ad
Deshabhimani

മലയോരത്ത് മഴ കുറഞ്ഞു

കക്കാടംപൊയില്‍ പന്തീരായിരം വനമേഖല

കക്കാടംപൊയില്‍ പന്തീരായിരം വനമേഖല

വെബ് ഡെസ്ക്

Published on Jul 04, 2026, 12:00 AM | 1 min read

നിലന്പൂര്‍

കരിന്പുഴ വന്യജീവിസങ്കേതം ഉള്‍പ്പെടുന്ന നിലന്പൂര്‍ വനമേഖലയില്‍ തിമിര്‍ത്ത് പെയ്യേണ്ട ജൂണില്‍ പെയ്ത മഴയില്‍ വന്‍ കുറവ്. തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം (ഇടവപ്പാതി) ചതിച്ചതോടെ ജൂലൈ, ആഗസ്ത് മാസങ്ങളിലെ മഴയെ ആശ്രയിച്ചിരിക്കും മലയോരത്തിന്റെ മഴക്കൊയ്ത്ത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് പകുതി അളവില്‍ മാത്രമാണ് ജൂണില്‍ മഴ പെയ്തത്. ഈ വര്‍ഷം ജൂണില്‍ 369 മില്ലിമീറ്റര്‍ മഴയാണ് നിലന്പൂരില്‍ രേഖപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം ജൂണില്‍ 732.8 മില്ലിമീറ്റര്‍ മഴ രേഖപ്പെടുത്തി. നിലന്പൂരിലെ കേരള വനം പരിസ്ഥിതി ഗവേഷണ ഉപകേന്ദ്രത്തിലെ മഴമാപിനിയിലാണ്‌ അളവ് രേഖപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 363.8 മില്ലിമീറ്റര്‍ മഴയാണ് കുറഞ്ഞത്. ജൂണില്‍ ആദ്യത്തെ 15 ദിവസം 316 മില്ലിമീറ്റര്‍ മഴ ലഭിച്ചപ്പോള്‍ അവസാനത്തെ 15 ദിവസം 53 മില്ലിമീറ്റര്‍ മഴമാത്രമാണ് ലഭിച്ചത്. 2024 ജൂണില്‍ 447.4 മില്ലി മീറ്ററും 2023 ജൂണില്‍ 133.2 മില്ലിമീറ്ററും 2022 ജൂണില്‍ 296.2 മില്ലിമീറ്ററും 2021 ജൂണില്‍ 252 മില്ലിമീറ്ററും 2020 ജൂണില്‍ 418.6 മില്ലിമീറ്ററുമാണ് മഴയുടെ അളവ്. കഴിഞ്ഞ വര്‍ഷം 2819. 17 മില്ലിമീറ്ററാണ് ആകെ പെയ്തിറങ്ങിയ മഴ. 2024ല്‍ 2472.80 മില്ലിമീറ്റർപെയ്തു. കവളപ്പാറ ദുരന്തമുണ്ടായ 2019ലും ചെട്ടിയാംപാറ ഉരുള്‍പൊട്ടലുണ്ടായ 2018ലുമാണ് മലയോരത്ത് റെക്കോഡ് മഴ പെയ്തത്. 2019ല്‍ 3621.5 മില്ലിമീറ്ററും 2018 ല്‍ 4400.7 മില്ലിമീറ്റര്‍ മഴയുമാണ് പെയ്തിറങ്ങിയത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home