കടലിൽ കണ്ണീരുപ്പ് കലർന്നു; കടുത്ത ക്ഷാമത്തില്‍ ഓണക്കാലം

തിരുവനന്തപുരം: കഴിഞ്ഞ വർഷങ്ങളിലെല്ലാം കേരളത്തിലെ മത്സ്യത്തൊഴിലാളികൾ ഓണക്കാലത്തെ ഏറെ സന്തോഷത്തോടെയാണ് വരവേറ്റിരുന്നതെങ്കിൽ യുഡിഎഫ് സർക്കാർ മത്സ്യമേഖലയ്ക്ക് നൽകിയത് വറുതിയുടെ ഓണമായിരുന്നു. മത്സ്യമേഖലയിലുണ്ടായിരുന്ന സന്തോഷവും ആശ്വാസവും വി ഡി സതീശന്‍ ഇല്ലാതാക്കി.
ട്രോളിംഗ് സമയത്തും കടൽക്ഷോഭമുള്ള കാലത്തും ഓഖിയും പ്രളയവുമൊക്കെ ഉണ്ടായപ്പോഴും ഇടത് സർക്കാർ മത്സ്യമേഖലയെ ചേർത്തുപിടിച്ചു. ട്രോളിംഗ് കാലത്ത് 30 കിലോ അരിയും മൂവായിരം രൂപയുമാണ് ആശ്വാസ സഹായമായി നൽകിയത്. എന്നാൽ കോൺഗ്രസ് അധികാരത്തിൽ വന്നതോടെ ട്രോളിംഗ് കാലത്ത് ലഭിക്കേണ്ട സഹായമൊന്നും നല്‍കിയില്ല. പകരം എല്ലാം ഉറപ്പാക്കുമെന്ന മുഖ്യമന്ത്രിയുടെ വാഗ്ദാനം മാത്രം ബാക്കിയായി. മത്സ്യത്തൊഴിലാളികൾ പൊതുവെ പഞ്ഞമാസമെന്ന് കരുതുന്ന ട്രോളിങ് നിരോധിത കാലയളവിൽ ലഭിച്ചിരുന്ന ബിപിഎൽ കാർഡ് പ്രകാരമുള്ള സൗജന്യ റേഷൻ സംവിധാനം യഥാസമയം വിതരണംചെയ്യാതെയാണ് സർക്കാരും ഫിഷറീസ് വകുപ്പും തൊഴിലാളികളെ കൂടുതൽ വറുതിയിലേക്ക് തള്ളിവിടുന്നത്.
ഫിഷറീസ് വകുപ്പിന്റെ നിയന്ത്രണത്തിലുള്ള ഫിഷറീസ് ഇൻഫർമേഷൻ മാനേജ്‌മെന്റ് സിസ്‌റ്റത്തിൽ രജിസ്‌റ്റർ ചെയ്‌തവരിൽ അർഹരായ ബോട്ട് തൊഴിലാളികളെ കണ്ടെത്തിയാണ് മുൻകാലങ്ങളിൽ സൗജന്യ റേഷൻ അനുവദിച്ചിരുന്നത്. അർഹരായവരുടെ പട്ടികയും ആവശ്യമായ തുകയും ഫിഷറീസ് അധികൃതർ ജില്ലാ സപ്ലൈ ഓഫീസർക്ക് കൈമാറുന്നതോടെ ട്രോളിങ് നിരോധ കാലയളവിലെ 45 ദിവസത്തേക്കുള്ള സൗജന്യ റേഷൻ വിഹിതം അതത് റേഷൻ കടകളിലൂടെ കൈപ്പറ്റാൻ കഴിയുമായിരുന്നു.
എന്നാൽ യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയതോടെ ഇൗ നടപടിക്രമത്തെ തകിടംമറിച്ചു.
സമ്പാദ്യ ആശ്വാസ പദ്ധതിയുടെ ഒരു ഗഡു മാത്രമാണ് കിട്ടിയത്. ഇപ്പോൾ കള്ളക്കടൽ പ്രതിഭാസമൊക്കെ ഉണ്ടായിട്ടും കടൽക്ഷോഭത്തിന്റെ ഭാഗമായുള്ള യാതൊരു ആനുകൂല്യവും ഇതുവരെ കിട്ടിയിട്ടില്ലെന്ന് മത്സ്യമേഖലയിലുള്ളവർ തന്നെ പറയുന്നു. അതായത് കടലിൽപോകാത്ത സാഹചര്യത്തിൽ തന്നിരുന്ന സഹായങ്ങളൊന്നും സർക്കാർ നൽകിയില്ല.
മൺസൂൺ ഫിഷിംഗ് ബോട്ടുകൾ പോയതിന് ശേഷം പരമ്പരാഗത മത്സ്യത്തൊഴിലാളികൾ വറുതിയിലേക്ക് പോകുകയാണ്. മൺസൂൺ കാലത്ത് ഫിഷിംഗ് ബോട്ടുകൾ പോയ ശേഷം വള്ളത്തിൽ മീൻ പിടിച്ചാൽ കൊഴുവ മാത്രമാണ് കിട്ടുന്നത്. വേറെ മത്സ്യമൊന്നും കിട്ടാത്ത സ്ഥിതി. ചെമ്മീൻ, അയല, മത്തി എൾന്നിവയൊന്നും കിട്ടാനില്ലാത്ത അവസ്ഥയായി. പിന്നാലെ കൊഴുവയും കിട്ടാതായിരിക്കുന്നു.
ഒരുപാട് വള്ളങ്ങൾ പണിക്കുപോകാതെ കരയ്ക്കിരിക്കുന്നു. ഇൻബോർഡ് വള്ളത്തിന് താഴെയുള്ള വള്ളങ്ങൾക്ക് പണിയില്ല. സമ്പാദ്യ ആശ്വാസ പദ്ധതി കൂടി മുടങ്ങിയപ്പോൾ ദുരിതം ഇരട്ടിയായി. സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികളാകെ കഷ്ടപ്പാടിലാണ്
എൽഡിഎഫ് സർക്കാർ അധികാരത്തിലിരുന്ന കാലത്ത് കൃത്യയായി ഓണത്തിന് മുമ്പെ ലഭിച്ചിരുന്നതാണിത്. ഫിഷിംഗ് ബോട്ട്, അനുബന്ധ തൊഴിലിലുള്ളവർക്കൊക്കെ ആശ്വാസം നൽകുകയായിരുന്നു സർക്കാർ.
മത്സ്യത്തൊഴിലാളികൾ കടലിൽ വീണ് മരിച്ച സംഭവത്തിലും ശക്തമായ സമരം തുടരുകയാണ്. തൊഴിലാളിവർഗത്തെ തന്നെ അവഗണിക്കുകയാണിവർ. മിഷൻ സമുദ്ര എന്ന പേരിൽ കുത്തകകൾക്ക് കടൽ തീറേഴുതുകയാണ്. തിരുവനന്തപുരം കൊല്ലം ആലപ്പുഴ എന്നീ മൂന്ന് ജില്ലയിലാണ് ഖനനം ചെയ്യാൻ തീരുമാനിച്ചിരിക്കുന്നത്.








0 comments