ad
Deshabhimani

കഥ

പാതാളവഴി

ചിത്രീകരണം: കെ സുധീഷ്‌
avatar
രാജീവ്‌ ജി ഇടവ

Published on May 23, 2026, 12:25 PM | 9 min read



കോടതി പരിസരമൊന്ന് കണ്ണോടിച്ചു. രാധികയ്ക്കൊപ്പം മകളുണ്ടാകുമെന്ന ഉറച്ച വിശ്വാസത്തിലായിരുന്നു ജയരാജ്. കണ്ണിൽപ്പെടാതായപ്പോൾ സങ്കടത്തെക്കാളേറെ ആശ്വാസമാണുണ്ടായത്. ഭർത്താവ് വിലങ്ങുവെച്ച് ജയിലിലേക്കു പോകുന്നത് കാണേണ്ടല്ലോ. അതിനുള്ള കരുത്ത് അവൾക്കുണ്ടാകില്ല. അതോ വെറുപ്പോ. അതിജീവിക്കാനുള്ള തന്റേടം രാധികയ്ക്കില്ല. അവൾ എന്ത് തീരുമാനമെടുത്താലും ഇക്കാര്യത്തിൽ അതാകും ശരി.

ചിത്രീകരണം: കെ സുധീഷ്‌ചിത്രീകരണം: കെ സുധീഷ്‌

ഹിമയ്ക്ക് അന്ന് പ്രായം ഏഴ്. പ്രകാശന്റെ മകന് പതിനൊന്നും. പ്രകാശന്റെ മൈക്ക്സെറ്റ് കടയിൽവെച്ച് അവനെ കണ്ടിട്ടുണ്ട്. പ്രകാശന്റെ മരണശേഷം കട നടത്തിക്കൊണ്ടുപോയത് ഭാര്യയാണെങ്കിൽ പതിയെ മകൻ ഏറ്റെടുത്തു, ചെറുപ്രായത്തിൽ. അതറിഞ്ഞപ്പോൾ ജയരാജ് കുറ്റബോധത്തിൽ ഉലഞ്ഞു, താൻ കാരണമാണല്ലോ ആ കുടുംബം ആ വിധമായതെന്നോർത്ത്. ആ സംഭവം ഓർത്തോർത്ത് ശാരീരികവും മാനസികവുമായ പീഡനവും വേദനയും സ്വീകരിച്ചാണ് പതിനാല് കൊല്ലം തള്ളി നീക്കിയത്. അന്നെടുത്ത തീരുമാനമാണ് ഇനി നാട്ടിലേക്കില്ലെന്ന്.


ഒരിക്കൽപോലും രാധികയോ ഹിമയോ, ജയിലിൽ കാണാൻ വന്നില്ലല്ലോയെന്ന ചിന്ത വളർന്നു വരുമ്പോഴേക്കും ജയരാജ് അത് വേരോടെ പിഴുതെറിയും. അർഹനല്ലെന്ന് സ്വയം പറഞ്ഞ് പഠിപ്പിക്കും. ഒരു കുറ്റവാളിയെ വന്നു കാണേണ്ട ആവശ്യകത ഭാര്യയായാൽക്കൂടി അവൾക്കില്ല. അച്ഛനെന്ന രൂപത്തെ തന്നെ ഹിമയുടെ മനസ്സിൽനിന്നും രാധിക മായ്ച്ചുകളഞ്ഞിട്ടുണ്ടാകും. ശരിക്കും അതു തന്നെയാണ് വേണ്ടത്. ഈ പാപിയാണ് നിന്റെ അച്ഛനെന്ന് ചൂണ്ടിക്കാണിച്ചിട്ട് ഹിമയ്ക്ക് എന്തു നേട്ടം. വെറുക്കണം. അവരുടെ മനസ്സിൽനിന്നും വെറുപ്പിന്റെ ആധിക്യത്തിൽ ഇറങ്ങിപ്പോകണം.


എപ്പോഴെങ്കിലും ഹിമ ചോദിച്ചിട്ടുണ്ടാകുമോ അച്ഛനെ കുറിച്ച്. അറിയാതിരിക്കാൻ സാധ്യതയില്ല. ശരിയേക്കാൾ തെറ്റിനാണല്ലോ വാർത്താപ്രധാന്യം കൂടുതൽ. അതും ഒരു നാട്ടുമ്പുറത്താകുമ്പോൾ. കഥകൾ പലതും മെനഞ്ഞിട്ടുണ്ടാകും. ഒരു കൊലയാളിയുടെ കുടുംബത്തെ സ്വസ്ഥമായി ജീവിക്കാൻ അനുവദിക്കുമോ? ആ കഥകൾ കേട്ടു വളരുന്ന മകളുടെ മനസ്സിൽ അച്ഛനുള്ള സ്ഥാനം വെറുപ്പുമാത്രമാകും. അച്ഛന്റെ നെറികേട്‌ കാരണം ഒറ്റപ്പെടുമ്പോൾ ശപിച്ചിട്ടുണ്ടാകും. മകൾ മാത്രമല്ല, രാധികയും. ആ ഒരു ഘട്ടം എങ്ങനെയാകും അവർ തരണം ചെയ്തിട്ടുണ്ടാവുക. ആലോചിക്കുമ്പോൾ ഭയം ഒരു തേരട്ടയാകും.


എന്ത് കാരണത്തിന്റെ പേരിലാണ് പ്രകാശന്റെ പള്ളയ്ക്ക് കത്തി കേറ്റിയതെന്ന് പതിനാല് കൊല്ലം ജയരാജ് സ്വയം ചോദിച്ചു. എത്ര നീചനാണ് ജയരാജ് എന്ന ഈ കൊലയാളി. ഒരു പാട്ടിന്റെ പേരിൽ ഒരാളെ കൊല്ലുക!

സ്വന്തം നാട്ടിൽ മാത്രമല്ല, തൊട്ടടുത്ത ഗ്രാമപ്രദേശങ്ങളിലും ജയരാജ് തൊഴിൽ തേടി ചെല്ലും. പോകുമ്പോൾ ഓല കീറുന്ന കത്തി എളിയിൽ തിരുകിയിട്ടുണ്ടാകും. തെങ്ങുകയറ്റക്കാരൻ രവി തലേദിവസം വൈകുന്നേരം കവലയിൽവെച്ച് കാണുമ്പോൾ ആരുടെയെങ്കിലും പറമ്പിൽ ഓലവെട്ടുണ്ടെങ്കിൽ പറയും. വെട്ടിയിട്ട ഉണക്ക ഓലകൾ അപ്പോൾ തന്നെ കീറി വഴുതയിൽ കെട്ടും. കായൽ അടുത്തുള്ളതുകൊണ്ട് ആരും കിണറ്റിൻകരയിൽ അഴുകാനിടില്ല. ജയരാജ് തന്നെ തലച്ചുമടെടുത്ത് കായൽ വെള്ളത്തിൽ താഴ്ത്തും. പിറ്റേന്ന് അഴുകിക്കിട്ടും. അതെടുത്ത് വീടുകളിലെത്തുന്ന മെടച്ചിലുകാർക്ക് മുന്നിലെത്തിക്കും. പ്രധാന തൊഴിൽ അതാണെങ്കിലും ഇല്ലാത്തപ്പോൾ മറ്റെന്തുജോലിക്കും ജയരാജ് തയ്യാർ. എങ്ങനെയും വൈകുന്നേരമാകുമ്പോൾ കൈയിൽ കാശുണ്ടാകണം.

ചിത്രീകരണം: കെ സുധീഷ്‌ചിത്രീകരണം: കെ സുധീഷ്‌

നേരെ ചൊവ്വേ പഠിക്കാനോ കഴിഞ്ഞില്ല. ആ അവസ്ഥ തന്റെ മകൾക്ക് വരരുതെന്ന് ജയരാജ് എപ്പോഴും പറയാറുണ്ട്. കിട്ടുന്നതിൽനിന്നും ഒരു പങ്ക് സഹകരണബാങ്കിലെ ചിട്ടിയിൽ അടയ്ക്കും. മകൾക്കുവേണ്ടിയുളള കരുതൽ. ചുമ്മാ വീട്ടിലിരിക്കാതെ എന്തെങ്കിലും തൊഴില് പഠിക്കെടിയെന്ന നിരന്തരമുള്ള കുത്തിപ്പറച്ചിൽ കേട്ടു മടുത്തപ്പോഴാണ് രാധിക സരള സ്റ്റിച്ചിങ്‌ സെന്ററിൽ തയ്യൽ പഠിക്കാനിറങ്ങിയത്. അതുകൊണ്ട് അവർ പട്ടിണിയില്ലാതെ പതിനാല് കൊല്ലം കഴിഞ്ഞു. മകളെ ഡിഗ്രിക്കാരിയാക്കി ബാങ്ക് കോച്ചിങ്ങിന്‌ വിട്ടു.

രണ്ട് ഗ്ലാസ് വാറ്റടിക്കാതെ ഉറക്കം വരില്ല. ശീലങ്ങൾ മാറ്റാൻ കുറച്ച് ബുദ്ധിമുട്ടാണെന്ന് തുടക്കകാലത്ത് രാധികയുടെ മുറുമുറുപ്പിന് ഉറച്ച മറുപടി കൊടുത്തു. പിന്നെയും കുറെക്കാലം ആ മുറുമുറുപ്പുണ്ടായിട്ടും ശീലം മാറില്ലെന്ന് മനസ്സിലാക്കി രാധിക പൊരുത്തപ്പെട്ടു. പണി കഴിഞ്ഞാൽ നേരെ വളുപ്പൻ സോളമന്റെ വാറ്റൊഴിപ്പ് കേന്ദ്രത്തിലേക്ക് വെച്ചുപിടിക്കും. കൈയിൽ കാശുള്ളതുപോലെയാണ് ഗ്ലാസിന്റെ എണ്ണം. കടം പറയാറില്ല. പട്ടിണിയാണെങ്കിൽ മുണ്ട് മുറുക്കിയുടുക്കും. അത്തരമൊരു സാഹചര്യം ഇന്നുവരെ ഉണ്ടായിട്ടില്ല. പണിയെടുക്കുന്നവന് എന്നും പണിയുണ്ട്. ശരീരസുഖമുണ്ടെങ്കിൽ രാവിലെ തന്നെ എളിയിൽ കത്തിയും തിരുകി ഇറങ്ങും. കടം പറയാത്തതുകൊണ്ട് വളുപ്പനും സന്തോഷം. മറ്റുള്ള കുടിയൻമാർ കടം പറയുമ്പോൾ വളുപ്പൻ പറയും.


“ജയനെ കണ്ടു പഠിക്കിനെടാ എമ്പോക്കികളെ. എല്ലുമുറിയെ പണി ചെയ്യും വയറ് നിറയെ വാറ്റടിക്കും. അങ്ങനെയാടാ നല്ല കുടിയൻമാർ.”

അങ്ങനെയൊക്കെത്തന്നെയായിരുന്നു അന്നും. വരുന്ന വഴിക്ക് ദാമോദരൻ ചേട്ടന്റെ ചായപ്പീടികയിൽനിന്നും ഹിമയ്ക്കുള്ള എണ്ണ പലഹാരങ്ങളെന്തെങ്കിലും പതിവായി വാങ്ങാറുണ്ട്. കിട്ടാനുള്ള കാശ് അന്ന് കൈയിൽ തടഞ്ഞതുകാരണം അവളുടെ ഇഷ്ട ഭക്ഷണങ്ങളിലൊന്നായ ഗുണ്ടും ബീഫ് കറിയും വാങ്ങി. ജയരാജിന്റെയും ഇഷ്ട ഭക്ഷണങ്ങളിലൊന്നാണത്. അയാളാണ് അവളെ ശീലിപ്പിച്ചതും. പക്ഷേ രാധികയ്ക്ക് വലിയ താൽപ്പര്യമില്ല. പൊറോട്ടയും ബീഫ് ഫ്രൈയുമാണ് ഇഷ്ടം. അഞ്ച് ഗ്ലാസോളം അന്ന് മോന്തി. അങ്ങനെ ഇടയ്ക്കിടെ ഉണ്ടാകാറുണ്ട്. കൈയിൽ കാശുണ്ടാകണമെന്നു മാത്രം. തലയ്ക്കു പിടിച്ചു തുടങ്ങിയ ശേഷമാണ് വളുപ്പന്റെ ഒഴിപ്പ് കേന്ദ്രത്തിൽനിന്നും എഴുന്നേറ്റത്. കവലയെത്തും മുമ്പ് കേട്ടു പ്രകാശന്റെ മൈക്ക്സെറ്റ് കടയിലെ പാട്ട്. ഒരുമാതിരി ഊള പാട്ടാണല്ലോ അവൻ ഇന്ന് കേൾപ്പിക്കുന്നതെന്ന വിചാരത്തിലാണ് കവലയിലെത്തിയത്.


“നീലക്കുയിലിലെ പാട്ട് വയ്ക്കെടാ പ്രകാശാ.”

അതായിരുന്നു തുടക്കം. സാധാരണ കവലയിലെത്തി കടത്തിണ്ണയിലെവിടെയെങ്കിലുമിരുന്ന്, തള്ള്‌ വണ്ടിയിൽ കപ്പലണ്ടി വറുത്തു വരുന്ന ബാലനണ്ണന്റെ കൈയിൽനിന്നും കപ്പലണ്ടിയും വാങ്ങി കൊറിച്ച്, പ്രകാശനിടുന്ന പഴയ പാട്ടുകളും കേട്ടാണ് വീട്ടിലേക്ക് പോകാറുള്ളത്. പ്രകാശൻ മദ്യപിച്ചിരുന്നോ എന്ന് വ്യക്തമല്ല. ആരോടും മറുത്ത് പറയാത്തൊരാള് അങ്ങനെ പറഞ്ഞപ്പോൾ ആ സംശയം പിന്നീട് ബലപ്പെട്ടു.

“ഈയ്യാള് ആരാ ഉവ്വേ അത് പറയാൻ. തന്റെ സൗകര്യത്തിന് വയ്ക്കാൻ നിന്റെ തന്തയുടെ വകയൊന്നുമല്ലിത്‌്. ”

കടത്തിണ്ണയിലിരുന്നവർ അത് കേട്ടു ചിരിച്ചു. ലഹരിയാകും ജയരാജിന്റെ സമനില തെറ്റിച്ചത്. മറ്റുള്ളവരുടെ മുന്നിൽ അവഹേളിതനായെന്ന തോന്നൽ.

“തന്തയ്ക്ക് പറയുന്നോടാ ചെറ്റേ.”

ചിത്രീകരണം: കെ സുധീഷ്‌ചിത്രീകരണം: കെ സുധീഷ്‌

പ്രകാശന്റെ കുത്തിന് പിടിച്ച് ഉലച്ചു. പ്രകാശനും വിട്ടില്ല. പോക്രിത്തരം കാണിക്കുന്നോടാ എന്ന് ചോദിച്ച് ജയരാജിനെ പിടിച്ചുതള്ളി. അടിതെറ്റി ജയരാജ് നിലത്തു വീണു. തല ചെന്നിടിച്ച് വേദനിച്ചു. ആളുകൾ കടയ്ക്കു മുന്നിൽ കൂടി. കൈയിലുണ്ടായിരുന്ന പൊതി തെറിച്ച് ഗുണ്ടും ബീഫും ചിതറി. അയാളുടെ നോട്ടം ചിതറിയ ഭക്ഷണത്തിൽ തറഞ്ഞു. തന്റെ മകൾക്കു വാങ്ങിയ ഇഷ്ടഭക്ഷണം. അമർഷം അയാളുടെ ബോധത്തെ പിടിച്ചുമുറുക്കി. ഉരുണ്ടുപിടഞ്ഞെഴുന്നേറ്റ് തിണ്ണയിലേക്ക് കയറി. ജയരാജനുപോലുമറിയില്ല എന്താണ് സംഭവിച്ചതെന്ന്. ഒരു രഹസ്യശക്തി അയാളുടെ ശരീരത്തിലേക്ക് പ്രവേശിച്ചതുപോലെ ഇതുവരെയില്ലാത്തൊരു ഉശിരിൽ എളിയിൽ തിരുകിയിരുന്ന കത്തിയെടുത്തു കേറ്റി. പ്രകാശനൊന്നുലഞ്ഞു. അടുത്തനിമിഷം കുഴഞ്ഞ് നിലത്തുവീണു. ജയരാജിന്റെ കൈനിറയെ ചോര. ഇരച്ചുകയറിയ ഭയപ്പാടിൽ കൈകുടഞ്ഞു. വിരൽതുമ്പിൽ നിന്നും ചോര തെറിച്ചു.


അന്ധാളിപ്പിൽ നിന്നും കുതറി ചാടും മുമ്പ് ആരൊക്കെയോ ചേർന്ന് ജയരാജിനെ പൂണ്ടടക്കം പിടിച്ചു. തല്ലുകൊണ്ട് ചുണ്ട് പൊട്ടി ചോര വാർന്നു.

പതിനാല് കൊല്ലം കൊണ്ടെടുത്ത തീരുമാനത്തിന് ഒരു ഉലച്ചിലും സംഭവിച്ചില്ല. മാനസികവും ശരീരികവുമായ ഒരുക്കങ്ങൾ പൂർത്തിയായിരുന്നു. ഇനിയൊരിക്കലും നാട്ടിലേക്ക് തിരിച്ചു വരാത്തവിധമൊരു യാത്ര. സമാധാനം തേടി അലയാൻ പറ്റിയൊരിടമായിരുന്നു അയാളുടെ ലക്ഷ്യം. ജയിൽവാസം കഴിഞ്ഞിറങ്ങുമ്പോൾ പ്രത്യേകിച്ചൊന്നും തോന്നിയില്ല. ഇനിയുള്ളത് ഒറ്റപ്പെട്ടൊരു ജീവിതം. ബസ്‌സ്റ്റാൻഡായിരുന്നു ലക്ഷ്യം. പൊടുന്നനെയൊരു പെൺകുട്ടി വഴിയരികിൽ നിന്ന് മുന്നിലേക്കുവന്നു. ഒന്നറച്ച അയാൾ, ഈ കുട്ടിക്കെന്താ കണ്ണ് കണ്ടൂടെയെന്ന വിചാരത്തിൽ മുന്നോട്ടുനടന്നു. പൊടുന്നനെ അയാളെ ഞെട്ടിച്ചുകൊണ്ട് ആ കുട്ടി കൈത്തണ്ടയിൽ കടന്നുപിടിച്ചു. അമ്പരപ്പിൽ ജയരാജന്റെ കണ്ണുകൾ തുറിച്ചു. നിറചിരിയിൽ നിൽക്കുന്ന അവളുടെ മുഖത്തേക്കു നോക്കി. നോട്ടത്തിന്റെ അന്ത്യത്തിൽ ജയരാജ് തളർന്ന് റോഡരികിലെ തിട്ടയിലിരുന്നു. ശരീരം വിയർത്തു. കൺപോളകൾക്ക് കനംവെച്ചു.


“അച്ഛാ...”

അരികിലിരുന്ന് അപാരമായ വാത്സല്യത്തിൽ അവൾ വിളിച്ചു. കാഴ്ചയ്ക്കു മുന്നിൽ രൂപപ്പെട്ട കണ്ണീർ നെയ്ത വലയിലൂടെ തോറ്റൊരാളെപ്പോലെ അവളെ നോക്കി. കൈത്തണ്ടയിലെ പിടി മുറുകുന്നുവെന്നറിഞ്ഞപ്പോൾ അവളെ ഒന്ന് ചേർത്തുപിടിക്കാൻ അയാൾ കൊതിച്ചു. പക്ഷേ കൈയിൽ പുരണ്ട ചോരക്കറ അവളുടെ ദേഹത്ത് പാടില്ലെന്നൊരു ഉൾവിളി. ഒരകലം അവർക്കിടയിൽ ഏതോ കാലത്ത് രൂപപ്പെട്ടവിധം അയാളുടെ കൈകൾ കുഴഞ്ഞുകിടന്നു.

എന്തോ ഓർത്തിട്ടെന്നവിധം ജയരാജ് അമ്പരപ്പിൽ അവളെ നോക്കി. എങ്ങനെ അവൾ തിരിച്ചറിഞ്ഞു. ഏഴാം വയസ്സിന്‌ ശേഷം പരസ്പരം കണ്ടിട്ടില്ല. അയാളുടെ മുഖത്തുനിന്നും അക്കാര്യം വായിച്ചെടുത്തവിധം ഹിമ റോഡിന്റെ മറുവശത്തേക്ക് വിരൽചൂണ്ടി. അവിടെ വെള്ളിനാരു പോലെ സമൃദ്ധമായി മുടിയുള്ളൊരു സ്ത്രീ ഒരു കറുത്ത ടാക്സിക്കരികിൽ നിൽക്കുന്നുണ്ടായിരുന്നു. കറുത്ത ഫ്രെയിമുള്ള കണ്ണടവെച്ചിട്ടും മുടി മുഴുവൻ നരച്ചിട്ടും അവളെ തിരിച്ചറിഞ്ഞു. ‘രാധിക’ അയാളുടെ അധരം വിറകൊണ്ടു.

വിയർപ്പിൽ കുതിർന്ന് തളർന്നുപോയ അയാളെ ഹിമ ചേർത്തുപിടിച്ചു. ചിരി നിറഞ്ഞ അവളുടെ മുഖത്തേക്കും ജീവിത പ്രാരാബ്ധങ്ങൾ കൊണ്ട് പക്വതയാർന്ന രാധികയുടെ മുഖത്തേക്കും മാറി മാറി നോക്കി ആശ്വാസ നെടുവീർപ്പിട്ടു. ജീവിതത്തിലെ ഏറ്റവും സുന്ദരമായ നിമിഷമാണതെന്ന് ജയരാജിന് തോന്നി. ഇതുവരെ അയാളെ ഭരിച്ചിരുന്ന ഏകാന്തതയും നിസ്സഹായതയും വിട്ടകന്നു. അവളുടെ ചുമലിൽ തല ചായ്ക്കുമ്പോൾ കഴിഞ്ഞ പതിനാല് കൊല്ലം പാതാളവഴിയിൽ കിടന്ന് ചിന്തിച്ചുകൂട്ടിയതും എടുത്ത തീരുമാനങ്ങളുമൊക്കെ ചത്തൊടുങ്ങി.


ഒരിക്കലും പ്രതീക്ഷിക്കാത്ത ആ തിരിച്ചുവരവിൽ ഏറെ സന്തോഷിച്ചെങ്കിലും, ജയരാജിന്റെ അസാന്നിധ്യത്തിൽ നേരിടേണ്ടി വന്ന മനഃസംഘർഷങ്ങൾ രാധിക ഇറക്കിവയ്ക്കുന്നതിനിടയിൽ കോറിയിട്ട കനൽ ഒട്ടും വൈകാതെ ആളിക്കത്തി. ആ ദിവസം അയാളിലുടലെടുത്ത പ്രതീക്ഷ മുഴുവൻ വാർന്നുപോയതുപോലെ അന്ധാളിപ്പിൽ കണ്ണുകൾ മിഴിച്ചു. പതിനാല് കൊല്ലത്തെ അവളുടെ ദുരിതപൂർണമായ ജീവിതം കേട്ട് ആർദ്രതയിൽ അവളെ കരവലയിത്തിലൊതുക്കി, പുതിയൊരു ജീവിതം അവർക്ക് രണ്ടാൾക്കും കൊടുക്കണമെന്ന തീരുമാനം അരക്കിട്ടുറപ്പിച്ചത് ഒരു നിമിഷംകൊണ്ട് ഉരുകിയൊലിച്ചു.


കഥ പറച്ചിലിനിടയിൽ ഒട്ടും പ്രതീക്ഷിക്കാതെയുള്ള പ്രകാശന്റെ മകൻ രാഹുലിന്റെ കടന്നുകയറ്റം സർവനാഡീഞരമ്പുകളെയും ചതച്ചരച്ച് ജയരാജിനെ ശവതുല്യമായൊരവസ്ഥയിലെത്തിച്ചു. സംസാരിക്കാൻ കഴിയാത്തവിധം നാവ് ചത്തുമലച്ചു. ദയനീയമായി രാധികയെ നോക്കി.

രാവിലെയെഴുന്നേറ്റ് തയ്ക്കുന്നതുകൊണ്ട് രാധിക അഞ്ചരമണിക്കെഴുന്നേൽക്കും. അഞ്ചാറ് കോഴിയുണ്ട്. മുഖം കഴുകുംമുമ്പേ കൂട്ടിൽനിന്നും തുറന്നുവിടും. വാതിൽ തുറന്ന് ഇറങ്ങിയ രാധിക ഞെട്ടി പിന്നിലേക്ക് ചുവടുവെച്ചു. വെട്ടം വീണു വരുന്നതേയുള്ളൂ. ഇലച്ചാർത്തുകളിൽ നിന്നും രാത്രി പൊഴിഞ്ഞ് മഞ്ഞിറ്റുന്നുണ്ട്. ചവിട്ടുപടിയിലൊരാൾ. പേടിച്ച് വിളറിയ രാധിക ഉള്ളിലേക്കു കയറി, അതിരാവിലെ ആരാണെന്ന ചിന്തയിലും വെപ്രാളത്തിലും. ഹിമയെ വിളിച്ചുണർത്താൻ തിരിയുമ്പോൾ അവന്റെ ഒച്ച പിടിച്ചുനിർത്തി. രാധികയുടെ പെരുവിരലിൽ നിന്നൊരു വിറ കയറി. പരിചിതമുള്ളൊരാളെപ്പോലെ അവൻ ചിരിച്ചു.

“എന്നെ മനസ്സിലായിക്കാണുമെന്നറിയാം. അതാണല്ലോ ചേച്ചിയുടെ മുഖത്തുണ്ടായ പരിഭ്രമം. എന്നാലും ഞാൻ പരിചയപ്പെടുത്താം. രാഹുൽരാജ്. പ്രകാശന്റെ മകൻ.”


പേടി കാരണം വിളറി വെളുത്തു. പലപ്പോഴും അവനെ കണ്ടിട്ടുണ്ട്. അപ്പോഴെല്ലാം അവന്റെ കൺവെട്ടത്തെത്താതെ മാറി നടക്കും. കൊലക്കിരയായ ഒരാളിന്റെ മകൻ എങ്ങനെയാകും പ്രതികരിക്കുകയെന്ന ഭയം. പക്ഷേ ഇന്ന് വീട്ടുമുറ്റത്ത്.

“എന്തിനാണ് വന്നതെന്ന് ചേച്ചിക്കറിയോ. ശിക്ഷ കഴിഞ്ഞ് അയാൾ വരുന്നുണ്ട്. നിങ്ങൾ അറിഞ്ഞുകാണും. ഇടയ്ക്കിടെ മകളെ ജയിൽ പരിസരത്തുവെച്ച് കണ്ടിട്ടുണ്ട്. പക്ഷേ അയാളെ കാണാറില്ലെന്നറിയാം. ഇനി അയാൾ കാണണ്ടെന്ന്‌ പറഞ്ഞതോ, നിങ്ങൾ കാണണ്ടെന്നു തീരുമാനിച്ചതോ... രണ്ടായാലും അത് എന്റെ വിഷയമല്ല. പക്ഷേ നിങ്ങൾ അയാളുടെ വിശേഷങ്ങൾ കൃത്യമായി അറിയുന്നുണ്ട്. അതുപോലെ ഞാനും. എന്റെ ഈ ജീവിതം തന്നെ അയാൾക്കു വേണ്ടിയിട്ടാണ്. എല്ലാ കരുതലോടെയും ഞാൻ കാത്തിരിക്കാൻ തുടങ്ങിയിട്ട് കാലമെത്രയായെന്നറിയോ. എന്തിനാണെന്ന് അറിയണ്ടെ. അയാൾ ഇറങ്ങിയിടത്തേക്ക് എനിക്ക് പോകാൻ.”


തുടർന്നുള്ള ഓരോ നിമിഷവും ജയരാജ് ഓർത്തോർത്ത് നീറി. അവൾ പറയേണ്ടിയിരുന്നില്ലെന്ന് തോന്നിയെങ്കിലും പതിനാല് കൊല്ലത്തിന് ശേഷമെത്തിയ ഭർത്താവിന്റെ ജീവന് ഭീഷണിയുണ്ടെന്ന് ഒളിപ്പിക്കുന്നതെങ്ങനെ. വെളിപ്പെടുത്തലിനു ശേഷമുള്ള ജയരാജിന്റെ ഇരിപ്പും മൗനവും ചിന്തയും കണ്ട് മനംനൊന്ത രാധിക ഒരു വൈകുന്നേരം ചായ കുടിച്ചിരിക്കുമ്പോൾ പറഞ്ഞു.

“ഇങ്ങനെ ബേജാറാവുകയൊന്നും വേണ്ട. അറിഞ്ഞിരിക്കാൻ വേണ്ടി പറഞ്ഞതാണ്. അതിനുള്ള ചങ്കുറപ്പൊന്നും പ്രകാശന്റെ മകനില്ല.”

ആ ധൈര്യപ്പെടുത്തൽ, തന്റേടം അയാൾക്ക് അവിശ്വസനീയമായിരുന്നു. പതിനാല് കൊല്ലത്തെ ജീവിതം അവളെ കരുത്തുറ്റൊരു പെണ്ണാക്കി മാറ്റി. രാധികയെക്കാൾ ഒരുപടി മുന്നിലായിരുന്നു ഹിമ. ഒരു കൂസലില്ലായ്മ അവളുടെ സംസാരത്തിലും ശരീരചലനത്തിലും അയാൾ ശ്രദ്ധിച്ചു. കൊലയാളിയായ ഒരച്ഛന്റെ മകൾ എങ്ങനെയായിരിക്കുമെന്ന് ജയിലിൽ കിടന്ന് സങ്കൽപ്പിച്ചു കൂട്ടിയതൊക്കെ ഒരു നിമിഷംകൊണ്ട് ഇല്ലാതായി. ‘അച്ഛന്റെ രാധു അക്കാര്യം പറഞ്ഞല്ലേ’ ലാഘവത്തിലാണ് അവൾ ചോദിച്ചത്.


“രാഹുലിനെ കുറിച്ചാണ് അച്ഛൻ ചിന്തിക്കുന്നതെങ്കിൽ അത് വേണ്ട. ഇവിടെ അവൻ വന്നെന്നുള്ളത് ശരി തന്നെ. ഒന്ന് ഭീഷണിപ്പെടുത്തിയേക്കാമെന്ന് തോന്നിക്കാണും. അവനെ കാണുമ്പോൾ പേടിച്ചാലോ. പിന്നെ അച്ഛാ. എന്ത് കുന്തമായാലും വരുന്നിടത്ത് വെച്ച് കാണാമെന്ന ചിന്തയിൽ ജീവിക്കണം. പണ്ടാരാണ്ട് പറഞ്ഞതുപോലെ വരാനുള്ളത് വഴിയിൽ തങ്ങില്ല. അച്ഛൻ മനഃപൂർവമല്ലല്ലോ രാഹുലിന്റെ അച്ഛനോട് അങ്ങനെ കാണിച്ചത്. അതിനുള്ള ശിക്ഷയും അനുഭവിച്ചു. അതൊക്കെ ആരെങ്കിലും മുൻകൂട്ടി കണ്ടിട്ടാണോ. ഒന്നും സംഭവിച്ചില്ലച്ഛാ. ഇങ്ങനെ വീട്ടിൽ തന്നെ ഒതുങ്ങിക്കൂടാതെ വാർഡ് മെമ്പർ പറഞ്ഞതുപോലെ കവലയിലേക്കൊക്കെ ഇറങ്ങണം. ആളുകൾ എന്തു പറയുമെന്ന വിചാരമാണെങ്കിൽ അതൊന്നും കാര്യമാക്കണ്ട. അങ്ങനെയായിരുന്നെങ്കിൽ ഞങ്ങൾ ഇന്ന് ഉണ്ടാകുമായിരുന്നില്ല.”

തോളിലൂടെ കൈയിട്ട് അവൾ ചിരിച്ചു. രണ്ട് പെണ്ണുങ്ങളുടെ ഒറ്റയ്ക്കുള്ള ജീവിതത്തിലെ തന്റേടം. അതിനു മുന്നിൽ വാക്കുകൾ നഷ്ടപ്പെട്ട് ജയരാജ് ഇരുന്നു.


കവലയിലേക്ക് ഇറങ്ങിയെങ്കിലും പ്രകാശന്റെ മകൻ ഉള്ളിലൊരു കനലായി അവശേഷിച്ചു. വന്നതറിഞ്ഞ് വാർഡ് മെമ്പറടക്കം വീട്ടിൽ വന്ന് പഴയതൊക്കെ മറന്ന്, പുതിയൊരു ജീവിതം തുടങ്ങണമെന്നൊക്കെ പറഞ്ഞ് ചേർത്തു പിടിച്ചിട്ടും ഉള്ളിലെ ഭയം ഉന്മേഷത്തെ കെടുത്തി. കത്തിയുമായി രാഹുൽ വന്ന് മുന്നിൽ നിൽക്കുന്നത് സ്വപ്നം കണ്ട് ഞെട്ടി ഉണർന്നു. വീടുവരെയെത്തി ഭീഷണി മുഴക്കണമെങ്കിൽ അവൻ കാത്തിരിക്കുകയാവും, ഒരവസരത്തിനായി. ഒരേസമയം കോപവും നിരാശയുമുണ്ടായി. സമനില തെറ്റുമെന്ന് തോന്നിയ ഏതോ ഒരു നിമിഷത്തിലാണ് വീടിനു പിന്നിലെ ചായ്പ്പിലേക്ക് ഇറങ്ങിയത്.

മൂർച്ച കുറയുമ്പോൾ ഓലമടൽ കീറുന്ന കത്തികൾ ഉപേക്ഷിക്കും. ചായ്പ്പിലൊരു പാട്ടയിലാണ് കൊണ്ടിടാറുള്ളത്. പതിനാല് കൊല്ലമായിട്ടും അതിനുള്ളിൽ അപ്പോഴും ഉണ്ടായിരുന്നു കത്തികൾ, അയാളെയും കാത്തിട്ടെന്നവിധം. ജയിലിലായതിനു ശേഷം ആ പാട്ടയ്‌ക്കരികിലേക്ക് ആരും ചെന്നിട്ടുണ്ടാകില്ല. മാറാലമൂടി കിടക്കുന്നു. തുരുമ്പെടുത്ത് ദ്രവിച്ചു തുടങ്ങിയതിൽനിന്നും കുറച്ചെങ്കിലും നല്ലതെന്നു തോന്നിയ ഒരെണ്ണമെടുത്തു. രാധിക തയ്യൽ സാധനങ്ങൾ വാങ്ങാനായി ടൗണിലേക്കും ഹിമ കോച്ചിങ്‌ സെന്ററിലേക്കും പോയശേഷമാണ് അയാൾ ആലയിലേക്കിറങ്ങിയത്.


“വീണ്ടും പഴയ തൊഴിലിലേക്ക് ഇറങ്ങാൻ ഇപ്പോൾ ഓല കീറലൊന്നുമില്ല ജയാ.”

ആല മേസ്ത്രി പണിത് കൊടുക്കുമ്പോൾ പറഞ്ഞു. കത്തി പണിതതിനു പിന്നിൽ വല്ല ദുരുദ്ദേശ്യവുമുണ്ടോയെന്ന് ചോദിക്കാഞ്ഞത് ഭാഗ്യം.

“ഒരു കൈയബദ്ധം. അങ്ങനെ കരുതിയാൽ മതി.”

വാർഡ് മെമ്പർ അങ്ങനെ പറഞ്ഞാണ് സമാധാനിപ്പിച്ചത്. അതാകും നാട്ടുകാരുടെയും മനസ്സിൽ. അല്ലെങ്കിൽ ഒരു കൊലയാളി കത്തി പുതുക്കി പണിയുമ്പോൾ സ്വാഭാവികമായും ഉണ്ടാകുന്നൊരു സംശയം മേസ്ത്രിയുടെ മുഖത്ത് കണ്ടില്ല.

“നല്ല ഉരുക്കല്ലേ. നശിച്ചു പോകണ്ടെന്നു കരുതി. വീട്ടാവശ്യങ്ങൾക്കെടുക്കാമല്ലോ.”

ധൃതിയിൽ അവിടെനിന്നും രക്ഷപ്പെട്ടു. കൂടുതൽ ചോദ്യങ്ങൾക്ക് നിന്നുകൊടുക്കാതെ.


ഒരാഴ്ചത്തെ കാത്തിരിപ്പ്. അതിനിടയിൽ വീണ്ടും തെറ്റിലേക്കല്ലേ ഇറങ്ങിച്ചെല്ലുന്നതെന്നോർത്ത്, തിരുത്താൻ വേണ്ടി ചിന്തിച്ച് ചിന്തിച്ച് തലച്ചോറ് ചൂടുപിടിച്ചു. അശുഭചിന്തകൾ മേയാൻ തുടങ്ങിയപ്പോൾ ഒട്ടും അനുകമ്പയില്ലാത്തൊരു ഭയം അയാളെ കീഴ്പ്പെടുത്തി. സമാധാനപരമല്ലാത്ത ജീവിതം എത്ര കാലമെന്നുവെച്ചാണ്. ഒരു വൈകുന്നേരം കത്തിയും എളിയിൽ തിരുകി അയാൾ ഇറങ്ങി. അന്നേരം പാതാളവഴിയിൽ ഉപേക്ഷിച്ച ഓലകീറുന്ന ജയരാജ് സടകുടഞ്ഞെഴുന്നേറ്റു. കവലയിലേക്ക് ഇറങ്ങുകയാണെന്ന് രാധികയോട് പറയുമ്പോൾ നെഞ്ച് പിടച്ചു. അന്നേരം ഹിമ ഗുണ്ടിന്റെയും ബീഫിന്റെയും കാര്യം ഒരിക്കൽകൂടി ഓർമിപ്പിച്ചു. കവലയിലേക്ക് ഇറങ്ങിയ അന്നുമുതൽ പറയുന്നതാണ്. അതിനുപിന്നിൽ അവളുടെ പഴയ അച്ഛനെ വീണ്ടെടുക്കലാകും. പക്ഷേ ഇതുവരെയും സാധിച്ചില്ല. അവളെ ദയനീയമായി നോക്കി ചിരിച്ചെന്നു വരുത്തി നടവഴിയിലേക്ക് ഇറങ്ങി. ഇനിയൊരു മടക്കം ഉണ്ടാകില്ലെന്ന് പറയാൻ കൊതിച്ച നാവിനെ അടക്കിനിർത്തി.


തലവര ചിലപ്പോൾ ഇങ്ങനെയാകും. അതുകൊണ്ടാണല്ലോ ശത്രുക്കളില്ലാതിരുന്നിട്ടും പ്രകാശന്റെ മകന്റെ രൂപത്തിലുണ്ടായത്. എല്ലാം അവസാനിക്കുന്നു. ജയരാജ് ഇനി ഇല്ല. ആ ഒരു ഉറപ്പാക്കലിനു ശേഷമാണ് രാഹുലിന്റെ മൈക്ക്സെറ്റ് കടയിലേക്ക് കാലെടുത്തുവെച്ചത്.

വയർ ചുറ്റിക്കെട്ടുന്ന രാഹുൽ ആൾസാന്നിധ്യം അറിഞ്ഞ് തിരിഞ്ഞുനോക്കി. അപരിചിതനെ കണ്ട് ധൃതിയിൽ അവൻ പുറത്തേക്കു വന്നു. ക്ഷേത്ര കമ്മിറ്റിക്കാരോ പള്ളിക്കാരോ പാർടിക്കാരോ മൈക്ക്സെറ്റ് ബുക്കിങ്ങിനെത്തിയതാകും. ചിരിച്ചുകൊണ്ട് എന്നത്തേക്കാണെന്ന ചോദ്യവുമായി അയാൾക്കു മുന്നിൽ വന്നു നിന്നു. നിഷ്കളങ്കമായി ചിരിക്കുന്ന ഈ ചെക്കനാണോ ഒരാളെ കൊല്ലാൻ നടക്കുന്നതെന്ന വിചാരത്തിൽ ജയരാജ് ഉള്ളിലേക്കു കയറി. ചുറ്റുമൊന്ന് നോക്കി. മൈക്ക്സെറ്റ് സാധനങ്ങളാണ് നിറയെ. മധ്യത്തിൽ ഒരു മേശയും കസേരയും. അയാൾ കസേര വലിച്ചിട്ടിരുന്നു. അയാളുടെ ആ പ്രവൃത്തിയിൽ രാഹുലിന് സംശയം തോന്നി.

“രാഹുൽ ഇരിക്ക്. ”


ഗൗരവം നിറഞ്ഞ ശബ്ദത്തിൽ തന്നോട് ഇരിക്കാൻ പറഞ്ഞ അയാൾ ആരാണെന്ന് രാഹുലിനൊരു പിടിയും കിട്ടിയില്ല. സന്ദേഹത്തിൽ മേശയ്ക്ക് എതിർവശത്തെ കസേരയിൽ ഇരുന്നു. മുന്നിലിരിക്കുന്ന മനുഷ്യനെ അടിമുടിയൊന്നു നോക്കി. അയാളുടെ നോട്ടത്തിലെന്തോ പന്തികേടുണ്ടെന്ന്‌ തോന്നിയ രാഹുൽ ആരാണെന്നു ചോദിക്കാൻ മുതിർന്ന നിമിഷം ജയരാജ് തന്റെ എളിയിലുണ്ടായിരുന്ന കത്തിയെടുത്ത് മേശമേൽ വെച്ചു. പിടഞ്ഞെഴുന്നേറ്റ രാഹുലിനോട് അയാൾ കൈയെടുത്ത് അവിടെ ഇരിക്കാൻ പറഞ്ഞു. ആജ്ഞസ്ഫുരിക്കുന്ന അയാളുടെ നോട്ടത്തിനു മുന്നിൽ എഴുന്നേറ്റതിനേക്കാൾ വേഗത്തിൽ രാഹുൽ ഇരുന്നു.


“രാഹുലിന് ഇപ്പോൾ എന്നെ മനസ്സിലായിക്കാണുമല്ലോ. വളച്ചുകെട്ടില്ലാതെ ഞാൻ കാര്യത്തിലേക്കു കടക്കാം. അതാകും നമുക്ക് രണ്ടുപേർക്കും നല്ലത്. എങ്ങനെയാണ് അന്ന് അത് സംഭവിച്ചതെന്ന് ഇന്നും എനിക്ക് അറിയില്ല. പതിനാല് കൊല്ലം അതിന്റെ പേരിൽ ഞാൻ പാതാളത്തിൽ കിടന്നു. സത്യം. അതൊരു പാതാളമാണ്. ആ വഴിയിലേക്ക് കടന്നാൽ ഒരു മടങ്ങിവരവ് അസാധ്യം. എന്തിന് ഞാൻ അത് ചെയ്തു. ആ ചോദ്യത്തിന് ഉത്തരം തേടുകയായിരുന്നു പതിനാല് കൊല്ലം. എന്റെ നല്ല ആയുസ്സ്‌ അങ്ങനെ കഴിഞ്ഞു. ഇനി ഒരാൾപോലും അവിടേക്ക് പോകരുതെന്നാണ് എന്റെ പ്രാർഥന.”

പൊടുന്നനെ ജയരാജിൽ ശ്വാസം വിലങ്ങിയതു പോലൊരു ശബ്ദമുണ്ടായി. ചുമച്ചു. കണ്ണുകൾ ചുവന്നു കലങ്ങി. ചെന്നിയിലൂടെ വിയർപ്പൊലിച്ചു. കിതപ്പടക്കാൻ നെഞ്ചുഴിഞ്ഞ് പരിഭ്രമത്തിലിരിക്കുന്ന രാഹുലിനെ നോക്കി.

“ചില മുറിവുകളിൽ ഔഷധം എത്ര പുരട്ടിയാലും ഉണങ്ങില്ല. അത്തരമൊരു മുറിവാണ് രാഹുലിന്റെ ഉള്ളിലുള്ളതും. മരുന്നില്ലാത്തൊരു വൃണമായി മാറിയ ആ മുറിവ് ഉണങ്ങണമെങ്കിൽ പ്രതിവിധിയുണ്ടാകണം. പതിനാല് കൊല്ലം മുമ്പ് വീണ നെരിപ്പോട് ഊതി ഊതി കനലാക്കിയ തീരുമാനം നടപ്പാക്കണം. ഈ ഒരു അവസരം പ്രകാശന്റെ മോൻ പാഴാക്കരുത്. ”

കിതപ്പിൽ ജയരാജിന്റെ ശബ്ദം വിലങ്ങി. വീണ്ടുമൊരു ചുമ വന്ന് തളർത്തി. അതിനിടയിൽ രാഹുലിന് മുന്നിലേക്ക് അയാൾ കത്തി നീക്കിവെച്ചു .



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home