തലനാരിഴയ്‌ക്ക് രക്ഷപ്പെട്ടു
അർധരാത്രി കാട്ടാനക്കൂട്ടത്തിനുള്ളിൽ അകപ്പെട്ട് യുവാക്കൾ

ബത്തേരി അർധരാത്രി കാട്ടാനക്കൂട്ടത്തിന് നടുവിൽ അകപ്പെട്ട കാർ യാത്രക്കാരായ യുവാക്കൾ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ബത്തേരി–ഗൂഡല്ലൂർ അന്തർ സംസ്ഥാന റോഡിൽ മുണ്ടക്കൊല്ലി ഫോറസ്റ്റ് ക്വാർട്ടേഴ്‌സിനും നൂൽപ്പുഴ പാലത്തിനും മധ്യേ ആനപ്പാലത്ത് ബുധൻ രാത്രി 12.30ന് ആണ് മൂന്ന് യുവാക്കൾ സഞ്ചരിച്ച കാർ ആനക്കൂട്ടത്തിന് നടുവിലായത്. ബത്തേരിയിൽനിന്ന് ലോകകപ്പ് ഫുട്‌ബോൾ മത്സരംകണ്ട് പാട്ടവയൽ ഭാഗത്തേക്ക് പോവുകയായിരുന്ന റമീസ്, അമീൻ, ഫസൽ എന്നിവരാണ് കാട്ടാനകൾക്കിടയിൽപ്പെട്ടത്. റോഡിൽ വളവ് തിരിഞ്ഞത് കാട്ടാനകളുടെ മുന്പിലായിരുന്നു. സഡൻ ബ്രേക്ക് ഇട്ടതോടെ കാർ റോഡിൽനിന്ന് തെന്നി അരികിലെ പുല്ലിലേക്കിറങ്ങി. ചുറ്റും ആനകളുമെത്തി. മുന്നിലെ ആന ബോണറ്റിൽ കാലെടുത്തുവച്ച് ചില്ലിൽ ആഞ്ഞുകുത്തി. ഭയന്നുപോയ യുവാക്കൾ കാർ പിറകിലോട്ട് എടുക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. രണ്ടാമതും കാറിന്റെ മുന്നിൽ കാട്ടാന കുത്തുന്നതിനിടയിൽ കാർ പിറകോട്ട് റോഡിൽ കയറിക്കിട്ടി. ഹോൺ മുഴക്കിയപ്പോൾ പിറകിലുണ്ടായിരുന്ന ആന മാറിനിന്നു. ഇതോടെ കാർ പിറകോട്ട് ഓടിച്ചെടുത്തു. തൊട്ടടുത്ത തോട്ടാമൂല ഫോറസ്‌റ്റ് സ്‌റ്റേഷനിലെത്തി വിവരം പറഞ്ഞു. വനപാലകർ അവരുടെ വാഹനത്തിൽ കയറ്റി യുവാക്കളുമായി സംഭവസ്ഥലത്തെത്തുന്പോഴും ആനക്കൂട്ടം റോഡിലും അരികിലുമായുണ്ടായിരുന്നു. പിന്നീട് വനപാലകർ ആനക്കൂട്ടത്തെ തുരത്തി. വനം വകുപ്പിന്റെതന്നെ വാഹനത്തിൽ യുവാക്കളെ നാട്ടിലെത്തിച്ചു. കുഞ്ഞും തള്ളയും ഉൾപ്പെടെ പന്ത്രണ്ട് ആനകളുണ്ടായിരുന്നതായി യുവാക്കൾ പറഞ്ഞു. പുതിയ കാറാണ് തകർത്തത്. മുണ്ടക്കൊല്ലിക്കും പാട്ടവയലിനും മധ്യേയുള്ള റോഡിൽ ഏതാനും ദിവസമായി കാട്ടാനക്കൂട്ടം എത്തുന്നുണ്ട്. Highlights: കാർ തകർത്തു











0 comments