611 സ്കൂളുകൾക്ക് കെട്ടിടമേയില്ല; ഒടുവിൽ ദുരവസ്ഥ തുറന്നുസമ്മതിച്ച് രാജസ്ഥാൻ സർക്കാർ

എരുമത്തൊഴുത്തിൽ പ്രവർത്തിക്കുന്ന ജയ്പൂരിലെ സർക്കാർ സ്‌കൂൾ
ജയ്പൂർ: സംസ്ഥാനത്തെ സർക്കാർ സ്കൂളുകളുടെ ദുരവസ്ഥ തുറന്നുസമ്മതിച്ച് രാജസ്ഥാൻ സർക്കാർ. 611 സ്കൂളുകൾക്ക് സ്വന്തമായി കെട്ടിടംപോലുമില്ലെന്ന് സർക്കാർ നിയമസഭയിൽ മറുപടി നൽകി. വിദ്യാർഥികളുടെ അടിസ്ഥാന അവകാശങ്ങൾ പോലും നിഷേധിക്കപ്പെട്ടതിന്റെ ഞെട്ടിപ്പിക്കുന്ന കണക്കാണ് പുറത്തുവന്നത്. കഴിഞ്ഞദിവസം, ‘സ്‌കൂൾ തിക് കരോ’ കാമ്പയിന്റെ ഭാഗമായി ജയ്‌പുരിൽ പരിശോധനയ്‌ക്കെത്തിയ കോക്രോച്ച് ജനതാ പാർടി (സിജെപി) പ്രവർത്തകരെ ബിജെപിക്കാർ ആക്രമിച്ചിരുന്നു. ഇതിന്റെ ദൃശ്യങ്ങളുൾപ്പെടെ പുറത്തുവന്നതോടെയാണ് സർക്കാരിന് കണക്ക് പറയേണ്ടിവന്നത്.
സ്വന്തമായി കെട്ടിടമില്ലാത്ത 611 സ്കൂളുകളിൽ 10 എണ്ണം പെൺകുട്ടികളുടേതാണ്. പ്രതിപക്ഷ നേതാവ് ടികാ റാം ജൂള്ളിയുടെ ചോദ്യത്തിന് മറുപടിയായാണ് ഈ വിവരങ്ങൾ പുറത്തുവിട്ടത്.
അതേസമയം, സംസ്ഥാനത്തെ വിദ്യാഭ്യാസ സംവിധാനത്തിലെ അടിസ്ഥാന സൗകര്യങ്ങളുടെ പോരായ്മകളിൽ പരസ്പരം പഴിചാരുകയാണ് ബിജെപിയും കോൺഗ്രസും. സ്കൂളുകളുടെ ശോചനീയാവസ്ഥയ്ക്ക് കാരണം അശോക് ഗെലോട്ടിന്റെ നേതൃത്വത്തിലുണ്ടായിരുന്ന മുൻ കോൺഗ്രസ് സർക്കാരാണെന്നാണ് ബിജെപിയുടെ വാദം. ബിജെപി സർക്കാരിന്റെ ഭരണപരാജയമാണ് കാരണമെന്ന് കോൺഗ്രസും ആരോപിക്കുന്നുണ്ട്.
ജയ്‌പൂരിലെ രാംപുര ഗ്രാമത്തിലെ എരുമത്തൊഴുത്തിൽ പ്രവർത്തിക്കുന്ന സ്‌കൂൾ സന്ദർശിക്കാനെത്തിയപ്പോഴാണ് സിജെപി സഹ കൺവീനർ അശുതോഷ് റാങ്ക ഉൾപ്പെടെയുള്ളവർ ആക്രമിക്കപ്പെട്ടത്. അശുതോഷിനെയും സംഘത്തെയും ബിജെപി പ്രവർത്തകർ തടയുകയും സ്‌ത്രീകൾ ഉൾപ്പെടെയുള്ള പ്രവർത്തകരെ ആക്രമിക്കുകയും ചെയ്‌തു. സിജെപിയുടെ നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു. അശുതോഷിന്റെ വസ്‌ത്രമുൾപ്പെടെ കീറിയെറിഞ്ഞു. സൽമാൻ എന്ന പ്രവർത്തകനെ വലിച്ചിഴച്ച് മർദിച്ചു. സിജെപിക്കാർ വന്ന കാറുകളുടെ ചില്ല് പൊളിച്ചു. മൊബൈൽ ഫോണുകൾ നശിപ്പിച്ചു.
സ്‌കൂൾ സന്ദർശനത്തെക്കുറിച്ചു സംഘർഷസാധ്യതയെക്കുറിച്ചും രാജസ്ഥാൻ പൊലീസിന് വിവരം ലഭിച്ചിരുന്നെങ്കിലും ആക്രമണം തടയുന്നതിനുള്ള യാതൊരുവിധ നടപടിയുമുണ്ടായില്ല. സ്‌കൂളുകളെ രാഷ്‌ട്രീയവൽക്കരിക്കരുത് എന്ന അഴകൊഴന്പൻ പ്രതികരണമാണ് സംഭവത്തെക്കുറിച്ച് രാജസ്ഥാൻ വിദ്യാഭ്യാസ മന്ത്രി മദൻ ദിലാവർ നടത്തിയത്. ആഗസ്‌ത് പതിനാറിന് സർക്കാർ സ്‌കൂളുകളിൽ പുറത്തുനിന്നുള്ളവർ അനുമതിയില്ലാതെ പ്രവേശിക്കുന്നതിനും വിലക്കേർപ്പെടുത്തി രാജസ്ഥാൻ വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയിരുന്നു. സർക്കാർ സ്‌കൂളുകൾ സന്ദർശിക്കുമെന്ന് സിജെപി അറിയിച്ചതിന് പിന്നാലെയായിരന്നു ഇൗ നീക്കം.
മന്ത്രി മദൻ ദിലാവറിന്റെ നിർദേശപ്രകാരമാണ് ആക്രമണമുണ്ടായതെന്ന് അശുതോഷ് റാങ്ക പറഞ്ഞു. ആക്രമണത്തിന് നേതൃത്വം നൽകിയവർ ഗ്രാമത്തിലുള്ളവരായിരുന്നില്ല. എല്ലാം പുറത്തുനിന്നെത്തിയ ബിജെപി ഗുണ്ടകളായിരുന്നു. ബിജെപി പ്രാദേശിക നേതവ് ഗുണ്ടകൾക്ക് പണം നൽകി. ഗ്രാമത്തിലുള്ളവരുടെ ആവശ്യപ്രകാരമാണ് അവിടെ പോയതെന്നും അശുതോഷ് പറഞ്ഞു. അക്രമത്തെ എസ്എഫ്ഐ അപലപിച്ചു.
നടപടിയെടുത്തില്ലെങ്കിൽ സമരം
ബിജെപി ഗുണ്ടകൾക്കെതിരെ 48 മണിക്കൂറിനുള്ളിൽ നിയമ നടപടിയെടുത്തില്ലെങ്കിൽ ജയ്‌പുരിലെത്തി സ്‌കൂളിന് മുന്നിൽ ജന്തർമന്തറിന് സമാനമായ സമരം ആരംഭിക്കുമെന്ന് സിജെപി കൺവീനർ അഭിജിത് ദിപ്‌കെ പറഞ്ഞു. സ്‌കൂളിന്റെ ശോചനീയാവസ്ഥ പരിഹരിക്കാന്‍ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു.










0 comments