ മനസ്സില്‍ കുടുങ്ങി. വൈകുന്തോറും അപകടം സംഭവിക്കുമെന്ന് മനസ്സ് വിറച്ചതോടെയാണ്‌ മഴയത്ത് റസിയയെയും കൂട്ടി അവള്‍ ചാളയില്‍നിന്ന് ഇറങ്ങിയോടിയത്.

കരച്ചില്‍ തീര്‍ന്ന് ഇബ്രാഹിം ഒന്ന് തണുത്തപ്പോള്‍ മഴയും തീര്‍ന്നിരുന്നു. മഴയുണ്ടാക്കിയ തണുപ്പ് അത്തര്‍ കടയിലും പുറത്തും പടര്‍ന്നു.

ഇബ്രാഹിം ശാന്തതയോടെ റസിയയെ നോക്കിക്കിടന്നു. റസിയ അപ്പോഴേക്കും അയാളുടെ കട്ടിമീശ കൊണ്ട് ചെറിയൊരു പക്ഷിക്കൂട് ഉണ്ടാക്കിയിരുന്നു. അതില്‍ കുഞ്ഞുകടലാസ് കഷ്‌ണങ്ങളൊന്നായി വച്ച് അവള്‍ പക്ഷികള്‍ക്ക് പേരിട്ടുവിളിച്ചു.


‘‘നീ തത്ത... നീയാന്ന് കാക്ക... നീ മൈന..!''

ഇരുവരും റസിയ കളിക്കുന്നത് നോക്കി. പക്ഷിക്കളി അവള്‍ക്ക് മടുത്തപ്പോള്‍ അയാള്‍ കിടന്നയിടത്തുനിന്ന് എഴുന്നേറ്റു.

‘‘മരണം ഒരു ഉത്തരവും അല്ല ഇക്കാ... മരിച്ചാല്‍ നമ്മള് അവിടെ തീര്‍ന്നില്ലേ... ജീവിച്ച് കാണിക്കയാണ് വേണ്ടത്...''

മുംതാസ് റസിയയെ തലോടിക്കൊണ്ട് പറഞ്ഞു.

‘‘ആ നായ പറയുന്നത് പോലെ ജീവിക്കേണ്ടി വരുമോയെന്നായിരിക്കും നിങ്ങളെ പേടി. നിങ്ങളെ കഴിവ് അവന്‍ കൊണ്ടുപോവുന്നതായിരിക്കും നിങ്ങളെ വിഷമം..!''

ചിത്രീകരണം: കെ പി മുരളീധരൻ

ഇബ്രാഹിമിന്റെ മനസ്സറിഞ്ഞതുപോലെ മുംതാസ് പറഞ്ഞു.

‘‘നിങ്ങളവിടെ നില്‍ക്ക്. ഇപ്പം നമുക്കൊന്നും ചെയ്യാന്‍ കഴിയൂലായിരിക്കും. ഒരു ദെവസം വരും... ഇബ്‌ലീസ് ചാവുകയും ദയാലുവായ ദൈവം ജയിക്കുകയും ചെയ്യുന്ന ദെവസം. ആ സമയം നിങ്ങള്‍ക്ക്ണ്ടാവും, കാരണം നിങ്ങളെ ഉള്ളില് ദൈവമുണ്ട്... അവനില്‍ അതില്ല...''

മുംതാസിന്റെ വാക്കുകളില്‍ ആത്മവിശ്വാസത്തിന്റെ മന്ത്രമുണ്ടായിരുന്നു.

ആ മന്ത്രം ഇബ്രാഹിമിനെ ഉയിര്‍ത്തെഴുന്നേല്‍പ്പിച്ചു.

മുംതാസ് പറഞ്ഞതുപോലെ ഇബ്രാഹിം കാത്തിരുന്നു.


നരേന്ദ്ര പൂജാരിക്ക് ലാഭമുണ്ടാക്കിക്കൊടുക്കുമ്പോഴൊക്കെ അയാള്‍ അവള്‍ പറഞ്ഞത് മനസ്സില്‍ ആവര്‍ത്തിച്ചു: ‘‘പ്രതികാരത്തിന്റെ ദെവസം വരും...''

ഒരാള്‍ മനസ്സില്‍ ഒന്ന് തന്നെ പറഞ്ഞുകൊണ്ടിരുന്നാല്‍ അത് സംഭവിക്കും.

നീതിയുള്ളവനാണെങ്കില്‍ ഫലം കിട്ടാന്‍ നേരമേറെ വേണ്ട.

ഒട്ടും വൈകാതെ ഇബ്രാഹിമിന് ഉത്തരം കിട്ടി, ചാവുമണമുള്ള ഉത്തരം..! .(തുടരും)



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home