ad
Deshabhimani

സംഭാഷണം ‐2

നമുക്ക്‌ ഒരുമിച്ച്‌ പാടാം

ടി എം കൃഷ്‌ണ കച്ചേരി അവതരിപ്പിക്കുന്നു                                                                                              ഫോട്ടോ: കെ ആർ വിനയൻ

എം വി എൻ: കർണാടക സംഗീതത്തിന്റെ പാഠപ്രപഞ്ചം എന്നു വിളിക്കാവുന്നതിനെ വിപുലീകരിക്കാൻ നിങ്ങൾ ശ്രമിച്ചിട്ടുണ്ട്, കവിതകൾ, മറ്റ് പാരമ്പര്യങ്ങളിൽനിന്നുള്ള രചനകൾ എന്നിവ കൊണ്ടുവന്നുകൊണ്ട്. കൂടാതെ മറ്റു പ്രകടന പാരമ്പര്യങ്ങളിൽനിന്നും കൂടി നിങ്ങൾ സ്വീകരിച്ചിട്ടുണ്ട്. നാടോടി പാരമ്പര്യങ്ങൾ എന്ന വാക്ക് ഉപയോഗിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല, കമ്യൂണിറ്റി പ്രാക്ടീസുകൾ എന്ന് അവയെ വിശേഷിപ്പിക്കുന്നതാവും നല്ലത്. അവയിൽ ചിലവ ചരിത്രപരമായി കർണാടക സംഗീതവുമായി ബന്ധപ്പെട്ടവയായിരിക്കാം, ചിലവ അല്ലാത്തവയുമാണ്. തീർച്ചയായും, പാരമ്പര്യത്തിന് എല്ലായ്‌പ്പോഴും സംയോജനത്തിന്റെ ഒരു ചരിത്രവുമുണ്ട്. എന്നാൽ, നിങ്ങളുടെ കാലത്തിന് മുമ്പ്, കഴിഞ്ഞ മുപ്പത് അല്ലെങ്കിൽ നാൽപ്പതു വർഷങ്ങളിൽ, കർണാടക സംഗീതത്തിന്റെ രചനകളുടെ മേഖലയിൽ വലിയ വിപുലീകരണം ഉണ്ടായിട്ടില്ല. അപ്പോൾ, ഈ പ്രക്രിയ നിങ്ങൾക്ക് എത്രത്തോളം പ്രയാസകരമാണ്? പ്രത്യേകിച്ച്, നിങ്ങൾ പെരുമാൾ മുരുകന്റെയോ നാരായണ ഗുരുവിന്റെയോ ഒരു കൃതി എടുക്കുമ്പോൾ, അല്ലെങ്കിൽ നിങ്ങൾ ഭരണഘടന പാടുമ്പോൾ, തികച്ചും ഗദ്യമായ ഭരണഘടന സംഗീതത്തിലേക്ക് കൊണ്ടുവരുമ്പോൾ അത് എത്രകണ്ടു ബുദ്ധിമുട്ടാണ്? എന്തൊക്കെയാണ് അതിലെ വെല്ലുവിളികൾ? അവയെ നിങ്ങൾ എങ്ങനെ മറികടക്കുന്നു?

ടി എം കൃഷ്‌ണ കച്ചേരി അവതരിപ്പിക്കുന്നു                                                                                              ഫോട്ടോ: കെ ആർ വിനയൻടി എം കൃഷ്‌ണ കച്ചേരി അവതരിപ്പിക്കുന്നു ഫോട്ടോ: കെ ആർ വിനയൻ

ടി എം കെ: വ്യത്യസ്‌തമായ വെല്ലുവിളികളുണ്ട്. ആദ്യം തന്നെ, വൈകാരികമായി ബുദ്ധിമുട്ടാണ്. മനഃശാസ്‌ത്രപരമായും ബുദ്ധിമുട്ടാണ്. ഒന്നാമതായി, ഒരു കലാകാരൻ എന്ന നിലയിൽ ഇതിനെ മനസ്സിലാക്കേണ്ടത് വളരെ പ്രധാനമാണ്. നിങ്ങൾക്ക് ഒരു കാര്യം തത്വശാസ്‌ത്രപരമായി വളരെ ശരിയാണെന്നു തോന്നും, അല്ലെങ്കിൽ, വൈകാരികമായി അങ്ങനെ തോന്നാം. പക്ഷേ, അത് എല്ലായ്‌പ്പോഴും മൂല്യമുള്ള ഒരു കലാവസ്‌തുവായി മാറണമെന്നില്ല. അപ്പോൾ, "ഇത് പ്രവർത്തിക്കുന്നില്ല’ എന്നു സ്വയം പറയാൻ നിങ്ങൾ തയ്യാറാകണം. എന്നിട്ട് വീണ്ടും തിരിച്ചുപോകണം, കുറഞ്ഞത് ആ സമയത്തെങ്കിലും. അപ്പോൾ, ആദ്യത്തെ വെല്ലുവിളി ദീർഘവും ആഴത്തിലുള്ളതുമായ ചിന്തയായി മാറും: നിങ്ങൾ ഇത് പരീക്ഷിക്കാൻ പോകുന്നുണ്ടോ? ഉണ്ടെങ്കിൽ, നിങ്ങൾ അത് എങ്ങനെ ചെയ്യാൻ പോകുന്നു? നിങ്ങൾ അതിലെ ഓരോ വാക്കും എങ്ങനെ ഉച്ചരിക്കാൻ പോകുന്നു?

ഒരു ഉദാഹരണം നൽകാം. പെരുമാൾ മുരുകന്റെ കൃതികൾ ഒരു പ്രത്യേകതരം വെല്ലുവിളിയാണ് ഉയർത്തിയത്. പക്ഷേ, എനിക്ക് വളരെ ദുർഘടമായി അനുഭവപ്പെട്ടത് "പുറമ്പോക്ക്’ ഗാനമായിരുന്നു. ഞങ്ങൾ ആദ്യം അത് ചെയ്‌തപ്പോൾ, അത് എല്ലാ കളങ്ങൾക്കും പുറത്തായിരുന്നു. അതിലെ ഓരോ വാക്കും എന്റെ സംഗീത പ്രപഞ്ചത്തിന് അന്യമായിരുന്നു. ഞാൻ എങ്ങനെ ആ വാക്ക് ഉച്ചരിക്കും എന്നതായിരുന്നു പ്രശ്നം. ഒരു രാഗചലനത്തിൽ വ്യഞ്ജനങ്ങളുടെയും സ്വരാക്ഷരങ്ങളുടെയും സംയോജനം എങ്ങനെയാണ് മുഴങ്ങുന്നത്? പിന്നെ, ഞാൻ അതിനെ എങ്ങനെ ചലിപ്പിക്കും?

നിരന്തരമായ ഇടപെടലിലൂടെ, ഭാഷയും സംഗീതവും തമ്മിൽ ശബ്ദത്തിന്റെ തലത്തിൽ ഒരു ബന്ധം വികസിപ്പിക്കുന്നുണ്ട്. അതിനാൽ അബോധപൂർവം എനിക്കറിയാം, ഒരു പ്രത്യേക ശബ്ദ സംയോജനം പ്രത്യക്ഷപ്പെടുകയാണെങ്കിൽ, ബിലഹരിയിൽ അത് എങ്ങനെ ചലിക്കും, അല്ലെങ്കിൽ തോടിയിൽ അത് എങ്ങനെ ചലിക്കും എന്നത്. ആ ബന്ധങ്ങൾ എങ്ങനെ രൂപപ്പെടുന്നു എന്നത് അവിശ്വസനീയമാണ്. ചില സ്ഥാനങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന ചില വ്യഞ്ജനാക്ഷരങ്ങൾ സംഗീതപരമായി ഉച്ചരിക്കാൻ കഴിയില്ല. എനിക്ക് ഒരു ചലനം വേണമെങ്കിൽ, എന്റെ വായ അടയ്‌ക്കാൻ കഴിയില്ല. പക്ഷെ, ചില ശബ്ദങ്ങൾ പൂർണവിരാമങ്ങളാണ്. അവിടെ ചില മാറ്റങ്ങൾ വേണ്ടിവരുന്നു. ഉദാഹരണത്തിന്, പാട്ടുകാർ "പങ്കജം’ എന്നതിന് പകരം "പങ്കജാാാം’ എന്നു പാടുന്നത് നിങ്ങൾ പലപ്പോഴും കേട്ടിട്ടുണ്ടാകും. അത് എന്തു കൊണ്ടാണ്? കാരണം "മ്.. മ്..’ എന്നു പാടുന്നത് ബുദ്ധിമുട്ടാണ്. അത് ശബ്ദത്തെ അടയ്‌ക്കുന്നു. ഒരു അനക്കവുമില്ലാതാകുന്നു. "പങ്കജം’ എന്ന് ഞാൻ പറയുമ്പോൾ, ശബ്ദം ഇല്ലാതാകുന്നു. അവിടെയാണ് നിങ്ങൾ മാറ്റാൻ പരിശീലിക്കേണ്ടത്. അങ്ങനെ ചെയ്യുന്നില്ലെങ്കിൽ, നിങ്ങൾ സംഗീതപരമായി പരാജയപ്പെടുന്നു.

ശബ്ദോൽപ്പാദനത്തിന് ഭാഷാശാസ്‌ത്രവുമായി, ഭാഷയുമായും ഭാഷാഭേദവുമായും അടുത്ത ബന്ധമാണുള്ളത്. "പുറമ്പോക്കി’ൽ ഒരു ഇംഗ്ലീഷ് വാക്ക് പോലും ഉണ്ട്. ഒരു കർണാടക രാഗത്തിൽ ഒരു ഇംഗ്ലീഷ് വാക്ക് എങ്ങനെ ഉച്ചരിക്കും? എനിക്കറിയില്ലായിരുന്നു. ഞാൻ പിന്നീട് അത് മനസ്സിലാക്കി. - ഇംഗ്ലീഷ് വാക്ക് തമിഴിൽ പറയുന്നതുപോലെ പാടുക മാത്രമാണ് എനിക്ക് ചെയ്യാവുന്നത്.

ടി എം കൃഷ്‌ണയും പെരുമാൾ മുരുകനുംടി എം കൃഷ്‌ണയും പെരുമാൾ മുരുകനും

എം വി എൻ: അതായത് നിങ്ങൾ ആ ശബ്ദത്തെ വിവർത്തനം ചെയ്യുകയാണെന്നാണോ?

ടി എം കെ: അല്ല. ഉദാഹരണത്തിന്, ആ പാട്ടിൽ വരുന്ന ഒരു വാക്ക് പറയാം: "കോൺക്രീറ്റ്.’ ഒരു തമിഴന്റെ അടുത്തുചെന്ന് "കോൺക്രീറ്റ്’ എന്നു പറയാൻ പറഞ്ഞാൽ, അയാൾ "കാങ്ക്രീട്ട്’ എന്ന് പറയും. "കാങ്ക്രീട്ട്’ എന്ന് പറഞ്ഞാൽ, എനിക്ക് അത് പാടാൻ കഴിയും. പക്ഷെ, "കോൺക്രീറ്റ്’ എന്നു പറഞ്ഞാൽ, എനിക്ക് അത് പാടാൻ കഴിയില്ല.

എം വി എൻ: അതാണ് ഞാൻ പറഞ്ഞത്, നിങ്ങൾ ഒരു ശബ്ദരേഖയിൽനിന്ന് മറ്റൊന്നിലേക്ക് വിവർത്തനം ചെയ്യുന്നു.

ടി എം കെ: അതു തന്നെ! അപ്പോൾ ശബ്ദത്തിന്റെ കാര്യത്തിൽ ഒരു സംഗീതരൂപം ഭാഷയോട് എത്രത്തോളം അടുത്തു നിൽക്കുന്നുവെന്ന് നിങ്ങൾക്ക് മനസ്സിലാകും. ഞങ്ങൾ ആദ്യമായി സംസാരിച്ചപ്പോൾ -ഞാൻ പെരുമാൾ മുരുകനോട്‌ രണ്ട് കാര്യങ്ങൾ മാത്രമേ ആവശ്യപ്പെട്ടുള്ളൂ: ഒന്ന്, നിങ്ങൾ നിങ്ങളുടെ ലോകത്തെക്കുറിച്ചുള്ള പാട്ടുകൾ എഴുതണമെന്ന് ഞാൻ ആഗ്രഹിക്കുന്നു, നിങ്ങൾ അനുഭവിച്ചറിഞ്ഞ ലോകത്തെക്കുറിച്ചുള്ള പാട്ടുകൾ. ആ ലോകം കർണാടക സംഗീതത്തിൽ ഇടം കണ്ടെത്തണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. രണ്ട്, ഞാൻ പറഞ്ഞു, “നിങ്ങൾ ഉപയോഗിക്കുന്ന ഭാഷകളിൽ തന്നെ എനിക്ക് അത് വേണം.”

കർണാടക സംഗീതത്തിൽ നമ്മൾ ഉപയോഗിക്കുന്ന പദാവലി വളരെ വളരെ പരിമിതമാണ്. ഒരു കാരണം, നമ്മൾ പറയുന്ന കഥകൾ എല്ലായ്‌പ്പോഴും ഒന്നുതന്നെയാണ്. നിങ്ങൾ ഒരേ കഥകൾ പറയുകയാണെങ്കിൽ, പദാവലി ഒന്നുതന്നെയായിരിക്കും. ചില വാക്കുകൾക്ക് പര്യായങ്ങൾ നിങ്ങൾ കണ്ടെത്തും, പക്ഷേ അതിനപ്പുറം, നിങ്ങൾ വ്യത്യസ്‌തമായ ഒന്നും പറയുന്നില്ല. അതിനാൽ നിങ്ങളുടെ പദാവലി എല്ലായ്‌പ്പോഴും ഒരേ കൊട്ടയിൽനിന്നാണ് വരിക. ഭൂമിക വിസ്‌തൃതമാക്കുക എന്ന് ഞാൻ പറയുന്ന നിമിഷം, പദാവലി മാറുന്നു. പിന്നെ മുരുകൻ കൊങ്ങുനാട് ഭാഷാഭേദം കൊണ്ടുവരുന്നു, അത് ഞാൻ എന്റെ ജീവിതത്തിൽ ഒരിക്കലും ഒരു രാഗത്തിൽ കേട്ടിട്ടില്ല. അതാണ് ആദ്യ ഘട്ടം.

രണ്ടാമത്തെ ഘട്ടം കൂടുതൽ ബുദ്ധിമുട്ടാണ്: അതിൽ, ഞാൻ ഈ രചനയെ എങ്ങനെയാണ് അനുഭവിക്കാൻ തുടങ്ങുക? ഒരു ത്യാഗരാജ കീർത്തനം പാടുമ്പോൾ, ഞാൻ അതിനെ സ്വാഭാവികമായി, സഹജപരമായി ആസ്വദിക്കുന്നു. അതിനായി ഒരു ശ്രമവും ഞാൻ നടത്തേണ്ടതില്ല. എന്നാൽ ഈ രചന തികച്ചും വ്യത്യസ്‌തമായ ഒരു പ്രപഞ്ചത്തിൽനിന്ന് വരുമ്പോൾ, അത് എങ്ങനെയാണ് എന്റെ ഭാഗമായി മാറുന്നത്? അതിന് കൂടുതൽ സമയമെടുക്കും. മുരുകന്റെ കൃതികൾ സ്വാഭാവികമായി അനുഭവിക്കാൻ എനിക്ക് വളരെയധികം സമയമെടുത്തു. ഞാൻ മുമ്പ് തമിഴ് ഗാനങ്ങൾ പാടിയിട്ടുണ്ടെങ്കിലും - ഇപ്പോൾ ഞാൻ പരിചിതമല്ലാത്ത കാര്യങ്ങളെക്കുറിച്ച് പാടുകയായിരുന്നു. ഞാൻ ഉച്ചരിച്ചു പരിചയമില്ലാത്ത വാക്കുകൾ ഉച്ചരിക്കുകയായിരുന്നു. അതുകൊണ്ട്, നിരന്തരമായ, ധ്യാനാത്മകമായ ശ്രമത്തിന്റെ, ആറേഴ് മാസങ്ങൾ എടുത്തു അവയുമായി പൊരുത്തപ്പെടാനായി.

മീരാ രാംമോഹനും നെടുമ്പള്ളി രാംമോഹനുംമീരാ രാംമോഹനും നെടുമ്പള്ളി രാംമോഹനും

നാരായണ ഗുരുവിന്റെ കാര്യത്തിലും അങ്ങനെ തന്നെ. ഗുരുവിന്റെ കൃതികൾ പാടുമ്പോൾ, പക്ഷെ ഭാഷാപരമായി അൽപ്പംകൂടി എളുപ്പമാണ്. കാരണം, ശബ്ദങ്ങളിൽ എനിക്ക് ചില അനുരണനങ്ങൾ കണ്ടെത്താൻ കഴിയും. എന്നാൽ രൂപത്തിന്റെ കാര്യത്തിൽ, അത് വളരെ വ്യത്യസ്‌തമാണ്. വളരെ, വളരെ വ്യത്യസ്‌തം. അതിനാൽ വീണ്ടും, ഗുരുവിന്റെ കാര്യത്തിൽ സമയമെടുത്തു. എനിക്ക് അത് നിരന്തരം വീണ്ടും വീണ്ടും പാടേണ്ടിവന്നു. വൈകാരികമായി എന്നെത്തന്നെ അതിൽ സ്ഥാനപ്പെടുത്താനുള്ള വഴി നിരന്തര ശ്രമത്തിലൂടെ കണ്ടെത്തേണ്ടിവന്നു. അപ്പോൾ മാത്രമേ, ഇനി എനിക്കു ചിന്തിക്കേണ്ടതില്ല എന്ന അവസ്ഥയിൽ എത്തിയുള്ളൂ. ഇപ്പോൾ, അനുഭവത്തെക്കുറിച്ച് എനിക്ക് ആശങ്കയില്ല, സ്വാഭാവികമായി ഞാൻ അത് അനുഭവിക്കുന്നു.

എം വി എൻ: ആ ഒറിജിനൽ സൗണ്ട്‌സ്‌കേപ്പിനോട് അക്രമം ചെയ്യുന്നു എന്ന് നിങ്ങൾ എപ്പോഴെങ്കിലും ഭയപ്പെട്ടിട്ടുണ്ടോ?

ടി എം കെ: ഏത് ഒറിജിനൽ? ഭാഷയുടെ?

എം വി എൻ: അതെ, ഭാഷയുടെ. ഉദാഹരണത്തിന്, കവിതയുടെ കാര്യത്തിൽ നമ്മൾ പലപ്പോഴും കാണുന്ന ഒരു കാര്യം, കവിതയെ സംഗീതവൽക്കരിക്കുമ്പോൾ, നിങ്ങൾ പറഞ്ഞതുപോലെ, കവിതയുടെ ശബ്ദരീതി തന്നെ മറ്റൊരു ഫ്രെയിമിലേക്ക് പുനഃക്രമീകരിക്കപ്പെടുന്നു.

ടി എം കെ: തീർച്ചയായും.

എം വി എൻ: അപ്പോൾ നിങ്ങൾ നാരായണ ഗുരുവിന്റെയോ പെരുമാൾ മുരുകന്റെയോ കവിതകൾ സംഗീതമായി അവതരിപ്പിക്കുമ്പോൾ, ആ മൂലകവിയെക്കുറിച്ച് നിങ്ങൾ ആശങ്കപ്പെടാറുണ്ടോ? അല്ലെങ്കിൽ അത് ശ്രദ്ധിക്കുന്നുണ്ടോ? മൂലകവിതയുടെ കാവ്യശൈലി എന്ന നിലയിൽ?

ടി എം കെ: ഞാൻ അതിനെക്കുറിച്ച് ഒട്ടും വ്യാകുലപ്പെടാറില്ല.

എം വി എൻ: അത് എന്തുകൊണ്ടാണ്?

ടി എം കെ: എന്തുകൊണ്ടെന്നാൽ, അത് ഒരു പാട്ടായി മാറുമ്പോൾ, അത് ഒരു പുതിയ സൃഷ്ടിയാണ്. ചില കവിതകൾ പാടാൻ കഴിയില്ലെന്ന് എനിക്ക് തോന്നുന്നുവെങ്കിൽ നമുക്കത് വളരെ വ്യക്തമായി പറയാം. ആദ്യംതന്നെ, എന്റെ തീരുമാനം ഇതായിരിക്കണം: ഇതൊരു സംഗീത രൂപമാണോ? അർഥത്തിന്റെ തലത്തിൽ, അതിനെ സംഗീതപരമായി പുനർനിർമിക്കാൻ കഴിയുമോ? ചില കവിതകൾ ചൊല്ലുമ്പോൾ അവ അവിശ്വസനീയമാണ്. പക്ഷെ, നിങ്ങൾക്ക് അവ പാടാൻ കഴിയില്ല. കവിതയിൽ സംഗീതമുണ്ടെങ്കിൽ, അത് സംഗീതത്തിൽ ഒരു പുതിയ ശബ്ദം കണ്ടെത്തേണ്ടതുണ്ട്.

സംഗീതമാകുമ്പോൾ കവിത പൂർണമായും ഒരു പുതിയ കലാവസ്‌തുവാണെന്ന് ഞാൻ പറയും. ഞാൻ അവിടെ എത്തുന്ന നിമിഷം, പിന്നെ കാവ്യരൂപത്തെ പരാമർശിക്കാൻ പോകുന്നില്ല. കാരണം, അതു ചെയ്‌താൽ, പിന്നെ അത് സംഗീതം ആയിരിക്കില്ല. അതിന് സംഗീതമാകാൻ കഴിയില്ല. സംഗീതമായി മാറണമെങ്കിൽ കവിത സ്വയം ഒരു പുതിയ സൗണ്ട്സ്കേപ്പ് കണ്ടെത്തേണ്ടതുണ്ട്. പുതിയ സൗണ്ട്സ്കേപ്പ് കണ്ടെത്താൻ കഴിയാത്ത കവിതകൾ പാടരുത്. ദയവായി പാടരുത്. ഒഴിഞ്ഞുമാറുക. കാരണം അത് പ്രായോഗികമാവില്ല.

ഉദാഹരണത്തിന്, ഞാൻ ഭരണഘടനയുടെ ആമുഖം ആലപിച്ചപ്പോൾ -അത് താളാത്മകമല്ലാത്ത, സ്വതന്ത്രമായി ഒഴുകുന്ന ഒരു പാഠമായി മാത്രമേ പാടുന്നുള്ളൂ. എനിക്ക് അത് ലയം ഉപയോഗിച്ച് പാടാൻ കഴിയില്ല. ലയം ഉപയോഗിച്ചാൽ, ഞാൻ ചെയ്യുന്ന ഏറ്റവും മണ്ടത്തരമായിരിക്കുമത്. ഞാൻ അത് താളരഹിതമായി പാടുമ്പോൾ, അതിന് ഒരു സംഗീതരൂപം ലഭിക്കുന്ന രീതിയിൽ അത് ചലിപ്പിക്കാൻ എനിക്കു കഴിയുന്നു.


ഞാൻ ഹരിവംശ് റായ് ബച്ചന്റെ ഒരു കൃതി പാടി; - അദ്ദേഹത്തിന്റെ "ഒരു മധുശാലയിൽ.’ അതിൽ അവിശ്വസനീയമായ ഒരു ഈരടിയുണ്ട്. എന്റെ ഒരു സുഹൃത്ത് ഞാൻ പാടിയത് രഹസ്യമായി എനിക്ക് അയച്ചു തന്നു. ഞാൻ അത് താളത്തിൽ ഉൾപ്പെടുത്താൻ ശ്രമിച്ചിരുന്നു. അത് വളരെ ഭയാനകമായിരുന്നു, കാരണം വാക്കുകൾ ശ്വസിക്കുന്നില്ല. ഞാൻ അതിനെ ഞെരുക്കുകയായിരുന്നു. അപ്പോൾ ഞാൻ സ്വയം പറഞ്ഞു, ഇത് പാടാനുള്ള ഒരേയൊരു മാർഗം അതിനെ താളമില്ലാതെ ഒഴുകാൻ വിടുക എന്നതാണ്.

എം വി എൻ: നിങ്ങൾ ഈ പറയുന്നതിൽ, ഒരു നാടക രചനയും നാടകാവതരണവും തമ്മിലുള്ള ബന്ധത്തിന് സമാനമായ ഒന്നാണ് ഞാൻ കാണുന്നത്. അവിടെ പാഠം എഴുതപ്പെടുന്നു, പക്ഷേ ഓരോ തവണയും അത് വേദിയിലേക്ക് കൊണ്ടുവരുമ്പോൾ, അത് ഒരു പുതിയ നിർമാണമാണ്. ഒരു പുതിയ വ്യാഖ്യാനം മാത്രമല്ല, പുതിയ ഒരു കൃതി കൂടിയാണ്, പൂർണമായും ഒരു പുതിയ കലാസൃഷ്ടിയാണ്. അതിനാൽ, നിങ്ങൾ കവിതയും സംഗീതവും തമ്മിലുള്ള ബന്ധത്തെ കുറിച്ചു പറയുന്നതിൽ അത്തരമൊരു സമാന്തരതയാണ് ഞാൻ കാണുന്നത്.

കഴിഞ്ഞ വർഷം മദ്രാസ് മ്യൂസിക് അക്കാദമിയിൽ നെടുമ്പിള്ളി രാംമോഹന്റെയും മീരാ രാംമോഹന്റെയും കഥകളി സംഗീതാവതരണത്തിന് ശേഷം, ആരോ നിങ്ങളോട് ഒരു ചോദ്യം ചോദിച്ചു, കഥകളി സംഗീതം -പദങ്ങൾ -പാടുവാൻ നിങ്ങൾക്ക് താൽപ്പര്യമുണ്ടോ എന്ന്. നിങ്ങൾ അതിന് വളരെ സംശയത്തോടെയാണ് മറുപടി നൽകിയത്. നിങ്ങൾ പറഞ്ഞു, വളരെ വളരെ ശ്രദ്ധിക്കണം, അത് തികച്ചും വ്യത്യസ്‌തമായ ഒരു രൂപമായതിനാൽ നിങ്ങൾ അങ്ങനെ ചെയ്യാൻ ആഗ്രഹിക്കുന്നില്ല എന്ന്. അക്കാര്യം അൽപ്പം വിശദീകരിക്കാമോ?

ടി എം കെ: താൽക്കാലികമായാണ് ഞാൻ അതു പറഞ്ഞത്. ഞാൻ കഥകളിപ്പദങ്ങൾ പാടുമോ എന്നതായിരുന്നു ചോദ്യം. എനിക്ക് അതിനെക്കുറിച്ച് ഉറപ്പില്ല. ഇപ്പോഴും ഉറപ്പില്ല.

കട്ടയ്‌ക്കൂത്ത്‌ കലാകാരൻ പെരങ്ങാറ്റൂർ രാജഗോപാലിനൊപ്പംകട്ടയ്‌ക്കൂത്ത്‌ കലാകാരൻ പെരങ്ങാറ്റൂർ രാജഗോപാലിനൊപ്പം

എം വി എൻ: ഒരു കാര്യം കൂടി ചേർത്തോട്ടെ, കർണാടക സംഗീതത്തിന് നിരവധി ഇതര സംഗീത പാരമ്പര്യങ്ങളിൽനിന്ന് കടമെടുത്ത ചരിത്രമുണ്ട്...

ടി എം കെ: അതെ. അതെ. ചിലർ "കടം വാങ്ങിയ’ എന്നു പറഞ്ഞേക്കാം, ചിലർ അതിനെ "കൈയടക്കിയ’ (appropriate) എന്നു പറഞ്ഞേക്കാം. അത് സന്ദർഭത്തിനെ ആശ്രയിച്ചിരിക്കുന്നു. അതിനാൽ, ഇതിന് നിരവധി വിഷയങ്ങളുണ്ടെന്നു കാണാം. സത്യം പറഞ്ഞാൽ, ഇത് ചെയ്യാൻ ഏറ്റവും ലളിതമായ കാര്യമാണ്. എനിക്ക് ഒരു കഥകളി രചന പാടുകയും അത് കർണാടിക് ആക്കുകയും ചെയ്യുക എന്നത് ഏറ്റവും ലളിതമായ കാര്യമാണ്. ഇത് സങ്കീർണമല്ല. കാരണം, എളുപ്പത്തിൽ പാടാൻ അനുവദിക്കുന്ന നിരവധി സമാനതകൾ അവ തമ്മിലുണ്ട്. പക്ഷേ അതിൽ നിരവധി അപകടങ്ങളുമുണ്ട് എന്നതാണ്. കഴിഞ്ഞ വർഷം അക്കാദമിയിൽ വന്ന് പ്രബന്ധം അവതരിപ്പിക്കാൻ പല കലാരൂപങ്ങളിൽ നിന്നുള്ളവരെ ഞാൻ ക്ഷണിച്ചിരുന്നു. ഞാൻ അവർക്ക് ഒരു നിർദേശമാണ് നൽകിയത്, "ദയവായി നിങ്ങൾ ആഗ്രഹിക്കുന്നത് എന്തോ അത് പറയൂ. എന്നാൽ നിങ്ങൾ ചെയ്യാൻ പാടില്ലാത്ത ഒരു കാര്യമുണ്ട്. നിങ്ങൾ ചെയ്യുന്നതിനെ കർണാടക സംഗീതവുമായി താരതമ്യം ചെയ്യരുത്. നിങ്ങളുടെ കലാരൂപം അതെന്താണെന്ന് പറയൂ, നിങ്ങളുടെ രൂപത്തിന്റെ സ്വഭാവം.

ഒരു പദത്തിൽ കേദാരഗൗളം ഉണ്ടെന്നു പറഞ്ഞാൽ പോലും, കഥകളിയിലെ കേദാരഗൗളയ്‌ക്ക് സവിശേഷമായ നിരവധി പ്രയോഗങ്ങൾ ഉണ്ടാകും. അതുകൊണ്ടാണ് അതിനെ കഥകളി കേദാരഗൗളം എന്നു വിളിക്കുന്നത്. ഒരു പ്രശ്നം, ഈ കേദാരഗൗളയെ അതിന്റെ സവിശേഷമായ പ്രയോഗങ്ങളിൽനിന്ന് മാറ്റി ഒരു കർണാടിക് കേദാരഗൗളയാക്കി മാറ്റാൻ ഞാൻ ശ്രമിച്ചാൽ അത് വളരെ സൂക്ഷ്മമായ ഒരു പ്രശ്നമാണ്. പിന്നെ, കഥകളി കേദാരഗൗളയുടെ ആ ശബ്ദം എന്റെ കർണാടിക്ക് കേദാരഗൗളയെ സമ്പന്നമാക്കാൻ ഞാൻ അനുവദിക്കുമോ? അതാണ് ഞാൻ ചോദിക്കേണ്ട ചോദ്യം. ഞാൻ അതിനെക്കുറിച്ച് ആഴത്തിൽ ചിന്തിക്കണം. അങ്ങനെ ചെയ്‌താൽ ആ സമ്പുഷ്ടീകരണത്തിലെ പരിമിതികൾ എന്തൊക്കെയാണ്? ഉദാഹരണത്തിന്, കഥകളി കേദാരഗൗളയിൽനിന്ന് ഞാൻ എടുക്കുന്ന ചില സംഗതികൾ ഉണ്ടെന്ന് എനിക്ക് പറയാൻ കഴിയുമോ? ഒരു ത്യാഗരാജ കൃതിക്ക് വേണ്ടി ഞാൻ ഒരു ആലാപനം പാടുകയാണെങ്കിൽ, ആ സംഗതികൾ അവിടെ ഉൾപ്പെടുത്തുമോ? ഞാൻ ചിന്തിക്കേണ്ട നിരവധി ബഹുതല ചോദ്യങ്ങളുണ്ട്. അവയെല്ലാം സൗന്ദര്യാത്മകമായ കാര്യങ്ങളാണ്.

അതുപോലെ, ലയത്തിന്റെ തലത്തിൽ ആ കോമ്പോസിഷൻ എങ്ങനെ ഒഴുകുന്നു എന്ന ചോദ്യവും വരുന്നു. എന്റെ കച്ചേരി പദ്ധതിക്ക് അനുയോജ്യമായ രീതിയിൽ ഞാൻ അതിനെ മാറ്റുമോ? അപ്പോൾ, അത് കഥകളിയുടെ രൂപത്തിൽ നിലനിൽക്കില്ല. പക്ഷേ ആ വ്യത്യസ്‌ത വ്യാഖ്യാനത്തെ വിലപ്പെട്ടതാക്കുന്ന ഒരു ഐഡന്റിറ്റി അതിനുണ്ടാകുമോ? ഈ സമയത്ത് എനിക്കറിയില്ല. കഥകളി പാട്ടുകാരുമായി സഹകരിക്കാൻ ഞാൻ തയ്യാറാണ്, അത് വേറെ കാര്യം. ഞാൻ അത് പാടുമോ എന്നത് വേറെ കാര്യം.

മറ്റൊന്ന്, ഇതിന് ഒരു സാമൂഹിക വശമുണ്ട്, അത് അധികാര അസമത്വമാണ്. കർണാടക സംഗീതജ്ഞനായ ടി എം കൃഷ്‌ണയും കഥകളി സംഗീതം പാടുന്നവരും തമ്മിലുള്ള അടിസ്ഥാനപരമായ അധികാര അസമത്വത്തെ എനിക്ക് അവഗണിക്കാൻ കഴിയില്ല. നാളെ ഞാൻ ആ രചനകളിൽ ചിലത് പാടാൻ തുടങ്ങുന്നു എന്നു കരുതുക. എല്ലാവരും അവ ഞാൻ പാടണമെന്ന് ആഗ്രഹിക്കുന്നു എന്നു കരുതുക. അത് എനിക്ക് വളരെ പ്രശ്‌നകരമാണ്. എനിക്കതിൽ ആശങ്കയുണ്ട്.

ഈ വിഷയത്തിന് സൗന്ദര്യാത്മകമായ ഒരു വശമുണ്ട്; സാമൂഹികമായ വശവുമുണ്ട്. ഒരു കഥകളി രചന എടുക്കുന്നതിന്റെ അർഥമെന്താണ്? കർണാടിക് സംഗീതത്തിന് അത് എന്തു ഫലം ചെയ്യും? കഥകളി സംഗീതത്തിന് അത് എന്തു ഫലം ചെയ്യും? ഇതെല്ലാം നമുക്ക് ആവശ്യമായ കാര്യങ്ങളാണ്. എന്തെങ്കിലും, ജൈവികമായി, അബോധപൂർവമായി സംഭവിച്ചാൽ, അത് വ്യത്യസ്‌തമായ ഒരു പ്രശ്നമാണ്. പക്ഷേ ഇത് ബോധപൂർവമായ ഒരു പ്രവൃത്തിയാണല്ലോ!

‘പുറമ്പോക്ക്‌ പാടൽ’ ആൽബത്തിൽനിന്ന്‌‘പുറമ്പോക്ക്‌ പാടൽ’ ആൽബത്തിൽനിന്ന്‌

എം വി എൻ: പക്ഷേ, നിങ്ങൾ മറ്റു പാരമ്പര്യങ്ങളിൽനിന്നുള്ള കലാകാരരുമായി സഹകരിച്ചിട്ടുണ്ട്. ഈ അധികാരഘടന അതിൽ എങ്ങനെയാണ് പ്രവർത്തിക്കുന്നത്?

ടി എം കെ: ഞാൻ സഹകരിക്കുമ്പോൾ - അവയെ സംവാദങ്ങൾ എന്ന് വിളിക്കാനാണ് ഇഷ്ടപ്പെടുന്നത്. ഒന്നിലധികം കലാരൂപങ്ങളുമായി എനിക്ക് സംഭാഷണങ്ങൾ ഉണ്ടായിട്ടുണ്ട്. അപ്പോഴെല്ലാം, ഞാൻ പരമാവധി - ശ്രദ്ധിക്കാൻ ശ്രമിക്കാറുണ്ട്. അവരുടെ രചനകൾ തെരഞ്ഞെടുത്ത് എന്റേതാക്കി മാറ്റുക എന്നതല്ല ലക്ഷ്യം. നമുക്ക് പൊതുവായ ഒരു ഇടം കണ്ടെത്താൻ കഴിയുന്ന വഴികൾ തിരയാനാണ് ഞാൻ ശ്രമിക്കുക. "നമുക്ക് കുറച്ച് വരികൾ ഒരുമിച്ചു പാടാം. അതിലൂടെ നമുക്ക് യോജിക്കാവുന്ന സ്ഥലങ്ങളും പൊതുവായ അടിസ്ഥാനങ്ങൾ കണ്ടെത്താൻ കഴിയാത്ത സ്ഥലങ്ങളും തിരിച്ചറിയാം.’ ആ പിരിമുറുക്കം വ്യത്യസ്‌തമായ സ്വത്വങ്ങൾക്ക് (identities) നിലനിൽക്കാൻ ഇടം അനുവദിക്കുന്നു. അത് അനുവദിക്കാൻ ഞങ്ങൾ പരമാവധി ശ്രമിക്കുന്നു. അത് എല്ലായ്‌പ്പോഴും വിജയിക്കണമെന്നില്ല. ചിലപ്പോൾ ഞാൻ പരാജയപ്പെടുന്നു. ചിലപ്പോൾ ഞാൻ അതിരുകടക്കുന്നു. പിന്നെ ഞാൻ ചിന്തിക്കുന്നു, ഞാൻ എന്താണ് ചെയ്‌തത്?

ഉദാഹരണത്തിന്, പേരങ്ങാറ്റൂർ രാജഗോപാൽ ഒരു മികച്ച കട്ടൈക്കൂത്തു കലാകാരനാണ്. ഞങ്ങൾ ചേർന്ന് "കർണാടക കട്ടൈക്കൂത്ത്’ എന്നറിയപ്പെടുന്ന ഒന്നു ചെയ്യുന്നുണ്ട്. അതിൽ, അവിശ്വസനീയമായ ഒരു രംഗമുണ്ട്. മഹാഭാരത യുദ്ധത്തിന്റെ 18-ാം ദിവസം. ഭീമൻ വന്ന് തന്നെ കൊല്ലാൻ ദുര്യോധനൻ കാത്തിരിക്കുകയാണ്. ഇതാണ് രംഗം. രാജഗോപാലിന് വല്ലാത്ത ഒരു മാന്ത്രികതയുണ്ട്. അടിസ്ഥാനപരമായി, അത് അദ്ദേഹത്തിന്റെതന്നെ ഭയങ്ങളിൽ നിന്നാണ് വരുന്നത്. അയാൾ വെറുമൊരു സൂത്രധാരനല്ല;- പുരാണത്തിനും യാഥാർഥ്യത്തിനും ഇടയിലുള്ള കണ്ണിയാണ്, ഫാന്റസിക്കും കഥയ്‌ക്കുമിടയിൽ.

കട്ടൈകരൻ രാജാവ് ദുര്യോധനനെ കളിയാക്കുന്നു. ആ രംഗത്തിന്റെ തുടക്കത്തിൽ, ഒരു ഗാനമുണ്ട്. അത് ഞാൻ അദ്ദേഹത്തിൽനിന്ന് പഠിച്ചു, കാരണം ഞങ്ങൾ അത് രംഗത്തോടൊപ്പം പാടി. അതൊരു മനോഹരമായ ഗാനമാണ്: "കോപമാകുമ ഭൂപതി...’ അതൊരു നായാട്ടു രാഗമാണ്. എനിക്ക് അതു വളരെ ഇഷ്ടപ്പെട്ടു. അതിന് വളരെ രസകരമായ ഒരു മെലഡി ഐഡന്റിറ്റിയാണുള്ളത്. അത് ഒറ്റയ്‌ക്കു പാടാൻ രാജഗോപാലിനോട് ഞാൻ ഇതുവരെ അനുവാദം ചോദിച്ചിട്ടില്ല.


പക്ഷെ, അത് ഞാനൊരിക്കൽ ബാംഗ്ലൂർ വച്ച് ആലാപനത്തോടെ പാടി. അത് പാടിക്കഴിഞ്ഞപ്പോൾ എനിക്ക് വല്ലാത്ത ഉത്കണ്ഠ തോന്നി. ഇത് രാജഗോപാൽ പാടുന്നത് ആരും കേട്ടിട്ടില്ല. എന്നാൽ ഇതാ ഞാൻ ബാംഗ്ലൂരിൽ സ്റ്റേജിൽ പാടുന്നു. പിന്നീട് ഇന്നുവരെ ഞാൻ അത് പാടിയിട്ടില്ല. കാരണം, രാജഗോപാലുമായി എനിക്ക് ഇതുവരെ ആ സംഭാഷണം ഉണ്ടായിട്ടില്ല. എനിക്ക് അദ്ദേഹത്തോട് സംസാരിക്കണം. ഈ മുഴുവൻ പ്രസ്ഥാനത്തെയും അദ്ദേഹം എങ്ങനെ കാണുന്നു എന്ന് എനിക്ക് മനസ്സിലാക്കേണ്ടതുണ്ട്. കാരണം, പ്രത്യേകിച്ച് കലാകാരന്മാർ എന്ന നിലയിൽ - നമ്മൾ എപ്പോഴും കാര്യങ്ങൾ കാണുന്നു, കാര്യങ്ങൾ അനുഭവിക്കുന്നു, കാര്യങ്ങൾ ശ്രദ്ധിക്കുന്നു. കൂടാതെ, “എന്നാൽ, ഞാനിത് ചെയ്‌താലോ?” എന്നുള്ള പ്രലോഭനവും വളരെ ഉയർന്നതാണ്. നമ്മളും വളരെ അത്യാഗ്രഹികളാണ്, അല്ലേ? പക്ഷേ, അതിൽ തന്നെ കുറച്ച് മാറിനിന്നുള്ള ഒരു കാഴ്‌ചയും ഒരു നിശ്ചിത അളവിലുള്ള ബോധവും ഉണ്ടായിരിക്കണമെന്ന് ഞാൻ കരുതുന്നു, എന്നിട്ട്, സ്വയം ഇങ്ങനെ ചോദിക്കേണ്ടി വരും: "ശരി, എനിക്ക് എന്തിനാണ് ഇത് വേണ്ടത്? ഞങ്ങൾ നടത്തുന്ന ഈ സംഭാഷണത്തിൽ ഇത് എന്താണ് കൂട്ടിച്ചേർക്കുന്നത്?’ അത് ചെയ്യണമെന്നോ ചെയ്യരുതെന്നോ ഞാൻ പറയുന്നില്ല. അതിൽ വളരെയധികം ചിന്തകൾ ഉൾപ്പെടുത്തണമെന്ന് ഞാൻ പറയുന്നു. -വളരെയധികം സംവേദനക്ഷമതയും ശ്രദ്ധയും ഉണ്ടായിരിക്കണം. അപ്പോൾ മാത്രമേ അത് സാധ്യമാകൂ എന്നു ഞാൻ കരുതുന്നു.

എം വി എൻ: അതെ! വളരെയധികം കരുതൽ ആവശ്യമായി വരുന്നു. ഇനി നമുക്ക് സദസ്സിൽ നിന്നുള്ള ചോദ്യങ്ങൾ ആവാം. കൃഷ്‌ണ അത് ആഗ്രഹിക്കുന്നു.

ചോദ്യം: പാശ്ചാത്യ ലോകത്തിൽനിന്നും വ്യത്യസ്‌തമായി, ഇന്ത്യൻ സംഗീതരംഗത്ത് ഒരു സ്റ്റാൻഡേഡ് സ്വരസൂചക സംവിധാനം ഇല്ല. ഒരാളുടെ പാട്ട് വിലയിരുത്താനോ അവരെ തിരുത്താനോ ഒരു മാനദണ്ഡമോ മാർഗമോ ഇല്ല...?

ടി എം കെ: ഒരു സ്റ്റാൻഡേഡ് ഇല്ലാത്തതിൽ ഞാൻ വളരെ സന്തോഷിക്കുന്നു. നമുക്ക് ആ ചിന്തയെ ഒന്നു മറിച്ചിടാം. ഒരു മാനദണ്ഡം പുരോഗതിക്ക് ഒരു പ്രധാന കാര്യമാണെന്ന് വിശ്വസിക്കാൻ നാം പരിശീലിപ്പിക്കപ്പെട്ടിട്ടുണ്ട്‌ എന്ന്‌ ഞാൻ കരുതുന്നു. എന്നാൽ ആ ആശയം നിങ്ങളുടെ തലച്ചോറിൽ പ്രത്യക്ഷപ്പെട്ടില്ലെന്ന് സങ്കൽപ്പിക്കുക. ആ ചിന്ത നിലവിലില്ലെങ്കിൽ, നിങ്ങൾ കാര്യങ്ങളെ എങ്ങനെ വിലയിരുത്തും? ഒരു മാനദണ്ഡത്തെക്കുറിച്ച് ചിന്തിക്കാൻ പരിശീലിപ്പിച്ചിട്ടില്ലെങ്കിൽ, നിങ്ങൾക്ക് കാര്യങ്ങൾ എങ്ങനെ തോന്നും?

ശൈലീപരമായ വ്യത്യാസങ്ങൾ മാറ്റിനിർത്തിയാൽ, സൗന്ദര്യം സ്വാതന്ത്ര്യത്തിലാണ്. ഉദാഹരണത്തിന്, എനിക്ക് വീട്ടിൽ ഒരു ക്ലാസ് ഉണ്ടായിരുന്നു, വിദ്യാർഥിനി വളരെ നന്നായി ശഹന രാഗം പാടി. ആ രാഗത്തിലെ "മ’ അവൾ വളരെ നന്നായി പാടി! പക്ഷെ, ഒരിക്കലും ഒരു സ്റ്റാൻഡേഡ് ശഹന "മ’ ഉണ്ടാവില്ല. (മധ്യമസ്വരം പലവിധം പാടുന്നു.) ആ "മ’‐ - അത് എവിടെയും ആകാം! ഞാൻ ശഹനയിലെ "മ’യെ സ്റ്റാൻഡേഡൈസ് ചെയ്‌താൽ, അതോടെ ശഹന മരിക്കുന്നു. അപ്പോൾ നമ്മൾ എന്താണ് യഥാർഥത്തിൽ പഠിക്കുന്നത്? ശഹന "മ’ക്ക് സാധ്യമായ സഞ്ചാരത്തിന്റെ‍ ഒരു ബാൻഡ്‌വിഡ്ത്താണ് (band width) നമ്മൾ പഠിക്കുന്നത്‌.

ടി എം കൃഷ്‌ണ                                                                                                                                                              ഫോട്ടോ: ജീജ വി കെ ടി എം കൃഷ്‌ണ ഫോട്ടോ: ജീജ വി കെ

ആ ബാൻഡ്‌വിഡ്‌ത്തിന് പുറത്തേക്ക് "മ’ മാറുകയാണെങ്കിൽ, നിങ്ങൾക്ക് അത് അനുഭവപ്പെടും, അല്ലേ? ചിലപ്പോൾ, ആളുകൾ "നിങ്ങൾ അപസ്വരത്തിൽ പാടുകയാണ്’ എന്നു പറയുമ്പോൾ, അവർ യഥാർഥത്തിൽ ആ ബാൻഡ്‌വിഡ്ത്തിന്റെ പരിധി കവിയുന്നതിനോട് പ്രതികരിക്കുകയാണ്. എന്നാൽ, കഴിഞ്ഞ നൂറു വർഷത്തിനിടയിൽ ആ പരിധിപോലും മാറിയിരിക്കുന്നു! അതാണ് രസകരമായ കാര്യം. -ആ ബാൻഡ്‌വിഡ്ത്തിന്റെ പരിധികൾ പോലും ചലിക്കുന്നവയാണ്. അതിനാൽ ഒരു സംഗീത രൂപം വളരുന്നു.

പ്രശ്നം ഇതാണ്: എന്തെങ്കിലും മനസ്സിലാക്കാൻ നമ്മൾ ബുദ്ധിമുട്ടുമ്പോൾ, നമ്മുടെ ലളിതമായ ഉത്തരം, "നമുക്ക് അത് സ്റ്റാൻഡേഡൈസ് ചെയ്യാം. -അപ്പോൾ നമുക്ക് ബുദ്ധിമുട്ടേണ്ടിവരില്ല.’ അത് ഒരു ഒഴിഞ്ഞുമാറൽ ആണ്. പിന്നെ നമ്മൾ പറയും, "പഠിപ്പിക്കാൻ എളുപ്പമാണ്.’ അത് പൂർണമായ അസംബന്ധമാണ്. ക്ഷമിക്കണം, "സ്റ്റാൻഡേഡ് ചെയ്യാൻ കഴിഞ്ഞാൽ പഠിപ്പിക്കാൻ എളുപ്പമാണ്’ എന്ന് പറയുന്ന ആരെങ്കിലും ഉണ്ടെങ്കിൽ, അത് വെറും അസംബന്ധമാണ്. ഞാൻ മറ്റൊരു വാക്ക് പോലും പകരമായി ഉപയോഗിക്കില്ല.

ISB (Indian School of Business)-ലെ ഒരാളുമായി AI-യെക്കുറിച്ച് ഞാൻ ഈ സംഭാഷണം നടത്തി. ഞാൻ പറഞ്ഞു: AI-യുമായുള്ള എന്റെ പ്രശ്നം ആളുകൾ സാധാരണ പറയുന്ന കാര്യമല്ല. എന്റെ പ്രശ്നം നിങ്ങൾ ജീവിതം അനുഭവിക്കുന്ന രീതിയെ അത് ശുചീകരിക്കും (sanitize) എന്നതാണ്. നിങ്ങൾ കാണുന്ന രീതിയെ അത് ശുചീകരിക്കും. നിങ്ങൾ കേൾക്കുന്ന രീതിയെ അത് ശുചീകരിക്കും. നിങ്ങൾ സ്‌പർശിക്കുന്ന രീതിയെ അത് ശുചീകരിക്കും. -വളരെ വേഗം അഭിരുചിയേയും. അങ്ങനെ സംഭവിച്ചാൽ, നാമെല്ലാവരും ഒരൊറ്റ പ്രിസത്തിലൂടെ ലോകത്തെ അനുഭവിക്കുന്ന അവസ്ഥ ഉണ്ടാകും. അതാണ് എന്റെ ഭയം.

നമ്മൾ എല്ലാം വൃത്തിയായി കാണാൻ ആഗ്രഹിക്കുന്നു. നമ്മുടെ കംപ്യൂട്ടറുകളിൽ പോലും, നമ്മൾ ആദ്യം ചെയ്യുന്നത് വൃത്തിയാക്കലാണ്. നമ്മൾ പറയുന്നു: നമുക്ക് ഇത് ഇങ്ങോട്ട് മാറ്റാം, ഇത് ഇങ്ങനെ വിന്യസിക്കാം... എല്ലാത്തിനെയും വൃത്തിയാക്കാനുള്ള, എല്ലാം പക്കയാക്കാനുള്ള, ഈ അമിതമായ ത്വര സ്റ്റാൻഡേഡൈസേഷൻ പ്രക്രിയയുടെ ഭാഗമാണ്. അതുകൊണ്ട്, “നമ്മൾ എങ്ങനെ സ്റ്റാൻഡേഡൈസ് ചെയ്യും?” എന്നു ചോദിക്കുന്നതിനുപകരം "ഇത് മനസ്സിലാക്കാൻ നമുക്ക് മറ്റ് ഉപാധികൾ നിർമിക്കാൻ കഴിയുമോ?’ എന്നാണ് ചോദിക്കേണ്ടത്. ഞാൻ ഇപ്പോഴും പറയുന്നു, സാങ്കേതികവിദ്യ ഉപയോഗിക്കുക! ഞാൻ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനെ പൂർണമായും പിന്തുണയ്‌ക്കുന്നു. പക്ഷേ, നമുക്ക് നമ്മുടെ ചട്ടക്കൂടുകളിൽ കൂടുതൽ സര്‍ഗാത്മകമാക്കാം. തല തിരിച്ചിടുക-‐ അതാണ് ഞാൻ പറയുക.

ചോദ്യം‍ 2: ഹംസധ്വനി പോലുള്ള ഒരു രാഗം ഞാൻ കേൾക്കുകയും എനിക്ക് വളരെ ഊർജസ്വലത അനുഭവപ്പെടുകയും ചെയ്യുന്നു. അപ്പോൾ ഒരു വിദേശിക്കും അതേ കാര്യം തോന്നുമോ? സംഗീതത്തിന് ഭാഷയ്‌ക്കും സംസ്‌കാരത്തിനും അപ്പുറം സ്വതന്ത്ര ഭാവമുണ്ടോ?

ടി എം കെ: വളരെ നല്ല ചോദ്യം. ആദ്യം, ഭാവത്തെ രസവുമായി ആശയക്കുഴപ്പത്തിലാക്കരുത്. അതാണ് നമ്മൾ ചെയ്യുന്ന ആദ്യത്തെ തെറ്റ്. രസത്തെക്കുറിച്ച് ഭരതൻ എന്ത് പറഞ്ഞാലും ഇന്ത്യൻ സൗന്ദര്യശാസ്‌ത്രത്തിലെ എല്ലാത്തിനും അത്‌ പ്രയോഗിക്കാമെന്ന് നമ്മൾ കരുതി. എന്നാൽ ഭരതൻ രസത്തെക്കുറിച്ച് എഴുതിയപ്പോൾ, അദ്ദേഹം നാടകത്തെക്കുറിച്ച് മാത്രമേ എഴുതിയിരുന്നുള്ളൂ; ഭരതൻ സംഗീതത്തെക്കുറിച്ച് സംസാരിച്ചില്ല. ഇപ്പോൾ, നിങ്ങൾ സന്തോഷത്തെയോ ഊർജസ്വലതയെയോ വിവരിക്കുന്ന രീതി, - അത് വികാരത്തിന്റെ ഒരു വർഗീകരണമാണ്. അത് അനിവാര്യമായും ഭാവമല്ല.

സംഗീതത്തെക്കുറിച്ച്‌ പറയുമ്പോൾ രസചട്ടക്കൂടിന്റെ ഭാഗമായ നാടക സംഗീതത്തെക്കുറിച്ചല്ല ഞാൻ സംസാരിക്കുന്നത്‌. - കർണാടിക്‌ സംഗീതം പോലുള്ള സംഗീത രൂപങ്ങളിൽ, ആർക്കും ഏത് രാഗത്തിൽനിന്നും ഏത് ഭാവവും എടുക്കാം. അതിനെ നിർവചിക്കാൻ ഒരു വഴിയുമില്ല. എന്തിനാണ് മറ്റൊരു സംസ്‌കാരത്തിലേക്ക് പോകുന്നത്? ഈ മുറിയിൽ, ഒരേ ആലാപനത്തിൽനിന്ന് വ്യത്യസ്‌തമായ ഭാവം ആളുകൾക്ക് തോന്നിയേക്കാം. അതാണ് ഏറ്റവും മനോഹരമായ ഭാഗം.


ഒരു ഉദാഹരണം പറയാം: ത്യാഗരാജരെ എടുക്കൂ; ഒരേ രാഗത്തിൽ അദ്ദേഹം ദുഃഖവും സന്തോഷവും നിറഞ്ഞ ചോദ്യങ്ങൾ ചോദിക്കുന്നത് നിങ്ങൾക്ക് കാണാം. ദുഃഖത്തെക്കുറിച്ച് പാടുന്ന "സന്തോഷകരം’ എന്ന് നമ്മൾ കരുതുന്ന രാഗങ്ങളും, സന്തോഷം പ്രകടിപ്പിക്കുന്ന "ദുഃഖകരം’ എന്ന് നമ്മൾ കരുതുന്ന രാഗങ്ങളുമുണ്ട്. എങ്ങനെ? കാരണം, രാഗങ്ങൾ മാനസികാവസ്ഥയെ ആശ്രയിച്ചിരിക്കുന്നില്ല. അവയ്‌ക്ക്‌ ഒന്നിലധികം ഭാവങ്ങൾ ഉൾക്കൊള്ളാൻ കഴിയും. രാഗങ്ങളെ "സന്തോഷം’ അല്ലെങ്കിൽ "ദുഃഖം’ എന്ന് തരംതിരിക്കുന്നത് നമ്മൾ നിർത്തണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. ഒരു ആലാപനയിൽ പോലും "ഈ ആലാപന എന്നെ ദുഃഖിപ്പിച്ചു’ അല്ലെങ്കിൽ "എന്നെ സന്തോഷിപ്പിച്ചു’ എന്ന് നിങ്ങൾ എന്തിനാണ് പറയേണ്ടത്? അത് അനുഭവിക്കൂ!

കലാകാരന്മാരായ നമുക്ക് - അത് എങ്ങനെ കൈകാര്യം ചെയ്യണമെന്ന് കൃത്യമായി അറിയാം. വികാരം ഉണർത്താൻ നമ്മുടെ ശബ്ദം എങ്ങനെ ഉപയോഗിക്കണമെന്ന് നമുക്കറിയാം. ഭാവം ഒഴുകുന്ന ഒന്നാണ്. അത് നിർവചിക്കരുത്. അത് അനുഭവിച്ചറിയുക.

(തുടരും)

തയ്യാറാക്കിയത്‌: ആര്യ എ ടി



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home