ad
Deshabhimani

നോവൽ

തെറം ‐19

ചിത്രീകരണം: കെ പി മുരളീധരൻ
avatar
പി വി ഷാജികുമാർ

Published on Mar 14, 2026, 11:23 AM | 7 min read

മരണസൗരഭ്യം

‘നെറികേടില്‍ ഒരു കേടും തോന്നാതിരിക്കുകയും കുറ്റം ചെയ്യുന്നതില്‍ കുറ്റബോധം ഇല്ലാതിരിക്കുകയും സ്വന്തം കാര്യം നേടുന്നതില്‍ എന്തും ചെയ്യാന്‍ മടികാണിക്കാതിരിക്കുകയും ചെയ്യുക. അങ്ങനെയാണെങ്കില്‍ ആ മനുഷ്യന് ജീവിതത്തില്‍ ഒരു കുഴപ്പവും സംഭവിക്കില്ല. മറ്റുള്ളവരെ ചവിട്ടിമെതിച്ചുകൊണ്ട് അയാള്‍ ആനന്ദത്തോടെ മുന്നോട്ടുപോകും. അധികം കുഴപ്പമില്ലാതെ ജീവിതത്തില്‍ നിന്ന് വിടവാങ്ങുകയും ചെയ്യും.'

പിതാമഹന്‍ നരേന്ദ്ര പൂജാരിയെക്കുറിച്ച് പിന്‍ഗാമികളില്‍ നിന്ന് കേട്ട കഥകളില്‍നിന്ന് നരേന്ദ്ര പൂജാരി മനസ്സിലാക്കിയത് ഇതായിരുന്നു. അത് അയാള്‍ ജീവിതത്തിന്റെ കൊടിയടയാളമാക്കി. അതിലൂടെ അയാള്‍ വഴിയുണ്ടാക്കി.

കര്‍ണാടകയിലെ മൂഢബിദ്രെയില്‍ നിന്ന് ബോംബെയിലെ ദിവാന്റെ ഉത്തരവില്‍ വയനാട്ടിലെ മരിയോടിലെത്തിയപ്പോഴാണ് നരേന്ദ്ര പൂജാരിക്ക് ജീവിതത്തിന് ഉത്തരം കിട്ടിയതെന്ന് പേരമകന്‍ കഥകളില്‍ നിന്ന് അറിഞ്ഞിരുന്നു.

ചിത്രീകരണം: കെ പി മുരളീധരൻചിത്രീകരണം: കെ പി മുരളീധരൻ

സ്വർണഖനി നടത്തുന്ന സ്മിത്ത് മൂറിന്റെ പങ്കാളി ലിസ്സി സ്മിത്തിന്റെ ചേര്‍ച്ചക്കാരിയായതോടെ പൂജാരിയുടെ നല്ല കാലവും താമസിയാതെ തുടങ്ങിയത്, അയാള്‍ ഖനിയിലെ പണിക്കാരെ പട്ടിക്ക് സമാനമായി പരിഗണിച്ചത്, സായിപ്പന്മാര്‍ക്കായി വേശ്യാലയം തുടങ്ങിയത്, ആജ്ഞക്കാരിയായ ലിസ്സിയുടെ ആജ്ഞക്കാരനായത്...

നരേന്ദ്ര പൂജാരി കുട്ടിക്കാലത്ത് കേട്ട കഥകള്‍.

സ്വർണഖനിയില്‍ നിന്ന് ആഗ്രഹിച്ച ലാഭമൊന്നും സ്വർണമായി കുഴിച്ചെടുക്കാന്‍ കഴിയാതായതോടെ കാലിനടിയിലെ മണ്ണൊലിച്ച് പോകുന്നത് സ്മിത്ത് മൂര്‍ പേടിയോടെ അറിഞ്ഞു.

വിട്ടുകൊടുക്കാന്‍ അയാള്‍ തയ്യാറായില്ല.


കാല്‍പ്പനികര്‍ക്ക് കല്‍പ്പനയാണല്ലോ കൂടുതല്‍ ഉണ്ടാവുക. മരിയോടിലെ ഖനിയില്‍നിന്ന് കണ്ണ് മഞ്ഞളിക്കുന്നതുവരെ മഞ്ഞലോഹം ഉയര്‍ന്നുവരുമെന്ന് അയാള്‍ സ്വയം കല്‍പ്പിച്ചു. ഖനി വരുത്തിവച്ച കടം വീട്ടാന്‍ അയാള്‍ ലണ്ടനിലെ പണക്കാരില്‍ നിന്ന് പലിശയ്‌ക്ക്‌ പണം കടം വാങ്ങി, ഖനിയില്‍ നിക്ഷേപിച്ചു. പലിശപ്പണം നൊടിയടയ്‌ക്കുള്ളില്‍ ആവിയായതല്ലാതെ ഒരു നേട്ടവും ഉണ്ടായില്ല. അപ്പോഴേക്കും മരിയോടിലെ സ്വർണം കിട്ടുന്ന ഇടങ്ങളില്‍ ഇംഗ്ലീഷുകാരായ രണ്ട് ധനികര്‍ സ്വർണഖനനം തുടങ്ങിയിരുന്നു.


ഇംഗ്ലീഷുകാരില്‍നിന്ന് സ്മിത്തിന് ഗുണവും വിലയും കിട്ടാതായിത്തുടങ്ങിയിട്ട് കൊല്ലങ്ങളായിക്കഴിഞ്ഞിരുന്നു. ഒന്നിനും കൊള്ളാത്ത പിടിപ്പുകെട്ടവന്‍ എന്ന് അയാളെക്കുറിച്ച് രഹസ്യമായും പരസ്യമായും അവര്‍ പറഞ്ഞുനടന്നു. അവര്‍ പറഞ്ഞതില്‍ പാതിയും അയാളുടെ ചെവിയിലെത്തിയിരുന്നു. ഒന്നിനും അയാള്‍ ഉത്തരം പറയാന്‍ പോയില്ല. അതില്‍ വലിയ കാര്യമൊന്നും അയാള്‍ക്ക് തോന്നിയതുമില്ല. കേട്ടതെല്ലാം സങ്കടമായി അയാളുടെ ഉള്ളില്‍ ഖനീഭവിച്ച് കിടന്നു. പ്രിയതമയും അതിനകം അയാളില്‍നിന്ന് പൂർണമായും അകന്നുകഴിഞ്ഞിരുന്നു. ആദ്യമൊക്കെ വലിയ ആവേശത്തില്‍ ഖനി നോക്കിനടത്തിയിരുന്ന അവള്‍ക്ക് പതിയെപ്പതിയെ സ്വർണഫലത്തിലുള്ള തീര്‍ച്ചയില്ലായ്‌മ ബോധ്യമായിത്തുടങ്ങി. ഖനിയില്‍നിന്ന് കൂടുതല്‍ കനപ്പെട്ടതൊന്നും ഉണ്ടാക്കാന്‍ കഴിയില്ലെന്ന് ഉറപ്പായതോടെ ലിസ്സി അത് പൂർണമായും സ്മിത്തിനെ ഏല്‍പ്പിച്ചു. പരാജയങ്ങള്‍ അനുഭവിക്കാന്‍ ലിസ്സി ഇഷ്ടപ്പെട്ടില്ല. അവള്‍ വയനാട്ടിലെ ലാഭങ്ങള്‍ തേടിപ്പോയി. അവള്‍ക്കൊപ്പം നരേന്ദ്ര പൂജാരി ഊണിലും ഉറക്കത്തിലുമെന്നത് പോലെ കൂടെ നിന്നു. അവള്‍ പൂർണമായും സ്മിത്തിനെ അവഗണിക്കാന്‍ തുടങ്ങി. ഒരേ വീട്ടിലായിരുന്നു താമസമെങ്കിലും സംസാരിക്കുന്നതുപോലും അപൂർവമായി. ഒന്നിച്ചുറങ്ങിയിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞിരുന്നു. ജീവിതത്തില്‍ ഒരു ലഹരിയും ഉപയോഗിക്കാത്ത മനുഷ്യനായിരുന്ന സ്മിത്ത്. ലിസ്സി അതിന് നേർവിപരീതമായിരുന്നു. ലഹരിയുടെ ഹരമില്ലാതെ രാവുകള്‍ അവസാനിപ്പിക്കുന്നത് അവള്‍ക്ക് ചിന്തിക്കാന്‍ പോലും കഴിയില്ലായിരുന്നു. സ്മിത്ത് സ്വജീവിതത്തെ പഴിച്ച് ഉറക്കമില്ലാതെ കാട്ടുമരങ്ങളില്‍ പുതിപ്പിട്ട ഇരുളും നോക്കിക്കിടക്കുമ്പോള്‍ ബ്യൂഗിളും വിളിച്ച് ലിസ്സി ഉന്മത്തതയോടെ രാവിനെ പുലരിയാക്കും. ചില രാത്രികളില്‍ നരേന്ദ്ര പൂജാരി അവള്‍ക്ക് കൂട്ടുവരും. അയാളുണ്ടാവുന്ന രാത്രികളില്‍ ബ്യൂഗിള്‍ വിളിയുടെ താളം തെറ്റും. സുഖത്തില്‍ നിന്നുണ്ടാവുന്ന ലിസ്സിയുടെ കരച്ചില്‍ നിശാനിശ്ശബ്ദതയില്‍ പക്ഷികളുടെ കുറുകല്‍ പോലെ ഉയരും. സ്മിത്ത് എല്ലാം അറിയുന്നുണ്ടായിരുന്നു. അയാള്‍ ഒന്നിനും നിന്നില്ല, ചോദിക്കാനോ കലഹിക്കാനോ ഒന്നിനും.

ചിത്രീകരണം: കെ പി മുരളീധരൻചിത്രീകരണം: കെ പി മുരളീധരൻ

ജീവിതത്തിന്റെ വെളിച്ചം തരുന്ന എല്ലാ വഴികളും കെട്ടുപോയതായി സ്മിത്ത് അറിഞ്ഞുതുടങ്ങിയിരുന്നു. കാല്‍പ്പനികതയുടെ കല്‍പ്പനയില്‍ ലണ്ടനില്‍നിന്ന് കടം വാങ്ങിയവര്‍ കപ്പല്‍ കയറിവരുന്നതും പട്ടിയെപ്പോലെ തന്നെ തല്ലിക്കൊല്ലുന്നതും ബ്രിട്ടീഷുകാരും നാട്ടുകാരും അതും കണ്ട് ചിരിക്കുന്നതും അയാളുടെ മനസ്സില്‍ കൊണ്ടു.

കല്‍പ്പനയില്‍ ഒരു രാത്രിയില്‍ അയാള്‍ രണ്ടും കല്‍പ്പിച്ച്‌ ബ്യൂഗിള്‍ ഒച്ച മുടക്കിയ തല പൊന്താതെ കുത്തിയിരിക്കുന്ന ലിസ്സിക്കടുത്ത് ഇരുളില്‍നിന്ന് സ്മിത്ത് വന്നു.

‘‘ഇന്ന് എന്റെയൊപ്പം ഉറങ്ങാമോ... എത്ര കാലമായി നമ്മളൊന്നിച്ചുറങ്ങിയിട്ട്...!''

ദൈന്യതയുടെ വരണ്ട ഒച്ചയില്‍ അയാള്‍ അവളോട് അപേക്ഷിച്ചു. അപ്പോള്‍ അയാളുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു. അത്രയും പതര്‍ച്ചയില്‍ അയാള്‍ സംസാരിക്കുന്നത് അവള്‍ ആദ്യമായി കേള്‍ക്കുകയായിരുന്നു.

അതുകണ്ട് അവള്‍ക്ക് വല്ലായ്‌മയൊന്നും തോന്നിയില്ല. പുച്ഛം അതിന്റെ ഉച്ചസ്ഥായിയില്‍ അവളില്‍ ഉണര്‍ന്നു.

‘‘പറ്റില്ല...''


വേരുകള്‍ കൈകള്‍ പോലെ പൊന്തിക്കിടന്നൊരു കാട്ടുമരത്തിലേക്ക് വയറ്റില്‍ കയ്യമര്‍ത്തിക്കൊണ്ട് തലമൂത്ത ലഹരി ഛർദിച്ചുകളഞ്ഞ് ലിസ്സി പറഞ്ഞു.

‘‘കാല് പിടിക്കാം... ഒന്ന് വാ...''

അയാള്‍ വീണ്ടും വിതുമ്പി.

‘‘സാധ്യമല്ല...''

അവള്‍ തീരുമാനത്തിന് അടിവരയിട്ടു.

അയാള്‍ നിശ്ശബ്ദനായി.

അവളുടെ ആട്ടവും തലയില്‍ നിന്ന്‌ കെട്ടിറക്കാനുള്ള തല കുലുക്കലും അയാള്‍ നോക്കിനിന്നു.

ഇരുട്ട് മുറിയിലേക്ക് അയാളെ പിൻവിളിച്ചു. അയാള്‍ അനങ്ങിയില്ല.

‘‘എന്താ... പോകുന്നില്ലേ..!''


തലയൊന്ന് നേരെ നിര്‍ത്തി ലിസ്സി പുച്ഛം ആവര്‍ത്തിച്ചു. നേര്‍ത്തൊരു ചിരി കണ്ണിലെഴുതി വച്ച് അയാള്‍ അവള്‍ക്കരികിലേക്ക് വന്നു. ദേഷ്യത്തോടെ തെറി വിളിക്കാനൊരുങ്ങിയ അവളെ അയാള്‍ തന്റെ കൈത്തണ്ടയിലേക്കെടുത്ത് അകത്തേക്ക് വേഗത്തില്‍ നടന്നു. കുതറിമാറാനുള്ള അവളുടെ ശ്രമങ്ങളെല്ലാം കൊടുങ്കാറ്റില്‍ പെട്ട കുഞ്ഞുചെടി പോലെ പാറിപ്പോയി.

ഉരുക്കുമനുഷ്യന്റെ കരുത്തോടെ അയാള്‍ അവളെ കട്ടിലിലേക്ക് വലിച്ചിട്ടു. ഒന്നിച്ച് ജീവിച്ചതിനുശേഷം ആദ്യമെന്നതുപോലെ അയാള്‍ അവളിലേക്ക് പടര്‍ന്നു. അവളുടെ വസ്‌ത്രങ്ങള്‍ അയാള്‍ വലിച്ചുകീറി. കാട്ടുമൃഗമെന്ന പോലെ അയാള്‍ അമറി. അവളുടെ കഴുത്തിലും തോളിലും മാറിടങ്ങളിലും അയാള്‍ പല്ലുകളാഴ്‌ത്തി. അവളുടെ വെളുത്ത ഉടലില്‍ ചോര സ്‌നേഹത്തിന്റെ അക്ഷരങ്ങള്‍ എഴുതി. വേദന സഹിക്കാന്‍ കഴിയാതെ അവള്‍ പിടയേണ്ടതാണ്, ഉള്‍ക്കാടിന്റെ കൊടുംശൈത്യം പോലെയുള്ള ആനന്ദം അവളുടെ വേദനകളെ മായ്ച്ചുകളഞ്ഞു. അവളുടെ കണ്ണുകള്‍ അറിയാതെ അടഞ്ഞു. നരേന്ദ്ര പൂജാരിയുമായി സംഗമിക്കുമ്പോഴുള്ള ഒച്ചയല്ല, സൗമ്യവും ഗാഢമാര്‍ന്നതുമായ ഇളംസ്വരം അവളില്‍ നിന്നുണ്ടായി.

ചിത്രീകരണം: കെ പി മുരളീധരൻചിത്രീകരണം: കെ പി മുരളീധരൻ

ലിസ്സിയിലേക്ക് പൂർണമായും അലിയവെ നിറകണ്ണുകളോടെ സ്മിത്ത് പുലമ്പി.

‘‘There is a pleasure in the pathless woods,

There is a rapture on the lonely shore,

There is society, where none intrudes,

By the deep Sea, and music in its roar:

I love not Man the less, but Nature more...''*

രതിക്ക് ശേഷമുള്ള നിദ്ര ആഴമാര്‍ന്നത്, ഇരുകരകള്‍ ഒന്നായതിന്റെ തളര്‍ച്ചയും ആനന്ദവും കണ്ണുകള്‍ തുറക്കാന്‍ സമ്മതം തരില്ല. തിരയടങ്ങിയ കടല്‍ പോലെ, ഒച്ചയില്ലാത്ത കാട് പോലെ ശാന്തമാവും ഉടലും ഉയിരും. വെള്ളത്തിലിട്ടാല്‍ പോലും അറിയാത്തപോലുള്ള ഉറക്കം അത് സമ്മാനിക്കുന്നു. കാലങ്ങള്‍ക്ക് ശേഷം ലിസ്സി അതനുഭവിച്ചു. വെയില്‍ കാട്ടുമരങ്ങളുടെ ഇലകള്‍ക്കിടയിലൂടെ വന്ന് കണ്ണിലടിച്ചപ്പോഴാണ് അവള്‍ ഉറക്കമുണര്‍ന്നത്.

ആലസ്യത്തോടെ നടുനിവര്‍ത്തി കണ്ണുകള്‍ തുറന്ന അവള്‍ കണ്ടത് തൂങ്ങിയാടുന്ന രണ്ട് കാലുകള്‍. മേല്‍ക്കൂരയിലെ കൊളുത്തില്‍ കഴുത്തൊടിഞ്ഞ് നാവ് പുറത്തേക്ക് വന്ന് കണ്ണുകള്‍ തുറിച്ച് സ്മിത്ത് കല്‍പ്പനയെല്ലാം ഉപേക്ഷിച്ച് തൂങ്ങിക്കിടന്നു.


എല്ലാ പരാജയങ്ങളില്‍നിന്നും അവസാനം അയാള്‍ ജയം കണ്ടെത്തിയിരിക്കുന്നു..!

ഞെട്ടലിന്റെ നിശ്ചലതയില്‍ കുറച്ചുനേരം കിടന്നയിടത്ത് കിടന്നുപോയി ലിസ്സി. ശേഷം അയാളെത്തന്നെ നോക്കിക്കൊണ്ട് അവള്‍ മുറിയില്‍നിന്ന് പുറത്തേക്കിറങ്ങി. നരേന്ദ്ര പൂജാരിയോട് വിറയലോടെ സ്മിത്തിന്റെ മരണം പറഞ്ഞു. അങ്ങനെ സ്മിത്തിന്റെ മരണം നാടറിഞ്ഞു.

സ്മിത്ത് മരിച്ചതിന്റെ വിഷാദമൊന്നും ലിസ്സിയെ ബാധിച്ചില്ല. അവള്‍ പഴയതുപോലെ തന്നിഷ്ടത്തില്‍ സ്വസ്ഥയായി. എന്നാല്‍ അയാള്‍ മരിക്കുന്നതിന്റെ തലേരാത്രിയില്‍ പകര്‍ന്ന സ്‌നേഹം അവളില്‍നിന്ന് പോയില്ല. അതവളില്‍ മധുരമുള്ള സ്മരണയായി. അതിനും മുന്നേ അവള്‍ ഗര്‍ഭിണിയായിരുന്നു. അത് കളയാന്‍ അവള്‍ പല വഴികളിലും ശ്രമിച്ചെങ്കിലും ലോകം കാണാതെ പോകില്ലെന്ന് കുഞ്ഞ് വാശിപിടിച്ചു. കൊല്ലാനുള്ള മരുന്ന് കുറേ നിരന്തരം കിട്ടിക്കൊണ്ടിരുന്നപ്പോള്‍ ‘ഈ തള്ള തന്നെ കൊന്നേ അടങ്ങൂ'വെന്ന് കുഞ്ഞിന് ബോധ്യമായി, അതോടെ മൂന്ന് മാസം മുന്നേ കുഞ്ഞ് ലോകത്തെ കാണാന്‍ വെമ്പലോടെ പുറത്തേക്ക് വന്നു.

ആ കുട്ടി സ്മിത്തിന്റേതല്ല, നരേന്ദ്ര പൂജാരിയുടേതാണെന്ന് ലിസ്സിക്കും നരേന്ദ്ര പൂജാരിക്കും മാത്രമറിയാമായിരുന്ന രഹസ്യമായിരുന്നു. കുട്ടി വളരുന്തോറും നരേന്ദ്ര പൂജാരിയുടെ സ്വഭാവം കാണിച്ച് തുടങ്ങുന്നത് ലിസ്സി കാണുന്നുണ്ടായിരുന്നു. അത് തന്റെ മാനത്തിന്റെ വിലയിടിക്കുകയാണെന്ന് മനസ്സിലാക്കിയ അവള്‍ കുട്ടിയെ നരേന്ദ്ര പൂജാരിക്ക് കൊടുത്ത് ‘നീ ഇതിനെ കൊല്ലുകയോ വളര്‍ത്തുകയോ തളര്‍ത്തുകയോ എന്താ വേണമെന്ന് വച്ചാല്‍ ചെയ്യ്... ഞാന്‍ നാട്ടിലേക്ക് പോകുകയാണ്‌’ എന്ന് തീരുമാനം പറഞ്ഞു. അതിനകം തന്നെ മൂന്ന് തലമുറയ്‌ക്ക് കഴിയാനുള്ള സമ്പാദ്യം അവള്‍ ഉണ്ടാക്കിക്കഴിഞ്ഞിരുന്നു. ലണ്ടനില്‍ തിരിച്ചുപോയി, ഏതെങ്കിലും മണുഗുണാഞ്ചനൊപ്പം ജീവിതം വീണ്ടും തുടങ്ങാന്‍ അവള്‍ ഉറപ്പിച്ചു.

ചിത്രീകരണം: കെ പി മുരളീധരൻചിത്രീകരണം: കെ പി മുരളീധരൻ

നരേന്ദ്ര പൂജാരിക്ക് അതൊരു പ്രഹരമൊന്നുമായില്ല, വിദേശിയില്‍ ദേഹമിട്ട് ഒരു കുട്ടിയെ കിട്ടിയതിലുള്ള രസമായിരുന്നു അയാള്‍ക്ക്. അതുമാത്രമല്ല, കുഞ്ഞിന്റെ ചെലവിലേക്കായി ലിസ്സി അയാള്‍ക്കൊരു തുക നല്‍കുകയും ചെയ്‌തിരുന്നു. വേശ്യാലയം നടത്തിയും ഖനിക്കാരെ പറ്റിച്ചും അയാള്‍ അതിനകം സമ്പന്നനായി മാറിയിരുന്നു. ലിസ്സി പോയാല്‍ തന്റെ വില പോകുമെന്നും കൊടുത്ത പണികളെല്ലാം തിരിച്ചുകിട്ടുമെന്നും അയാള്‍ക്കുറപ്പായിരുന്നു. അതുകൊണ്ട് ലിസ്സി നാട്ടിലേക്ക് കപ്പല്‍ കയറിയ രാത്രി തന്നെ സമ്പാദ്യമെല്ലാം കൂട്ടിക്കെട്ടി നിര്‍ത്താതെ കരയുന്ന കുഞ്ഞിന്റെ വാ തുണികൊണ്ട് മൂടിക്കെട്ടി അയാള്‍ മരയോട്ടിലെ കാട്ടില്‍നിന്ന് നാട്ടിലേക്കിറങ്ങി.

മൂഢുബിദ്രെയില്‍ മക്കളായ ഹംസാനന്ദ പൂജാരിക്കും ജനാർദന പൂജാരിക്കും ഒപ്പം സോമനാഥ പൂജാരിയെന്ന് പേരിട്ട ലേഡി സ്മിത്തിന്റെ മകന്‍ വളര്‍ന്നു. ആരുടെ കുട്ടിയാണ് ഇവനെന്ന് ഭാര്യ ലക്ഷ്‌മി ചോദിച്ചില്ല. സോമനാഥന്റെ കുശാഗ്രബുദ്ധിയും കൂസലില്ലായ്‌മയും ദയാരാഹിത്യവും കണ്ടപ്പോള്‍ തന്നെ ഹംസാനന്ദയുടെയും ജനാർദനന്റെയും അനിയനാണ് അവനെന്ന് അവള്‍ക്ക് മനസ്സിലായിരുന്നു. എതിര്‍ത്താല്‍ തന്നെ കൊന്നുകളയുമെന്ന ഭയം അവളുടെ ചോദ്യങ്ങളെ ഇല്ലാതെയാക്കി.


കര്‍ണാടകയിലെ ബ്രിട്ടീഷുകാരുടെയും വാഴുന്നവരുടെയും പാദസേവ ചെയ്‌ത്‌ നരേന്ദ്ര പൂജാരി തന്റെ സമ്പത്തും അധികാരവും വിപുലമാക്കി. കര്‍ണാടകയിലെ കല്‍ക്കരി ഫാക്ടറി നോക്കിനടത്താനുള്ള അവകാശം അയാള്‍ ബ്രിട്ടീഷുകാരുടെ കാലില്‍ പിടിച്ച് സ്വന്തമാക്കി. അവിടെ പണിയെടുക്കുന്നവര്‍ എല്ല് മുറിയെ പണിയെടുക്കുകയും ഒന്നുമുണ്ടാക്കാതെ കരി തിന്ന് മരിക്കുകയും ചെയ്‌തു.

നരേന്ദ്ര പൂജാരിയെ പോലെ തന്നെ നേരും നെറിയും കെട്ടവരായിരുന്നു അയാളുടെ മക്കളും. അച്ഛന്റെ പാത അതേപോലെ പിന്തുടരാന്‍ അവര്‍ മത്സരിച്ചു. എല്ലാത്തിന്റെയും തന്ത്രമുന സോമനാഥിലായിരുന്നു. അവന്‍ ഒന്നും കൊണ്ടുനടന്നില്ലെങ്കിലും ബുദ്ധി അവന്റേതായിരുന്നു. ഇംഗ്ലീഷില്‍ തെറ്റില്ലാതെ സംസാരിക്കാന്‍ അറിയാവുന്നതുകൊണ്ട് അവന്‍ പല കാര്യങ്ങളും ബ്രിട്ടീഷുകാരില്‍നിന്ന് എളുപ്പത്തില്‍ നേടിയെടുത്തു. ഹംസാനന്ദയും ജനാർദനയും വേശ്യാലയം തുടങ്ങിയത് അവന്റെ നിർദേശപ്രകാരമായിരുന്നു. മൂഢുബിദ്രെയില്‍ ആദ്യമായി തുടങ്ങിയ വേശ്യാലയമായിരുന്നു അത്. അവിടേക്ക് നാട്ടില്‍നിന്ന് മാത്രമല്ല, പുറംനാട്ടില്‍ നിന്നും ആളുകള്‍ തേടിവന്നു. കല്‍ക്കരിയില്‍നിന്ന് കിട്ടുന്ന ലാഭം പോലെ അവിടെനിന്നും അവര്‍ക്ക് വലിയ രീതിയില്‍ ലാഭം കിട്ടാന്‍ തുടങ്ങി.

ചിത്രീകരണം: കെ പി മുരളീധരൻചിത്രീകരണം: കെ പി മുരളീധരൻ

മക്കള്‍ തന്റെ പാത അതേപോലെ പിന്തുടരുന്നതില്‍ നരേന്ദ്ര പൂജാരി വല്ലാതെ സന്തോഷിച്ചു. ആ സന്തോഷത്തിലാണ് അയാള്‍ കണ്ണടച്ചതും.

മരിക്കാന്‍ കിടക്കും നേരം മക്കളെയെല്ലാവരെയും അടുത്ത് വിളിച്ച് അയാള്‍ ഹുസൈനെക്കുറിച്ച് പറഞ്ഞു.

അയാളുടെ കയ്യില്‍നിന്ന് വഴുതിപ്പോയ കുട്ടിയെക്കുറിച്ചും.

‘‘ഹുസൈന്റെ പിന്‍തലമുറക്കാര്‍ വന്നേക്കും. ആ കുട്ടിയും. സൂക്ഷിക്കണം...'’

അയാളുടെ ഭയത്തില്‍ ശരിയുണ്ടെന്ന് മനസ്സിലാക്കിയ ഹംസാനന്ദയും ജനാർദനയും ഹുസൈന്റെ പിന്‍തലമുറക്കാരെ അന്വേഷിച്ചതാണ്, ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല.


സേമനാഥ അവരുടെ പിറകെ പോയില്ല. പുതിയ തന്ത്രങ്ങള്‍ പറയുമ്പോഴും അമ്മയെപ്പോലെ എപ്പോഴും അവന്‍ ലഹരിയുടെ വഴിയിലായി. ലഹരിയുടെ ഉന്മത്തതയില്‍ അവന്‍ മൂഢുബിദ്രെയിലെ പ്രായമെത്താത്ത ചെറിയ പെണ്‍കുട്ടികളെ തന്റെ ആസക്തി തീര്‍ക്കാന്‍ ഒറ്റയായ ഇടങ്ങളിലേക്ക് വലിച്ചുകൊണ്ടുപോയി. മൂഢുബിദ്രെയില്‍ നിന്ന് പെണ്‍കുഞ്ഞുങ്ങള്‍ തുടരെത്തുടരെ അപ്രത്യക്ഷരായി. മകളെ വിളിച്ചുള്ള കരച്ചിലുകള്‍ മൂഢുബിദ്രെയിലെ വീടുകളില്‍നിന്ന് നെഞ്ച് പിളര്‍ക്കുന്ന വിധത്തിലുയര്‍ന്നു. ആളുകളും പോലീസും രാവും പകലുമെന്നില്ലാതെ കുറ്റം ചെയ്‌തവനെ തേടിയിറങ്ങി. ജനാർദനയ്‌ക്കാണ് ആദ്യം സംശയം തോന്നിയത്, അവനത് ഏട്ടന്റെ കാതിലോതി. സോമനാഥനറിയാതെ ഇരുവരും അവനെ പിന്തുടര്‍ന്നു. ആറ് വയസുള്ള കൊറഗ ജാതിക്കാരിയായ പെണ്‍കുട്ടിയെ കാട്ടിനുള്ളില്‍ കൊന്ന് സോമനാഥ പുഴയില്‍ കല്ല് കെട്ടിത്താഴ്‌ത്തുന്നത് ഹംസാനന്ദയും ജനാർദനയും കണ്ടു. അവള്‍ പുഴയില്‍ താഴ്‌ന്നുപോകുന്നത് തുറിച്ച് നോക്കിനില്‍ക്കവെ ഇരുവരും അവന്റെ പിന്നിലെത്തി. പെണ്‍കുട്ടിയെ കല്ല് കെട്ടി താഴ്‌ത്തിയ പുഴയില്‍ തന്നെ അവര്‍ സോമനാഥയെ കല്ല് കെട്ടി താഴ്‌ത്തി.

വെള്ളത്തില്‍ ശ്വാസത്തോട് കളിക്കവെ സോമനാഥ ചിരിച്ചു: ‘The end makes all equal.'

അതോടെ മൂഢുഭിെദ്രയില്‍ പിന്നീടൊരിക്കലും ഒരു പെണ്‍കുട്ടിയും അപ്രത്യക്ഷമായില്ല.


സോമനാഥ പോയെങ്കിലും ഹംസാനന്ദയും ജനാർദനയും തളര്‍ന്നില്ല. ജനാർദന കല്യാണം കഴിക്കാതെ ആത്മീയതയില്‍ ആനന്ദങ്ങളിലൊന്ന് കണ്ടെത്തി. വേദങ്ങളും പുണ്യഗ്രന്ഥങ്ങളും അയാള്‍ ആവര്‍ത്തിച്ച് വായിച്ചു. വേദമന്ത്രങ്ങളുരുവിട്ടുകൊണ്ട് അയാള്‍ വേശ്യാലയം നടത്തി.

ഹംസാനന്ദ വിവാഹിതനായി.

രണ്ട് മക്കളില്‍ ഒരുവന് അച്ഛന്റെ ഓര്‍മയ്‌ക്ക്‌ നരേന്ദ്ര പൂജാരിയെന്ന് പേരിട്ടു.

അവനാണ് ഹംസാനന്ദയും ജനാർദനയും മരണപ്പെട്ട് മുപ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം അമ്പതാം വയസ്സില്‍ ഇബ്രാഹിമിന്റെ അത്തറ് കടയ്‌ക്ക്‌ മുന്നില്‍ നില്‍ക്കുന്നത്.

പിതാമഹന്‍ നരേന്ദ്ര പൂജാരി പറഞ്ഞത് ശരിയായി.

‘‘കാലം ശത്രുവിനെ മുന്നില്‍ വരുത്തും. പക്ഷേ അത് അവര്‍ തന്നെയായിരിക്കണമെന്നില്ല, അവരുടെ പിന്‍ഗാമികള്‍ മുന്‍ഗാമികളുടെ കാലടിപ്പാടുകള്‍ പിന്തുടര്‍ന്ന് വരും...''


മുന്നില്‍ നില്‍ക്കുന്ന ഇബ്രാഹിം ശത്രുവാണെന് മനസ്സിലാക്കിയതുകൊണ്ടല്ല നരേന്ദ്ര പൂജാരി അവിടേക്ക് വന്നത്.

കാസർകോടുനിന്ന് വന്ന ഒരാള്‍ കൊണ്ടുവന്ന ഗന്ധം ബോംബെയെ ഭരിക്കാന്‍ തുടങ്ങിയിരിക്കുന്നു എന്ന കേട്ടുകേൾവിയില്‍നിന്ന് വന്നത്‌.

അത് കീഴ്‌പ്പെടുത്താന്‍ വന്നത്.

തല കുനിച്ച് മാത്രം നടക്കാന്‍ കഴിയുന്ന ഇബ്രാഹിമിന്റെ കടയിലേക്ക് നരേന്ദ്ര പൂജാരി കൂട്ടാളികള്‍ക്കൊപ്പം കയറിവന്നു. അത്തറ് വാങ്ങാന്‍ വന്നവരോട് പുറത്തേക്ക് പോകാന്‍ അരയില്‍നിന്ന് കത്തിയെടുത്ത് അയാളുടെ അനുചരിലൊരുവന്‍ ഹിന്ദിയില്‍ പറഞ്ഞു. നിമിഷനേരങ്ങള്‍ക്കുള്ളില്‍ കടയില്‍ ഇബ്രാഹിമും നരേന്ദ്ര പൂജാരിയും അനുയായികളും മാത്രമായി. വന്നതാരാണെന്ന് മനസ്സിലാവാതെ ഇബ്രാഹിം എല്ലാവരെയും മിഴിച്ചുനോക്കി.

കറുപ്പിന്റെ ലഹരിയില്‍ കുഴിഞ്ഞുപോയ കണ്‍തടങ്ങളിലെ കറുപ്പ് കളയാനെന്ന പോലെ ഇരുകൈകള്‍ കൊണ്ടും ഒന്ന് തടവി നരേന്ദ്ര പൂജാരി വെടിച്ചില്ലുകള്‍ വീഴുന്ന ഒച്ചയില്‍ പറഞ്ഞു:

‘‘ഈ കട ഞാനെടുക്കുന്നു...''

ഇബ്രാഹിമില്‍ ഒരു വിറ പടര്‍ന്നു.


‘‘നീയുണ്ടാവും... എന്റെ അത്തറ് പണിക്കാരനായിട്ട്..!''

നരേന്ദ്ര പൂജാരി അത് കൂട്ടിച്ചേര്‍ക്കുമ്പോള്‍ ഇബ്രാഹിമിന്റെ വിറയലില്‍ അയാള്‍ പുതുതായി ഉണ്ടാക്കിയ അത്തര്‍ നിലത്തുവീണു.

അവിടെ പുതുഗന്ധം പടര്‍ന്നു.

ആ സൗരഭ്യത്തിന്റെ അനുഭൂതിയില്‍ നരേന്ദ്ര പൂജാരിയുടെ കണ്ണുകളടഞ്ഞു.

പൊട്ടിയ അത്തറിന്റെ കുപ്പിയില്‍ ഇബ്രാഹിമിന്റെ കണ്ണുകള്‍ താഴ്‌ന്നു.

അത്തറിന്റെ ഗന്ധം ഉള്ളിലേക്കെടുക്കവെ അയാള്‍ ആരും കേള്‍ക്കാതെ സ്വയം പറഞ്ഞു: ചാവിന്റെ മണം..! .(തുടരും)

*കവിത: ജോൺ ബൈറൺ



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home