അ
സർഗാത്മക പ്രതിരോധത്തിന്റെ ചലച്ചിത്രഭാഷ്യം

ഉണ്ണികൃഷ്‌ണൻ ആവള/ എം ജഷീന
Published on May 23, 2026, 12:19 PM | 12 min read
അപരന്റെ സ്വത്വനിർണയത്തിലോ അവകാശങ്ങളിലോ സമൂഹം കൈ കടത്തുന്പോൾ, നിശ്ശബ്ദമായി തുടരുക എന്നതാണ് ഏറ്റവും എളുപ്പം. എന്നാൽ ചോദ്യങ്ങളും ഉത്തരങ്ങളുമായി സർഗാത്മക പ്രതിരോധം തീർക്കുക എന്നത്, വ്യക്തമായ രാഷ്‌ട്രീയ നിലപാടാണ്. ആ സമീപനത്തിന്റെ സൂക്ഷ്‌മമായ ചലച്ചിത്രഭാഷ്യമാണ് സംവിധായകൻ ഉണ്ണികൃഷ്‌ണൻ ആവളയുടെ സിനിമകൾ. ട്രൈബൽ ‐ ട്രാൻസ്‌ജെൻഡർ ചെറുപ്പക്കാരന്റെ ജീവിതസംഘർഷങ്ങളുടെ കഥ പറഞ്ഞ "ഉടലാഴ'ത്തിന് ശേഷം അദ്ദേഹം സംവിധാനംചെയ്‌ത "തന്തപ്പേരും' വേറിട്ട ആഖ്യാനരീതിയിൽ ആ ചലച്ചിത്രവഴികളെ സവിശേഷമാക്കുകയാണ്. ഇണവേട്ടയുടെ പശ്‌ചാത്തലത്തിൽ സ്വത്വം തേടിയുള്ള ട്രൈബൽ ചെറുപ്പക്കാരന്റെ അന്വേഷണവും ആത്മസംഘർഷങ്ങളുമാണ് ‘തന്തപ്പേര്.’ അടിയന്താരാവസ്ഥാക്കാലം ഗോത്രസമൂഹത്തിലെ പുതുതലമുറയിൽ സൃഷ്‌ടിച്ച പ്രത്യാഘാതങ്ങളും ചർച്ച ചെയ്യുന്ന സിനിമ ഇക്കഴിഞ്ഞ അന്താരാഷ്‌ട്ര ചലച്ചിത്രമേളയിൽ (ഐഎഫ്‌എഫ്‌കെ) ജനപ്രിയ ചിത്രത്തിനുള്ള പുരസ്‌കാരം, അന്താരാഷ്‌ട്ര മത്സര വിഭാഗത്തിൽ ജൂറി പുരസ്‌കാരം, മികച്ച മലയാളം സിനിമയ്‌ക്കുള്ള നെറ്റ്‌പാക് പുരസ്‌കാരം എന്നിവ നേടി. എഴുത്തുകാരനിൽനിന്ന് സംവിധായകനിലേക്കുള്ള യാത്ര, സിനിമ, ജീവിതം എന്നിവയെക്കുറിച്ച് ഉണ്ണികൃഷ്‌ണൻ ആവള സംസാരിക്കുന്നു.
ഉണ്ണികൃഷ്‌ണൻ ആവള
ഫോട്ടോ: ജഗത്‌ലാൽ
? ആദ്യ ഡോക്യുമെന്ററി ഗോത്രവിഭാഗങ്ങളുടെ ജീവിതം ആർക്കൈവ് ചെയ്യുന്ന ‘ലാസ്റ്റ് പേജ്.’ പിന്നെ ആ വിഭാഗത്തിൽ നിന്നുള്ള ട്രാൻസ്‌ജെൻഡർ വ്യക്തിയുടെ കഥ പറയുന്ന "ഉടലാഴം.' ഇപ്പോൾ ചോലനായ്‌ക്കരുടെ ജീവിതവുമായി ‘തന്തപ്പേര്.’ അപരവൽക്കരിക്കപ്പെടുന്ന ജനവിഭാഗത്തിനെ പ്രതിനിധീകരിക്കുക എന്നത്, ബോധപൂർവമായ തെരഞ്ഞെടുപ്പാണോ.
= ചിലപ്പോൾ ബോധപൂർവമായ തെരഞ്ഞെടുപ്പും മറ്റു ചിലപ്പോൾ സ്വാഭാവികമായി സംഭവിക്കുന്നതുമാണ്. ചില വിഷയങ്ങൾ വരുമ്പോൾ ചെയ്യണമെന്ന് തോന്നും. അതേസമയം ഒരു മേഖലയോ ഒരു വിഷയമോ എന്നെ എക്‌സൈറ്റ് ചെയ്യിക്കുന്നുണ്ടെങ്കിൽ അതിന് പിറകേ സഞ്ചരിക്കും. അത് ഗോത്രവിഭാഗത്തിന്റെ വിഷയങ്ങൾ മാത്രം ആവണമെന്നില്ല. അടുത്ത പടം തീർത്തും വ്യത്യസ്‌തമായ വിഷയമായേക്കാം. ഏതെങ്കിലും ഒരു കള്ളിക്കുള്ളിൽനിന്ന് മാത്രം സിനിമയെടുക്കാൻ ആഗ്രഹിക്കുന്ന ആളല്ല ഞാൻ. ഞാനൊരു രാഷ്‌ട്രീയക്കാരനല്ല. പക്ഷെ ഒരു കലാകാരനുണ്ടാവേണ്ട രാഷ്‌ട്രീയ ബോധ്യങ്ങളാണ് എന്നെ എക്‌സൈറ്റ് ചെയ്യിക്കുന്ന ഘടകം. സിനിമ ചെയ്യുന്പോൾ ആ പണി, വിട്ടുവീഴ്‌ചയില്ലാതെ, ഭയമില്ലാതെ ഞാൻ ചെയ്യും. ആ സമയത്തേ എനിക്കങ്ങനെ ആകാനാവൂ. അത് കഴിഞ്ഞാൽ സാധാരണ മനുഷ്യനാണ്. അതുകൊണ്ടാവാം എന്റെ തെരഞ്ഞെടുപ്പും അങ്ങനെയാവുന്നത്. ഞാൻ പറഞ്ഞ സിനിമകളൊന്നും ഒറ്റ നിർമാതാവും ചെയ്യാൻ തയ്യാറായിട്ടില്ല. "തന്തപ്പേര്' പോലും പലരും കേൾക്കാൻ നിന്നിട്ടില്ല. അവരുടെ ബോധ്യങ്ങൾക്ക് ഉൾക്കൊള്ളാനാവുന്നതല്ല ഇത് എന്നതുകൊണ്ടാവാം അത്. ഞാൻ അത് ചെയ്യുന്നുവെങ്കിൽ എനിക്കതിനോട് താൽപ്പര്യമുള്ളതിനാലാണല്ലോ.
? ഗുഹകളിൽ കഴിയുന്ന ഏഷ്യയിലെ ഏക വിഭാഗമാണ് ചോലനായ്‌ക്കർ. അടിയന്തരാവസ്ഥക്കാലം അവരോട് ചെയ്‌ത, ക്രൂരതയെക്കുറിച്ച്, അവരിലൂടെ, അവരുടെ ഭാഷയിലാണ് പറഞ്ഞുവയ്‌ക്കുന്നത്. ചോലനായ്‌ക്കരുടെ ജീവിതവും സംസ്‌കാരവും എക്കാലത്തേക്കുകൂടി അടയാളപ്പെടുത്തുക കൂടിയായിരുന്നോ ലക്ഷ്യം.
= സ്വന്തമായ ജീവിതാനുഭവങ്ങളടങ്ങിയ സംസ്‌കാരങ്ങളുള്ളവരാണ് ഗോത്രവിഭാഗങ്ങൾ. നാഗരികരായ മനുഷ്യരുടെ ഇടപെടലിലൂടെയാണ് ആ സവിശേഷതകൾ ഇന്ന് കാണുന്ന രീതിയിലേക്ക് ക്ഷയിച്ചുപോയത്. കുറിച്യർ ഒഴികെയുള്ള ഏത് ഗോത്രവിഭാഗത്തിനെയും പരിശോധിച്ചാൽ അതറിയാനാകും, അവർ എങ്ങനെയാണ് പുതിയ നാഗരിക വ്യവസ്ഥയ്‌ക്ക് അടിമകളായതെന്ന്. നാൽപ്പതിലധികം നെൽവിത്തുകളും ഇരുപതിലധികം മലയാളമല്ലാത്ത ഭാഷകളുമുണ്ടായ നാടാണിത്. ഇതിനെ ഒന്നിലേക്ക് കൊണ്ടുവന്നപ്പോൾ സാംസ്‌കാരിക വൈവിധ്യമാണ് ഇല്ലാതായത്. ചോലനായ്‌ക്കർ അവരുടേതായ ഗോത്രവ്യവസ്ഥകളിൽ ഏറെയൊന്നും മാറ്റം വരുത്താതെ ജീവിക്കുന്നവരാണ്. സവിശേഷമായ അവരുടെ ഭാഷയെയും സംസ്‌കാരത്തെയും അടയാളപ്പെടുത്തൽ കൂടിയാണ് "തന്തപ്പേര്' നിർവഹിക്കുന്നത്.
തമിഴ്, കന്നഡ, തെലുങ്ക് എന്നിവയുടെ മിശ്രരൂപമാണ് അവരുടെ ഭാഷ. എന്നാൽ പുറത്ത് ഇടപഴകാൻ തുടങ്ങിയതോടെ അതിലും മാറ്റങ്ങളുണ്ടായിട്ടുണ്ട്. പല വാക്കുകളും ഇപ്പോൾ അവർക്കറിയില്ല. ഉപയോഗിക്കാതിരുന്നാൽ ഭാഷ നശിക്കും. അവരുടെ ഭാഷയിലൂടെ സിനിമ ചെയ്‌തതിന്റെ ഒരു ലക്ഷ്യം ഭാഷ ആർക്കൈവ് ചെയ്യുക എന്നതുകൂടിയാണ്. അങ്ങനെയാവുമ്പോഴാണ് തിരക്കഥയിലും വ്യക്തത ഉണ്ടാവുക.
ഭാഷാപരമായ ഫാസിസം നമ്മൾ കാണിക്കുന്നുണ്ട്. ആദിവാസി വിഭാഗങ്ങൾക്ക് ക്ലാസ് മുറിയിലെ ഭാഷ മനസ്സിലാവുന്നില്ല. സ്വന്തം ഭാഷ ഇല്ലാത്ത ഒരിടത്ത് എത്തുമ്പോഴുള്ള പ്രയാസം എത്രമാത്രമുണ്ടാകും. അവരെ ഉൾക്കൊണ്ടും അവരുടെ അറിവുകൾ സംരക്ഷിച്ചുമുള്ള പാഠ്യപദ്ധതിയാവണം. കൂടുതൽ പേർ മലയാളം സംസാരിക്കുന്നു എന്നതുകൊണ്ട് ഇരുനൂറോളം മനുഷ്യരുടെ മാതൃഭാഷ തള്ളിപ്പറയാനുള്ള അവകാശം നമുക്കില്ല. മറ്റ് മാതൃഭാഷകളെ സംരക്ഷിക്കാൻ ഒരു നടപടിയും ഉണ്ടായിട്ടില്ല. ഒരുതരം സാംസ്‌കാരിക അധികാര പ്രയോഗമാണവിടെ നടക്കുന്നത്. അതിലേക്ക് ഒരു ശ്രദ്ധ ക്ഷണിക്കൽ കൂടിയാവാം ഇൗ സിനിമ.
"തന്തപ്പേര്'
? അന്പത് വർഷങ്ങൾക്ക് മുമ്പുണ്ടായ ഒരു സംഭവത്തിന്റെ വർത്തമാനകാല പ്രത്യാഘാതത്തിന്റെ ഭാവനാത്മകമായ ചലച്ചിത്രാഖ്യാനമാണ് ‘തന്തപ്പേര്.’ എങ്ങനെയാണ് ആ സിനിമയിലേക്കെത്തുന്നത്.
= 17 വർഷം മുന്പ് ‘ലാസ്റ്റ് പേജ്’ ഡോക്യുമെന്ററി ഷൂട്ടിനിടെ, ഗോത്രവിഭാഗത്തിൽ അംഗങ്ങൾ കുറയുന്നതിനെപ്പറ്റി ചോദിച്ചപ്പോൾ ഒരാളെന്നോട് പറഞ്ഞു, ‘എന്നെ പെടുത്തിയതാണ്. ഒരു കുട്ടിയേ ഉണ്ടായിരുന്നുള്ളൂ. ആട്ടിക്കൊണ്ട് പോയി വന്ധ്യംകരിച്ചതാണ്. അന്നെനിക്ക് അറിയില്ലായിരുന്നു, ഇതിനാണ് കൊണ്ടുപോവുന്നതെന്ന്...’ ആ മനുഷ്യന്റെ മുഖവും ആ വാക്കുകളും മനസ്സിലിങ്ങനെ കിടന്നിരുന്നു. ‘ഉടലാഴം’ കഴിഞ്ഞിരിക്കുന്ന സമയത്ത് ഒരു അന്വേഷണം നടത്തിയപ്പോൾ പല ഗോത്രങ്ങളിലും അടിയന്തരാവസ്ഥാക്കാലത്ത് പുരുഷൻമാരിൽ പലരും നിർബന്ധപൂർവമുള്ള വന്ധ്യംകരണത്തിന് വിധേയരായതായി മനസ്സിലായി. അന്ന് പക്ഷെ മനസ്സിൽ സിനിമയില്ല. കൗതുകത്തിലുള്ള അന്വേഷണം മാത്രം.
ക്യാന്പ് നടത്തിയ മനുഷ്യരെ കണ്ടെത്തുക എന്നതായിരുന്നു പിന്നീടുള്ള ബുദ്ധിമുട്ട്. പരിചയക്കാരന്റെ അമ്മ അക്കാലത്ത് നഴ്‌സായിരുന്നു. അങ്ങനെ അവർ വഴി ക്യാന്പുമായി ബന്ധപ്പെട്ടവരോട് സംസാരിച്ചപ്പോൾ ഇങ്ങനെയൊരു ക്രൂരത നടന്നിരുന്നെന്ന് വ്യക്തമായി. സിനിമയ്‌ക്കുള്ള ഒരു വലിയ എലമെന്റ് അതിലുണ്ടെന്ന ചിന്ത അപ്പോഴാണുണ്ടാവുന്നത്. അടിയന്തരാവസ്ഥയിലെ കിരാത നടപടി ഗോത്രവർഗത്തിലുണ്ടാക്കിയ ആഘാതം, ഇണവേട്ട, ഭാഷയുടെ മരണം എന്നിങ്ങനെ സിനിമ മൂന്ന് ലെയറിലാണ് പറയുന്നത്. അതോടൊപ്പം സ്‌ത്രീ തന്റെ ശരീരത്തിന്റെ അവകാശത്തെ, സ്വാതന്ത്ര്യത്തെ തുറന്ന് പ്രഖ്യാപിക്കുന്ന ജെൻഡർ കാഴ്‌ചപ്പാടും സിനിമ പങ്ക്‌വയ്‌ക്കുന്നുണ്ട്.
? അടിയന്തരാവസ്ഥയുടെ 50ാം വാർഷികമാണ് കടന്നുപോയത്. ഇന്നും ആ ഭരണകൂട ഭീകരതകൾ നാടിന്റെ ഓർമയിൽ വേദനകളായുണ്ട്. ഇന്ദിരാഗാന്ധി സർക്കാരിന്റെ കാലത്ത് നടപ്പാക്കിയ ഒരു ക്രൂരതയെയും അതിന്റെ പ്രത്യാഘാതത്തെയും കുറിച്ചാണ് സിനിമ പറയുന്നത്. രാഷ്‌ട്രീയ പശ്‌ചാത്തലത്തിലുള്ള വിമർശനങ്ങൾക്കും പരാതികൾക്കും സാധ്യതയുണ്ട്. അങ്ങനെ ഒരു ആശങ്ക ഉണ്ടായിരുന്നോ.
= ഞാൻ നേരത്തെ പറഞ്ഞില്ലേ, 17 വർഷം മുന്പ് വന്ധ്യംകരണത്തിന് നിർബന്ധിതനാക്കപ്പെട്ട കാര്യത്തെക്കുറിച്ച് ഒരാളിൽനിന്ന് കേട്ടത്. അന്നുണ്ടായ ഞെട്ടൽ, എന്റെ മനസ്സിൽനിന്ന് പോയിരുന്നെങ്കിൽ, എന്നെ സ്വാധീനിച്ചിരുന്നില്ലായെങ്കിൽ ഇന്നീ സിനിമ ഉണ്ടാകില്ല. വർഷങ്ങൾ കഴിഞ്ഞും അത് മനസ്സിൽ കിടക്കുകയാണ്. അന്നത്തെ ഫ്യൂഡലുകളുടെ സഹായത്തിൽ ബ്യൂറോക്രാറ്റുകൾ എണ്ണം തികയ്‌ക്കാനായി ഗോത്രവിഭാഗത്തിനെ വിധേയമാക്കുകയായിരുന്നു. അതോർത്ത് വേദനിക്കുന്ന ഒരു വിഭാഗമുണ്ട്. ഇൗ മനുഷ്യരെ രേഖപ്പെടുത്തുക എന്നത് കലാകാരൻ എന്ന നിലയിൽ എന്റെ ഉത്തരവാദിത്വമാണ്.
രാഷ്‌ട്രീയപരമായി ആരെയെങ്കിലും പ്രീണിപ്പിച്ച് അവാർഡ് നേടലോ ആരെയെങ്കിലും വിമർശിച്ച് തകർക്കലോ അല്ല എന്റെ ലക്ഷ്യവും ഉത്തരവാദിത്വവും. 17 വർഷം മുന്പ് ഇതാലോചിക്കുന്പോഴോ, ആറ് വർഷം മുന്പ് സിനിമ ആസൂത്രണം ചെയ്യുന്പോഴോ രാഷ്‌ട്രീയ പശ്‌ചാത്തലത്തിലുള്ള ഒരു ചിന്തയോ ആര് ഭരിക്കുന്നു എന്നോ മനസ്സിലുണ്ടായിട്ടില്ല. സിനിമയുടെ രാഷ്‌ട്രീയദൗത്യം മനസ്സിലാവാത്തവർ ചിലപ്പോൾ അത്തരത്തിൽ സങ്കുചിതമായ എന്തെങ്കിലും വിമർശനം ഉന്നയിച്ചേക്കാം. പ്രീണിപ്പിച്ചാലോ വിമർശിച്ചാലോ അവാർഡുകൾ കിട്ടുമെന്ന് വിചാരിക്കുന്നവരിലേ അത്തരം ചിന്തകൾ വരൂ. ഉന്നയിക്കുന്ന വലിയ മാനുഷിക പ്രശ്‌നങ്ങളെ അഡ്രസ് ചെയ്യാതെ ഇത്തരം ഉപരിപ്ലവമായ വിമർശനങ്ങളുന്നയിക്കുന്നെങ്കിൽ അത് അതിന്റെ വഴിക്കുപോട്ടെ എന്നേയുള്ളൂ.
"തന്തപ്പേര്' ചിത്രീകരണവേള
? ‘തന്തപ്പേര്’ താരപ്പൊലിമയുള്ള ചിത്രമല്ല. ഡാൻസ്, ഹാസ്യം പോലെയുള്ള ആകർഷണ ഘടകങ്ങളില്ല. ആ അർഥത്തിൽ സിനിമ സംവിധായകന്റേതാണ് എന്ന കാഴ്‌ചപ്പാടിനെ ‘തന്തപ്പേര്’ എങ്ങനെയാണ് അടയാളപ്പെടുത്തുക= സിനിമ സംവിധായകന്റെ കല തന്നെയാണ്. ഏത് ശബ്ദം, ഏത് ഫ്രെയിം, ആംഗിൾ എന്നതൊക്കെ സംവിധായകനാണ് തീരുമാനിക്കുന്നത്. സംഗീതം, ശബ്ദം എന്നിവയിലെല്ലാം സൂക്ഷ്‌മമായ ഇടപെടലുകൾ നടത്തേണ്ടയാളാണ് സംവിധായകൻ. ഇൗ സിനിമയിൽ ഭാഷയും അഭിനേതാക്കളുടെ തെരഞ്ഞെടുപ്പുമെല്ലാം അങ്ങനെയാണുണ്ടാവുന്നത്. ഓരോ ഫ്രെയിമിലും അത്തരം തെരഞ്ഞെടുപ്പുകൾ നടത്താനായി എന്നാണ് കരുതുന്നത്.
സിനിമയിൽ കാടിനെ ചിത്രീകരിച്ച കാര്യം ഉദാഹരിക്കാം. സാധാരണ നമ്മൾ കാണുന്ന കാടല്ല എനിക്ക് വേണ്ടിയിരുന്നത്. കുറേ മഴ കൊണ്ട് ഉണങ്ങിയ പാറയുടെ നിറം പോലെ നരച്ച നിറത്തിലുള്ള, പാതി വറ്റിയ പുഴയുള്ള കാടായിരുന്നു മനസ്സിൽ. പാറകൾക്കിടയിലൂടെയാവണം സിനിമ വേണ്ടതെന്നും തീരുമാനിച്ചിരുന്നു. പാറകൾക്കിടയിലുള്ള ജീവിതം നമ്മൾ അധികം കണ്ടിട്ടില്ല. എന്റെ മനസ്സിലെ ആ കാഴ്‌ചകൾ ആറ് തരം ക്യാമറകൾ ഉപയോഗിച്ച് ക്യാമറാമാൻ എ മുഹമ്മദ് ആഗ്രഹിച്ചപോലെ സമ്മാനിച്ചു. ഡിഐ ചെയ്‌ത ലിജു പ്രഭാകരാണ് ഓരോ ദൃശ്യങ്ങളെയും ഒരേപോലെ വിന്യസിപ്പിച്ചത്. ചെറിയ ചില്ലകൾക്കിടയിലൂടെ അതിവിദഗ്‌ധമായി സായൂജ് ഹെലി ക്യാം വിട്ടാണ് മരം കയറുന്ന സീൻ പകർത്തിയത്. മൂന്ന് മനുഷ്യരുടെ മിടുക്കിലാണ് മനോഹരദൃശ്യങ്ങൾ പകർത്താനായത്.
പൊതുവിൽ സംവിധായകനെ അടയാളപ്പെടുത്തുന്ന സിനിമകളുടെ എണ്ണം കുറയുന്നതായി തോന്നിയിട്ടുണ്ട്. സൂപ്പർ ഹിറ്റ് സിനിമയുടെ സംവിധായകരെ നമുക്ക് അറിയാം. പാട്ട് അല്ലെങ്കിൽ ടൈറ്റിൽ അറിയാം. അതിനപ്പുറത്തേക്ക് കൈയൊപ്പിട്ട് പോകുന്ന എത്ര സംവിധായകരുണ്ട്? സിനിമയിലൂടെ 100 കോടി ഉണ്ടാക്കുക എന്ന് എല്ലാവരും ലക്ഷ്യമിടുന്പോൾ അതിൽ പൊതുസമവാക്യങ്ങൾ വരും. ഇത്ര ഹാസ്യം, ഇത്ര സമ്മർദം, പാട്ട് എന്ന രീതിയിലാവുന്പോൾ ലക്ഷ്യം ലാഭവും നിങ്ങളെ എന്റർടെയ്‌ൻ ചെയ്യിക്കലും മാത്രമാകും. അങ്ങനെ എന്റർടെയ്‌ൻമെന്റ് തൊഴിലാളിയായി സംവിധായകൻ മാറിപ്പോവുന്നുണ്ട് പലപ്പോഴും.
ഉണ്ണികൃഷ്‌ണൻ ആവളയും അനുമോളും "ഉടലാഴം' ചിത്രീകരണത്തിനിടയിൽ
? ഒരു സംവിധായകനെന്ന രീതിയിൽ സ്വയം നവീകരണം ഉണ്ടാവുന്നുണ്ടോ, സിനിമയെ സമീപിക്കുന്നതിലുണ്ടായ മാറ്റങ്ങൾ.
= "ഉടലാഴ'ത്തിൽനിന്നും "തന്തപ്പേരി'ൽ എത്തുമ്പോൾ ദൃശ്യകലയാണ് സിനിമ എന്ന ധാരണ എന്നിൽ വേരാഴ്‌ത്തിയിട്ടുണ്ട്. സംഭാഷണവും പറച്ചിലും കുറച്ച് ദൃശ്യങ്ങൾ പ്രേക്ഷകനുമായി കൂടുതൽ സംവദിക്കുന്ന തലത്തിലേക്ക് സിനിമയെ കാണാനാണ് ശ്രമിച്ചത്. നോക്കൂ, ലോകസിനിമ കാണുന്പോൾ പ്രേക്ഷകർ സംതൃപ്‌തരാണ്. നീട്ടിപ്പറച്ചിലുകൾ ഉണ്ടാവില്ല. കൂടുതൽ ക്ലാരിറ്റി അവർ ഡിമാൻഡ് ചെയ്യുന്നില്ല. നമ്മൾ അതിനെ പൂരിപ്പിക്കുകയാണ് ചെയ്യുന്നത്. പക്ഷെ ഇവിടെയാണ് അങ്ങനെ സിനിമ വരുന്നതെങ്കിൽ ഇതെന്ത് തലയും വാലുമില്ലാത്തതെന്ന് ചോദിക്കും. ഇത് ഫിലിം മേക്കറിൽ സംശയങ്ങളുണ്ടാക്കും. പരിഹരിക്കപ്പെടും എന്ന് വിചാരിക്കുന്നു.
എന്റെ സിനിമയിൽ ചിലപ്പോൾ കൂടുതൽ പറയുന്നപോലെ തോന്നാറുണ്ട്. പൊതുസമൂഹത്തിന് പരിചയമില്ലാത്ത സംസ്‌കാരം പറയുന്പോൾ ഇടമുറിയാതെ വ്യക്തത ഉണ്ടാവണമെന്നതുകൊണ്ടാവാം. സിനിമ ചെയ്‌ത് പ്രേക്ഷകനെ ഏൽപ്പിച്ചശേഷം ഞാനും ചിന്തിക്കും, അതിങ്ങനെ ആക്കാമായിരുന്നു, എന്നൊക്കെ. ഇൗ ചിന്ത അവസാനിക്കില്ല. ഒന്നിൽനിന്ന് മറ്റൊന്നിലേക്ക് എത്തുമ്പോൾ നമ്മൾ മാറും. "ഉടലാഴ'ത്തിലെ പൊളിറ്റിക്കൽ കറക്ഷനുകൾ ഉൾപ്പെടെയുള്ളവ "തന്തപ്പേരി'ൽ എത്തുന്പോൾ പരിഹരിക്കാൻ ശ്രമിച്ചിട്ടുണ്ട്. എന്നാലും പരിഹരിക്കപ്പെടാത്തവ ഉണ്ടാകും. അതടുത്തതിൽ ചെയ്യും. ഇതൊരു തുടർപ്രക്രിയയാണ്. തിരിച്ചറിയുക, കഴിയാവുന്നത്ര തിരുത്തുക. അത് മാത്രമേ ചെയ്യാനാവൂ. അക്കാദമിക്കലി സിനിമ പഠിച്ച ആളല്ല. ലോകസിനിമയുടെ പത്തിലൊന്നുപോലും ഞാൻ കണ്ടിട്ടില്ല. ആ രീതിയിൽ നിരക്ഷരനായ മനുഷ്യനാണ്. പക്ഷെ നിങ്ങൾ എന്റെ സൃഷ്‌ടി നന്നായി എന്നുപറയുന്പോൾ അത് സിനിമയായി പ്രവർത്തിക്കുന്നു എന്ന് തിരിച്ചറിയുന്നു. അതെനിക്ക് ആത്മവിശ്വാസം നൽകുന്നു.
? ഇന്നത്തെ മലയാള സിനിമയിൽ നടക്കുന്ന മാറ്റങ്ങളെ എങ്ങനെയാണ് കാണുന്നത്.
= സ്‌ത്രീവിരുദ്ധതയും ദളിത് ശാരീരിക അവഹേളനങ്ങളും ഒരു പരിധിവരെ കുറഞ്ഞു. ഉണ്ടെങ്കിൽതന്നെ അത് നിശിതമായി ചോദ്യം ചെയ്യാൻ പ്രേക്ഷകർ വളർന്നു. സിനിമ ഒരു സമൂഹത്തിന്റെ ആലോചനകളുടെ പ്രതിഫലനം കൂടിയാണ്. ആത്മാക്കളേയും യക്ഷികളേയും എങ്ങനെ വിൽക്കണമെന്ന് സിനിമ പഠിച്ചുകഴിഞ്ഞു. ക്രൈമും കുറ്റാന്വേഷണങ്ങളും വിറ്റുപോവുന്ന കണ്ടന്റുകളായി. യഥാർഥ ജീവിതത്തിന് കാഴ്‌ചക്കാർ കുറഞ്ഞു. സിനിമ 100 കോടി നിർമാണക്കമ്പനിക്ക് ഉണ്ടാക്കിക്കൊടുക്കുന്ന കലാനുബന്ധ വ്യവസായശാലയും സംവിധായകനും മറ്റും അതിലെ തൊഴിലാളികളും മാത്രമായി. സാങ്കേതിക അറിവിൽ മുന്നേറുമ്പോഴും ജീവിതത്തിന്റെ ജൈവികജ്ഞാനം നേടുന്നതിൽ പരാജയപ്പെട്ടു കൊണ്ടിരിക്കുന്ന ഒരു സിനിമാസമൂഹമാണ് ഇന്നത്തേത്.
"ഉടലാഴം'
? ആദ്യം എഴുത്തായിരുന്നല്ലോ. പിന്നീട് സിനിമയിലേക്കെത്തുന്നത് എങ്ങനെയാണ്.
= പഠന കാലയളവിൽ ഉള്ളിൽ കവിതയായിരുന്നു. ആ സമയത്ത് തന്നെ ലേഖനങ്ങളും ഫീച്ചറും എഴുതാൻ തുടങ്ങി. മുഖ്യധാരാ മാധ്യമങ്ങളിൽ കവർ സ്റ്റോറികൾ വന്നു. അതോടൊപ്പം അധ്യാപന ജോലിയുമായി മുന്നോട്ടുപോകുന്പോൾ ഒരു ലേഖനമെഴുതി ഒരു പ്രസിദ്ധീകരണത്തിന് നൽകിയപ്പോൾ പൊലിപ്പിച്ചെഴുതിയ സംഭവമെന്ന് പറഞ്ഞ് എഡിറ്റോറിയൽ അത് മാറ്റിവെച്ചു. എന്നാൽ അതേ വിഷയം മറ്റൊരിടത്ത് കവർസ്റ്റോറിയായി വരുന്നു. ഇങ്ങനെയും ആളുകളുണ്ടോ എന്ന ചിന്തയ്‌ക്കൊപ്പം അതൊരു ടേണിങ് പോയിന്റായി മാറി. അവിടെ നിന്നാണ് ചില വിഷയങ്ങൾ ദൃശ്യവൽക്കരിച്ചാൽ അവിശ്വസനീയതയില്ലാതെ ആളുകൾക്ക് ശരിയായ വായന കിട്ടുമല്ലോ എന്ന ചിന്ത രൂപപ്പെടുന്നതും ഡോക്യുമെന്ററിയിലേക്ക് പോകുന്നതും. മലപ്പുറത്തെ ദൃശ്യമാധ്യമ പ്രവർത്തകരുടെ സൗഹൃദക്കൂട്ടം വലിയ പിന്തുണയുമായി കൂടെ നിന്നു. അങ്ങനെയാണ് അറനാടർ, ചോലനായ്‌ക്കർ, ആടർ എന്നീ മൂന്ന് ഗോത്രവിഭാഗങ്ങളുടെ ജീവിതം കാണിക്കുന്ന ആദ്യ ഡോക്യുമെന്ററി ‘ലാസ്റ്റ് പേജ്’ ഉണ്ടാകുന്നത്.
തുടർന്ന് ആർത്തവത്തിന്റെ പേരിൽ എങ്ങനെയാണ് സ്‌ത്രീയെ അനുഷ്‌ഠാനങ്ങളിൽനിന്നും മാറ്റി നിർത്തിയതെന്ന അന്വേഷണമായ ‘വിമൻസസ്’ ചെയ്‌തു. പിന്നീട് ഗോത്രവിഭാഗത്തിലെ ട്രാൻസ്‌ജെൻഡർ വ്യക്തിയുടെ ജീവിതം പറഞ്ഞ ‘വിപരീതം’ പുസ്‌തകം എഴുതി.
രണ്ട് ഡോക്യുമെന്ററികൾ തന്ന ആത്മവിശ്വാസത്തോടെയാണ് ‘ഉടലാഴ’ത്തിലേക്ക് കടക്കുന്നത്. പിന്നീട് വാണിജ്യ സിനിമകൾ ചെയ്യാൻ അവസരം വന്നെങ്കിലും അതിനേക്കാളേറെ മറ്റൊരു സിനിമ ഉള്ളിലുണ്ടായിരുന്നു. അതാണ് "തന്തപ്പേര്.'
? ഡോക്യുമെന്ററികളിൽ നിന്നാണ് സിനിമയിലെത്തുന്നത്. കാലത്തിന്റെ, അനുഭവത്തിന്റെ രേഖപ്പെടുത്തലാണ് ഡോക്യുമെന്ററികൾ. അർഹിക്കുന്ന പ്രാധാന്യവും അവസരങ്ങളും ലഭിക്കുന്നുണ്ടോ.
= ഡോക്യുമെന്ററി ശക്തമായ മാധ്യമമാണ്. വേണ്ടത്ര രീതിയിൽ മലയാളികൾ സ്വീകരിച്ചിട്ടില്ല. അതിലെ ഓരോ ദൃശ്യവും എന്നെന്നേക്കുമായുള്ള തെളിവാണ്. ‘ലാസ്റ്റ് പേജ്’ ഡോക്യുമെന്ററിയിലുണ്ടായിരുന്ന ഇരുപതിലധികം പേർ മരിച്ചുപോയി. എന്നാൽ അവർ പറഞ്ഞ ഓരോന്നും തെളിവാണ്. അതുകൊണ്ടുതന്നെ ആ ശാഖയെ മുന്നോട്ട് കൊണ്ടുവരേണ്ടതുണ്ട്. മികച്ച ഡോക്യുമെന്ററി ചെയ്യുന്നവർ കേരളത്തിലുണ്ട്. അഭിജിത്ത്, ബാബു കാമ്പ്രത്ത്, രാംദാസ് കടവല്ലൂർ, അനീസ് മാപ്പിള, കെ ആർ മനോജ് ഇങ്ങനെ ഒരുപാട് പ്രതിഭാധനർ. പക്ഷെ പ്രൊഡക്ഷൻ കന്പനിയില്ല. പ്രദർശിപ്പിക്കാൻ വേദികൾ കുറവാണ്. കൂടുതൽ മേളകളുമില്ല. നാലാളെ കാണിക്കണമെങ്കിൽ നിർമിച്ചവർ തന്നെ പെട്ടിയുമായി നടക്കണം. പ്രദർശിപ്പിക്കുന്ന സ്ഥലങ്ങളിൽ ശബ്ദം, സ്‌ക്രീൻ എന്നിവയെല്ലാം മഹാഅബദ്ധമായിരിക്കും. കലാസൃഷ്‌ടി എന്ന നിലയിൽ വലിയ അവഗണന നേരിടുന്നതാണ് ഡോക്യുമെന്ററി സ്‌ക്രീനിങ്. എക്കാലത്തേയും തെളിവുകളായി രേഖപ്പെടുത്താവുന്ന ഡോക്യുമെന്ററികൾ കൂടുതൽ ഉണ്ടാവാത്തതിന്റെ കാരണമിതാണ്. സിനിമ കുറേക്കൂടി ആളുകൾ കാണും. ‘തന്തപ്പേര്’ ഡോക്യുമെന്ററി ആയിരുന്നെങ്കിൽ ഇത്ര സ്വീകാര്യത കിട്ടില്ല.
ഡോക്യുമെന്ററിയേക്കാൾ കലാപരമായ സ്വാതന്ത്ര്യമുള്ളത് സിനിമയിലാണ്.
? "തന്തപ്പേരി'ൽ അഭിനയിച്ചവരിലേറെയും പ്രൊഫഷണൽ അഭിനേതാക്കളല്ല.
ഒരേ ജീവിത പരിസരത്തുനിന്ന് വേറെ കഥാപാത്രങ്ങളാവുന്നു എന്നുമാത്രം. അവരെ അഭിനയിപ്പിക്കുക എന്നത് അത്ര എളുപ്പമാവില്ല. ഉൾക്കാട്ടിലായിരുന്നു ഷൂട്ടിങ്. എന്തൊക്കെയായിരുന്നു വെല്ലുവിളികൾ.
= ഒരാൾക്കും വഴങ്ങാത്ത മനുഷ്യരാണ് ചോലനായ്‌ക്കർ. വർഷങ്ങളായുള്ള അടുപ്പത്തിലൂടെയാണ് സിനിമയിലേക്ക് അവരെത്തുന്നത്. എഴുത്തിലും പങ്കാളികളാക്കി. അവരുടെ ജീവിതമായതിനാൽ സൂക്ഷ്‌മമായി ചലനങ്ങളുൾപ്പെടെ പകർത്തണമായിരുന്നു. ജീവിതവും അഭിനയവും കലരുന്പോൾ ചില ഘട്ടങ്ങളിൽ പ്രയാസമായിരുന്നു. ഇൗ സിനിമയിലാണെങ്കിൽ ജീവിതവും അഭിനയവും മാറ്റിയെടുക്കാൻ കഴിയില്ല. അവരറിയാതെ വേണം കഥാപാത്രങ്ങളെ അവരിലേക്ക് കടത്തിവിടാൻ. അതായിരുന്നു പണി. ചിലപ്പോൾ അഭിനയം ശരിയാവുന്പോൾ സിങ്ക് സൗണ്ട് ശരിയാവില്ല. നേരെ തിരിച്ചും. കാടിനുള്ളിൽ നടക്കുന്ന ഷൂട്ടിങ്ങിന് അതിന്റേതായ പ്രയാസങ്ങളുണ്ടായി. മൂന്ന് മണിക്കൂർ നടന്നാണ് അവിടെ എത്തുക. താമസസൗകര്യമില്ലാത്തതിനാൽ ഇരുട്ടുംമുന്നെ പുറത്തെത്തുകയും വേണം. ചോലനായ്‌ക്കർക്ക് സീസൺ അനുസരിച്ച് കിഴങ്ങുകളും തേനും ഭക്ഷ്യവസ്‌തുക്കളും ശേഖരിക്കേണ്ടതുണ്ട്. ഉൾക്കാട്ടിൽ താമസിക്കുന്നവരായതുകൊണ്ട് കുറേ ദിവസം വീടുവിട്ട് നിൽക്കാനുമാവില്ല. അതിന്റെയൊക്കെ ഇടവേളകളിൽ മാത്രമാണ് ഷൂട്ടിങ് നടക്കുക.
ആറ് വർഷമെടുത്താണ് പൂർത്തിയാക്കിയത്. അവർക്ക് പുറത്തെത്താൻ ജീപ്പ് വേണം. അങ്ങനെയാണ് ജീപ്പ് സ്‌ക്രിപ്റ്റിലും ഘടകമാവുന്നത്. സാങ്കേതിക മികവിനെക്കുറിച്ച് പലരും പറയുന്നുണ്ട്. മുഴുവൻ സിങ്ക് സൗണ്ടിലാണ് എടുത്തത്. ഏറ്റവും കുറഞ്ഞ ഉപകരണങ്ങളുപയോഗിച്ച് മനുഷ്യാധ്വാനത്താൽ ഏറ്റവും മനോഹരമായി എടുത്തു എന്നതാണ് ആ മികവ്. സഹനടനായിരുന്ന മണി രണ്ട് സീൻ മാത്രം ശേഷിക്കേ ആന കുത്തി മരിച്ചു. സിനിമയ്‌ക്കായി ഏറെ കാത്തിരുന്നത് ടീമിന്റെ ക്യാപ്‌റ്റനായ അവനായിരുന്നു. ‘ഞങ്ങൾക്ക് സിനിമയിൽ ഉണ്ടാവണം. മരിച്ചു പോവാതെ ഉണ്ടാവുമല്ലോ’ എന്നായിരുന്നു അവൻ പറഞ്ഞിരുന്നത്. പറഞ്ഞപോലെ സിനിമയിൽ മാത്രം അവശേഷിപ്പിച്ച് വേഗത്തിൽ പോയത് ആലോചിക്കുന്പോൾ ഞങ്ങൾക്ക് വിഷമമുണ്ട്.
"ഉടലാഴം' സിനിമയിൽനിന്ന്
? ഗോത്ര സിനിമകൾ, അല്ലെങ്കിൽ ആദിവാസി സിനിമകളെന്ന് ബ്രാൻഡ് ചെയ്യപ്പെടുന്നതായി തോന്നിയിട്ടുണ്ടോ. മലയാള സിനിമ ആദിവാസി വിഭാഗങ്ങളെ പ്രതിനിധാനം ചെയ്‌ത രീതിയിലെ മാറ്റങ്ങളെ എങ്ങനെ കാണുന്നു.
= ഏതൊരു വിഭാഗത്തിന്റെയും കഥ പറയുന്നത് പോലെത്തന്നെയാണ് ഗോത്രവിഭാഗത്തിന്റെയും ജീവിതം പറയുന്നത്. എന്നാൽ ഇത്തരം സിനിമകളെടുക്കുന്പോൾ മുഖ്യധാരയിൽനിന്ന് ആദിവാസി സിനിമ എന്ന രീതിയിൽ മാറ്റിനിർത്തപ്പെടാറുണ്ട്. അതിനോട് നിരന്തരം സമരം ചെയ്യേണ്ടിവരും. ആ പോരാട്ടത്തിലൂടെയാണ് അന്താരാഷ്‌ട്ര തലത്തിലേക്ക് എത്താൻ "തന്തപ്പേരി'ന് കഴിഞ്ഞത്.
ആദ്യകാലങ്ങളിൽ "നെല്ലാ'ണെങ്കിലും "ബാംബു ബോയ്‌സാ'ണെങ്കിലും ഗോത്രവിഭാഗത്തെ എങ്ങനെയാണ് സിനിമ ചിത്രീകരിച്ചത് എന്ന് നമ്മൾ കണ്ടതാണ്. അവരെ പരിഹസിച്ചും മണ്ടൻമാരായും കാണിക്കുന്ന തെറ്റായ രീതി ഇന്ന് തിരുത്തപ്പെടുന്നുണ്ട്. മനോജ് കാന, പ്രിയനന്ദനൻ, ഷരീഫ് ഇൗസ എന്നിവരുടെ ചിത്രങ്ങൾ പഴയ കാഴ്‌ചപ്പാടുകളെ പാടേ മാറ്റിമറിക്കുന്നുണ്ട്. അവർക്കൊപ്പമായാണ് ഞാനും തുടരുന്നത്.
? പൊതുസമൂഹത്തിന് തീർത്തും അപരിചിതരാണ് ചോലനായ്‌ക്കർ. സംസ്‌കാരം, ഭാഷ, ജീവിതം, അനുഭവം എല്ലാം വ്യത്യസ്‌തമാണ്. അവരെക്കുറിച്ച് നമ്മൾ പറയുന്പോൾ പുറത്ത് നിന്നുള്ള നോട്ടമായി ചുരുങ്ങാനും സാധ്യതയുണ്ടാകും. ആ പ്രതിസന്ധിയെ എങ്ങനെയാണ് അതിജീവിച്ചത്.
= ഗോത്രകഥ പറയുന്പോൾ ഉത്തരവാദിത്വം ഏറെയാണ്. ഫിക്ഷൻ ആണെങ്കിൽ പോലും മറ്റൊരു വിഭാഗത്തെക്കുറിച്ച് പറയുന്പോൾ എന്തും പറയാനാവില്ല. ചോലനായ്‌ക്കർ വിഭാഗത്തിലുള്ള ആളാണ് സിനിമയുടെ തിരക്കഥയിൽ പങ്കാളിയായ വിനോദ്. "ഉടലാഴ'ത്തിന് ശേഷമാണ് വിനോദുമായി പരിചയപ്പെടുന്നത്. ഇതിൽ പല വിഷയങ്ങളും ഞങ്ങൾക്കിടയിൽ സംഭവിച്ചതാണെന്ന് വിനോദ് പറഞ്ഞിരുന്നു. അങ്ങനെയാണ് ‘തന്തപ്പേര്’ വളരുന്നത്. വിനോദ് ആ സംസ്‌കാരവും ജീവിതവും അറിഞ്ഞ മനുഷ്യനാണ്. ആ അനുഭവ പശ്‌ചാത്തലത്തിൽ തിരക്കഥയിൽ തിരുത്താനും ചേർക്കാനുമൊക്കെ ഇടപെടലുണ്ടായി. ചോലനായ്‌ക്കർ വിഭാഗത്തിലെ വിനയൻ സഹസംവിധായകനായതോടെ കൃത്യതയോടെ, കലർപ്പില്ലാതെ അവരുടെ ജീവിതം പറയാനായി എന്നാണ് വിചാരിക്കുന്നത്.
ഇൗ സിനിമ അവരുടെ ഉള്ളിൽനിന്നുള്ള വായന തന്നെയാണ്. സിനിമയിൽ കാണുന്നപോലെ സമൂഹം അവരെ ഇപ്പോഴും ചൂഷണം ചെയ്യുന്നുണ്ട്. അതനുഭവിക്കുകയാണവർ. സമീപ കാലത്തായി അതിനെ മറികടക്കാൻ ശ്രമിക്കുന്നുണ്ട്. അധികാരവും സന്പത്തും ഏതൊരാളുടെ കയ്യിലാണോ ഉള്ളത്, അവർക്ക് ഒരേ സ്വഭാവമായിരിക്കും. അതിന് മതം, ജാതി എന്നൊന്നുമില്ല. അവർക്കും അവരുടെ ജീവിതമറിയുന്നവർക്കുമേ എങ്ങനെയാണ് ജീവിക്കുന്നതെന്ന് പറയാനാകൂ. പുറമേ നിന്നുള്ള വിലയിരുത്തൽ നിലനിൽക്കില്ല. അങ്ങനെയല്ലാത്ത തിരക്കഥ എഴുതാൻ വിനോദ് കൂടെ നിൽക്കില്ല. അവരോട് ഓരോരുത്തരോടും ചോദിച്ചാണ് അവരുടെ ഭാഷ ഇംഗ്ലീഷിലേക്ക് മാറ്റി കൃത്യമായി സബ് ടൈറ്റിൽ വരെ ഇട്ടത്.
? ഇരിപ്പുറയ്‌ക്കാത്ത ഗുളികനും ആവലാതികളുടെ കൊടുങ്കാറ്റിൽ തളരുന്ന നരി മൊഞ്ചനും... കരുത്താർന്ന "ഉടലാഴ'ത്തിലെ മാതിയും "തന്തപ്പേരി'ലെ ബെള്ളയും. വേറിട്ട ഈ കഥാപാത്രങ്ങൾ എങ്ങനെയാണ് പിറക്കുന്നത്.
= ആൺകോയ്‌മയിൽ വീണുപോവുന്ന പെൺമയുള്ള പുരുഷനാണ് ഗുളികൻ. നാഗരിക ഇടങ്ങളിൽ ഇരുപ്പുറപ്പിക്കാതെ ജീവിതമയാളെ ആട്ടിയോടിച്ചുകൊണ്ടേയിരിക്കുന്നു. ആൺ‐പെൺ ബന്ധങ്ങളിൽ, ചില പുരുഷൻമാർ കാണിക്കുന്ന വൃത്തികേടുകളുണ്ട്. സ്വയം പ്രണയത്താൽ സമർപ്പിച്ച തന്റെ പെണ്ണിനെക്കുറിച്ച് (വിവാഹേതര സ്‌നേഹബന്ധങ്ങളിലാണ് ഇതധികവും) സുഹൃദ്‌വലയത്തിൽ പറഞ്ഞ് രസിക്കുന്നവരെ ഞാൻ ഒരുപാട് കേട്ടിട്ടുണ്ട്. ഈ രസിക്കലൊരു ഒറ്റുകൊടുക്കലും ചതിയുമാണ്. ഈ സ്‌ത്രീ ഇതൊന്നുമറിയുന്നുണ്ടാവില്ല. ഇതു കേട്ടുനിൽക്കുന്ന ഒരു പുരുഷന് തന്റെ ഭാര്യയും ഇങ്ങനെയാവുമോ എന്ന ഒരു സംശയം/ രോഗം ഉണ്ടാവുന്നിടത്ത് ഒരു കുടുംബം തകരും. ഇങ്ങനെ കേട്ട പല തകർച്ചകളിലൊന്നാണ് നരിമൊഞ്ചൻ. പുരുഷനേക്കാളും പല കാര്യത്തിൽ കരുത്തരായ മനുഷ്യാന്തസ്സ് ഉയർത്തിപ്പിടിക്കുന്ന കുറേ സ്‌ത്രീകളെ എനിക്കറിയാം. അവരുടെ പ്രതിനിധികളാണ് ബെള്ളയും മാതിയും മറ്റനേകം പേരും.
? പാട്ടും നൃത്തവും ഗ്ലാമറുമായി തിയറ്ററിനെ ഇളക്കിമറിക്കുന്ന മുഖ്യധാരാ സിനിമകളല്ല ‘തന്തപ്പേരും’ ‘ഉടലാഴവും.’ കലാമൂല്യമുള്ള സിനിമകൾ ഫിലിം ഫെസ്റ്റിവൽ എന്നതിനപ്പുറം കൂടുതൽ പ്രേക്ഷകരിലേക്ക് എത്തുന്നുണ്ടോ. ആർട്ട്, മുഖ്യധാര എന്നിങ്ങനെ രണ്ടുതലത്തിൽ സിനിമകളെ കാണുന്നതാണോ അതിനിടയാക്കുന്നത്.
= സിനിമകളെ മുഖ്യധാര, ആർട്ട് എന്ന് വേർതിരിക്കുന്നതിനോട് യോജിപ്പില്ല. അത് കാലഹരണപ്പെടേണ്ടതാണ്. ഞാൻ ചെയ്യുന്നത്, മുഖ്യധാരാ സിനിമയെന്ന് തന്നെ പറയും. അത് കാണാൻ നിങ്ങൾ തയ്യാറാവാത്തതിന് എന്ത് ചെയ്യും. ഐഎഫ്‌എഫ്‌കെയിൽ ആളുകൾ നിലത്തിരുന്ന് വരെ കണ്ടു, ഇൗ സിനിമ. ഇവിടെയുള്ളവർക്ക് ഇത്തരം സിനിമകൾ കാണേണ്ടതല്ലെന്ന ചിന്തയുണ്ട്. മറിച്ച് ഇൗ സിനിമ നിങ്ങൾ കണ്ട് നോക്കൂ എന്ന അപ്പീലാണ് ഉണ്ടാവേണ്ടത്. ഒരു സിനിമ പല തരത്തിലാണ് ആളുകളിൽ പ്രവർത്തിക്കുന്നത്.
100 കോടി ലാഭമുണ്ടാക്കുകയാണ് ലക്ഷ്യമെങ്കിൽ അതങ്ങനെയാണ് വരിക. അതല്ല, മറ്റൊരു രീതിയിൽ പറയലാണ് ലക്ഷ്യമെങ്കിൽ അതും പ്രധാനമാണ്. അത് പ്രേക്ഷകൻ തിരിച്ചറിയണം. തിരിച്ചറിഞ്ഞിട്ടും കാര്യമില്ല, അവർ തിയറ്ററിലേക്ക് എത്തുന്നില്ല. പാഠപുസ്‌തകം വായിക്കും പോലെയല്ല, ഫീച്ചർ വായിക്കുക. അതേ വ്യത്യാസം ഇത്തരം സിനിമകൾ കാണുന്നതിലുമുണ്ട്. അപ്പോൾ ബോധപൂർവമായ കാണൽ അത്യാവശ്യമാണ്. അതിലൂടെ നമ്മൾ നവീകരിക്കപ്പെടും.
"ആട്ട'വും "ഫുൾ പ്ലേറ്റു'മെല്ലാം എന്റെയുള്ളിലെ ആണിനെ കഴുകി വെടിപ്പാക്കിയിട്ടുണ്ട്. അതൊരു സമൂഹത്തിന്റയും സംസ്‌കാരത്തിന്റെയും ഉത്തരവാദിത്വമാകുന്നത് അങ്ങനെയാണ്. സ്വയം ചോദ്യങ്ങൾ ചോദിപ്പിക്കാനും വിലയിരുത്തിക്കാനും സിനിമയ്‌ക്ക് കഴിയും. കൂടുതൽ ആളുകളിലേക്ക് എത്തിക്കുന്നതിനപ്പുറത്ത്, ആളുകളിലുണ്ടാവുന്ന ബോധ്യവും പ്രധാനമാണ്. അത് സമൂഹത്തിൽ വെളിച്ചമുണ്ടാക്കും. അതുതന്നെയാണ് ഇത്തരം സിനിമകളുടെ ഒന്നാമത്തെ ലക്ഷ്യം. ആ സിനിമകൾ അവാർഡ് സിനിമകൾ, ബുദ്ധിജീവി സിനിമകളെന്ന് തള്ളിക്കളയുമ്പോൾ നഷ്‌ടം സമൂഹത്തിനും സംസ്‌കാരത്തിനുമാണ്. എല്ലാവർക്കും കാണാവുന്ന സിനിമയായാണ് ‘തന്തപ്പേര്’ ഉൾപ്പെടെ ഞാൻ എടുത്തത്. അവാർഡ് പടം എന്ന് വിചാരിച്ചല്ല. വിഷയം കലാപരമായി പറയുന്നു എന്നതാണ്. എല്ലാവർക്കും ഇഷ്‌ടപ്പെടുന്ന സിനിമ ചെയ്യുക എന്നത് സ്വപ്‌നം മാത്രമാണ്.
? കലാമൂല്യമുള്ള സിനിമകളുടെ വിജയത്തിന് ഇൗ മേഖലയിൽ ഉണ്ടാവേണ്ട ഇടപെടലുകൾ.
= ഇത്തരം സിനിമകൾ കാണിക്കാൻ ബോധപൂർവവും കാര്യക്ഷമവുമായ ഇടപെടൽ സർക്കാറിന്റെ ഭാഗത്തുനിന്നുണ്ടാവണം. സി സ്‌പേസ് എന്ന സർക്കാർ ഒടിടി സ്വകാര്യ ഒടിടിയേക്കാൾ ജനകീയവും സജീവവുമാകേണ്ടതുണ്ട്. ഇൗ സംവിധാനം കൂടുതൽ ആളുകളിൽ എത്തിയിട്ടില്ല. ആമസോൺ, നെറ്റ്‌ഫ്ളിക്‌സ് എന്ന് പറയുംപോലെ എന്തുകൊണ്ടാണ് സി സ്‌പേസ് നമ്മൾക്ക് അത്ര പരിചിതമല്ലാത്തത് എന്നാലോചിച്ചാൽ മതി. സി സ്‌പേസിൽ അക്കാദമിക സിനിമകൾ പ്രദർശിപ്പിക്കുന്നുണ്ട്. പക്ഷെ തുടങ്ങിയ ഇടത്തുനിന്ന് ഒരുപാട് മുന്നോട്ടുപോവാനുണ്ട്.
പ്രചാരണം കൂട്ടിയാൽ ആളുകളെത്തും. സിനിമയ്‌ക്കും സർക്കാരിനും പൈസ കിട്ടും. സിനിമകൾ തിയറ്ററിലെത്താൻ ഫണ്ട് വേണം. സിനിമയുടെ പേര് ആളുകളുടെ മനസ്സിൽ രജിസ്റ്റർ ചെയ്യുക എന്ന ആദ്യ പണി തൊട്ട് സാന്പത്തിക ആവശ്യം ഉണ്ട്. പ്രൊമോഷനായി വലിയ തുകയാണ് അത്തരം സിനിമകൾ ഇറക്കുന്നത്.
? ആവള എന്ന കോഴിക്കോട്ടെ കാർഷിക ഗ്രാമത്തിൽനിന്നുള്ള സംവിധായകനിൽ നാടിന്റെ സ്വാധീനം എത്രമാത്രമാണ്.
= എന്നെ രൂപപ്പെടുത്തിയത് ആവളയാണ്. നാട്ടിലെ കാർഷിക സംസ്‌കാരം, കലാസംസ്‌കാരം എന്നിവ നൽകിയ അനുഭവക്കരുത്തിലാണ് ഒരു ടീമിനെ ഉണ്ടാക്കാനും നയിക്കാനും എളുപ്പം കഴിയുന്നത്. കുട്ടിക്കാലത്ത് രാവിലെ എണീറ്റ് പാൽ വീടുകളിലെത്തിക്കും. ആ പൈസയ്‌ക്ക് കടയിൽനിന്ന് വീട്ടിലേക്ക് സാധനങ്ങൾ വാങ്ങിക്കും. ആ രീതിയിൽ അന്നേ ഞാനൊക്കെ പ്രൊഡക്ഷൻ കൺട്രോളറാണ്. അതിന് പുറമെ വയലിലെ പണി, പുല്ല് പറിക്കൽ അങ്ങനെ ഓരോ ജോലികൾ. അങ്ങനെ രൂപപ്പെട്ട കുട്ടിയായതിനാലാണ് സിനിമ എളുപ്പം ചെയ്യാൻ പറ്റുന്നുണ്ടാവുക. ആ അനുഭവം ആവളയിൽ വളർന്നതുകൊണ്ട് കിട്ടിയതാണ്. അതുകൊണ്ട് നാട് എന്നും പ്രിയപ്പെട്ടതാണ്. അക്കാലത്ത് പണപ്പയറ്റിന് വരുന്ന ആളുകളുടെ പേരിലും ലൈബ്രറിയുടെ പേരിലുമൊക്കെ ആവള, കുട്ടോത്ത് എന്നിങ്ങനെ നാടിന്റെ പേരുണ്ടാവും. പേരിനൊപ്പം ആവള ചേർക്കുക എന്ന ഇഷ്‌ടം അന്ന് മനസ്സിൽ മുളച്ചതാണ്. അക്കാലത്ത് എന്ത് കിട്ടി, അതാണ് ഇന്നത്തെ ഞാൻ. അന്ന് കിട്ടാത്തതിന്റെ കുറവുകളും കൂടെയുണ്ടാവാം. അതെന്റെ സ്വത്വവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഏറ്റവും നല്ല സോഷ്യലിസ്റ്റുകാരെയും കമ്യൂണിസ്റ്റുകാരെയും കണ്ടത് ആവളയിലാണ്.
? മുപ്പതാമത് ഐഎഫ്‌എഫ്‌കെയിൽ ജനപ്രിയ ചിത്രത്തിനുള്ള രജതചകോരം, മികച്ച മലയാളചിത്രത്തിനുള്ള നെറ്റ്‌പാക് പുരസ്‌കാരം, അന്തർദേശീയ ജൂറി പുരസ്‌കാരം. എന്തു തോന്നുന്നു.
= ഞായറാഴ്‌ച വൈകിട്ട് ടിവിയിൽ കാണുന്ന ഒരു സിനിമയായിരുന്നു 15 വയസ്സുവരെ എന്റെ സിനിമാ ബന്ധം. വല്ലപ്പോഴും സ്‌കൂളിൽ പ്രൊജക്ടർ വെച്ച് കലാസമിതികൾ കാണിക്കുന്ന ഒന്നോ രണ്ടോ സിനിമ. കക്കട്ടിൽ അജന്തയിൽനിന്ന് കുടുംബത്തോടൊപ്പം കണ്ട രണ്ടോ മൂന്നോ സിനിമകൾ. ഇതിനപ്പുറം സിനിമാനുഭവങ്ങൾ ഒന്നുമുണ്ടായിരുന്നില്ല എനിക്ക്. സിനിമ കണ്ടാൽ വഴി തെറ്റിപ്പോവും, അതുകൊണ്ട് സിനിമ കാണാൻ പോയാൽ അടികിട്ടുമായിരുന്ന വീട്ടിലാണ് എന്റെ പ്രീഡിഗ്രി കാലം. അവിടെനിന്നാണ് വരുന്നെതെന്ന് ഓർക്കുമ്പോൾ സിനിമ വഴിതെറ്റലല്ല, അതെന്റെ വഴി തന്നെയാണെന്ന് കാലം പറയുമ്പോൾ ഞാനതിന്റെ വഴിക്ക് നിന്നുകൊടുക്കുന്നു. എന്റേതല്ലാത്ത ഒരു ലൊക്കേഷനിലും പോവാതെ അക്കാദമിക്കായി സിനിമ പഠിക്കാതെയാണ് ഇങ്ങനെയൊക്കെയുണ്ടാവുന്നത്. ജീവിതപങ്കാളിയും അധ്യാപികയുമായ സമിഷയും കുടുംബാംഗങ്ങളും സുഹൃത്തുക്കളുമാണ് പതറുമ്പോഴൊക്കെ കൂട്ടാവുന്നത്.
? അടുത്ത സിനിമാ ആലോചനകൾ.
= ഹിന്ദിയിലാണ്. ഹിമാലയമാണ് പശ്ചാത്തലം. അതുകഴിഞ്ഞ് കണ്ണൂർ പ്രമേയമാവുന്ന മലയാള സിനിമ.
ഇന്ന സിനിമയേ ചെയ്യാവൂ എന്നൊന്നുമില്ല. എന്നെ എക്‌സൈറ്റ് ചെയ്യിക്കുന്ന, സ്വാതന്ത്ര്യം തരുന്ന ഉണ്ണി സമരങ്ങളാണ് എന്റെ ഓരോ ശ്രമവും. ആനന്ദമില്ലാതെയും അടിമയായും എനിക്ക് വർക്ക് ചെയ്യാനാവില്ല .








0 comments