ബിഹാറിൽ ജനക്കൂട്ടത്തിലേക്ക് ബസ് പാഞ്ഞുകയറി; അഞ്ച് പേർ മരിച്ചു

പട്‌ന: ബിഹാറിലെ പശ്ചിമ ചമ്പാരൻ ജില്ലയിൽ സാംസ്‌കാരിക പരിപാടിയിൽ പങ്കെടുത്ത ജനക്കൂട്ടത്തിലേക്ക് ബസ് പാഞ്ഞുകയറി അഞ്ച് പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണ്.
വെള്ളിയാഴ്ച രാത്രി 10.45ഓടെയാണ് ലൗറിയ പൊലീസ് സ്റ്റേഷൻ പരിധിയിലെ പരാവു ടോളയിൽ ലൗറിയ മാർഗിൽ അപകടമുണ്ടായത്. ഗൊരഖ്പൂരിൽ നിന്ന് ബെറ്റിയയിലേക്ക് പോവുകയായിരുന്ന ബസ് എതിരെവരുന്ന ട്രക്കുമായി കൂട്ടിയിടിക്കുന്നത് ഒഴിവാക്കുന്നതിനായി റോഡരികിൽ പരിപാടിയിൽ പങ്കെടുത്തിരുന്ന ജനക്കൂട്ടത്തിലേക്ക് പാഞ്ഞുകയറുകയായിരുന്നു.
ബഹാദൂർ മഹ്തോ, സഞ്ജയ് കുമാർ, ഭോല ദുബെ, ദേവേന്ദ്ര ദുബെ, ഝംഗൂർ റാം എന്നിവരാണ് മരിച്ചത്. ദേവേന്ദ്ര ദുബെയുടെ മകളുടെ ജനനാനന്തര ചടങ്ങായ ‘ഛത്തി’യുടെ ഭാഗമായി സംഘടിപ്പിച്ച സാംസ്‌കാരിക പരിപാടിക്കിടെയായിരുന്നു അപകടം. മരിച്ചവരുടെ മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു. ഗുരുതരമായി പരിക്കേറ്റയാൾ ലൗറിയയിലെ ആശുപത്രിയിൽ ചികിത്സയിലാണ്.
അപകടത്തെ തുടർന്ന് പരിപാടിക്കിടെ പരിഭ്രാന്തിയും തിക്കും തിരക്കുമുണ്ടായതായി നർകട്ടിയാഗഞ്ച് സബ് ഡിവിഷണൽ പൊലീസ് ഓഫീസർ അജയ് പ്രകാശ് സിങ് അറിയിച്ചു.
ബസും ട്രക്കും പൊലീസ് കസ്റ്റഡിയിലെടുത്തു. അപകടത്തിന് പിന്നാലെ ഡ്രൈവർമാർ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. ഇവർക്കായി തിരച്ചിൽ ആരംഭിച്ചതായി പൊലീസ് അറിയിച്ചു.









0 comments