ad
Deshabhimani

വെട്ടിപ്പുകൾ മറയ്ക്കാൻ പരസ്പരം പഴിചാരി മോദി യോഗി പക്ഷങ്ങൾ; ക്ഷേത്രക്കൊള്ളയുടെ കൂടുതൽ വിവരങ്ങൾ പുറത്തെത്തുന്നു

modi yogi ayodhya
വെബ് ഡെസ്ക്

Published on Aug 22, 2026, 03:43 PM | 3 min read

ലഖ്നൗ: അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണവും നടത്തിപ്പുമായി ബന്ധപ്പെട്ട വൻ കൊള്ളയുടെയും വെട്ടിപ്പിന്റെയും വിവരങ്ങൾ മറച്ചുവെക്കാൻ കഴിയാതെ വന്നതോടെ പരസ്പരം പഴിചാരി മുഖം രക്ഷിക്കാനുള്ള ശ്രമങ്ങളുമായി നരേന്ദ്ര മോദി, യോഗി ആദിത്യനാഥ് പക്ഷങ്ങൾ. കഴിഞ്ഞ ദിവസം പുറത്തുവന്ന ക്ഷേത്ര ട്രസ്റ്റിന്റെ മുൻ ജനറൽ സെക്രട്ടറിയും വിശ്വഹിന്ദു പരിഷത്ത് മുതിർന്ന നേതാവുമായ ചമ്പത് റായിയുടെ കത്ത് ഇരുപക്ഷത്തിന്റെയും പരിഭ്രമങ്ങൾ പ്രകടമാക്കുന്നു. ഇനിയും കള്ളങ്ങൾ വെളിച്ചപ്പെടുന്നതിൽ രണ്ട് വിഭാഗത്തിന്റെയും ജാഗ്രതയും തുറന്നു കാട്ടുന്നു.


കൊള്ളയുടെ വിവരങ്ങൾ പുറത്തു വിട്ടവരെ തൽ സ്ഥാനങ്ങളിൽ നിന്ന് മാറ്റിയും ഭീഷണിപ്പെടുത്തിയും പ്രശ്നം ഒതുക്കാൻ ശ്രമിച്ച് പരാജയപ്പെട്ടു. പതിവ് പോലെ വിദേശബന്ധ ആരോപണവും വിഭാഗീയതയും വിദ്വേഷവും പ്രയോഗിച്ചതും ലക്ഷ്യം കണ്ടില്ല. കൊള്ളയുടെ ആഴം ജനങ്ങൾ മനസിലാക്കിയതോടെ പിന്നീട് കൈ മലര്‍ത്തലും നിസഹായത നടിക്കലുമായി. ഇതും ഫലിക്കാതെ വന്നപ്പോഴാണ് യോഗി ആദിത്യനാഥ് സര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് രംഗം തണുപ്പിക്കാൻ ശ്രമിച്ചത്.


പക്ഷേ, വെളിച്ചത്തെത്തിയ വിവരങ്ങൾ ഉത്തര്‍പ്രദേശ് സംസ്ഥാന സര്‍ക്കാരിനെയും കുരുക്കുന്നതായിരുന്നു. അന്വേഷണം സംഘം നിഷ്പക്ഷമാവും എന്ന പ്രതീക്ഷയിൽ ട്രസ്റ്റുമായി ബന്ധപ്പെട്ടവര്‍ പ്രധാന വിവരങ്ങൾ പരസ്യപ്പെടുത്തി. പലരും പൊതുമധ്യത്തിൽ വിവരങ്ങൾ തുറുന്നു പറഞ്ഞു. മാധ്യമങ്ങൾ മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ വരെ പുറത്തെത്തിച്ചു. വോട്ടിനായി നടത്തുന്ന മൈതാന പ്രസംഗങ്ങളുടെയും രാമ ഭക്തിയുടെയും അടിയിലെ രഹസ്യങ്ങൾ അങ്ങാടിപ്പാട്ടായി. ഇതോടെ തങ്ങളുടെ ഇമേജ് സംരക്ഷിക്കുക എന്ന നിലപാടിലേക്ക് കാര്യങ്ങൾ മാറി. ഇരു പക്ഷവും അവരവരുടെ നില ഭദ്രമാക്കാൻ നീക്കം തുടങ്ങി.


ചമ്പത് റായുടെ

കത്തിൽ പറയാതെ പറയുന്നത്


കൊള്ളയുടെ വിവരങ്ങൾ പുറത്തു വന്നതോടെ ആദ്യം പ്രതിക്കൂട്ടിലായത് ട്രസ്റ്റിന്റെ മുൻ ജനറൽ സെക്രട്ടറിയും വിശ്വഹിന്ദു പരിഷത്ത് മുതിർന്ന നേതാവുമായ ചമ്പത് റായാണ്. മുതിര്‍ന്ന ആര്‍ എസ് എസ് ഭക്തനാണ്. പരമ സാത്വികനും നിഷ്കാമ കര്‍മ്മിയുമായി അറിയപ്പെട്ട അദ്ദേഹത്തിന്റെ മൂക്കിൻ താഴെയാണ് പകൽ വെളിച്ചത്തിൽ വൻ കൊള്ളകൾ അരങ്ങേറിയതും, പിന്നാലെ വൻ കെട്ടിടങ്ങളും ഭൂമിയും സൗകര്യങ്ങളുമായി വെട്ടിപ്പുകാര്‍ തഴച്ച് വളര്‍ന്നതും.


കഴിഞ്ഞ ദിവസം ചമ്പത് റായ് പുറത്തു വിട്ട തുറന്ന കത്തിൽ ഈ അഴിമതികളുടെയും വെട്ടിപ്പിന്റെയും ഉത്തരവാദിത്തം പ്രധാനമന്ത്രി പദത്തിലുള്ള നരേന്ദ്ര മോദിയുടെ ഓഫീസിന് നേരെ തിരിച്ച് വെക്കുന്നു. ഇതുവരെ സ്വയം നേരിട്ടത് മുഖ്യമായും കാണിക്ക കൊള്ളയുടെ പേരിലുള്ള ആരോപണങ്ങളായിരുന്നു. പുറത്തുവിട്ട പുതിയ കത്തിൽ ക്ഷേത്ര നിര്‍മാണത്തിന്റെയും ഭൂമി വാങ്ങിക്കൂട്ടിലിന്റെയും ഇടയിലെ വരെ കൊള്ളകളുടെയും കൊടുക്കൽ വാങ്ങലുകളുടെയും ഉത്തരവാദിത്തം ആര്‍ക്കെന്ന് വ്യക്തമാക്കുന്നു. ആരോപണങ്ങൾ കൃത്യമായും മോദി പക്ഷത്തേക്ക് വിരൽ ചൂണ്ടുന്നു.


നൃപേന്ദ്ര മിശ്ര

എന്ന ഇടനില


രാമക്ഷേത്ര നിർമ്മാണ സമിതി അധ്യക്ഷൻ നൃപേന്ദ്ര മിശ്രയാണ് ക്ഷേത്ര നിർമ്മാണത്തിൽ പൂർണ്ണ നിയന്ത്രണം പുലർത്തിയിരുന്നത്. മാത്രമല്ല, താൻ തന്നെയാണ് എല്ലാ തീരുമാനങ്ങളുടെയും അന്തിമ അധികാരിയെന്ന് അദ്ദേഹം കരുതിയിരുന്നതായും ചമ്പത് റായ് കത്തിൽ തുടക്കം തന്നെ വ്യക്തമാക്കുന്നു.


സമിതിയുടെ അറിവും സമ്മതവും ഇല്ലാതെ ഒന്നും നടന്നിട്ടില്ലെന്ന് അടിവരയിടുന്നുണ്ട്. ഈ ഒന്നും എന്ന വാക്കിൽ എല്ലാം അടക്കിയിരിക്കയാണ്. ഇതുവരെ അന്വേഷണത്തിൽ കണ്ടെത്തിയ കാര്യങ്ങൾ വരെ പ്രധാനമന്ത്രിയുടെ ഓഫീസിനിൽ നിന്നുള്ള വിവരങ്ങളോ നിര്‍ദ്ദേശ പ്രകാരമോ ആണെന്ന് പരോക്ഷ സൂചന.


ഇത്തരം ഇടപാടുകൾക്കായി മിശ്ര തനിക്ക് ഇഷ്ടമുള്ളയാളുകളെ സമിതിയിലേക്ക് കൊണ്ടു വന്നു. ഇതിൽ ഒരാൾ ആറു വര്‍ഷം തുടര്‍ന്നതിൽ രണ്ടു തവണ മാത്രമാണ് അയോധ്യ ക്ഷേത്രം കാണാനായി എത്തിയത് തന്നെ. മിശ്ര നിയമിച്ചവരാണ് ക്ഷേത്രത്തിലെ സുരക്ഷാ കാര്യങ്ങൾ നിര്‍വ്വഹിച്ചിരുന്നത് എന്നും വ്യക്തമാക്കുന്നു. സുരക്ഷാപാളിച്ചയാണ് പണവും വിലപ്പെട്ട വസ്തുക്കളും നഷ്ടപെടാൻ ഇടയാക്കിയത് എന്ന അന്വേഷണ സംഘത്തിന്റെ നിഗമനത്തെ ഇത് പരോക്ഷമായി പിന്താങ്ങുന്നു. ഒപ്പം ഉത്തരവാദിത്തം ആര്‍ക്കെന്ന് പറയാതെ പറയുന്നു.

ayodhya

എൽ ആൻഡ് ടിയും ടാറ്റാ കൺസ്ട്രക്ഷനും എല്ലാം പദ്ധതിയുടെ ഭാഗമാവുന്നത് പ്രധാനന്ത്രിയുടെ ഓഫീസ് പ്രതിനിധി വഴിയാണ് എന്നു കൂടി പറയുന്ന ചമ്പത് റായ് പ്രതിസന്ധി ഘട്ടത്തിൽ നൃപേന്ദ്ര മിശ്ര കാണിച്ച മാനേജ്മെന്റ് വൈദഗ്ദ്ധത്തെ പുകഴ്ത്തുന്നുമുണ്ട്. വെറും കുറ്റാരോപണമല്ല. പക്ഷേ അഴിമതിയും കൊള്ളയുമായി ബന്ധപ്പെട്ട ഉത്തരവാദിത്തം എല്ലാം അതേ കേന്ദ്രവുമായി ബന്ധപ്പെട്ട് ഉണ്ടായതാണെന്ന് വ്യക്തമാക്കുന്നു.


വിവാദങ്ങളെ തുടർന്ന് ജൂലൈ മാസത്തിലാണ് ചമ്പത് റായ് ട്രസ്റ്റ് ജനറൽ സെക്രട്ടറി പദവിയിൽ നിന്ന് രാജിവെച്ചത്. ഇതിന് പിന്നാലെ സംസ്ഥാന മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം അദ്ദേഹത്തിന് ക്ലീൻ ചിറ്റ് നൽകി. അന്വേഷണത്തിൽ "വിശുദ്ധി" ഉറപ്പാക്കിയതിന് പിന്നാലെയാണ് തുറന്ന കത്ത് പുറത്തു വിട്ടിരിക്കുന്നത്.


ചമ്പത് റായ് മറന്നത്

അല്ലെങ്കിൽ ഓര്‍ക്കാൻ

ഇഷ്ടപ്പെടാത്തത്


ഇപ്പോൾ പരസ്പര ആരോപണത്തിലൂടെയും പഴിചാരലുകളിലൂടെയും കൈകഴുകലിലൂടെയും വിശ്വാസികളെ കയ്യിലെടുക്കാൻ ഇരുപക്ഷവും ശ്രമിക്കുന്നു. എന്നാൽ പുറത്തു വന്ന വിവരങ്ങൾ ഇരുപക്ഷത്തെയും പ്രതിക്കൂട്ടിലാക്കുന്നതാണ്. ജനങ്ങളുടെ വിശ്വാസവും വികാരവും മുതലെടുത്ത് അധികാരത്തിലേക്കുള്ള ചവിട്ടുപടിയായി രാമക്ഷേത്രത്തെ പ്രയോജനപ്പെടുത്തി. അധികാരം എന്ന ലക്ഷ്യം കയ്യടക്കിയിട്ടും വിശ്വാസികളുടെ മുതൽ കൊള്ളയടിക്കുന്നത് തുടര്‍ന്നു.


ചമ്പത് റായ് എല്ലാ കാര്യങ്ങളും നിയന്ത്രിച്ചിരുന്ന സമയത്താണ് ആദ്യമായി വെട്ടിപ്പ് പരസ്യപ്പെടുന്നത്. 2021 ജനുവരി മുതൽ 2022 മേയ് വരെ ട്രസ്റ്റിന്റെ അക്കൗണ്ട്സ് ഇൻ-ചാർജായി പ്രവർത്തിച്ചിരുന്ന മഹിപാൽ സിംഗ് ആണ് വിവരങ്ങൾ പുറത്തുവിട്ടത്. മാധ്യമപ്രവർത്തകനായ അഭിഷേക് ഉപാധ്യായക്ക് നൽകിയ അഭിമുഖത്തിലാണ് തുടരുന്ന ക്ഷേത്രക്കൊള്ളയുടെ സങ്കടങ്ങൾ അദ്ദേഹം തുറന്നു പറഞ്ഞത്.


നോട്ട് എണ്ണാൻ നിയോഗിക്കപ്പെട്ടവര്‍ മാത്രമായിരുന്നില്ല വെട്ടിപ്പ് നടത്തിയത്. അവര്‍ പിന്നീട് പങ്ക് ചേരുകയായിരുന്നു. നോട്ട് എണ്ണൽ കേന്ദ്രത്തിൽ നിരന്തരം സന്ദർശനം നടത്തിയിരുന്ന രത്നേഷ് ചതുർവേദി, ഗഗൻദീപ് എന്നീ ബാങ്ക് ഉദ്യോഗസ്ഥരെ കുറിച്ച് പേര് സഹിതം മഹിപാൽ സിംഗ് പറഞ്ഞിരുന്നു. പണവും കാണിക്കയും ഔദ്യോഗികമായി എണ്ണി തിട്ടപ്പെടുത്തിയിരുന്ന പൊലീസ് ഔട്ട്പോസ്റ്റിലെ കൗണ്ടിംഗ് സെന്ററിലായിരുന്നു സിംഗിന്റെ ഡ്യൂട്ടി. അഞ്ചു ലക്ഷം രൂപ ഫൈനൽ വൗച്ചറിൽ ചേര്‍ക്കാതെ മാറ്റിയത് നേരിൽ കണ്ടതായി വരെ അദ്ദേഹം നേര്‍ സാക്ഷ്യപ്പെടുത്തിരുന്നു.


2021 ഡിസംബറിൽ ഈ വൻ തട്ടിപ്പിനെക്കുറിച്ച് ട്രസ്റ്റ് അംഗങ്ങളായ ഗോപാൽ റാവു, ചമ്പത് റായ് എന്നിവർക്ക് സിംഗ് നേരിട്ട് പരാതി നൽകി. കുറ്റക്കാർക്കെതിരെ അന്വേഷണം നടത്താനോ ശിക്ഷ ഉറപ്പാക്കാനോ ട്രസ്റ്റ് നേതൃത്വം മുതിരുമെന്ന പ്രതീക്ഷയായിരുന്നു അദ്ദേഹത്തിന്. പക്ഷേ, അന്നത്തെ ട്രസ്റ്റി അനിൽ മിശ്ര പെട്ടെന്ന് തീരുമാനം എടുത്തു. പരാതിയുമായി എത്തിയ മഹിപാൽ സിംഗിന് പകരം മറ്റൊരു വ്യക്തിയെ തൽസ്ഥാനത്ത് നിയമിച്ചു. പരാതിക്കാരൻ പുറത്തായി. 2026 വരെ അഞ്ച് വര്‍ഷം വെട്ടിപ്പ് സുഗമമായി തുടര്‍ന്നു. ഇപ്പോൾ പരസ്പര ആരോപണ കാണ്ഡത്തിൽ എത്തിയിരിക്കയാണ്









deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home