പുണ്യാളൻ നിരണം, കെടിബിസി
തുഴച്ചിൽ താരങ്ങൾക്ക് മെഡിക്കൽ ഇൻഷുറൻസ്

കുമരകം
വള്ളംകളി ചരിത്രത്തിൽ മുൻപെങ്ങുമില്ലാത്ത സുരക്ഷാ പദ്ധതിയുമായി പുണ്യാളൻ നിരണം ചുണ്ടൻ വള്ളസമിതിയും കുമരകം ടൗൺ ബോട്ട് ക്ലബ്ബും(കെടിബിസി). "പുണ്യാളന്റെ കരുതൽ' എന്ന പേരിൽ തുഴച്ചിൽ താരങ്ങൾക്കായി നടപ്പാക്കുന്ന മെഡിക്കൽ ഇൻഷുറൻസ് പദ്ധതി പ്രകാരം ഓരോ ടീം അംഗത്തിനും 10 ലക്ഷം രൂപയുടെ പരിരക്ഷ ലഭിക്കും. പരിശീലന കാലത്തെ വേതനത്തിന് പുറമെയാണ് ഈ ഇൻഷുറൻസ്. അടുത്ത ഒരു വർഷത്തേക്ക് 10 ലക്ഷം രൂപ വരെയുള്ള മെഡിക്കൽ ചെലവുകൾ ഇന്ത്യയിലെ ഏത് ആശുപത്രിയിലും ഈ പദ്ധതിയിലൂടെ സൗജന്യമായി ലഭ്യമാകും. വള്ളംകളി രംഗത്ത് ഒരു ക്ലബ് തുഴച്ചിൽക്കാർക്കായി ഇത്രയും വലിയ തുകയുടെ ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്തുന്നത് ഇതാദ്യമാണ്. വരാനിരിക്കുന്ന നെഹ്റു ട്രോഫി ജലോത്സവത്തിനായുള്ള പരിശീലന ക്യാമ്പ് ആരംഭിക്കുന്ന ഘട്ടത്തിൽ തന്നെ മുഴുവൻ താരങ്ങൾക്കും പൂർണ ആരോഗ്യ സുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് കുമരകം ടൗൺ ബോട്ട് ക്ലബ്ബും നിരണം പുണ്യാളൻ വള്ള സമിതിയും പദ്ധതി നടപ്പാക്കുന്നത്. 2026 നെഹ്‌റു ട്രോഫി, സിബിഎൽ മത്സരങ്ങൾ കുമരകം ടൗൺ ബോട്ട് ക്ലബ് പുത്തൻ ചുണ്ടനായ നിരണം പുണ്യാളനിലാണ് മത്സരിക്കുന്നത്. റെന്നി ഫിലിപ്പോസ് ആണ് ക്യാപ്റ്റൻ.











0 comments