ad
Deshabhimani

രേഖാമൂലം

ഒരു ഉച്ചഭക്ഷണം, ചർച്ച; പിന്നെ പിരിച്ചുവിടൽ

ems and k r gouri with nehru

കേരള സന്ദർശനത്തിനെത്തിയ ജവഹർലാൽ നെഹ്‌റുവിനെ സ്വീകരിക്കുന്ന ഇ എം എസും കെ ആർ ഗൗരിയമ്മയും

avatar
ശ്രീകുമാർ ശേഖർ

Published on Jun 20, 2026, 10:38 AM | 3 min read

1959 ജൂലൈ പതിനൊന്നിന്‌ അന്നത്തെ കേരള മുഖ്യമന്ത്രി ഇ എം എസ്‌ ഉച്ചഭക്ഷണം കഴിച്ചത്‌ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്‌റുവിനൊപ്പമായിരുന്നു. സിംലയിൽനിന്ന്‌ 13 കിലോമീറ്റർ അകലെ വനത്തിലുള്ള മഷോബ്രയിലെ ബംഗ്ലാവിലായിരുന്നു ആ ദിവസങ്ങളിൽ നെഹ്‌റു. ഡൽഹിയിൽനിന്ന്‌ ഇ എം എ സ്‌ അവിടെയെത്തി നെഹ്‌റുവിനെ സന്ദർശിക്കുകയായിരുന്നു. ഉച്ചഭക്ഷണത്തിന്‌ ഇന്ദിരാഗാന്ധിയും മക്കളായ രാജീവ്‌ ഗാന്ധിയും സഞ്ജയ്‌ ഗാന്ധിയും ഒപ്പം ചേർന്നു.


വെറും സൗഹൃദ സന്ദർശനമായിരുന്നില്ല അത്‌. കേരളത്തിൽ കോൺഗ്രസും മതശക്തികളും വർഗീയവാദികളും ചേർന്നാരംഭിച്ച ‘വിമോചന സമരം’ പാരമ്യത്തിൽ. കമ്യൂണിസ്റ്റ്‌ സർക്കാരിനെ പിരിച്ചുവിടാൻ എല്ലാ സമ്മർദവും പ്രയോഗിച്ച്‌ സംസ്ഥാന കോൺഗ്രസ്‌ നേതൃത്വം. കെപിസിസി പ്രസിഡന്റ്‌ ആർ ശങ്കറുടെ നേതൃത്വത്തിൽ സർക്കാരിനെതിരെ നിവേദനവുമായി ഡൽഹിയിൽ വന്നുപോയിട്ട്‌ മൂന്നുനാളേ ആയിട്ടുള്ളൂ. അഭിഭാഷകപ്രമുഖരുടെ മറ്റൊരു സംഘവും മന്നത്ത്‌ പത്മനാഭനുമെത്തി പിരിച്ചുവിടൽ ആവശ്യപ്പെടുന്നു. വേറെയും സമ്മർദസംഘങ്ങൾ ഡൽഹിയിൽ. ഇതിനിടയിലാണ്‌ ഇ എം എസ്‌ എത്തിയത്‌. ഡൽഹിയിലുണ്ടായിരുന്ന കാബിനറ്റ്‌ മന്ത്രിമാരെ എല്ലാവരെയും ഇ എം എസ്‌ സന്ദർശിച്ചു. രാഷ്‌ട്രപതി ഡോ. രാജേന്ദ്രപ്രസാദുമായും 50 മിനിറ്റ്‌ ചർച്ച നടത്തി. വിശ്രമത്തിനായി സിംലയിലേക്കുപോയ നെഹ്‌റുവിനെ കാണാൻ എത്തിയത്‌ അതിനുശേഷമാണ്‌.


കേരള സന്ദർശനത്തിനെത്തിയ ജവഹർലാൽ നെഹ്‌റുവിനെ  സ്വീകരിക്കുന്ന ഇ എം എസും കെ ആർ ഗൗരിയമ്മയുംകേരള സന്ദർശനത്തിനെത്തിയ ജവഹർലാൽ നെഹ്‌റുവിനെ സ്വീകരിക്കുന്ന ഇ എം എസും കെ ആർ ഗൗരിയമ്മയും

























സന്ദർശനത്തെപ്പറ്റി നെഹ്‌റു രാഷ്‌ട്രപതിക്ക്‌ കൈമാറിയ മൂന്നുപേജുള്ള റിപ്പോർട്ട്‌ നാഷണൽ ആർക്കൈവ്‌സിൽ ലഭ്യമാണ്‌. നെഹ്‌റു എഴുതുന്നത്‌ ഇങ്ങനെ: ‘‘കേരള മുഖ്യമന്ത്രി ശ്രീ ഇ എം എസ് നമ്പൂതിരിപ്പാട് ഇന്ന് മഷോബ്രയിൽ എന്നെ സന്ദർശിച്ചു. അദ്ദേഹം ഉച്ചയ്‌ക്ക്‌ 12 മണി കഴിഞ്ഞ ഉടനെ ഇവിടെ എത്തി, ഏകദേശം മൂന്ന് മണിക്കൂർ എന്നോടൊപ്പം ചെലവഴിച്ചു. ഞങ്ങളോടൊപ്പം ഉച്ചഭക്ഷണം കഴിക്കുകയും ചെയ്‌തു. ശേഷിച്ച സമയത്ത് കേരളവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഉൾപ്പെടെ പല വിഷയങ്ങളെക്കുറിച്ചുള്ള, പ്രത്യേക ക്രമമൊന്നുമില്ലാത്ത സംഭാഷണങ്ങളായിരുന്നു നടന്നത്. ഞങ്ങളുടെ ചർച്ചകളിൽ മറ്റാരും പങ്കെടുത്തിരുന്നില്ല. (ഇത് പ്രത്യേകം പറയുന്നത്, ഇന്ദിരാഗാന്ധിയും ചർച്ചയിൽ പങ്കെടുത്തിരുന്നുവെന്ന് റേഡിയോ വാർത്ത പ്രസിദ്ധീകരിച്ചതിനാലാണ്. അത് ശരിയല്ല. അവർ ഉച്ചഭക്ഷണ സമയത്ത് സന്നിഹിതയായിരുന്നു. എന്റെ കൊച്ചുമക്കളും അപ്പോഴുണ്ടായിരുന്നു.)’’


ഇന്ദിരാഗാന്ധി പങ്കെടുത്തു എന്ന വാർത്ത ചില പത്രങ്ങളിലും വന്നിരുന്നു. അന്ന്‌ കോൺഗ്രസ്‌ പ്രസിഡന്റായ അവർ ഇ എം എസ്‌ സർക്കാരിനെ പിരിച്ചുവിടാൻ പിടിവാശി കാട്ടുന്നതായി വാർത്തകളുണ്ടായിരുന്നു. ചർച്ചയിൽ അവർ ഉണ്ടായില്ല എന്ന്‌ നെഹ്‌റു വ്യക്തമാക്കിയത്‌ ഈ സാഹചര്യത്തിൽ കൂടിയാണ്‌. കേരളത്തിലെ കോൺഗ്രസിന്റെ നിവേദനത്തിന്റെ കാര്യത്തിൽ ‘നിയമപരവും ഭരണഘടനാപരവുമായി മാത്രമേ പ്രവർത്തിക്കൂ’ എന്ന്‌ ഇ എം എസിനോട്‌ പറഞ്ഞതായി നെഹ്‌റു എഴുതുന്നു. ‘‘എന്നെ ആശങ്കപ്പെടുത്തിയത് ഈ വിഷയത്തിന്റെ നിയമസാങ്കേതിക വശമല്ലായിരുന്നു. ഈ സങ്കീർണമായ പ്രശ്നത്തിന് ഏതെങ്കിലും തരത്തിലുള്ള ഒരു പരിഹാരത്തിലേക്കെങ്കിലും, അല്ലെങ്കിൽ കുറഞ്ഞത് സംഘർഷാവസ്ഥ കുറയ്‌ക്കുന്നതിനായെങ്കിലും, മുന്നോട്ട് പോകാനാണ് ഞങ്ങൾ ആഗ്രഹിച്ചത്. സാഹചര്യങ്ങൾ അത്രമേൽ മോശമായിരുന്നു; കേരള സർക്കാരിനും അവിടത്തെ പ്രതിപക്ഷത്തിനും തമ്മിൽ പ്രായോഗികമായി പൊതുവായ ഒന്നും ശേഷിച്ചിരുന്നില്ല’’‐ നെഹ്‌റു എഴുതുന്നു.


ഇ എം എസുമായുള്ള കൂടിക്കാഴ്ചയെപ്പറ്റി ജവഹർലാൽ നെഹ്‌റു തയ്യാറാക്കിയ കുറിപ്പിന്റെ തുടക്കവും ഒടുക്കവുംഇ എം എസുമായുള്ള കൂടിക്കാഴ്ചയെപ്പറ്റി ജവഹർലാൽ നെഹ്‌റു തയ്യാറാക്കിയ കുറിപ്പിന്റെ തുടക്കവും ഒടുക്കവും


















വീണ്ടും തെരഞ്ഞെടുപ്പ്‌ നടത്തുക എന്ന നിർദേശം മുന്നോട്ടുവച്ചതായും ഇ എം എസിന്‌ അത്‌ സ്വീകാര്യമായില്ലെന്നും നെഹ്‌റു തുടർന്നെഴുതുന്നു. കമ്യൂണിസ്റ്റ്‌ പാർടിക്ക്‌ ഫണ്ടുകിട്ടുന്ന വഴികളെപ്പറ്റി നെഹ്‌റു ചോദിക്കുന്നുണ്ട്‌. ഇ എം എസ്‌ നൽകിയ വിശദമായ മറുപടിയും കുറിപ്പിലുണ്ട്‌. ‘‘കേരളത്തെക്കുറിച്ചുള്ള ചർച്ചകൾക്ക് പുറമെ, ലോകത്തിലെ പൊതുസാഹചര്യങ്ങൾ, സമാധാനത്തിന്റെയും യുദ്ധത്തിന്റെയും സാധ്യതകൾ, ഇന്ത്യയിൽ സ്വതന്ത്ര പാർടിയുടെ രൂപീകരണം, മാർക്‌സിസം, സാങ്കേതികവിദ്യയുടെ അതിവേഗ വളർച്ച മാർക്‌സിന്റെ മൂലആശയങ്ങളിൽ ഉണ്ടാക്കിയ സ്വാധീനം തുടങ്ങിയ വിഷയങ്ങളെക്കുറിച്ചും ഞങ്ങൾ പൊതുവായി ചർച്ച ചെയ്‌തു’’‐നെഹ്‌റു വിശദീകരിക്കുന്നു. കേന്ദ്രസർക്കാരിന്റെ ഉപദേശംകൊണ്ടോ സംസ്ഥാനസർക്കാരിന്റെ നടപടികൾകൊണ്ടോ കേരളത്തിലെ പ്രശ്നം കൈകാര്യം ചെയ്യാനാവില്ലെന്നും ഇ എം എസിനെ അറിയിച്ചതായി എഴുതിയാണ്‌ നെഹ്‌റു കുറിപ്പ്‌ അവസാനിപ്പിക്കുന്നത്‌.


കേരളത്തിലെ സാഹചര്യം സംബന്ധിച്ച്‌ സുപ്രീംകോടതിയുടെ അഭിപ്രായം തേടാം എന്ന രാഷ്ട്രപതി രാജേന്ദ്രപ്രസാദിന്റെ  നിർദേശം ഫയലിൽകേരളത്തിലെ സാഹചര്യം സംബന്ധിച്ച്‌ സുപ്രീംകോടതിയുടെ അഭിപ്രായം തേടാം എന്ന രാഷ്ട്രപതി രാജേന്ദ്രപ്രസാദിന്റെ നിർദേശം ഫയലിൽ















ഇ എം എസുമായി രാഷ്‌ട്രപതി നടത്തിയ കൂടിക്കാഴ്‌ചയ്‌ക്കുശേഷം തയ്യാറാക്കിയ റിപ്പോർട്ടും നാഷണൽ ആർക്കൈവ്‌സിൽ ലഭ്യമാണ്‌. വിഷയം സുപ്രീം കോടതി റഫറൻസിന്‌ അയക്കാം എന്നാണ്‌ ഡോ. രാജേന്ദ്രപ്രസാദ്‌ നിർദേശിക്കുന്നത്‌. കോടതി പറഞ്ഞിട്ട്‌ ചെയ്‌താൽ കോൺഗ്രസ്‌ സർക്കാർ കമ്യൂണിസ്റ്റ്‌ സർക്കാരിനെ പിരിച്ചുവിട്ടു എന്ന ദുഷ്‌പ്പേര്‌ ഒഴിവാക്കാം എന്നും അദ്ദേഹം ഫയലിൽ എഴുതി. ‘പ്രത്യക്ഷസമരം, പിരിച്ചുവിടൽ എന്നീ ഇരട്ടഭീഷണികൾക്കു നടുവിലാണ്‌ കേരള’മെന്ന്‌ ചർച്ചകൾക്കുശേഷം മടങ്ങുംവഴി ഇ എം എസ്‌ പത്രലേഖകരോട്‌ പറഞ്ഞു.


നെഹ്‌റുവിന്റെ നിലപാടും രാഷ്ട്രപതിയുടെ നിർദേശവും അല്ല നടപ്പായത്‌; കോൺഗ്രസിന്റെ രാഷ്ട്രീയ തീരുമാനമാണ്‌. ഇ എം എസ്‌ സിംലയിൽനിന്നു മടങ്ങി ഇരുപതാം ദിവസം 1959 ജൂലൈ 31-ന്‌ ഭരണഘടനയുടെ 356‐ാം വകുപ്പ്‌ ദുരുപയോഗം ചെയ്‌ത്‌ നിയമസഭയിൽ ഭൂരിപക്ഷമുണ്ടായിരുന്ന കമ്യൂണിസ്റ്റ്‌ സർക്കാരിനെ കേന്ദ്രം പിരിച്ചുവിട്ടു .



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home