കഥ
ജാരസംഹിത

വി ഷിനിലാൽ
Published on Jun 08, 2026, 11:10 AM | 3 min read
ഒരു നാട്ടിൽ മാന്യനായ ഒരു ജാരൻ ജീവിച്ചിരുന്നു. സ്വാഭാവികമായും അവന് ഒരു രഹസ്യകാമുകി ഉണ്ടായിരുന്നു. ഒരു രാത്രി അവൻ തന്റെ അവിഹിത കാമുകിയെ കാണാൻ വേണ്ടി അവളുടെ വീട്ടുപരിസരത്ത് എത്തി. അവളുടെ കിടപ്പുമുറിക്കുള്ളിൽ മൂട്ടവിളക്ക് മിന്നിക്കത്തുന്നുണ്ട്. കാമുകി ഭർത്താവിനൊപ്പം ഒരു കട്ടിലിൽ കിടക്കുന്നത് തുറന്നിട്ട ജനലിലൂടെ കാണാം. ജനൽ അവൾ മനഃപൂർവം തുറന്നിട്ടതാണ്. "ചെറിയ ഒരു കല്ലെടുത്ത് എന്നെ എറിഞ്ഞാൽ മതി. ഞാനിറങ്ങിവന്നോളാം. ജനൽ ഞാൻ ഒരു പാളി നിനക്കായി തുറന്നിട്ടിരിക്കും’, എന്ന് അവൾ നേരത്തെ പറഞ്ഞിട്ടുണ്ടായിരുന്നു. "അപ്പന് ഉറക്കം കുറവാണ്. ചുമച്ചു ചുമച്ച് കിടക്കും. ചേട്ടനാണെങ്കിൽ ഉറങ്ങ്യാൽ പിന്നെ ഉണരത്തില്ല’, എന്ന് അവൾ മുന്നറിയിപ്പുകളും നൽകിയിരുന്നു. അവൾ മാന്യയും കുടുംബമഹിമയിൽ വിശ്വസിക്കുന്നവളും ഭഗവദ്ഗീത വായിക്കുന്നവളും ആയിരുന്നു.
ചിത്രീകരണം: കെ സുധീഷ്
മാന്യനായ ജാരൻ കുറേനേരം ജനലിലൂടെ അകത്തേക്ക് നോക്കിനിന്നു. അവന് ഉള്ളാലെ അസൂയയുണ്ടായി. തന്റെ പെണ്ണ് മറ്റൊരുത്തന്റെ കൂടെ കുണുകുണാ കിടന്നുറങ്ങുന്നു. അവൻ ഒരു ചെറിയ കല്ലെടുത്ത് പതിയെ അവളെ എറിഞ്ഞു. എല്ലാ കോണുകളും നോക്കി കണക്കുകൂട്ടിയാണ് എറിഞ്ഞത്. എന്നാൽ, യാദൃച്ഛികത അതിന്റെ മൂർധന്യത്തിൽ തൊട്ട നിമിഷമായിരുന്നു അത്. ആ സമയം ഭർത്താവ് കൂർക്കം വലിച്ചുകൊണ്ട് ഒന്ന് ഇടംവലം തിരിഞ്ഞു. ദൗർഭാഗ്യമെന്നു പറയട്ടെ, ചെറുകല്ല് അയാളുടെ നെറ്റിയിൽ തന്നെ ചെന്നുകൊണ്ടു. എന്താണ് സംഭവിച്ചത് എന്നറിയാതെ തന്നെ അയാൾ ഉണർന്നു. ജാരൻ അന്തംവിട്ട് അയാളെ നോക്കി ജനലിന്റെ ഇപ്പുറത്ത് നിന്നു.
എന്തായാലും ഉണർന്നുപോയല്ലോ, മൂത്രമൊഴിച്ചുകളയാം, എന്നു ചിന്തിച്ച ഭർത്താവ് വാതിൽ തുറന്ന് പതിയെ പുറത്തിറങ്ങി. ജാരൻ ശബ്ദമുണ്ടാക്കാതെ പിന്നോട്ട് നടന്നു. കൽക്കെട്ടിനടിയിൽ കരിയില കൂടിക്കിടന്ന നിലത്ത് ചെന്ന് കുത്തിയിരുന്നു. ഭർത്താവ് അവിടേക്കാണ് നടന്നുവരുന്നത്. ജാരൻ സാഷ്ടാംഗപ്രണാമം ചെയ്‌തുകൊണ്ട് കരിയിലനിലത്ത് കമിഴ്‌ന്നുകിടന്നു.
അയാൾ കൽക്കെട്ടിന് മുകളിൽ വന്നുനിന്ന് നീളത്തിൽ മൂത്രമൊഴിച്ചു. അതൽപ്പം കൂടുതൽ നേരം നീണ്ടുനിന്നു. മൂത്രം നല്ല ദീർഘവൃത്താകൃതിയിൽ സഞ്ചരിച്ച് നമ്മുടെ മാന്യനായ ജാരന്റെ മുതുകത്ത് തന്നെ വന്നു വീണു. ചൂട് മൂത്രം. അയാൾ ഒരു ഭർത്താവാണെന്നും താനൊരു ജാരൻ മാത്രമാണെന്നും ചിന്തിച്ച് ശ്വാസംപിടിച്ചു കിടന്നു ആ മാന്യൻ. ഏതോ ഒരു മൂളിപ്പാട്ട് പാടിക്കൊണ്ട് ഭർത്താവ് തിരികെപ്പോയി.
ഭർത്താവ് എന്ന നിലയ്‌ക്ക് ഉറങ്ങുക എന്നതാണ് അയാളുടെ ധർമം. അയാൾ കട്ടിലിൽ കയറി ഉടനടി ധർമസംസ്ഥാപനം ചെയ്‌തു. എന്നാൽ ജാരന് പോകാൻ കഴിയില്ല. കാരണം, അവൻ ജാരനാണ്. ഉണർന്നിരിക്കുക. ജാഗരൂകനാകുക. മോക്ഷം നേടുക തുടങ്ങിയവയാണ് ജാരന് ധർമം. തന്റെ കാമിനി ഉണരും എന്ന പ്രതീക്ഷയിൽ അവൻ അവിടെ ചുറ്റിപ്പറ്റി നടന്നു. സമയം പതിയെ മാത്രം കടന്നുപോയി.
ഈ സമയം കാമുകിയുടെ അച്ഛൻ പുറത്തിറങ്ങി. ആയിരം പൂർണചന്ദ്രൻമാരെ നേരിട്ടു കണ്ട മഹദ്‌വ്യക്തിത്വം. ജാരൻ മറയാൻ ഒരിടം നോക്കി. അപ്പോഴാണ് കാലിത്തൊഴുത്ത് കണ്ടത്. ഒന്നും ചിന്തിക്കാതെ അവിടേക്ക് മറഞ്ഞു. എരുമ ഒന്നലറി. അവൻ എരുമയെ ദണ്ഡനമസ്‌കാരം ചെയ്‌ത് വണങ്ങിയെണീറ്റു. എരുമയ്‌ക്ക് തൃപ്തിയായി. അത് അടങ്ങി. വൃദ്ധനും കൽക്കെട്ടിൽ ചെന്നുനിന്ന് മൂത്രമൊഴിച്ചു. ജാരൻ അവിടേക്ക് നോക്കി. മൂത്രം പതിച്ച സ്ഥാനത്ത് ഒരു പടുകൂറ്റൻ തെങ്ങ് സ്ഥിതിചെയ്യുന്നുണ്ട്. അതിന്റെ മണ്ട കരിഞ്ഞതായി കാണപ്പെടുന്നു. വൃദ്ധൻ കന്നുകാലി പാലകനാണ്. കൃഷ്‌ണൻ എന്ന് പേര്. അയാൾ പതിയെ തൊഴുത്തിലേക്ക് നടന്നുവന്നു. തടിച്ചു കൊഴുത്ത മൂന്ന് എരുമകൾ തൊഴുത്തിൽ നിൽക്കുകയാണ്.
ചിത്രീകരണം: കെ സുധീഷ്
വൃദ്ധനെ കണ്ട ജാരൻ പതിയെ പുൽക്കൂട്ടിലിറങ്ങി. പുല്ലിന് മേലെ പാടെ ചത്തപോലെ കിടന്നു.
അപ്പോൾ എരുമ അവന്റെ മുതുകത്ത് നക്കാൻ തുടങ്ങി. നല്ല ഉപ്പുരസം. കൊള്ളാമല്ലോ. എരുമയ്‌ക്ക് രസം കയറി. അരമായിരുന്നു അതിന്റെ നാവ്. മറ്റു മാർഗങ്ങളൊന്നുമില്ലാതെ മാന്യൻ സഹിച്ച് അങ്ങനെ കിടന്നു.
തൊഴുത്ത് പരിശോധിച്ചശേഷം എരുമകളുടെ ചന്തിയിൽ മൂന്ന് വീതം അടി കൊടുത്തിട്ട് വൃദ്ധൻ ചുമച്ചുകൊണ്ട് തിരികെ പോയി.
അപ്പോഴും പുല്ലിൽ മുഖമമർത്തി കിടക്കുകയാണ് മാന്യനും പണ്ഡിതനുമായ ജാരൻ. അപ്പോൾ അയാളുടെ ഹൃത്തിന്റെ ഉള്ളറകളിൽനിന്നും ഇപ്രകാരം ഒരു തത്വജ്ഞാനം പുറപ്പെട്ടു: ‘‘ഒരു ജാരന്റെ ജീവിതമെന്നാൽ, എരുമനാക്കിന്റെ അരം കൊണ്ടുള്ള രാകലാണ്. അതിന്റെ നീറ്റലാണ്.’’
അതുകേട്ട് എരുമ പറഞ്ഞു: ‘‘ജീവിതമെന്നാൽ, അപ്രതീക്ഷിതമായി വന്നു ലഭിക്കുന്ന ഉപ്പുരസമാണ്. അത് അങ്ങനെ തന്നെ ആസ്വദിക്കേണ്ടതുണ്ട്.’’
‘‘നീയും തത്വജ്ഞാനിയാണോ?''
‘‘അനുഭവങ്ങളിൽ നിന്നല്ലേ സത്യജ്ഞാനം പിറക്കുന്നത്.’’ എരുമ ചിരിച്ചു .










0 comments