ad
Deshabhimani

നോവൽ

തെറം ‐28

ചിത്രീകരണം: കെ പി മുരളീധരൻ
avatar
പി വി ഷാജികുമാർ

Published on May 16, 2026, 11:33 AM | 5 min read

വരവ്

മാല് ഉള്‍ക്കടലിലെത്തുന്ന നാല് ദിവസം വരെ ഇടയ്‌ക്കിടെ അബ്ബാസ് മുനീറിനെ കാണാന്‍ ഉജ്ജിറ കടപ്പുറത്തെത്തി. അപ്പോഴൊക്കെ ബോംബെയിലെ മാലിന്റെ മന്ത്രവാദങ്ങള്‍ അബ്ബാസ് മുനീറിന് പറഞ്ഞുകൊടുത്തു.

‘‘കൊറേ മദ്രാസികള്ണ്ട് ബോംബെ ബരിക്ക്ന്ന്...''

ഒരു രാത്രിയില്‍ കടപ്പുറത്ത് മലർന്നുകിടന്ന് നക്ഷത്രങ്ങളുടെ ചാട്ടം നോക്കുകയായിരുന്ന അബ്ബാസ് ബോംബെ ഭരിക്കുന്ന ഒരു മദിരാശിയെ വാക്കുകളാല്‍ പരിചയപ്പെടുത്തി. മുപ്പതുകളില്‍ കടലൂരിനടത്തുള്ള പാനായിക്കുളത്തുനിന്ന് അച്ഛന്‍ സിറാജ് ഹൈദര്‍ മിര്‍സയുടെ കയ്യും പിടിച്ച് ബോംബെയിലെത്തിയ എട്ടുവയസ്സുകാരന്‍ മസ്‌താന്‍ മിര്‍സ ബോംബെയിലെ രാജാവായ കഥ മുനീര്‍ അബ്ബാസില്‍നിന്ന് കേട്ടു.

‘‘ബോംബെയിലെ വട്ടിയില്‍ ചാലുകളുടെ ഓരത്ത് അവര്‍ ജീവിതം തുടങ്ങി. ക്രാഫോര്‍ഡ് മാര്‍ക്കറ്റില്‍ തുടങ്ങിയ സൈക്കിള്‍ ഷോപ്പില്‍ പത്തുകൊല്ലം മസ്‌താന്‍ ഉപ്പയ്‌ക്ക്‌ സഹായിയായി.

ചിത്രീകരണം: കെ പി മുരളീധരൻചിത്രീകരണം: കെ പി മുരളീധരൻ

ആ സൈക്കിള്‍ ഷാപ്പില്‍ ഒരു പാഴ്‌സി ഇടയ്‌ക്കിടെ വരുമായിരുന്നു. അയാളുടെ കയ്യില്‍ വലിയൊരു കാലന്‍കുടയുമുണ്ടാവും. അവിടെയുള്ള കച്ചവടക്കാര്‍ക്ക് അയാള്‍ വട്ടിപ്പലിശയ്‌ക്ക്‌ പണം കടം കൊടുത്തിരുന്നു. പലിശ വാങ്ങാനാണ് അയാളുടെ വരവ്. മിര്‍സയുടെ സൈക്കിള്‍ വാടകയ്‌ക്കെടുത്ത് അയാള്‍ പലിശ വാങ്ങാനിറങ്ങും. പിരിഞ്ഞുകിട്ടുന്ന കാശില്‍നിന്ന് സൈക്കിളിന്റെ വാടക കൊടുത്ത് അയാള്‍ തിരിച്ചുപോകും.

ഒരു ദിവസം പിരിവിനിറങ്ങിയ അയാള്‍ക്ക് കാശൊന്നും കിട്ടിയില്ല. വാടകക്കാശില്ലാതെ അയാള്‍ സൈക്കിളുമായി മസ്‌താന്‍ മിര്‍സയ്‌ക്ക്‌ മുന്നില്‍ വന്നുനിന്നു.


‘‘കാശ് പിരിഞ്ഞുകിട്ടിയില്ല. കുട ഇവിടെ ഇരിക്കട്ടെ. കാശുമായി ഞാന്‍ തിരിച്ചുവരും. അപ്പോള്‍ തന്നാല്‍ മതി...''

പാഴ്‌സി ഉര്‍ദുവില്‍ മസ്‌താനോട് പറഞ്ഞു. അവന്‍ അത് നിരസിച്ചു.

‘‘എത്രകാലമായി നമ്മള് കാണ്ന്ന്... ഞങ്ങള്‍ക്ക് നിങ്ങളെ വിശ്വസാ... കാശ് കിട്ടുമ്പോള്‍ വാടക തന്നാല്‍ മതി. കുടയൊന്നും വേണ്ട.''

പാഴ്‌സി അതിന് തയ്യാറല്ലായിരുന്നു.

‘‘സൈക്കിൾവാടക നിങ്ങള്‍ക്ക് നല്‍കാതെ ഞാനിത് എടുക്കില്ല.’’

അയാള്‍ കുട മസ്‌താന്‍ മിര്‍സയുടെ കയ്യില്‍ ഏല്‍പ്പിച്ച് അവിടെനിന്നിറങ്ങിപ്പോയി. അന്ന് മുതല്‍ പാഴ്‌സിയുടെ കുട മസ്‌താന്റെ ജീവിതത്തിന്റെ ഭാഗമായി.

പൊരിവെയിലത്തായിരുന്നു അവന്‍ സൈക്കിള്‍ നന്നാക്കിയിരുന്നത്. കുട വന്നതോടെ അവന് തണലായി. ചരക്കുകപ്പലുകളും വലിയ സ്റ്റീമറുമുള്ള, എണ്ണയുടെ പാട നിറഞ്ഞ കടൽവെള്ളം കരയെ തൊടുന്ന ബോംബെ ഡോക്കില്‍ പത്തൊമ്പതാം വയസ്സില്‍ അവന്‍ ചുമട്ടുതൊഴിലാളിയായി പോകുമ്പോഴും കുടയെ അവന്‍ കൂടെക്കൂട്ടി.


ഇന്ത്യയ്‌ക്ക്‌ സ്വാതന്ത്ര്യം കിട്ടിയ രാത്രിയില്‍ അത് അവന്റെ രക്ഷാകവചവുമായി. സ്വാതന്ത്ര്യം നേടിയതിന്റെ സന്തോഷത്തില്‍ ആദ്യമായി അവന്‍ കൂടെ പണിയെടുക്കുന്നവര്‍ക്കൊപ്പം മദ്യപിച്ചു. ലഹരിയില്‍ തര്‍ക്കം മൂത്ത് അടിയായപ്പോള്‍ അവന്‍ എതിരാളികളെ എതിര്‍ത്തുനിന്നത് കാലന്‍കുടകൊണ്ട്.

ഷേര്‍ഖാന്‍ പഠാന്‍ എന്നൊരു ഗുണ്ടാത്തലവന്‍ അനുയായികളെയും കൂട്ടിവന്ന് കൂലി കൊടുക്കുന്ന വെള്ളിയാഴ്‌ചകളിലെ എല്ലാ വൈകുന്നേരങ്ങളിലും ഡോക്കിലെത്തി ഹഫ്ത പിരിക്കുമായിരുന്നു.

‘‘നമ്മള് ചോര നീരാക്കി പണിയെടുത്ത കാശാണ് അവന്‍ കൊണ്ടുപോവുന്നത്. ഇതിന് നമ്മള്‍ നില്‍ക്കരുത്...''

ചിത്രീകരണം: കെ പി മുരളീധരൻചിത്രീകരണം: കെ പി മുരളീധരൻ

പഠാനോടുള്ള പേടിയാല്‍ മിക്കവരും മസ്‌താന്റെ കൂടെ നിന്നില്ല. എന്നാല്‍ പത്തുപേര്‍ ധൈര്യം കാണിച്ചു. അങ്ങനെ വെള്ളിയാഴ്‌ചയെത്തി. ഹഫ്ത പിരിച്ചുതുടങ്ങിയ പഠാന് പത്താളുകള്‍ കുറവാണെന്ന് കണ്ടു. എവിടെയാണ് അവരെന്ന് നോക്കവെ രാംപുരി കത്തിയും ഗുപ്തിയെന്ന കുഞ്ഞുവാളും കൊണ്ട് കാലന്‍കുടയും പിടിച്ച് നടന്നുവരുന്ന മസ്‌താനെയും കൂലിക്കാരെയും കണ്ടു. പിന്നെ അവിടെ നടന്നത് വലിയ പോരായിരുന്നു. ചുമടെടുത്തുണ്ടാക്കിയ മസ്‌താന്റെയും കൂലിക്കാരുടെയും കായബലത്തില്‍ പഠാനും ഗുണ്ടകളും തോറ്റോടി. പിന്നെയൊരിക്കലും അയാള്‍ ഹഫ്ത പിരിക്കാന്‍ ഡോക്കിലെത്തിയില്ല. അതോടെ മസ്‌താന്‍ ഡോക്കിലെ നായകനായി.

നാളുകള്‍ അങ്ങനെ നീങ്ങവെ മുഹമ്മദ് അല്‍ ഗാലിബ് എന്ന അറബി ഷേഖ്‌, മസ്‌താന്റെ ജീവിതത്തിലേക്ക് കടന്നുവന്നു, അയാള്‍ വന്നത് പൊന്നിന്റെ തിളക്കവും കൊണ്ടായിരുന്നു. ഗാലിബ് ദുബായില്‍നിന്ന് സ്വർണം കടത്തുന്ന ആള്‍.


കസ്റ്റംസിന്റെ കണ്ണുവെട്ടിച്ച് തീരം കടത്താന്‍ അയാള്‍ മസ്‌താന്റെ സഹായം തേടി. മസ്‌താന്‍ അയാള്‍ക്കൊപ്പം നിന്നു. ആരുമറിയാതെ തൊപ്പിയിലും ഉടുപ്പുകളിലും ചുമടുകളിലും മസ്‌താന്‍ ഗാലിബിന്റെ തങ്കം കടത്തി.

കാര്യങ്ങള്‍ തെറ്റില്ലാതെ മുന്നോട്ടുപോയതാണ്, ചെയ്‌ത തെറ്റുകള്‍ ഗാലിബിനെ പിടിച്ചു. അയാളെ പൊലീസ് അറസ്റ്റ് ചെയ്‌തതിന്റെ പിറ്റേന്ന് ഡോക്കില്‍ ഒരു പെട്ടിവന്നു, ഷേഖിന്റെ പേരില്‍. മസ്‌താന്‍ പെട്ടി കസ്റ്റംസ് കാണാതെ പുറത്തെത്തിച്ചു. ഷേഖിനെ അറസ്റ്റ് ചെയ്‌തത് അയാള്‍ അറിഞ്ഞിരുന്നില്ല. ഷേഖ്‌ വരുന്നതുവരെ അയാള്‍ പെട്ടി തുറന്നുനോക്കാന്‍പോലും നില്‍ക്കാതെ തന്റെ കുടിലില്‍ ഒളിപ്പിച്ചുവെച്ചു.

ചിത്രീകരണം: കെ പി മുരളീധരൻചിത്രീകരണം: കെ പി മുരളീധരൻ

എല്ലാ ദിവസവും ഷേഖ് വരുമെന്ന് മസ്‌താന്‍ പ്രതീക്ഷിക്കും. മൂന്ന് വര്‍ഷത്തേക്ക് ഗാലിബിനെ ശിക്ഷിച്ചത് അയാള്‍ അറിഞ്ഞിരുന്നില്ല. ആഴ്‌ചകളും മാസങ്ങളും കൊല്ലങ്ങളും കടന്നുപോയിട്ടും മസ്‌താന്‍ പെട്ടി തുറന്നുനോക്കിയില്ല.

ജയിലില്‍നിന്ന് മോചിതനായി ഗാലിബ് നേരെ എത്തിയത് മസ്‌താന്റെ കുടിലില്‍.

ഗാലിബിനെ കണ്ടതും സന്തോഷത്തോടെ മസ്‌താന്‍ പറഞ്ഞു.

‘‘ഒരു പെട്ടി ഡോക്കില്‍ വന്നിട്ടുണ്ടായിരുന്നു...''

മസ്‌താന്‍ അകത്തുനിന്ന് പെട്ടിയെടുത്ത് ഗാലിബിനെ ഏല്‍പ്പിച്ചു. ഗാലിബ് പെട്ടി തുറന്നു. അതില്‍ നിറയെ സ്വർണബിസ്‌ക്കറ്റുകളായിരുന്നു. അയാള്‍ കട്ടകള്‍ എണ്ണിനോക്കി. ഒന്നുപോലും കുറവില്ലെന്ന് കണ്ട് അയാള്‍ അത്ഭുതത്തോടെയും ആദരവോടെയും മസ്‌താനെ നോക്കി.


‘‘ഇത്രയും നേരുള്ള കള്ളക്കടത്തുകാരനെ ഞാന്‍ ആദ്യമായി കാണുകയാ...''

ഗാലിബ് മസ്‌താനെ ചേര്‍ത്തുപിടിച്ചുകൊണ്ട് പറഞ്ഞു.

മസ്‌താന്‍ ചിരിക്കുക മാത്രം ചെയ്‌തു.

‘‘നീ സ്വർണവുംകൊണ്ട് നാടുവിട്ടുകാണുമെന്നാ ഞാന്‍ വിചാരിച്ചേ...''

ഗാലിബ് മസ്‌താനെ നോക്കിക്കൊണ്ട് പറഞ്ഞു.

തിളക്കമാര്‍ന്ന ചിരി തുടര്‍ന്നുകൊണ്ട് മസ്‌താന്‍ പറഞ്ഞു.

‘‘എന്റെ ഉപ്പ ഒരിക്കല്‍ എന്നോടൊരു കാര്യമോതിയിരുന്നൂ ഷേഖ്... എല്ലാവരെയും വഞ്ചിക്കാന്‍ കഴിഞ്ഞേക്കാം. എന്നാല്‍ പടച്ചോനെ പറ്റിക്കാനാവില്ല..!''

ഗാലിബിന്റെ കണ്ണുകള്‍ നിറഞ്ഞു.

അയാള്‍ മസ്‌താനെ വീണ്ടും കെട്ടിപ്പിടിച്ചു.


‘‘പിന്നെ പടച്ചവന്‍ എന്നെ ബാദുഷയാക്കാന്‍ തീരുമാനിച്ചിട്ടുണ്ടെങ്കില്‍ ഞാന്‍ അതാവും. അതിന് നിങ്ങളെ ചതിക്കേണ്ട കാര്യമില്ല.’’

മസ്‌താന്‍ ബോംബെ കീഴടക്കാന്‍ തുടങ്ങിയത് ആ നേരില്‍ നിന്നായിരുന്നു.

പെട്ടിയിലെ സ്വർണം വിറ്റുകിട്ടിയ ലാഭത്തിന്റെ പാതി ഗാലിബ് മസ്‌താന് നല്‍കി.

സ്വർണക്കടത്തിന്റെ പങ്കാളിയായി അയാള്‍ മസ്‌താനെ കൂടെക്കൂട്ടുകയും ചെയ്‌തു...''

അബ്ബാസ് ജീവിതം പറയുന്നത് നിര്‍ത്തി ഇരുന്നയിടത്തുനിന്ന് എഴുന്നേറ്റു. ഉടുതുണിയില്‍ പറ്റിനിന്ന മണല്‍ത്തരികള്‍ അവന്‍ തട്ടികളഞ്ഞു.

‘‘കണ്ണ് മീയുന്നില്ല... ഞാനൊന്ന് കിടക്കട്ട്...’’

അതുംപറഞ്ഞ് അവന്‍ മുനീറിന്റെ ചാളയിലേക്ക് നടന്നു. മുനീര്‍ അവനെ അനുഗമിച്ചില്ല. കടലിലേക്ക് കണ്ണുകളിട്ട് അവന്‍ ആലോചനകളില്‍ ഇരുന്നു.

ജീവിതം ആകസ്‌മികവും വിചിത്രവുമാകുന്നു. നമ്മള്‍ വിചാരിക്കുന്നതുപോലെയൊന്നും ജീവിതം മുന്നോട്ടുപോവണമെന്നില്ല, നീക്കങ്ങള്‍ ആരൊക്കെയോ തീരുമാനിക്കുന്നു. നമ്മള്‍ അതിനൊത്ത് ചലിക്കാന്‍ വിധിക്കപ്പെട്ടവര്‍. ചിലര്‍ ഉദിക്കുന്നു, ചിലര്‍ അസ്‌തമിക്കുന്നു. മസ്‌താന്‍ ഉദിച്ചതുപോലെ. അജ്ഞാതരായ എത്രയോ ജന്മങ്ങള്‍ അസ്‌തമിച്ചതുപോലെ.

അബ്ബാസുമായുള്ള ഈ കളിയില്‍ താന്‍ ഉദിക്കുമോ... അതോ അസ്‌തമിക്കുമോ...

ചിന്തകളുടെ വലയില്‍ കുരുങ്ങി സ്വയം മറന്ന് മുനീര്‍ അങ്ങനെ കുറേനേരമിരുന്നു.

ചിത്രീകരണം: കെ പി മുരളീധരൻചിത്രീകരണം: കെ പി മുരളീധരൻ

കടലില്‍ മീന്‍ പിടിക്കാന്‍ ആളുകള്‍ ഒറ്റയ്‌ക്കും കൂട്ടമായും കടപ്പുറത്തേക്ക് വന്നുതുടങ്ങിയിരുന്നു. അവരുടെ സംസാരവും കൂക്കുവിളിയും കേട്ട് കടലും കരയും ഉണര്‍ന്നപ്പോള്‍ മുനീറും മണലില്‍ നിന്ന് എഴുന്നേറ്റു.

പിറ്റേന്ന് അബ്ബാസ് മസ്‌താന്റെ കഥ തുടരുമെന്ന് മുനീര്‍ പ്രതീക്ഷിച്ചു. എന്നാല്‍ മസ്‌താന്റെ കഥ അബ്ബാസ് പൂര്‍ത്തിയാക്കിയില്ല. അവന്‍ ദാവൂദ് ഇബ്രാഹിമിനെക്കുറിച്ചും ഛോട്ടാ രാജനെക്കുറിച്ചും അങ്ങനെയങ്ങനെ പലരെക്കുറിച്ചും മുനീറിന് പറഞ്ഞുകൊടുത്തു. അബ്ബാസ് പറഞ്ഞ ഒരു ജീവിതവും മുനീര്‍ ഇന്നേവരെ കേട്ടിട്ടുണ്ടായിരുന്നില്ല. ഇവന്‌ ഇതൊക്കെ എവിടുന്ന് കിട്ടുന്നുവെന്ന് മാത്രം മുനീറിന് മനസ്സിലായില്ല.

ഒമറാകട്ടെ അവരുടെ സംസാരത്തില്‍ ഒട്ടും ഇഷ്ടം കാണിച്ചില്ല. ഉമ്മ പഠിപ്പിച്ച അക്ഷരങ്ങള്‍ അവന്‍ കടപ്പുറത്തെ കുട്ടികള്‍ക്ക് പറഞ്ഞുകൊടുത്തു. ഹിംസയുടെ കഥയായിരുന്നു മുനീര്‍ കേട്ടതെങ്കില്‍ സല്‍ക്കഥകളായിരുന്നു ഒമര്‍ കേട്ടത്. ആ കഥകള്‍ അവന്‍ കുട്ടികള്‍ക്ക് പറഞ്ഞുകൊടുത്തു. അതിലൊരു കഥ തുളുനാട്ടിനെക്കുറിച്ചായിരുന്നു.


തുളുനാട്ടില് ജയസിംഹ എന്ന രാജാവുണ്ടായിരുന്നു. പ്രിയതമയായ മോചികബ്ബെയോട് രാജാവിന് പ്രിയം ഏറെയായിരുന്നു. സ്‌നേഹസംഗമ നേരത്തിലൊരിക്കല്‍ രാജാ ജയസിംഹ മോചികബ്ബെയോട് എന്താണ് ഇഷ്ടദാനമായി വേണ്ടതെന്ന് ചോദിച്ചു. അവള്‍ വിചിത്രമായ ഒരു ആഗ്രഹമാണ് പ്രിയതമനോട് പ്രകടിപ്പിച്ചത്.

‘കല്ലും മുള്ളും നിറഞ്ഞ വരള്‍ച്ച മാറാത്തൊരു മണ്ണ്...!'

ഇതെന്തൊരു ആഗ്രഹമെന്ന് ആശ്ചര്യത്തോടെ രാജാവ് പത്നിയെ നോക്കി. ചെറുചിരിയോടെ അവള്‍ അതുതന്നെ ആവര്‍ത്തിച്ചു. ശരിയെന്ന് ആലിംഗനം ചെയ്‌ത്‌ അയാള്‍ രാജാധാനിയില്‍നിന്ന് ദൂരത്തായി കിടക്കുന്ന ആളുകളൊന്നുമില്ലാത്ത ഭൂമി ഇഷ്ടദാനമായി അവള്‍ക്ക് നല്‍കി.

മോചികബ്ബെ ആ ദേശം മനോഹരമാക്കി മാറ്റി. വെള്ളത്തിന്‌ ഉറവയ്‌ക്കായി കാര്യങ്ങള്‍ ചെയ്‌തു. നീണ്ട പരിശ്രമങ്ങള്‍ക്കൊടുവില്‍ ദേശം ആളുകള്‍ക്ക് താമസിക്കുന്നതിനും കൃഷിക്കും ഇഷ്ടമുള്ളതാക്കി. പൂന്തോട്ടങ്ങളും ഓടില്‍ മേഞ്ഞ പുരകളും ഒരുക്കി മോചികബ്ബെ ജനങ്ങള്‍ക്ക് ദാനം ചെയ്‌ത്‌ രാജാധാനിയിലേക്ക് തിരിച്ചുപോയി. അതോടെ നാട് കള്ളന്‍മാരുടെയും കൊള്ളക്കാരുടെയും താവളമായി. റാണി മനുഷ്യമനസ്സറിഞ്ഞവള്‍. കുറ്റം ചെയ്യാനുള്ള കുറ്റവാളികളുടെ മനസ്സാണ് മാറേണ്ടതെന്ന് അവള്‍ക്ക് ബോധ്യമുണ്ടായിരുന്നു. കൊലയും കൊള്ളയും നടത്തിയ അപരാധികള്‍ക്ക് അവള്‍ ക്ഷമാദാനം നല്‍കി. കുറ്റവാളികള്‍ക്ക് ശിക്ഷയേതുമില്ലാതെ പ്രായശ്ചിത്തം ചെയ്യാന്‍ റാണി അവസരമൊരുക്കി. അതോടെ അവര്‍ രാജഭൃത്യന്‍മാര്‍ക്ക് അടിയറവ് പറഞ്ഞു. ആ ദേശത്ത് സമാധാനമുണ്ടായി. മോചികബ്ബെയുടെ ആ ദേശം അതിനുശേഷം സ്‌ത്രീകള്‍ മാത്രം ഭരിക്കുന്ന നാടായി...

ചിത്രീകരണം: കെ പി മുരളീധരൻചിത്രീകരണം: കെ പി മുരളീധരൻ

ഇപ്പോഴില്ലെങ്കിലും ഒരു നാള്‍ നമ്മുടെ നാട് സ്‌ത്രീകള്‍ ഭരിക്കും...

കഥ പൂര്‍ത്തിയാക്കി ഒമര്‍ പ്രതീക്ഷയോടെ കുട്ടികളോട് പറഞ്ഞു. കുട്ടികളാവട്ടെ ഒമറിന്റെ അടുത്ത കഥയ്‌ക്കായി അക്ഷമരായി.

അങ്ങനെ നാലാം നാള്‍ സമാഗതമായി. അർധരാത്രിയില്‍ ഒരു തോണിയില്‍ അബ്ബാസും മുനീറും പാഷയും ഉള്‍ക്കടലിലേക്ക് തുഴഞ്ഞു. കടലോരത്തെ ലൈറ്റ് ഹൗസില്‍നിന്ന് വല്ലപ്പോഴും തെളിഞ്ഞ വെളിച്ചത്തെരച്ചലില്‍ അവരും അവരുടെ തോണിയും ഒഴിഞ്ഞുനിന്നു. ദൂരെദൂരെയായി ഒരു ഉരു നങ്കൂരമിട്ട് കിടക്കുന്നത് മുനീറിന്റെ കാഴ്‌ചയില്‍ തെളിഞ്ഞു. ആകാംക്ഷയാലും ഉല്‍കണ്ഠയാലും അവന്റെ നെഞ്ചിടിപ്പിന്റെ വേഗം കൂടി. അവന്‍ സ്വയം ദൈവത്തെ വിളിച്ചു. നിലാക്കടലില്‍ അവരുടെ തോണി ഉരുവിനരികിലേക്ക് മത്സ്യത്തെ പോലെ നീന്തി .(തുടരും)



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home