ad
Deshabhimani

അഭിമുഖം

കലാകാരന്റെ ഫുട്‌ബോൾ ദൈവത്തിനുമപ്പുറം

റിയാസ്‌ കോമു ഫോട്ടോ: പദ്‌മശ്രീ സുധാരക്‌ ഓൾവെ


കേരളത്തിന്റെ ഗ്രാമാന്തരങ്ങളിലെ പൊടിപാറുന്ന ഫുട്ബോൾ മൈതാനങ്ങളിൽ നിന്നും കലാലോകം ഉറ്റുനോക്കുന്ന ഗാലറികളിലേക്കും മ്യൂസിയങ്ങളിലേക്കും റിയാസ് കോമു നടത്തിയ സഞ്ചാരം ഭാവനയുടെയും ഓർമയുടെയും സാംസ്‌കാരിക സ്വത്വത്തിന്റെയും പരിവർത്തന ശക്തിയെ ഉൾക്കൊള്ളുന്നതാണ്. ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട സമകാലിക കലാകാരന്മാരിൽ ഒരാളായും കൊച്ചി- മുസിരിസ് ബിനാലെയുടെ സഹസ്ഥാപകനായും ഉയർന്നുവരുന്നതിനുമുമ്പ്, പ്രാദേശിക ക്ലബ്ബുകളുടെയും ഗ്രാമീണ ടൂർണമെന്റുകളുടെയും കൂട്ടായ്‌മയിലൂടെ രൂപപ്പെട്ട ഒരു ഫുട്ബോൾ കളിക്കാരനായിരുന്നു റിയാസ് കോമു. കലാകാരനായി മാറിയപ്പോഴും കോമുവിന്റെ ലോകത്തുനിന്നും വിട്ടുപോവാൻ ഫുട്ബോളിനായില്ല. ആവിഷ്‌കാരങ്ങളിൽ ആവർത്തിച്ചു വരുന്ന ഒരു രൂപകമായി പരിണമിച്ച ഫുട്ബോളിലൂടെ നമ്മുടെ കാലം അഭിമുഖീകരിക്കേണ്ട അടിയന്തരമായ ചില ചോദ്യങ്ങൾ ഉന്നയിക്കാനും റിയാസ് കോമുവിന് സാധിച്ചു.

മുതിർന്ന പത്രപ്രവർത്തകനും എഴുത്തുകാരനും മുൻ റേഡിയോ പ്രക്ഷേപകനുമായ എസ് ഗോപാലകൃഷ്ണൻ ഈ അഭിമുഖത്തിലൂടെ ഫുട്ബോളിനും കലാപരമായ പരിശീലനത്തിനും ഇടയിലുള്ള റിയാസ് കോമുവിന്റെ ജീവിതവും രാഷ്‌ട്രീയവും കണ്ടെത്തുന്നു. ഭൂഖണ്ഡങ്ങളിലൂടെയും ചരിത്രകാലങ്ങളിലൂടെയും സഞ്ചരിക്കുന്ന ഈ സംവാദം, ഇന്ത്യൻ ഫുട്ബോൾ ടീമിലെ പുരുഷ-‐വനിതാ താരങ്ങളുടെ പോരാട്ടങ്ങൾ മുതൽ ഇറാഖ് ദേശീയ ടീമിന്റെ യുദ്ധക്കെടുതികൾ നിറഞ്ഞ അനുഭവങ്ങൾ വരെയും, ഫ്രഞ്ച് ഫുട്‌ബോളിന്റെ സാംസ്‌കാരിക വൈവിധ്യത്തിൽനിന്നും കുടിയേറ്റം, സ്വത്വം, ദേശീയത, സഹവർത്തിത്വം എന്നിങ്ങനെ വിശാലമായ ചോദ്യങ്ങളിലേക്കും സഞ്ചരിക്കുന്നു.

റിയാസ്‌ കോമു ഫോട്ടോ: പദ്‌മശ്രീ സുധാരക്‌ ഓൾവെറിയാസ്‌ കോമു ഫോട്ടോ: പദ്‌മശ്രീ സുധാരക്‌ ഓൾവെ

ജീവിതാനുഭവങ്ങളിൽനിന്നും രാഷ്‌ട്രീയ നിലപാടുകളിൽനിന്നും സൗന്ദര്യശാസ്‌ത്രത്തെ വേർതിരിക്കാൻ വിസമ്മതിക്കുന്ന ഒരു കലാകാരനെ ഈ അഭിമുഖത്തിലൂടെ അടുത്തറിയാം. റിയാസ് കോമുവിനെ സംബന്ധിച്ചിടത്തോളം, ഫുട്ബോൾ വെറുമൊരു കായിക വിനോദം മാത്രമല്ല, സാമൂഹികവും രാഷ്‌ട്രീയവും സാംസ്‌കാരികവുമായ ഒരു പ്രതിഭാസമാണ്‌. ‘മാർക്ക് ഹിം’, ‘ലെഫ്റ്റ് ലെഗ്’, ‘ബിയോണ്ട് ഗോഡ്സ്’ തുടങ്ങിയ പ്രശസ്‌തമായ കലാപ്രദർശനങ്ങൾ രൂപപ്പെട്ടത് എങ്ങനെയെന്നും അഭിലാഷങ്ങളുടെയും മുറിവുകളുടെയും പ്രതിരോധത്തിന്റെയും പ്രതീകമായി ഫുട്ബോൾ മാറുന്നത് എന്തുകൊണ്ടെന്നും ഈ അഭിമുഖത്തിൽനിന്നും വായിച്ചെടുക്കാം.

എസ്‌ ഗോപാലകൃഷ്ണൻ: കലാകാരനായി അറിയപ്പെടുംമുമ്പെ റിയാസ് ഒരു കാൽപ്പന്തു കളിക്കാരനായിരുന്നു. ഫുട്ബോൾ മൈതാനങ്ങളിൽനിന്നും കലാലോകത്തേക്ക് കളം മാറിയപ്പോഴും കൗമാരത്തെ ആവേശിച്ച ഫുട്ബോളിനെ ഭൂതകാലത്തിലേക്ക് തട്ടിക്കളയാതെ സർഗാത്മകതയുടെയും രാഷ്‌ട്രീയത്തിന്റെയും ഊർജമാക്കിയാണ് റിയാസ് മുന്നോട്ടു പോയത്. ഇന്ത്യൻ ഫുട്ബോളിനുള്ള ആദരമായ ‘മാർക്ക് ഹിം’ പ്രദർശനങ്ങൾ, ഇറാക്കി ഫുട്ബോളിന്റെ മുറിവുകളെയും പോരാട്ടങ്ങളെയും അടയാളപ്പെടുത്തിയ ‘ലെഫ്റ്റ് ലെഗ്’, ഫ്രഞ്ച് ഫുട്ബോളിന്റെ ബഹുസ്വരതയും രാഷ്‌ട്രീയവും ആഴത്തിൽ അവതരിപ്പിച്ച ‘ബിയോണ്ട് ഗോഡ്സ്’ ഉൾപ്പെടെ കളിക്കളത്തിൽനിന്നും കലാനിലങ്ങളിലേക്ക് ഫുട്ബോളിനെ പാസ് ചെയ്‌ത നിരവധി കലാസൃഷ്ടികളും കലാപ്രദർശനങ്ങളും റിയാസിന്റേതായിട്ടുണ്ട്. അവയിലേക്കു വരുന്നതിനുമുമ്പെ പന്തുതട്ടിത്തുടങ്ങിയ കാലത്തുനിന്നും നമുക്ക് ഈ വ‍ർത്തമാനം തുടങ്ങാം.

റിയാസ് കോമു: ഇഷ്ടം പോലെ കളിച്ചുനടക്കാൻ സ്വാതന്ത്ര്യമുണ്ടായിരുന്ന ഒരു കാലത്തായിരുന്നു എന്റെ കുട്ടിക്കാലം. ഫുട്ബോളായിരുന്നു ഞങ്ങളുടെ ലോകം. ജനിച്ചു വളർന്ന ഒരിടം മാത്രമല്ല കളിച്ചു വളർന്നയിടം കൂടിയാണ് എനിക്ക് നാട്. കേരളത്തിലെ പല ഗ്രാമങ്ങളെയും പോലെ ഞങ്ങളുടെ നാടിനും അക്കാലത്ത് ഒരു ഫുട്ബോൾ സംസ്‌കാരമുണ്ടായിരുന്നു. ഞങ്ങളുടെ അഭിമാനമായി നാട്ടിൽ നല്ലൊരു ഫുട്ബോൾ ക്ലബ്ബുമുണ്ടായിരുന്നു.

നല്ല സ്‌കില്ലും ഡിസിപ്ലിനുമുള്ള ഒരു ടീം. സ്‌പാനിഷ് ഫുട്ബോളിലൂടെ പ്രശസ്‌തമായ ടിക്കി-ടാക്ക പോലത്തെ ശൈലിയിൽ കളിച്ചിരുന്ന ആ ക്ലബ്ബിന്റെ ഗോൾ കീപ്പറായിരുന്നു ഞാൻ. പിന്നീട് ഒരു റൈറ്റ് വിങ് ഫോർവേഡായും ഞാൻ കളിച്ചു. ‘എട്ടുമന ത്രിവർണ' എന്ന പേരിൽ ചുറ്റുവട്ടത്തുള്ള നിരവധി സെവൻസ് ടൂർണമെന്റുകളിൽ ഞങ്ങൾ കളിക്കാൻ പോയിരുന്നു. കളിപോലെ തന്നെ കളിക്കാനുള്ള ഈ യാത്രകളും ആവേശഭരിതമായിരുന്നു. സൈക്കിൾ ചവിട്ടിയാണ് ഞങ്ങൾ പല ടൂർണമെന്റുകളിലും കളിക്കാനായി പോയിരുന്നത്. അതുകണ്ട് ചിലർ ഞങ്ങൾക്ക് ഒരു അംബാസിഡർ കാർ ഏർപ്പാടാക്കി തന്നു. 7’ട ടൂർണമെന്റും 9’s ടൂർണമെന്റും കളിക്കാൻ പോവുന്ന ഒരു ടീം മുഴുവൻ ഈ അംബാസിഡർ കാറിനകത്ത് കേറിപ്പോയിരുന്നു. അതിശയകരമായ യാത്രകളായിരുന്നു അവയെല്ലാം. എല്ലാ പരിമിതികളെയും മറികടക്കാനുള്ള ഞങ്ങളുടെ ടീം സ്‌പിരിറ്റ് ആയിരുന്നു ആ യാത്രകളുടെയെല്ലാം ഊർജം. അതുപോലെ ഒരു ടെമ്പോ വാനിലും ഞങ്ങൾ കുറേ കളികൾക്ക് പോയിട്ടുണ്ട്. എൺപത്തിനാലിലൊക്കെ നടന്ന രസകരമായ കഥയാണ് ഈ പറയുന്നത്. എപ്പോഴും വലിയ സാമ്പത്തിക ബുദ്ധിമുട്ടുകൾ ക്ലബ് നേരിട്ടിരുന്നു. ക്ലബ്ബിനുള്ള വരുമാനം കണ്ടെത്താനായി ഞങ്ങൾ പല വഴികളും നോക്കിയിരുന്നു. ആറാട്ടുപുഴ പൂരത്തിന് സൈക്കിൾ സൂക്ഷിക്കും, സർബത്ത് വിൽക്കും, അങ്ങനെയങ്ങന...

എന്നെയും കസിൻ ബ്രദർ പാച്ചുവിനെയും ഞങ്ങളുടെ ടീമിലെ ഡിഫെൻഡറായിരുന്ന സുനിയേയും നാട്ടിലെ മറ്റു ടീമുകളും വാടകയ്‌ക്ക് എടുക്കാറുണ്ടായിരുന്നു. "പുറകിൽ നിന്നാൽ വെള്ളം ചോരില്ല' എന്നൊക്കെ സുനിയെ കുറിച്ച് ആരാധകർ പറയുമായിരുന്നു. ഒരു കളിക്കുപോയാൽ അമ്പതു രൂപയും പിന്നെ പൊറോട്ടയും ഇറച്ചിയുമൊക്കെയാണ് ഞങ്ങൾക്ക് കിട്ടിയിരുന്നത്. അങ്ങനെയിരിക്കെ എട്ടുമന ത്രിവർണ എന്ന പേരിൽ കളിച്ചിരുന്ന ഞങ്ങളുടെ ടീമിന് ഒരു പുതിയ പേരു കിട്ടി. ഒരു ദിവസം പുലർച്ചയ്‌ക്ക്‌ ഞങ്ങളുടെ നാട്ടിൽ പുലിയിറങ്ങി. അക്രമാസക്തനായി നാടുചുറ്റിനടന്ന പുലി ഒടുവിൽ ഒരു വീടിനകത്തേക്കു ചെന്നുകേറി. ആ വീടിനകത്ത് കുടുങ്ങിയ പുലി വെടിയേറ്റു വീണു. അതോടെ ഞങ്ങളുടെ ടീം എട്ടുമന ടൈഗർ കില്ലേഴ്‌സ് എന്ന് അറിയപ്പെടാൻ തുടങ്ങി.

പഠിക്കാനായി നാടുവിട്ടു പോയതിനുശേഷം ഫുട്ബോളും കാലുകളും തമ്മിലെ ബന്ധം കുറഞ്ഞുതുടങ്ങി. നാട്ടിലെ ഫുട്ബോൾ ടൂർണമെന്റുകളിലെ കമ്മിറ്റികളിൽ അംഗമായും മറ്റുവിധേനയും കളിക്കളത്തോട് ചേർന്നുനിന്നിരുന്നു. ചില കളികളിൽ അവരെന്നെ റഫറിയാക്കി കളത്തിലിറക്കുമായിരുന്നു, എന്നിട്ട് മൈക്കിലൂടെ വിളിച്ചുപറയും, ഇന്നത്തെ റഫറി ‘റിയാസ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര.’ രസകരമായിരുന്നു ആ കാലമെല്ലാം. പറയാനേറെയുണ്ടെങ്കിലും ഒരു കാര്യം കൂടി പറയാം. ഉയരമായിരുന്നു അന്നൊക്കെ ഫുട്ബോൾ ടൂർണമെന്റുകളിൽ പ്രധാന മാനദണ്ഡം. അഞ്ചടി ടൂർണമെന്റ്, അഞ്ചടി അഞ്ചിഞ്ച് ടൂർണമെന്റ് എന്നൊക്കെ ടൂർണമെന്റുകൾ അറിയപ്പെട്ടിരുന്നു. ഉയരം കുറവായതിനാൽ എനിക്കെപ്പോഴും അവസരം ലഭിച്ചിരുന്നു. ഉയരം കൂടിപ്പോയതിനാൽ കളിക്കാനുള്ള അവസരം കിട്ടാതെ പോയ ഒരുപാട് നല്ല കളിക്കാരും നാട്ടിലുണ്ടായിരുന്നു.

ബിയോണ്ട്‌ ഗോഡ്‌സ്‌  : ഇൻസ്‌റ്റലേഷൻ റിയാസ്‌ കോമുബിയോണ്ട്‌ ഗോഡ്‌സ്‌ : ഇൻസ്‌റ്റലേഷൻ റിയാസ്‌ കോമു

? നാട്ടിലെ ക്ലബ്ബും 7’ട കളിക്കളങ്ങളും വിട്ട്‌ റിയാസ് പിന്നീട് കലാപഠനത്തിനായി ബോംബയിലെ J J School of Artൽ ചേ‍ർന്നു. ബോംബെ എന്നു കേൾക്കുമ്പോൾ നമ്മുടെ മനസ്സിലേക്ക് ആദ്യം വരുന്നത് ക്രിക്കറ്റാണ്. ബോംബെ വാസം റിയാസിന്റെ ഭ്രമങ്ങൾ മാറ്റിയോ.

= 1992‐ലാണ് ഞാൻ ബോംബെയിലെത്തുന്നത്. നമ്മെയൊക്കെ വല്ലാതെ ഭയപ്പെടുത്തിയ ഒരു ചരിത്ര കാലഘട്ടമായിരുന്നല്ലോ ഇന്ത്യയിലത്. ബാബറി മസ്ജിദ് തക‍ർക്കപ്പെട്ടതിന്റെ പ്രത്യാഘാതങ്ങൾ നേരിട്ടറിഞ്ഞ ഒരു നഗരം കൂടിയായിരുന്നു ബോംബെ. അതിതീവ്രമായി മാറിയ രണ്ടു കലാപങ്ങൾ ബോംബെയിൽ ഉടലെടുത്തു. കൊല്ലപ്പെട്ടവരും പരിക്കേറ്റവരും വളരെയേറെയായിരുന്നു. മാനസികമായി മുറിവേറ്റവ‍‍ർക്ക് കണക്കില്ലായിരുന്നു. വ‍ർഷങ്ങളായി ഒരേയിടത്തു കഴിഞ്ഞവ‍ർപോലും സംശയവം ഭീതിയും പകുത്തു. ഒരുപാട് കുടുംബങ്ങൾക്ക് അവരുടെ വീട് വിട്ടു പോവേണ്ടിവന്നു. തുട‍ർന്നുണ്ടായ സ്‌ഫോടന പരമ്പരയും ഈ ഭീതിയും വിഭജനവും ശക്തമാക്കി. മനുഷ്യർ പരസ്‌പരം കല‍ർന്നു കഴിയുന്ന കേരളം പോലെ ഒരു നാട്ടിൽനിന്നും വന്നെത്തിയ എന്നിൽ ബോംബെയിലെ ആ കലാപകാലം വരുത്തിയ മാറ്റം വലുതായിരുന്നു. ടെക്സ്റ്റൈൽ ഡിസൈനിങ് പഠിക്കാനായാണ് ഞാൻ ബോംബെയിൽ എത്തിയതെങ്കിലും അപ്പോഴേക്കും ആ മഹാനഗരത്തിലെ ടെക്സ്റ്റൈൽ മില്ലുകളുടെ പ്രഭാവകാലം അസ്‌തമിച്ചിരുന്നു. ഈ സാഹചര്യങ്ങളുടെയെല്ലാം സ്വാധീനത്താൽ ടെക്സ്റ്റൈൽ ഡിസൈനിങ്ങിൽനിന്നും എന്റെ കല പെയിന്റിങ്ങിലേക്ക് മാറി. പ്രതിരോധത്തിന്റെയും പ്രതിഷേധത്തിന്റെയും മാധ്യമമാക്കി ഞാൻ എന്റെ കലയെ മാറ്റി.

ഉദാരവൽക്കരണത്തിനു ശേഷം ക്രിക്കറ്റിന്റെ നാടായി ബോംബെ മാറിയെന്നതു ശരിതന്നെ. എങ്കിലും എനിക്ക് ഫുട്ബോൾ കളിക്കാൻ കഴിയാതിരുന്നതിന്റെ കാരണം അതുമാത്രമല്ല. കല പഠിപ്പിക്കുന്ന ഒരു സ്ഥാപനത്തിൽ ആയിരുന്നല്ലോ ഞാൻ പഠിച്ചിരുന്നത്. ആ‍ർട്ട് എന്നുവച്ചാൽ എന്തോ ധൈഷണികമായ പ്രവൃത്തി മാത്രമാണ് എന്നുള്ള ധാരണയാൽ അവിടുത്തെ കുട്ടികളാരും കളിക്കാൻ പോകാറില്ലായിരുന്നു. നാലാം വ‍‍ർഷം ആയപ്പോഴേക്കും എങ്ങനെയൊ ഞങ്ങൾ ഒരു ഫുട്ബോൾ ടീമുണ്ടാക്കി. മാട്ടുങ്കയിലായിരുന്നു ആദ്യ മത്സരം. തോരാതെ മഴപെയ്യുന്ന ഒരു ദിവസമായിരുന്നു. ഒമ്പതു ഗോളുകൾ വാങ്ങി ഭംഗിയായി ഞങ്ങൾ തോറ്റു. അതിനുശേഷം ആ ടീം ഒരിടത്തും കളിക്കാൻ പോയിട്ടില്ല.

ക്രിക്കറ്റിന്റെ സ്വാധീനത്തെക്കുറിച്ച് പറഞ്ഞല്ലോ, ഞങ്ങളുടെ ഹോസ്റ്റലിന്റെ തൊട്ടടുത്തായിരുന്നു സാഹിത്യ സഹവാസ്. അവിടെയായിരുന്നു സച്ചിൻ തെണ്ടുൽക്കർ താമസിച്ചിരുന്നത്. അപ്പോൾ ഞങ്ങളുടെ അയൽപ്പക്കത്ത് സച്ചിന്റെ വലിയ സാന്നിധ്യമുണ്ടായിരുന്നു. അതിന് തൊട്ടടുത്തുള്ള കലാനഗർ കോളനിയിൽ വലിയ ഒരു ബംഗ്ലാവിലായിരുന്നു ബാൽ താക്കറേ താമസിച്ചിരുന്നത്. 1992 മുതൽ 1999 വരെയുള്ള എന്റെ ആദ്യകാല ബോംബെ ജീവിതത്തിന്റെ പരിസരമിതൊക്കെയായിരുന്നു. ഫുട്ബോൾ മാത്രമല്ല ഒരുതരത്തിലുള്ള കളികളും ഇല്ലാതിരുന്ന കാലം. ബോംബെയുടെ കാലാവസ്ഥയും മാറുകയായിരുന്നു. അക്കാലത്തെ സംഘർഷങ്ങൾക്കിടയിലും ഗ്രാമങ്ങളിൽനിന്നും നഗരത്തിലേക്ക്‌ വന്നുകൊണ്ടിരുന്ന ആളുകളായിരുന്നു എനിക്ക് പ്രതീക്ഷ നൽകിയത്. സ്വന്തം ഗ്രാമം ഉപേക്ഷിച്ചും കുടുംബം ഉപേക്ഷിച്ചും ജാതിവിവേചനം ഉപേക്ഷിച്ചും സാമ്പത്തികഭദ്രതയില്ലായ്‌മ ഉപേക്ഷിച്ചും നഗരങ്ങളിലേക്ക് വരുന്നവ‍ർ അനുഭവിക്കുന്ന സ്വാതന്ത്ര്യം എന്നെ ആകർഷിച്ചു. അവരുടെ മുഖത്തെ സന്തോഷം എനിക്ക് വലിയ ഊർജം നൽകിയിരുന്നു. എന്റെ സൃഷ്ടികൾ എന്നും ഈ സാംസ്‌കാരിക വൈവിധ്യത്തെ പ്രതിനിധീകരിക്കുന്നു, ജീവിക്കാനുള്ള അവരുടെ അഭിലാഷം എന്നിൽ അന്നു വലിയ പ്രേരണയായി വർത്തിച്ചു, ഇന്നും.

ലെഫ്‌റ്റ്‌ ലെഗ്‌ സീരീസ്‌: റിയാസ്‌ കോമുലെഫ്‌റ്റ്‌ ലെഗ്‌ സീരീസ്‌: റിയാസ്‌ കോമു

? ഇന്ത്യൻ നാഷണൽ ഫുട്‌ബോൾ ടീമുമായി സഹകരിച്ച്‌ കലാപ്രവർത്തനം നടത്തിയതെങ്ങനെയായിരുന്നു...

= കോളേജ് പഠനം പൂർത്തിയാക്കിയ ശേഷം, വടക്കുപടിഞ്ഞാറൻ ബോംബെയിലെ ബോറിവലി എന്ന പ്രദേശത്തേക്ക് ഞാൻ താമസം മാറ്റി. കലാകാരൻ എന്ന നിലയിൽ ഒരു ജീവിതം കരുപ്പിടിപ്പിക്കുന്നതിനായി ആ മാറ്റം അനിവാര്യമായിരുന്നു. ബോറിവലി ഒരു ഫുട്ബോൾ സമൂഹമാണ്. ധാരാളം ഗോവക്കാർ അവിടെയുണ്ടായിരുന്നു. വിന്റേജ് എഫ്സി എന്ന പേരിൽ ഒരു ഫുട്ബോൾ ക്ലബ്ബും ബോറിവലിയിലുണ്ടായിരുന്നു. മുപ്പത്തിയഞ്ചിനും അറുപത്തിയഞ്ചിനുമിടയ്‌ക്ക്‌ പ്രായമുള്ളവരായിരിന്നു പൊതുവെ ആ ക്ലബ്ബിനുവേണ്ടി കളിക്കാറുണ്ടായിരുന്നത്. ആ ടീമിൽ ചേർന്നു ഞാൻ വീണ്ടും കളിച്ചുതുടങ്ങി. ഫുട്ബോൾ ഭ്രമമുള്ള ഗോവക്കാർ, പിന്നെ ബോംബെ കസ്റ്റംസിന്റെയും തുറമുഖ ട്രസ്റ്റിന്റെയും ടീമുകളിൽ കളിച്ചിരുന്നർ... അവരൊക്കെയായിരുന്നു വിന്റേജ് എഫ്സിയിൽ കളിക്കാനെത്തിയിരുന്നവർ. ആ പ്രായത്തിലും നന്നായി കളിക്കുന്നവർ. മുമ്പ് പ്രൊഫഷണൽ ഫുട്ബോൾ കളിച്ചിരുന്നവരാണല്ലൊ, കളി തുടങ്ങും മുമ്പ് അവരെന്നും അരമണിക്കൂ‍ർ സ്ട്രെച്ചിങ്ങും എക്സ‍ർസൈസുകളും ചെയ്യിക്കും. അതുകഴിയുംവരെ ഫുട്ബോൾ തൊടാൻപോലും സമ്മതിക്കില്ല. പ്രായവും പരിക്കുകൾ വരാനുള്ള സാധ്യതയും കണക്കിലെടുത്തുള്ള മുൻകരുതലായിരുന്നു ഇതെല്ലാം. അതോടൊപ്പം അവരുടെ ജീവിത സമരങ്ങളുടെ കഥകൾ കേൾക്കുന്നതും എനിക്കു വലിയ പ്രേരകശക്തിയായിരുന്നു. അപാരമായ ഫുട്ബോൾ സ്‌നേഹമായിരുന്നു അവരെയെല്ലാം ഒരുമിപ്പിച്ചത്. ഞങ്ങളുടെ സംഭാഷണങ്ങൾ മിക്കപ്പോഴും അവസാനിച്ചിരുന്നത് ഇന്ത്യൻ ഫുട്ബോൾ താരങ്ങളുടെ പിൽക്കാല ജീവിതത്തിന്റെ സംഘർഷങ്ങളിലും അവർ അനുഭവിക്കേണ്ടിവരുന്ന സാമ്പത്തിക ബുദ്ധിമുട്ടുകളിലുമായിരുന്നു.

നമ്മളിപ്പോൾ സംസാരിച്ചുകൊണ്ടിരിക്കുന്ന ഈ പെയിന്റിങ്‌ സ്റ്റുഡിയോയ്‌ക്കും എന്റെ ശിൽപ്പകലാ സ്റ്റുഡിയോയ്‌ക്കും ഇടയിലാണ് ഈ ഫുട്ബോൾ മൈതാനം. വലിയ ഒരു ഫണ്ട്ശേഖരണം നടത്തി 2012ൽ അവിടെ ഞങ്ങൾ Dutch artificial turf ചെയ്‌തിരുന്നു. ആ സമയത്താണ് ഞാൻ Play Football എന്ന ഒരു പ്രൊജക്ട്‌ തുടങ്ങിയത്. ശനി, ഞായർ ദിവസങ്ങളിൽ ബോംബെയിൽ യാത്ര ചെയ്യുമ്പോഴെല്ലാം ചെറിയ ചെറിയ മൈതാനങ്ങളിലും തുറസ്സുകളിലും കുട്ടികളും മുതിർന്നവരും ഫുട്ബോളോ ക്രിക്കറ്റോ കളിക്കുന്നത്‌ കാണാമായിരുന്നു. അവിടങ്ങളിലൊന്നും എന്നാൽ ഒരു ഗോൾ പോസ്റ്റ് കാണില്ല. ഇതിനൊരു പരിഹാരം കാണാനായി ഞാൻ സ്റ്റുഡിയോയിൽ കുറേ ഗോൾ പോസ്റ്റുകൾ നിർമിച്ചു. ഒരു രാത്രി അവയെല്ലാം ഒരു വണ്ടിയിൽ കേറ്റിക്കൊണ്ടുപോയി കളിയിടങ്ങളിൽ സ്ഥാപിച്ചു. അടുത്ത വാരാന്ത്യത്തിൽ ഞാൻ കണ്ടത് ആ പോസ്റ്റുകൾ ഉപയോഗിച്ച്‌ കളിക്കുന്നവരെയാണ്. അതോടെ ആ മൈതാനങ്ങളിലെ കളിയുടെ സ്വഭാവം തന്നെ മാറി. പോസ്റ്റ് ഇല്ലാതെ പന്തുതട്ടിക്കൊണ്ടിരുന്നവ‍ർക്ക് ഒരു ഗോൾ, അഥവാ ഒരു ലക്ഷ്യം ഉണ്ടായി. അവരുടെ മനോഭാവത്തിനും ജീവിതത്തിനും ആ പോസ്റ്റുകൾ ഒരു ലക്ഷ്യമുണ്ടാക്കി.

ഇത്തരം പരീക്ഷണങ്ങളുടെ ഇടയിലാണ് ഞാൻ ഇന്ത്യൻ ടീമിനെക്കുറിച്ച് പഠിക്കാൻ തുടങ്ങിയത്. ഇന്ത്യൻ ടീമിൽ കളിച്ചിരുന്ന പ്രദീപ് അന്ന് ബോംബെയിലുണ്ടായിരുന്നു. മഹീന്ദ്രയ്‌ക്കുവേണ്ടിയും പ്രദീപ് കളിക്കുന്നുണ്ടായിരുന്നു. അതുപോലെ അജയനുണ്ടായിരുന്നു. മഹീന്ദ്രയ്‌ക്കുവേണ്ടി കളിച്ചിരുന്ന റാഫിയുണ്ടായിരുന്നു. അവരിലൂടെയാണ് ഞാൻ ഇന്ത്യൻ ടീമിൽ കളിച്ചിരുന്ന റെനഡി സിങ്, സുനിൽ ഛേത്രി, ബൈചുങ് ഭുട്ടിയ തുടങ്ങിയവരെ പരിചയപ്പെടുന്നത്. അങ്ങനെ ഏതാണ്ട് 26 ഇന്ത്യൻ ഫുട്ബോൾ താരങ്ങളുടെ ജീവിതങ്ങളെ അടുത്തറിയാൻ എനിക്കു കഴിഞ്ഞു. കളിക്കളങ്ങളിൽ പോയിട്ടല്ല ഞാൻ അവരെ കണ്ടത്. അവരുടെ വീടുകളിലും കളിക്കളത്തിനു പുറത്ത് അവർ വ്യാപരിക്കുന്ന ഇടങ്ങളിലും എത്തിയാണ്. അതോടൊപ്പം മോഹൻ ബഗാൻ, ഈസ്റ്റ് ബംഗാൾ, മൊഹമ്മദൻസ് ക്ലബ്ബുകളുടെ മൈതാനങ്ങളും ആ സമയത്ത് സന്ദർശിച്ചിരുന്നു. ഈ ഫുട്ബോൾ താരങ്ങളുടെ ആറടി ഉയരമുള്ള ഫോട്ടോഗ്രാഫുകളും ശിൽപ്പങ്ങളും ഇൻസ്റ്റലേഷനുകളും ചേർത്ത് Mark Him / First Half എന്ന പേരിൽ 2006ൽ ബോംബെയിലെ ഗിൽഡ് ആർട്ട്‌ ഗാലറിയിൽ ഞാൻ ഒരു കലാപ്രദർശനം ഒരുക്കി. പിന്നീട് കൊൽക്കത്തയിൽ വച്ച് Mark Him / Second Half എന്ന പ്രദ‍‍‍ർശനവും നടത്തി. ഈ രണ്ടു പ്രദ‍ർശനങ്ങളിലും ഇന്ത്യൻ ഫുട്ബോൾ ടീമിലെ മുഴുവൻ കളിക്കാരുടെയും സാന്നിധ്യമുണ്ടായിരുന്നു. അന്ന് ഇന്ത്യൻ ടീമിനായി കളിച്ചിരുന്ന ബൈച്ചുങ് അടക്കമുള്ള 26 കളിക്കാരും ബോംബെയിലും കൊൽക്കത്തയിലും ഈ പ്രദ‍ർശനത്തിന്റെ ഭാഗമാവാൻ യാത്രചെയ്‌തു വന്നെത്തുകയും ഒരു രാത്രി ഞങ്ങളോടൊത്ത് താമസിക്കുകയും ചെയ്‌തു. ഈ പ്രദ‍ർശനങ്ങളോട് അവ‍ർ കാണിച്ച സഹൃദയത്വം അവരോടുള്ള ഹൃദയബന്ധം വർധിപ്പിച്ചു. തുച്ഛമായ വരുമാനത്തിൽ കുടുംബങ്ങളെ പരിപാലിക്കുന്നവരായിരുന്നു ഇന്ത്യൻ ഫുട്ബോൾ ടീമിനായി ബൂട്ടുകെട്ടിയിരുന്ന ഈ കളിക്കാരെല്ലാം. അതിനാൽ Mark Him art project വഴി സ്വരൂപിച്ച പണമെല്ലാം തന്നെ അവരോടുള്ള ആദരസൂചകമായി ഞാൻ അവർക്കു പങ്കിട്ടുനൽകി

ലെഫ്‌റ്റ്‌ ലെഗ്‌ സീരീസ്‌: റിയാസ്‌ കോമുലെഫ്‌റ്റ്‌ ലെഗ്‌ സീരീസ്‌: റിയാസ്‌ കോമു

? കായിക കലയുമായി ബന്ധപ്പെട്ട റിയാസിന്റെ കലാപ്രവർത്തനങ്ങളിലൂടെ കടന്നുപോവുമ്പോൾ അടുത്തതായി ഇന്ത്യൻ വനിതാ ഫുട്ബോൾ ടീമിലേക്ക് പോകാം എന്നു തോന്നുന്നു.

= ബോബ് ഹോട്ടണു (Robert Douglas Houghton) മായി പരിചയമുണ്ടായിരുന്നതിനാൽ ഇന്ത്യൻ ഫുട്ബോൾ പരിശീലന ക്യാമ്പുകൾ സന്ദർശിക്കുവാൻ എനിക്ക് അനുമതി ലഭിച്ചിരുന്നു. അക്കാലത്ത് ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ മാനേജരായിരുന്നു അദ്ദേഹം. സാഫ് ഗെയിംസിൽ (SAFF Games ) പങ്കെടുക്കാനുള്ള ഇന്ത്യൻ വനിതാ ഫുട്ബോൾ ടീം ഗോവയിൽ വരുന്നുണ്ടെന്ന് എന്നെ അറിയിച്ചു. ഞാനും സോയയും മകളും അങ്ങനെ അടുത്ത പത്തു ദിവസം ഇന്ത്യൻ വനിതാ ടീം അംഗങ്ങളുടെ കൂടെ ചെലവഴിച്ചു. കളിക്കാരിൽ ഏറെപ്പേരും മണിപ്പുരിൽ നിന്നുള്ളവരായിരുന്നു. അവരോട് സംസാരിച്ച്, അവരനുഭവിക്കുന്ന പ്രശ്നങ്ങൾ ഞങ്ങൾ ചോദിച്ചറിഞ്ഞു. ഒറീസയിൽ നിന്നുള്ള ജബ്ബാർ ആയിരുന്നു അന്ന് ടീമിന്റെ കോച്ച്. കളിക്കാ‍ർ നേരിടുന്ന പ്രയാസങ്ങൾ അദ്ദേഹവും ഞങ്ങളോട് പറഞ്ഞു. പുറത്തു പറയാൻപോലും പറ്റാത്ത അത്രയും തുച്ഛമായ ഒരു തുക മാത്രമായിരുന്നു അന്ന് ദിവസബത്തയായി ഇന്ത്യൻ വനിതാ ടീം അംഗങ്ങൾക്ക് ലഭിച്ചിരുന്നത്. അവരുടെ കാലിന് ഇണങ്ങുന്ന ബൂട്ടുകൾ പോലും അവർക്കില്ലായിരുന്നു. മൂന്നര, നാല് സൈസുള്ള ബൂട്ടുകൾ പാകമാകുന്നവ‍ർ അഞ്ചും അഞ്ചരയും സൈസുള്ള ബൂട്ട് ധരിച്ചാണ് കളിച്ചിരുന്നത്. അത്രയും ചെറിയ അളവുകളുള്ള ബൂട്ടുകൾ ഇന്ത്യയിൽ അവ‍ർക്ക് ലഭ്യമല്ലായിരുന്നു. എങ്ങനെയെങ്കിലും ഇവർക്കു പാകമുള്ള ബൂട്ടുകൾ സംഘടിപ്പിക്കാൻ പറ്റുമോ എന്ന് കോച്ച് ജബ്ബാർ എന്നോട് ചോദിച്ചു. ഷൂ നിർമാണ മേഖലയിലെ പ്രമുഖ ബ്രാന്റുകളായ adidas, Reebok, Nike തുടങ്ങിയവർക്ക് ഞാൻ കത്തെഴുതി. രണ്ടാഴ്‌ച കഴിഞ്ഞപ്പോഴേക്കും Nike കമ്പനി 36 ജോഡി ബൂട്ടുകൾ എന്റെ വീട്ടുവിലാസത്തിൽ അയച്ചുതന്നു. അപ്പോഴേക്കും ഇന്ത്യൻ ടീം സാഫ് ഗെയിംസിനായി ഡാക്കയിൽ എത്തിയിരുന്നു. ക്വാർട്ടർ ഫൈനലും കടന്ന് ടീം സെമിയിൽ പ്രവേശിച്ചിരുന്നു. സെമിയിലും ഫൈനലിലും കളിച്ചു ജയിച്ചപ്പോൾ അവ‍ർ പന്തുതട്ടിയത് ഞാൻ അയച്ചുകൊടുത്ത ബൂട്ടുകളിട്ടായിരുന്നു. കുട്ടികൾ എത്രമാത്രം സന്തോഷിച്ചുവെന്ന് കോച്ച് ജബ്ബാ‍ർ എന്നെ വിളിച്ചു പറഞ്ഞു. അതേതുട‍ർന്ന്‌ NIKE നോടുള്ള നന്ദിയറിയിക്കാൻ ഞാൻ ഒരു ആനിമേഷൻ ഫിലിം നി‍ർമിച്ചിരുന്നു. സാങ്കേതികമായ ചില കാരണങ്ങളാൽ അത് പുറത്തുവിടാൻ അന്നു കഴിഞ്ഞില്ല.


? അസാമാന്യ മൗലികതയുള്ള സൃഷ്ടികളാണ് ഇറാക്കുമായി ബന്ധപ്പെട്ട് റിയാസ് ചെയ്‌തത്‌. ഇറാക്ക് അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തങ്ങൾക്ക് സാക്ഷിയാകുന്ന കാലത്താണ് ആ ഭൂമി റിയാസിന്റെ കലാപ്രേരണയാകുന്നത്.

= ഇന്ത്യൻ ഫുട്ബോൾ ടീമുമായി ബന്ധപ്പെട്ട കലാപ്രദർശനത്തിനു ശേഷം ഫുട്ബോളുമായി ബന്ധപ്പെട്ട കഥകളും ആഖ്യാനങ്ങളും ഞാൻ പിന്തുട‍ർന്നു വായിക്കുവാൻ തുടങ്ങി, football in exile മുതലായ ആശയങ്ങളും ലോകാന്തര കുടിയേറ്റങ്ങളുടെ ആഖ്യാനങ്ങളും മനസ്സിലാക്കാൻ ശ്രമിച്ചു. ആ സമയത്താണ് ഞാൻ Related List എന്ന ഒരു വലിയ solo show ബെർലിനിലെ Bodhi Art Gallery യിൽ പ്രദ‍ർശിപ്പിച്ചത്. കുടിയേറ്റം എന്ന പ്രമേയത്തിന്റെ പല തലങ്ങളെ അവതരിപ്പിച്ച ആ പ്രദ‍ർശനം സാംസ്‌കാരിക സ്മരണകളെയും പൈതൃകങ്ങളെയും മായ്ച്ചു കളയാനുള്ള ആസൂത്രിതമായ ശ്രമങ്ങൾക്ക് എതിരെയുള്ള ശക്തമായ നിലപാടിൽനിന്നും ഉരുവപ്പെട്ടതായിരുന്നു. അഫ്ഗാനിസ്ഥാൻ, ഇറാക്ക്, ഇറാൻ എന്നീ മൂന്ന്‌ രാജ്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച ആ സോളോ ഷോയിൽ ഇറാക്കിലെ യുദ്ധത്തേയും അഫ്‌ഗാനിസ്ഥാനിലെ യുദ്ധത്തേയും രാഷ്‌ട്രീയവും സാംസ്‌കാരികവുമായ അധിനിവേശങ്ങളായി വിലയിരുത്തുന്ന കലാസൃഷ്ടികളുണ്ടായിരുന്നു. watching the other world spirits from the gardens of Babylon, Undertakers ഉൾപ്പെടെയുള്ള കലാസൃഷ്ടികൾ അവതരിപ്പിച്ചത് ഈ ഷോയിലൂടെയായിരുന്നു.

റിലേറ്റഡ് ലിസ്റ്റിനായി തയ്യാറെടുക്കുമ്പോഴാണ് ഇറാക്കി ഫുട്ബോ‍ൾ ടീം എന്റെ ശ്രദ്ധയിലെത്തുന്നത്. ആറു വർഷത്തോളമായി സ്വന്തം രാജ്യത്തിനായി ഗ്രൗണ്ടിലിറങ്ങാനും കളിക്കാനും അന്നത്തെ ഇറാക്കി ടീമിന് കഴിഞ്ഞിരുന്നില്ല. പരിശീലിപ്പിക്കുവാൻ ഒരു കോച്ച് പോലും അവ‍ർക്കുണ്ടായിരുന്നില്ല. ഒരുപാട് വംശീയ സംഘർഷങ്ങളെ നേരിട്ട ടീം കൂടിയാണ് ഇറാക്കിന്റേത്. ഹിംസാത്മകമായിരുന്ന ആഭ്യന്തരപ്രശ്നങ്ങൾ എക്കാലത്തും ആ ടീമിനെ ബാധിച്ചിരുന്നു. ദുബായിലും ജോർദാനിലും ഒക്കെയായിരുന്നു ഇറാക്കി കളിക്കാ‍ർ താമസിച്ചിരുന്നത്. ഏഷ്യാ കപ്പിന് രണ്ടുമാസം മാത്രം സമയമുള്ളപ്പോൾ ഒരു ബ്രസീലിയൻ കോച്ച്‌ ഇറാക്കി ടീമിനെ പരിശീലിപ്പിക്കാമെന്ന വെല്ലുവിളി ഏറ്റെടുത്തു. ഏറ്റവും ശ്രദ്ധേയമായ കാര്യം, ഏഷ്യാകപ്പിന്റെ ഫൈനലിൽ എത്തിയ ഇറാക്കി ടീം സൗദി അറേബ്യയെ തോൽപ്പിച്ചു എന്നതാണ്. എഴുപത്തി മൂന്നാം മിനിറ്റിൽ യൂനസ് മെഹമൂദ് ഹെഡറിലൂടെ നേടിയ ഒരു ഗോളാണ് ആ ഫൈനലിൽ ഇറാക്കിനെ വിജയിപ്പിച്ചത്. അതിനുശേഷം നടന്ന പത്രസമ്മേളനത്തിൽ അദ്ദേഹം പറയുകയുണ്ടായി, ‘ശത്രുവിനെ ഞങ്ങൾ ഫുട്ബോൾ മൈതാനത്തിൽ പരാജയപ്പെടുത്തിയിരിക്കുന്നു' വെന്ന്. ‌ഇറാക്കിലെ സൗദി അധിനിവേശത്തിന് എതിരെയുള്ള അതിശക്തമായ ഒരു പ്രതികരണമായിരുന്നു അത്.

ഇങ്ങനെയുള്ള നിരവധി പാഠങ്ങളിൽനിന്നും ഫുട്ബോളിന്റെ സവിശേഷതയായി ഞാൻ കാണുന്നത് ഉയിർത്തെഴുന്നേൽക്കാനുള്ള പ്രതിരോധശേഷിയാണ്. കളിയിൽ ജയിക്കാനും കപ്പടിക്കാനും വേണ്ടി മാത്രമായിരുന്നില്ല അന്ന് ഇറാക്കി ടീം കളിച്ചത്, സ്വന്തം രാജ്യത്തിലെ അധിനിവേശ ശക്തിയെ പ്രതിരോധിക്കാനും അക്രമിക്കാനും അവ‍രെ പരാജയപ്പെടുത്താനും കൂടിയാണ്. ഈ വിജയത്തിനു ശേഷമാണ് ഞാൻ ഇറാക്കി ടീമിനെ പിന്തുടരാൻ തുടങ്ങുന്നത്. ദുബായിലായിരുന്നു അവ‍ർ താമസിച്ചിരുന്നത്. പലവട്ടം ഞാൻ അവരെ സന്ദ‍ർശിച്ചു. അവരുടെ പ്രാക്ടീസ് മാച്ചുകളും, പ്രധാനപ്പെട്ട രണ്ടു ക്വാളിഫൈയിങ് മാച്ചുകളും കാണാനായി ഞാൻ പോയി. ആ മാച്ചുകളിൽനിന്നും ഒരുപാട് ചിത്രങ്ങൾ പക‍ർത്തി.

ബിയോണ്ട്‌ ഗോഡ്‌സ്‌  :  റിയാസ്‌ കോമുബിയോണ്ട്‌ ഗോഡ്‌സ്‌ : റിയാസ്‌ കോമു

ഇറാക്ക് projectൽ ഇറാക്കി ടീമിലെ കളിക്കാരെ പോലെ അവരെ പിന്തുണയ്‌ക്കുന്ന കാണികളും ഉണ്ടായിരുന്നു. അക്കാലത്ത് ഞാൻ നേരിട്ടു കണ്ട ആ കളികളിലെല്ലാം തന്നെ അവരുടെ കാണികളുമായി ഇറാക്കി കളിക്കാർ ഒരു സവിശേഷബന്ധം പുലർത്തുന്നത് ഞാൻ ശ്രദ്ധിച്ചു. ഊന്നുവടികളിൽ ഇറാക്കി കൊടി കെട്ടിയായിരുന്നു പല കാണികളും ഗാലറിയിലെത്തിയിരുന്നത്. യുദ്ധത്തിനും അധിനിവേശത്തിനും എതിരെ ഉയർത്തിക്കാട്ടിയ ഒരു വലിയ പ്രസ്‌താവന പോലെ ആ ഊന്നുവടികളിൽ കെട്ടിയ കൊടികൾ കാണപ്പെട്ടു. അതുപോലെ കൈക്കുഞ്ഞുങ്ങളുമായി കളികാണാൻ സ്റ്റേഡിയത്തിലെത്തിയ വൃദ്ധകളായ കാണികൾ യൂനസ് മെഹമൂദിനോട് തങ്ങളുടെ കുഞ്ഞുങ്ങൾക്ക് മുത്തം കൊടുക്കാൻ ആവശ്യപ്പെടുന്നതും ഞാൻ കണ്ടു. ഇങ്ങനെ 2008നും 2010നും ഇടയിൽ വികസിച്ച ഇറാക്കി പ്രൊജക്ടിന്റെ ഭാഗമായി ‘ലെഫ്റ്റ് ലെഗ്സ്’ എന്ന പേരിൽ ബ്രസൽസിൽ ഞാൻ ഒരു പ്രദ‍ർശനം സംഘടിപ്പിച്ചു. അതിന്റെ തുട‍ർച്ചയായി ബെ‍ർലിനിലെ ബോധി ആ‍ർട്ട് ഗാലറിയിൽ ഒരു ഷോയും നടത്തി.

ഫുട്ബോൾ കളിക്കാരുടെ കാലുകളെ ഒരു രൂപകമാക്കി, യുദ്ധവും പ്രതിരോധവും കുടിയേറ്റവും അതിജീവനശ്രമങ്ങളും അന്വേഷിക്കുന്ന ‘ലെഫ്റ്റ് ലെഗ്’ എന്ന ആ ഷോയിൽ തടിയിൽ കൊത്തിയെടുത്ത ഫുട്ബോൾ കളിക്കാരുടെ കാലുകളായിരുന്നു പ്രധാനഘടകം. പലനിലകളിൽ നിൽക്കുന്ന നിരവധി കാലുകൾ. ഫുട്ബോളിന്റെ ആഗോള ഭാഷയെ രാഷ്‌ട്രീയവും മാനുഷികവുമായ ചോദ്യങ്ങളുമായി ബന്ധിപ്പിക്കാനുള്ള ശ്രമങ്ങളായിരുന്നു ഇവയെല്ലാം. ഇറാക്കി ക്യാപ്റ്റൻ യൂനസ് മെഹമൂദിന്റെ പോ‍ർട്രേറ്റ് ഉൾപ്പെടെയുള്ള കലാസൃഷ്ടികളും ആ പ്രദ‍ർശനത്തിന്റെ ഭാഗമായിട്ടുണ്ടായിരുന്നു.

? റിയാസിന്റെ ഈ works ഇറാക്കി ടീം കണ്ടുവോ...

= ഒരിക്കൽ ഞാൻ ചില പകർപ്പുകൾ യൂനസ് മെഹമൂദിന് നൽകിയിരുന്നു. അവരെ സംബന്ധിച്ചിടത്തോളം അവരുടെ ദുരിതങ്ങളെ പ്രതിഫലിപ്പിക്കുന്ന മറ്റൊരു പ്രൊജക്ട്‌ ആയിരുന്നു അവർക്കത്, അത്രമാത്രം.


? ഫ്രഞ്ച് ഫുട്ബോളിനോടുള്ള റിയാസിന്റെ ആകർഷണത്തെക്കുറിച്ചുകൂടി പറയാമോ.

= ഫ്രഞ്ച് ഫുട്ബോൾ ടീമിലെ സാംസ്‌കാരിക വൈവിധ്യം പണ്ടേ എന്നെ ആകർഷിച്ചിട്ടുള്ളതാണ്. ആഫ്രിക്കൻ, യൂറോപ്യൻ, അറബ് വംശപാരമ്പര്യമുള്ള കളിക്കാ‍ർ ഒരുമിക്കുന്ന ഫ്രഞ്ച് ടീമിന്റെ ലൈനപ്പ് ഒരു പുതിയ ലോകത്തിനായുള്ള സന്ദേശമായിരുന്നു. Black Blanc BEUR (കറുപ്പ് വെളുപ്പ് അറബ്) എന്ന വിശേഷണം സാംസ്‌കാരിക വൈവിധ്യമുള്ള ഈ ഫുട്ബോൾ ടീമിന് പണ്ടേയുണ്ട്. ബഹുസ്വരതയുടെ ആഘോഷമാണ് അവർക്കിടയിലെ ഒത്തൊരുമ. 2009‐ലാണ് ഇത്തരം വിഷയങ്ങളിൽ ഞാൻ വ്യാപൃതനാകുന്നത്. ആംസ്റ്റർഡാമിലെ ഗാലറിസ്റ്റായ വില്ല്യം ബാർസ് (Willem Baars) ആണ് സൈമൺ കൂപ്പർ (Simon Kuper) എന്ന ഫുട്ബോൾ എഴുത്തുകാരനെ എനിക്കു പരിചയപ്പെടുത്തുന്നത്. Financial Times ലൊക്കെ ഫുട്ബോളിനെ കുറിച്ച് എഴുതുന്ന അദ്ദേഹം ലോകപ്രശസ്‌തനാണ്. അദ്ദേഹത്തിന്റെ Football Against Enemy എന്ന പുസ്‌തകവും അദ്ദേഹം co- author ആയിട്ടുള്ള Soccernomics എന്ന പുസ്‌തകവും ശ്രദ്ധേയമാണ്. കൂപ്പറുമായുള്ള സംഭാഷണങ്ങളാണ് ഫ്രഞ്ച് ടീമിലെ സാംസ്‌കാരിക വൈവിധ്യത്തിന്റെ ആഴങ്ങളിലേക്കു പോകുവാൻ എന്നെ പ്രചോദിപ്പിച്ചത്.

2010ലെ ലോകകപ്പ് മത്സരങ്ങൾ കാണുവാനായി ഞാനും പത്രപ്രവർത്തകനും എഴുത്തുകാരനുമായ ഉല്ലേഖ്‌ എൻ പിയും കൂടി ദക്ഷിണാഫ്രിക്കയിൽ പോകുമ്പോൾ ഞങ്ങളുടെ പ്രധാന ലക്ഷ്യം ഫ്രഞ്ച് ടീമിനെ പിന്തുടരുകയും രേഖപ്പെടുത്തുകയുമായിരുന്നു. എന്നാൽ ആ ലോകകപ്പിന്റെ തുടക്കത്തിൽ തന്നെ ഫ്രഞ്ച് ടീം ടൂ‍ർണമെന്റിൽനിന്നും പുറത്തായി. എങ്കിലും ആ പ്രോജക്ടുമായി ഞാൻ മുന്നോട്ടുപോയി. പ്രധാനമായും ലിലിയൻ തുറാം, നിക്കോളാസ് അനെൽക്ക, സിനദിൻ സിദാൻ എന്നീ ഫ്രഞ്ച് ഇതിഹാസ താരങ്ങളെ മുൻനിർത്തിയായിരുന്നു എന്റെ ആർട്ട് പ്രൊജക്ട്‌. ഫ്രഞ്ച് ഫുട്ബോളിന്റെ കലർപ്പിൽ അഭിമാനിക്കുകയും കലർപ്പാണ് ഞങ്ങളുടെ കരുത്ത് എന്ന് പറയുകയും ചെയ്‌യ കളിക്കാരൻ കൂടിയാണ് സിദാൻ.

ഫുട്ബോളിനെ ഒരു കായിക വിനോദം മാത്രമായി കാണാതെ സാമൂഹികവും രാഷ്‌ട്രീയവും സാംസ്‌കാരികവുമായ ഒരു പ്രതിഭാസമായി വായിച്ചെടുക്കുവാനുള്ള അന്വേഷണത്തിന്റെ തുടർച്ചയായിരുന്നു ‘Beyond Gods’ (ബിയോണ്ട് ഗോഡ്സ്) എന്ന പേരിൽ അവതരിപ്പിക്കപ്പെട്ട ഈ ഫ്രഞ്ച് ഫുട്ബോൾ പ്രൊജക്ട്. റീസൈക്കിൾ ചെയ്‌ത മരവും ഇരുമ്പും വെങ്കലവും ഉൾപ്പെടെയുള്ള വസ്‌തുക്കൾ ഉപയോഗിച്ചാണ് ഈ ഇൻസ്റ്റലേഷൻ നിർമിച്ചത്. ഒരു ടീമിലെ പതിനൊന്ന് ജോഡി കാലുകൾ ചേർന്നു താങ്ങി നിർത്തുന്ന മുപ്പതടി നീളമുള്ള ഒരു സിലിണ്ടർ ഉൾപ്പെടുന്ന ഘടനയാണ് ഇതിനുള്ളത്. ഇതിൽ ചില കാലുകൾക്കിടയിൽ സ്ഥാപിച്ച ഫ്രയിമുകളിൽ ലിലിയൻ തുറാം, നിക്കോളാസ് അനെൽക്ക, സിനദിൻ സിദാൻ തുടങ്ങിയവരുടെ മുഖങ്ങൾ കാണാം.

ആധുനിക ലോകത്തിലെ ഒരു മതേതര മതമായി ഫുട്ബോളിനെ സമീപിക്കാം എന്നുള്ള സൂചനയാണ് ‘ബിയോണ്ട് ഗോഡ്സ്’ എന്ന തലക്കെട്ടു തന്നെ. ഫുട്ബോൾ എങ്ങനെ കൂട്ടായ സ്വപ്‌നങ്ങളെ സൃഷ്ടിക്കുന്നു എന്നതിനൊപ്പം സ്വത്വം, കുടിയേറ്റം, മാധ്യമ പ്രാതിനിധ്യം, ഇതിഹാസവൽക്കരണം, ദേശീയത എന്നിവയിലെ സങ്കീർണതകളെ തുറന്നുകാട്ടാനും ഈ കലാസൃഷ്ടിയിലൂടെ ശ്രമിച്ചിട്ടുണ്ട്. ബഹുസ്വരതയുടെ സാധ്യതകളോടൊപ്പം തന്നെ അതിനകത്തു കടന്നുവരുന്ന വൈരുധ്യങ്ങളെയും സംഘർഷങ്ങളെയും ഒരേസമയം അഭിസംബോധനം ചെയ്യുന്ന ഒരു കലാപ്രസ്‌താവനയാണ് ‘ബിയോണ്ട് ഗോഡ്സ്.’ അതിരുകൾക്കപ്പുറത്തുള്ള സഹവർത്തിത്വത്തിന്റെ ഒരു രൂപകമാക്കി ഫ്രഞ്ച് ഫുട്ബോൾ ടീമിനെ അവതരിപ്പിക്കുന്ന ഈ കലാസൃഷ്ടി പോംപിഡോ സെന്ററിൽ ഒരു വലിയ പ്രദർശനത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഈ പ്രദർശനത്തിന്റെ ഭാഗമായി ഇടയ്‌ക്ക്‌ ഞാൻ പ്രസിദ്ധീകരിക്കാറുള്ള ‘ബ്രിക്ക്’ എന്ന ന്യൂസ് ലെറ്ററിൽ ഫ്രഞ്ച് ഫുട്ബോളിന്റെ ചരിത്രവും സമകാലികതയും വിശകലനം ചെയ്യുന്ന ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു. അവ തെരഞ്ഞെടുത്തതും എഡിറ്റ് ചെയ്‌തതും സൈമൺ കൂപ്പറാണ്. കൊൽക്കത്തയിലെ ഒരു കലാശേരത്തിലാണ് ഇപ്പോൾ ‘ബിയോണ്ട് ഗോഡ്സ്’ ഉള്ളത്.

? 2010ലെ ലോകകപ്പ് ഫുട്ബോൾ ഫൈനൽ മത്സരം കാണാൻ അവസരം കിട്ടിയ രസകരമായ ഒരു സംഭവമുണ്ടല്ലോ. അതിലൂടെ നമുക്ക് ഈ സംഭാഷണം അവസാനിപ്പിക്കാം.

മാർക്‌ ഹിം സീരീസ്‌  :  റിയാസ്‌ കോമുമാർക്‌ ഹിം സീരീസ്‌ : റിയാസ്‌ കോമു

= ലോകകപ്പ് ഫൈനലിന്റെ തലേന്നാൾ പ്രിട്ടോറിയയിലെ ഒരു ഹോട്ടലിൽ ആയിരുന്നു ഞങ്ങൾ താമസിച്ചിരുന്നത്. അന്ന് രാത്രി ഒരു വലിയ ദുബായ്‌ ഗ്രൂപ്പ് ആ ഹോട്ടലിൽ താമസിക്കാനെത്തി. അവരുടെ കൂട്ടത്തിലുണ്ടായിരുന്ന ഒരു മലയാളി കപ്പിളുമായി ഡിന്നറിനിടയിൽ ഞങ്ങൾ സൗഹൃദത്തിലായി. ഫൈനൽ കാണാൻ വന്ന അവരോട് ഫുട്ബോൾ വർത്തമാനത്തിനിടെ ഞങ്ങൾക്ക് പറയാനുണ്ടായിരുന്നത് ഫൈനലിനുള്ള ടിക്കറ്റ് കിട്ടാനില്ലാത്തതിന്റെ നിരാശയും ദുഃഖവുമായിരുന്നു. ഫൈനലിന് സാക്ഷികളാവാൻ ഗാലറിയിൽ കേറിപ്പറ്റാൻ അന്നു ഞങ്ങൾ മുട്ടാത്ത വാതിലുകളില്ല. അതിലൊന്നുപോലും ഞങ്ങൾക്കു മുന്നിൽ തുറക്കപ്പെട്ടതുമില്ല. പിറ്റേന്നത്തെ പ്രഭാതത്തിൽ എല്ലാ പ്രതീക്ഷയും നഷ്ടമായി ഞങ്ങൾ ബ്രേക്ക്ഫാസ്റ്റിനായി ഹോട്ടലിൽ ഇരിക്കുമ്പോൾ അവരെ ഞങ്ങൾ വീണ്ടും കണ്ടുമുട്ടി. ടിക്കറ്റ്‌ കിട്ടാൻ ഇനി ഒരു വഴിയും കാണുന്നില്ലെന്നുള്ള ദുഃഖവാർത്ത പറഞ്ഞു ഞങ്ങൾ പിരിഞ്ഞു.

ലെഫ്‌റ്റ്‌ ലെഗ്‌ സീരീസ്‌: റിയാസ്‌ കോമുലെഫ്‌റ്റ്‌ ലെഗ്‌ സീരീസ്‌: റിയാസ്‌ കോമു

‘ഭാര്യയ്‌ക്ക്‌ നല്ല പനിയാണ്... ഈ കൊടുംതണുപ്പിൽ കളി കാണാൻ പറ്റില്ല. ഞങ്ങൾ ഒരു ബന്ധുവീട്ടിലേക്ക് പോകുകയാണ്. നിങ്ങൾ രണ്ടുപേരും പോയി ഫൈനൽ കാണൂ...!!!' എന്നു പറഞ്ഞുകൊണ്ട് ഒന്നര മണിക്കൂർ കഴിഞ്ഞപ്പോൾ രണ്ട്‌ ടിക്കറ്റുകൾ ഞങ്ങളുടെ അടുത്തുവന്നു. ഇതിലും വലിയ ഒരു ഭാഗ്യവും ഇനി വരാനില്ല എന്ന് എനിക്കുതോന്നി. ഫുട്ബോൾ ഭ്രാന്തുള്ള ഒരു മലപ്പുറം കുടുംബം ലോകകപ്പ് ഫൈനൽ കാണാനുള്ള അവരുടെ ടിക്കറ്റുകൾ ഞങ്ങൾക്കുനേരെ നീട്ടുന്നതിലും വലിയ ഭാഗ്യം മറ്റെന്താണ്? മലബാറിന്റെ സ്‌നേഹവും സൗഹൃദവും തന്നെയാണ് അന്ന് ആ വലിയ ഭാഗ്യമായി ഞങ്ങൾക്ക് മുന്നിൽ എത്തിയത് .

(ദില്ലി -ദാലി പോഡ്‌കാസ്റ്റ് പ്രക്ഷേപണം ചെയ്‌ത അഭിമുഖത്തിന്റെ പരിഷ്‌കൃതരൂപമാണ്‌ ഈ സംഭാഷണം)



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home