ad
Deshabhimani

കഥ

ആട്‌

ബുക്ക്‌
avatar
ബീനാ സജീവ്‌

Published on Jun 01, 2026, 02:51 PM | 6 min read


ഫ്രാൻസിസ് ഒരു പ്രണയഭ്രാന്തനാണെന്നാണ് സോഫിയയ്ക്ക് തോന്നിയത്. ഭ്രാന്ത് എന്നുവച്ചാൽ വല്ലാത്തൊരുന്മാദം. അയാളുടെ വാചാലമായ സംസാരത്തെ അവൾ ഓർത്തു. എവിടെനിന്നോ ആരംഭിക്കുന്നു, എവിടെയോ ചെന്നവസാനിക്കുന്നു. അവസാനിക്കുന്നു എന്നുള്ളതൊരു തോന്നൽ മാത്രം. അവസാനമേയില്ല. അയാളിലൂടെ ഇളകിമറിയുന്ന ഒരു പ്രണയക്കടലിനെ സോഫിയ കണ്ടു. ലോകത്ത് നിലനിൽക്കുന്ന ഏറ്റവും വലിയ സത്യം പ്രണയമാണെന്നും, പ്രണയവികാരത്തിന്റെ അവസാനമില്ലാത്ത വേലിയേറ്റങ്ങൾ ഇല്ലെങ്കിൽ ജീവിതംതന്നെ നിരർഥകമാണെന്നും അയാൾ സോഫിയയുടെ കാതുകളിൽ മന്ത്രിച്ചു. അപ്പോഴും മനസ്സിലൂടൊരു വലിയ തിരമാല ആഞ്ഞടിക്കുന്നതായും ആ തിരമാലയുടെ കൈകളിലൂടെ ഫ്രാൻസിസിനൊപ്പം താൻ വായുവിലേക്ക് ഉയർത്തപ്പെട്ടു പോകുന്നതായും സോഫിയയ്ക്ക്‌ തോന്നി. സത്യത്തിൽ അയാൾക്ക് ഭ്രാന്ത് തന്നെയുണ്ടോ? ഒരു പക്ഷേ ഉണ്ടെങ്കിൽ തന്നെ അതിലൊരു തെറ്റെന്താണ്? ഭ്രാന്ത് അത്രവലിയ മഹാപരാധമാണോ? എല്ലാ ബോധമണ്ഡലങ്ങളും നിശ്ശേഷം മാഞ്ഞുമറയുകയും, യാഥാർഥ്യങ്ങളുടെ പരുക്കൻ പ്രതലങ്ങൾവിട്ട് ഭ്രമാത്മകതയുടെ മായിക മാന്ത്രിക തലങ്ങളിലേക്ക് മനസ്സുകൾക്ക് സഞ്ചരിക്കാനും കഴിയുമെങ്കിൽ ഭ്രാന്ത് ഒരു അപരാധമാണോ?

ചിത്രീകരണം: രാജേന്ദ്രൻ പുല്ലൂർചിത്രീകരണം: രാജേന്ദ്രൻ പുല്ലൂർ

അതൊരനുഗ്രഹമല്ലേ? സോഫിയ അതൊക്കെ വെറുതേ ചിന്തിച്ചുകൂട്ടിയെന്നേയുള്ളൂ. ഫ്രാൻസിസ് എന്ന പ്രിയ കാമുകനെക്കുറിച്ച് ചിന്തിച്ചപ്പോൾ മനസ്സിലേക്ക് ഉയർന്നുവന്ന ചിന്തകൾ മാത്രം. പ്രണയത്തിന്റെ ഒരു ഭ്രാന്ത് തന്നെയാണ് ഫ്രാൻസിസ് തനിക്ക് നേരെ വച്ചുനീട്ടുന്നതെന്ന് മനസ്സിലാക്കിയപ്പോഴെല്ലാം ഉള്ളിന്റെയുള്ളിൽനിന്ന് ഫ്രാൻസിസിനോട് സ്നേഹം മാത്രമേ തോന്നിയിട്ടുള്ളൂ. പ്രണയത്തിന്റെ ഉന്മാദമായ ഒരു കടലിലൂടെ ഫ്രാൻസിസിനൊപ്പം നീന്തിത്തുടിക്കുകയും പകലുറക്കങ്ങളിൽപ്പോലും ഫ്രാൻസിസിനെ സ്വപ്നങ്ങൾ കാണാൻ തുടങ്ങുകയും ചെയ്തപ്പോൾ സോഫിയയിലൂടെ പ്രണയത്തിന്റെ തിരമാലകളായിരുന്നു ഉണർന്നൊഴികിയത്. ജീവിതം ഒരിക്കലും അപരിഷ്കൃതമാകരുതെന്നും അതിന്റെ എല്ലാ തീരങ്ങളെയും സ്വയം നവീകരിച്ചുകൊണ്ട് കൂടുതൽ കൂടുതൽ പരിഷ്കാരമാക്കേണ്ടതാണെന്നുമുള്ള ഫ്രാൻസിസിന്റെ നിഗമനങ്ങളോട്, ചിന്തകളോട് സോഫിയയ്‌ക്ക് യോജിപ്പ് മാത്രമേ ഉണ്ടായിരുന്നുള്ളൂ.

പ്രണയം ഒരു കടൽ ‐ ആയിരം തിരമാലകൾ ആഞ്ഞടിക്കുന്ന കടൽ. ആകാശത്തോളം ഉയരങ്ങളിലേക്ക് മനസ്സിന്റെ ഉന്മാദങ്ങളെ ഉണർത്തുന്ന കടൽ. “നിനക്കറിയാമോ സോഫിയാ... ഓരോ മനുഷ്യനും ഓരോ ജീവിയും നിലനിൽക്കുന്നത് ഉള്ളിലൂടെയൊഴുകുന്ന അവസാനമില്ലാത്ത പ്രണയത്തിന്റെ ഊർജം കൊണ്ടാണ്. പരസ്പരം ബന്ധിക്കപ്പെടാൻ ആ മാന്ത്രികച്ചരടില്ലെങ്കിൽ നൂലുപൊട്ടിയ പട്ടം കണക്കെ ഓരോ മനുഷ്യാത്മാവും ഓരോ ജീവാത്മാവും അന്തരീക്ഷത്തിലൂടെ അനാഥമായി ഉയർന്നുപൊങ്ങി, താഴെ നിപതിച്ചേക്കും.” ഫ്രാൻസിസിന്റെ വാക്കുകൾ ഓർത്തപ്പോൾ സോഫിയ ഒരിക്കൽ കൂടി മനസ്സിൽ കുറിച്ചിട്ടു. ഫ്രാൻസിസ് പ്രണയ ഭ്രാന്തൻ തന്നെയാണ്. അയാളുടെ വാക്കുകൾ വീണ്ടും വീണ്ടും മഴകൊണ്ടു തണുത്ത അന്തരീക്ഷത്തിലെ കാറ്റിനെപ്പോലെ അവളുടെ കാതുകളിലലച്ചു.


“സോഫീ... നിന്റെ ഓരോ തുള്ളി രക്തത്തെയും നിന്റെ ഓരോ രോമകൂപത്തെയും ഞാൻ തിരിച്ചറിയുന്നുണ്ട്. നിന്റെ ശ്വാസഗന്ധം പോലും എത്ര അകലത്തിലും എനിക്ക് അനുഭവപ്പെടുന്നുണ്ട്. നീ എപ്പോഴും എന്നരികിലുണ്ട്; എത്രയെത്ര കാതങ്ങൾക്കകലെയാണെങ്കിലും.” സോഫിയയുടെ ചുണ്ടുകളിൽ അറിയാതൊരു ചിരിവിടർന്നു. അപ്പോഴും അയാളുടെ സ്വരം കാതുകളിലുണ്ടായിരുന്നു. “എന്റെ ഹൃദയത്തിനൊപ്പം നിന്റെ ഹൃദയമെപ്പോഴുമുണ്ട്. നിന്റെ പാദചലനങ്ങൾ പോലും എനിക്ക് കേൾക്കാൻ കഴിയുന്നുണ്ട്. അതെത്ര ശാന്തമാണ്. നിന്റെ ഓരോ മുടിയിഴകളെയും ഞാൻ തഴുകുകയാണ്. ജന്മാന്തരങ്ങളിലെ ബന്ധം.” അപ്പോഴും സോഫി ചിരിച്ചു. ആ ചിരിയിലൂടെ ഒരായിരം ചോദ്യങ്ങൾ ഫ്രാൻസിസിൽ എത്തുന്നുണ്ടായിരുന്നു. ഒരു കൂരയ്ക്കു താഴെ, ഒരു ശ്വാസമായി കൂടെ കഴിയുന്ന ഭർത്താവ് സോളമൻ ഒരിക്കൽപോലും തന്നോട് പ്രണയത്തെക്കുറിച്ച് സംസാരിച്ചിട്ടേയില്ലെന്ന് ഫ്രാൻസിസിനോട് പറയുമ്പോൾ, അയാൾ അമർത്തിച്ചിരിച്ചു പറഞ്ഞു. “അതിന്, കല്യാണം കഴിക്കുന്നത് പ്രണയിക്കാനാണെന്ന് നിന്നോടാരു പറഞ്ഞു. കല്യാണത്തിലൂടെ നമ്മൾ പരസ്പരം നഷ്ടപ്പെടുകയാണ്.” സോഫിയയ്‌ക്ക് സത്യത്തിൽ ഫ്രാൻസിസിന്റെ ആശയങ്ങളോട് സംവദിക്കാൻ താൽപ്പര്യം തോന്നിയില്ല. പക്ഷെ അയാൾ പറഞ്ഞതിനെക്കുറിച്ച് ഒരുപാട് ചിന്തിക്കുകയും ചെയ്തു. സത്യത്തിൽ പ്രണയമെന്താണ്? ഫ്രാൻസിസ് എന്ന പ്രണയഭ്രാന്തൻ തന്റെ ജീവിതത്തിൽ വന്നില്ലായിരുന്നുവെങ്കിൽ ഇപ്പോഴും തനിക്കതൊരു മരീചിക മാത്രമായിരുന്നേനെ.

ചിത്രീകരണം: രാജേന്ദ്രൻ പുല്ലൂർചിത്രീകരണം: രാജേന്ദ്രൻ പുല്ലൂർ

പുതുവസ്ത്രങ്ങളണിഞ്ഞ്, മണവാട്ടിയായി സോളമന്റെ വധുവായി പള്ളിയിൽ നിന്നിറങ്ങുമ്പോൾ ഉള്ളിൽ നിറയെ സ്വപ്നങ്ങളുടെ മഹാപ്രപഞ്ചമുണ്ടായിരുന്നു. ലഭിക്കാൻ പോകുന്ന സ്നേഹക്കടലിനെക്കറിച്ച് വല്ലാതെ ചിന്തിച്ചു, മോഹിച്ചു, ആദ്യരാത്രിയിൽ സോളമൻ പതിയെ ചെവിയിൽ മന്ത്രിച്ചു.

“സോഫീ, നിന്നെ കണ്ടാൽ എനിക്കോർമ വരുന്നത് തടിച്ചുകൊഴുത്ത, വെട്ടാൻ പാകത്തിൽ നിൽക്കുന്ന ഒരു ആടിനെയാണ്.” സോഫിയയുടെ ഹൃദയത്തിലൂടെ ഇളകിമറിഞ്ഞ കടലിൽ എല്ലാ സ്നേഹത്തോണികളും ഗതികിട്ടാതെ അലഞ്ഞ് വീശിയ കാറ്റിനൊപ്പം സമുദ്രത്തിന്നഗാധതയിലേക്ക് മുങ്ങിത്താഴുകയായിരുന്നു. എപ്പോഴുമെപ്പോഴും എല്ലാ രാത്രികളിലും പകലുകളിലും അവളറിയാതെ തന്നെ അവളൊരു വെട്ടാൻ പാകപ്പെട്ടു നിൽക്കുന്ന ഒരു ആട്‌ മാത്രമാവുകയായിരുന്നു. നഗരത്തിലെ ഇറച്ചിക്കടയിൽ പുതിയ പുതിയ ആടുകളെ വെട്ടാൻ കൊണ്ടുവരുമ്പോഴെല്ലാം, സോളമൻ സൂക്ഷ്മമായി അവയെ പരിശോധിച്ചു. അവയുടെയെല്ലാം മുഖത്ത് ഭാര്യയുടെ ഛായ തന്നെയാണെന്ന് അയാൾക്കു തോന്നുകയും മുന്തിയ വിലകൊടുത്തുതന്നെ അയാൾ അവയെ വാങ്ങി വെട്ടി കച്ചവടത്തിന് തയ്യാറാക്കുകയും ചെയ്തു.


മഴ അധികമായി പെയ്ത തണുത്ത രാത്രികളിൽ സോളമന്റെ രോമാവൃതമായ മാറിൽ തലചായ്ച്ച് കിടന്ന സോഫിയ ഏങ്ങലടിയുടെ ശബ്ദത്തോടെ അയാളോട് യാചിച്ചത് സ്നേഹത്തിനുവേണ്ടി മാത്രമായിരുന്നു. അപ്പോഴും അയാൾ ഒരു കൈകൊണ്ട് അവളുടെ മുടിയിഴകളിൽ തലോടുകയും സ്നേഹശാന്തസ്വരത്തിൽ കാതിൽ പറയുകയും ചെയ്തു. “ആട്ടിൻരോമങ്ങൾ എത്ര മൃദുലമാണ്, എത്ര ശാന്തമാണ്. അവയിലൊരു കൊടുങ്കാറ്റ് ജനിക്കുകയുമില്ല.” സോഫിയ അപ്പോഴും കടലഗാധതകളുടെ ഇരുണ്ട ഗുഹകളിലൂടെ അനാഥയെപ്പോലെ അലയുകയായിരുന്നു, വെളിച്ചത്തിന്റെ ഒരു നീർക്കണംപോലും ലഭിക്കാതെ. രാവ് വളർന്ന് വളർന്ന് ഒരു ഇരുണ്ട വടവൃക്ഷമായി അവർക്കുമുന്നിൽ ഉയർന്നപ്പോഴും സോളമൻ ഒരു വേട്ടക്കാരന്റെ മനസ്സോടെ സോഫിയയുടെ കാതിൽ മന്ത്രിച്ചു. “എനിക്ക് ഒരിക്കലും നിന്നെ, വെട്ടാൻ പാകപ്പെടുന്ന ഒരാടായല്ലാതെ മറ്റൊന്നായും കാണാനേ കഴിയില്ല. അല്ലെങ്കിൽത്തന്നെ അതിന്റെ ആവശ്യവുമില്ല. എന്റെ ജീവിതം തന്നെ ഈ ഭൂമിയിലുള്ളത് നല്ല കൊഴുത്ത ആടുമാടുകളെ വിലയ്ക്കെടുക്കാനും, അവയെ കീറി മുറിച്ച് വിൽപ്പന നടത്താനുമാണ്. എന്റെ ജീവിതം അവയുമായിട്ടുമാത്രമേ ബന്ധപ്പെടേണ്ടതുള്ളൂ. അതുകൊണ്ട് സോഫീ, നിന്നെ സ്നേഹിക്കാൻ കഴിയുന്നതുതന്നെ നീയൊരു കൊഴുത്ത ആടായി എനിക്കുമുമ്പിൽ നിറയുന്നതുകൊണ്ടാണ്.” സോഫിയ അനന്തരം ഉറക്കത്തിലേക്ക് വഴുതിവീഴുമ്പോൾ അയാൾ അവളെ ഒരാടിനെ കീറിമുറിക്കുന്നതുപോലെ നിരന്തരം കീറിമുറിച്ചുകൊണ്ടേയിരുന്നു. അപ്പോഴെല്ലാം ഉറക്കത്തിൽ അവൾക്ക് തലയ്ക്കുമുകളിൽ കൊമ്പുകൾ കിളിർക്കുവാനും ശരീരം മുഴുവൻ രോമങ്ങൾകൊണ്ട് നിറയുവാനും തുടങ്ങി. എപ്പോഴോ അവൾ നാലുകാലിൽ നടക്കാനും തുടങ്ങുന്നുണ്ടായിരുന്നു. മാത്രമല്ല, സോളമന്റെ ഇറച്ചിക്കടയിൽ വെട്ടാൻ ഊഴം കാത്തുനിൽക്കുന്ന മറ്റൊരാടായി മാറുകയും ചെയ്യുന്നുണ്ടായിരുന്നു.


ഒരാടിലേക്കുള്ള അവസ്ഥാന്തരം അവളിൽ സംഭവിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഫ്രാൻസിസ് എന്ന പ്രണയഭ്രാന്തൻ സോഫിയയുടെ ആത്മാവിലേക്ക് കുടിയേറിത്തുടങ്ങുന്നതും അവളുടെ ഓരോ രോമകൂപങ്ങളെപ്പോലും ആത്മാർഥമായി പ്രണയിക്കാൻ തുടങ്ങുന്നതും.

ഗ്രാമത്തിന്റെ ഉച്ചപ്പകലുകൾ തീകൊണ്ട് ആളിക്കത്തിയപ്പോഴാണ്, സോഫിയ താനൊരു മനുഷ്യസ്ത്രീയാണോ അതോ കൊഴുത്തുമുഴുത്ത ഒരു ആട്‌ തന്നെയാണോയെന്ന് സംശയിച്ചത്. ഒരിക്കൽ മാത്രം കണ്ടിട്ടുള്ള ഫ്രാൻസിസും ഓരോ ദിവസവും ഒരാടിനെപ്പോലെ തന്നെ പരിപാലിക്കുന്ന സോളമനും തരുന്ന ഉത്തരങ്ങൾ രണ്ടു രീതിയിലുള്ളതാണ്. ഫ്രാൻസിസിനെ അന്നു കണ്ടത് തികച്ചും യാദൃച്ഛികം. ഗ്രാമത്തിലും നഗരത്തിലും അന്നു തോരാതെ മഴ പെയ്ത പകലായിരുന്നു. സോളമൻ വെളുപ്പിനെ തന്നെ ഇറച്ചിക്കടയിലേക്ക് പോയിരുന്നു. മഴദിവസം കച്ചവടം കൂടുമെന്നാണ് അയാളുടെ കണക്കുകൂട്ടൽ. കൂടുതൽ ആളുകളും പുറത്തിറങ്ങാതെ വീടിന്റെ അകത്തളങ്ങളിൽ ചുരുണ്ടുകൂടുന്നതപ്പോഴാണ്. അപ്പോഴാണവർ മാംസാഹാരത്തെ കൂടുതൽ ഇഷ്ടപ്പെടുന്നതും. മസാല കൂടുതൽ ചേർത്ത് വേവിക്കുന്ന മാംസം ചൂടോടെ കഴിച്ചുകൊണ്ട് മറ്റെല്ലാം മറന്ന്, കൊട്ടിയടച്ച വീടുകളുടെ ജനലുകളിലൂടെ, പുറത്ത് തോരാതെ പെയ്യുന്ന മഴയെ നോക്കിനിൽക്കുന്നതും. അപ്പോൾ അവരെല്ലാം മറക്കും. വെന്ത മാംസവും വീഞ്ഞും ധാരാളം കഴിച്ച്, ലോകത്തിന്റെ എല്ലാ അസമാധാനങ്ങളെയും അസമത്വങ്ങളെയും വിസ്മരിച്ച്, പെയ്യുന്ന മഴകളിൽ മാത്രം അവരപ്പോൾ ജീവിക്കും. അത്തരമൊരു മഴപ്പകലിലായിരുന്നു, സോഫിയ കതകിന് മുട്ട് കേട്ടതും, ഓടിച്ചെന്ന് കതക് തുറന്നതും. സോളമൻ പെരുമഴയത്ത് വൈകിമാത്രമേ കടയിൽനിന്ന് വരുമായിരുന്നുള്ളൂ.

ചിത്രീകരണം: രാജേന്ദ്രൻ പുല്ലൂർചിത്രീകരണം: രാജേന്ദ്രൻ പുല്ലൂർ

നനഞ്ഞൊലിച്ച വേഷത്തിൽ നിൽക്കുന്ന ഫ്രാൻസിസിന് അവൾ ആദ്യം എടുത്തുകൊടുത്തത് തല തോർത്താനുള്ള തോർത്തായിരുന്നു. അതിനുശേഷം സോളമന്റെ ലുങ്കിയും ഒരു ബനിയനും കൂടി എടുത്തുനീട്ടിയപ്പോൾ ഫ്രാൻസിസ് ആദ്യം അത് നിഷേധിക്കുകയാണ് ചെയ്തത്. “വേണ്ട ‐ വേണ്ട. ഈ നനഞ്ഞ വസ്ത്രങ്ങൾ സാരമില്ല. മഴ അൽപ്പം ശമിച്ചാൽ ഞാൻ പോയ്ക്കൊള്ളാം. ” മഴ പുറത്ത് തകർത്തുപെയ്യുമ്പോൾ ഫ്രാൻസിസ് കൊച്ചുകുഞ്ഞിനെപ്പോലെ സോഫിയയുടെ അരികിലിരുന്ന് അവൾ ഇട്ടുകൊടുത്ത ചൂടുകാപ്പി ഊതിക്കുടിക്കുകയായിരുന്നു. അപ്പോഴെല്ലാം അയാൾ അയാളെ അവൾക്കുമുന്നിൽ വെളിപ്പെടുത്തുന്നുണ്ടായിരുന്നു. എപ്പോഴും യാത്ര ചെയ്യുന്നു. എവിടെയത് അവസാനിപ്പിക്കണമെന്ന് ഒരു തീർച്ചയുമില്ല. ഈ ലോകത്തിന്റെ ഏതെങ്കിലുമൊക്കെ തീരങ്ങളിലൂടെ വെറുതേ സഞ്ചരിക്കുക. ജീവിതങ്ങളെ കണ്ടുമുട്ടുക. അവരുടെ ജീവിതങ്ങളെ പഠിക്കുക. അത്രമാത്രമേ ലക്ഷ്യമുള്ളൂ. ബാക്കിയൊന്നിനെപ്പറ്റിയും അയാൾ ചിന്തിക്കുന്നില്ലായത്രെ.

സോഫിയ അത്ഭുതത്തോടെയെല്ലാം കേട്ടിരുന്നു. പുറത്ത് മഴ നൃത്തം ചെയ്തു. കാറ്റ് ഹുങ്കാരശബ്ദത്തോടെ വാതിൽപ്പാളികളിൽ തട്ടി ശബ്ദമുണ്ടാക്കി. സോഫിയയിൽനിന്ന് എപ്പോഴോ വെട്ടാൻ പാകപ്പെട്ട് നിൽക്കുന്ന ഒരു മുഴുത്ത ആട് അപ്രത്യക്ഷമാവുകയും അവളൊരു മനുഷ്യസ്ത്രീയായി മാറുകയും ചെയ്യുന്നുണ്ടായിരുന്നു.


മഴ തോർന്നനേരം യാത്ര പറഞ്ഞിറങ്ങുമ്പോൾ സോഫിയയുടെ വെളുത്ത തുടുത്ത വിരലുകളെ ചുണ്ടോടുചേർത്ത് അമർത്തി ചുംബിച്ചശേഷം ഫ്രാൻസിസ് പതിഞ്ഞ സ്വരത്തിൽ പറഞ്ഞു. “പ്രീയേ, നിയെനിക്ക് ഏറെ വേണ്ടപ്പെട്ടവളാണ്. ഒരു പക്ഷെ നിന്നെ കണ്ടുമുട്ടാനുള്ളൊരു മുൻവിധിയുണ്ടായിരിക്കണം. അതുകൊണ്ട് തന്നെയാണ് അപരിചിതമായ ഈ ഗ്രാമത്തിൽ ഞാൻ എത്തിയതും, ഒരു മഴയിൽ നമുക്കിവിടെ കഴിയാൻ കഴിഞ്ഞതും. ഒരിക്കലും നിന്നെ ഞാൻ മറക്കില്ല.” അയാളുടെ തിളങ്ങുന്ന കണ്ണുകളിൽ നിറഞ്ഞുതുളുമ്പുന്ന സ്നേഹക്കടലിലൂടെ നീന്തിത്തുടിക്കുവാൻ ഒരായിരം പ്രാവശ്യം കൊതിച്ചുവെങ്കിലും, സോഫിയയുടെ മനസ്സിൽ നഗരത്തിലെ ഇറച്ചിക്കടയും അവിടെ നിറഞ്ഞുനിൽക്കുന്ന ആടുകളുമായിരുന്നു.


ആ മഴ പെയ്തുതോർന്നിട്ട് കാലമെത്രയായി. പിന്നേയുമെത്രയോ പൊൻവെയിലും മഞ്ഞുകാലവും വന്നു. എത്രയോ കാറ്റും കഥകളെഴുതി കടന്നുപോയി. സോഫിയയുടെ ജീവിതത്തിൽ മറ്റൊന്നും സംഭവിക്കുന്നില്ലായിരുന്നു, അവളെപ്പോഴും ഒരു മുഴുത്ത ആടായി സോളമന്റെ കണ്ണുകൾക്കു മുമ്പിൽ വെട്ടാൻ പാകപ്പെട്ടുനിന്നുകൊണ്ടേയിരുന്നു.

ഫ്രാൻസിസിന്റെ ശബ്ദത്തിനുവേണ്ടി എപ്പോഴുമവൾ കാതോർത്തു. അയാൾ ഏതു ദേശങ്ങളിലൂടെ കടന്നുപോകുന്നുവെന്നോ ഏതു ദേശത്ത് ഇപ്പോൾ പാർക്കുന്നുവെന്നോ അവളറിഞ്ഞില്ല. പക്ഷെ അവളെ തേടിയെത്തുന്ന ഫോൺകോളിൽ നിറയെ തുളമ്പി നിറഞ്ഞത് അവസാനമില്ലാത്ത പ്രണയം മാത്രമായിരുന്നു. അപ്പോഴായിരുന്നു സോഫിയയ്ക്ക് ഒരിക്കൽ തോന്നിയത്, ഫ്രാൻസിസ് ഒരു പ്രണയ ഭ്രാന്തനാണോയെന്ന്. അപ്പോൾ തന്നെ അവൾ സ്വന്തം മനസ്സിനോട് പറഞ്ഞുകൊടുക്കുകയും ചെയ്തു. “പ്രണയം ഭ്രാന്താണെങ്കിൽ തന്നെ അതിലെന്ത് തെറ്റ്. ആകാശ സ്വർഗങ്ങളെ സ്വന്തമാക്കാൻ, ഭൂമിയിൽ, ഒഴുകുന്ന നിലാവിലൂടെ ഒരു സ്വർണ നദിയായി പതഞ്ഞൊഴുകാൻ പ്രണയത്തിലൂടെ കഴിയുമെങ്കിൽ, ആ പ്രണയം ഒരു ഭ്രാന്തായാലെന്ത്?”

ചിത്രീകരണം: രാജേന്ദ്രൻ പുല്ലൂർചിത്രീകരണം: രാജേന്ദ്രൻ പുല്ലൂർ

സോഫിയയുടെ ഹൃദയത്തിന്റെ ഉള്ളറകളിലൂടെ അപ്പോൾ നിലാവെളിച്ചം പരന്നൊഴുകി, ഒരു സ്വർണ സർപ്പത്തെപ്പോലെ. ആ സർപ്പത്തിന്റെ മുഖം വെട്ടിത്തിളങ്ങുന്നതു കണ്ടപ്പോൾ, സോഫിയയ്ക്ക് മഴയിലൂടെ നടന്നുമറഞ്ഞ ഫ്രാൻസിസിന്റെ മുഖമാണ് ഓർമവന്നത്. അവൾ അപ്പോൾ ചിരിച്ചു. അവളുടെ ഓരോ രക്തത്തുള്ളിയും അപ്പോൾ ആഹ്ലാദംകൊണ്ട് തുടുത്തുണർന്നു. ഓരോ രോമകൂപത്തിലൂടെയും അനുഭൂതികളുടെ കടൽ അലയടിച്ചു. അവൾ പതിയെ മന്ത്രിച്ചു. “ഫ്രാൻസിസ്... പ്രണയത്തിന്റെ രാജകുമാരാ... എന്നെ ഭ്രാന്തമായി പ്രണയിക്കുന്ന രാജകുമാരാ... ഇവിടെ നിലാവു മാത്രമേയുള്ളൂ. ആ നിലാവിലൂടെ പരന്നൊഴുകുന്നത് പ്രണയത്തിന്റെ മാന്ത്രികപ്പുഴ മാത്രമാണ്.” മഞ്ഞ് അസാധരണമാംവിധം താഴേക്ക് വീണ് പതിക്കുന്നുണ്ടായിരുന്നു. അപ്പോഴാണ് അവളിൽനിന്ന് കൊഴുത്തു മുഴുത്ത ആട് പടിയിറങ്ങിപ്പോയതും അവളുടെ തലയിൽ മുളച്ചുപൊന്താൻ തുടങ്ങിയ കൊമ്പുകൾ താനേ അപ്രത്യക്ഷമായതും, അവൾ അവളായി മാറാൻ തുടങ്ങിയതും.


സോളമൻ അപ്പോൾ തിരക്കിൽ തന്നെയായിരുന്നു, നഗരത്തിലെ തന്റെ ഇറച്ചിക്കടയിൽ. അയാൾക്കു മുന്നിൽ അപ്പോഴും വെട്ടാൻ വരിയായി നിർത്തിയിരിക്കുന്ന ആടുകളുടെ പേടിച്ചരണ്ട കണ്ണുകളും അവയുടെ കൊഴുത്തുരുണ്ട മാംസം നിറഞ്ഞ ഉടലുകളുമായിരുന്നു. അപ്പോഴും അയാൾ അവയിലോരോ മുഖത്തും സോഫിയയുടെ മുഖം കാണുകയും, അവയുടെ ഉടലിനെക്കണ്ട് സോഫിയയുടെ ഉടലിനെ ഓർക്കുകയും ചെയ്തു. പക്ഷേ സോഫിയ എപ്പോഴോ സോളമന്റെ ആട്ടിൻകൂട്ടത്തിൽനിന്ന് അവൾ പോലുമറിയാതെ പടിയിറങ്ങി പോകുന്നുണ്ടായിരുന്നു, മുകളിൽ ആകാശത്തിന്റെ മേഘപ്പരപ്പിലൂടെ ഫ്രാൻസിസ് എന്ന പ്രണയദൂതനോടൊപ്പം പറന്നു തുടങ്ങുന്നുണ്ടായിരുന്നു .



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home